Friday, February 7, 2014

നിവീന്‍ പോളിക്കും നസ്‌റിയക്കും വീണ്ടും നല്ല നേരം; ജൂഡ് ആന്റണിക്കും


'ഇങ്ങിനെയും സിനിമ എടുക്കാം ല്ലേ?'
ഇടപ്പള്ളി ലുലുമാളിലെ മള്‍ട്ടി പ്ലക്‌സില്‍ 'ഓം ശാന്തി ഓശാന' കണ്ടിറങ്ങുമ്പോള്‍ ഒരു ന്യൂ ജനറേഷന്‍ പ്രേക്ഷകന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു.

അപ്പറഞ്ഞതിന് അര്‍ഥം ഇപ്പടം മുഷിയാതെ കണ്ടിരിക്കാം എന്നു തന്നെ. ക്ലാസില്‍ പോകാതെ പടത്തിനു കയറിയ ആ കൗമാരക്കാരനും കൂട്ടുകാര്‍ക്കും പടം നല്ല ഇഷ്ടമായി.
പേര് സൂചിപ്പിക്കുമ്പോലെ ഒരു ഹിന്ദു-ക്രിസ്ത്യന്‍ പ്രണയ കഥയാണിത്. അത്, അയ്യേ എന്ന് ആരെക്കൊണ്ടും പറയിക്കാതെ, മനോഹരമായി അവതരിപ്പിക്കുന്നതില്‍ നവാഗതനായ
സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് വിജിയിച്ചിരിക്കുന്നു. (നായിക സഞ്ചരിക്കുന്ന കാര്‍ കേടു വരുമ്പോഴും നായിക അപമാനിക്കപ്പെടുമ്പോഴും കൃത്യമായി വന്നു ചേരുന്ന നായകന്‍ മാത്രമേ ക്ലീഷേ ആകുന്നുള്ളൂ).

ബുദ്ധിജീവികളും സ്ത്രീവാദികളും ചിലപ്പോള്‍ ഈ പടത്തേയും ആക്രമിച്ചേക്കും. ആണ്‍കുട്ടിയെ പോലെ വളര്‍ന്ന ഒരു പെണ്‍കുട്ടി എല്ലാം തികഞ്ഞ ആണൊരുത്തനോട് പ്രണയം തോന്നുന്നതോടെ വെറും പെണ്ണായി മാറുന്നുവെന്ന് അവര്‍ വിമര്‍ശിക്കും. പ്രണയം വരുന്നതോടെയാണ് അവള്‍ ആദ്യമായി അടുക്കളയില്‍ കയറുന്നതും കഞ്ഞിയും പയറും വെയ്ക്കാന്‍ പഠിക്കുന്നതും. അത്തരം വിമര്‍ശകര്‍ എന്തും പറഞ്ഞോട്ടെ, ഗൗരവമായെടുക്കേണ്ട.

ഡോക്ടര്‍ മാത്യുവിന്റേയും കോളേജ് അധ്യാപിക ആനിന്റെയും ഒരേയൊരു മകളാണ് പൂജാ മാത്യു.
1983ല്‍ മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങളായി തിളങ്ങി നില്‍ക്കുമ്പോഴാണ് അവള്‍ ജനിക്കുന്നത്.  ലേബര്‍ റൂമിന്റെ വരാന്തയില്‍ അക്ഷമനായി ഉലാത്തുന്ന ഡോ. മാത്യുവിനോട് ആദ്യം നഴ്‌സ് വന്ന് പറയുന്നത്, ആണ്‍കുട്ടിയാണെന്നാണ്. ആണ്‍കുട്ടിയാണെന്ന് കേള്‍ക്കുമ്പോള്‍ തീര്‍ത്തും സ്ത്രീവിരുദ്ധമായ പ്രസ്താവനയാണ് അവിടെയിരിക്കുന്ന ഒരാള്‍ നടത്തുന്നത്. പെണ്‍കുട്ടി മൂലം ഉണ്ടാകാന്‍ ഇടയുള്ള കഷ്ടപ്പാടുകളേയും പൊല്ലാപ്പുകളേയും കുറിച്ച് വാചാലനാകുന്ന അയാള്‍ ആണ്‍കുട്ടിയായാലേ വയസ്സു കാലത്ത് ഒരു തുണ കിട്ടൂ എന്നുവരെ പറയുന്നു. എന്നാല്‍ ഈ കഥാപാത്രത്തെ വയസ്സുകാലത്ത് ആണ്‍കുട്ടികളെല്ലാം ഉപേക്ഷിച്ചു പോകുമ്പോള്‍ മകളാണ് സംരക്ഷിക്കുന്നത്).

