Wednesday, October 15, 2008

പ്രണയലേഖനം കാണ്മാനില്ല

യതീംഖാനയിലെ കുട്ടികള്‍ ഓട്ടോഗ്രാഫ്‌ വാങ്ങരുതെന്ന്‌ വാര്‍ഡന്‍ വിലക്കിയിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്‌നേഹത്തിന്റെയും ഓര്‍മകളുടേയും അക്ഷരങ്ങള്‍ പങ്കുവെയ്‌ക്കുന്നത്‌ അദ്ദേഹത്തിന്‌ ഇഷ്‌ടമല്ല. ആ വിലക്ക്‌ ആണ്‍കുട്ടികളില്‍ ചിലര്‍ ലംഘിയ്‌ക്കാറുണ്ട്‌. യതീംഖാനയിലെ പെണ്‍കുട്ടികള്‍ ഒരിയ്‌ക്കലും ഓര്‍മപ്പുസ്‌ത്‌കം വാങ്ങിയില്ല. റസിയയുടേയും ലൈലാ ബീവിയുടേയും നഫീസയുടേയുമൊക്കെ ഓട്ടോഗ്രാഫില്‍ എഴുതാന്‍ ഞാന്‍ കണ്ടുവെച്ച വാചകങ്ങള്‍ മനസ്സില്‍ കിടന്ന്‌ വീര്‍പ്പുമുട്ടി. അവരൊക്കെ യതീംഖാനയിലെ ബനാത്ത്‌ കുട്ടികളാണ്‌. സ്വന്തം നാട്ടില്‍ നിന്ന്‌ വളരെ അകലെയായിരുന്നതിനാല്‍ പത്താം ക്ലാസ്‌ കഴിഞ്ഞു പോയാല്‍ ഇനി പ്രദീപിനേയും ഉമറിനേയും ബഷീറിനേയും ജയനേയുമൊക്കെ ഒരിക്കലും ഞാന്‍ കണ്ടെന്നു വരില്ല. അപ്പോള്‍ അവരുടെ ഓര്‍മകള്‍ കുറിച്ചു വെക്കാന്‍ എനിയ്‌ക്ക്‌ ഓട്ടോഗ്രാഫ്‌ വേണം.

ഓട്ടോഗ്രാഫില്ലെങ്കിലും ഓര്‍മയില്‍ എന്നുമുണ്ടാകുമെന്ന്‌ സ്റ്റഡി ലീവിന്‌ ക്ലാസുകള്‍ അവസാനിപ്പിച്ച ദിവസം റസിയയും ലൈലാ ബീവിയും വന്ന്‌ ആരും കേള്‍ക്കാതെ എന്നോട്‌ പറഞ്ഞു.

ഗവണ്മെന്റ്‌ സ്‌കൂളിലാണ്‌ യതീംഖാനയിലെ കുട്ടികളും പഠിയ്‌ക്കുന്നത്‌. ക്ലാസിലെ മറ്റ്‌ കുട്ടികളൊക്കെ ഓട്ടോഗ്രാഫുകള്‍ വാങ്ങിക്കഴിഞ്ഞു. അറിയാവുന്ന സാഹിത്യമൊക്കെ പലരുടേയും താളുകളില്‍ ഞാനെഴുതി. ചില കൂട്ടുകാര്‍ക്കു വേണ്ടിയും ഓര്‍മയുടെ വാചകങ്ങള്‍ എഴുതിക്കൊടുത്തു. അവര്‍ അത്‌ അവരുടെ കൈപ്പടയില്‍ പിന്നീട്‌ സതീര്‍ഥ്യരുടെ ഓട്ടോഗ്രാഫിലേക്ക്‌ പകര്‍ത്തി.

എനിയ്‌ക്ക്‌ ഓട്ടോഗ്രാഫ്‌ വാങ്ങാതിരിയ്‌ക്കാന്‍ കഴിയുമായിരുന്നില്ല. ആരും ഒരക്ഷരവും എഴുതിയില്ലെങ്കിലും സുലുവിന്റെ ഒരു കയ്യൊപ്പ്‌ അതില്‍ വേണം. അതു മാത്രം മതി.

മിന്നുന്ന പുറംചട്ടയുള്ള ഓട്ടോഗ്രാഫുകളില്‍ കുട്ടികള്‍ ഓര്‍മക്കൂട്ടുകള്‍ എഴുതി നിറയ്‌ക്കുകയാണ്‌. വലിയ വര്‍ണങ്ങളൊന്നുമില്ലാത്ത, വില കുറഞ്ഞ ഒരോട്ടോഗ്രാഫ്‌ വാങ്ങാനേ എനിയ്‌ക്ക്‌ പാങ്ങുള്ളൂ. കഴിഞ്ഞ അവധിയ്‌ക്ക്‌ നാട്ടില്‍ ചെന്നപ്പോള്‍ ആരോ കൈമടക്ക്‌ തന്ന ചില്ലറകള്‍ ഞാന്‍ ഒരുക്കൂട്ടി വെച്ചിട്ടുണ്ട്‌.

പുറംചട്ടയില്‍ നീലയും വെള്ളയും വരകളുള്ള ആ കൊച്ചു പുസ്‌തകം ഞാന്‍ ആദ്യം കൊടുത്തത്‌ സുലുവിന്‌ തന്നെ. ആദ്യത്തെ പേജില്‍ തന്നെ അവളെഴുതട്ടെ. എന്നെങ്കിലും ഓട്ടോഗ്രാഫ്‌ തുറക്കുമ്പോള്‍ ആദ്യം അവളെ കാണണം. ഓര്‍മയില്‍ ആദ്യം അവള്‍ വിടരണം. ലൈലയും റസിയയും എന്നോട്‌ പറഞ്ഞപോലെ സുലുവിനെ ഓര്‍മിക്കാന്‍ എനിക്ക്‌ ഓട്ടോഗ്രാഫ്‌ വേണ്ട. ലൈലയേയും റസിയയേയും ഞാന്‍ മറന്നു പോയേക്കാം.

അന്ന്‌ ഓട്ടോഗ്രാഫുമായി അവള്‍ വീട്ടിലേയ്‌ക്ക്‌ പോയി. പിറ്റേ ദിവസം നെഞ്ചിടിപ്പോടെയാണ്‌ സ്‌കൂളിലേക്ക്‌ ചെന്നത്‌. അവളെന്തായിരിയ്‌ക്കും അതിലെഴുതിയിട്ടുണ്ടാകുക? അവളുടെ ഹൃദയം എനിയ്‌ക്കായി അതില്‍ പറിച്ചു വെച്ചിട്ടുണ്ടാകുമോ? വെറുമൊരു സഹപാഠിയുടേയോ കൂട്ടുകാരിയുടെയോ വാക്കുകളാകില്ല അതിലുണ്ടാകുക. മനസ്സില്‍ വിങ്ങുന്ന പ്രണയം അതില്‍ അക്ഷരങ്ങളും വാക്കുകളുമായി വിടര്‍ന്നു നില്‍ക്കും.

ഒരു പ്രേമലേഖനം സുലുവിന്‌ കൊടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അവളൊരു പ്രേമലേഖനം എനിയ്‌ക്കും തന്നിട്ടില്ല. ഒരു പ്രേമലേഖനത്തിന്റെ സുഖം അന്നോളം ഞാന്‍ അനുഭവിച്ചിട്ടില്ല. ഓട്ടോഗ്രാഫില്‍ അവളെഴുതുന്ന വാചകത്തില്‍ ആ പ്രണയത്തിന്റെ സുഖവും സുഗന്ധവും എനിക്ക്‌ ആസ്വദിക്കണം.

ആദ്യമായി, രാവും പകലും ആലോചിച്ച്‌ അവള്‍ക്കു വേണ്ടി ഞാനൊരു പ്രേമലേഖനമെഴുതിയിരുന്നു. അത്‌ അവള്‍ക്ക്‌ കൊടുക്കാന്‍ കഴിഞ്ഞില്ല. അതു വായിക്കാനുള്ള സൗഭാഗ്യം സുലുവിനുണ്ടായില്ല. കുട്ടികളെല്ലാം ഉറങ്ങിയ ശേഷം രാത്രി ഉറക്കമിളച്ച്‌, ആ പ്രേമലേഖനം എഴുതുമ്പോള്‍ എന്ത്‌ വീര്‍പ്പുമുട്ടലായിരുന്നു! യതീംഖാനയിലെ പഠന മുറിയുടെ വാതില്‍ ചാരിയാണ്‌ ഞാനെഴുത്ത്‌ തുടങ്ങിയത്‌. ഓരോ വാചകം എഴുതിക്കഴിയുമ്പോഴും പുറത്ത്‌ കാലനക്കങ്ങളുണ്ടോ എന്ന്‌ ഞാന്‍ കാതോര്‍ക്കും. ചെറിയ കാലൊച്ചകളൊന്നും കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല. കാരണം അതിനേക്കാള്‍ ഒച്ചയിലാണ്‌ പ്രണയ വാചകങ്ങള്‍ക്കൊപ്പം എന്റെ ഹൃദയം മിടിച്ചു കൊണ്ടിരുന്നത്‌.

