Thursday, February 6, 2014

ങ്ങള് എന്തെങ്കിലും കഴിച്ചോ?


അറേബ്യന്‍ വേനലിന്റെ കടുപ്പം കത്തി നിന്ന ഒരു രാത്രിയിലാണ് ആദ്യമായി ജിദ്ദയില്‍ വിമാനമിറങ്ങിയത്. ആ ചുടില്‍ ശരീരം പൊള്ളി. ഗൃഹാതുരത്വത്തിന്റെ ചൂട് അതിനേക്കാള്‍ കഠിനമായി മനസ്സിനെ പൊള്ളിച്ചു കൊണ്ടിരുന്നു. കമ്പനി ഏര്‍പ്പാട് ചെയ്ത ഹോട്ടല്‍ മുറിയില്‍ പെട്ടിയും ബാഗും കൊണ്ടു വെച്ച്, നേരെ തൊട്ടടുത്ത ടെലിഫോണ്‍ ബൂത്തിലേക്ക് പോയി. മൊബൈലുകള്‍ പ്രചാരചത്തിലായിട്ടില്ല. കുറേ നേരം ക്യൂ നിന്ന ശേഷമാണ് നാട്ടിലേക്ക് ലൈന്‍ കിട്ടിയത്. അങ്ങേ തലയ്ക്കല്‍ ഭാര്യയുടെ മൗനം മാത്രം. വേര്‍പാടിന്റെ  വേദന അവളുടെ വാക്കുകളെ തടഞ്ഞു കൊണ്ടിരുന്നു. എന്നിട്ടും അവള്‍ ചോദിച്ചു.
''ങ്ങള് എന്തെങ്കിലും കഴിച്ചോ?''
മുറിഞ്ഞെത്തിയ ആ വാക്കുകളില്‍ അവളുടെ മുറിയാത്ത സ്‌നേഹവും ശ്രദ്ധയുമുണ്ടായിരുന്നു.

വീട് വിട്ടു പോകുന്നവരുടെ പ്രധാന പ്രശ്‌നം ഭക്ഷണമാണ്. പല നാട്ടില്‍ പല ഭക്ഷണ രീതികള്‍. അത് നാക്കിന് പിടിച്ചു കിട്ടാന്‍ സമയമെടുക്കും. എവിടെ പോയാലും വീട്ടിലെത്തി, സ്വന്തം മണ്ണിന്റെ മണമുള്ള ആഹാരം കഴിക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തി വേറെ തന്നെയാണ്. അത് വീട്ടിലുള്ളവര്‍ക്ക് തിരിച്ചറിയാന്‍ കഴിയും. അതുകൊണ്ടാണ് നാടു വിട്ടു പോയി ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം, മുന്നറിയിപ്പില്ലാതെ തിരിച്ചു വരുമ്പോള്‍ പാത്രത്തില്‍ ചോറ് വിളമ്പി വൈക്ക് മുഹമ്മദ് ബഷീറിനെ ഉമ്മ കാത്തിരുന്നത്. ചെന്നു പറ്റുന്ന നാടുകളില്‍ നമുക്ക് ആഹാരം തരാന്‍ ആരുണ്ടാകുമെന്ന് വീട്ടുകാര്‍ എപ്പോഴും വേവലാതിപ്പെടുന്നു.

ഹോട്ടലില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യയുടെ ചോദ്യത്തിന്റെ പൊരുളറിഞ്ഞു. മൊറോക്കന്‍ ഭക്ഷണമാണ് ആ ഹോട്ടലിലുണ്ടായിരുന്നത്. ആടും കോഴിയും ചോറും കറികളുമൊക്കെ ഉണ്ടെങ്കിലും ഒന്നും മുമ്പ് കഴിച്ചതല്ല. കണ്ടതുമല്ല. ഫലം ആ രാത്രി അര്‍ധ പട്ടിണി. ആപ്പിളിന് മാത്രമേ ഇന്ത്യന്‍ മുഖഛായയുള്ളു. മുന്തിരിക്കും വാഴപ്പഴത്തിനും പോലും ഒട്ടും പരിചയമില്ലാത്ത മുഖഛായ. എങ്കിലും ആ പഴങ്ങളാണ് അന്നത്തെ വിശപ്പിനെ പാതി മാറ്റിത്തന്നത്. പിറ്റേന്നും അതു തന്നെ സ്ഥിതി. മെനുകാര്‍ഡില്‍ പേര് അറിയുന്ന ഒരു ഭക്ഷണവുമില്ല. കമ്പനിയില്‍ നേരത്തെ വന്ന കൂട്ടുകാര്‍ ഞങ്ങളെ കാണാന്‍ വന്നിരുന്നു. അവര്‍ അപ്പോഴേക്കും വിദേശ ഭക്ഷണങ്ങളുടെ ആരാധകരായി കഴിഞ്ഞവരാണ്. ഞങ്ങളുടെ പറ്റില്‍ അവര്‍ അവിടുത്ത ഭക്ഷണം ആസ്വദിച്ചു കഴിഞ്ഞു. ഞങ്ങള്‍ തൊട്ടടുത്തുള്ള അത്തോളിക്കാരന്‍ കോയക്കയുടെ ഹോട്ടലില്‍ പോയി പുട്ടും കടലയും തിന്നു. ഉച്ചയ്ക്ക് ചോറും മീന്‍ കറിയും കഴിച്ചു. രാത്രി തരം പോലെ പൊറോട്ടയോ ചപ്പാത്തിയോ കഴിച്ചു.