ആണ്‍കുട്ടിയാണെന്ന് കേള്‍ക്കുമ്പോഴും പിന്നീട് പെണ്‍കുട്ടിയാണെന്ന് വ്യക്തമാകുമ്പോഴും കര്‍ത്താവിനെ സ്തുതിക്കുന്ന ഡോ. മാത്യു അവളെ സ്വതന്ത്രയായി വളര്‍ത്തുന്നു. അമ്പെയ്യാനും ബൈക്ക് ഓടിക്കാനും പഠിക്കുന്ന അവള്‍ ആണ്‍കുട്ടിയെ പോലെ വളരുന്നു. കാഞ്ചോക്കോ ബോബന്റെ ചോക്ലേറ്റ് മുഖമല്ല, കാലുകള്‍ക്കിടയിലെ ബൈക്കാണ് അവളെ ആകര്‍ഷിക്കുന്നത്. നമ്മുടെ പുരുഷനെ നമ്മള്‍ കണ്ടെത്തണമെന്ന ആന്റിയുടെ ഉപദേശം കേട്ട് സ്വന്തം പുരുഷനെ തെരയാന്‍ തുടങ്ങുന്ന  അവള്‍ ഹരിയെ കണ്ടെത്തുന്നു. (സ്ത്രീവാദികള്‍ക്കും ബുദ്ധി ജീവികള്‍ക്കും ഇവിടേയും വിമര്‍ശിക്കാന്‍ അവസരമുണ്ട്: അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ വിനോദ യാത്ര പോയപ്പോള്‍ അപമാനിക്കപ്പെടുന്ന പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ചെല്ലുന്നത് ധീരയായ പൂജയാണ്. പക്ഷേ, രക്ഷിക്കാന്‍ കരുത്തരായ ആണുങ്ങള്‍ തന്നെ വേണമെന്ന സന്ദേശമാണ് ഈ രംഗത്ത് ഹരിയുടെ രംഗ പ്രവേശം കാണിക്കുന്നത്. പിന്നീട് വിവാഹ ദല്ലാള്‍ സ്ത്രീകളെ പരസ്യമായി അപമാനിക്കുന്നുണ്ട്. അമ്പെയ്ത്ത് പഠിച്ചിട്ടും ബൈക്ക് ഓടിച്ചിട്ടുമൊന്നും കാര്യമില്ല, കല്യാണാലോചന വന്നാല്‍ പെണ്‍കുട്ടികള്‍ക്ക് നാണം വരുമെന്നാണ് ദല്ലാളിന്റെ കമന്റ്).

പക്വത ഇല്ലാത്ത പ്രായത്തില്‍ തോന്നുന്ന ഇഷ്ടം പക്വത വരുന്നതുവരെ കാത്തുസൂക്ഷിക്കുന്ന പെണ്‍കുട്ടിയെ നസ്‌റിയ അതി മനോഹരമായാണ് അവതരിപ്പിക്കുന്നത്. (ഫഹദ് ഫാസില്‍ കെട്ടി വീട്ടിലിയിരുത്തിയില്ലേല്‍ നമുക്ക് ഇനിയും കിട്ടും നസ്‌റിയയില്‍ നിന്ന് ഇത്തരം നല്ല വേഷങ്ങള്‍.
) സലാല മൊബൈല്‍സില്‍ വെറുതെ കെട്ടി എഴുന്നള്ളിയ നസ്‌റിയക്ക് നല്ല അവസരമായി ഇത്. 1983ലെ രമേശനു ശേഷം നിവീന്‍ പോളിക്കു ഈ വര്‍ഷത്തെ രണ്ടാമത്തെ നല്ല വേഷം.
സംവിധായകന്റെ കയ്യൊതുക്കം പ്രകടമാകുന്ന നിരവധി രംഗങ്ങളുണ്ട്. തിരക്കഥാകൃത്ത് മിഥുന്‍ മാനുവല്‍ തോമസിന്റെ കൂട്ട് സംവിധായകന് ഏറെ സഹായകമായിട്ടുണ്ട്. വിനോദിന്റെ ക്യാമറ ഓം ശാന്തി ഓശാനയുടെ കാഴ്ച നല്ല അനുഭവമാക്കുന്നു. ലിജോ പോളിന്റെ ചിത്ര സംയോജനത്തിലെ മികവു കൂടിയാകുമ്പോള്‍ കാഴ്ച ഒട്ടും മുഷിയുന്നില്ല. സംഗീതത്തില്‍ ഷാന്‍ റഹ്മാനും മുഷിപ്പിക്കുന്നില്ല.

