Monday, July 21, 2008

മുലപ്പാല്‍ ഒഴുക്കിക്കളയുന്നവര്‍

നൊന്തുപെറ്റ കുഞ്ഞിനെ ഇരുപതോ മുപ്പതോ ദിവസം
പോലും കഴിയും മുന്പ് നാട്ടില്‍ ഉപേക്ഷിച്ച് വിമാനം
കയറേണ്ടി വരുന്ന പ്രവാസികളായ അമ്മമാരെക്കുറിച്ച്
മാതൃഭൂമി ആഴ്ചപ്പതിപ്പ് ജൂലൈ ആദ്യവാരം
പ്രസിദ്ധീകരിച്ച ലേഖനം.


അമ്മിഞ്ഞപ്പാലിന് അണ കെട്ടേണ്ടി വരുന്നവര്‍

ഒന്ന്‌
സ്‌കൂള്‍ വിട്ടാല്‍ ഞാനും പുഷ്‌പയും ഒന്നിച്ചാണ്‌ വീട്ടിലേക്ക്‌
ഓടുന്നത്‌. എന്നേക്കാള്‍ ധൃതിയാണ്‌ അവള്‍ക്ക്‌ വീട്ടിലെത്താന്‍.
അവള്‍ എത്തുമ്പോള്‍ മുറ്റത്തിന്‌ അതിരിട്ട വരമ്പത്ത്‌
വലതു കാല്‍ കയറ്റി വെച്ച്‌ അവളുടെ അമ്മ കാത്തുനില്‍ക്കുന്നുണ്ടാകും.
സ്ലേറ്റും പുസ്‌തകവും വരമ്പത്ത്‌ വെച്ച്‌ അവള്‍, ഉയര്‍ത്തിവെച്ച
അമ്മയുടെ മുട്ടുകാലിന്‌ മുകളിലേക്ക്‌ ഒരു ചാട്ടമാണ്‌.
എന്നിട്ട്‌ അമ്മയുടെ ബ്ലൗസ്‌ മേല്‍പോട്ടുയര്‍ത്തി ആര്‍ത്തിയോടെ
മുല വലിച്ചു കുടിക്കും. ഇടങ്കണ്ണിട്ട്‌ എന്നെ നോക്കും.
എനിക്ക്‌ നാണമാകും. എനിക്ക്‌ അപ്പോള്‍ എന്റെ
വെല്യുമ്മയുടെ ആട്ടിന്‍കുട്ടികളെ ഓര്‍മ വരും. അഴിച്ചു
വിട്ടാല്‍ കുന്തിരിയെടുത്ത്‌ പാഞ്ഞു വന്ന്‌ തള്ളയുടെ
അകിട്ടില്‍ മുട്ടിമുട്ടി മുല കുടിക്കുന്ന ആട്ടിന്‍ കുട്ടികളെ
കാണാന്‍ നല്ല കൗതുകമാണ്‌. പുഷ്‌പ കണ്ണടച്ച്‌ ഒരു വീര്‍പ്പിന്‌
രണ്ടു മുലയും കുടിച്ചു വറ്റിയ്‌ക്കും.
ഒന്നാം ക്ലാസിലായിരുന്നു ഞാനും പുഷ്‌പയും അന്ന്‌.
ഞാന്‍ ഒരു വയസ്സ്‌ തികച്ചും മുല കുടിച്ചിട്ടില്ല. അപ്പോഴേക്കും
ഉമ്മയുടെ മുലയ്‌ക്ക്‌ പുതിയ അവകാശിയെത്തിയിരുന്നു.
അനിയന്‍ ഭാഗ്യവാനായിരുന്നു. അവനു താഴെയുള്ള
പെങ്ങള്‍ വരാന്‍ കുറേ താമസിച്ചു. അവന്‌ കുറേക്കാലം
ഉമ്മ മുല കൊടുത്തിട്ടുണ്ട്‌. അവന്‍ കുടിക്കുന്നത്‌
ഞാന്‍ കൊതിയോടെ നോക്കിയിരുന്നിട്ടുണ്ട്‌. അസൂയ
തോന്നിയിട്ടുണ്ട്‌. ഇന്നും ഉമ്മ അവനോട്‌ ഇത്തിരി
സ്‌നേഹക്കൂടുതല്‍ കാണിക്കുന്നുണ്ടോ എന്ന്‌ ഞാന്‍ അസൂയപ്പെടുന്നു.
പുഷ്‌പ എന്നാണ്‌ മുലകുടി നര്‍ത്തിയതെന്നറിയില്ല.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സുന്ദരിയായ അവള്‍
ബാലേട്ടനെ പ്രേമിച്ചു. പരീക്ഷക്ക്‌ പിന്നാലെ കല്യാണം.
കല്യാണം കഴിഞ്ഞ്‌ അവള്‍ ബാലേട്ടന്റെ വീട്ടിലേക്ക്‌ പോയി.
പിന്നീട്‌ കുറേക്കാലത്തേക്ക്‌ ഞാനവളെ കാണുന്നില്ല.
കാണുമ്പോള്‍ അവള്‍ക്ക്‌ രണ്ടോ മൂന്നോ കുട്ടികളായിരുന്നു.
എവിടെയെങ്കിലും വെച്ച്‌ പുഷ്‌പയെ കണ്ടാല്‍, വരമ്പത്ത്‌
കയറ്റിവെച്ചിരിക്കുന്ന അമ്മയുടെ കാലില്‍ ചാടിക്കയറിയിരുന്നു
മുല കുടിക്കുന്ന ദൃശ്യം മനസ്സില്‍ തെളിയും. സ്‌കൂള്‍ ബസില്‍
നിന്നിറങ്ങി, ഓടിക്കയറി പൂമുഖത്തെത്തും മുമ്പേ ബാഗ്‌
വലിച്ചെറിഞ്ഞു വിരല്‍ കുടിയ്‌ക്കാന്‍ ധൃതിപ്പെടുന്ന
എന്റെ മകളെ കാണുമ്പോള്‍ ഞാന്‍ പുഷ്‌പയെ ഓര്‍ക്കും.
എന്റെ മോള്‍ക്ക്‌, വിരല്‌ കുടിക്കുന്ന ദുശ്ശീലമുണ്ട്‌.
നാലാള്‍ കാണ്‍കെ വിരല്‍ കുടിക്കാന്‍ അവള്‍ക്ക്‌ നാണമാണ്‌.
സ്‌കൂളിലും ബസ്സിലുമൊക്കെയാകുമ്പോള്‍ കഷ്‌ടപ്പെട്ട്‌ ക്ഷമിച്ചിരിക്കും.
ക്ലാസ്‌ കഴിഞ്ഞ്‌ വീട്ടിലെത്താന്‍ പുഷ്‌പയെപ്പോലെ
അവളും ധൃതിപ്പെട്ട്‌ ഓടിവരുന്നു.

സ്വന്തം കുഞ്ഞിന്‌ കുടിക്കാന്‍ വിധിയില്ലാത്ത മുലപ്പാല്‍
അമ്മയുടെ നെഞ്ചില്‍ കുത്തിനോവിക്കും. പത്ത്‌ പെറ്റ എന്റെ
ഉമ്മയോ ഒന്നാം ക്ലാസില്‍ പോകാന്‍ തുടങ്ങിയിട്ടും പുഷ്‌പയെ
പാലൂട്ടിയ അവളുടെ അമ്മയോ ആ വേദന അനുഭവിച്ചിട്ടില്ല.
ആ വേദന തടുക്കാന്‍ മുല്ലപ്പൂക്കളോ കാബേജിന്റെ ഇലകളോ
മുലയില്‍ ചേര്‍ത്തു വെച്ച്‌ അമ്മിഞ്ഞപ്പാലിന്‌ അണകെട്ടുന്ന
പെണ്ണുങ്ങളുണ്ട്‌. എന്നിട്ടും ശമിക്കാത്ത വേദനയെ തോല്‍പിക്കാന്‍
അവര്‍ വേദന സംഹാരികള്‍ വിഴുങ്ങുന്നു. മാറിലെ നോവ്‌ വേദന
സംഹാരി കൊണ്ടും മനസ്സിലെ നോവ്‌ കണ്ണീരു കൊണ്ടും
മായ്‌ക്കാന്‍ ശ്രമിക്കുന്ന അമ്മമാരുടെ കഥയാണിത്‌.
വീര്‍ത്തുകെട്ടുന്ന മുലകളുടെ വേദന അവര്‍ക്കു മാത്രേ മനസ്സിലാകൂ.

