Monday, November 1, 2010

ഖബറിലേക്കുള്ള പെരുന്നാള്‍ യാത്രകള്‍

പി.ടി.മുഹമ്മദ് സാദിഖ്

പെരുന്നാളുകള്‍ എന്നും വീട്ടിലേക്കുള്ള യാത്രകള്‍ കൂടിയായിരുന്നു. അഞ്ചാം ക്ലാസു മുതല്‍ യതീംഖാനയില്‍ നിന്ന്. പിന്നെ നാട്ടിലെ തൊഴിലിടങ്ങളില്‍ നിന്ന്. ഒടുവില്‍ പ്രവാസത്തിന്റെ വിരസ നഗരത്തില്‍ നിന്ന്. അങ്ങിനെയൊരു യാത്ര പുറപ്പെടാന്‍ നേരത്താണ് ജമാലുദ്ദീന്‍ പറഞ്ഞത്, ഒരു പെരുന്നാള്‍ കുട്ടികളോടൊപ്പം എനിയ്ക്കും കൂടണം. അത് ജമാലിന്റെ സ്വപ്നമാണ്. ഒപ്പം താമസിക്കുന്ന മുഹമ്മദിന്റേയും അബ്ദുറഹ്മാന്റേയും സ്വപ്നമാണ്. ആറ് വര്‍ഷം മുമ്പ്, നാല് വര്‍ഷത്തെ ഇടവേളക്കുശേഷമായിരുന്നു, ഒരു പെരുന്നാളിന് വീട്ടില്‍ കൂടാന്‍ ഞാന്‍ പുറപ്പെട്ടത്.

അന്നത്തെ ആ യാത്ര ഓര്‍മയിലുണ്ട്. ഇരുട്ടിന്റെ ആകാശങ്ങളെ കീറിമുറിച്ച് വിമാനം പറന്നുയരുകയാണ്. താഴെ വൈദ്യുതി ദീപങ്ങളുടെ ചന്തത്തിനൊപ്പം പ്രവാസ ഭൂമി കണ്ണില്‍നിന്നും മനസ്സില്‍നിന്നും മാഞ്ഞുപോയി. പെരുന്നാളിന്റെ ആഹ്ലാദങ്ങളിലേക്ക് പ്രിയപ്പെട്ടവരുടെ സാമീപ്യം തേടി പോകുന്ന പ്രവാസികളാണ് വിമാനം നിറയെ.

ആഘോഷവേളകള്‍ പ്രവാസിയുടെ നെഞ്ചകം എന്നും കലുഷിതകമാക്കുന്നു. ജീവിതം തേടി നാടുവിടുമ്പോള്‍ നഷ്ടപ്പെടുന്ന വലിയ വലിയ സന്തോഷങ്ങളാണിത്. ദൂരെ പ്രിയപ്പെട്ടവരില്‍നിന്ന് അകന്ന് ഒറ്റപ്പെട്ടു കഴിയുമ്പോള്‍ അവന് ആഘോഷമില്ല. ആഘോഷത്തിന്റെ ആഹ്ലാദമില്ല. നാട്ടിലെ വേലയും പൂരവും അവന്റെ നോവുകള്‍ക്ക് ആക്കം കൂട്ടുന്നു. ഉത്സവപ്പറമ്പും നേര്‍ച്ചപ്പറമ്പും അവന്റെ ഗൃഹാതുരത്തിന്റെ മുറിവുകളിലാണ് പെരുമ്പറ കൊട്ടുന്നത്.

വിമാനത്തില്‍ തൊട്ടടുത്ത്, കാസര്‍ക്കോട്ടുകാരന്‍ അബ്ദുല്ലക്കുഞ്ഞിയായിരുന്നു. പത്തൊമ്പത് വര്‍ഷമായി പ്രവാസ രാജ്യത്ത് കഴിയുന്ന അദ്ദേഹം അവിടെ എത്തിയതില്‍ പിന്നെ നാട്ടിലൊരു പെരുന്നാള്‍ കൂടിയിട്ടില്ല. സുന്നത്ത് കഴിഞ്ഞ് മകന്‍ ആദ്യത്തെ പെരുന്നാള്‍ നമസ്‌കരിക്കാന്‍ പള്ളിയില്‍ പോകുന്നത് കാണാന്‍ സാധിക്കാത്തതിന്റെ വേദന ആ മനസ്സിലുണ്ട്. പുത്തനുടുപ്പും കുഞ്ഞുറുമാലുമായി അത്തര്‍ പൂശി മകന്‍ പള്ളിയിലേക്ക് പോകുന്നത് സങ്കല്‍പിച്ച് ആ പെരുന്നാളിന് അയാള്‍ എയര്‍ കണ്ടീഷന്റെ ഹുങ്കാരമുള്ള മുറിയില്‍ സങ്കടപ്പെട്ടു കിടന്നു.
ആ മകന്‍ പെണ്ണു കെട്ടി. പേരക്കുട്ടിക്ക് ഒരു വയസ്സ്. പെണ്‍മക്കളുടെ മക്കള്‍ വേറെ. മക്കളും പേരക്കുട്ടികളുമൊക്കെയായി പെരുന്നാള്‍ കൂടണം. പത്തൊമ്പത് വര്‍ഷത്തിനുശേഷം പ്രിയപ്പെട്ടവര്‍ക്കൊപ്പം സ്വന്തം മണ്ണിലൊരു പെരുന്നാള്‍. ഇക്കുറിയാണ് പെരുന്നാളെന്നും ഇതിലും വലിയൊരു വല്യപെരുന്നാളിനി വരാനില്ലെന്നും അബ്ദുുല്ലക്കുഞ്ഞി പറഞ്ഞപ്പോള്‍ അയാളുടെ കണ്ണുകളില്‍ ശവ്വാലമ്പിളി നേരത്തെ പൂത്തിറങ്ങിയ പോലെ തോന്നി.

മുഹമ്മദും അബ്ദുറഹ്മാനും വര്‍ഷങ്ങളുടെ പ്രവസത്തിനിടെ, നാട്ടിലൊരു പെരുന്നാള്‍ കൂടാന്‍ ചെന്നപ്പോഴേക്കും മക്കളൊക്കെ വലുതായിപ്പോയിരുന്നു. പള്ളിയേല്ക്ക് പുറപ്പെടുമ്പോള്‍ പെരുന്നാള്‍ മണക്കുന്ന വിരല്‍ത്തുമ്പില്‍ പിടിക്കാന്‍ പേരക്കുട്ടികളേ ഉണ്ടായിരുന്നുള്ളു. മക്കള്‍ക്കും തനിക്കും നഷ്ടമായതെന്തെന്ന് രണ്ട് പേരും തിരിച്ചറിയുന്നത് അപ്പോഴാണ്. ഇക്കഥകള്‍ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ജമാലുദ്ദീന്‍ പറഞ്ഞത്, അടുത്ത പെരുന്നാളിന് ഞാനും പോകും നാട്ടില്‍. അവധി പെരുന്നാളിനോട് ചേര്‍ത്ത് എടുക്കാന്‍ നോക്കണം.

ജമാലുദ്ദീന്, പക്ഷേ അവധിയും പെരുന്നാളും ഒത്തു വന്നില്ല.പിന്നെയും പെരുന്നാളുകള്‍ കഴിഞ്ഞു പോയി. രണ്ട് വര്‍ഷം മുമ്പ് ഒരു നീണ്ട അവധിക്ക് ജമാല്‍ നാട്ടിലേക്ക് പോയി. രോഗം. അതിന്റെ ഭീകരത അപ്പോള്‍ ജമാലിനറിയില്ലായിരുന്നു. അതു തന്നെ, അര്‍ബുദമെന്ന മഹാ രോഗം. പോകുമ്പോള്‍ ജമാല്‍ പറഞ്ഞു, ഇക്കുറി പെരുന്നാളിന് ഞാന്‍ നാട്ടിലുണ്ടാകും. നീ വരുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും വീട്ടിലേക്ക് വരണം. ഞാന്‍ വാക്കു കൊടുത്തു.

പെരുന്നാളിന് മുമ്പേ ഞാന്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയിരുന്നു. ഞാനും ജലീലും കമ്മുക്കുട്ടി ഹാജിയും കൂടിയാണ് ജമാലിന്റെ വീട്ടിലേക്ക് പോയത്. അവിടെ ജമാലുണ്ടായിരുന്നില്ല. പെരുന്നാളും. മഹാ രോഗം അയാളെ വലിയ ആഘോഷങ്ങളുടെ സ്വര്‍ഗപ്പൂങ്കാവനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. അവന്റെ ഉമ്മയുടേയും ഭാര്യയുടേയും തൊണ്ടിയല്‍ വാക്കുകളുമില്ലായിരുന്നു, ഞങ്ങളെ വരവേല്‍ക്കാന്‍. വീട്ടുകാരുടേയും വിരുന്നുകാരുടേയും കണ്ണുകളിലെ കണ്ണുനീര്‍ തുള്ളികള്‍ മാത്രം പരസ്പരം സംസാരിച്ചു. ജമാലിന് മക്കളോടൊപ്പം പെരുന്നാള്‍ കൂടാന്‍ സാധിച്ചില്ല. ജമാലിനൊപ്പം കൂടാന്‍ എനിയ്ക്കും.

അവന്റെ മകന്‍ ഞങ്ങളെ, പള്ളിപ്പറമ്പിലേക്ക് വഴികാട്ടി. ജമാലിന്റെ ഖബറിടത്തില്‍ പച്ചമണ്ണ് ഉണങ്ങിത്തുടങ്ങിയുരുന്നു. കമ്മുക്കുട്ടി ഹാജിയുടെ പ്രാര്‍ഥനാ വചനങ്ങള്‍ക്ക് ഞാനും ജലീലും ആമീന്‍ പറഞ്ഞു കൊണ്ടിരുന്നു.