പ്രേമലേഖനം നോട്ടു പുസ്‌തകത്തില്‍ ഭദ്രമായി സൂക്ഷിച്ച്‌, ഞാന്‍ കുറേ ദിവസം കൊണ്ടു നടന്നു. അത്‌ കൈമാറാന്‍ എനിയ്‌ക്ക്‌ ധൈര്യമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അതിനൊരു അവസരം കിട്ടിയതേയില്ല. അവള്‍ സ്‌കൂളിലേക്ക്‌ വരുമ്പോള്‍ ഏതെങ്കിലും ഒരു കൂട്ടുകാരി കൂടെയുണ്ടാകും. സ്‌കൂള്‍ വിട്ടു പോകുമ്പോഴാണെങ്കില്‍ ഒരു കാരണവശാലും കഴിയില്ല. കുട്ടികളുടെ ബഹളമാകുമല്ലോ. നോട്ടുപുസ്‌തകത്തില്‍ കിടന്ന്‌ ആ പ്രേമലേഖനം നരച്ചു തുടങ്ങി. ഞാന്‍ അതില്‍ കുടഞ്ഞിട്ടിരുന്ന സിന്തോള്‍ പൗഡറിന്റെ മണം മങ്ങി. സുലുവിനു വേണ്ടി കത്തിന്റെ അവസാനം ഞാന്‍ പകര്‍ന്നു വെച്ച ആയിരം ചുടു ചുംബനങ്ങള്‍ മാത്രം അതില്‍ അതേ ചൂടില്‍ കിടന്നിരുന്നു. എന്നും ഞാനതെടുത്ത്‌ വായിച്ചു നോക്കും. ഒരു ദിവസം നോക്കുമ്പോള്‍ നോട്ടുപുസ്‌തകത്തില്‍ അത്‌ കാണാനില്ല. പുസ്‌തകം മാറിപ്പോയോ? ഇല്ല. എന്നാലും എല്ലാ പുസ്‌കത്തിലും നോക്കി. ഇല്ല, എങ്ങുമില്ല. പെട്ടിയില്‍ വീണു കിടക്കുന്നുണ്ടാകുമോ? അതുമില്ല.
ദൈവമേ തീക്ഷ്‌ണമായ എന്റെ പ്രണയത്തിന്റെ സത്യവാചകങ്ങള്‍ക്ക്‌ എന്ത്‌ സംഭവിച്ചു? എവിടെയെങ്കിലും വീണുപോയതായിരിക്കും. ആര്‍ക്കെങ്കിലും കിട്ടിക്കാണുമോ? ആരെങ്കിലും വായിച്ചാല്‍ എന്തായിരിക്കും അവസ്ഥ? വാര്‍ഡന്റെ കയ്യിലെങ്ങാനും കിട്ടിയാല്‍? കത്തില്‍ എവിടെയും എന്റെ പേരില്ല. പക്ഷേ, എന്റെ കയ്യക്ഷരം എളുപ്പത്തില്‍ കണ്ടുപിടിയ്‌ക്കപ്പെടും. ദൈവമേ!

പര്‌സപരം ഇഷ്‌ടമാണെന്ന്‌ രണ്ട്‌ പേര്‍ക്കും അറിയാമെന്നല്ലാതെ മനസ്സ്‌ തുറന്ന്‌ ഇതുവരെ ഒന്ന്‌ മിണ്ടിയിട്ടില്ല. ഒരു നോട്ടം, ഒരു ചിരി.. അതു തന്നെ ധാരാളമായിരുന്നു.

എന്നാണ്‌ സുലുവിനോട്‌ എനിയ്‌ക്ക്‌ ഇഷ്‌ടം തോന്നിത്തുടങ്ങിയത്‌? പത്താം ക്ലാസിലേക്ക്‌ ജയിച്ച ശേഷമാണ്‌ അവളെ ശ്രദ്ധിയ്‌ക്കാന്‍ തുടങ്ങിയത്‌. അവള്‍ ഒമ്പതാം ക്ലാസില്‍ തോറ്റുപോയിരുന്നു. കഴിഞ്ഞ വര്‍ഷം വരെ ഒപ്പം ക്ലാസിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി എന്ന നിലയില്‍ ഇടക്ക്‌ ഗ്രൗണ്ടില്‍ വെച്ച്‌ കാണുമ്പോള്‍ ഒന്ന്‌ നോക്കും. ഒന്നു ചിരിയ്‌ക്കും. }}ഞാന്‍ യതീംഖാനയിലെ കുട്ടിയായതിനാല്‍ പെണ്‍കുട്ടികളോട്‌ അങ്ങിനെ മിണ്ടാനൊന്നും പറ്റില്ല. കേസാകും. വാര്‍ഡന്‍ പിടിയ്‌ക്കും. പിടിച്ചാല്‍ വലിയ ശിക്ഷയാകും.

നന്നായി നൃത്തം ചെയ്യുകയും പാട്ടു പാടുകയും ചെയ്യുന്ന സുലു കാണാന്‍ അത്ര സുന്ദരിയൊന്നുമായിരുന്നില്ല. കറുപ്പുമല്ല, വെളുപ്പുമല്ലാത്ത നിറം. നിരയൊത്ത പല്ലുകള്‍. വലിയ കണ്ണുകള്‍. ചിരിയ്‌ക്കുമ്പോള്‍ നുണക്കുഴി വിരിയുന്ന കവിളുകള്‍.
ജുനിതയ്‌ക്കും സൗദയ്‌ക്കും വാഹിദയ്‌ക്കുമൊക്കെ കാമുകന്മാരുടെ എണ്ണം ദിനം പ്രതി കൂടിക്കൊണ്ടിരിക്കുമ്പോഴും സുലുവിനെ ആരും ശ്രദ്ധിച്ചിരുന്നില്ല. സ്‌കൂളില്‍ അക്കാലത്ത്‌ യൂനിഫോം ഇല്ല. അതുകൊണ്ട്‌ ഒരാള്‍ക്ക്‌ എത്ര ജോടി വസ്‌ത്രമുണ്ടെന്ന്‌ കണ്ടുപിടിയ്‌ക്കാന്‍ എളുപ്പമായിരുന്നു. സുലുവിന്‌ രണ്ട്‌ ജോടി വസ്‌ത്രമേ ഉണ്ടായിരുന്നുള്ളൂ. പച്ച പാവാടയും ബ്ലൗസും. പിന്നൊരു മഞ്ഞപ്പാവാടയും ബ്ലൗസും. അതു തന്നെ എപ്പോഴു മുഷിഞ്ഞിരിയ്‌ക്കും. കണ്ടാല്‍ ഒരാകര്‍ഷണവും തോന്നില്ല. പ്രണയാര്‍ദ്രമായ ഒരു കൗമാരക്കണ്ണുപോലും അവളിലേക്ക്‌ നീണ്ടില്ല.

പ്രാര്‍ത്ഥനയും ദേശീയ ഗാനവും ആലപിച്ചിരുന്ന മൂന്നംഗ ഗായിക സംഘത്തില്‍ സുലുവുമുണ്ടായിരുന്നു. സ്റ്റാഫ്‌ റൂമില്‍ സൂക്ഷിയ്‌ക്കുന്ന ഡസ്റ്ററും ചോക്കും എടുക്കാന്‍ പോയി തിരിച്ചു വരുമ്പോള്‍ അവള്‍ പ്രാര്‍ഥന ചൊല്ലാന്‍ ഹെഡ്‌ മിസ്‌ട്രസിന്റെ മുറിയുടെ മുന്നിലേക്ക്‌ വരുന്നുണ്ടാകും. ആ നേരത്താണ്‌ ഞങ്ങള്‍ പരസ്‌പരം നോക്കുന്നതും ചെറിയൊരു പുഞ്ചിരി കൈമാറുന്നതും. അത്രയേയുള്ളു. അത്‌ പക്ഷേ, ക്ലാസിലെ കുശുമ്പുള്ള ചെക്കന്മാര്‍ കണ്ടുപിടിച്ചു. ആ നോട്ടത്തിലും ചിരിയിലും എന്തോ കളങ്കമുണ്ടെന്ന്‌ അവര്‍ പ്രചരിച്ചിപ്പു.
പിന്നെ, സുലുവിന്റെ പേര്‌ ചേര്‍ത്ത്‌ പ്രദീപനും ഉമറും മുസ്‌തഫയുമൊക്കെ എന്നെ കളിയാക്കാന്‍ തുടങ്ങി. ചില വിരുതന്മാര്‍ ഇന്റര്‍വെല്‍ സമയത്തും സ്‌കൂള്‍ വിട്ടു പോകുമ്പോഴും അവളെ എന്റെ പേര്‌ പറഞ്ഞും കളിയാക്കാന്‍ തുടങ്ങി.
അങ്ങിനെയാണ്‌ ശരിയ്‌ക്ക്‌ ഈ പ്രേമത്തിന്റെ തുടക്കം. അതില്‍ പിന്നെയാണ്‌ സുലു നല്ല വസ്‌ത്രങ്ങളുടുത്ത്‌ വരാന്‍ തുടങ്ങിയത്‌. പുതിയ പാവാടകളും ബ്ലൗസുകളും അവള്‍ മാറിമാറി ഉടുക്കുന്നു. മുഖത്ത്‌ പുതിയൊരു തിളക്കം. കാതില്‍ പുതിയ കമ്മലുകള്‍. വലിയ കണ്ണുകള്‍ വട്ടത്തിലെഴുതി, കൂടുതല്‍ സുന്ദരിയായാണ്‌ അവള്‍ പിന്നീട്‌ സ്‌കൂളിലെത്തിയത്‌. ചിരിയ്‌ക്കുമ്പോള്‍ അവളുടെ നുണക്കുഴി കൂടുതല്‍ വിരിയുന്നു. എന്റെ പ്രേമം അവള്‍ക്ക്‌ പുതിയ സൗന്ദര്യം നല്‍കിയെന്ന്‌ പ്രദീപും മുസ്‌തഫയും പിന്നെയും കളിയാക്കി.