രണ്ട്

എലിസബത്ത്‌ കയറിയ വിമാനം റിയാദില്‍ പറന്നിറങ്ങി.
കണ്ണീരും മൂക്കും തുടച്ച കൈലേസ്‌ നനഞ്ഞ്‌ നാറിയിരുന്നു.
നെഞ്ചില്‍ തൂങ്ങൂന്ന ഭാരം ഇറക്കിവെക്കാന്‍ അവളൊരിടം തേടി.
സൂചി കുത്തുമ്പോലെ മാറിടം പിടയുന്നു. അതൊരമ്മയുടെ
മാത്രം വേദനയാണ്‌. അവള്‍ സ്‌ത്രീകളുടെ ടോയ്‌ലറ്റ്‌ തെരഞ്ഞു.
ചുരിദാറിന്റെ ഹുക്കുകള്‍ അടര്‍ത്തി, മകന്‌ കൊടുക്കാന്‍
കഴിയാത്ത സ്‌നേഹം അവള്‍ വാഷ്‌ബേസിനിലേക്ക്‌ അമര്‍ത്തിപ്പിഴിഞ്ഞു.
ഇന്നലെ രാത്രി മുതല്‍ തോരാതെ പെയ്യുന്ന കണ്ണീര്‍
തുടയ്‌ക്കാന്‍ ബാത്ത്‌റൂമിലെ ടിഷ്യൂ പേപ്പറുകള്‍
തികയില്ലെന്ന്‌ തോന്നി അവള്‍ക്ക്‌.
അല്‍ ഖസീമിലേക്കുള്ള വിമാനം ഇനിയും മൂന്ന്‌
മണിക്കൂര്‍ കഴിഞ്ഞേയുള്ളൂ. ലോഞ്ചില്‍ കാത്തിരിക്കുമ്പോള്‍
അവളുടെ കാതില്‍ മണിക്കുട്ടന്‍ കരഞ്ഞു. നെടുമ്പാശ്ശേരിയില്‍
ജോസേട്ടനും അമ്മയും പാസ്സെടുത്തു വിമാനത്താവളത്തിന്‌
അകത്ത്‌ കയറിയിരുന്നു. ചെക്ക്‌ ഇന്‍ കഴിഞ്ഞ്‌ ഇമിഗ്രേഷന്‍
കൗണ്ടറിലേക്ക്‌ നീങ്ങുന്നതിന്‌ മുമ്പ്‌, ഒരിക്കല്‍ കൂടി നെഞ്ചിലെ
സ്‌നേഹം മോന്‌ പകര്‍ന്നു കൊടുത്ത്‌, കരള്‍ പറിച്ചെറിയുമ്പോലെയാണ്‌
ജോസേട്ടന്റെ കൈകളിലേക്ക്‌ തിരിച്ചു കൊടുത്തത്‌.
മുപ്പത്താറ്‌ ദിവസം. അത്രയേ ആകുന്നുള്ളൂ മണിക്കുട്ടന്‍ പിറന്നിട്ട്‌.
അത്രയേ അവധിയുണ്ടായിരുന്നുള്ളൂ. മോനെ ജോസേട്ടനേയും
അമ്മയേയും ഏല്‍പിച്ച്‌ വിമാനം കയറി. കണ്ണും മൂക്കും
വിരിഞ്ഞു വരുന്നേയുള്ളൂ. പെറ്റിട്ടപ്പോള്‍ മമ്മി പറഞ്ഞു.
ജോസേട്ടന്റെ ചാച്ചന്റെ ഛായയാണെന്ന്‌. ശരിക്കുള്ള ഛായ
ഉരുത്തിരിഞ്ഞു വരാന്‍ കുറച്ചു കൂടി കഴിയണമെന്ന്‌ അപ്പോള്‍
നാത്തൂന്മാര്‍ ആരോ പറഞ്ഞു. എലിസബത്തിന്‌ അതൊന്നും
കാണാന്‍ കഴിയില്ല. ജീവിതം കടലുകള്‍ക്കിക്കരെയായിപ്പോയി.
കുഞ്ഞിന്റ മാറുന്ന മുഖവും ഭാവങ്ങളും കാണാന്‍ ഓരോ
മസാവും ഫോട്ടോയെടുത്തു അയച്ചു തരാന്‍ ജോസേട്ടനെ
പറഞ്ഞേല്‍പിച്ചിട്ടുണ്ട്‌. അടുത്ത വരവിന്‌ മണിക്കുട്ടനെ
മാമോദീസ മുക്കണം. അതിന്‌ കണക്കാക്കി വേണം അടുത്ത
അവധി തരപ്പെടുത്താന്‍.
പത്താം ക്ലാസ്‌ കഴിഞ്ഞ്‌ നഴ്‌സിംഗിന്‌ വിടണമെന്ന്‌ പള്ളീലെ അച്ചനാണ്‌
എലിസബത്തിന്റെ പപ്പയെ ഉപദേശിച്ചത്‌. അല്ലെങ്കിലും ഇടവകയിലെ
പെണ്‍കുട്ടികളൊക്കെ ചെയ്യുന്നത്‌ അതു തന്നെയാണ്‌.
പാവപ്പെട്ടവരും മധ്യവര്‍ഗ്ഗക്കാരുമൊക്കെ കടവും
കള്ളിയുമായി കുട്ടികളെ നഴ്‌സിംഗിന്‌ വിടും. മേഴ്‌സിച്ചേച്ചിയേയും
ആനിച്ചേച്ചിയേയും പോലെ ഗള്‍ഫ്‌ അന്നേ സ്വപ്‌നം കണ്ടു.
പപ്പയും മമ്മിയുമാണ്‌ കൂടുതല്‍ സ്വപ്‌നം കണ്ടത്‌. അല്ലെങ്കില്‍ അനു സെബാസ്റ്റ്യനെപ്പോലെയോ ജോളി മാത്യുവിനെപ്പോലെയോ
ഇംഗ്ലണ്ടിലോ അമേരിക്കയിലോ പോകണം. അനു സെബാസ്റ്റ്യന്റെ
അമ്മ പള്ളിയില്‍ വെച്ചു കാണുമ്പോഴൊക്കെ മമ്മിയോട്‌ പറയും.
പുറത്തു വല്ലോം പോണം. എന്നാലേ നാല്‌ കാശുണ്ടാക്കാന്‍ പറ്റൂ.
ഇവിടെ ഈ മാതായിലും കാരിത്താസിലുമൊക്കെ
പോയിട്ട്‌ എന്നാ കിട്ടാനാ? ഇനീപ്പം സര്‍ക്കാരാശുപത്രീ കിട്ടിയാലും
പിള്ളാര്‍ക്ക്‌ കഷ്‌ടപ്പാടാന്നല്ലാതെ വലിയ കാര്യമൊന്നുമില്ല..
കോഴ്‌സും ബോണ്ടും കഴിഞ്ഞ്‌, ബോംബെയിലും
ദല്‍ഹിയിലുമൊക്കെ പ്രവൃത്തി പരിചയത്തിനായി കുറേ വട്ടം കറങ്ങി.
മീറത്തിലെ നഴ്‌സിംഗ്‌ സ്‌കൂളിലുണ്ടായിരുന്ന മറാഠി
അമ്മാവനാണ്‌ സൗദിയിലേക്കുള്ള ഇന്റര്‍വ്യൂവിന്റെ കാര്യം
എഴുതിയറിച്ചത്‌. അന്ന്‌ ദല്‍ഹിയിലായിരുന്നു. ദല്‍ഹിയില്‍ നിന്ന്‌
മുംബൈയില്‍ വന്നു. ഒരുപാട്‌ നഴ്‌സുമാരെ അമ്മാവന്‍ ഗള്‍ഫിലോ
സ്റ്റേറ്റ്‌സിലോ എത്തിച്ചിട്ടുണ്ട്‌. ചിലരൊക്കെ ഇംഗ്ലണ്ടിലുമുണ്ട്‌.
അമ്മാവന്‍ ഒന്നും ചെയ്യുന്നില്ല. പത്രത്തില്‍ വരുന്ന ഇന്റര്‍വ്യൂ
പരസ്യങ്ങള്‍ തപ്പിപ്പിടിച്ച്‌ കുട്ടികളെ അറിയിക്കും.
ഐ.ഇ.എല്‍.ടി.എസ്‌ എഴുതിയാല്‍ ലണ്ടനിലേക്ക്‌ ശ്രമിക്കാം.
അല്ലെങ്കില്‍ സി.ജി.എഫ്‌.എന്‍.എസ്‌ നോക്കണം. ഒന്നും നടന്നില്ല.
ഇപ്രാവശ്യത്തെ അവധിക്കാലം പ്രസവവും ആശുപത്രിയുമായി കഴിഞ്ഞു.
ജോസേട്ടനെപ്പോലും ശരിക്ക്‌ സ്‌നേഹിക്കാന്‍ നേരം കിട്ടിയിട്ടില്ല.
ലണ്ടനിലോ സ്റ്റേറ്റ്‌സിലോ ആണെങ്കില്‍ ഗ്രീന്‍ ചാനലില്‍ തന്നെ
ഭര്‍ത്താവിനേയും കൊണ്ടുപോകാം. സൗദി അറേബ്യയില്‍ അതു പറ്റില്ല.
ഇവിടെ നഴ്‌സുമാര്‍ക്ക്‌ കുടുംബ വിസയില്ല.
അവര്‍ ഒറ്റക്ക്‌ ഹോസ്റ്റലില്‍ കഴിയണം. നൊന്തുപെറ്റ കുഞ്ഞിനെ
കണ്ടു കൊതി തീരുന്നതിന്‌ മുമ്പേ കണ്ണീരോടെ വിമാനം കയറണം,