ഖബറിടത്തിലേക്കുള്ള പെരുന്നാള്‍ യാത്രകള്‍ മുമ്പും എന്റെ കാലുകളില്‍ കൂര്‍ത്ത മുള്ളുകള്‍ കുത്തിക്കയറ്റിയിട്ടുണ്ട്. ആ നോവില്‍ ഒരുപാട് വട്ടം പിടഞ്ഞു നിന്നിട്ടുണ്ട്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യം. യതീംഖാനയില്‍ നിന്ന് അവധിക്കു വന്നപ്പോള്‍ ഒരിയ്ക്കല്‍ വെല്യായിച്ചി (ബാപ്പയുടെ ബാപ്പ) വീട്ടിലുണ്ടായിരുന്നില്ല. അക്കൊല്ലം പെരുന്നാളിന് ഉമ്മയും അമ്മായിമാരും അമ്മായിയുടെ മകള്‍ കുഞ്ഞാളും മൈലാഞ്ചിയിട്ടില്ല. മൈലാഞ്ചിയിടുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ കുഞ്ഞാള്‍ പറഞ്ഞു, വെല്യായിച്ചി മരിച്ചതു കൊണ്ട് ഇക്കൊല്ലം നമുക്ക് പെരുന്നാളില്ലെന്ന്. നേരാണ്. വെല്യായിച്ചിയില്ലാതെ എന്തു പെരുന്നാള്‍? അല്ലെങ്കില്‍ പെരുന്നാള്‍ തലേന്ന് എന്ത് ജോറായിരുന്നു. പല പറമ്പുകള്‍ കയറിയിറങ്ങി മൈലാഞ്ചിക്കൊമ്പൊടിച്ച് അരച്ച് വെളഞ്ഞി (ചക്കപ്പശ) കൊണ്ട് പുള്ളി കുത്തി പെണ്ണുങ്ങളൊക്കെ മൈലാഞ്ചിയുടെ ചോപ്പിലേക്ക് പൂക്കും. ചെറിയ ആണ്‍കുട്ടികള്‍ക്കും ഇട്ടു കൊടക്കും. അങ്ങിനെ ചുടുള്ള വെളഞ്ഞിയുടെ പുള്ളി കൊണ്ട് എത്രയോ വട്ടം ഉള്ളം കൈ പൊള്ളിയിട്ടുണ്ട്. നേരം വെളുക്കുമ്പോള്‍ ചിലപ്പോള്‍ കിടന്ന പായയിലും ഉടുത്ത തുണിയിലുമൊക്കെ മൈലാഞ്ചിച്ചോപ്പ് പരന്നിട്ടുണ്ടാകും. അക്കൊല്ലം അതൊന്നുമുണ്ടായില്ല. ആ പെരുന്നാളിനാണ് ആദ്യമായി ഞാന്‍ ഖബറിടത്തിലേക്ക് യാത്ര പോയത്. ബാപ്പക്കും എളാപ്പമാര്‍ക്കും ഒപ്പം. അന്ന് വെല്യായിച്ചിയെ ഖബറില്‍ വിട്ട്, പെരുന്നാളില്ലാത്ത വീട്ടിലേക്ക് മടങ്ങിപ്പോരുമ്പോള്‍ മനസ്സിലുണ്ടായ സങ്കടം ഇന്നും മാറിയിട്ടില്ല.

ഒമ്പതാം ക്ലാസില്‍ പഠിയ്ക്കുമ്പോഴാണ് അനിയത്തി മരിച്ചു പോയത്. അന്നും യതീം ഖാനയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയിക്കാതെ പത്താം ക്ലാസില്‍ പഠിക്കുന്ന കൂട്ടുകാരന്‍ ഇസ്ഹാഖ് എന്നെ വീട്ടില്‍ എത്തിച്ചു. ആ രാത്രിയുടെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. കോഴിക്കോട്ടു നിന്ന് ആനക്കാംപൊയിലിലേക്ക് പോകുന്ന അവസാനത്ത കെ.എസ്.ആര്‍.ടി.സി ബസില്‍ മണാശ്ശേരിയില്‍ വന്ന് ബസ്സിറങ്ങി. പാതിരാത്രി വിജനമായ റോഡിലൂടെ വീട്ടിലേക്ക് നടക്കുമ്പോള്‍ എന്റെ കയ്യില്‍ മുറുകെ പിടിച്ച് ഇസ്ഹാഖ് പറഞ്ഞു, വീട്ടില്‍ എന്തു സംഭവിച്ചാലും ബേജാറാകരുത്. നമ്മള്‍ പിടിച്ചു നില്‍ക്കണം. എനിക്കൊന്നും മനസ്സിലായില്ല. വീട്ടില്‍ എന്തു സംഭവിക്കാനാണ്? ദൂരെ നിന്നേ വീട്ടില്‍ കത്തുന്ന റാന്തലിന്റെ വെളിച്ചെ കാണാം. എന്താണ് ആരും ഉറങ്ങാത്തതെന്നേ ഞാന്‍ ചിന്തിച്ചുള്ളൂ. വീട്ടില്‍ ആരൊക്കെയോ ഉണ്ടായിരുന്നു. എന്തോ സംഭവിച്ചിട്ടുണ്ട്. ഉമ്മയും ബാപ്പയുമില്ലാത്ത കുട്ടികളുടെ ഇടയില്‍ നിന്ന് വരുന്നതുകൊണ്ട് പെട്ടെന്ന് ഞാനോര്‍ത്തു, പടച്ചോനേ ആരെങ്കിലും മരിച്ചിട്ടുണ്ടാകുമോ? ബാപ്പക്ക് പണ്ട് ഹൃദ്രോഗമുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ബാപ്പ ചായയും ബീഡിയും ഉപേക്ഷിച്ചത് അന്നു മുതലാണത്രെ.
കോലായിലേക്ക് കയറിയപ്പോള്‍ കട്ടിലില്‍ ബാപ്പ ഇരിക്കുന്നുണ്ട്. പടച്ചോനെ ഉമ്മാക്ക് എന്തെങ്കിലും? ഇല്ല, അകത്ത് നിന്ന് ന്റെ മോള്.... എന്ന് പറഞ്ഞു കരയുന്നത് ഉമ്മയാണ്. പെട്ടെന്ന് ബാപ്പ കട്ടിലില്‍ നിന്നെഴുന്നേറ്റ് ബാപ്പ ഒരു പൊട്ടിക്കരച്ചിലായിരുന്നു, നമ്മുടെ മോളി പോയെടാ....
ഇസ്ഹാഖ് പറഞ്ഞ പോലെ ബേജാറാകാതിരിക്കനും പിടിച്ചു നില്‍ക്കാനും എനിക്ക് സാധിച്ചില്ല. കഴിഞ്ഞ അവധിക്കു പോകുമ്പോള്‍ എത്ര ഉമ്മകളാണ് അവള്‍ എനിയ്ക്കു തന്നത്. അത് ഓര്‍ത്തപ്പോള്‍ ഞാന്‍ വല്ലാതെ ബേജാറായി. പിടി വിട്ടു പോയി.
ഞാന്‍ ജുനൈദ എന്ന് പേരിട്ട കുട്ടിയായിരുന്നു അവള്‍. എന്റെ ക്ലാസിലുണ്ടായിരുന്ന ഏറ്റവും സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ പേരായിരുന്നു അത്. മോളി എന്നായിരുന്നു ഒന്നര വയസ്സുള്ള അവളെ ഞങ്ങള്‍ ഓമനിച്ച് വിളിച്ചിരുന്നത്. മോളി ഞങ്ങളെ വിട്ടു പോയ അക്കൊല്ലവും ഞങ്ങള്‍ക്ക് പെരുന്നാളുണ്ടായിരുന്നില്ല.

ആ മരണത്തിലേക്ക് എന്നെ കൊണ്ടു വന്ന ഇസ്ഹാഖും എനിക്കൊരു പെരുന്നാള്‍ ഇല്ലാതാക്കി പെട്ടെന്നൊരു ദിവസം സ്വര്‍ഗ്ഗത്തിലേക്ക് പോയ്ക്കളഞ്ഞു. അന്നും ഞാന്‍ ബേജാറായി. എല്ലാ പിടിയും വിട്ടുപോയി. ഒരപകടം അവനെ കൊണ്ടുപോയ വര്‍ഷം അവന്റെ മക്കള്‍ക്കും വീട്ടുകാര്‍ക്കുമൊപ്പം ഞാനും പെരുന്നാളില്ലാത്തവനായി. അപ്പോഴേക്കും പ്രവാസ ഭൂമിയിലെത്തിയിരുന്നതിനാല്‍ ആഘോഷ ശൂന്യമായ ആ പെരുന്നാളിന്റെ ദുഃഖത്തിലും ഞാന്‍ തനിച്ചായി.

