Monday, July 21, 2008

മുലപ്പാല്‍ ഒഴുക്കിക്കളയുന്നവര്‍

നൊന്തുപെറ്റ കുഞ്ഞിനെ ഇരുപതോ മുപ്പതോ ദിവസം
പോലും കഴിയും മുന്പ് നാട്ടില്‍ ഉപേക്ഷിച്ച് വിമാനം
കയറേണ്ടി വരുന്ന പ്രവാസികളായ അമ്മമാരെക്കുറിച്ച്
മാതൃഭൂമി ആഴ്ചപ്പതിപ്പ് ജൂലൈ ആദ്യവാരം
പ്രസിദ്ധീകരിച്ച ലേഖനം.


അമ്മിഞ്ഞപ്പാലിന് അണ കെട്ടേണ്ടി വരുന്നവര്‍

ഒന്ന്‌
സ്‌കൂള്‍ വിട്ടാല്‍ ഞാനും പുഷ്‌പയും ഒന്നിച്ചാണ്‌ വീട്ടിലേക്ക്‌
ഓടുന്നത്‌. എന്നേക്കാള്‍ ധൃതിയാണ്‌ അവള്‍ക്ക്‌ വീട്ടിലെത്താന്‍.
അവള്‍ എത്തുമ്പോള്‍ മുറ്റത്തിന്‌ അതിരിട്ട വരമ്പത്ത്‌
വലതു കാല്‍ കയറ്റി വെച്ച്‌ അവളുടെ അമ്മ കാത്തുനില്‍ക്കുന്നുണ്ടാകും.
സ്ലേറ്റും പുസ്‌തകവും വരമ്പത്ത്‌ വെച്ച്‌ അവള്‍, ഉയര്‍ത്തിവെച്ച
അമ്മയുടെ മുട്ടുകാലിന്‌ മുകളിലേക്ക്‌ ഒരു ചാട്ടമാണ്‌.
എന്നിട്ട്‌ അമ്മയുടെ ബ്ലൗസ്‌ മേല്‍പോട്ടുയര്‍ത്തി ആര്‍ത്തിയോടെ
മുല വലിച്ചു കുടിക്കും. ഇടങ്കണ്ണിട്ട്‌ എന്നെ നോക്കും.
എനിക്ക്‌ നാണമാകും. എനിക്ക്‌ അപ്പോള്‍ എന്റെ
വെല്യുമ്മയുടെ ആട്ടിന്‍കുട്ടികളെ ഓര്‍മ വരും. അഴിച്ചു
വിട്ടാല്‍ കുന്തിരിയെടുത്ത്‌ പാഞ്ഞു വന്ന്‌ തള്ളയുടെ
അകിട്ടില്‍ മുട്ടിമുട്ടി മുല കുടിക്കുന്ന ആട്ടിന്‍ കുട്ടികളെ
കാണാന്‍ നല്ല കൗതുകമാണ്‌. പുഷ്‌പ കണ്ണടച്ച്‌ ഒരു വീര്‍പ്പിന്‌
രണ്ടു മുലയും കുടിച്ചു വറ്റിയ്‌ക്കും.
ഒന്നാം ക്ലാസിലായിരുന്നു ഞാനും പുഷ്‌പയും അന്ന്‌.
ഞാന്‍ ഒരു വയസ്സ്‌ തികച്ചും മുല കുടിച്ചിട്ടില്ല. അപ്പോഴേക്കും
ഉമ്മയുടെ മുലയ്‌ക്ക്‌ പുതിയ അവകാശിയെത്തിയിരുന്നു.
അനിയന്‍ ഭാഗ്യവാനായിരുന്നു. അവനു താഴെയുള്ള
പെങ്ങള്‍ വരാന്‍ കുറേ താമസിച്ചു. അവന്‌ കുറേക്കാലം
ഉമ്മ മുല കൊടുത്തിട്ടുണ്ട്‌. അവന്‍ കുടിക്കുന്നത്‌
ഞാന്‍ കൊതിയോടെ നോക്കിയിരുന്നിട്ടുണ്ട്‌. അസൂയ
തോന്നിയിട്ടുണ്ട്‌. ഇന്നും ഉമ്മ അവനോട്‌ ഇത്തിരി
സ്‌നേഹക്കൂടുതല്‍ കാണിക്കുന്നുണ്ടോ എന്ന്‌ ഞാന്‍ അസൂയപ്പെടുന്നു.
പുഷ്‌പ എന്നാണ്‌ മുലകുടി നര്‍ത്തിയതെന്നറിയില്ല.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സുന്ദരിയായ അവള്‍
ബാലേട്ടനെ പ്രേമിച്ചു. പരീക്ഷക്ക്‌ പിന്നാലെ കല്യാണം.
കല്യാണം കഴിഞ്ഞ്‌ അവള്‍ ബാലേട്ടന്റെ വീട്ടിലേക്ക്‌ പോയി.
പിന്നീട്‌ കുറേക്കാലത്തേക്ക്‌ ഞാനവളെ കാണുന്നില്ല.
കാണുമ്പോള്‍ അവള്‍ക്ക്‌ രണ്ടോ മൂന്നോ കുട്ടികളായിരുന്നു.
എവിടെയെങ്കിലും വെച്ച്‌ പുഷ്‌പയെ കണ്ടാല്‍, വരമ്പത്ത്‌
കയറ്റിവെച്ചിരിക്കുന്ന അമ്മയുടെ കാലില്‍ ചാടിക്കയറിയിരുന്നു
മുല കുടിക്കുന്ന ദൃശ്യം മനസ്സില്‍ തെളിയും. സ്‌കൂള്‍ ബസില്‍
നിന്നിറങ്ങി, ഓടിക്കയറി പൂമുഖത്തെത്തും മുമ്പേ ബാഗ്‌
വലിച്ചെറിഞ്ഞു വിരല്‍ കുടിയ്‌ക്കാന്‍ ധൃതിപ്പെടുന്ന
എന്റെ മകളെ കാണുമ്പോള്‍ ഞാന്‍ പുഷ്‌പയെ ഓര്‍ക്കും.
എന്റെ മോള്‍ക്ക്‌, വിരല്‌ കുടിക്കുന്ന ദുശ്ശീലമുണ്ട്‌.
നാലാള്‍ കാണ്‍കെ വിരല്‍ കുടിക്കാന്‍ അവള്‍ക്ക്‌ നാണമാണ്‌.
സ്‌കൂളിലും ബസ്സിലുമൊക്കെയാകുമ്പോള്‍ കഷ്‌ടപ്പെട്ട്‌ ക്ഷമിച്ചിരിക്കും.
ക്ലാസ്‌ കഴിഞ്ഞ്‌ വീട്ടിലെത്താന്‍ പുഷ്‌പയെപ്പോലെ
അവളും ധൃതിപ്പെട്ട്‌ ഓടിവരുന്നു.