എന്‍.ഐ.സി.യുവിലാണ്‌ എലിസബത്തിന്‌ ഡ്യൂട്ടി. ആതുരരായ
നവജാത ശിശുക്കളുടെ ലോകം. രാവിലെ ഡ്യൂട്ടിക്ക്‌ ചെല്ലുമ്പോള്‍ രാജി കാത്തിരിക്കുന്നുണ്ടായിരുന്നു. ഇന്‍വെന്ററിയെടുത്ത്‌, മെഡിസിനുകളും
ഉപകരണങ്ങളും ചെക്ക്‌ ചെയ്‌ത്‌ ഡ്യൂട്ടി ഏറ്റുവാങ്ങിപ്പോകുമ്പോള്‍
ആന്‍സി പുതിയ അഡ്‌മിഷന്‍ വന്ന കുഞ്ഞിനെപ്പറ്റി പറഞ്ഞു.
കണ്ണുകളിറുക്കിയടിച്ച്‌, സുഖനിദ്രയില്‍ കിടയ്‌ക്കുന്ന കുഞ്ഞിന്‌
ശ്വാസത്തിന്‌ പ്രശ്‌നമുണ്ട്‌. സിസേറിയനായിരുന്നു. ചുവന്നു തുടുത്ത
ഈ അറബിക്കുട്ടന്‌ തന്റെ മണിക്കുട്ടന്റെ ഛായയുണ്ടോ?
എലിസബത്തിന്റെ മനസ്സൊന്നു പിടച്ചു. നെഞ്ചില്‍ സ്‌നേഹം ചുരന്നു.
നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലെ ഓരോ കുഞ്ഞിലും
അവള്‍ തന്റെ മണിക്കുട്ടന്റെ മുഖം കണ്ടു. സ്വന്തം കുഞ്ഞിനെപ്പോലെ,
അവള്‍ ഓരോ കുഞ്ഞിനേയും താലോലിച്ചു. ആ കുഞ്ഞുങ്ങള്‍ക്കെല്ലാം
എലിസബത്ത്‌ അമ്മയായി. നാപ്‌കിനുകള്‍ മാറ്റുമ്പോഴും ആന്റിബയോട്ടിക്കുകള്‍ നല്‍കുമ്പോഴും പുലര്‍ക്കാലങ്ങളില്‍ നേര്‍ത്ത ചുടുവെള്ളത്തില്‍ അവറ്റകളെ കഴുകിയെടുക്കുമ്പോഴും അവളിലെ അമ്മ ഉണര്‍ന്നു കരഞ്ഞു.
അപ്പോഴൊക്കെ മണിക്കുട്ടന്‍ മനസ്സില്‍ കൈകാലിട്ടടിച്ചു.
അവന്‍ ചിരിക്കുകയാണോ കരയുകയാണോ? നെഞ്ച്‌ വല്ലാതെ
ചുരത്തിക്കൊണ്ടിരിക്കുന്നു.
മുലപ്പാലിന്റെ ഭാരം നെഞ്ചില്‍ വേദനയായി പുളയുന്നുണ്ട്‌.
ഡ്യൂട്ടിക്ക്‌ പുറപ്പെടും മുമ്പ്‌ വേദനക്കുള്ള കാബര്‍ ഗോളിന്‍
ഗുളിക കഴിച്ചതാണ്‌.
ഇടക്ക്‌ മനസ്സ്‌ വല്ലാതെ പതറുമ്പോള്‍ അവള്‍ക്ക്‌ തോന്നും,
ദൈവമേ ഈ കുഞ്ഞുങ്ങളെ ഒന്നിച്ചെടുത്ത്‌ ഞാന്‍ മാറോട്‌ ചേര്‍ത്താലോ?
എന്റെ കുഞ്ഞിന്‌ കിട്ടാത്ത ഈ മുലപ്പാല്‍ അവര്‍ കുടിച്ചു വറ്റിക്കട്ടെ...
വേദന താങ്ങാതാകുമ്പോള്‍ ടോയ്‌ലറ്റില്‍ പോയി അവള്‍ മാറ്‌ പിഴിഞ്ഞൊഴിച്ച്‌ നെടുവീര്‍പ്പിടും.
നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ സ്‌തനങ്ങളും
എത്ര ഭാഗ്യമുള്ളവ എന്ന്‌ വേദപുസ്‌തകത്തില്‍ (ലൂക്കോ: 11:27)
വായിക്കുമ്പോഴൊക്കെ സ്വന്തം കുഞ്ഞിനെ പാലൂട്ടാന്‍ പറ്റാത്ത തന്റെ സ്‌തനങ്ങളെക്കുറിച്ചോര്‍ത്ത്‌ എലിസബത്ത്‌ കരയും. തന്റേയും മണിക്കുട്ടന്റേയും ഭാഗ്യക്കേടില്‍ മനസ്സ്‌ വേവും. അന്നേരം, മോശയെ പാലൂട്ടാന്‍
ഫറോവയുടെ കൊട്ടാരത്തില്‍ വേഷ പ്രഛന്നയായി ചെന്ന
മോശയുടെ മാതാവിനെക്കുറിച്ച്‌ അവള്‍ ഓര്‍മിക്കും.
പുഴയിലൊഴുക്കിയ കുഞ്ഞിന്‌ മുലകൊടുക്കുന്നതിനെ കുറിച്ചായിരുന്നു
മോശയുടെ അമ്മയുടേയും വേദന. കര്‍ത്താവേ,
ഈ രാത്രിയില്‍ എനിക്ക്‌ രണ്ട്‌ ചിറക്‌ മുളച്ചിരുന്നെങ്കില്‍ പറന്നു പോയി ഞാനെന്റെ കുഞ്ഞിനെ പാലൂട്ടുമായിരുന്നല്ലോ എന്നവള്‍ വിലപിക്കും. പിന്നെ,
കാബേജിന്റെ ഇലകളോ മുല്ലപ്പൂക്കളോ വെച്ച്‌ അവള്‍ മാറിടം വരിഞ്ഞുകെട്ടും. കാബേജിന്റെ ഇലകളും മുല്ലപ്പൂക്കളും മുലപ്പാല്‍ കുടിച്ചു വറ്റിക്കട്ടെ.
മലുപ്പാല്‍ ചുരത്തിപ്പോരാതെ പിടിച്ചു കെട്ടാനുള്ള ചിറയാണ്‌ ഈ കെട്ട്‌.
പേറു കഴിഞ്ഞ്‌ നാട്ടില്‍ നിന്നു പോരുന്ന പ്രവാസിപ്പെണ്ണുങ്ങളൊക്കെ
ചെയ്യുന്ന ഒരു നാടന്‍ വൈദ്യമാണത്‌. മുലപ്പാല്‍ കുറയ്‌ക്കുന്നതിന്‌ നാട്ടില്‍
വെച്ചേ മുല്ലപ്പൂ വൈദ്യം തുടങ്ങിയിരുന്നു. ഇവിടെ മുല്ലപ്പൂക്കള്‍ കിട്ടാന്‍
പ്രയാസമാണ്‌. കാബേജു തന്നെയാണ്‌ ആശ്രയം.
വൃത്തിയായി കഴുകിയ കാബേജിന്റെ ഇലകള്‍ തണ്ടുകള്‍ കളഞ്ഞ ശേഷം
മുലകളില്‍ വെക്കുകയാണ്‌ ചെയ്യുന്നത്‌. മുലക്കണ്ണ്‌ ഒഴിവാക്കി,
മുലയുടെ ചുറ്റും ഇല ചേര്‍ന്നു നില്‍ക്കുന്ന രൂപത്തിലാണ്‌ വെയ്‌ക്കുന്നത്‌.
മുലകളില്‍ ചേര്‍ന്നു നില്‍ക്കാന്‍ അനുയോജ്യമായ ബ്രാ ഉപയോഗിക്കും.
മുല്ലപ്പൂക്കളും ഇതേ രീതിയിലാണ്‌ പ്രയോഗിക്കുന്നത്‌.
മുല്ലപ്പൂക്കളും കാബേജിന്റെ ഇലകളും മാറിലെ ഭാരം കുറയ്‌ക്കും.
ആത്മാവിന്റെ വേദന പക്ഷേ, എങ്ങിനെ തീരും?


എലിസബത്ത്‌ പിന്നീട്‌ നാട്ടിലേക്ക്‌ തിരിച്ചു പോയി.
പോകുമ്പോള്‍ അവളുടെ കൈയില്‍ രണ്ടാഴ്‌ച മുമ്പ്‌ പ്രസവിച്ച
രണ്ടാമത്തെ കുഞ്ഞുമുണ്ടായിരുന്നു. ഇക്കുറി പ്രസവം കഴിഞ്ഞ്‌
മരുഭൂമിയുടെ നാട്ടിലെ ആശുപത്രിയിലേക്ക്‌ തിരിച്ചു വരേണ്ടെന്ന്‌
അവള്‍ തീരുമാനിച്ചു. നൊന്തുപെറ്റ കുഞ്ഞിനെ
നാട്ടിലുപേക്ഷിച്ചു പോരാന്‍ വയ്യ. മണിക്കുട്ടന്റെ കൈയും കാലും
വളരുന്നത്‌ കാണാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. കഴിഞ്ഞ തവണ
അവധിക്കു ചെന്നപ്പോഴും അവന്‌ അടുത്തു വരാന്‍ മടിയായിരുന്നു.
അടുക്കാന്‍ തുടങ്ങുമ്പോഴേക്കും തിരിച്ചു പോരാന്‍ സമയമാകും
ഫൈനല്‍ എക്‌സിറ്റിനുള്ള അപേക്ഷ കൊടുത്തു അവള്‍ കാത്തിരുന്നു.
പക്ഷേ, ആരോഗ്യ മന്ത്രാലവയുമായുള്ള കരാര്‍ തീരാറായിരുന്നു.
കരാറിന്റെ കാലാവധി തീരാതെ ഫൈനല്‍ എക്‌സിറ്റ്‌ കിട്ടില്ല.
റീ എന്‍ട്രി വിസ കിട്ടണമെങ്കില്‍ കരാര്‍ പുതുക്കണം.
രണ്ടായാലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അതിന്റേതായ
സമയമെടുക്കും. നിയമങ്ങള്‍ അവളെ നോക്കി കൊഞ്ഞനം
കുത്തിക്കൊണ്ടിരുന്നു. പ്രസവത്തിന്‌ നാട്ടിലെത്തണമെന്ന
അവളുടെ ആഗ്രഹം വെറുതെയായി. ജോലി ചെയ്യുന്ന
ആശുപത്രിയില്‍ തന്നെ അവള്‍ പ്രസവിച്ചു.
സഹപ്രവര്‍ത്തകകളുടെ പരിചരണത്തിലായിരുന്നു അവള്‍.
പ്രസവം കഴിഞ്ഞ്‌ രണ്ടാഴ്‌ചക്കുശേമാണ്‌ അവളുടെ
കടലാസുപണികള്‍ പൂര്‍ത്തിയായി പാസ്സ്‌പോര്‍ട്ട്‌ കയ്യില്‍ കിട്ടിയത്‌.
അതുവരെ ഹോസ്റ്റലില്‍ തന്നെയായിരുന്നു താമസം.
രാത്രി ഷിഫ്‌റ്റ്‌ കഴിഞ്ഞ്‌ മുറിയില്‍ വന്നു കിടന്നുറങ്ങുന്ന
സഹപ്രവര്‍ത്തകയെ പലപ്പോഴും അവളുടെ കുഞ്ഞിന്റെ
കരച്ചില്‍ അലോസരപ്പെടുത്തി. അവളോടുള്ള അനുതാപത്തില്‍
എല്ലാവരും സഹിച്ചു. വിമാനത്താവളത്തില്‍ യാത്രയയക്കാന്‍
ചെന്നപ്പോള്‍ ഏതൊക്കെയോ അസ്വാതന്ത്ര്യങ്ങളില്‍ നിന്ന്‌ രക്ഷപ്പെട്ട ഒരാളുടെ മുഖച്ഛായയായിരുന്നു അവള്‍ക്ക്‌.
എലിസബത്ത്‌ ഉപേക്ഷിച്ചു പോയ ആശുപത്രിയുടെ വരാന്തകളിലൂടെ,
അവള്‍ പിഴിഞ്ഞൊഴിച്ച മുലപ്പാല്‍ ഒഴുകി വരുന്നുണ്ടോ?
സ്വയം ജീവിയ്‌ക്കാന്‍, നാടിന്റെ സാമ്പത്തിക സുസ്ഥിതിക്ക്‌
സംഭാവന അര്‍പ്പിക്കാന്‍ കടല്‍ കടന്നു പോന്ന ഒരമ്മയുടെ
കണ്ണീരും ചോരയും കലര്‍ന്ന്‌ മലിനമായ ആ മുലപ്പാല്‍
ഒരു മഹാപ്രളയമായി കേരളത്തിലേക്ക്‌ ഒഴുകിയെത്തി നമ്മെ
വിഴുങ്ങിക്കളയുമോ?

ലേഖനത്തിന്‍റെ പൂര്‍ണരൂപം

Friday, July 18, 2008

വിനോദം മരണത്തിലേക്ക്‌

എന്റെ കൈകാലുകളില്‍ നിന്ന്‌ ആ വിറയല്‍ ഇപ്പോഴും മാറിയിട്ടില്ല.
അരിപ്പാറയിലെ വെള്ളച്ചാട്ടം കൊണ്ടുപോകാന്‍ ശ്രമിച്ച മൂന്നു കൂട്ടുകാരെ
തിരിച്ചു കിട്ടിയ നിമിഷം.

ഒരവധിക്കാലത്ത്‌ ആ സൗന്ദര്യം തേടിച്ചെന്ന ഞാനും എന്റെ കൂട്ടുകാരും
ഭാഗ്യം കൊണ്ട്‌ മാത്രം മരണ മുഖത്തു നിന്ന്‌ രക്ഷപ്പെടുകയായിരുന്നു.
തൊട്ടടുത്ത ദിവസങ്ങളില്‍ അവിടെ നടന്ന രണ്ട്‌ മരണങ്ങളാണ്‌
മറക്കാന്‍ ശ്രമിക്കുന്ന ആ ഓര്‍മകളുടെ ഞെട്ടല്‍ വീണ്ടും മനസ്സിലേക്ക്‌ കൊണ്ടു വരുന്നത്‌.