ഓര്‍മയിലെ ആദ്യത്തെ പെരുന്നാള്‍ കുപ്പായം വാങ്ങിത്തന്നത് ബാപ്പയല്ല. ബാബുക്കാക്കയാണ്. ഉമ്മയുടെ ആങ്ങള. ബിസ്‌ക്കറ്റ് കളറില്‍ ബിസ്‌കറ്റിന്റെ ചിത്രമുള്ള ആ കുപ്പായം ഇപ്പോഴും ഒരു പെരുന്നാളിന്റെ ആനന്ദം പോലെ മനസ്സിലുണ്ട്. ബാബുക്കാക്കയേയും ഒരപകടം ഞങ്ങളില്‍ നിന്ന് പറിച്ചു കൊണ്ടുപോയി. അദ്ദേഹം പോയ കൊല്ലം ആ ഖബറിടത്തിലേക്കായിരുന്നു എന്റെ പെരുന്നാള്‍ യാത്ര. ഞാന്‍ ജോലിയില്‍ പ്രവേശിച്ച ഉടനെയായിരുന്നു അദ്ദേഹത്തിന്റെ മരണം. ഒരു പെരുന്നാളിന് ബാബുക്കാക്കക്ക് ഒരു കുപ്പായം വാങ്ങിക്കൊടുക്കണമെന്ന എന്റെ മോഹം കൂടിയാണ് വെറുതെയായത്. ഖബറിടത്തില്‍ വെല്യാപ്പക്കും അമ്മാവന്മാര്‍ക്കുമൊപ്പം പ്രാര്‍ഥനയോടെ നില്‍ക്കുമ്പോള്‍ എന്റെ കണ്ണും മനസ്സും ആ പെരുന്നാളിന്റെ വലിയ കയ്പില്‍ കരഞ്ഞു കൊണ്ടിരുന്നു. ഇപ്പോഴും ആ ഖബറിടത്തിലേക്ക് നോക്കാന്‍ പേടിയാണ്. കാരണം അത്രയും സ്‌നേഹമയനായ വേറൊരാള്‍ പിന്നെ ജീവിതത്തിലുണ്ടായിട്ടില്ല.

പിന്നീട്, വെല്യാപ്പയുടെ, വെല്യുമ്മമാരുടെയൊക്കെ ഖബറിടങ്ങളിലേക്ക് ഇതുപോലെ പെരുന്നാളില്ലാതെ വേദനയോടെ യാത്ര പോയി. ആഘോഷങ്ങള്‍ മരിച്ചു പോയ പ്രിയപ്പെട്ടവരുടെ ഓര്‍മകളിലേക്കുള്ള യാത്ര കുടിയാകുന്നു.

മരിച്ചു പോകണമല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ എനിക്കുള്ള ഭയം അതു തന്നെയാണ്. എന്റെ കുട്ടികള്‍ക്ക് ഒരു പെരുന്നാളെങ്കിലും അതു കൊണ്ട് നഷ്ടപ്പെട്ടു പോകുമല്ലോ!

(മാധ്യമം പെരുന്നാള്‍ സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്‌)

Sunday, August 15, 2010

ബാല്യകാല സഖിയും ഞാനും

സജീവമായ ഒരു വായനശാലയോ ഗ്രന്ഥശാലയോ അത്തരം സാംസ്‌കാരിക ചലനങ്ങളോ ഒന്നുമില്ലാത്ത വെറുമൊരു ഗ്രാമത്തിലായിരുന്നു കുട്ടിക്കാലം. വല്ലപ്പോഴും കിട്ടുന്ന ചംപകും ബാലരമയും പൂമ്പാറ്റയും ഒക്കെ വായിക്കുമെന്നല്ലാതെ പുസ്തകങ്ങളുടെ ലോകം ഒട്ടും പരിചയമില്ല.

പേരാമ്പ്ര എ.യു.പി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസ് ടീച്ചറായിരുന്ന പത്മനാഭന്‍ മാഷാണ് പുസ്തക വായനയുടെ ലോകത്തേക്ക് വാതില്‍ തുറന്നു തന്നത്. ആറാം ക്ലാസിലായിരുന്നു. അക്കൊല്ലമാണ് സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നുള്ള പുസ്തകങ്ങള്‍ ആദ്യം കിട്ടുന്നത്. മേശപ്പുറത്ത് വെച്ച പുസ്‌കതങ്ങളുടെ അട്ടിയില്‍ നിന്ന് ഒരു പുസ്തകം വലിച്ചെടുത്ത് മാഷ് പറഞ്ഞു: നീ ഇതു വായിച്ചോളൂ.

ബാല്യകാല സഖി. വൈക്കം മുഹമ്മദ് ബഷീര്‍.

പുസ്‌കത്തിന്റെ പിന്നാമ്പുറത്ത് കൈയില്‍ മുഖം താങ്ങി ചിന്താമഗ്‌നനായിരിക്കുന്ന മഹാനായ എഴുത്തുകാരന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം.

ആ പുസ്തകം തന്നെ ഞാന്‍ ആദ്യം വായിക്കണമെന്ന് മാഷ് നേരത്തേ തീരുമാനിച്ച പോലെയായിരുന്നു. പുസ്തകങ്ങളുടെ അട്ടിയില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത് നീ ഇതു വായിച്ചോ എന്ന് മാഷ് പറഞ്ഞത് അതുകൊണ്ടാണെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. ആദ്യത്തെ പെണ്ണു പോലെ ആദ്യത്തെ ആ പുസ്തകം എന്നുമെന്റെ പുസ്‌കതമാണ്. അതില്‍ പ്രണയമുണ്ട്. സ്വപ്നങ്ങളുണ്ട്. ദാരിദ്ര്യമുണ്ട്. പ്രവാസമുണ്ട്. പില്‍ക്കാലത്ത് ഞാന്‍ അനുഭവിച്ച പലതുമുണ്ട്. മജീദിന്റെയും സുഹ്‌റയുടേയും പ്രണയ നഷ്ടമാണോ ദാരിദ്ര്യത്തിന്റെ വേദനകളാണോ എന്നറിയില്ല, മൂടിക്കെട്ടിയ കണ്ണുകള്‍ പലപ്പോഴും വായന മുറിച്ചു. എന്റെ കണ്ണുനീര്‍ വീണ ആദ്യ പുസ്തകവും ഇതുതന്നെ. ഒരു ആറാം ക്ലാസുകാരനെ ആ പുസ്തകം എങ്ങിനെ അത്ര മാത്രം കരയിച്ചുവെന്ന് ഞാന്‍ പിന്നീട് ആലോചിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസില്‍ വാര്‍ഷിക പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേ ദിവസമാണ് ഞാന്‍ ബാല്യകാല സഖി എന്റെ മകനെക്കൊണ്ട് വായിപ്പിച്ചത്. ഇടക്ക് വായന നിര്‍ത്തുമ്പോഴും വായന പൂര്‍ത്തിയാക്കിയ ശേഷവും അവന്‍ പറഞ്ഞു, ഭയങ്കര സങ്കടം തോന്നുന്നു വായിച്ച്യേ എന്ന്.

ബാല്യകാല സഖി വായിച്ചതില്‍ പിന്നെയാണ് ഞാനൊരൂ കാമുകനായി മാറിയത്. കാണുന്ന സുന്ദരിമാരുടെ മുഖങ്ങളിലെല്ലാം ഞാനെന്റെ സുഹ്‌റയെ തെരഞ്ഞു. ഉറക്കത്തില്‍ പല സുന്ദരിമാരും വന്നെന്റെ കൈത്തണ്ടയില്‍ പാര പോലുള്ള നഖങ്ങളാല്‍ ശക്തിയോടെ മാന്തി. 'തീച്ചെരവ കൊണ്ട് മാന്തേറ്റ പോലെ ഞാന്‍ പുളഞ്ഞ്, എന്റുമ്മോ'' എന്ന് ഉറക്കത്തില്‍ വിളിച്ചു കരഞ്ഞു. പണമില്ലാത്തവര്‍ക്ക് പഠിച്ച് വലിയ ഉദ്യോഗസ്ഥനാകാനൊന്നും പറ്റില്ലെന്ന് സുഹ്‌റ മജീദിനോട് പറയുന്നുണ്ട്. യതീംഖാനയിലാണ് അന്നു ഞാന്‍ താമസിച്ചിരുന്നത്. പണമില്ലാത്തതുകൊണ്ടാണല്ലോ ബാപ്പ എന്നെ യതീംഖാനയിലാക്കിയത്. 'പണോക്കെ ഞമ്മക്ക് അല്ലാഹ് തരുമെന്ന' സുഹ്‌റയുടെ ബാപ്പയുടെ വാക്കുകള്‍ ഞാന്‍ എപ്പോഴും ഓര്‍ക്കും. പനി പിടിച്ച് ബാപ്പ മരിച്ചു പോയതോടെ യതീമായി മാറിയ സുഹ്‌റക്ക് പിന്നെ സ്‌കൂളില്‍ പോകാനോ പഠിക്കാനോ സാധിച്ചില്ലല്ലോ. യതീമായ സുഹ്‌റ എനിക്കും പഠിക്കണമെന്ന് പറഞ്ഞ് ചീവീടു കരയും പോലെ കരഞ്ഞപ്പോള്‍ ആ ശബ്ദം മജീദിന്റെ തലക്കുള്ളില്‍ മാത്രമല്ല, എന്റെ തലക്കുള്ളിലും മുഴങ്ങി.