സ്വന്തം കുഞ്ഞിന്‌ കുടിക്കാന്‍ വിധിയില്ലാത്ത മുലപ്പാല്‍
അമ്മയുടെ നെഞ്ചില്‍ കുത്തിനോവിക്കും. പത്ത്‌ പെറ്റ എന്റെ
ഉമ്മയോ ഒന്നാം ക്ലാസില്‍ പോകാന്‍ തുടങ്ങിയിട്ടും പുഷ്‌പയെ
പാലൂട്ടിയ അവളുടെ അമ്മയോ ആ വേദന അനുഭവിച്ചിട്ടില്ല.
ആ വേദന തടുക്കാന്‍ മുല്ലപ്പൂക്കളോ കാബേജിന്റെ ഇലകളോ
മുലയില്‍ ചേര്‍ത്തു വെച്ച്‌ അമ്മിഞ്ഞപ്പാലിന്‌ അണകെട്ടുന്ന
പെണ്ണുങ്ങളുണ്ട്‌. എന്നിട്ടും ശമിക്കാത്ത വേദനയെ തോല്‍പിക്കാന്‍
അവര്‍ വേദന സംഹാരികള്‍ വിഴുങ്ങുന്നു. മാറിലെ നോവ്‌ വേദന
സംഹാരി കൊണ്ടും മനസ്സിലെ നോവ്‌ കണ്ണീരു കൊണ്ടും
മായ്‌ക്കാന്‍ ശ്രമിക്കുന്ന അമ്മമാരുടെ കഥയാണിത്‌.
വീര്‍ത്തുകെട്ടുന്ന മുലകളുടെ വേദന അവര്‍ക്കു മാത്രേ മനസ്സിലാകൂ.