ഇപ്പോള്‍, പ്രൃതിയുടെ വശ്യതയും വന്യതയും നിറഞ്ഞു നില്‍ക്കുന്ന ആ
കാഴ്‌ചകളിലേക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിരോധിച്ചിരിക്കുകയാണ്‌.
വെള്ളച്ചാട്ടത്തില്‍ അപകടം പതിവായതു തന്നെ കാരണം.

മലകളില്‍ നിന്നിറങ്ങി, കുതിച്ചു ചാടി വരുന്ന ഏതൊരു വെള്ളച്ചാട്ടവും സൗന്ദര്യം
മാത്രമല്ല, അപകടം കൂടി ഉള്ളിലൊളിപ്പിച്ചു വെച്ചിരിക്കും -യക്ഷിയെപ്പോലെ.

പാല്‍നുര ചിതറി, അഴകളവുകള്‍ പ്രദര്‍ശിപ്പിച്ച്‌, പൊട്ടിച്ചിരിയുടെ
കളംകളം മുഴക്കി അത്‌ നമ്മെ പ്രലോഭിപ്പിക്കും. മരണത്തിലേക്ക്‌
വലിച്ചടുപ്പിച്ചു കൊണ്ടിരിക്കും. പക്ഷേ, അതിന്റെ ദംഷ്‌ട്രകളില്‍
പെട്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്‌ നമ്മള്‍ തന്നെയാണ്‌.
ദൂരെ നിന്നു കാണേണ്ടത്‌ ദൂരെ നിന്നേ കാണാവൂ.. അല്ലെങ്കിലും അടുത്തു
ചെല്ലുമ്പോഴാണല്ലോ പലതിന്റേയും തനിനിറം നാം കാണുന്നത്‌.
നല്ലൊരു സൗഹൃദത്തിനു പോലും ചിലപ്പോള്‍ ഇങ്ങിനൊയൊരു
ദുര്യോഗം സംഭവിക്കുന്നത്‌ അനുഭവിച്ചിട്ടില്ലേ...?

രണ്ടോ മൂന്നോ ആഴ്‌ച മുമ്പാണ്‌ മാങ്കാവില്‍ നിന്നെത്തിയ
ഒരു സഹോദരന്‍ അവളുടെ ചതിയില്‍ പെട്ടത്‌. ഇപ്പോള്‍ ചെറൂപ്പ
കുറ്റിക്കടവിലെ മറ്റൊരു യുവാവും. ഈ കുറിപ്പെഴുതുമ്പോഴും
ഇവരിലൊരാളുടെ ശരീരം കണ്ടെത്താനായിട്ടില്ല.

കോഴിക്കോട്‌ ജില്ലയില്‍ മലയോര മേഖലയായ ആനക്കാംപൊയിലിന്‌
സമീപമാണ്‌ കണ്ണിനും കരളിനും കുളിര്‌ പകരുന്ന അരിപ്പാറ വെള്ളച്ചാട്ടം.
അടുത്തിടെ മാത്രമാണ്‌ ഈ കേന്ദ്രം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തുടങ്ങിയത്‌.
പഞ്ചായത്ത്‌ അധികൃതര്‍ വികസന പ്രവര്‍ത്തനങ്ങളിലൂടെ ഇവിടേക്ക്‌
കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ്‌.
പക്ഷേ, ദിനേന എത്തിക്കൊണ്ടിരിക്കുന്ന സഞ്ചാരികളുടെ സുരക്ഷയ്‌ക്ക്‌
ആവശ്യമായ യാതൊന്നും ചെയ്‌തുവെച്ചിട്ടില്ലെന്നതാണ്‌ സത്യം.
ഇപ്പോള്‍ സുരക്ഷയുടെ പേരിലാണ്‌ ജില്ലാ ഭരണകൂടം ഇവിടെ
സഞ്ചാരികള്‍ക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയതും.

പരിസരത്തെ ഗ്രാമീണരില്‍ ചിലര്‍ക്ക്‌ സഞ്ചാരികളുടെ വരവും പോക്കും
നല്ല വരുമാന മാര്‍ഗ്ഗമായിരുന്നു. സഞ്ചാരികള്‍ക്ക്‌ ഏറ്റവും രുചിയേറിയ,
ഗാര്‍ഹിക ഭക്ഷണമൊരുക്കിക്കൊടുക്കാന്‍ മലഞ്ചെരിവുകളിലെ വീട്ടുകാരുണ്ട്‌.
അധികൃതരുടെ ഉദാസീന നയങ്ങള്‍ മൂലമോ സഞ്ചാരികളുടെ
അനവധാനത മൂലമോ ഒക്കെ ഇല്ലാതാകുകയാണ്‌.

പലപ്പോഴും മദ്യക്കുപ്പികളുമായെത്തുന്ന സഞ്ചാരികള്‍ ഈ
വെള്ളക്കെട്ടുകളെ മലിനമാക്കുന്നു. കുടിച്ചു ലക്കുകെട്ടവര്‍ ഗ്രാമീണരായ
പെണ്ണുങ്ങളെ ശല്യം ചെയ്യുന്നതായും ഇടക്ക്‌ പരാതിയുണ്ടായിരുന്നു.
ഇതിനെതിരെ നാട്ടുകാര്‍ പഞ്ചായത്ത്‌ അധികൃതര്‍ക്കും പോലീസിലും
പരാതി നല്‍കിയാതി പത്രത്തില്‍ വാര്‍ത്ത വന്നു.

അരിപ്പാറയിലേക്ക്‌ പോകുന്നവര്‍ ശ്രദ്ധിക്കുക -പ്രകൃതിയുടെ
ഈ സൗന്ദര്യ സങ്കേതം അതേ പടി നിലനിര്‍ത്തുകക.
അതിന്റെ ചാരിത്ര്യം കവര്‍ന്നെടുക്കരുത്‌. ഒപ്പം ദംഷ്‌ട്രകള്‍ ഉള്ളിലൊളിപ്പിച്ച്‌,
പൊട്ടിച്ചിരിച്ചു കുതിച്ചു ചാടി വരുന്ന ആ സൗന്ദര്യത്തില്‍ മതി മറന്ന്‌
മരണത്തിലേക്ക്‌ സ്വയം കടന്നു ചെല്ലാതിരിക്കുക ---

Saturday, July 12, 2008

മരണമില്ലാത്ത പ്രണയം

എത്ര താജ്‌മഹലുകള്‍ തീര്‍ക്കും
നാം ഈ പ്രണയത്തിന്‌?


ബി.പി. മൊയ്‌തീനെ ആദ്യമായി കാണുമ്പോള്‍ അദ്ദേഹത്തോടൊപ്പം ഒരു കരിങ്കുരങ്ങുണ്ടായിരുന്നു. ഓമനത്വമുള്ള ഒരു കുട്ടിക്കുരങ്ങ്‌. ചീനിയുടെ ചുവട്ടില്‍ വെച്ചാണ്‌ ആദ്യം ആ കാഴ്‌ച കാണുന്നത്‌. രാവിലെ സ്‌കൂളിലേക്ക്‌ പോകുകയായിരുന്നു ഞാന്‍.
പുല്‍പറമ്പ്‌ കഴിഞ്ഞ്‌ കൊടിയത്തൂരിലേക്ക്‌ പോകുന്ന തെയ്യത്തിന്‍ കടവിലേക്ക്‌ തിരിയുന്നേടത്താണ്‌ ചീനി. ബസ്‌ കാത്തു നില്‍ക്കുന്നവര്‍ക്കും വഴിയാത്രക്കാര്‍ക്കും വിശാലമയ തണലൊരുക്കി നില്‍ക്കുന്ന ചീനിയുടെ ചുവട്ടില്‍
വെള്ളാരങ്കണ്ണുകളുള്ള ആ വലിയ മനുഷ്യന്‍ നില്‍ക്കുമ്പോള്‍
ചുമലിലായിരുന്നു ആ കരിങ്കുരങ്ങ്‌.
ക്ലാസില്‍ ചെന്നപ്പോള്‍ റഫീഖ്‌ പറഞ്ഞു: അതാണ്‌ ബി.പി മൊയ്‌തീന്‍.
ആ കുരങ്ങിന്റെ പേര്‌ സീതയാണെന്നും. പെണ്ണു കെട്ടാത്ത മൊയ്‌തീന്റെ കൂടെ എപ്പോഴും സീതയുണ്ടാകുമെന്ന്‌ മുതിര്‍ന്നവര്‍ പറഞ്ഞു കേട്ട വലിയൊരു വിവരവും അവന്‍ പറഞ്ഞു തന്നു.
റഫീഖ്‌ മുക്കത്തുകാരനാണ്‌. സിനിമാളിലെ മമ്മദാജിയുടെ മകന്‍. (വയലില്‍ എന്നാണ്‌ അവരുടെ ശരിക്കുള്ള വീട്ടുപേര്‌.
പണ്ട്‌, സിനിമാ ടാക്കീസ്‌ ഉണ്ടായിരുന്ന സ്ഥലത്ത്‌
വീടു വെച്ചപ്പോള്‍ അവരുടെ വീട്ടു പേര്‌ സിനിമാളെന്നായി).
മുക്കത്തുകാരനായ ബി.പി. മൊയ്‌തീനെക്കുറിച്ച്‌ പിന്നെയും
അവന്‍ ഇടക്കു പറഞ്ഞു തരും. സിനിമാക്കാരുമായുള്ള ബന്ധം. ജയന്‍ നായകനായ അഭിനയം സിനിമ നിര്‍മിച്ച കഥ.
എല്ലാ സിനിമയും കണ്ട്‌ അതിന്റെ കഥകള്‍
വള്ളിയും പുള്ളിയും പോകാതെ പറഞ്ഞു തരാന്‍ റഫീഖ്‌ മിടുക്കനായിരുന്നു. അഭിനയത്തിന്റെ ഷൂട്ടിംഗിന്‌ കട്ടാങ്ങലും പരിസരത്തും വന്നപ്പോഴാണ്‌ റഫീഖ്‌ ജയനെ കാണുന്നത്‌. അതിനൊക്കെ കഴിവുള്ള വലിയ ഒരാളായി ബി.പി. മൊയ്‌തീന്‍ എന്റെ കുഞ്ഞു മനസ്സിലും കുടിയേറി.