സുഹ്‌റയെ കൂടി പഠിപ്പിക്കാമെന്ന് മജീദ് പറഞ്ഞപ്പോള്‍ രാജ്യം വിട്ടു പോകാനാണ് മജീദിന്റെ ബാപ്പ പറയുന്നത്. ലോകരൊക്കെ കഴിയുന്നത് എങ്ങിനെയെന്ന് പഠിക്കാന്‍ രാജ്യം വിട്ടു പോകണം. രാജ്യം വിട്ടു പോകണമെന്ന് മജീദും ഇടക്ക് ആഗ്രഹിക്കുന്നുണ്ട്. രാജ്യോക്കെ ചുറ്റിക്കറങ്ങി വരുമ്പോള്‍ ശ്രീമതി സുഹ്‌റ തന്നെ കണ്ട ഭാവം നടിക്കുമോ എന്ന ആശങ്ക മാത്രമേ അവനുള്ളു.
ഒടുവില്‍ ബാപ്പയോട് വഴക്കിട്ട് അവന്‍ രാജ്യം വിടാന്‍ തന്നെ തീരുമാനിക്കുന്നു. വീടും നാടും ഉപേക്ഷിച്ചു അവന്‍ പോയി. പ്രി ഡിഗ്രി കാലത്ത് അങ്ങിനെയൊരു സന്ദര്‍ഭത്തില്‍ ഞാനും നാടു വിട്ടു. മദിരാശിയിലേക്കുള്ള തീവണ്ടിയില്‍ കുത്തിയിരിക്കുമ്പോള്‍ ഞാന്‍ മജീദായി. മദിരാശി പട്ടണത്തിലെ ഹോട്ടലുകളില്‍ ചെന്ന് ജോലി ചോദിക്കുമ്പോള്‍ മജീദ് മാത്രമായിരുന്നു മനസ്സിലെ മാതൃകാ പുരുഷന്‍.

വിധിയുടെ വിളയാട്ടത്തില്‍ വലിയ പണക്കാരനായിരുന്ന മജീദിന്റെ ബാപ്പയും ദരിദ്രനാകുന്നു. വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാനും സഹോദരിമാരെ കെട്ടിച്ചയക്കാനും സുഹ്‌റയെ വിവാഹം ചെയ്യാനും മെച്ചപ്പെട്ട ജീവിതം തേടി മജീദ് പിന്നെയും രാജ്യം വിട്ടു പോകുന്നു. അത് ലോകരുടെ ജീവിതം കണ്ടു പഠിക്കാനായിരുന്നില്ല. രാജ്യമൊക്കെ ഒന്ന് ചുറ്റിക്കറങ്ങാനുമായിരുന്നില്ല. സ്വയം ജീവിക്കാനും കുറേ പേരെ ജീവിപ്പിക്കാനുമുള്ള മോഹത്തിന്റെ പേരിലായിരുന്നു. ബഷീറിന്റെ എഴുത്ത്:
സുഹ്‌റായെ വിവാഹം ചെയ്യുക.


അതിനു മുമ്പ് സഹോദരികള്‍ക്ക് ഭര്‍ത്താക്കന്മാരെയുണ്ടാക്കുക. സ്ത്രീധനത്തിനും ആഭരണങ്ങള്‍ക്കുമുള്ള വക സമ്പാദിക്കുക. ആയതിലേക്ക് എന്തെങ്കിലും ജോലി വേണം. ഒടുവില്‍ ജന്മദേശത്തു നിന്നും ആയിരത്തിയഞ്ഞൂറ് മൈല്‍ ദൂരെയുള്ള മഹാനഗരിയില്‍ മജീദ് ചെന്നു പറ്റി.

ഏതാണ്ട് ഇതേ കാരണങ്ങള്‍ കൊണ്ടൊക്കെ തന്നെ കടല്‍ കടന്നു പ്രവാസ ലോകത്തേക്ക് പോകുമ്പോള്‍ ഞാന്‍ പിന്നെയും മജീദാകുന്നുണ്ട്.

പണവും പത്രാസുവമുള്ളപ്പോഴേ നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസിക്കും വിലയുള്ളൂ. പെട്ടികള്‍ കാലിയാകുമ്പോള്‍ 'നിന്ദാവഹങ്ങളായ നോട്ടങ്ങളും പരിഹാസങ്ങളും' ലഭിക്കേണ്ടി വന്ന പ്രവാസികളായ എത്രയോ ആളുകളെ കണ്ടിട്ടുണ്ട്. ആദ്യത്തെ രാജ്യ സഞ്ചാരം കഴിഞ്ഞ് വലിയ പെട്ടികളുമായി തിരിച്ചു വരുമ്പോള്‍ മജീദിന് വലിയ സ്വീകരണങ്ങളായിരുന്നു. മജീദിന്റെ പക്കല്‍ ഒന്നുമില്ലെന്ന് മനസ്സിലാകുമ്പോള്‍ വെറും പാപ്പറെന്ന് പറഞ്ഞ് നാട്ടുകാര്‍ മജീദിനെ പരിഹസിക്കുന്നു. അവനെന്തിന് വരാമ്പോയി എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. പത്ത് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ എന്നെക്കുറിച്ചും ആളുകള്‍ അങ്ങിനെ ചോദിക്കുന്നു: ഓനെന്തു പറ്റി?

വേദനയുടെ ഏത് കുരുക്കളും പൊട്ടിച്ചു കളയാന്‍ സ്‌നേഹത്തോളം പോന്ന ഒരു ദിവ്യൗഷധമില്ലെന്നും മജീദും സുഹ്‌റയും എന്നെ പഠിപ്പിച്ചു. അത്രയും അഗാധമായി സ്‌നേഹിച്ചിട്ടും സുഹ്‌റ മരിക്കുമ്പോള്‍ അടുത്തിരിക്കാന്‍ മജീദിന് സാധിക്കുന്നില്ല. മജീദ് പ്രവാസിയായിരുന്നു. ജീവിക്കാന്‍ വേണ്ടി നാടു വിട്ടു പോയി അന്യ നാട്ടില്‍ കഴിയുന്നവന്‍. ഉമ്മയുടെ കത്തില്‍ നിന്നാണ് മജീദ് സുഹ്‌റയുടെ മരണം അറിയുന്നത്. എന്നെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന വെല്യായിച്ചിയുടെ മരണം യതീംഖാനയില്‍ നിന്ന് അടുത്ത അവധിക്കു വരുമ്പോള്‍ മാത്രമാണ് ഞാന്‍ അറിയുന്നത്. (യതീമിന്റെ നാരങ്ങാ മിഠായി -ആഴ്ചപ്പതിപ്പ് 86:14 ). ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒന്നര വയസ്സുള്ള അനിയത്തിയുടെ മയ്യിത്ത് ഞാന്‍ വീടെത്തുമ്പോഴേക്കും ഖബറടക്കിക്കഴിഞ്ഞിരുന്നു. തൊട്ടു മുമ്പത്തെ അവധി കഴിഞ്ഞ് ഞാന്‍ മടങ്ങുമ്പോള്‍ എത്ര ഉമ്മകള്‍ തന്നാണ് അവളെന്നെ യാത്രയാക്കിയിരുന്നത്! അഗാധമായ വാല്‍സല്യം ചൊരിഞ്ഞു തന്ന രണ്ട് വെല്യുമ്മമാര്‍ ഈ ലോകത്തോട് വിടപറയുമ്പോള്‍ ഞാന്‍ കടലിനക്കരെ ആയിരുന്നു. മരിക്കുമ്പോള്‍ മജീദ് വന്നോ വന്നോ എന്ന് സുഹ്‌റ ചോദിക്കുന്നുണ്ട്. ഉമ്മയുടെ കത്ത് വായിച്ച് മജീദ് കുറേ നേരം തരിച്ചിരിക്കുന്നു. അങ്ങിനെ തരിച്ചിരുന്ന എത്രയെത്ര മൂഹൂര്‍ത്തങ്ങള്‍ അഞ്ചാം ക്ലാസു മുതല്‍ അന്യ നാട്ടില്‍ കഴിയുന്ന എന്റെ ജീവിതത്തിലും ഉണ്ടായിട്ടില്ല!
വാക്കുകളേയും ഭാഷയെയും ഞാന്‍ സ്‌നേഹിക്കുന്നതും ബാല്യകാല സഖിയിലൂടെ തന്നെയാണ്. ഭാഷയെ കൂടുതല്‍ സ്‌നേഹിക്കാന്‍ തുടങ്ങിയപ്പോള്‍ ബാല്യകാല സഖിയിലെ ബാല ഭാസ്‌കരന്‍ കുന്നിന്റെ ഉച്ചിയില്‍ വന്ന് മന്ദഹാസ പൂര്‍വം ചെരിവിലെ ഗ്രാമത്തെ പൊന്‍പ്രഭയില്‍ മുക്കുമ്പോഴും ചാറ്റല്‍ മഴയിലൂടെ പൂര്‍ണ ചന്ദ്രന്‍ പ്രകാശിക്കുന്നതു പോലെ കണ്ണീരിലൂടെ സുഹ്‌റ മന്ദഹസിച്ചപ്പോഴും എനിക്കെന്തോ വല്ലാത്തൊരു വൈകാരികാനുഭൂതിയുണ്ടായി.

അങ്ങിനെ ബഷീറിനെ വല്ലാതെ സ്‌നേഹിച്ചു പോയ ഒരു ദിവസം അക്കാലത്ത് പതിവായി വായിച്ചിരുന്ന ഒരു ബാല മാസികയുടെ പത്രാധിപര്‍ക്ക് ഞാനാരു കത്തെഴുതി:

പ്രിയപ്പെട്ട പത്രാധിപര്‍, വൈക്കം മുഹമ്മദ് ബഷീറിനെ കൊണ്ട് മാസികയില്‍ കഥകള്‍ എഴുതിപ്പിക്കണം.
അക്കത്തിനോടൊപ്പമാണ് എന്റെ പേരിന് മുകളില്‍ ആദ്യമായി അച്ചടി മഷി പുരളുന്നത്. എന്നുവെച്ചാല്‍ ബഷീറിന്റെ പേരുമായി ചേര്‍ത്താണല്ലോ എന്റെ പേര് നാലാള്‍ കണ്ടതെന്നായിരുന്നു ആഹ്ലാദം. അധികം വൈകാതെ ആ മാസികയില്‍ ആനവാരിയും പൊന്‍കുരിശും ആ മാസികയില്‍ ചിത്രകഥാ രൂപത്തില്‍ വന്നു.