ചെന്നെത്തിയ നാടിന്റെ ഭക്ഷണ രീതി തിരിച്ചു പോരുവോളം ഞാന്‍ ശീലിച്ചില്ല. എങ്കിലും അറേബ്യന്‍ ഭക്ഷണത്തിന്റെ രുചികള്‍ പതുക്കെയാണെങ്കിലും നാവിന് പിടിച്ചു തുടങ്ങിയിരുന്നു. ഖുബ്ബൂസും (റൊട്ടി) മന്തിയും ബുഖാരിയും മദ്ഹൂത്തും  (കോഴിയോടൊപ്പം പ്രത്യേകം പാകം ചെയ്ത ചോറുകള്‍) പിന്നീട് നന്നായി തന്നെ രുചിക്കാന്‍ തുടങ്ങി. ഇത്തരം ഭക്ഷണങ്ങളൊക്കെ വലിയ ദൗര്‍ബല്യമായി മാറിയ എത്രയോ മലയാളികളുണ്ട്. ആഴ്ചയിലൊരിക്കല്‍ ബ്രോസ്റ്റഡ് ചിക്കന്‍ കഴിച്ചില്ലെങ്കില്‍ വട്ടായിപ്പോകുമെന്ന് പറയുന്ന ഒരു മലയാളി വീട്ടമ്മയെ പരിചയമുണ്ട്.
കുറച്ചു വര്‍ഷം അറേബ്യയില്‍ വളര്‍ന്നതു കൊണ്ടാകാം, കുട്ടികള്‍ ഇപ്പോഴും ഇടക്ക് ബ്രോസ്റ്റോ ഷാവര്‍മയോ പിസയോ വേണമെന്ന് പറയുമ്പോള്‍ വല്ലാത്ത ജാള്യം തോന്നും. ആവശ്യം കേട്ടില്ലെന്ന് നടിച്ച് വാങ്ങിക്കൊടുക്കാതിരിക്കാന്‍ എന്റെ മലയാളിത്തം വാശിപിടിക്കും. അവരുടെ ബാല്യ കൗതുകങ്ങളിലെ ഭക്ഷണങ്ങളില്‍ അവയൊക്കെ ഉള്‍പ്പെട്ടു പോയി.
വീട്ടിലുള്ളവരെ ഭക്ഷണമൂട്ടാന്‍ വീടു വിട്ടു പോന്നവന്റെ ഭക്ഷണ പ്രശ്‌നം പക്ഷേ, വലിയ പ്രശ്‌നം തന്നെയാണ്. അവസരമാണ് ആവശ്യത്തിന്റെ മാതാവ് എന്ന് പറഞ്ഞപോലെ, പലരും സ്വയം പാചക വിദ്യ പഠിക്കുന്നു. ഒരു ചായ പോലും ഇടാന്‍ അറിയാത്തവന്‍ വലിയ പാചകക്കാരനാകുന്നത് കണ്ടിട്ടുണ്ട്. സ്വന്തം ആവശ്യത്തിനല്ലാതെ, ഒരു തൊഴിലെന്ന രീതിയില്‍ അത് പരിശീലിച്ച് ഉപജീവനം തേടുന്നവരുമുണ്ട്. നാട്ടില്‍ നിന്ന് കഞ്ഞിപോലും വെച്ചിട്ടില്ലാത്തവന്‍ ഇവിടെ വന്ന് ബിരിയാണി വരെ വെയ്ക്കും. അനധികൃതമായി ഗള്‍ഫ് നാടുകളില്‍ തങ്ങുന്ന പലര്‍ക്കും എളുപ്പം പഠിക്കാന്‍ കഴിയുന്ന വിദ്യയാണ് പാചകം. ചെറിയ രീതിയിലെങ്കിലും പാചകമറിയുന്നവര്‍ക്ക് തൊഴിലവസരവും  അനവധി. ഇങ്ങിനെ ഗള്‍ഫിലെത്തി പാചകം പഠിച്ച് പല സ്ഥലങ്ങളിലായി ജോലി ചെയ്ത് പണം സമ്പാദിക്കുന്ന നിരവധി പേരുണ്ട്.