രണ്ട്

എലിസബത്ത്‌ കയറിയ വിമാനം റിയാദില്‍ പറന്നിറങ്ങി.
കണ്ണീരും മൂക്കും തുടച്ച കൈലേസ്‌ നനഞ്ഞ്‌ നാറിയിരുന്നു.
നെഞ്ചില്‍ തൂങ്ങൂന്ന ഭാരം ഇറക്കിവെക്കാന്‍ അവളൊരിടം തേടി.
സൂചി കുത്തുമ്പോലെ മാറിടം പിടയുന്നു. അതൊരമ്മയുടെ
മാത്രം വേദനയാണ്‌. അവള്‍ സ്‌ത്രീകളുടെ ടോയ്‌ലറ്റ്‌ തെരഞ്ഞു.
ചുരിദാറിന്റെ ഹുക്കുകള്‍ അടര്‍ത്തി, മകന്‌ കൊടുക്കാന്‍
കഴിയാത്ത സ്‌നേഹം അവള്‍ വാഷ്‌ബേസിനിലേക്ക്‌ അമര്‍ത്തിപ്പിഴിഞ്ഞു.
ഇന്നലെ രാത്രി മുതല്‍ തോരാതെ പെയ്യുന്ന കണ്ണീര്‍
തുടയ്‌ക്കാന്‍ ബാത്ത്‌റൂമിലെ ടിഷ്യൂ പേപ്പറുകള്‍
തികയില്ലെന്ന്‌ തോന്നി അവള്‍ക്ക്‌.
അല്‍ ഖസീമിലേക്കുള്ള വിമാനം ഇനിയും മൂന്ന്‌
മണിക്കൂര്‍ കഴിഞ്ഞേയുള്ളൂ. ലോഞ്ചില്‍ കാത്തിരിക്കുമ്പോള്‍
അവളുടെ കാതില്‍ മണിക്കുട്ടന്‍ കരഞ്ഞു. നെടുമ്പാശ്ശേരിയില്‍
ജോസേട്ടനും അമ്മയും പാസ്സെടുത്തു വിമാനത്താവളത്തിന്‌
അകത്ത്‌ കയറിയിരുന്നു. ചെക്ക്‌ ഇന്‍ കഴിഞ്ഞ്‌ ഇമിഗ്രേഷന്‍
കൗണ്ടറിലേക്ക്‌ നീങ്ങുന്നതിന്‌ മുമ്പ്‌, ഒരിക്കല്‍ കൂടി നെഞ്ചിലെ
സ്‌നേഹം മോന്‌ പകര്‍ന്നു കൊടുത്ത്‌, കരള്‍ പറിച്ചെറിയുമ്പോലെയാണ്‌
ജോസേട്ടന്റെ കൈകളിലേക്ക്‌ തിരിച്ചു കൊടുത്തത്‌.
മുപ്പത്താറ്‌ ദിവസം. അത്രയേ ആകുന്നുള്ളൂ മണിക്കുട്ടന്‍ പിറന്നിട്ട്‌.
അത്രയേ അവധിയുണ്ടായിരുന്നുള്ളൂ. മോനെ ജോസേട്ടനേയും
അമ്മയേയും ഏല്‍പിച്ച്‌ വിമാനം കയറി. കണ്ണും മൂക്കും
വിരിഞ്ഞു വരുന്നേയുള്ളൂ. പെറ്റിട്ടപ്പോള്‍ മമ്മി പറഞ്ഞു.
ജോസേട്ടന്റെ ചാച്ചന്റെ ഛായയാണെന്ന്‌. ശരിക്കുള്ള ഛായ
ഉരുത്തിരിഞ്ഞു വരാന്‍ കുറച്ചു കൂടി കഴിയണമെന്ന്‌ അപ്പോള്‍
നാത്തൂന്മാര്‍ ആരോ പറഞ്ഞു. എലിസബത്തിന്‌ അതൊന്നും
കാണാന്‍ കഴിയില്ല. ജീവിതം കടലുകള്‍ക്കിക്കരെയായിപ്പോയി.
കുഞ്ഞിന്റ മാറുന്ന മുഖവും ഭാവങ്ങളും കാണാന്‍ ഓരോ
മസാവും ഫോട്ടോയെടുത്തു അയച്ചു തരാന്‍ ജോസേട്ടനെ
പറഞ്ഞേല്‍പിച്ചിട്ടുണ്ട്‌. അടുത്ത വരവിന്‌ മണിക്കുട്ടനെ
മാമോദീസ മുക്കണം. അതിന്‌ കണക്കാക്കി വേണം അടുത്ത
അവധി തരപ്പെടുത്താന്‍.
പത്താം ക്ലാസ്‌ കഴിഞ്ഞ്‌ നഴ്‌സിംഗിന്‌ വിടണമെന്ന്‌ പള്ളീലെ അച്ചനാണ്‌
എലിസബത്തിന്റെ പപ്പയെ ഉപദേശിച്ചത്‌. അല്ലെങ്കിലും ഇടവകയിലെ
പെണ്‍കുട്ടികളൊക്കെ ചെയ്യുന്നത്‌ അതു തന്നെയാണ്‌.
പാവപ്പെട്ടവരും മധ്യവര്‍ഗ്ഗക്കാരുമൊക്കെ കടവും
കള്ളിയുമായി കുട്ടികളെ നഴ്‌സിംഗിന്‌ വിടും. മേഴ്‌സിച്ചേച്ചിയേയും
ആനിച്ചേച്ചിയേയും പോലെ ഗള്‍ഫ്‌ അന്നേ സ്വപ്‌നം കണ്ടു.
പപ്പയും മമ്മിയുമാണ്‌ കൂടുതല്‍ സ്വപ്‌നം കണ്ടത്‌. അല്ലെങ്കില്‍ അനു സെബാസ്റ്റ്യനെപ്പോലെയോ ജോളി മാത്യുവിനെപ്പോലെയോ
ഇംഗ്ലണ്ടിലോ അമേരിക്കയിലോ പോകണം. അനു സെബാസ്റ്റ്യന്റെ
അമ്മ പള്ളിയില്‍ വെച്ചു കാണുമ്പോഴൊക്കെ മമ്മിയോട്‌ പറയും.
പുറത്തു വല്ലോം പോണം. എന്നാലേ നാല്‌ കാശുണ്ടാക്കാന്‍ പറ്റൂ.
ഇവിടെ ഈ മാതായിലും കാരിത്താസിലുമൊക്കെ
പോയിട്ട്‌ എന്നാ കിട്ടാനാ? ഇനീപ്പം സര്‍ക്കാരാശുപത്രീ കിട്ടിയാലും
പിള്ളാര്‍ക്ക്‌ കഷ്‌ടപ്പാടാന്നല്ലാതെ വലിയ കാര്യമൊന്നുമില്ല..
കോഴ്‌സും ബോണ്ടും കഴിഞ്ഞ്‌, ബോംബെയിലും
ദല്‍ഹിയിലുമൊക്കെ പ്രവൃത്തി പരിചയത്തിനായി കുറേ വട്ടം കറങ്ങി.
മീറത്തിലെ നഴ്‌സിംഗ്‌ സ്‌കൂളിലുണ്ടായിരുന്ന മറാഠി
അമ്മാവനാണ്‌ സൗദിയിലേക്കുള്ള ഇന്റര്‍വ്യൂവിന്റെ കാര്യം
എഴുതിയറിച്ചത്‌. അന്ന്‌ ദല്‍ഹിയിലായിരുന്നു. ദല്‍ഹിയില്‍ നിന്ന്‌
മുംബൈയില്‍ വന്നു. ഒരുപാട്‌ നഴ്‌സുമാരെ അമ്മാവന്‍ ഗള്‍ഫിലോ
സ്റ്റേറ്റ്‌സിലോ എത്തിച്ചിട്ടുണ്ട്‌. ചിലരൊക്കെ ഇംഗ്ലണ്ടിലുമുണ്ട്‌.
അമ്മാവന്‍ ഒന്നും ചെയ്യുന്നില്ല. പത്രത്തില്‍ വരുന്ന ഇന്റര്‍വ്യൂ
പരസ്യങ്ങള്‍ തപ്പിപ്പിടിച്ച്‌ കുട്ടികളെ അറിയിക്കും.
ഐ.ഇ.എല്‍.ടി.എസ്‌ എഴുതിയാല്‍ ലണ്ടനിലേക്ക്‌ ശ്രമിക്കാം.
അല്ലെങ്കില്‍ സി.ജി.എഫ്‌.എന്‍.എസ്‌ നോക്കണം. ഒന്നും നടന്നില്ല.
ഇപ്രാവശ്യത്തെ അവധിക്കാലം പ്രസവവും ആശുപത്രിയുമായി കഴിഞ്ഞു.
ജോസേട്ടനെപ്പോലും ശരിക്ക്‌ സ്‌നേഹിക്കാന്‍ നേരം കിട്ടിയിട്ടില്ല.
ലണ്ടനിലോ സ്റ്റേറ്റ്‌സിലോ ആണെങ്കില്‍ ഗ്രീന്‍ ചാനലില്‍ തന്നെ
ഭര്‍ത്താവിനേയും കൊണ്ടുപോകാം. സൗദി അറേബ്യയില്‍ അതു പറ്റില്ല.
ഇവിടെ നഴ്‌സുമാര്‍ക്ക്‌ കുടുംബ വിസയില്ല.
അവര്‍ ഒറ്റക്ക്‌ ഹോസ്റ്റലില്‍ കഴിയണം. നൊന്തുപെറ്റ കുഞ്ഞിനെ
കണ്ടു കൊതി തീരുന്നതിന്‌ മുമ്പേ കണ്ണീരോടെ വിമാനം കയറണം,