സത്യം അതായിരുന്നില്ല. ഉമ്മയേയും നാല്‌ മക്കളേയും ഉപേക്ഷിച്ച്‌ ആറോ ഏഴോ കൊല്ലം മുമ്പ്‌ നാടു വിട്ടു പോയതായിരുന്നു അവളുടെ ബാപ്പ. അയല്‍ വീടുകളിലൊക്കെ ചില്ലറ പണികള്‍ ചെയ്‌തു കിട്ടുന്ന വരുമാനം കൊണ്ടാണ്‌ ഉമ്മ മക്കളെ പോറ്റിയിരുന്നത്‌. മൂത്ത ആങ്ങളക്ക്‌ പത്താം ക്ലാസ്‌ കഴിയുന്നതിന്‌ മുമ്പേ പഠനം നിര്‍ത്തേണ്ടി വന്നു. നന്നായി ചിത്രം വരയ്‌ക്കുന്ന അവന്‍ ചുവരെഴുത്തിനും പരസ്യ ബോര്‍ഡുകളെഴുതാനും പോകും. മൂത്ത ജ്യേഷ്‌ഠത്തിക്ക്‌ ഏഴാം ക്ലാസിനപ്പുറം പഠിക്കാന്‍ പറ്റിയില്ല.
ബാപ്പയെക്കുറിച്ച്‌ വര്‍ഷങ്ങളായി ഒരു വിവരവുമുണ്ടായിരുന്നില്ല. ചെറിയൊരു ഓലപ്പുരയുടെ ദാരിദ്ര്യത്തില്‍ ഉമ്മയേയും മക്കളേയും ഉപേക്ഷിച്ച്‌ അയാള്‍ എങ്ങോട്ട്‌ പോയെന്ന്‌ ആര്‍ക്കും അറിയില്ല. മദ്രാസിലും മുംബൈയിലുമൊക്കെ തിരക്കിയെങ്കിലും ഒരു വിവരവും കിട്ടിയിരുന്നില്ല. യതീംഖാനയില്‍ വരേണ്ടി വന്ന എന്നേക്കാള്‍ കഷ്‌ടമായിരുന്നു അവളുടെ കാര്യം.
അങ്ങിനെ പട്ടിണിയും പങ്കപ്പാടുകളുമായി കഴിയുന്നതിനിടയിലാണ്‌, ഒരു സുപ്രഭാതത്തില്‍ കൈ നിറയെ പണവും പുതിയ വസ്‌ത്രങ്ങളും സമ്മാനങ്ങളുമൊക്കെയായി ബാപ്പ തിരിച്ചെത്തിയത്‌. നാടു വിട്ടുപോയ അയാള്‍ പലേടത്തും അലഞ്ഞു തിരിഞ്ഞ്‌ മുംബൈയിലെത്തി. ഇപ്പോള്‍ അവിടെ സാമാന്യം തരക്കേടില്ലാത്ത ഒരു കച്ചവടമുണ്ട്‌. ബാപ്പയുടെ തിരിച്ചു വരവ്‌ അവരുടെ കുടുംബത്തിന്‌ ആഹ്ലാദമായി. അല്ലലും ദുരിതവും മാറി. നല്ല ആഹാരവും നല്ല വസ്‌ത്രങ്ങളും മനസ്സ്‌ നിറയെ സന്തോഷവുമായപ്പോഴാണ്‌ സുലു പുതിയ സുന്ദരിയായത്‌. മനസ്സിന്റെ സുഖം ശരീരത്തിന്‌ സൗന്ദര്യം പകരുന്നു!

അക്കൊല്ലത്തെ യുവജനോത്സവത്തിന്റെ സ്വാതന്ത്ര്യത്തില്‍ അവളോട്‌ ഒന്നു മിണ്ടാന്‍ ഞാന്‍ അവസരം പാര്‍ത്തു. നാടോടി നൃത്തത്തിനുള്ള ചമയങ്ങളിട്ട്‌, ഗ്രീന്‍ റൂമില്‍ നിന്ന്‌ പുറത്തേക്ക്‌ വരികയായിരുന്നു അവള്‍. എന്തായിരുന്നു ഞാന്‍ അപ്പോള്‍ അവളോട്‌ പറഞ്ഞത്‌? ചങ്ക്‌ പടപടാന്ന്‌ മിടിയ്‌ക്കുന്നുണ്ടായിരുന്നു. എന്തു പറയണമെന്ന്‌ ഒരുപാട്‌ നേരം ആലോചിച്ചിരുന്നു.
നന്നായി കളിയ്‌ക്കണം ട്ടോ...
അങ്ങിനെ പറഞ്ഞ ശേഷം ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന്‌ നോക്കാന്‍ മുഖം തിരിച്ചപ്പോള്‍ പിന്നില്‍ ചിരിച്ചു കൊണ്ടൊരു ചേച്ചി. ഈറന്‍ സന്ധ്യ എന്ന സിനിമയില്‍ റഹ്‌മാന്റെ നായികയായിരുന്ന അഹല്യയുടെ മുഖഛായയുണ്ടെന്ന്‌ തോന്നി അവര്‍ക്ക്‌. നേരാണ്‌, നേരിയൊരു ഛായ ഇല്ലാതില്ല.
ഞാന്‍ പരുങ്ങുന്നത്‌ കണ്ടപ്പോള്‍, ആ ചേച്ചി പറഞ്ഞു.
ങും... എനിയ്‌ക്ക്‌ ആളെ മനസ്സിലായി. സുലു എന്നും പറയാറുണ്ട്‌.
അപ്പോഴാണ്‌ ഞാന്‍ ശരിയ്‌ക്കും ചമ്മിയത്‌.
സുലു പറഞ്ഞു, ജ്യേഷ്‌ഠത്തിയാണ്‌.

അങ്ങിനെ അധികമൊന്നും മിണ്ടാനും പറയാനും അവസരം കിട്ടിയില്ലെങ്കിലും നിശ്ശബ്‌ദമായി ഞങ്ങള്‍ പ്രണയിച്ചു. കുട്ടികള്‍ കളിയാക്കുമ്പോള്‍ ദേഷ്യം അഭിനയിക്കുമെങ്കിലും ഞാനുമൊരു കാമുകനാണല്ലോ എന്ന്‌ ഞാന്‍ ആനന്ദിച്ചു. മജീദോ കേശവന്‍ നായരോ ഒക്കെ ആകാന്‍ പോകുന്ന എന്റെ കഥകളെഴുതാന്‍ ഒരു സാഹിത്യകാരന്‍ വരുമോ?

കാണാതായ പ്രണയ ലേഖനത്തിന്റെ കാര്യം ഞാന്‍ മറന്നിരുന്നു.
പിന്നീടൊരു പ്രണയ ലേഖനം ഞാനെഴുതിയതുമില്ല.