ജിദ്ദയില്‍ ഒരു ചൊല്ലു തന്നെയുണ്ട്. മദീനാ റോഡ് മുറിച്ചു കടക്കാനും മലയാളിക്ക് മെസ്സ് വെക്കാനും പറ്റില്ലെന്ന്. സത്യമാണ്. മലയാളികളുടെ ഒരു മെസ്സില്‍ ആറ് നാട്ടുകാരും നൂറ് രുചിക്കാരുമാകും. കണ്ണൂരുകാന്റെ രുചിയല്ല മലപ്പുറത്തുകാരന്റേത്. തൃശൂരുകാരനും തിരുവിതാംകൂറുകാരനും വേറെ വേറെ രുചി. പല നാട്ടുകാരെ ഒരേ രുചി പരിശീലിപ്പിക്കാന്‍ പാചകക്കാരന്‍ പെടാപാടു പെടും. ആ അഭ്യാസം പഠിക്കുന്ന കുക്കിന് ഒരു സെക്കന്റ് ഇടതടവില്ലാതെ 180 കിലോ മീറ്റര്‍ സ്പീഡില്‍ വാഹനങ്ങള്‍ ചീറിപ്പായുന്ന മദീനാ റോഡും മുറിച്ചു കടക്കാം.
മെസ്സിന്റെ അരുചികള്‍ ഭയന്നാണ് പലരും സ്വയം പാചകക്കാരനായി ചമയുന്നത്. അങ്ങിനെയൊരു സാഹസത്തിന്  ഞാനും മുതിര്‍ന്നു. ചായ പോലും ഇടാനറിയില്ലെങ്കിലും മീനും കോഴിയും ബീഫും വെച്ചു. ആഴ്ചയിലൊരു ദിവസമാണ് ഊഴം. അന്ന് വട്ടമിട്ടിരുന്നു കൂട്ടുകാര്‍ എന്റെ കൈപ്പുണ്യമുണ്ണുന്നത് അമ്പരപ്പോടെ ഞാന്‍ നോക്കി നില്‍ക്കും.
മക്കയിലെ ഒരു ഇന്തോനേഷ്യന്‍ ഹോട്ടലില്‍ ചെന്നപ്പോഴാണ് അതു പോലെ അമ്പരന്നത്. മലയാളത്തിന്റെ ഭക്ഷണങ്ങളില്‍ മാത്രം വിശപ്പു മാറുന്നവനാണ് ഞാന്‍. കൂട്ടുകാരന്‍ നടത്തുന്ന ആ ഹോട്ടല്‍ കാണാന്‍ വെറുതെ പോയതാണ്. അവിടുത്തെ പാചകക്കാര്‍ മുഴുവന്‍ മലയാളികള്‍. അവിടെയിരുന്ന് രുചിയോടെ ഭക്ഷണം കഴിക്കുന്നവര്‍ മുഴുവന്‍ ഇന്തോനേഷ്യക്കാര്‍. അല്ലെങ്കില്‍ ഇന്തോനേഷ്യന്‍ വംശജരായ സൗദികള്‍. സത്യത്തില്‍ അതില്‍ അല്‍ഭുതപ്പെടേണ്ടതില്ല. കാരണം അറേബ്യയിലെ മിക്ക ഹോട്ടലുകളിലും പാചകക്കാര്‍ മലയാളികള്‍ തന്നെ. അവര്‍ മന്തിയും ബുഖാരിയും മദ്ഹൂത്തുമൊക്കെ നന്നായി പാചകം ചെയ്യും. പ്രവാചകന്‍ സാലിഹിന്റെ ചരിത്രമുറങ്ങുന്ന മദാഇന്‍ സാലിഹിലെ സ്റ്റാര്‍ ഹോട്ടലില്‍ ചെന്നപ്പോള്‍ അവിടുത്തെ പ്രധാന പാചകക്കാരന്‍ എന്റെ അയല്‍വാസിയാണ്. ആ ഹോട്ടലിന്റെ കലവറയില്‍ വിവിധ അറേബ്യന്‍ നാടുകളിലെ ഭക്ഷണ രുചികളുടെ അവസാന വാക്ക് അദ്ദേഹമാണ്. അറേബ്യയിലെ വിദൂര ഗ്രാമങ്ങളിലൊക്കെ യാത്ര ചെയ്യുമ്പോള്‍ അവിടുത്തെ വഴിയോര ഹോട്ടലുകളിലെല്ലാം അടുക്കളയില്‍ മലയാളികളുടെ സാന്നിധ്യമുണ്ട്. അതാണല്ലോ കേരളത്തിലെ ഗ്രാമങ്ങളില്‍ പോലും ഇത്തരം ഭക്ഷണങ്ങള്‍ ലഭ്യമാകുന്നത്.