എന്‍.ഐ.സി.യുവിലാണ്‌ എലിസബത്തിന്‌ ഡ്യൂട്ടി. ആതുരരായ
നവജാത ശിശുക്കളുടെ ലോകം. രാവിലെ ഡ്യൂട്ടിക്ക്‌ ചെല്ലുമ്പോള്‍ രാജി കാത്തിരിക്കുന്നുണ്ടായിരുന്നു. ഇന്‍വെന്ററിയെടുത്ത്‌, മെഡിസിനുകളും
ഉപകരണങ്ങളും ചെക്ക്‌ ചെയ്‌ത്‌ ഡ്യൂട്ടി ഏറ്റുവാങ്ങിപ്പോകുമ്പോള്‍
ആന്‍സി പുതിയ അഡ്‌മിഷന്‍ വന്ന കുഞ്ഞിനെപ്പറ്റി പറഞ്ഞു.
കണ്ണുകളിറുക്കിയടിച്ച്‌, സുഖനിദ്രയില്‍ കിടയ്‌ക്കുന്ന കുഞ്ഞിന്‌
ശ്വാസത്തിന്‌ പ്രശ്‌നമുണ്ട്‌. സിസേറിയനായിരുന്നു. ചുവന്നു തുടുത്ത
ഈ അറബിക്കുട്ടന്‌ തന്റെ മണിക്കുട്ടന്റെ ഛായയുണ്ടോ?
എലിസബത്തിന്റെ മനസ്സൊന്നു പിടച്ചു. നെഞ്ചില്‍ സ്‌നേഹം ചുരന്നു.
നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലെ ഓരോ കുഞ്ഞിലും
അവള്‍ തന്റെ മണിക്കുട്ടന്റെ മുഖം കണ്ടു. സ്വന്തം കുഞ്ഞിനെപ്പോലെ,
അവള്‍ ഓരോ കുഞ്ഞിനേയും താലോലിച്ചു. ആ കുഞ്ഞുങ്ങള്‍ക്കെല്ലാം
എലിസബത്ത്‌ അമ്മയായി. നാപ്‌കിനുകള്‍ മാറ്റുമ്പോഴും ആന്റിബയോട്ടിക്കുകള്‍ നല്‍കുമ്പോഴും പുലര്‍ക്കാലങ്ങളില്‍ നേര്‍ത്ത ചുടുവെള്ളത്തില്‍ അവറ്റകളെ കഴുകിയെടുക്കുമ്പോഴും അവളിലെ അമ്മ ഉണര്‍ന്നു കരഞ്ഞു.
അപ്പോഴൊക്കെ മണിക്കുട്ടന്‍ മനസ്സില്‍ കൈകാലിട്ടടിച്ചു.
അവന്‍ ചിരിക്കുകയാണോ കരയുകയാണോ? നെഞ്ച്‌ വല്ലാതെ
ചുരത്തിക്കൊണ്ടിരിക്കുന്നു.
മുലപ്പാലിന്റെ ഭാരം നെഞ്ചില്‍ വേദനയായി പുളയുന്നുണ്ട്‌.
ഡ്യൂട്ടിക്ക്‌ പുറപ്പെടും മുമ്പ്‌ വേദനക്കുള്ള കാബര്‍ ഗോളിന്‍
ഗുളിക കഴിച്ചതാണ്‌.
ഇടക്ക്‌ മനസ്സ്‌ വല്ലാതെ പതറുമ്പോള്‍ അവള്‍ക്ക്‌ തോന്നും,
ദൈവമേ ഈ കുഞ്ഞുങ്ങളെ ഒന്നിച്ചെടുത്ത്‌ ഞാന്‍ മാറോട്‌ ചേര്‍ത്താലോ?
എന്റെ കുഞ്ഞിന്‌ കിട്ടാത്ത ഈ മുലപ്പാല്‍ അവര്‍ കുടിച്ചു വറ്റിക്കട്ടെ...
വേദന താങ്ങാതാകുമ്പോള്‍ ടോയ്‌ലറ്റില്‍ പോയി അവള്‍ മാറ്‌ പിഴിഞ്ഞൊഴിച്ച്‌ നെടുവീര്‍പ്പിടും.
നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ സ്‌തനങ്ങളും
എത്ര ഭാഗ്യമുള്ളവ എന്ന്‌ വേദപുസ്‌തകത്തില്‍ (ലൂക്കോ: 11:27)
വായിക്കുമ്പോഴൊക്കെ സ്വന്തം കുഞ്ഞിനെ പാലൂട്ടാന്‍ പറ്റാത്ത തന്റെ സ്‌തനങ്ങളെക്കുറിച്ചോര്‍ത്ത്‌ എലിസബത്ത്‌ കരയും. തന്റേയും മണിക്കുട്ടന്റേയും ഭാഗ്യക്കേടില്‍ മനസ്സ്‌ വേവും. അന്നേരം, മോശയെ പാലൂട്ടാന്‍
ഫറോവയുടെ കൊട്ടാരത്തില്‍ വേഷ പ്രഛന്നയായി ചെന്ന
മോശയുടെ മാതാവിനെക്കുറിച്ച്‌ അവള്‍ ഓര്‍മിക്കും.
പുഴയിലൊഴുക്കിയ കുഞ്ഞിന്‌ മുലകൊടുക്കുന്നതിനെ കുറിച്ചായിരുന്നു
മോശയുടെ അമ്മയുടേയും വേദന. കര്‍ത്താവേ,
ഈ രാത്രിയില്‍ എനിക്ക്‌ രണ്ട്‌ ചിറക്‌ മുളച്ചിരുന്നെങ്കില്‍ പറന്നു പോയി ഞാനെന്റെ കുഞ്ഞിനെ പാലൂട്ടുമായിരുന്നല്ലോ എന്നവള്‍ വിലപിക്കും. പിന്നെ,
കാബേജിന്റെ ഇലകളോ മുല്ലപ്പൂക്കളോ വെച്ച്‌ അവള്‍ മാറിടം വരിഞ്ഞുകെട്ടും. കാബേജിന്റെ ഇലകളും മുല്ലപ്പൂക്കളും മുലപ്പാല്‍ കുടിച്ചു വറ്റിക്കട്ടെ.
മലുപ്പാല്‍ ചുരത്തിപ്പോരാതെ പിടിച്ചു കെട്ടാനുള്ള ചിറയാണ്‌ ഈ കെട്ട്‌.
പേറു കഴിഞ്ഞ്‌ നാട്ടില്‍ നിന്നു പോരുന്ന പ്രവാസിപ്പെണ്ണുങ്ങളൊക്കെ
ചെയ്യുന്ന ഒരു നാടന്‍ വൈദ്യമാണത്‌. മുലപ്പാല്‍ കുറയ്‌ക്കുന്നതിന്‌ നാട്ടില്‍
വെച്ചേ മുല്ലപ്പൂ വൈദ്യം തുടങ്ങിയിരുന്നു. ഇവിടെ മുല്ലപ്പൂക്കള്‍ കിട്ടാന്‍
പ്രയാസമാണ്‌. കാബേജു തന്നെയാണ്‌ ആശ്രയം.
വൃത്തിയായി കഴുകിയ കാബേജിന്റെ ഇലകള്‍ തണ്ടുകള്‍ കളഞ്ഞ ശേഷം
മുലകളില്‍ വെക്കുകയാണ്‌ ചെയ്യുന്നത്‌. മുലക്കണ്ണ്‌ ഒഴിവാക്കി,
മുലയുടെ ചുറ്റും ഇല ചേര്‍ന്നു നില്‍ക്കുന്ന രൂപത്തിലാണ്‌ വെയ്‌ക്കുന്നത്‌.
മുലകളില്‍ ചേര്‍ന്നു നില്‍ക്കാന്‍ അനുയോജ്യമായ ബ്രാ ഉപയോഗിക്കും.
മുല്ലപ്പൂക്കളും ഇതേ രീതിയിലാണ്‌ പ്രയോഗിക്കുന്നത്‌.
മുല്ലപ്പൂക്കളും കാബേജിന്റെ ഇലകളും മാറിലെ ഭാരം കുറയ്‌ക്കും.
ആത്മാവിന്റെ വേദന പക്ഷേ, എങ്ങിനെ തീരും?