ഒരു ദിവസം വാര്‍ഡന്‍ എന്നെ വിളിച്ചു. ഭിന്ദ്രന്‍വാലയെന്നാണ്‌ അദ്ദേഹത്തെ ഞങ്ങള്‍ വിളിച്ചിരുന്നത്‌. അതെ, പഞ്ചാബിനേയും ഇന്ത്യയെ തന്നെയും വിറപ്പിച്ചിരുന്ന പഴയ ഖലിസ്ഥാന്‍ നേതാവ്‌ സാക്ഷാല്‍ ഭിന്ദ്രന്‍വാല തന്നെ. ഒരു പഞ്ചാബി സര്‍ദാര്‍ജിയുടെ ആകാര സൗഷ്‌ടവവുമുള്ള വാര്‍ഡന്‌ ഭിന്ദ്രന്‍വാലയെപ്പോലെ ഇടതൂര്‍ന്ന താടിയുണ്ടായിരുന്നു. തലപ്പാവു കൂടി കെട്ടിയാല്‍ ശരിക്കും ഭിന്ദ്രന്‍വാല. അദ്ദേഹമൊന്നു നോക്കിയാല്‍ കുട്ടികള്‍ അകത്തേക്ക്‌ വലിച്ച ശ്വാസം പുറത്തേക്ക്‌ വിടില്ല. അത്രയ്‌ക്ക്‌ പേടിയാണ്‌. തെറ്റു ചെയ്യുന്ന കുട്ടികളെ അദ്ദേഹം മാരകമായി ശിക്ഷിക്കും. ആകാശത്തോളം ഉയരുന്ന ബലിഷ്‌ഠമായ ആ കയ്യിലെ ചൂരല്‍ വന്നു വീഴുമ്പോള്‍ ഉള്ളംകൈ പൊട്ടിപ്പിളരും. കൈ വലിച്ചാല്‍, രണ്ട്‌ കൈകളും കൂട്ടിപ്പിടിച്ച്‌ ചൂരല്‍, ചന്തികളെ മര്‍ദിക്കും. കുട്ടികള്‍ മരിച്ചു പോയ ഉമ്മയേയോ ബാപ്പയേയോ വിളിച്ച്‌ പൊട്ടിക്കരയും. അവരുടെ സങ്കടം കൈവള്ളയിലോ ചന്തിയിലോ തിണര്‍പ്പുകളായി പൊങ്ങിപ്പൊങ്ങി വരും. വാര്‍ഡന്റെ കൈകള്‍ ചൊറി പിടിച്ചു പോകട്ടെ എന്ന്‌ പ്രാര്‍ഥിയ്‌ക്കാത്ത കുട്ടികളുണ്ടാകില്ല. പള്ളിയിലോ കാന്റീനിലോ ബഹളം വെച്ചതിന്‌, സമയത്തിന്‌ പള്ളിയിലെത്താത്തിന്‌ ....അങ്ങിനെ അടി കിട്ടാന്‍ കേസുകള്‍ അനവധിയാണ്‌. ഏതെങ്കിലുമൊരു കേസില്‍ പെടാത്ത പ്രതികളില്ല.
ഖുര്‍ആനില്‍ തബ്ബത്ത്‌ യദാ അബീ ലഹബ്‌... അബൂ ലഹബിന്റെ രണ്ട്‌ കരങ്ങളും നശിച്ചു പോകട്ടെ എന്ന വചനമോതുമ്പോള്‍ കുട്ടികള്‍ അബൂ ലഹബിന്റെ സ്ഥാനത്ത്‌ ഭിന്ദ്രന്‍വാലയെ കാണും.
എന്തിനാണ്‌ വാര്‍ഡന്‍ എന്നെ വിളിച്ചത്‌? അടുത്ത ദിവസങ്ങളിലൊന്നും എന്തെങ്കിലും തെറ്റു ചെയ്‌തതറിയില്ല. പള്ളിയിലും കാന്റീനിലുമൊക്കെ വര്‍ത്തമാനമൊന്നും പറഞ്ഞതും ഓര്‍മയില്ല. ഉള്ളില്‍ ഭയവുമായി ഞാന്‍ ചെല്ലുമ്പോള്‍ മുസ്‌തഫയും മൊയ്‌തീന്‍ കുട്ടിയും ക്ലാസിലെ വേറെയും രണ്ട്‌ മൂന്നു കൂട്ടികളുണ്ട്‌ വാര്‍ഡന്റെ മുറിയില്‍. എന്തോ കേസുണ്ട്‌. തീര്‍ച്ച. ഞാന്‍ പ്രതിയാകുമോ സാക്ഷിയാകുമോ?
ചെന്നപാടെ, വാര്‍ഡന്‍ ചന്തി മേശപ്പുറത്ത്‌ ചാരി നില്‍ക്കുകയുമല്ല ഇരിക്കുകയുമല്ലാത്ത ഒരു പോസില്‍ നിന്നു. എന്നിട്ട്‌ മേശപ്പുറത്തു നിന്ന്‌ പല മടക്കുകളായി മടക്കി വെച്ച ഒരു കടലാസെടുത്തു നിവര്‍ത്തി.
എന്റെ കരളിന്റെ കരളായ സുലുവിന്‌...
ഞാന്‍ ഞെട്ടി. ഞാന്‍ സുലുവിന്‌ എഴിതിയ പ്രേമലേഖനം. നാലഞ്ചു മാസം മുമ്പ്‌ എന്റെ നോട്ടുപുസ്‌തകത്തില്‍ നിന്ന്‌ കാണാതായ എന്റെ ഹൃദയം. ഇതെങ്ങിനെ വാര്‍ഡന്റെ കൈകളിലെത്തി.
വാര്‍ഡന്‍ എന്റെ ഹൃദയം വായിക്കുകയാണ്‌. ആ വരികള്‍ എന്റെ കാതുകളിലെത്തുന്നേയില്ല. ദൈവമേ എന്റെ കാതുകള്‍ പൊട്ടിപ്പോയോ? ആയിരം ചുടുചുംബനങ്ങളോടെ എന്ന അവസാനത്തെ വരികളിലേക്കാണ്‌ പിന്നീട്‌ എന്റെ കാതുകളെ വീണ്ടുകിട്ടിയത്‌. ഞാന്‍ സുലുവിന്‌ നല്‍കിയ ചുംബനങ്ങള്‍ അവള്‍ക്ക്‌ കിട്ടാതെ ഇതാ ശൂന്യതയിലേക്ക്‌ പറന്നു പോകുന്നു. ഈ പ്രണയത്തിനും ചുംബനങ്ങള്‍ക്കും എന്ത്‌ ശിക്ഷയാകും വാര്‍ഡന്‍ വിധിയ്‌ക്കാനും നടപ്പാക്കാനും പോകുന്നത്‌? ഭയന്നു, ലജ്ജിച്ച്‌ വല്ലാത്ത ഒരവസ്ഥയില്‍ ഞാന്‍ നിന്നു.
കത്ത്‌ വാര്‍ഡന്‍ വീണ്ടും മടക്കി. എന്നിട്ടൊരു ചോദ്യം.
ആരാണ്‌ സുലു?
ആ ശബ്‌ദത്തില്‍ ഭിന്ദ്രന്‍വാലയുടെ ശൗര്യമില്ലായിരുന്നു. മുമ്പൊരിയ്‌ക്കലും അദ്ദേഹത്തിന്റെ ശബ്ദത്തില്‍ അനുഭവപ്പെട്ടിട്ടില്ലാത്ത മൃദുലത. കണ്ണുകളില്‍ അതിനൊത്ത ശാന്തത.
സുലൈഖ.. സ്‌കൂളിലെ കുട്ടിയാ.
എവിടുന്നാണ്‌ ആ ശബ്‌ദം എന്റെ നാവിന്‍ തുമ്പിലേക്ക്‌ വന്നത്‌?
നിനക്ക്‌ അവളെ ഇഷ്‌ടമാണോ?
എന്താണ്‌ ദൈവമേ ഭിന്ദ്രന്‍വാല ചോദിയ്‌ക്കുന്നത്‌? എന്ത്‌ ഉത്തരമാണ്‌ ഞാന്‍ നല്‍കേണ്ടത്‌? തുറന്നു വെച്ച എന്റെ ഹൃദയമാണ്‌ വാര്‍ഡന്റെ മേശപ്പുറത്തിരിയ്‌ക്കുന്നത്‌. എന്റെ പ്രണയത്തിന്റെ നേര്‍സാക്ഷ്യം. അതിനകത്തുള്ള എന്റെ പ്രണയത്തിന്റെ സത്യവാചകങ്ങളാണ്‌ കുറച്ചു നേരത്തേ അദ്ദേഹം വായിച്ചു തീര്‍ത്തത്‌.
ഇഷ്‌ടമാണ്‌.
എന്റെ പ്രണയം പോലെ വിശുദ്ധമായ ആ സത്യം കയ്‌പോടെ ഞാന്‍ അറിയിച്ചു.
അവള്‍ക്കു നിന്നെയോ?
പിന്നെയും കുഴയ്‌ക്കുന്ന ചോദ്യം. ഇന്നോളം സുലു എന്നോട്‌ അത്‌ പറഞ്ഞിട്ടില്ല. ഞാന്‍ അത്‌ ചോദിച്ചിട്ടില്ല. ചോദിയ്‌ക്കാന്‍ എനിക്ക്‌ അവസരം കിട്ടിയില്ല. അതേ ചോദ്യം മിടിച്ചു കൊണ്ടിരിക്കുന്ന എന്റെ ഹൃദയമാണ്‌ വാര്‍ഡന്റെ മേശപ്പുറത്തിരിയ്‌ക്കുന്നത്‌. ഇന്നോളം കൈപ്പറ്റിയിട്ടില്ലാത്ത ആ ചോദ്യത്തിന്‌ ഉത്തരം സുലു എങ്ങിനെ എന്നോട്‌ പറയും? സുലു പറയാതെ എനിയ്‌ക്കെങ്ങിനെ അതിന്റെ ഉത്തരം കിട്ടും.
എനിയ്‌ക്കറിയാം, സുലുവിന്‌ എന്നെ ഇഷ്‌ടമാണ്‌. അവളുടെ നോട്ടത്തില്‍, പാതി വിടര്‍ന്ന പുഞ്ചിരിയില്‍, ആ ചിരി വിടര്‍ത്തുന്ന നുണക്കുഴികളില്‍ ഞാന്‍ അത്‌ കണ്ടിട്ടുണ്ട്‌.
ഇഷ്‌ടമാണ്‌.
എന്റെ വിശ്വസമാണ്‌ അപ്പോള്‍ വാക്കുകളുടെ രൂപം പൂണ്ടത്‌.
ചോദ്യങ്ങളും ഉത്തരങ്ങളും അവസാനിച്ചു. മുസ്‌തഫയും മൊയ്‌തീന്‍ കുട്ടിയും ഒപ്പമുണ്ടായിരുന്ന മറ്റ്‌ രണ്ടു മൂന്നുപേരും നേരത്തെ സാക്ഷിമൊഴികള്‍ നല്‍കിയതുമാണ്‌. വിചാണ കഴിഞ്ഞു. ഇനി ശിക്ഷയാണ്‌. മേശപ്പുറത്ത്‌ പല വണ്ണങ്ങളില്‍ തിളങ്ങുന്ന ചൂരല്‍ വടികളിലേക്ക്‌ ഞാന്‍ നോക്കി. അത്‌ ചൂരലോ അതോപാമ്പുകളോ? പത്തി വിടര്‍ത്തി അവ എനിക്കു നേരെ ചീറ്റുന്നുണ്ടോ?
പെട്ടെന്ന്‌ ഭിന്ദ്രന്‍വാലയുടെ കൈകള്‍ ഏറ്റവും മൃദുവായി എന്റെ ചുമലില്‍ തൊട്ടു. പിന്നെ, വളരെ പതിഞ്ഞ സ്വരത്തില്‍ അദ്ദേഹം പറഞ്ഞു, പൊയ്‌ക്കോളൂ..
ഇന്നും എനിയ്‌ക്ക്‌ മനസ്സിലായിട്ടില്ല എന്തിനാണ്‌ എന്നെ അന്ന്‌ ഭിന്ദ്രന്‍വാല വെറുതെ വിട്ടതെന്ന്‌!
ഇന്നും എനിയ്‌ക്ക്‌ മനസ്സിലായിട്ടില്ല മൊയ്‌തീന്‍ കുട്ടിയും മുസ്‌തഫയും എന്തിനാണ്‌ എന്റെ ഹൃദയം കട്ടെടുത്ത്‌ വാര്‍ഡന്റെ മുന്നില്‍ കൊണ്ടു പോയി തുറന്നു വെച്ചതെന്ന്‌!