ജീവിതത്തില്‍ നിന്ന് വലിച്ചു ചീന്തിയ ഒരേടാണല്ലോ ഇപ്പുസ്തകം. സ്വന്തം അനുഭവങ്ങളാണ്, പൊള്ളലുകളും മുറിവുകളുമാണ് യഥാര്‍ഥമായ കലയുടെ ഉറവിടം എന്ന റൊമാന്റിക് (ക്ലാസിക് വിരുദ്ധ) സങ്കല്‍പമാണ് ബാല്യകാല സഖി അവതരിപ്പിക്കുന്നതെന്ന് പിന്നീട് എം.എന്‍. വിജയന്‍ മാഷ് നിരീക്ഷിച്ചിട്ടുണ്ട്. അനുഭവങ്ങളെ അവതരിപ്പിക്കാന്‍ വാക്കുകള്‍ പോലും വേണ്ടെന്നും ഒരു ചലച്ചിത്രത്തിലെന്ന പോലെ ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ അനുഭവം ദൃശ്യവല്‍ക്കരിക്കാന്‍ സാധിക്കുമെന്നും പിന്നെയും പിന്നെയും ബാല്യകാല സഖി വായിക്കുമ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു.
ഒരു രംഗം നോക്കൂ: തന്റെ ബാപ്പ മരിച്ച ദിവസം ദുഃഖഭാരത്തോടെ അടുത്തു വരുന്ന സുഹ്‌റയെ മജീദിന് അവളെ ആശ്വസിപ്പിക്കാനാകുന്നില്ല. മജീദിന് ഒന്നും പറയാന്‍ കഴിഞ്ഞില്ല. അവന്റെ കണ്ണീര്‍ കണങ്ങള്‍ അവളുടെ മൂര്‍ധാവിലും അവളുടേത് അവന്റെ നെഞ്ചിലും വീണ് ഒഴുകിക്കൊണ്ടിരുന്നു.
രണ്ട് ഇണക്കുരുവികള്‍ പങ്കുവെക്കുന്ന കഠിന ദുഃഖത്തിന്റെ തീവ്രത ഇതിലും ഹൃദയഭേദകമായി ഏത് ആവിഷ്‌കരിക്കാന്‍ ഏത് ചലച്ചിത്രകാരന് സാധിച്ചിട്ടുണ്ട്.

ബാല്യകാല സഖിയിലെ ആദ്യ വാചകം തുടങ്ങുന്നത് ബാല്യകാലം മുതല്‍ക്കു തന്നെ സുഹ്‌റായും മജീദും സുഹൃത്തുക്കളായിരുന്നുവെന്ന സൂചനയോടെയാണ്. ആണ്‍-പെണ്‍ സൗഹൃദത്തെ കുറിച്ച ഒരു കാഴ്ചപ്പാട് നല്ല രീതിയില്‍ വളര്‍ത്തിയെടുക്കേണ്ട ഒരു പ്രസ്താവനയായാണ് അതിനെ ഞാന്‍ കാണുന്നതും. കുട്ടിക്കാലം മുതലേ ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടയില്‍ ആരോഗ്യപരമായ ഒരു സൗഹൃദത്തിന് ഇടമുണ്ട്. തെറ്റിപ്പോകുന്ന കണക്കുകള്‍ പരസ്പരം പറഞ്ഞു കൊടുത്തും തിരുത്തിയെഴുതിയും ശരിയായ പാതയിലേക്ക് കൊണ്ടുപോകുമ്പോഴേ ജീവിതം ഉമ്മിണി വല്യ ഒന്നാകൂ. അന്നും ഇന്നും പക്ഷേ, നമ്മുടെ സമൂഹം ആണ്‍ പെണ്‍ സൗഹൃദങ്ങളെ ഭയത്തോടും സംശയത്തോടും മാത്രമേ വീക്ഷിക്കുന്നുള്ളൂ.

എന്തുകൊണ്ടാണ് ഈ കൊച്ചു നോവല്‍ അന്നും ഇന്നും എന്നും എന്റെ പുസ്‌കതമായി നില്‍ക്കുന്നത്?
എന്നില്‍ ആദ്യ പ്രണയം ഉണര്‍ത്തിയതു കൊണ്ടാണോ?
ദാരിദ്ര്യത്തിന്റെ വേദനകള്‍ ഞാനും സുഹ്‌റയും മജീദുമൊക്കെ ഒന്നിച്ച് അനുഭവിച്ചതു കൊണ്ടാണോ?
രാജ്യം വിട്ടു പോയവന്റെ വേദനകള്‍ വരികളില്‍ നിന്ന് പിന്നീട് എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതു കൊണ്ടാണോ?
അതോ വലിയ വലിയ പുസ്തകങ്ങളൊന്നും വേറെ അധികം വായിക്കാത്തതു കൊണ്ടാണോ?

അറിയില്ല. എന്നില്‍ വായന വളര്‍ത്തിയ പുസ്‌കതം എന്ന നിലയില്‍ ഓര്‍ക്കാനാണ് എനിക്ക് ഇഷ്ടം. ഹൃദയത്തില്‍ തൊടാത്ത വേറെ ഏതെങ്കിലും പുസ്തകമാണ് അന്ന് പത്മനാഭന്‍ മാഷ് തന്നിരുന്നതെങ്കില്‍ ചിലപ്പോള്‍ അടുത്ത ഒരു പുസ്തകത്തോട് എനിക്ക് പ്രിയം തോന്നാനിടയില്ലായിരുന്നു. ഹൃദയത്തില്‍ വായനയുടെ കയ്യൊപ്പ് ചാര്‍ത്തിയ പുസ്തകം എന്ന് പറഞ്ഞാല്‍ ശരിയാകുമോ ആവോ?
ഇന്നും ഈ പുസ്തകമെടുത്ത് വായിച്ചാല്‍ എന്റെ ചങ്ക് വിങ്ങും. കണ്ണുകള്‍ കലങ്ങും. ബാല്യത്തോടും കൗമാരത്തോടും യൗവനത്തോടും ചേര്‍ത്തു വെച്ച് ഇന്നും എനിക്ക് ഈ പുസ്തകം വായിക്കാന്‍ സാധിക്കുന്നു.

Saturday, May 1, 2010

അമ്മുവിന്റെ ആട്ടിന്‍കുട്ടിയും ടി.ഡി ദാസനും

വെല്യുമ്മയുടെ ആട്ടിന്‍കുട്ടികളായിരുന്നു കുട്ടിക്കാലത്ത് എന്റെ ചങ്ങാതിമാര്‍. ഒരു പ്രസവത്തില്‍ രണ്ടും മൂന്നും കുട്ടികളുണ്ടാകും. കുന്തിരിയെടുത്ത് പാഞ്ഞു നടക്കുന്ന അവറ്റകള്‍ക്കൊപ്പം മുറ്റത്തും പറമ്പിലും ഇരുട്ടുവോളം പാഞ്ഞു നടന്നാലും മതിയാകില്ല. മുറ്റത്തിനപ്പുറത്തുള്ള പ്ലാവില്‍ കൈയെത്തുന്നേടത്തുള്ള കൊമ്പൊടിച്ച് ഞാന്‍ ആട്ടിന്‍ കൂടിന്റെ അഴിയില്‍ കെട്ടിത്തൂക്കും. ആട്ടിന്‍ കുട്ടികള്‍ ചാടിച്ചാടി പ്ലാവില കടിച്ചു തിന്നുന്നത് കണ്ട് രസിക്കും. ആട്ടിന്‍ കുട്ടികള്‍ ഏതാണ്ട് ഒരു പ്രായമെത്തുമ്പോള്‍ അറവുകാരന്‍ മുഹമ്മദ് കാക്ക വരും. അയാളോട് എനിക്ക് വെറുപ്പായിരുന്നു. ആട്ടിന്‍ കുട്ടികളെ കൊണ്ട് പോകാനാണ് അയാള്‍ വരുന്നത്. പോകാന്‍ ഇഷ്്ടമില്ലാത്ത ആട്ടിന്‍ കുട്ടികള്‍ മുറ്റവരമ്പില്‍ അമര്‍ത്തിച്ചവിട്ടി നിന്ന് വലിയ വായില്‍ നിലവിളിക്കും. അറവുകാരന്‍ നിഷ്ഠുരമായി അവയെ പിടിച്ചു വലിച്ച് തൊടിയിറങ്ങിപ്പോകും. അപ്പോള്‍ എന്റെ മനസ്സ് വേദനിക്കും. തള്ളയാടിന്റെ അടുത്ത പ്രസവംവരെ ആ വേദന അവിടെ തങ്ങി നില്‍ക്കും. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അറവുകാരന്‍ കശാപ്പ് ചെയ്ത് ഇറച്ചിക്കടയില്‍ കെട്ടിത്തൂക്കുന്ന എന്റെ കളിക്കുട്ടുകാരുടെ ചിത്രം മനസ്സില്‍ തെളിയും. മനസ്സിലെ മുറിവില്‍ അത് പിന്നെയും നീറ്റലാകും.
ആട്ടിന്‍ കുട്ടികളെ വില്‍ക്കാന്‍തന്നെയാണ് വെല്യുമ്മ ആടിനെ പോറ്റുന്നത്. അവയെ വിറ്റു കിട്ടുന്ന കാശിന് വലിയ മൂല്യമുണ്ട്. ആട്ടിന്‍ കുട്ടികളുമായി അറവുകാരന്‍ പോകുന്നതിന്റെ അടുത്ത ദിവസങ്ങളില്‍ ചായക്ക് കൂട്ടാനുണ്ടാകും. ചോറിന് മീന്‍ കറിയുണ്ടാകും. ചക്കക്കുരുക്കൂട്ടാനും താളുകറിയുമൊക്കെ കൂട്ടി മടുത്തിരിക്കുമ്പോള്‍ അതൊരു സന്തോഷമാണ്. പക്ഷേ, ആട്ടിന്‍കുട്ടികള്‍ പോയ വേദന മായ്ക്കാന്‍ ആ സന്തോഷം മതിയായിരുന്നില്ല.