കഴിഞ്ഞ ദിവസം എന്റെ കൂട്ടുകാരി വിളിച്ചപ്പോള്‍ പറഞ്ഞതും അതാണ്. ഭാര്യ രണ്ടാഴ്ച ഒരു ചികിത്സയിലായിരുന്നു. അപ്പോഴാണ് അവള്‍ വിളിച്ചത്. ഭക്ഷണത്തിന് എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ തറവാട്ടില്‍ ഉമ്മയുടെ അടുത്തു പോകുമെന്ന് പറഞ്ഞു.
അതെന്താ നിനക്ക് കുക്ക് ചെയ്യാന്‍ വയ്യേ?
ഹേയ്.. എനിയ്ക്ക് അതൊന്നും അറിയില്ല.
പത്ത് വര്‍ഷം ഗള്‍ഫില്‍ കഴിഞ്ഞിട്ടും നീ അതൊന്നും പഠിച്ചില്ലേ?
ഗള്‍ഫിലെന്താ കുക്കിംഗ് ക്ലാസിന് പോയതായിരുന്നോ ഞാന്‍?
അതല്ല, ഇവിടുത്തെ മൂപ്പരൊക്കെ ബിരിയാണി വരെ വെയ്ക്കും. ഗള്‍ഫില്‍ പോകുമ്പോള്‍ ചായ ഇടാന്‍ പോലുമറിയില്ല. എന്റെ ആങ്ങളമാരും അതെ. അവരും നന്നായി വെയ്ക്കും. ചിക്കനും മട്ടനുമൊക്കെ അവര്‍ വെച്ചാല്‍ പ്രത്യേക രുചിയാണ്.
അത് സത്യമാണ്. ഞാന്‍ അവളോട് വെറുതെ തര്‍ക്കിച്ചെന്നേയുള്ളു. ചെലവു ചുരുക്കാന്‍ മാത്രമല്ല, മനസ്സറിഞ്ഞ് ഭക്ഷണം കഴിക്കാമെന്ന വിചാരം കൊണ്ടു കൂടിയാണ് പലരും സ്വയം പാചകത്തിലേക്ക് തിരിയുന്നത്. ചോറും കറിയും മാത്രമല്ല അറേബ്യന്‍ ഭക്ഷണവും ഇവര്‍ നന്നായി വെയ്ക്കും.

ഭാഷ പോലെ പാചക രീതിയും മലയാളി എളുപ്പം പഠിച്ചെടുക്കുന്നു. അറേബ്യയിലെത്തുന്ന മലയാളി എത്ര വേഗമാണ് അറബി സംസാരിക്കാന്‍ ശീലിയ്ക്കുന്നതും. ഉര്‍ദുവും അവന് എത്രയും വേഗം വഴങ്ങുന്നു. അതുപോലെയാണ് ചായ, ചോറ്, കറി തുടങ്ങി മുന്തിയ വിഭവങ്ങള്‍ വരെ പാകം ചെയ്യാന്‍ അവന്‍ പഠിച്ചെടുക്കുന്നത്.
പ്രാതല്‍ കഴിക്കാതിരിക്കുകയാണ് പ്രവാസിയുടെ പൊതുരീതി. പലതരം അസുഖങ്ങളിലേക്കുള്ള ആദ്യ വാതില്‍ തുറക്കുന്നത് ഈ പ്രാതല്‍ നിരാസമാണെന്ന് അവര്‍ തിരിച്ചറിയുന്നില്ല. പ്രാതല്‍ കഴിക്കുന്നവരാകട്ടെ ഒരു സാന്‍ഡ് വിച്ചില്‍ ഒതുക്കും. ഉച്ചക്ക് ചോറും കറിയും മീന്‍ പൊരിച്ചതും. വൈകുന്നേരം ഒരു കറി വെച്ചാല്‍ മതി. കൂട്ടിത്തിന്നാന്‍ അറേബ്യയുടെ ജനകീയ ഭക്ഷണമായ ഖുബ്ബൂസ് പുറത്തു നിന്ന് വാങ്ങാം.