നഷ്‌ടപ്പെട്ട പ്രണയലേഖനത്തിന്റേയും വാര്‍ഡന്റെ വിചാരണയുടേയും എന്റെ പ്രണയ പ്രഖ്യാപനത്തിന്റെയും കഥകള്‍ സുലു അറഞ്ഞിട്ടില്ല. പിന്നീട്‌ സുലുവിന്‌ ഞാനൊരു പ്രണയ ലേഖനം എഴുതിയില്ല. അവളൊരു പ്രണയ ലേഖനം എനിയ്‌ക്കും തന്നില്ല. അതുകൊണ്ടാണ്‌, ഓട്ടോഗ്രാഫില്‍ അവളെഴുതാന്‍ പോകുന്ന വരികളില്‍ ഞാന്‍ അവളുടെ പ്രണയത്തിന്റെ പേമാരി തന്നെ പ്രതീക്ഷിക്കുന്നത്‌.
പിറ്റേന്ന്‌ അവള്‍ വന്നു. പച്ചയില്‍ വെള്ളപ്പൂക്കളുള്ള പാവാടയും ഇളംപച്ച ബ്ലൗസുമാണ്‌ അന്ന്‌ അവള്‍ അണിഞ്ഞിരുന്നത്‌. മൂര്‍ധാവില്‍ നിന്ന്‌ കഴുത്തിലൂടെ മൂന്നോട്ടിറങ്ങി വെളുത്ത ഷാളും. ഇന്ന്‌ ആദ്യമായാണ്‌ അവള്‍ ഈ വേഷം ധരിയ്‌ക്കുന്നത്‌. ഈയൊരു ദിവസത്തേക്കു വേണ്ടി മാത്രം അവള്‍ പുതിയ വേഷമിട്ടുവോ?

ഹൃദയമിടിപ്പോടെ ഏറ്റുവാങ്ങിയ ഓട്ടോഗ്രാഫിന്റെ താളുകള്‍ മറിയ്‌ച്ചുനോക്കാന്‍ എനിയ്‌ക്ക്‌ ധൃതിയായിരുന്നു. പഴയൊരു സിനിമാ പാട്ടിന്റെ വരികളായിരുന്നു അതില്‍.

ഇണക്കമോ പിണക്കമോ പ്രിയതമാ പറയുമോ
ഇണങ്ങിയാല്‍ അകലുമോ
പിണങ്ങിയാല്‍ അടുക്കുമോ
ചിരിയ്‌ക്കുവാന്‍ മാത്രമായി അടുക്കരുതേ നാമെന്നും
കരയുവാന്‍ അകലരുതേ പ്രിയതമേ നാമെന്നും


പ്രിയതമാ എന്ന ആ സംബോധനയില്‍ ഞാന്‍ എന്നെ മറന്നു. ലിസയിലെ കേട്ടു പഴകിയ ആ പാട്ട്‌ ആദ്യം കേള്‍ക്കുന്നതുപോലെ തോന്നി. എനിക്കു വേണ്ടി മാത്രമായി, സുലു രചിച്ച വരികളായി അവ എന്റെ മനസ്സിലേക്ക്‌ ഒഴുകി.

അങ്ങിനെ ആദ്യമായി ഞാനൊരുവളുടെ പ്രിയതമനായി.

63 comments:

Unknown said...

പത്താം ക്ലാസ് പ്രായത്തില്‍ പ്രണയിക്കാത്തവര്‍ മാത്രം വായിക്കുക.

Lathika subhash said...

മുനൂറാന്‍,
ഇങ്ങനെ നിബന്ധന വയ്ക്കല്ലേ.
വായിച്ചു പോയി...
നല്ല കുറിപ്പ്.
ആശംസകള്‍!

Unknown said...

പ്രണയത്തിന്റെ ഓർമകുറിപ്പ് . നന്നായിരിക്കുന്നു.ഞാനുണ്ടല്ലോ നാലാം ക്ലാസ് മുതലേ തുടങിയതാ...അന്ന് സാറ് ചോദ്യങൾക്ക് ഉത്തരം കോടുത്തില്ലെങ്കിൽ ഒന്നിച്ചിരുത്തും. അറിയുന്ന ഉത്തരം പറയില്ല. സുലുവിന്റെ അടുത്തിരിക്കൻ. ഒന്നു മെല്ലെ നുള്ളി നോക്കാൻ....

ശെഫി said...

എന്റെ പത്താം ക്ലാസിലെ ഓട്ടോഗ്രാഫ് ഇപ്പോഴും ഹെഡ്മാസ്റ്ററുടെ മേശക്കകഥ്ത് കാണണം. സൈജയുടെ ഓട്ടോഗ്രാഫിൽ ഞാനെഴുതിയ വരികളിൽ അശ്ലീലമുണ്ടെന്നും (“ജീവിതത്തെ ചലിപ്പിക്കുന്നത് പ്രണയമാണെന്ന്.”)അവൾ എന്റെ ഓട്ടോഗ്രാഫിൽ അങ്ങനെതന്നെ എഴുതിയെന്നും അയാൾ കണ്ടെത്തിയിരുന്നു. ഒരു ഇന്റർവെലിൽ ക്ലാസിന്റെ അരമതിൽ ചാരി നിന്ന് ഞങ്ങൾ പരസ്പരം ഓട്ടോഗ്രാഫ് കൈമാറി എഴുതി കൊണ്ടിരിക്കുമ്പോൾ ഹെഡ്മാസറ്റർ വന്ന ആ‍ സമയത്തെ ഓറ്മിപ്പിഛു ഈ പോസ്റ്റ്. അന്ന് അവളെഴുതിയ ആട്ടോഗ്രാഫ് എനിക്ക് വായിക്കാനായിട്ടില്ല. അതിലവളെഴുതിയതെന്താവും എന്ന ഒരു പാട് കാലത്തെ ആകാംക്ഷയെ വീണ്ടും ഉണർത്തി ഈ പോസ്റ്റ്. നല്ല കുറിപ്പ് മുന്നൂറാൻ

തറവാടി said...

നീളം കൂടിയെങ്കിലും പൂര്‍ണ്ണമായും വായിക്കാനാവുന്ന പോസ്റ്റ്.

സുല്‍ |Sul said...

മുന്നൂറാനേ
നല്ല ഓര്‍മ്മക്കുറിപ്പ്.

-സുല്‍

ശ്രീവല്ലഭന്‍. said...

വളരെ ഹൃദ്യമായ ഓര്‍മ്മക്കുറിപ്പ്‌. കമന്റില്‍ പറഞ്ഞിരിക്കുന്നത് കൊണ്ടു വായിച്ചു :-)

നവരുചിയന്‍ said...

മനോഹരം അയ ഒരു പോസ്റ്റ് ....... അഭിനന്ദനങ്ങള്‍

അനില്‍@ബ്ലോഗ് // anil said...

ഓര്‍മകള്‍ ഉണര്‍ത്തിയ പോസ്റ്റ്.

എന്റെ ഓട്ടോഗ്രാഫ് കാണാനില്ല. കുറേക്കാലം സൂക്ഷിച്ചുവച്ചിരുന്നതാണ്. ഒരു വരി മാത്രം ഓര്‍മയിലുണ്ട്.

“കരളിന്റെ ഉള്ളില്‍ കുറിച്ചു വക്കും
സ്മരണകള്‍ നീണാള്‍ ലസിക്കുമെങ്കില്‍
കടലാസു തുണ്ടിലെ ഈ അക്ഷരങ്ങള്‍
വെറുമൊരു അന്ധവിശ്വാസമല്ലെ”

വാര്‍ഡന്‍ എന്താ വെറുതെ വിട്ടതെന്ന് പിടികിട്ടുന്നില്ലെ? നല്ല മനുഷ്യന്‍ .

ലേഖാവിജയ് said...

ഒട്ടും മടുപ്പില്ലാതെ വായിക്കാം.ലളിതമായ ആഖ്യാനം.