അതേ വേദനയാണ് 'അമ്മുവിന്റെ ആട്ടിന്‍കുട്ടി'യില്‍ ഞാന്‍ കണ്ടത്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്‌കൂളില്‍ ആ സിനിമ വന്നത്. അമ്മുവിന്റെ വേദന എന്റെ വേദനയായിരുന്നു. ആട്ടിന്‍കുട്ടിയെ അറവുകാര്‍ കൊണ്ടു പോകുമ്പോള്‍ അമ്മുവിനൊപ്പം ഞാനും കരഞ്ഞു. ചുമരില്‍ കെട്ടിത്തൂക്കിയ സ്‌ക്രീനില്‍ തെളിഞ്ഞ ചിത്രങ്ങളെ കണ്ണീര്‍ മറച്ചു.

ആദ്യമായി കാണുന്ന സിനിമയായിരുന്നു അത്. എന്നിട്ടും സിനിമ എന്ന സങ്കേതത്തെക്കുറിച്ചല്ല കൗതുകം തോന്നിയത്. പ്രൊജക്ടറില്‍ നിന്ന് വരുന്ന വെളിച്ചത്തില്‍ നിന്ന് എങ്ങനെ ചലിക്കുന്ന ചിത്രങ്ങള്‍ ചുമരില്‍ തെളിയുന്നുവെന്ന് ചിന്തിക്കാന്‍ തോന്നിയില്ല. ആട്ടിന്‍ കുട്ടികളെ കച്ചവടക്കാര്‍ കൊണ്ടുപോകുമ്പോള്‍ അമ്മുവും ഞാനും അനുഭവിച്ച വേദന ഒന്നു തന്നെയാണല്ലോ എന്ന് ഞാന്‍ കൗതുകം പൂണ്ടു.

അതുവരെ സിനിമ ഹറാമായിരുന്നു. മുക്കത്ത് അഭിലാഷ് തിയേറ്റര്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ ആദ്യം പ്രദര്‍ശിപ്പിച്ച തച്ചോളി അമ്പു കാണാന്‍ അടുത്ത വീട്ടില്‍ വിരുന്നു വന്ന അരീക്കോട്ടുകാരന്‍ കബീര്‍ എന്നെ ക്ഷണിച്ചതാണ്. സിനിമ ഹറാമാണ് എന്ന് ഞാന്‍ അവനോട് തര്‍ക്കിച്ചു. അന്ന് മൂന്നാം ക്ലാസിലായിരുന്നു. (മലയാളത്തിലെ ആദ്യത്തെ ആ സിനിമാ സേ്കാപ്പ് ചിത്രം പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞു ഞാന്‍ കണ്ടു. അതിനു മുമ്പ് ക്ലാസിലെ വിമലയും ബിന്ദുവുമൊക്കെ നാദാപുരം പള്ളിയിലെ ചന്ദനക്കുടവും അനുരാഗക്കളരിയില്‍ അങ്കത്തിനു വന്നവളുമൊക്കെ പാടുന്നത് കേട്ട് കൊതിച്ചിരുന്നിട്ടുണ്ട്).ഹറാം ചിന്തകൊണ്ട് അഭിലാഷ് ഉദ്ഘാടനം ചെയ്യാന്‍ വന്ന സീമയെ കാണാനും പോയില്ല. പിന്നീട് സീമയുടെ സിനിമകള്‍ കാണുമ്പോള്‍ അതേക്കുച്ചോര്‍ത്തു വല്ലാതെ നഷ്ടബോധം തോന്നിയിട്ടുണ്ട്.

അമ്മുവിന്റെ ആട്ടിന്‍ കുട്ടി കണ്ടു കഴിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് ആരാണ് സിനിമ ഹറാമാക്കിയത് എന്നാണ്. എന്തിനാണ് സിനിമ ഹറാമാക്കിയത്? ഇത്തിരിപ്പൊന്നിന്റെ മാലയേക്കാള്‍ വലുത് ആട്ടിന്‍ കുട്ടിയാണെന്ന് കരുതുന്ന അമ്മു എന്ന പെണ്‍കുട്ടി, കുട്ടികളില്‍ ഒരു നിഷിദ്ധ വികാരവും വളര്‍ത്തുന്നില്ലല്ലോ. മിണ്ടാ പ്രാണികളെ സ്നേഹിക്കാനാണ് ആ സിനിമ പഠിപ്പിച്ചത്. അതൊരു തെറ്റല്ലല്ലോ.
പിന്നീട്, സ്‌കൂളില്‍ നിന്ന് രണ്ടു തവണ ടാക്കിസില്‍ കൊണ്ടു പോയി സിനിമ കാണിച്ചു. ആദ്യം നിര്‍മാല്യവും പിന്നീട് ശരശയ്യയും. കടം വീട്ടാന്‍ നിവൃത്തിയില്ലാതെ വെളിച്ചപ്പാടിന്റെ ഭാര്യ ചെയ്ത തെറ്റ് എന്താണെന്ന് അന്ന് മനസ്സിലായില്ല. എന്നാലും അരീക്കരയിലും ഇരിപറയിലും നടക്കുന്ന തിറകളില്‍ ഉറഞ്ഞു തുള്ളി നെറ്റിയില്‍ വെട്ടുന്ന വെളിച്ചപ്പാടിനെ എനിക്ക് പരിചയമുണ്ടായിരുന്നു.

ശരശയ്യയില്‍ 'ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവേ', 'മനസ്സിന്‍ പാതി പകുത്തു തരൂ മെയ്യിന്‍ പാതി പകുത്തു തരൂ' എന്ന പാട്ടു സീനില്‍ ആദ്യത്തെ മരംചുറ്റി പ്രേമവും കണ്ടു. സിനിമ ഒരു ഹരമായി, ഭ്രാന്തായി മനസ്സില്‍ ചേക്കേറിത്തുടങ്ങുകയായിരുന്നു. യതീംഖാനയില്‍നിന്ന് അവധിയ്ക്കു വന്നാല്‍ മുക്കത്ത് പോയി ആരും കാണാതെ സിനിമ കാണും. പരിചയക്കാര്‍ ആരും ഇല്ലെന്ന് ഉറപ്പു വരുത്തി, ഏതോ മഹാപാതകം ചെയ്യുന്നപോലെയാണ് തിയേറ്ററിലേക്ക് കയറിയിരുന്നത്. സിനിമ കണ്ട കാര്യം മറച്ചു വെക്കാന്‍ വീട്ടില്‍ വലിയ വലിയ നുണകള്‍ പറയണം. ഒരു നുണ പറഞ്ഞാല്‍ അത് സ്ഥാപിക്കാന്‍ പിന്നെയും നുണകള്‍. ഹൊ... അതിന്റെ പ്രയാസം നുണ പറഞ്ഞവര്‍ക്കു മാത്രമേ മനസ്സിലാകൂ. എന്റെ മനസ്സിലെ സത്യം മുഖത്ത് എഴുതി വെച്ചപോലെ വായിക്കാന്‍ പറ്റും. അതുകൊണ്ട് മിക്കവാറും ഞാന്‍ പിടിക്കപ്പെടും. പക്ഷേ, സിനിമ കാണുന്നത് വലിയൊരു പാതകമായി ബാപ്പ കാണുന്നില്ലെന്ന് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞതുകൊണ്ട് അത്തരം നുണകള്‍ കൂടുതല്‍ പറയേണ്ടി വന്നിട്ടില്ല.

ഇന്നും റിലീസാകുന്ന സിനിമകളൊക്കെ മുടങ്ങാതെ കാണുന്ന ഒരു സാദാ പ്രേക്ഷകനാണ് ഞാന്‍. സൗദി അറേബ്യയില്‍ ജീവിച്ച പത്ത് വര്‍ഷം ഞാന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്തതും സിനിമയല്ലാതെ മറ്റൊന്നുമല്ല. അവിടെ വെച്ച് വ്യാജ സിഡികള്‍ കണ്ട് ഭ്രാന്ത് പിടിച്ചിട്ടുണ്ട്. ചില സിനിമകള്‍ക്ക് സംഭാഷണമേ കാണൂ. ചിത്രം വ്യക്തമാകില്ല. ചിലതിന് ചിത്രമുണ്ടാകും. സംഭാഷണം വ്യക്തമാകില്ല. ചിലതിന് തുടക്കവും ഒടുക്കവുമൊന്നും ഉണ്ടാകില്ല. എന്നാലും കഷ്ടപ്പെട്ട് കണ്ട് തീര്‍ക്കും.