എന്നാലും ചീനിയുടെ ചോട്ടില്‍ സീതയോടൊപ്പം കണ്ട മൊയ്‌തീനായിരുന്നു എന്റെ മനസ്സില്‍. പിന്നെ മൊയ്‌തീനെ കാണുമ്പോഴൊക്കെ ആദരപൂര്‍വം നോക്കി നിന്നിട്ടുണ്ട്‌. ആ വെള്ളാരങ്കണ്ണുകളില്‍ എപ്പോഴും സ്‌നേഹം തുളുമ്പി നില്‍ക്കുകയാണെന്ന്‌ തോന്നിയിട്ടുണ്ട്‌.
ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമായിരുന്നു അത്‌. അന്നു പക്ഷേ, മൊയ്‌തീനും കാഞ്ചനേടത്തിയും തമ്മിലുള്ള
പ്രണയത്തെ കുറിച്ച്‌ റഫീഖിന്‌ അറിയാമായിരുന്നോ എന്നെനിക്കറിയില്ല. അവന്‍ അതേക്കുറിച്ച്‌ ഒന്നും പറഞ്ഞതായി ഓര്‍മയില്ല. പ്രണയത്തെക്കുറിച്ചൊക്കെ ഞങ്ങള്‍ ഏഴാം ക്ലാസുകാര്‍ ഇടക്കിടെ ചര്‍ച്ച ചെയ്‌തിരുന്നതാണല്ലോ. സ്ഥലത്തെ പോസ്റ്റുമാനും ജാനുവും തമ്മിലുള്ള പ്രണയം അങ്ങാടിപ്പാട്ടായിരുന്നുവല്ലോ. പോസ്റ്റ്‌ ഓഫീസിന്റെ ചുമരില്‍ ജാനു ഹ..ഹ..ഹ... എന്ന്‌ കരിക്കട്ട കൊണ്ട്‌ എഴുതിവെച്ചത്‌ ക്ലാസില്‍ നിന്ന്‌ പുറത്തു വിടുമ്പോഴും ഉച്ചക്ക്‌ വിടുമ്പോഴും ഞങ്ങള്‍ പോയി വായിച്ച്‌, നാണിച്ച്‌ ചിരിച്ചിരുന്നുവല്ലോ. കുഞ്ഞമ്മദ്‌ കാക്കയുടെ മകള്‍ സുന്ദരിയായ സുബൈദയോട്‌ സ്‌കൂളിന്റെ ഇടവഴിയില്‍നിന്ന്‌ ചായക്കടക്കാരന്‍ അസീസ്‌ വര്‍ത്തമാനം പറയുമ്പോള്‍ അവര്‌ തമ്മില്‍ പ്രേമമാണെന്ന്‌ ഞങ്ങള്‍ കുട്ടികള്‍ പിറുപിറുത്തിരുന്നുവല്ലോ. ലൈലയുടേയും അസ്‌മാബിയുടേയുമൊക്കെ പേര്‌ പറഞ്ഞ്‌ എന്നെ റഫീഖും ശംസുവും ശരീഫുമൊക്കെ കളിയാക്കിയിരുന്നതും അങ്ങിനെയുള്ള ഏതോ ചിന്തയുടെ പേരിലായിരുന്നില്ലേ?

പക്ഷേ, മൊയ്‌തീനെയും കാഞ്ചനേട്‌ത്തിയേയും പറ്റി റഫീഖ്‌ ഒന്നും പറഞ്ഞതോര്‍മയില്ല. മൊയ്‌തീനെ പിന്നെ ഇരുവഴിഞ്ഞി കൊണ്ടു പോയി. അപ്പോഴേക്കും ഞാന്‍ ഹൈസ്‌കൂള്‍ പഠനത്തിന്‌ വാടാനപ്പള്ളിയിലെ യതീംഖാനയിലെത്തിയിരുന്നു.
നന്നായി മഴപെയ്‌ത ഒരു രാവിലെ ഓര്‍ഫനേജിന്റെ ലൈബ്രറിയില്‍, പത്രങ്ങള്‍ വായിക്കാന്‍ ചെന്നപ്പോഴാണ്‌ കറുപ്പില്‍ വെള്ള അക്ഷരങ്ങള്‍ നിരത്തിയ ആ വാര്‍ത്ത കണ്ടത്‌. ഇരുവഴിഞ്ഞിപ്പുഴയില്‍ തോണി ദുരന്തം. തെയ്യത്തിന്‍ കടവില്‍ തോണി മറിഞ്ഞ്‌ മൂന്ന്‌ പേര്‍ മരിച്ചിരിക്കുന്നു. ദൈവമേ, ഇതെന്റെ പുഴയാണല്ലോ. ഞാന്‍ കൊടിയത്തൂരില്‍ അമ്മായിയുടേയും എളേമയുടേയും വീട്ടില്‍ പോകുന്നത്‌ ഈ കടത്ത്‌ വഴിയാണ്‌.
വെള്ളരിമലയില്‍ ഉരുള്‍പൊട്ടി, കൂലംകുത്തിയൊഴുകിയ പുഴയില്‍ നിറയെ യാത്രക്കാരുമായി മറുകരക്ക്‌ നീങ്ങിയ കൊച്ചു തോണി മറിഞ്ഞു. ഒരുപാട്‌ പേരെ, ജീവിതത്തിന്റെ കരയിലേക്ക്‌ കൊണ്ടു വന്ന മൊയ്‌തീന്‍ പക്ഷേ, കയങ്ങളിലേക്ക്‌ താണുപോയി. ഉള്ളാട്ടില്‍ ഉസ്സന്‍ കുട്ടിയാണ്‌ മരിച്ചു പോയ മറ്റൊരാള്‍. അന്ന്‌ പുഴ കൊണ്ടുപോയ അംജത്‌ മോനെ ഇന്നോളം തിരിച്ചു കിട്ടിയിട്ടില്ല.
മൊയ്‌തീനു വേണമെങ്കില്‍ സ്വയം നീന്തിക്കയറാമായിരുന്നു.
ആരോ എറിഞ്ഞു കൊടുത്ത കയറില്‍ പിടിക്കാന്‍ ില്‍ക്കാതെ
മറ്റുള്ളവരെ നോക്കിക്കൊള്ളാനായിരുന്നുവത്രെ അദ്ദേഹം അലറിയത്‌. കലങ്ങി മറിഞ്ഞ്‌, കൂലം കുത്തിയൊഴുകിയ ആ മലവെള്ളത്തില്‍ ഏറെ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ മൊയ്‌തീന്‍ തോറ്റുകൊടുത്തു. മൊയ്‌തീന്‍ പോയി. വാര്‍ത്ത വായിച്ചപ്പോള്‍ ഞാന്‍ മൊയ്‌തീനെക്കുറിച്ചും സീതയെക്കുറിച്ചും ഓര്‍ത്തു. കാഞ്ചനേട്‌ത്തി എന്റെ ചിത്രത്തിലെവിടയുമില്ലായിരുന്നു.
ഇടവപ്പാതി തകര്‍ത്തു പെയ്‌ത ഒരു പ്രഭാതത്തിലായിരുന്നു അത്‌.

പിന്നീട്‌ വെളുത്ത വസ്‌ത്രത്തില്‍ കാഞ്ചനേടത്തിയെ കണ്ടപ്പോള്‍ ആരോ പറഞ്ഞു, അത്‌ മൊയ്‌തീന്റെ വിധവയാണെന്ന്‌. മൊയ്‌തീന്‍ പെണ്ണുകെട്ടിയിട്ടില്ലെന്നാണ്‌ എന്റെ അറിവ്‌. ഇരുവരും തമ്മില്‍ പ്രേമത്തിലായിരുന്നുവെന്നും കെട്ടാന്‍ വീട്ടുകാര്‍ സമ്മതിച്ചില്ലെന്നും മൊയ്‌തീന്‍ കെട്ടാത്ത മൊയ്‌തീന്റെ വിധവയാണ്‌ കാഞ്ചനേട്‌ത്തിയെന്നും മനസ്സിലായത്‌ പിന്നെയാണ്‌. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ എന്‍. മോഹനന്‍ മൊയ്‌തീന്‍ എന്ന കഥയെഴുതുന്നത്‌.
അക്കഥയില്‍ കാഞ്ചനേട്‌ത്തിയുടെ പേര്‌ വേറെയായിരുന്നു. മൊയ്‌തീനും കാഞ്ചനേടത്തിയും തമ്മിലുള്ള പ്രണയത്തിന്റെ ആഴം ഞാനറിയുന്നത്‌ ആ കഥയില്‍നിന്നാണ്‌. ഒരു പുഴയും, ഒരു കടലും അത്ര ആഴത്തിലൊഴുകുന്നില്ലെന്ന്‌ ഞാനറിയുന്നതും അപ്പോഴാണ്‌. തന്നേക്കാള്‍ ആഴത്തിലൊഴുകുന്ന പ്രണയപ്പുഴയോടുള്ള പകയാണോ ഇരുവഴിഞ്ഞി മൊയ്‌തീനോടും കാഞ്ചനയോടും തീര്‍ത്തത്‌?
ജീവിച്ചിരിക്കുന്ന കാഞ്ചനേടത്തിയുടെ നന്മ വിചാരിച്ചാകും മോഹന്‍ കഥയില്‍ അവരുടെ പേര്‌ ചേര്‍ക്കാതിരുന്നത്‌. ഇപ്പോള്‍ മൊയ്‌തീനും കാഞ്ചനേടത്തിയും തമ്മിലുള്ള അനശ്വര പ്രണയം പലപ്പോഴായി മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നു. ആദ്യം `വനിത' യില്‍. പിന്നെ ജയ്ഹിന്ദ് ടെലിവിഷന്‍ ചാനലിലെ സുപ്രിം സാക്രിഫൈസ്‌ എന്ന മഹാത്യാഗത്തിന്റെ എപ്പിസോഡില്‍. ഇപ്പോള്‍ സമകാലിക മലയാളം വാരികയില്‍.
എത്ര എഴുതിയാലും എത്ര ക്യാമറകള്‍ പകര്‍ത്തിയാലും ആ പ്രണയകഥയുടെ തീവ്രത നമുക്ക്‌ അനുഭവിക്കാന്‍ കഴിയില്ല.
ഇതുപോലൊരു പ്രണയം ലോകത്തെവിടെയെങ്കിലും ആരെങ്കിലും അനുഭവിച്ചിട്ടുണ്ടാകുമോ? പ്രണയത്തിനുവേണ്ടി മൊയ്‌തീന്‍ പിതാവിന്റെ
കത്തിക്കുത്തിന്‌ പാത്രമായി. വീട്ടില്‍ നിന്ന്‌ പുറത്തായി. കാഞ്ചനേട്‌ത്തി വീട്ടുതടങ്കലിലായി.
മൊയ്‌തീന്‍ പോയപ്പോള്‍ പിന്നാലെ പോകാന്‍ കാഞ്ചനേടത്തി പലവട്ടം പുറപ്പെട്ടതാണ്‌. ഉറക്ക ഗുളികള്‍ കഴിച്ചു നോക്കി. ഇരുവഴിഞ്ഞിപ്പുഴയില്‍ ചാടി നോക്കി. വേറെയും പല മാര്‍ഗ്ഗങ്ങള്‍ നോക്കി. വീട്ടുകാരും ബന്ധുക്കളും കാവല്‍ നിന്ന്‌ ആ ജീവന്‍ കാത്തു. ദിവസങ്ങളോളം അന്നപാനീയങ്ങള്‍ വെടിഞ്ഞ്‌ സ്വയം ഒടുങ്ങാന്‍ തീരുമാനിച്ച കാഞ്ചനേടത്തി ഒരിറ്റു വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചവരോട്‌ പറഞ്ഞു, എനിക്ക്‌ ഇരുവഴിഞ്ഞിപ്പുഴയിലെ വെള്ളം വേണം. മൊയ്‌തീന്‍ കുടിച്ചു മരിച്ച വെള്ളം. ജീവിതത്തിലേക്ക്‌ തിരിച്ചു വരാനല്ല, കലങ്ങി മറിഞ്ഞ ആ വെള്ളം കുടിച്ച്‌ സ്വയം ഇല്ലാതാകാന്‍ സാധിച്ചാലോ എന്നായിരുന്നുവത്രെ ചിന്ത.
ബന്ധുക്കള്‍ ആരോ കുപ്പിയിലാക്കി കൊണ്ടു വന്ന ആ വെള്ളം കുടിച്ചാണ്‌ പക്ഷേ, അവര്‍ ജീവിതത്തിലേക്ക്‌ തിരിച്ചു വന്നത്‌.
മറ്റൊരു വിവാഹത്തിനില്ലെന്ന വ്യവസ്ഥയില്‍, മൊയ്‌തീന്റെ വിധവയായി, വെളുത്ത വസ്‌ത്രത്തിലേക്കാണ്‌ അവരുടെ ജീവന്‍ മടങ്ങി വന്നത്‌. അങ്ങിനെ അവര്‍ മൊയ്‌തീന്റെ വിധവയായി. ഉറക്ക ഗുളികകളിലോ ഇരുവഴിഞ്ഞിപ്പുഴയിലോ നിരാഹാരത്തിന്റെ കാഠിന്യത്തിലോ കാഞ്ചനേടത്തിയുടെ ജീവിതം അവാസിനിച്ചു പോയിരുന്നുവെങ്കില്‍ മൊയ്‌തീനും കാഞ്ചനേടത്തിയും തമ്മിലുള്ള പ്രണയം ഒരു സാധാരണ പ്രണയമായി ഒടുങ്ങിപ്പോയോനെ...