എലിസബത്ത്‌ പിന്നീട്‌ നാട്ടിലേക്ക്‌ തിരിച്ചു പോയി.
പോകുമ്പോള്‍ അവളുടെ കൈയില്‍ രണ്ടാഴ്‌ച മുമ്പ്‌ പ്രസവിച്ച
രണ്ടാമത്തെ കുഞ്ഞുമുണ്ടായിരുന്നു. ഇക്കുറി പ്രസവം കഴിഞ്ഞ്‌
മരുഭൂമിയുടെ നാട്ടിലെ ആശുപത്രിയിലേക്ക്‌ തിരിച്ചു വരേണ്ടെന്ന്‌
അവള്‍ തീരുമാനിച്ചു. നൊന്തുപെറ്റ കുഞ്ഞിനെ
നാട്ടിലുപേക്ഷിച്ചു പോരാന്‍ വയ്യ. മണിക്കുട്ടന്റെ കൈയും കാലും
വളരുന്നത്‌ കാണാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. കഴിഞ്ഞ തവണ
അവധിക്കു ചെന്നപ്പോഴും അവന്‌ അടുത്തു വരാന്‍ മടിയായിരുന്നു.
അടുക്കാന്‍ തുടങ്ങുമ്പോഴേക്കും തിരിച്ചു പോരാന്‍ സമയമാകും
ഫൈനല്‍ എക്‌സിറ്റിനുള്ള അപേക്ഷ കൊടുത്തു അവള്‍ കാത്തിരുന്നു.
പക്ഷേ, ആരോഗ്യ മന്ത്രാലവയുമായുള്ള കരാര്‍ തീരാറായിരുന്നു.
കരാറിന്റെ കാലാവധി തീരാതെ ഫൈനല്‍ എക്‌സിറ്റ്‌ കിട്ടില്ല.
റീ എന്‍ട്രി വിസ കിട്ടണമെങ്കില്‍ കരാര്‍ പുതുക്കണം.
രണ്ടായാലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അതിന്റേതായ
സമയമെടുക്കും. നിയമങ്ങള്‍ അവളെ നോക്കി കൊഞ്ഞനം
കുത്തിക്കൊണ്ടിരുന്നു. പ്രസവത്തിന്‌ നാട്ടിലെത്തണമെന്ന
അവളുടെ ആഗ്രഹം വെറുതെയായി. ജോലി ചെയ്യുന്ന
ആശുപത്രിയില്‍ തന്നെ അവള്‍ പ്രസവിച്ചു.
സഹപ്രവര്‍ത്തകകളുടെ പരിചരണത്തിലായിരുന്നു അവള്‍.
പ്രസവം കഴിഞ്ഞ്‌ രണ്ടാഴ്‌ചക്കുശേമാണ്‌ അവളുടെ
കടലാസുപണികള്‍ പൂര്‍ത്തിയായി പാസ്സ്‌പോര്‍ട്ട്‌ കയ്യില്‍ കിട്ടിയത്‌.
അതുവരെ ഹോസ്റ്റലില്‍ തന്നെയായിരുന്നു താമസം.
രാത്രി ഷിഫ്‌റ്റ്‌ കഴിഞ്ഞ്‌ മുറിയില്‍ വന്നു കിടന്നുറങ്ങുന്ന
സഹപ്രവര്‍ത്തകയെ പലപ്പോഴും അവളുടെ കുഞ്ഞിന്റെ
കരച്ചില്‍ അലോസരപ്പെടുത്തി. അവളോടുള്ള അനുതാപത്തില്‍
എല്ലാവരും സഹിച്ചു. വിമാനത്താവളത്തില്‍ യാത്രയയക്കാന്‍
ചെന്നപ്പോള്‍ ഏതൊക്കെയോ അസ്വാതന്ത്ര്യങ്ങളില്‍ നിന്ന്‌ രക്ഷപ്പെട്ട ഒരാളുടെ മുഖച്ഛായയായിരുന്നു അവള്‍ക്ക്‌.
എലിസബത്ത്‌ ഉപേക്ഷിച്ചു പോയ ആശുപത്രിയുടെ വരാന്തകളിലൂടെ,
അവള്‍ പിഴിഞ്ഞൊഴിച്ച മുലപ്പാല്‍ ഒഴുകി വരുന്നുണ്ടോ?
സ്വയം ജീവിയ്‌ക്കാന്‍, നാടിന്റെ സാമ്പത്തിക സുസ്ഥിതിക്ക്‌
സംഭാവന അര്‍പ്പിക്കാന്‍ കടല്‍ കടന്നു പോന്ന ഒരമ്മയുടെ
കണ്ണീരും ചോരയും കലര്‍ന്ന്‌ മലിനമായ ആ മുലപ്പാല്‍
ഒരു മഹാപ്രളയമായി കേരളത്തിലേക്ക്‌ ഒഴുകിയെത്തി നമ്മെ
വിഴുങ്ങിക്കളയുമോ?

ലേഖനത്തിന്‍റെ പൂര്‍ണരൂപം

34 comments:

സജി said...

ഇതിനൊരു കമന്റ് ഇടാന്‍ വാക്കുകള്‍ ഇല്ല..!

പലര്‍ക്കും നേര്‍സുമാരോട് പൂഛമാണ്. അന്നാല്‍ കുടുബത്തിന്റെ ഭദ്രതയ്ക്ക് അവര്‍ കൊടുക്കുന്ന വില...

ഇത്രവലിയ ഒരു ത്യാഗം, അതു ഏതെങ്കിലും പുരുഷന്നു ചെയ്യാന്‍ കഴിയുമോ?..

കാസിം തങ്ങള്‍ said...

ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ അരുമക്കിടാങ്ങള്‍ക്ക് സ്നേഹം ചുരത്തി നല്‍കാന്‍ കഴിയാത്ത ഹതഭാഗ്യരായ അമ്മമാര്‍. അമ്മിഞ്ഞപ്പാലിന്റെ മാധുര്യം നുകരാന്‍ സൌഭാഗ്യമില്ലാതെ പോകുന്ന പാവം കുഞ്ഞുങ്ങള്‍. അത്യാവശ്യം ജീവിച്ച്പോകാനുള്ള ചുറ്റുപാടുകള്‍ നാട്ടിലുണ്ടായിട്ടും സമ്പത്തിനോടുള്ള ആര്‍ത്തി മൂലം കുഞ്ഞുങ്ങളെ നാട്ടിലുപേക്ഷിച്ച് വിമാനം കയറുന്നവരും വിരളമല്ലല്ലോ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മറുവശമാണ് കൂടുതല്‍. ആവശ്യത്തിനു ( അതിലധികവും) പണവും സ്വത്തും ഉണ്ടായിട്ടും സ്വന്തം മക്കളെ താലോലിയ്ക്കാതെ നെട്ടോട്ടമോടുന്നവര്‍. പറഞ്ഞറ്രിഞ്ഞൂ കേട്ടതോ വായിച്ചറിഞ്ഞതോ അല്ല, ദിവസേന കാണുന്നതാ

Bindhu said...

നിവൃത്തികേടിന്റെ വേദന ...

Sharu.... said...

ജീവിതത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്ക് വേണ്ടി ചെയ്യേണ്ടി വരുന്ന ത്യാഗങ്ങളില്‍ അസഹനീയം ഇതൊക്കെ തന്നെ ആണ്

shahir chennamangallur said...

ഞാന് പ്രിയയുടെ പക്ഷത്താന്. കുടുംബവും മക്കളും എല്ലാം മറക്കാന് നമുക്ക് നമ്മുടെ ജോലി കാരണമാകുന്നെങ്കില് അത് അംഗീകരിക്കാന് വയ്യ. സോന്തമായി ജീവിക്കാന് വകയുള്ളവരുടെ കാര്യമാണ് ഞാന് പറഞ്ഞത്.
എത്രയോ ആളുകളെ എനിക്കറിയാം, നല്ല വരുമാന മാര്ഗമുള്ള കുടുംബങ്ങളില് നിന്നു, കുഞ്ഞുങ്ങളെ ഡേ കെയര് സെന്റെറില് ആകി, ജോലി ചെയ്യാന് പോകുന്നവര്. അങ്ങനെ ഡേ കെയര് സെന്റെറില് വളരുന്ന കുട്ടി, നാളെ സ്വന്തം മാതാ പിതാക്കളെ , വൃദ്ധ സദനത്തില് ആകുന്നതിനെ നമുക്ക് വിമര്ശിക്കാന് പറ്റുമോ ?
കുഞ്ഞുങ്ങളെ വളര്ത്തുന്നത് ഒരു നല്ല ജോലിയും, സംതൃപ്തി കിട്ടുന്ന കര്മ്മവുമായി കണ്ടു കൂടെ ?
ഒരു ജോലി ചെയ്യുന്ന സ്ത്രീ , സ്വന്തം പുരുഷനേക്കാള് 50 % എങ്കിലും അധിക ഭാരം വഹിക്കേണ്ടി വരുന്നുണ്ട് പലപ്പോഴും. അത് സ്ത്രീയൊട് ചെയ്യുന്ന ക്രൂരതയാണ് .

ശെഫി said...

ഈ വേദനയെ നന്നായി പകർത്താനായിരുക്കുന്നു താങ്കൾക്ക്,
പിയ പറഞതിനോട് യോജിക്കാനാവില്ലാ, മറുപക്ഷമാവില്ല ഭൂരിപക്ഷം, വിശേഷിച്ചും അമ്മമാരിൽ,
സ്ട്രഗ്ലിങ ഓഫ് എകിസിസ്തൻസിൽ അനിവാര്യമായി പോവുന്നതാണ് അത്

കുറ്റ്യാടിക്കാരന്‍ said...

ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന പല സഹപ്രവര്‍ത്തകരെയും എനിക്കറിയാം. അവരോട് കുട്ടികളെ പറ്റി ചോദിക്കാന്‍ പേടിയാണ്, കുട്ടികളെ ഓര്‍ത്ത് അവര്‍ കരയുമോ എന്ന പേടി.

ചിലര്‍ വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ട് കുട്ടികളെ നാട്ടില്‍ വിടുന്നു. ചിലര്‍ പണത്തിന് മുന്‍‌ഗണന കൊടുക്കുന്നതു കൊണ്ടും...

ജോലി ഇല്ലെങ്കിലും കുഴപ്പമില്ല, കുഞ്ഞിന് മുലകൊടുക്കാതെ നീ ഒരിടത്തും പോവണ്ട എന്ന് ഞാന്‍ പറയും, പെണ്ണ് കെട്ടട്ടെ...

അന്ന ഫിലിപ്പ് said...

പ്രിയ മുന്നൂറാന്‍...
മാതൃഭൂമി അഴ്‌ച്ചപ്പതിപ്പില്‍ നേരത്തെ ലേഖനം വായിച്ചാരുന്നു. പക്ഷെ എഴുതിയത്‌ താങ്കളാണെന്ന് മനസ്സിലായിരുന്നില്ല.

അടുത്ത കാലത്ത്‌ മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ വന്ന ഏറ്റവും മികച്ച ലേഖനമാണെന്ന്‌ എനിക്കു തോന്നുന്നു. അഭിനന്ദനങ്ങള്‍.

vasanth said...
This comment has been removed by the author.
കാന്താരിക്കുട്ടി said...

ചില അമ്മമാര്‍ തീരാ വേദനയോടെ ആയിരികും വിമാനം കയറുന്നത്.എന്റെ അയല്വക്കതെ ഒരു പെണ്‍കുട്ടി ..ഇപ്പോള്‍ പ്രസവം കഴിഞ്നു 60 ദിവസം ആകുന്നതേ ഉള്ളൂ. ഗള്‍ഫ് രാജ്യത്ത് നഴ്സ് ആണ്..ജോലിക്കു കയറണം. അടുത്താഴ്ച്ച പറക്കുകയാണ്.. ആ കൊച്ചിന്റെ സങ്കടം കാണാന്‍ വയ്യ.. ജോലി കളയാന്‍ വയ്യ.കുഞ്ഞിനെ കൂടെ കൊണ്ടു പോകാന്‍ വയ്യ.ഇത്തിരി പോന്ന കുഞ്ഞിനെ നാട്ടിലിട്ട് മറുനാട്ടില്‍ പോകെണ്ടി വരുന്ന നൊംബരം....