ഇക്കഴിഞ്ഞ വിഷുവിന് ഞാന്‍ തിയേറ്ററില്‍ പോയി ഒരു മലയാള സിനിമ ഇതുപോലെ കഷ്ടപ്പെട്ട് കണ്ടുതീര്‍ത്തു. ചിത്രമോ സംഭാഷണമോ അവ്യക്തമായതുകൊണ്ടല്ല കണ്ടു തീര്‍ക്കാന്‍ കഷ്ടപ്പെടേണ്ടി വന്നത്. ഒരു ലാല്‍ ജോസ് ശിഷ്യന്‍ സിനിമ എന്ന് പരസ്യത്തില്‍ കണ്ടതുകൊണ്ട് ഏറെ പ്രതീക്ഷയോടെയാണ് കുടുംബസമേതംതന്നെ ചിത്രം കാണാന്‍ തീരുമാനിച്ചത്. അനില്‍ കെ. നായര്‍ സംവിധാനം ചെയ്ത പുള്ളിമാന്‍. കലാഭവന്‍ മണിയാണ് നായകന്‍. കലാഭിരുചി പ്രോത്സാഹിപ്പിക്കാന്‍ കൂട്ടാക്കാത്ത മാതാപിതാക്കളോട് പിണങ്ങി നാടുവിട്ട് ഒരു പുഴയോര ഗ്രാമത്തിലെത്തുന്ന കുഞ്ഞുണ്ണി, അന്നാട്ടുകാരുടെ പ്രിയപ്പെട്ടവനാകുന്നു. കൃഷ്ണ വിഗ്രഹങ്ങള്‍ വില്‍ക്കാന്‍ ഗ്രാമത്തിലെത്തുന്ന നായികയോട് (മീരാ നന്ദ) കുഞ്ഞുണ്ണിക്ക് സ്നേഹം. എതിര്‍പ്പുകള്‍ അതിജീവിച്ച്് കുഞ്ഞുണ്ണി നായികയെ സ്വന്തമാക്കുന്നതും മാതാപിതാക്കള്‍ അന്വേഷിച്ചെത്തുന്നതുമാണ് കഥ. സ്ഥാനത്തും അസ്ഥാനത്തും വലിയ ആക്രോശങ്ങളോടെ പ്രത്യക്ഷപ്പെടുന്ന വില്ലന് ഈ സിനിമയില്‍ എന്ത് നിയോഗം എന്ന് ഒരു പിടിയുമില്ല. തുടക്കത്തില്‍ കാണിക്കുന്ന കത്തിക്കുത്തും വില്ലന്റെ രണ്ടാം വരവില്‍ ഗ്രാമത്തില്‍ കബഡി കളിക്കുന്നേടത്ത് വന്ന് നടത്തുന്ന പരാക്രമവുമൊക്കെ എന്തിനാണെന്നും മനസ്സിലായില്ല. നാട്ടുമ്പുറത്തെ തിയേറ്ററില്‍ സെക്കന്‍ഡ് ഷോ കാണാന്‍ വിഷുവായിട്ടും ആളുകള്‍ കുറവ്. പടം റിലീസ് ചെയ്ത ദിവസവുമാണ്. ഓരോ സീനും ഒന്നിനൊന്ന് ബോറടിച്ച് തുടങ്ങിയപ്പോള്‍ പ്രേക്ഷകര്‍ മുറുമുറുക്കാന്‍ തുടങ്ങി. ഇതെന്ത് സിനിമ എന്ന് അപ്പുറത്തും ഇപ്പുറത്തുമിരിക്കുന്നവര്‍ അടക്കം പറയാന്‍ തുടങ്ങിയപ്പോള്‍ ഭാര്യയും മക്കളും പറഞ്ഞു: നമുക്ക് പോകാം. എന്തായാലും വന്നില്ലേ, സിനിമ എവിടെയെത്തുമെന്ന് അറിഞ്ഞിട്ടു പോയാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. അപ്പോഴേക്കും ചിലരൊക്കെ പതുക്കെ എഴുന്നേറ്റ് പുറത്തേക്ക് പോയിത്തുടങ്ങിയിരുന്നു. സിനിമ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളിലും നിരാശ. -----ലെ സിനിമ എന്ന് പ്രാകിക്കൊണ്ടാണ് ഓരോരുത്തരും മടങ്ങിയത്. ഇമ്മാതിരി സിനിമക്കാണെങ്കില്‍ ഞങ്ങളെ കൊണ്ടുവരരുതെന്ന് ഭാര്യ താക്കീത് ചെയ്തു. അതെനിക്ക് ഒരാശ്വാസമായി. സിനിമക്ക് പോകണമെന്ന് ഇനി അവര്‍ വാശിപിടിക്കില്ലല്ലോ.

പോസ്റ്ററുകളില്‍ മാത്രമാണ് പല ചിത്രങ്ങളും സൂപ്പര്‍ ഹിറ്റ്. ഫാന്‍സ് അസോസിയേഷനുകള്‍ സ്ഥാപിക്കുന്ന ബാനറുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റാക്കും. തിയേറ്ററില്‍ ആളു കാണില്ല. ബോക്‌സ് ഓഫീസില്‍ പണം നിറയില്ല. രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചഭിനയിച്ചിട്ടും കാര്യമില്ല. പ്രേക്ഷകര്‍ക്ക് കണ്ടുകൊണ്ടിരിക്കാന്‍ എന്തെങ്കിലുമൊക്കെ വേണം. എങ്കിലേ ആളുകള്‍ തിയേറ്ററില്‍ കയറൂ. അതാണ് മോഹന്‍ലാലും സുരേഷ് ഗോപിയും ഒന്നിച്ചഭിനയിച്ച ജനകന്‍ തെളിയിക്കുന്നത്. നവാഗതനും ചെറുപ്പക്കാരനുമായ മമാസ് സംവിധാനം ചെയ്ത പാപ്പി അപ്പച്ചയും നിരാശപ്പെടുത്തുകയാണ്. ദുര്‍ബലമായ തിരക്കഥതന്നെ പ്രശ്‌നം. വേറെ ചിത്രങ്ങളൊന്നും റിലീസ് ചെയ്യാത്തതു കൊണ്ടാകാം അവധിക്കാല പ്രേക്ഷകര്‍ പാപ്പി അപ്പച്ചക്ക് തിയേറ്ററിലെത്തുന്നുണ്ട്. കോമഡി ചിത്രമെന്നാണ് വെപ്പെങ്കിലും തിയേറ്ററില്‍ കൂട്ടച്ചിരി ഉയര്‍ത്താന്‍ പാകത്തിലുള്ള രംഗങ്ങളൊന്നും കാര്യമായില്ല.
തലേന്നും പിറ്റേന്നുമായി തിയേറ്ററിലെത്തിയ ജനകനിലും കടാക്ഷത്തിലും ഒരേ വിഷയമാണ് കഥാതന്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെ നടക്കുന്ന പീഡനം. അവതരണ രീതികൊണ്ട് കണ്ടിരിക്കാന്‍ കൊള്ളാവുന്നത് കടാക്ഷമാണ്. ഒന്നുകൂടി എഡിറ്റ് ചെയ്താല്‍ ചിത്രം കുറേക്കൂടി നന്നായേനെ! ജനകന്‍ ഒഴിഞ്ഞ കസേരകള്‍ക്കു മുന്നില്‍ ഓടുന്നുണ്ട്.

സിനിമ ജീവിതത്തില്‍ നിന്ന് പിച്ചിച്ചീന്തിയ ഏടാകണമെന്നല്ല പറഞ്ഞു വരുന്നത്. സിനിമ പ്രേക്ഷകനെ ഒന്നും അനുഭവിപ്പിക്കണമെന്നും വാശിയില്ല. കാശ് കൊടുത്ത് തിയേറ്ററില്‍ കയറിയാല്‍ രണ്ടര മണിക്കൂറിലേറെ നേരം ബോറടിക്കാതെ കണ്ടു കൊണ്ടിരിക്കാന്‍ എന്തെങ്കിലും വേണം. ഇപ്പോള്‍ തിയേറ്ററുകളിലെത്തുന്ന മിക്ക സിനിമകളും അങ്ങനെ കണ്ടിരിക്കാന്‍ കഴിയുന്നില്ല. ഈ വര്‍ഷം പുറത്തിറങ്ങിയ ഒരു മെഗാസ്റ്റാര്‍ ചിത്രം കാണാന്‍ ആദ്യദിവസത്തെ ആദ്യ ഷോയ്ക്ക്തന്നെ തിയേറ്ററില്‍ കയറി. സൂപ്പര്‍ സംവിധായകന്റെ ചിത്രം. പൂക്കള്‍ വിതറിയും പടക്കം പൊട്ടിച്ചും ആഘോഷമായി എത്തിയ ഫാന്‍സുകാര്‍ തന്നെ സിനിമ മുന്നോട്ട് പോകവെ പല രംഗങ്ങളിലും കൂവുന്നതാണ് കണ്ടത്. സിനിമ തീര്‍ന്നപ്പോള്‍ തൊട്ടടുത്തിരുന്ന പ്ലസ് ടു ചെക്കനോട് സിനിമ ഇഷ്ടപ്പെട്ടോ എന്ന്് ചോദിച്ചു. ഇല്ലെന്നായിരുന്നു ക്ലാസ് കട്ട് ചെയ്ത് ഇഷ്ടതാരത്തിന്റെ സിനിമ കാണാന്‍ ആദ്യ ഷോയ്ക്കു തന്നെ ആവേശത്തോടെ എത്തിയ അവന്റെ മറുപടി.

പറയാന്‍ ഉദ്ദേശിച്ചത് ഇതൊന്നുമല്ല. വിഷുപ്പിറ്റേന്ന് കോഴിക്കോട്് ശ്രീ തിയേറ്ററില്‍ മോഹന്‍ രാഘവന്‍ സംവിധാനം ചെയ്ത ടി.ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് ആറ് ബി കണ്ടു. സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യവും വലിയ പണച്ചെലവുമില്ലാത്ത ഈ ചിത്രം കണ്ടിറങ്ങിയപ്പോള്‍ എനിക്കെന്തോ ഒരു സുഖം തോന്നി.