മൊയ്‌തീന്റെ ഉമ്മ പാത്തുമ്മത്താത്ത വന്ന്‌ അവരെ കൊണ്ടുപോയി. മൊയ്‌തീന്റെ പേരില്‍ സേവാമന്ദിരവും സാമൂഹിക പ്രവര്‍ത്തനവുമായി അവര്‍ ജീവിച്ചു. ഇന്നും ജീവിക്കുന്നു, ചില്ലിട്ടുവെച്ച മൊയ്‌തീന്റെ ഛായാ ചിത്രത്തിനു കീഴെ ഏകാകിനിയായി. ഇന്നോളം ഒരു പെണ്ണും കടന്നുപോയിട്ടില്ലാത്ത പ്രണയ വഴിത്താരയില്‍ തീര്‍ത്തും ഏകാന്ത പഥികയായി. മുക്കത്ത്‌ ശരീരം മാത്രമുള്ള, കുറേ മനുഷ്യരുണ്ടായിരുന്നു.
വേലായുധനും അസൈന്‍ കുട്ടിയും അബുവും.. അങ്ങിനെ കുറേ പേര്‍. ഉറപ്പുള്ള മനസ്സില്ലാത്തവര്‍. ബുദ്ധിയുള്ളവര്‍ക്ക്‌ അവര്‍ ഭ്രാന്തന്മാരാണ്‌. കല്ലെറിഞ്ഞും കളിയാക്കിയും പാട്ടുപാടിച്ചും ബുദ്ധിമാന്‍മാര്‍ക്ക്‌ നേരം കളയാനുള്ളവര്‍. ബീഡിക്കുറ്റികള്‍ പെറുക്കി വലിച്ചു നടക്കുന്ന അവരെ കണ്ടാല്‍ ബുദ്ധിയുള്ളവര്‍ അറപ്പോടെ മാറി നില്‍ക്കും.
അവരെ മനുഷ്യ ജീവികളായി കണ്ടിരുന്നത്‌ പാത്തുമ്മത്താത്ത മാത്രമായിരുന്നു. കുളിപ്പിച്ചും ഭക്ഷണം വിളമ്പി കൊടുത്തും വസ്‌ത്രം കഴുകിക്കൊടുത്തും അവരെ പരിപാലിച്ചത്‌ ആ ഉമ്മ മാത്രമാണ്‌. ആ ഉമ്മയ്‌ക്കേ, ജാതിയും മതവും നോക്കാതെ, മരിച്ചു പോയ തന്റെ മകന്റെ ഭാര്യയായി കാഞ്ചനേട്‌ത്തിയെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടു വരാന്‍ സാധിക്കൂ. അങ്ങിനെ മകന്‍ കെട്ടാത്ത പെണ്ണിന്റെ അമ്മായി അമ്മയായി, അമ്മയായി പാത്തുമ്മത്താത്ത കാഞ്ചനേട്‌ത്തിയെ സ്‌നേഹിച്ചു.
കെട്ടാത്ത പുരുഷന്റെ പെണ്ണായി അവരോടൊപ്പം കാഞ്ചനേടത്തി ജീവിച്ചു. അങ്ങിനെ ജീവിയ്‌ക്കാന്‍ ഞങ്ങളുടെ കാഞ്ചനേടത്തിക്കേ കഴിയൂ.
വെറുതെ, ദുഃഖത്തിന്റെ മൂടുപടത്തിനകത്ത്‌ ജീവിതം തുലച്ചു കളയാതെ നാട്ടിലെ അശരണര്‍ക്കും അബലകളായ പെണ്ണുങ്ങള്‍ക്കും അവര്‍ ആശ്രയമായി. മുക്കത്തെ ബി.പി മൊയ്‌തീന്‍ സേവാ മന്ദിരം അത്തരക്കാരുടെ അഭയ കേന്ദ്രമയി.
ഇതാണ്‌ പ്രണയം. ഇതു മാത്രമാണ്‌ പ്രണയം. അനുരാഗം മാംസനിബദ്ധമല്ല തന്നെ, തീര്‍ച്ച. കാഞ്ചനേടത്തി ജീവിക്കുമ്പോഴെങ്കിലും
മറിച്ചു പറഞ്ഞാല്‍ ഞങ്ങള്‍ സമ്മതിച്ചു തരില്ല.

നാടന്‍ പ്രേമത്തിന്റെ നാട്ടില്‍ വളര്‍ന്നു പന്തലിച്ച ഈ അനശ്വര പ്രണയത്തിന്‌ ഏത്‌ സ്‌മാരകം
തീര്‍ക്കും നമ്മള്‍?

എത്ര താജ്‌മഹലുകള്‍ പണിതാല്‍ ഈ പ്രണയത്തിന്‌ സ്‌മാരകമാകും?

Monday, July 7, 2008

പാട്ടുകള്‍ വന്ന വഴികള്‍; പാട്ടുകാരും

പ്രശസ്ത സംഗീത നിരൂപകനും ഗവേഷകനുമായ രവി മേനോന്‍റെ എങ്ങിനെ നീ മറക്കും എന്ന ഗ്രന്ഥത്തിന്‍റെ ആസ്വാദനം.
പി.ഡി.എഫ് കോപ്പി ഇവിടെവായിക്കാം.


പാട്ടു പാടിയുറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ...
പാട്ടു കേട്ട്‌ നീയുറങ്ങെന്‍ കരളിന്റെ കാതലേ.....

അര നൂറ്റാണ്ടോളം പഴക്കമുണ്ടെങ്കിലും ഇന്നും കുഞ്ഞുങ്ങളെ
പാടിയുറക്കുന്ന അമ്മമാരുടെ ചുണ്ടിലൂറി വരുന്ന പാട്ടാണിത്‌.
സീത എന്ന ചിത്രത്തില്‍ അഭയദേവ്‌ രചിച്ച്‌ ദക്ഷിണാമൂര്‍ത്തി
സംഗീതം പകര്‍ന്ന ഈ പാട്ട്‌ പി. സുശീലയുടെ സ്വരമാധുരിയിലാണ്‌
മലയാളികളുടെ ഹൃദയത്തിലേക്ക്‌ ഒഴുകിയത്‌.
തലമുറകളില്‍ നിന്ന്‌ തലമുറകളിലേക്ക്‌ പകര്‍ന്നു പോരുന്ന
സുന്ദരമായ ഈ താരാട്ട്‌ കേട്ടുറങ്ങാത്ത കുഞ്ഞുങ്ങളുണ്ടാകില്ല.

പക്ഷേ, ആ പാട്ടു പാടി മലയാളത്തെ മയക്കിയ പാട്ടുകാരി
ആ പാട്ടിന്‌ ജന്മം കൊടുക്കാന്‍ അനുഭവിച്ച ത്യാഗം എത്ര പേര്‍ക്കറിയാം?
ആന്ധ്രക്കാരിയായ സുശീലക്ക്‌ ഒരു നിലയ്‌ക്കും വഴങ്ങാത്ത
ഭാഷയായിരുന്നു മലയാളം. പി. ലീലക്കു വേണ്ടി
ചിട്ടപ്പെടുത്തിയതായിരുന്നു ശരിക്കും സീതയിലെ ആ പാട്ട്‌.
യാദൃച്ഛികമായാണ്‌ സുശീല പാടാനെത്തുന്നത്‌.
സ്വാഭാവികമായും ഭാഷ അതി കഠിനമായി വന്നു.
ന എന്ന അക്ഷരമാണ്‌ ഏറ്റവും പ്രശ്‌നമായത്‌.
രണ്ടു തരത്തിലാണ്‌ മലയാളത്തില്‍ ന ഉച്ചരിക്കുന്നത്‌.
പല്ലു കൊണ്ട്‌ നാക്കിന്റെ കീഴെ സ്‌പര്‍ശിച്ച്‌ ന പരിശീലിക്കാനായിരുന്നു
ദക്ഷിണാമൂര്‍ത്തി സ്വാമയുടെ നിര്‍ദേശം.
ന പരിശീലിച്ച്‌ നാവു മുറിഞ്ഞ്‌ ആ മറുനാട്ടുകാരിയുടെ
നാവില്‍ ചോര പൊടിഞ്ഞു. അങ്ങിനെ കഷ്‌ടപ്പെട്ട്‌ ഉച്ചാരണം
പഠിച്ച്‌ സശീല പാടി ആ പാട്ട്‌ എത്ര കുഞ്ഞുങ്ങള്‍ക്കാണ്‌ ഉറക്കുപാട്ടായത്‌!