നജൂസ്‌ said...

സാദിഖ്‌,
നല്ലൊരു കുറിപ്പാണ്. തുടരുക.

വസന്തേ.. ന്യൂനപക്ഷം ഒഴിവാക്കണ്ട പക്ഷത്താണന്ന്‌ ശ്രുതിയുണ്ടോ..

അനൂപ്‌ കോതനല്ലൂര്‍ said...
This comment has been removed by the author.
അനൂപ്‌ കോതനല്ലൂര്‍ said...

ശരിയായിരിക്കാം സജിമാഷ് പറഞ്ഞ അഭിപ്രായത്തോട് ഞാനും യോജിക്കൂന്നുണ്ട്.
കുടുബത്തിന്റെ സാമ്പത്തീക ബുദ്ധിമുട്ടുകള്‍ കാരണമാണ് പലരും ജോലി തേടി പറക്കുന്നത്.
ഇന്ന് കേരളത്തില്‍ ഒരു സാധാരണകാരന്റെ
ജീവിക്കാന്‍ കഴിയുന്ന സാഹചര്യമല്ല ഉള്ളത്.
മക്കളെ വീട്ടില്‍ പ്രായമായവരെ ഏല്പിച്ച് അപ്പനും അമ്മയും ജോലി തേടി പോകുന്നത് ഒരു സാമ്പത്തിക അടിത്തറക്ക് വേണ്ടി തന്നെയാണ്.
ഒരു ശരാശരി കൂടുംബത്തിന് ഇന്ന് നാട്ടില്‍ ജീവിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്.
ആര്‍ക്കും മക്കളൊടൊപ്പം കഴിയ്യാന്‍ അഗ്രഹമില്ലാഞ്ഞിട്ടല്ല,നാളെകുട്ടികള്‍ വലൂതായി വരുമ്പോള്‍ അവര്‍ക്ക് ഒരു നല്ല ജീവിതം ഉണ്ടാക്കി
കൊടുക്കെണ്ട ഉത്തരവാദിത്വം അപ്പനെന്ന പോലെ
അമ്മക്കും ഇന്ന് അവകാശപെട്ടതാണ്..
ആ ഒരു കാര്യം നമ്മള്‍ മറക്കരുത്.
മക്കളെ മൂലയൂട്ടാനും അവരൊടൊപ്പം ചിലവ്വഴിക്കാനും ഒരോ മാതാവും കൊതിക്കുന്നുണ്ട്.ആ വേദനയോടെയാണ് അവര്‍ എന്നിട്ടും അകലങ്ങളിലേക്ക് പറക്കുന്നത്

മുസാഫിര്‍ said...

കാലിക പ്രസക്തീയുള്ള ലേഖനം . മൂന്നൂറാന്‍ നന്നായി എഴുതിയിരിക്കുന്നു.മാതൃഭൂമി നന്നായി ലേഔട്ട് ഒക്കെ ചെയ്ത് കൊടുത്തിട്ടുമുണ്ട്.വിഷയം ഇതായതു കൊണ്ട് കുറച്ച് കോപ്പി കൂടി ചിലവാകും എന്നും കരുതിക്കാണും.:-)

ലതി said...

എന്താ പറയുക?
മകനുണ്ടായിക്കഴിഞ്ഞ്,വീണ്ടും ജോലിക്കു പോയിത്തുടങ്ങിയ ദിവസം ഓര്‍മ്മ വരുന്നു..
മനസ്സും നെഞ്ചും ഒരുപോലെ വിങ്ങിയ നിമിഷങ്ങള്‍....
നന്നായി ഈ എഴുത്ത്..

മുഹമ്മദ് ശിഹാബ് said...

ഇത് വായിച്ചപ്പോള്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞുവെന്ന് എന്റെ ഒരു പെണ്‍ സുഹൃത്ത് പറഞ്ഞു... മാതൃഹൃദയത്തോളം ഇത് മനസ്സിലാക്കാന്‍ നമ്മുക്കാവില്ലല്ലോ...?

വേദന ഏത് പക്ഷത്തിന്റെതായാലും വേദന തന്നെ.. വളരെ നല്ല ഒരു കുറിപ്പാണിതെന്ന് പറയാതെ വയ്യ...

പിരാന്തന്‍ said...

മുന്നൂരാന്, പ്ലീസ്..
നട്ടപ്പിരാന്തനാക്കരുത്..
മകളെ കാണാത്ത ഒരു അച്ഛനാന് ഞാന്.......

Kichu & Chinnu | കിച്ചു & ചിന്നു said...

മാത്സര്യം കൂടി വരുന്ന ഈ ലോകത്ത്, ഇനി ആര്‍ക്കും ഒന്നിനും സമയമില്ലാതെയാ‍ായിത്തുടങ്ങും.. നമുക്കു മുന്‍പിലെത്താന്‍ നെട്ടോട്ടമില്ലാതെ പറ്റില്ല.. അതിനിടയ്ക്ക് നഷ്ടപ്പെടുന്നതെന്തെന്നാ‍രെങ്കിലും അറിയുന്നുണ്ടോ? ..
നല്ല പോസ്റ്റ്....
ആ ഒന്നാം ക്ലാസിലെ മടങ്ങി വരവിന്റെ വിവരണം ശരിക്കും ഇഷ്ടപ്പെട്ടു...

ഗീതാഗീതികള്‍ said...

വിജ്ഞാനവും മനസ്സിലിത്തിരി വിങ്ങലും പകര്‍ന്ന പോസ്റ്റ്.

കുറെപ്പേര്‍ ജീവിക്കാന്‍ വേണ്ടി ഇങ്ങനെ ചെയ്യേണ്ടി വരുന്ന അമ്മമാര്‍. മറ്റു ചിലര്‍ സ്വന്തം കുഞ്ഞിനേക്കാള്‍ തൂക്കം പണത്തിനു നല്‍കുന്നവര്‍.

shahir chennamangallur said...

News about the nellu krishi is updated in www.cmronweb.com

sv said...

വായിച്ച് കഴിഞ്ഞപ്പോള്‍ ഒരു വല്ലാത്ത വേദന.....


നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ഗൗരിനാഥന്‍ said...