Anil cheleri kumaran said...

നല്ല ശൈലി നല്ല എഴുത്ത്

വരവൂരാൻ said...

അങ്ങിനെ ആദ്യമായി ഞാനൊരുവളുടെ പ്രിയതമനായി.
അഭിനന്ദനങ്ങൾ

smitha adharsh said...

നല്ല പോസ്റ്റ് ഇക്കാ..
ശരിക്കും ഒന്നു പ്രണയിക്കാന്‍ തോന്നി..ഒരു പ്രണയ ലേഖനം എഴുതാനും..

smitha adharsh said...

നല്ല പോസ്റ്റ് ഇക്കാ..
ശരിക്കും ഒന്നു പ്രണയിക്കാന്‍ തോന്നി..ഒരു പ്രണയ ലേഖനം എഴുതാനും..

Unknown said...

ശെഫീ -എന്തു പണിയാണ്‌ ഹെഡ്‌ മാസ്റ്റര്‍ ചെയ്‌തത്‌?, ഭിന്ദ്രന്‍ വാല എന്നോട്‌ കാണിച്ച കാരുണ്യം അദ്ദേഹത്തിനില്ലാതെ പോയല്ലോ. സങ്കടമായിപ്പോയി. ആ മേശവലിപ്പില്‍ കിടന്ന്‌ ആ ഓര്‍മകള്‍ വീര്‍പ്പുമുട്ടി മരിച്ചിട്ടുണ്ടാകും.

സ്‌മിതാ -കടും കൈയൊന്നും ചെയ്യല്ലേ. ആദര്‍ശേട്ടന്‌ കഷ്‌ടത്തിലാകും.

നജീബ്‌ക്ക്‌ - ആ എല്‍.പി സ്‌കൂള്‍ കാര്യങ്ങളൊക്കെ എഴുതൂ..

ലതീ -പ്രണയിക്കാത്തവര്‍ക്കാണ്‌ ഈ ഓര്‍മ കൂടുതല്‍ സുഖം നല്‍കുക.


ശ്രീവല്ലഭാ -മനസ്സിലായി. പ്രേമിച്ചിട്ടില്ലെന്ന്‌ അല്ലേ?
അനില്‍ -ഓട്ടോ ഗ്രാഫ്‌ പോട്ടെ, ആ വരികള്‍ മറന്നില്ലല്ലോ. വരികള്‍ എഴുതിയ ആളെയും...

തറവാടീ -പ്രണയത്തെക്കുറിച്ച്‌ പറയുമ്പോള്‍ എനിക്ക്‌ നിര്‍ത്താന്‍ തോന്നൂലാ.. അതുകൊണ്ട്‌ ഇത്തി നീളം കൂടിപ്പോയി.

കുമാരന്‍, സുല്‍, വരവൂരാന്‍, ലേഖ, നവരുചിയന്‍ എല്ലാവര്‍ക്കും നന്ദി.

M. Ashraf said...

ഓര്‍മ്മകള്‍ ഒത്തിരി ഇഷ്ടപ്പെട്ടു..
അഭിനന്ദനങ്ങള്‍

K C G said...

വളരെ ഇഷ്ടപ്പെട്ടു.

ഭിന്ദ്രന്‍‌വാലയെന്ന ആ വാര്‍ഡന് ഇതുപോലൊരു കൌമാരപ്രണയം ഉണ്ടായിരുന്നിരിക്കണം. മുന്നൂറാന്റെ കത്ത് അയാളില്‍ ആ സ്മരണകള്‍ ഉണര്‍ത്തിയിട്ടുണ്ടാകും. ആ സ്നേഹസ്മരണകള്‍ അദ്ദേഹത്തെ ആര്‍ദ്രഹൃദയനാക്കി...

നിരക്ഷരൻ said...

“ഓരോ വാചകം എഴുതിക്കഴിയുമ്പോഴും പുറത്ത്‌ കാലനക്കങ്ങളുണ്ടോ എന്ന്‌ ഞാന്‍ കാതോര്‍ക്കും. ചെറിയ കാലൊച്ചകളൊന്നും കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല. കാരണം അതിനേക്കാള്‍ ഒച്ചയിലാണ്‌ പ്രണയ വാചകങ്ങള്‍ക്കൊപ്പം എന്റെ ഹൃദയം മിടിച്ചു കൊണ്ടിരുന്നത്‌“

പിടിച്ചിരുത്തുന്ന തരത്തില്‍ എഴുതിയിരിക്കുന്നു. ഓട്ടോഗ്രാഫുകളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ആദ്യത്തെ കമന്റില്‍ പറഞ്ഞിരിക്കുന്ന നിബന്ധന ബാധകമാകുന്നവനായതുകൊണ്ട് ധൈര്യായിട്ട് തന്നെ വായിച്ചു :)

BS Madai said...

ആദ്യത്തെ പ്രണയലേഖനത്തിന്റെ ടെന്‍ഷന്‍ വായിക്കുന്നവരിലേക്ക് നന്നായി പകര്‍ന്നുതന്നിരിക്കുന്നു. നന്നായിട്ടുണ്ട് - അഭിനന്ദനങള്‍. പിന്നെ ഒരു തിരുത്തോടെയാണു വായിക്കാന്‍ തുടങിയത് -പത്താം ക്ലാസ് പ്രായത്തില്‍ പ്രണയിക്കാത്തവര്‍ മാത്രം വായിക്കുക- എന്നതിനു പകരം അതിനു ശേഷവും എന്ന്!!

nandakumar said...

“ഞാന്‍ നല്‍കിയ ചുംബനങ്ങള്‍ അവള്‍ക്ക്‌ കിട്ടാതെ ഇതാ ശൂന്യതയിലേക്ക്‌ പറന്നു പോകുന്നു. ഈ പ്രണയത്തിനും ചുംബനങ്ങള്‍ക്കും എന്ത്‌ ശിക്ഷയാകും വിധിയ്‌ക്കാനും നടപ്പാക്കാനും പോകുന്നത്‌?“

പ്രണയത്തിന്റെ ഹൃദയമിടിപ്പോടെയാണ് ഞാന്‍ വായിച്ചു തീര്‍ത്തത്. ലളിതവും സുന്ദരവുമായ ആഖ്യാനം. എത്ര അഭിനന്ദിച്ചാലും മതിയാകില്ല മുന്നൂറാന്‍. മനസ്സില്‍ കരുതിവച്ച പ്രശംസാവാചകങ്ങളൊക്കെ മറന്നുപോകുന്നു ഈ കമന്റ് ഇവിടെ കുറിക്കുമ്പോള്‍..


നന്ദന്‍/നന്ദപര്‍വ്വം

കുറുമാന്‍ said...

നന്നായി എന്നല്ലാതെ മറ്റൊന്നും പറയാനില്ല, അസൂയയാണെന്ന് കൂട്ടിക്കൊള്ളൂ.

ഇനിയും വരട്ടെ ചരിതങ്ങള്‍.

ശ്രീ said...

വായനയില്‍ മുഴുകിപ്പോയി, മാഷേ... വളരെ ഭംഗിയായി അവതരിപ്പിച്ചിരിയ്ക്കുന്നു.

അതിനു ശേഷം എന്തുണ്ടായി എന്നു പറഞ്ഞില്ല

Jayasree Lakshmy Kumar said...

നെടു നീളൻ പോസ്റ്റ്. പക്ഷെ ഒട്ടും ബോറടിപ്പിച്ചില്ല.

മുസാഫിര്‍ said...

നല്ല ഒഴുക്കോടെ , ലളിതമായ ഭാഷയില്‍ ബാല്യകാല അല്ല കൌമാര കാല സഖിയെക്കുറിച്ച് എഴുതിയത് ഇഷ്ടപ്പെട്ടു മുന്നൂറാന്‍.

Rare Rose said...

എന്താപ്പോ പറയ്യാ..അത്രക്കും മനോഹരമായി ഉപമകളുടെ ഏച്ചു കെട്ടലില്ലാതെ സുന്ദരമായി എഴുതിയിരിക്കുന്നു...വായിച്ചു തീര്‍ന്നത് അറിഞ്ഞതേയില്ല...പരുക്കനായ വാര്‍ഡന്റെയുള്ളി‍ലെ ആര്‍ദ്രമായ മനസ്സു അതിശയിപ്പിച്ചു ...ഒരു പക്ഷെ ഗീതേച്ചി പറഞ്ഞ പോലെ ഇതേ പോലെ ഒരു കൂട്ടുകാരി അദ്ദേഹത്തിനുമുണ്ടായിരിക്കണം...

കിഷോർ‍:Kishor said...

കൊള്ളാം !

പത്താം ക്ലാസ് പ്രായത്തില്‍ ഏതൊരുവനും (ഒരുവള്‍ക്കും) ചുരുങ്ങിയത് പത്തു പ്രണയാനുഭവങ്ങളെങ്കിലും ഉണ്ടായിരിക്കണം :-)

Unknown said...