നാടു വിട്ടു പോയ, താന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത അച്ഛന് ആറാം ക്ലാസുകാരനായ ടി.ഡി ദാസന്‍ പഴയ മേല്‍വിലാസത്തില്‍ എഴുതുന്ന കത്ത് എത്തുന്നത് ബാംഗ്ലൂരിലെ മലയാളി കുടുംബത്തിലാണ്. പണ്ട് ഈ വിട്ടില്‍ താമസിച്ചിരുന്ന കുടുംബത്തിന്റെ ഡ്രൈവറായിരുന്നു അദ്ദേഹം. കുടുംബനാഥന്‍ ആ കത്ത് അധികരിച്ച് ഒരു സിനിമയെടുക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. പരസ്യ ചിത്രങ്ങളുടെ സംവിധായകനാണ് കുടുംബനാഥന്‍. കൂട്ടുകാരനായ തിരക്കഥാകൃത്തിനെ വിളിച്ച് ഈ കത്തും അതു വെച്ച് ഉണ്ടാക്കാവുന്ന സിനിമയെക്കുറിച്ചും അയാള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ദാസന്റെ അച്ഛനെ തേടിയിറങ്ങുകയാണ് അയാളുടെ മകള്‍. ദാസന്റെ അച്ഛനെ കണ്ടെത്താന്‍ കഴിയാതാകുമ്പോള്‍ ദാസന്റെ വേദന തിരിച്ചറിയുന്ന പെണ്‍കുട്ടി ആ കത്തിന് മറുപടി എഴുതുകയാണ്. ഏതോ നാട്ടില്‍ അച്ഛന്‍ ജീവിച്ചിരിക്കുന്നുവെന്ന ആനന്ദമാണ് ഈ പെണ്‍കുട്ടി മുടങ്ങാതെ എഴുതുന്ന കത്തുകള്‍ ദാസന് നല്‍കുന്നത്. തന്തയില്ലാത്തവന്‍ എന്ന വിളി കേട്ട് മനം മടുത്ത ദാസന് ആ കത്തുകള്‍ ജീവിക്കാനുള്ള പുതിയ ഊര്‍ജമാകുകയാണ്. പിന്നീട് പെണ്‍കുട്ടിയുടെ അച്ഛന്‍ നടത്തുന്ന അന്വേഷണത്തില്‍ ദാസന്റെ അച്ഛന്‍ മരിച്ചു പോയെന്ന് മനസ്സിലാകുന്നു. അതോടെ പെണ്‍കുട്ടി ചെയ്തത് ഗൗരവമുള്ള ഒരു കുറ്റമായി കാണുന്ന അച്ഛന്‍ അവളേയും കൂട്ടി ദാസന്റെ നാട്ടിലേക്ക് പോകുകയാണ്. അപ്പോഴേക്കും അച്ഛന്റെ പേരില്‍ പെണ്‍കുട്ടി എഴുതിയ കത്തുകള്‍ കാണാനിടയായ ദാസന്റെ അമ്മ (നല്ല നടിക്കുള്ള അവാര്‍ഡ് നേടിയ ശ്വേതാമേനോന്റെ മറ്റൊരു മികച്ച വേഷം) മരിച്ചു പോയിരുന്നു. അച്ഛന്റെ സുഹൃത്തിന്റെ സംരക്ഷണത്തിലാണ് അപ്പോള്‍ ദാസന്‍. പെണ്‍കുട്ടിയുടെ അച്ഛന്‍ തന്നെയാണ് തന്റെ അച്ഛന്‍ എന്ന് കരുതുന്ന ദാസന്റെ നഷ്ടത്തിലാണ് സിനിമ അവസാനിക്കുന്നത്.
കഥയുടെ ചുരുക്കം ഞാനിങ്ങനെ അലസമായി പറഞ്ഞു പോകുമ്പോള്‍ ഒരു രസം കിട്ടില്ലെന്ന് അറിയാം. ചില്ലറ പാളിച്ചകളുണ്ടെങ്കിലും ഒരു ചെറുകഥ വായിച്ചു പോകുമ്പോലെ ചിത്രം കണ്ടിരിക്കാന്‍ സാധിക്കുന്നുണ്ട്. പ്ലാച്ചിമട സമരമൊക്കെ ചിത്രത്തില്‍ വരുന്നുണ്ട്. ദാസന്‍ അച്ഛന് എഴുതുന്ന കത്തില്‍ തങ്ങളുടെ നാട്ടില്‍ നടക്കുന്ന കോളഫാക്ടറിക്കെതിരായ സമരത്തെക്കുറിച്ചും നാട്ടിലെ വെള്ളപ്രശ്‌നത്തെക്കുറിച്ചുമൊക്കെ പറയുന്നു. പെണ്‍കുട്ടിയുടെ അച്ഛനാണെങ്കില്‍ കോളക്കമ്പനിയുടെ പരസ്യം ചെയ്യുന്ന ആളാണ്. ദാസന്റെ ആദ്യ കത്ത് പെണ്‍കുട്ടി വായിക്കുമ്പോള്‍ത്തന്നെ ദാസന്‍ പ്രേക്ഷകന്റെ കൂടിവേദനയാകുന്നുണ്ട്. അത്ര തീവ്രമായാണ് പെണ്‍കുട്ടി ആ വേദന ഉള്‍ക്കൊള്ളുന്നത്. പെണ്‍കുട്ടിയും അവളുടെ അച്ഛനും വീട്ടിലെ കുശിനിക്കാരനും ദാസന്‍ അച്ഛനെഴുതിയ കത്ത് കൈകാര്യം ചെയ്യുന്നത് മൂന്ന് വിധത്തിലാണ്. അത് മനോഹരമായി അവതരിപ്പിക്കാനും പ്രേക്ഷകരെ സ്നേഹത്തിന്റെ പക്ഷത്തു നിര്‍ത്താനും സംവിധായകന് സാധിച്ചിട്ടുണ്ട്. അവിടെയാണ് ഈ കഥയുടെ ട്രീറ്റ്‌മെന്റ് വിജയിക്കുന്നതും.

ഇളംപ്രായമുള്ള പെണ്‍കുട്ടി മാത്രമാണ് ദാസന്റെ വേദന തിരിച്ചറിയുന്നത്. ആദ്യ കത്തിന് മറുപടി കിട്ടാതാകുമ്പോള്‍, ഏറ്റവും വേദനയോടെ ദാസന്‍ എഴുതി അയയ്ക്കുന്ന രണ്ടാമത്തെ കത്തിലെ സങ്കടമാണ് പെണ്‍കുട്ടിയെ സ്പര്‍ശിക്കുന്നത്. നഗരജീവിതത്തിന്റെ തിരക്കിനിടയിലും കാരുണ്യം വറ്റിപ്പോകാത്ത മനസ്സ് സൂക്ഷിക്കാന്‍ പുതിയ തലമുറയ്ക്കും കഴിയുന്നുണ്ട്. അത് ഈ ചിത്രം നല്‍കുന്ന ഒരു പ്രതീക്ഷയാകുന്നു.

വീട്ടിലെ പെണ്ണു പിഴച്ചാല്‍ ചെത്തുകാരന് ആപത്താണെന്ന് കഥ നടക്കുന്ന ഗ്രാമത്തില്‍ ഒരു വിശ്വാസമുണ്ട്. കരിമ്പനകളുടെ നാട്ടിലെ ഈ മിത്ത് സിനിമയില്‍ ഉപയോഗിച്ചേടത്ത് എനിക്ക് എന്തോ പന്തികേട് തോന്നി. ആണ്‍ തുണയില്ലെങ്കിലും തന്‍േറടത്തോടെ ജീവിക്കുന്ന ദാസന്റെ അമ്മ കാവില്‍ മരിച്ചു കിടക്കുന്നതാണ് കാണുന്നത്. ആ മരണത്തെ ഈ മിത്തുമായി കൂട്ടിച്ചേര്‍ത്ത് കാണേണ്ടി വരുമ്പോള്‍ ദാസന്റെ അമ്മ എന്ന കഥാപാത്രം പെട്ടെന്ന് ദുര്‍ബലമായിപ്പോകുന്നുണ്ട്. ആ മിത്ത്് ഈ രീതിയില്‍ കഥയിലേക്ക് കൊണ്ടുവരേണ്ടിയിരുന്നില്ല. അതിന് ഇക്കഥയില്‍ ഒരു പ്രസക്തിയുമില്ലതാനും.
കുഴപ്പം അതൊന്നുമല്ല. ഇത്തരം ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ തിയേറ്ററിലെത്തുന്നില്ല. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ക്ക് ഇടിച്ചു കയറി നിരാശയോടെ തിരിച്ചു പോകുന്നവര്‍ക്ക് ആശ്വാസമാണ് താരജാടയും ബുദ്ധിജീവി നാട്യങ്ങളുമിമില്ലാത്ത ഇത്തരം ചിത്രങ്ങള്‍. പക്ഷേ, വിരലിലെണ്ണാവുന്ന പ്രേക്ഷകര്‍ മാത്രമാണ് അന്ന് എന്നോടൊപ്പം തിയേറ്ററിലുണ്ടായിരുന്നത്.
പണ്ടത്തെപ്പോലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ഇത്തരം ചിത്രങ്ങള്‍ കാണാന്‍ അവസരമുണ്ടാക്കിയാല്‍ രണ്ടുണ്ട് മെച്ചം. സിനിമ പിടിച്ചവര്‍ക്ക് ആശ്വാസം. കുട്ടികള്‍ക്ക് നല്ല സിനിമ കാണാന്‍ അവസരം.