മുന്‍പേ അറിയാവുന്ന പലവട്ടം കണ്ടിട്ടുള്ള കാര്യങ്ങള്‍ തന്നെ..പക്ഷെ ഇതു വായിചപ്പോള്‍ ഉണ്ടായ വേദന, നടുക്കം അതു വിവരിക്കാന്‍ വാക്കുകള്‍ ഇല്ല്യ..അത്രക്ക് ശക്തമാണ് തന്റെ ഭാഷ..ആശംസകള്‍...........

ബഷീര്‍ വെള്ളറക്കാട്‌ / pb said...

പണത്തിന്റെയും സുഖ സൗകര്യത്തിന്റെയും പിറകെ പായുന്നവര്‍ ഇല്ലാതില്ല. പക്ഷെ നിവര്‍ത്തികേടുകൊണ്ട്‌ മാറില്‍ നിന്നും കുഞ്ഞിനെ പറിച്ച്‌ മാറ്റുന്ന അമ്മയുടെ വിങ്ങല്‍.. അത്‌ പോലെ അമ്മിഞ്ഞയുടെ മാധുര്യം നുണയുന്ന കുഞ്ഞിന്റെ മുഖവും നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍

rumana | റുമാന said...

ഹോ... ഇതൊക്കെ കൂട്ടീം ഗുണിച്ചൂം ഹരിച്ചും ഞാനെടുത്ത തീരുമാനം നന്നായീന്നാ ഇപ്പോഴും എനിക്ക് തോന്നുന്നത്.

‘വിങ്ങുന്ന മനസ്സിന്റെ നോവറിയാന്‍ എല്ലാവര്‍ക്കും കഴിയും, എന്നാല്‍ വിങ്ങുന്ന മാറിന്റെ നൊമ്പരമറിയാന്‍ ഒരമ്മക്കെ കഴിയൂ’

അതിന്ന് വിപരീതമായി മൂന്നൂറാന്‍ അത് മനസ്സിലാക്കിയിരിക്കുന്നു. കണ്ണിന്റെ കാഴ്ചക്കപ്പുറം മൂന്നൂറാന്റെ ഉള്‍കാഴ്ചയെ പുകഴ്ത്തുന്നു ഞാന്‍ .

Kaippally കൈപ്പള്ളി said...

രണ്ടാമത്ത കുഞ്ഞു ജനിച്ചശേഷം ജോലിക്കു പോകുന്ന ഭാര്യ കഴിഞ്ഞ 13 മാസമായി കുഞ്ഞിനു് മുലപ്പാൽ ഉട്ടുന്നുണ്ടു്. ഇതിന്റെ സാങ്കേതിക വശങ്ങളെ കുറിച്ച് വിശതമായി ഒരു ലേഖനം "വിജയകരമായ ഒരു മുലയൂട്ടല്‍ പരീക്ഷണം" എന്ന തലക്കെട്ടിൽ എഴുതിയിരുന്നു.

മുന്നൂറാന്‍ said...

സജി -ശരിയാണ്‌. ഒരു പുരുഷനും ഇത്ര വലിയ ത്യാഗത്തിന്‌ അവസരം കിട്ടില്ല.
കാസിം തങ്ങള്‍ -സമ്പത്തിനോട്‌ ആര്‍ത്തിയുള്ളവരുമുണ്ടാകാം.
പ്രിയ/ഷാഹിര്‍ -അങ്ങിനെയുള്ളവരുമുണ്ടാകാം.
ബിന്ദു -നിവൃത്തികേടു തന്നെ
ഷാരു -സത്യം
ഷെഫി -സന്തോഷമായി.
കുറ്റിയാടിക്കാരന്‍ -അങ്ങിനെ തന്നെ പറയണം.

അന്ന ഫിലിപ്പ്‌ -തിരിച്ചറിഞ്ഞതില്‍ സന്തോഷം, നന്ദി.
കാന്താരിക്കുട്ടി -അതു വല്ലാത്ത വേദനയാണ്‌.
നജൂസ്‌, നന്ദി, സന്തോഷം.
അനൂപ്‌ -ഈ വേദന തിരിച്ചറിയുന്നുവല്ലോ..
മുസാഫിര്‍ -നന്ദി.
ലത -നന്ദി
മുഹമ്മദ്‌ ഷിഹാബ്‌ -അതേ, വേദന തന്നെ.
പിരാന്തന്‍ -പിരാന്താക്കിയതില്‍ ക്ഷമിക്കണം. നന്ദി.
കിച്ചു -നന്ദി.
ഗീതേച്ചി -അങ്ങിനെയുള്ളവരുമുണ്ടാകാം.
സു -ഈ വേദന സ്വയം അനുഭവിക്കുന്നവരുടെ കാര്യമോ..
ഗൗരിനാഥ്‌ -നന്ദി, നല്ല വാക്കുകള്‍ക്ക്‌,
ബഷീര്‍ -നല്ല വാക്കുകള്‍ക്ക്‌ നന്ദി.
റുമാന -പ്രോത്സാഹനത്തിന്‌ നന്ദി.
കൈപ്പള്ളി -ആ പോസ്‌റ്റ്‌ വായിക്കാം.

Anonymous said...

താങ്കളുടെ ബ്ലോഗിനെ പറ്റി ആദ്യം അറിഞ്ഞത് ഒരു മാധൃമത്തില് വന്ന കുറിപ്പിലൂടെ ആണ് .താങ്കളുടെ കവിതയിലൂടെ കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നു. എന്‍റെ ജനനസ്ഥലം വയനാടും ഇപ്പോള്‍ കോഴിക്കാട്ടിലുമാണ് .പ്ലസ് ടു വിദ്യാര്‍ത്തിയാണ് .അല്പം നന്നായി കവിതയും എഴുതും.പറ്റുമെങ്കില്‍ എന്‍റെ ബ്ലോഗ് വായിച്ചു അഭിപ്രായം അറിയിക്കുക.കാരണം എന്‍റെ കവിതയിക്ക് അവയിക്കെ NPK വളമാണ്.

Thasleem said...

njanum oru pravasiya... vazhichittu sankadam varunnu

pr.simon said...
This comment has been removed by the author.
pr.simon said...
This comment has been removed by the author.
pr.simon thomas ,rajasthan said...

vaichapol dukam toni .....

pr.simon said...

vayichapol dukam toni .... oru samukika vishayamai marikaziju... gulfil pokunavarude matramalla north indiail jobne varunavrude dukam kudiyane .....

Firoz said...

jossetante panathinte aaarthi allathe oru nivarthikeedumalla....