പത്താം ക്ലാസ്‌ പ്രായത്തില്‍ പ്രണയിക്കാത്തവരും
പ്രണയിച്ചവരുമൊക്കെയായി പലരും ഈ വഴി വന്നു.
നമ്മുടെയൊക്കെ പത്താം ക്ലാസ്‌ കാലത്തെ പ്രണയത്തിന്റെ
ഒരു മധരും കാണണമെങ്കില്‍ സുബ്രഹ്മണ്യ പുരം സിനിമ കാണുക.
ഈ പോസ്റ്റിട്ട ശേഷമാണ്‌ അത്‌ കണ്ടത്‌.
വാക്കുകളില്ലാതെ, ശബ്ദമില്ലാതെ ഒരു നോട്ടം കൊണ്ട്‌
ഒരു ചിരി കൊണ്ട്‌ എങ്ങിനെ പ്രണയിക്കാമെന്ന്‌
അതിലെ പ്രണയ രംഗങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു.

എം. അഷ്‌റഫ്‌, ഗീതാഗീതികള്‍,
നിരക്ഷരന്‍, മാടായിക്കാരന്‍, നന്ദേട്ടന്‍,
ശ്രീ, ലക്ഷ്‌മി, മുസാഫിര്‍, റെയര്‍ റോസ്‌
എല്ലാവരുടേയും സാന്നിധ്യം എന്നെ
സന്തോഷിപ്പിച്ചു.

Unknown said...

കുറുമാന്‍ ചേട്ടാ.. വന്നല്ലോ ഇതുവഴി,
കിഷോര്‍, ഞാന്‍ ഒന്നു തന്നെ എന്തു ചെയ്യണമെന്നറിയാതെ
അവസാനം വരെ കൊണ്ടു നടന്നു പെട്ടുപോയി.
നന്ദിയുണ്ട്‌.

"Dil" means heart said...

Super.really amazing. Super style.
-by dilshad Chennamangallur

നജൂസ്‌ said...

പര്‌സപരം ഇഷ്‌ടമാണെന്ന്‌ രണ്ട്‌ പേര്‍ക്കും അറിയാമെന്നല്ലാതെ മനസ്സ്‌ തുറന്ന്‌ ഇതുവരെ ഒന്ന്‌ മിണ്ടിയിട്ടില്ല. ഒരു നോട്ടം, ഒരു ചിരി.. അതു തന്നെ ധാരാളമായിരുന്നു....

എന്തൊക്കെയൊ ഓര്‍മ്മിപ്പിച്ചു.
8 ആം ക്ലാസ്സ്‌ മുതല്‍ ഞാന്‍ ഓട്ടോഗ്രഫ്‌ എഴുതിക്കുമായിരുന്നു.ഓരോ കൊല്ലവും വാങിച്ചിരുന്നത്‌ അവളെകൊണ്ട്‌ മാത്രം എഴുതിപ്പിക്കാനായിരുന്നു. ഇന്നും നിധിപോലെ കാത്ത്‌ വെച്ചിരിക്കുന്നത്‌ എല്ലാ മടുപ്പുകള്‍ക്കിടയിലും അവളെന്നെ പുഞ്ചിരിപ്പിക്കുന്നത്‌ കൊണ്ടാവാം. നാട്ടിലെന്നെ കാത്തിരിക്കുന്നവരുടെ കൂട്ടത്തിലവളില്ലങ്കിലും ഉരുട്ടിയെഴുതിയ നീലയക്ഷരങള്‍ തീരാത്ത പ്രവാസത്തില്‍ കുളിക്കാറ്റായി അവിടെ നിന്നും വീശിയടിക്കാറുണ്ട്‌.

നജൂസ്‌ said...
This comment has been removed by the author.
Unknown said...

Dear Munnooran
Ith palathum ormippichu
thanks
O.B. Nazar

ചോലയില്‍ said...

പ്രണയത്തിന്റെ ക്ലാസു മുറികളിലേക്ക്‌ മനുഷ്യനെ വലിച്ചടുപ്പിക്കുന്ന എഴുത്ത്‌. പിന്നിലേക്ക്‌ തിരിഞ്ഞു നോക്കുമ്പോള്‍ നഷ്ടമല്ലാതെ എന്തുണ്ട്‌ നേട്ടം എന്ന്‌ അവകാശപ്പെടാന്‍?
ഓര്‍മ്മകളിലേക്ക്‌ കൂട്ടികൊണ്ടുപോയതിന്‌ നന്ദി.

കാവിലന്‍ said...

ഈ വായന ഞാനെന്റെ കടിഞ്ഞൂല്‍ പ്രണയ നായിക(എട്ടാം ക്ലാസ്സ്‌)യായ ഹരിജന്‍ പെണ്‍കിടാവ്‌, ബിന്ദുവിന് സമര്‍പ്പിക്കുന്നുthanx.

Anonymous said...

കൌമാരാനുരാഗ അനുഭവങ്ങള്‍ ഒഴുക്കോടെ വായിച്ചു. സുലുവിന്‌ നല്‍കിയ ആയിരം ചുടുചുംബനങ്ങള്‍ പോലെ ശൂന്യതയിലേക്ക്‌ പറന്നു പോയ ഒരുപ്രണയകാലത്തിന്റെ ഓര്മപ്പെടുതലായി; എകാനുരാഗത്തിന്റെ കാലം....
റഷീദ് പുത്തൂര്‍

മാണിക്യം said...

"...ഞാന്‍ പരുങ്ങുന്നത്‌ കണ്ടപ്പോള്‍,
ആ ചേച്ചി പറഞ്ഞു.
ങും... എനിയ്‌ക്ക്‌ ആളെ മനസ്സിലായി.
സുലു എന്നും പറയാറുണ്ട്‌.
അപ്പോഴാണ്‌ ഞാന്‍ ശരിയ്‌ക്കും ചമ്മിയത്‌.."
നല്ല എഴുത്ത് കുളിരരുവി പോലെ ഒഴുകി പോകുന്നു.
നിഷ്കളങ്ക പ്രണയത്തിന്റെ നൈര്‍‌മല്യം അനുഭവിക്കാനാവുന്നു ..ജാഡകളില്ലാതെ,ഉള്ള എഴുത്ത് നന്മകള്‍ നേരുന്നു....

Unknown said...

കാണാതായ പ്രണയ ലേഖനം തേടി വന്ന, നല്ല വാക്കുകള്‍ കൊണ്ട് പ്രോത്സാഹിപ്പിച്ച ചോലയില്‍, റഷീദ്, മാണിക്യം, നജൂസ്, നാസര്‍, ദില്‍ഷാദ്, കാവിലന്‍ എല്ലാവര്‍ക്കും നന്ദി.

Unknown said...

മുന്നൂറാൺ.....


നന്നായിട്ടുണ്ട് നല്ല ഭാഷ,
എനിക്ക് ഒർമയില്ല എന്റെ പ്രണയത്തിന്റെ തുടക്കം പക്ഷെ ഒന്നറിയാം നാൻ ആദ്യം പ്രണയിചത് ഉണ്ട കണ്ണുകളുള്ള കുറചു ത്ടിച്ച നസീറ യെ ആയിരുന്നു
പിന്നെ ഒരു സറീന , അടുത്ത വീട്ടിലെ ജാസ്മി, പ്രീ ഡിഗ്ഗ്രി ക്ക് പടിക്കുമ്പൊള് നാന് പ്രണയിച്ചവളൂടെ പേര് .........ഒര്മയില് വരുന്നില്ല,

ഒന്നറിയാം ഇവര്ക്കർക്കും നാന് ഒരു പ്രിയതമൻ ആയിരുന്നില്ല എന്ന്

murmur........,,,,, said...

ഓര്‍മകളെ ഒരുപാടു പിന്നില്ലേക്ക് നടത്തിയ ലേഖനം.,
ഒട്ടും തന്നെ മടുപ്പിക്കാതെ വലിച്ചു നീട്ടാതെ., മനസ്സില്‍ വല്ലാത്തൊരു നൊമ്പരം സമ്മാനിച്ചതിന് നന്ദി.,

ഒരിക്കല്‍ കൂടി പ്രണയം കണ്ണിലുടെ എന്ന് ഓര്‍മിപ്പിച്ചതിനും..........

ഗൗരിനാഥന്‍ said...

കുറച്ച് നേരത്തേക്ക് സ്കൂളീലേക്കൊന്നു പോയി, ഓർമയിൽ കുട്ടിപ്രണയങ്ങളുടെ രസം.... . എത്ര കൂട്ടുകാർ, കിഡിലൻ കുറിപ്പെടോ

വെള്ളത്തൂവൽ said...

മുന്നൂറാന്റെ ഈ “സംഭവം“ വായിച്ചു , അപ്പോൾ എനിക്ക് എന്റെ8ക്ലാസ്സാണ് ഓർമ്മവന്നത്…..ഇത് പ്രണയമായിരുന്നില്ല, തെറ്റിദ്ധാരണയിൽ നിന്നും ഉടലെടുത്ത ഒരു “സംഭവം” ഇതായിരുന്നു എന്നെ എഴുതാൻ പ്രേരിപ്പിച്ചത്., കാരണം സത്യം പറയാൻ അത് കേൾക്കാൻ അന്ന് എനിക്ക് കൂട്ടുകാരില്ലായിരുന്നു, ഉള്ളവരൊക്കെ വെറും കൂട്ടുകാർ. അവിടെ ഞാൻ ആശ്വാസം കണ്ടെത്തിയത് എഴുത്തിൽ ആയിരുന്നു. കഥ നന്നായിട്ടുണ്ട്….

മഴയുടെ മകള്‍ said...

ende sakhave kidilan kto ashamsakla

Unknown said...