ഗള്‍ഫിലെത്തി എട്ടും പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് പാചകം ചെയ്യാനും സമയം കണ്ടെത്തുന്നത്. വിശപ്പടക്കുക എന്ന പ്രാഥമിക ലക്ഷ്യത്തിന് അപ്പുറം പലരും പാചക കലയില്‍ അതിനിപുണന്മാരായി മാറുന്നുണ്ട്. തൊഴിലിനിടയിലെ ചെറിയ ഇടവേളകളില്‍ ഭക്ഷണമുണ്ടാക്കി കഴിക്കുന്ന കൂട്ടുകാരുടെ താമസ സ്ഥലങ്ങളില്‍ പലപ്പോഴും വിരുന്നുകാരനായി പോകേണ്ടി വരാറുണ്ട്. അപ്പോഴൊക്കെ അല്‍പം ജാള്യത്തോടെയാണ് ആ ഭക്ഷണം കഴിച്ചിട്ടുള്ളത്.
നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചെത്തുന്ന പ്രവാസിയുടെ പ്രധാന സമ്പാദ്യം പലതരം രോഗങ്ങളായിരിക്കുമല്ലോ. രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, പ്രമേഹം, വൃക്കരോഗം, കരള്‍ രോഗം. ഇപ്പോള്‍ ചെറുതല്ലാത്ത തോതില്‍ കാന്‍സറിനും പ്രവാസികള്‍ അടിപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ജീവിത, ഭക്ഷണ രീതികളിലെ പൊരുത്തക്കുറവാണ് പലരേയും രോഗികളാക്കുന്നത്.
അവനവനു വേണ്ട ഭക്ഷണം അവനവനു തന്നെ പാചകം ചെയ്യാന്‍ സാധിച്ചാല്‍ വിശപ്പിനെ മാത്രമല്ല, രോഗങ്ങളേയും മാറ്റി നിര്‍ത്താം. പ്രവാസം മതിയാക്കണമെന്ന് എന്നെങ്കിലും തോന്നുമ്പോള്‍ പ്രിയപ്പെട്ടവരുടെ അരികിലേക്ക് ആരോഗ്യത്തോടെ തന്നെ തിരിച്ചു വരാം.


2 comments:

Echmukutty said...

വേവിച്ച ആഹാരം കഴിക്കണമെന്ന് നിര്‍ബന്ധമുള്ളവരെല്ലാം പാചകം ചെയ്യാന്‍ പഠിച്ചിരിക്കണമെന്ന് എന്നോട് പറഞ്ഞു തന്നത് വിദേശിയായ ഒരു സ്വാമിജിയായിരുന്നു..

നല്ലെഴുത്ത് , സാദിഖ്. അഭിനന്ദനങ്ങള്‍

ഗൗരിനാഥന്‍ said...

ദൈവമെ ഇന്നും ഓര്‍ക്കുന്നു, മൊരിഞ്ഞ ബ്രഡും, ബട്ടറും...പിന്നെ കുറെ തരം റെഡിമെയ്ഡ് റൊട്ടികളും..തണുപ്പു സഹിക്കാന്‍ നല്ല പോലെ ഭക്ഷണം കഴിക്കണം എന്നു ഉപദേശിച്ച ബ്രിട്ടീഷ് സുഹൃത്താണ് പാചകം സ്വയം തന്നെ എന്ന തീരുമാനത്തിലെത്തിച്ചതു..അതിന്നും തുടരുന്നു..ഒരു പാട് സന്തോഷത്തോടെ ഒത്തിരി രീതികളും നാടുകളും രുചിയിലൂടെ കടന്നു വരുന്നുമുണ്ട്..നല്ലെഴുത്തു സാദിഖ്..എത്ര കാലമായി നിങ്ങളെഴുതിയതു ഇങ്ങനെ തുടരെ വായിച്ചിട്ട്..