ഈ പാട്ടും പാട്ടുകാരിയും കടന്നുവന്ന വഴികളെക്കുറിച്ച്‌
നമുക്ക്‌ പറഞ്ഞു തരുന്നത്‌ രവിമേനോനാണ്‌. ഗാനഗവേഷകന്‍
എന്ന നിലയിലും അവതാരകന്‍ എന്ന നിലയിലും ശ്രദ്ധേയനായ
രവിമേനോന്റെ എങ്ങിനെ നാം മറക്കും എന്ന പുസ്‌തകം
സംഗീതാസ്വാദര്‍ക്ക്‌ അങ്ങിനെ വലിയ മുതല്‍ക്കൂട്ടാകുന്നു.
നാം നെഞ്ചേറ്റിയ പാട്ടുകളെക്കുറിച്ചും ആ പാട്ടുകളിലൂടെ
നാം നെഞ്ചേറ്റുന്ന പാട്ടുകാരെക്കുറിച്ചും നാം കൂടുതല്‍ അറിയുന്നൂ
ഒലിവ്‌ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിലൂടെ.
നാദം, ഗാനം, ഈണം എന്നിങ്ങിനെ മൂന്ന്‌ ഭാഗങ്ങളിലായി
25 ലേഖനങ്ങളാണ്‌ പുസ്‌തകത്തില്‍ ചേര്‍ത്തിരിക്കുന്നത്‌.

നാദം എന്ന വിഭാഗത്തില്‍ ഗായകരേയും ഗാനം എന്ന വിഭാഗത്തില്‍
കവികളേയും ഈണം എന്ന വിഭാഗത്തില്‍ സംഗീത
സംവിധായകരേയും അവതരിപ്പിക്കുന്നു.
യേശുദാസ്‌, ജയചന്ദ്രന്‍, ഉദയഭാനു, പി. ലീല, കോഴിക്കോട്‌ അബ്‌ദുല്‍ ഖാദര്‍,
എസ്‌. ജാനകി, വാണി ജയറാം, ചിത്ര, സുജാത, വേണുഗോപാല്‍, ബ്രഹ്മാനന്ദന്‍,
എല്‍.ആര്‍. ഈശ്വരി തുടങ്ങിയ ഗായകരും ഒ.എന്‍.വി, ശ്രകുമാരന്‍ തമ്പി,
യൂസുഫലി, പൂവച്ചല്‍ ഖാദര്‍ തുടങ്ങിയ ഗാനരചയിതാക്കളും
ബാബുരാജ്‌, ദേവരാജന്‍, രാഘവന്‍, സലീല്‍ ചൗധരി, ആര്‍.കെ. ശേഖര്‍,
അര്‍ജുനന്‍, ജെറി അമല്‍ദേവ്‌, പുകഴേന്തി തുടങ്ങിയ
സംഗീത സംവിധായകരുമാണ്‌ പുസ്‌തകത്തില്‍ വരുന്നത്‌.

ഗാന സാഹിത്യത്തെക്കുറിച്ചും സംഗീത സംവിധാനത്തെക്കുറിച്ചും
ആലാപന ശൈലികളെക്കുറിച്ചും നല്ലതുപോലെ പഠനം
നടത്തിയതിനുശേഷമേ രവിമേനോന്‍ തന്റെ അഭിപ്രായങ്ങള്‍
രേഖപ്പെടുത്തുകയുള്ളൂവെന്നും പ്രശസ്‌ത സംവിധായകനും
ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി പുസ്‌തകത്തിന്റെ
അവതാരികയില്‍ പറയുന്നു.
പല പാട്ടുകളുടേയും പിറവി, രചനയായാലും ആലാപനമായാലും ]
സംഗീതമായാലും വരുന്ന വഴികള്‍ ഗാനാസ്വാദകരെ ശരിക്കും
അല്‍ഭുതപ്പെടുത്തുന്നു. കൃതഹസ്‌തനായ ഒരു പത്രപ്രവര്‍ത്തകന്റെ
കൈത്തഴക്കം രവിമേനോന്റെ എഴുത്തിനെ കൂടുതല്‍ ഹൃദ്യമാക്കുന്നു.
നാടകീയമായ അവതരണ ശൈലി വായനയുടെ
ആകാംക്ഷ നിലനിര്‍ത്താനും വായന അതിവേഗം
മുന്നോട്ടുകൊണ്ടുപോകാനും ഹായകമാണ്‌. 1963ല്‍ കടുത്ത
ആസ്‌തമയുടെ പിടിയിലായ ശേഷം അതിനു മുമ്പ്‌ പാടിയ
പോലെ പാടാന്‍ സാധിച്ചിട്ടില്ല ജാനകിക്ക്‌. പാട്ടുകാരിക്ക്‌
ശ്വാസ തടസ്സം വന്നാലുള്ള അവസ്ഥ നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ.
ഇതിനു പുറമെയാണ്‌ ഇസ്‌കിമിയ എന്ന ഹൃദ്രോഗവും അവരെ കീഴടക്കുന്നത്‌.
പെന്‍സുലിന്‍ കുത്തി വെച്ച്‌ മരണം മുഖാമുഖം കണ്ട്‌ നാളുകള്‍.
ഈ തളര്‍ച്ച അതിജീവിച്ചാണ്‌ അവര്‍ സൂര്യകാന്തിയും
താമരക്കുമ്പിളല്ലോ മമ ഹൃദയവും പൊട്ടിത്തകര്‍ക്ക കിനാവും
തുഷാര ബിന്ദുക്കളും ആലപിച്ചത്‌. ഇനി ഈ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍
മനസ്സില്‍ പുതിയൊരു വിങ്ങല്‍ കൂടി ഉണ്ടാക്കാന്‍ രവിമേനോന്റെ
വെളിപ്പെടുത്തലുകള്‍ ആസ്വാദകനെ നിര്‍ബന്ധിതനാക്കുന്നു.
പനിക്കിടക്കയില്‍ നിന്ന്‌ എണീറ്റുപോയാണ്‌ ഉണരൂ വേഗം നീ,
മാനസ മണിവേണുവില്‍, മുകിലേ... തുടങ്ങിയ പാട്ടുകള്‍ ജാനകി
മലയാളികള്‍ക്ക്‌ സമ്മാനിച്ചത്‌.

ഉമ്മയിലെ പാലാണ്‌ തേനാണെന്‍ ഖല്‍ബിലെ പൈങ്കിളിക്ക്‌,
എന്‍ കണ്ണിന്റെ കടവിലടുത്താല്‍ എന്നീ പാട്ടുകള്‍ നാം
ഉദയഭാനുവിന്റെ സ്വരത്തില്‍ കേള്‍ക്കേണ്ടതായിരുന്നു.
ഈ രണ്ടു പാട്ടുകളും ബാബുരാജ്‌ കോഴിക്കോട്‌ വെച്ച്‌
കെ.പി. ഉദയഭാനുവിനെ പഠിപ്പിച്ചതാണ്‌. കുഞ്ചാക്കോയുടെ
നിര്‍ബന്ധ പ്രകാരമാണ്‌ പിന്നീട്‌ ബാബുരാജ്‌ ഈ പാട്ടുകള്‍
എ.എം രാജയെക്കൊണ്ട്‌ പാടിപ്പിക്കുന്നത്‌.
രാജയെ പാട്ടു പാടിപ്പഠിപ്പിച്ചതാകട്ടെ ഉദയഭാനു തന്നെയാണെന്ന്‌
വിഷാദ ഗാനങ്ങളുടെ ചക്രവര്‍ത്തി എന്ന അധ്യാത്തില്‍ നാമറിയുന്നു.
റോസിയിലെ അല്ലിയാമ്പല്‍ കടവിലന്നരയക്കു വെള്ളം
എന്ന പാട്ട്‌ ഉദയഭാനുവിന്‌ സുഖമില്ലാത്തതു കൊണ്ടാണ്‌
സംഗീത സംവിധായകന്‍ ജോബ്‌ മാഷ്‌ യേശുദാസിനെ കൊണ്ട്‌ പാടിക്കുന്നത്‌.
ഉദയഭാനുവിന്‌ വിഷമമാകുമെന്ന്‌ കരുതി പാടാന്‍ മടിച്ച
യേശുദാസിനെ അദ്ദേഹം തന്നെയാണ്‌ പ്രോത്സാഹിപ്പിക്കുന്നത്‌.

മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി -ജയചന്ദ്രന്റെ സ്വരമധുരത്തില്‍
ഗാനാസ്വാദകര്‍ ഏറ്റുവാങ്ങിയ സുന്ദര ഗാനം, യഥാര്‍ഥത്തില്‍
യേശുദാസിന്‌ പാടാന്‍ വെച്ചിരുന്ന പാട്ടായിരുന്നുവത്രെ അത്‌.
താരുണ്യം തന്നുടെ എന്ന സാധാരണ പാട്ടു പാടാനാണ്‌
ദേവരാജന്‍മാഷ്‌ ജയചന്ദ്രനെ വിളിച്ചത്‌. ഒരു പ്രാക്‌ടീസിന്‌ വേണ്ടി
മഞ്ഞലയില്‍ പഠിച്ചു വെക്കാന്‍ പറയുകയായിരുന്നു.
അങ്ങിനെ പാടിപ്പഠിപ്പിച്ച പാട്ട്‌ പിന്നെ ജയചന്ദ്രന്റെ
സ്വരത്തില്‍ തന്നെ ദേവരാജന്‍ റെക്കോര്‍ഡ്‌ ചെയ്യുകയായിരുന്നു.