വ്യത്യസ്ത മതക്കാര്‍ തമ്മിലുള്ള പ്രണയമാണെങ്കിലും അത് ആകാശം ഇടിഞ്ഞു വീഴുന്ന ഒരു സംഗതിയായി തിരക്കഥാകാരനോ സംവിധായകനോ അവതരിപ്പിക്കുന്നില്ല. അതു തന്നെയാണ് ഈ ചിത്രത്തിന്റെ വലിയൊരു പ്രത്യേകത. അജു വര്‍ഗ്ഗീസിന്റെ ഡേവിഡ് കാഞ്ഞാണി എന്ന തരികിടക്കാരന്‍ ഒരു മുസ്ലിം പെണ്‍കുട്ടിയെ പ്രണയിക്കുമ്പോള്‍ ഈ നാട്ടില്‍ ഇത്രയും ക്രിസ്ത്യാനികള്‍ ഉണ്ടായിട്ടും നിനക്ക്  ഒരു മുസ്ലിം പെണ്‍കുട്ടിയെ മാത്രമേ കിട്ടിയുള്ളൂ എന്ന് ഹരി ചോദിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ കാഞ്ഞാണി പ്രണയിക്കുന്നത് ഒരു ഹിന്ദു പെണ്‍കുട്ടിയെയാണ്. പിന്നീട് അവളേയും കൊണ്ട് ഒളിച്ചോടാന്‍ കാഞ്ഞാണിയെ സഹായിക്കുന്നത് ഹരി തന്നെയാണ്. (ഇവിടെയും വിമര്‍ശന സാധ്യതയുണ്ട്. മത സന്തുലിത്വം നിലനിര്‍ത്താന്‍ സംവിധായകന്‍ കാണിച്ച തന്ത്രം -ഹിന്ദുവായ നായകന്‍ എന്തായാലും അവസാനം ക്രിസ്ത്യാനിയായ നായികയെ കൊണ്ടുപോകും. അതിനു മുമ്പേ ഒരു ഹിന്ദു പെണ്ണിനെ ക്രിസ്ത്യാനി ചെക്കന്‍ അടിച്ചു കൊണ്ടുപോകട്ടെ. ഹിന്ദു പെണ്ണുമായി ക്രിസ്ത്യാനിച്ചെക്കന്‍ ഒളിച്ചോടുകയാണെങ്കില്‍ ക്രസ്ത്യാനിപ്പെണ്ണിനെ അപ്പന്‍ നല്ല മനസ്സോടെയാണ് ഹിന്ദുച്ചെക്കന് കെട്ടിച്ച് കൊടുക്കുന്നത്).

മതത്തെ, തിരക്കഥയില്‍ നിന്ന് മാറ്റി നര്‍മം പുരട്ടിയാണ് തിരക്കഥാകൃത്തും സംവിധായകനും കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. ഹരിയുടെ ചൈനീസ് ദാമ്പത്യവും പൂജ ഹരിയെ ആണു കാണാന്‍ വരുന്നതും പോലെ രസകരമായ കുറേ സീനുകളുണ്ട്.
മോഹന്‍ലാലും മമ്മൂട്ടിയും കത്തി നില്‍ക്കുന്ന കാലത്ത് ജനിക്കുന്ന പെണ്‍കുട്ടിയുടെ, കാലം മുന്നോട്ട് പോകുന്നത് കുഞ്ചാക്കോ ബോബനിലൂടെയും ഋത്വിക് രോഷനിലൂടെയുമാണ്. ആടുതോമയും ക്ലാസ്‌മേറ്റ്‌സും രാജമാണിക്യവും കഥാ സന്ദര്‍ഭങ്ങളില്‍ രസകരമായി ഇഴചേര്‍ക്കാന്‍ തിരക്കഥാകൃത്തും സംവിധായകനും കാണിച്ച മിടുക്ക് പ്രേക്ഷകരില്‍ ഒരു തരം ഗൃഹാതുരത്വവും ഉണര്‍ത്തുന്നുണ്ട്. ദൂദര്‍ശനിലെ പ്രതികരണം പരിപാടിയും വാഷിംഗ് പൗഡര്‍ നിര്‍മയുടെ പരസ്യവും സൂപ്പര്‍മാന്‍ സീരിയലുമൊക്കെ ഈ ഗണത്തില്‍ വരുന്നു.
ഡോ. മാത്യുവായി രജ്ഞിപണിക്കരും എഴുത്തുകാരനായി ലാല്‍ ജോസും മെഡിക്കല്‍ കോളേജ് അധ്യാപകനായി വിനീത് ശ്രീനിവാസനും ചിത്രത്തിലുണ്ട്. എല്ലാവരും അവരവരുടെ ഭാഗങ്ങള്‍ നല്ല രീതിയില്‍ പൂര്‍ത്തിയാക്കി.

ബോറടിക്കാതെ 130 മിനിറ്റ് കണ്ടിരിക്കാമോ എന്ന് മാത്രം നോക്കിയാണ് സിനിമക്ക് പോകുന്നതെങ്കില്‍ ധൈര്യായി പോകാം. അതെ,  നിവീന്‍ പോളിക്കും നസ്‌റിയ നസീമിനും വീണ്ടും നല്ല നേരം; ജൂഡ് ആന്റണി ജോസഫിനും

2 comments:

ഗൗരിനാഥന്‍ said...

നാട്ടിലെത്തിയിട്ടു പരീക്ഷിക്കാം

Johncy Philip said...

ഹരി അല്ലല്ലോ ഗിരി അല്ലേ ആ സെറ്റപ്പ് ഗടി ... പിന്നെ സീരിയല്‍ സൂപ്പര്‍മാന്‍ അല്ല ശക്തിമാന്‍ ........

നല്ല റിവ്യൂ ആണുട്ടോ.....