അഹങ്കാരീ,
മര്‍മര്‍,
വെള്ളത്തൂവല്‍,
ഗൗരീ,
മഴയുടെ മകളേ...
ഇകുവഴി വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും പ്രണയാര്‍ദ്രമായ നന്ദി

കുറ്റ്യാടിക്കാരന്‍|Suhair said...

സാദിക്ക്ക്കാ,

എന്തിന് പ്രണയിക്കണം, ഇമ്മാതിരി ഒരെണ്ണം വായിച്ചാല്‍ പോരേ... ആ ഫീലിംഗ് മനസില്‍ പടരാന്‍...

ഓടോ: ചില പോസ്റ്റുകള്‍ നീണ്ട് കിടക്കുന്നത് തന്നെയാണ് നല്ലത്....

rumana | റുമാന said...

ഞാന്‍ കണ്ടു...
വെക്തമായി തന്നെ..

വായനക്കൊപ്പം എന്റെ ഓട്ടോഗ്രാഫിന്റെ പേജുകളില്‍ എന്നോ മറന്ന് പോയ കൂട്ടുകാരുടെ മുഖം തിരയുകയായിരുന്നു ഞാന്‍.

Unknown said...

വധു എവിടെ ? ഇവിടെ വരുമെന്നു കരുതട്ടെ

Sapna Anu B.George said...

പത്താം തരത്തില്‍ പ്രണയിക്കാത്ത ഒരു ജീവിയും ഇല്ല മൂന്നൂറാന്‍....നല്ല വായന, കണ്ടതിലും വായിച്ചതിലും സന്തോഷം.

നരിക്കുന്നൻ said...

വരികൾ കത്തിക്കയറുമ്പോൾ വലിപ്പം പ്രശ്നമല്ലന്ന് ഈ പോസ്റ്റ് തെളിയിച്ചു.
സുലുവിന്റെ പ്രിയതമനായി ഇന്നും സുഖത്തോടെ സന്തോഷത്തോടെ ഇവിടെയൊക്കെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

ഏഴാം ക്ലാസ് മുതൽ പ്രണയിച്ച് തുടങ്ങിയ ഞാൻ ഇത് വായിച്ചതൊരു തെറ്റാണെങ്കിൽ എന്റെ മുന്നൂറാനേ ക്ഷമിക്കുക. ഒരോ വരികളും അടുത്തത് വായിക്കാനുള്ള പ്രചോദനമായിരുന്നു.

അന്വേഷിച്ച് കൂടായിരുന്നോ..എപ്പോഴെങ്കിലും.. മുന്നൂറാന്റെ ഹൃദയവുമായി എന്തിനാണ് മുസ്ഥഫയും മൊയ്തീൻ കുട്ടിയും ബിന്ദ്രൻ വാലയുടെ അടുത്ത് പോയതെന്ന്. എന്തിനാണ് ബിന്ദ്രൻ വാല വെറുതെ വിട്ടതെന്ന്.

കുഞ്ഞന്‍ said...

മുന്നൂറാന്‍ മാഷെ..

ഒരു മുഷിവും തോന്നിയില്ലെന്നു മാത്രമല്ല ഓരൊ വരിയും ഇനിയെന്തെന്നറിയാനുള്ള ആകാംഷ നിറയുന്നു,പ്രണയത്തിന്റെ സൌരഭ്യം പരക്കുന്നു.

പഠിക്കുകയൊ കളിക്കുക ചെയ്യാതെ ആണ്‍ കുട്ടികളുടെ സ്കൂളില്‍ മാത്രം എന്റെ സ്കൂള്‍ ജീവിതം അവിടെ എന്തു പ്രണയം? പ്രണയിക്കാനറിയാത്ത അവസരമില്ലാതിരുന്ന എന്നേപ്പോലുള്ളവര്‍ക്ക് താങ്കളോട് മുഴുത്ത അസൂയ തോന്നും.

എന്നാലും ആ ഭിന്ദ്രന്‍‌വാലയുടെ പെരുമാറ്റം...അതെന്താണെന്നു പിന്നീട് മനസ്സിലായൊ?

മഴക്കിളി said...

പ്രണയമേ.....

ajeesh dasan said...

munnooraanjikku ente puthuvalsaraashamsakal...

സെറീന said...

ഹൃദ്യം!
നാട്ടുവഴികളില്‍ എവിടെയോ വീണു പോയ
കാലമേ,പ്രണയമേ

സെറീന said...
This comment has been removed by the author.
ഹാരിസ് നെന്മേനി said...

whow..really nice one to read.. Iam visiting your blog for the first time. Your blog is an inspiration for me...post more

B Shihab said...

പുതുവല്‍സരാശംസകള്‍....

Unknown said...

കുറ്റ്യാടിക്കാരന്‍,
റുമാന,
നജീബ്ക്ക,
സപ്നേച്ചി,
നരിക്കുന്നന്‍,
കുഞ്ഞന്‍,
മഴക്കിളി,
സറീന,
നെന്‍മേനി,
ശിഹാബ് സാബ്
എല്ലാവരെയും സന്തോഷം അറിയിയ്ക്കട്ടെ.

ശ്രീഇടമൺ said...

ചെറിയ കാലൊച്ചകളൊന്നും കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല. കാരണം അതിനേക്കാള്‍ ഒച്ചയിലാണ്‌ പ്രണയ വാചകങ്ങള്‍ക്കൊപ്പം എന്റെ ഹൃദയം മിടിച്ചു കൊണ്ടിരുന്നത്‌.

അതേ....വായിച്ഛപ്പോള്‍ ശരിക്കും ഹൃദയം ഉച്ഛത്തില്‍ മിടിക്കുന്നുണ്ടയിരുന്നു....

“അഭിനന്ദനങ്ങള്‍“

k.a.saifudeen said...

ഒരിക്കല്‍ പറയാന്‍ ധൈര്യം കാണിച്ച ഒരു പ്രണയത്തിന്റെ ചൂരല്‍പ്പാട് ഇപ്പോഴുമുണ്ട് വലതു തുടയില്‍. പച്ച കുത്തിയതു പോലെ ഹൃദയത്തിന്റെ പടിഞ്ഞാറേ കോണിലും. വിടാതെ പിന്തുടര്‍ന്ന ആദ്യ പ്രണയത്തിന്റെ പേടിയില്‍ പിന്നെ ഒത്തിരിപ്പേരെ പ്രണയിച്ചിട്ടും അക്ഷരങ്ങള്‍ നാവിന്‍ പടിയില്‍നിന്ന് പുറത്തുവരാതെ പരുങ്ങിക്കിടന്നു. ഒരു പുഴയകലത്തില്‍ അങ്ങനെ കുറേ പ്രണയങ്ങള്‍ ഒഴുകിപ്പോയി. പിന്നീടൊരിക്കല്‍ ധൈര്യപ്പെട്ടു വെളിപ്പെടുത്തിയ പ്രണയത്തിന്റെ മറുപടി അച്ഛനോട് ചോദിച്ചിട്ടു വന്നു പറയാമെന്ന് പറഞ്ഞ് അവള്‍ പോയി. അവള്‍ വരുന്നതും കാത്ത് അതേ വഴിയില്‍ ഒരു ശിലാപ്രതിമ കണക്കെ എത്ര കാലം നിന്നെന്നറിയില്ല.... ഒടുവില്‍ നിന്നു മടുത്തു ജീവിതത്തിന്റെ മറ്റൊരു ബസ്സില്‍ കയറിയിങ്ങു പോന്നു. പിന്നീടാണറിഞ്ഞത് അവള്‍ ചോദിക്കാന്‍ പോയത് പള്ളിയിലെ അച്ഛനോടാണെന്ന്.
ഒരു നാള്‍ തൃശãൂര്‍ എഡിഷനിലെ മനോരമ പത്രത്തില്‍ ഒരു വിവാഹ പരസ്യത്തില്‍ അവള്‍ എന്നെ നോക്കി കൊഞ്ഞനം കുത്തി.....
'അയ്യോ, കാക്കേ..പറ്റിച്ചേ... എന്ന പഴംകഥയിലെ പാട്ട് അപ്പോള്‍ ഓര്‍മ വന്നു.

Unknown said...
This comment has been removed by the author.
Unknown said...

ഇടക്കൊരുദിവസം ഇക്ക പറഞ്ഞു
മുന്നൂറാന്‍ വായിക്കാന്‍

അന്ന് മുഴുവന്‍ വായിച്ചു

നന്നായിട്ടുണ്ട്...
വളരെയധികം ഇഷ്ടമായി

നന്ദി
മുന്നൂറാനും
പിന്നെ
എന്റെ വഴികാട്ടിയായ ഇക്ക ഫൈസലിനും

Basheer said...

പോസ്റ്റുകള്‍ നന്ന്, കമന്‍റുകളും നന്ന്. ആശംസകള്‍.

വിജി പിണറായി said...

കാണ്മാനില്ലാതെ പോയ പ്രണയലേഖനം പോലെ ഈ പോസ്റ്റ് കാണാതെ പോയതില്‍ അല്പം വിഷമം...

Arshad said...

entha പറയുക? orupaad ishtaayi. pranaya അനുഭവമില്ലതവര്‍ക്കും ഒന്ന് പ്രണയിക്കാന്‍ thonnum ഈ കുറിപ്പ് വായിക്കുമ്പോള്‍...
-അര്‍ഷാദ്