ഉത്ഥാന പതനങ്ങളുടെ വേദനാജനകമായ കാഴ്‌ചയാണ്‌ പി. ലീലയുടെ
ജീവിത കഥകയിലൂടെ രവിമേനോന്‍ അവതരിപ്പിക്കുന്നത്‌.
എക്കാലത്തേക്കും മലയാളിക്ക്‌ മനസ്സില്‍ താലോലിക്കാന്‍
പാകത്തില്‍ കുറേ പാട്ടുകള്‍ നല്‍കിയ ഈ അനശ്വര ഗായികയെ
പുതിയ തലമുറയിലെ ആളുകള്‍ വേദനിപ്പിക്കുന്നതിന്‌ രവിമേനോന്‍
നേരിട്ട്‌ സാക്ഷിയാകുന്നുണ്ട്‌. പഴയ തലമുറയിലേയും
പുതിയ തലമുറയിലേയും ഗായകര്‍ അണി നിരന്ന ചടങ്ങില്‍
സംഘാടകരോട്‌ അവര്‍ക്കൊരു സീറ്റ്‌ കൊടുക്കാന്‍ ഗ്രന്ഥകാരന്‍ ആവശ്യപ്പെടുന്നു.
`സാറേ അങ്ങോട്ട്‌ നോക്കിയേ.. ആ കുട്ടി വരെ നില്‍ക്കുകയാ.. പിന്നെയാ ഇവര്‍'
-വേദിയില്‍ നിന്നിരുന്ന അടിപൊളിപ്പാട്ടുകാരിയെ
ചൂണ്ടി ഭാരവാഹി പറയുമ്പോള്‍ വായനക്കാരനും ഞെട്ടിപ്പോകുന്നു.
സംഗീതത്തിനുവേണ്ടി ദാമ്പത്യ ജീവിതം പോലും വേണ്ടെന്ന്‌
വെച്ച ഒരു ഗായികയാണ്‌ ഇവ്വിധം അപമാനിക്കപ്പെടുന്നത്‌.

ഭാവ സുന്ദരമായ ഒരു പാട്ട്‌ എങ്ങിനെയാണ്‌ മനുഷ്യ മനസ്സുകളെ സ്വാധീനിക്കുന്നതെന്ന്‌
ഒന്നിലധികം ഉദാഹരങ്ങളിലൂടെ രവിമേനോന്‍ വരച്ചു കാട്ടുന്നുണ്ട്‌.
യാത്രക്കാരാ പോകുക പോകുക, ജീവിത യാത്രക്കാരാ.. എന്ന പി.ബി. ശ്രീനിവാസന്റെ
പാട്ട്‌ ഒരുദാഹരണം. ആ ഗാനം പുറത്തിറങ്ങി ഏറെക്കഴിയും മുമ്പ്‌
കേരളത്തില്‍ നിന്നു ശ്രീനിവാസിന്‌ ഒരെഴുത്തു കിട്ടി. ജീവിത നൈരാശ്യത്തിന്റെ
പാര്യമത്തില്‍ ആത്മഹത്യക്ക്‌ തയാറെടുത്ത ഒരു യുവാവിന്റെ എഴുത്ത്‌.
ഗാനത്തിന്റെ ചരണത്തിലെ ഒരു വഴിയടയുമ്പോള്‍ ഒമ്പതു വഴി തുറക്കുമെന്ന
ചിന്തോദ്ദീപകമായ ഒരൊറ്റ വരിയാണ്‌ തന്നെ ആത്മഹത്യയില്‍ നിന്ന്‌
പിന്തിരിപ്പിച്ചതെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ആ വരികളും
അവയുടെ ആലാപനവും അത്ര അയാളെ സ്വാധീനിച്ചു പോലും.
എന്തിനു കവിളില്‍ ബാഷ്‌പധാര സ്റ്റേജില്‍ പാടി കോഴിക്കോട്‌ അബ്ദുല്‍ ഖാദര്‍
സദസ്സിനെ കണ്ണീരണിയിച്ച അനുഭവം അദ്ദേഹത്തിന്റെ
മകന്‍ നജ്‌മല്‍ ബാബു അയവിറക്കുന്നുണ്ട്‌. സ്വന്തം ഹൃദയത്തിന്‍ ഉള്ളറയില്‍,
എന്റെ സ്വപ്‌നത്തെ അടക്കിയ കല്ലറയില്‍ എന്ന ഗാനത്തിന്റെ
റെക്കോര്‍ഡിംഗ്‌ വേളയില്‍ യേശുദാസിന്റെ അമ്മ എലിസബത്ത്‌
പൊട്ടിക്കരഞ്ഞു.

അര്‍ജുനന്‍ മാഷ്‌ ഈണം പകര്‍ന്ന്‌ പിക്‌നികിനുവേണ്ടി
വാണി ജയറാമും യേശുദാസും പാടിയ വാല്‍ക്കണ്ണെഴുതി
വനപുഷ്‌പം ചൂടി എന്ന പാട്ടിന്റെ സംഗീതം ചിത്രത്തിന്റെ
സംവിധായകനും നിര്‍മാതാവിനും തീരെ ഇഷ്‌ടപ്പെട്ടിരുന്നില്ലെന്ന്‌
കേട്ടാല്‍ വിശ്വാസം വരുമോ? പല ഈണങ്ങളിട്ടെങ്കിലും ഒന്നും
പിടിക്കാത്ത അവരുടെ മുന്നില്‍ ഒടുവില്‍ ഈ ഈണവും പറ്റില്ലെങ്കില്‍
വേണ്ടെന്ന്‌ ദേഷ്യപ്പെട്ട്‌ മടങ്ങാനിരിക്കുകയായിരുന്നുവത്രെ അര്‍ജുനന്‍ മാഷ്‌.
ആ പാട്ടാണ്‌ ഇന്നും മലയാളി മൂളി നടക്കുന്നതെന്ന്‌ ഗ്രന്ഥം ചൂണ്ടിക്കാട്ടുന്നുണ്ട്‌.
ഈണത്തിനൊത്തു പാട്ടെഴുതാന്‍ വിസമ്മതിച്ച വയലാര്‍ പിണങ്ങിപ്പോയിരുന്നുവെങ്കില്‍
ചെമ്മീനിലെ നിത്യഹരിത ഗാനങ്ങളുടെ വരികള്‍ക്ക്‌ അത്രയും ചന്തമുണ്ടാകുമായിരുന്നുവോ?
രാമു കാര്യാട്ടും സലില്‍ ചൗധരിയും പറഞ്ഞതനുസരിച്ച്‌ ശ്യം അറിയാവുന്ന മലയാളത്തില്‍
ഒരു ദിവസം മുഴുവന്‍ മെനക്കെട്ടാണ്‌ വയലാറിന്റെ മനസ്സ്‌ മാറ്റുന്നതെന്ന്‌ കാറ്റില്‍
തേന്‍മഴയായ്‌ എന്ന അധ്യായത്തില്‍ രവിമോനോന്‍ എഴുതുന്നു.
യേശുദാസും പി. സുശീലയും ഹൃദയം പകര്‍ന്നു പാടിയ ഏഴിലം പാല പൂത്തു
പൂമരങ്ങള്‍ കുട പിടിച്ചു എന്ന പാട്ടിന്‌ സംഗീതം പകര്‍ന്ന വേദ്‌പാല്‍ വര്‍മ്മ
എന്ന ഉത്തരേന്ത്യക്കാരനെ രവി ഓര്‍മിപ്പിക്കുന്നുണ്ട്‌.
ആരണ്യകത്തിലെ ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലില്‍, ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ
എന്നീ ഹിറ്റുകള്‍ പകര്‍ന്നു തന്ന രഘുനാഥ്‌ സേത്ത്‌, ഓരോ മലയാള
ചിത്രങ്ങളുടെ ടൈറ്റിലുകളില്‍ പ്രത്യക്ഷപ്പെട്ട്‌ കടന്നുപോയ കനുഘോഷ്‌,
രാജ്‌കമല്‍ എന്നിവരെ പഴയ തലമുറക്കാരെ ഓര്‍മപ്പെടുത്തുകയും
പുതിയവരെ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്‌.
മൂളിപ്പാട്ടു പാടാന്‍ അറിയാവുന്നവരെപ്പോലും ഗാനഗന്ധര്‍വന്മാരാക്കാന്‍
കഴിവുള്ള അഭൂതപൂര്‍വമായ സാങ്കേതിക വളര്‍ച്ചയുടെ കാലത്ത്‌
യഥാര്‍ഥ ഗാനഗന്ധര്‍വനും പാട്ടിന്റെ പൂങ്കുയിലുകള്‍ക്കുമൊന്നും
ഒരു പ്രസക്തിയുമില്ലെന്ന്‌ ഗ്രന്ഥകാരന്‍ രോഷം കൊള്ളുന്നുണ്ട്‌.
ഗായകശബ്‌ദത്തിന്റെ ഫ്രഷ്‌നസ്‌ യന്ത്രങ്ങളുടെ കടന്നാക്രമണത്തില്‍
അപ്രസക്തമായിക്കൊണ്ടിരിക്കുന്നുവെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പഴയ തലമുറയിലെ സംഗീത സംവിധായകര്‍ കാര്യമായ പ്രതിഫലമൊന്നും
വാങ്ങാതെ അനശ്വരമാക്കിയ ഈണങ്ങള്‍ പുതിയ തലമുറയില്‍പെട്ട
ചിലര്‍ നിര്‍ദയം സ്വന്തമാക്കുമ്പോള്‍ ഖിന്നനായിരുന്ന ദേവരാജന്‍ മാഷുടെ
രോഷവും ദുഃഖവും രവിമേനോന്‍ നമ്മെ അനുഭവിപ്പിക്കുന്നു.

പുതിയ തലമുറക്ക്‌ പരിചയപ്പെടുത്താനെന്ന വ്യാജേന ഏതെങ്കിലും
വിവരദോഷിയായ സിനിമാക്കാരന്‍ നമുക്ക്‌ പ്രിയപ്പെട്ട പാട്ടുകള്‍ റിമിക്‌സ്‌
ചെയ്‌ത്‌ വികലമാക്കരുതേ എന്ന്‌ പുസ്‌തകം വായിച്ചു തീരുമ്പോള്‍
ഗ്രന്ഥകാരനോടൊപ്പം നമ്മളും പ്രാര്‍ഥിച്ചു പോകും.

പാട്ടു കേള്‍ക്കുന്നവരെല്ലാം വായിച്ചിരിക്കേണ്ട പുസ്‌തകമാണിത്‌.
ഓരോ പാട്ടിനും പുതിയ ആസ്വാദനം സാധ്യമാകും അപ്പോള്‍.
ചാനലുകളിലെ പാട്ടുപരിപാടികളുടെ അവതാരകരും മാധ്യമ പ്രവര്‍ത്തകരും
ഗാനമേളകളുടെ സംഘാടകരുമൊക്കെ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്‌ത്‌കം.
എന്നാല്‍ സ്വന്തമെന്ന പദത്തിനെന്തര്‍ഥം അധ്യായത്തില്‍ രവിമേനോന്‍
ചൂണ്ടിക്കാണിക്കുന്നതുപോലുള്ള അബദ്ധങ്ങള്‍ ആര്‍ക്കും പറ്റില്ല.
ഇത്തരക്കാരുടെ വിവരക്കേടുകൊണ്ട്‌ ശ്രീകുമാരന്‍ തമ്പിയെപ്പോലുള്ളവര്‍
വേദനിക്കേണ്ടിയും വരില്ല.

എങ്ങിനെ നാം മറക്കും
രവി മേനോന്‍
ഒലിവ്‌
വില 100.00
പേജ്‌ 202