Monday, November 1, 2010

ഖബറിലേക്കുള്ള പെരുന്നാള്‍ യാത്രകള്‍

പി.ടി.മുഹമ്മദ് സാദിഖ്

പെരുന്നാളുകള്‍ എന്നും വീട്ടിലേക്കുള്ള യാത്രകള്‍ കൂടിയായിരുന്നു. അഞ്ചാം ക്ലാസു മുതല്‍ യതീംഖാനയില്‍ നിന്ന്. പിന്നെ നാട്ടിലെ തൊഴിലിടങ്ങളില്‍ നിന്ന്. ഒടുവില്‍ പ്രവാസത്തിന്റെ വിരസ നഗരത്തില്‍ നിന്ന്. അങ്ങിനെയൊരു യാത്ര പുറപ്പെടാന്‍ നേരത്താണ് ജമാലുദ്ദീന്‍ പറഞ്ഞത്, ഒരു പെരുന്നാള്‍ കുട്ടികളോടൊപ്പം എനിയ്ക്കും കൂടണം. അത് ജമാലിന്റെ സ്വപ്നമാണ്. ഒപ്പം താമസിക്കുന്ന മുഹമ്മദിന്റേയും അബ്ദുറഹ്മാന്റേയും സ്വപ്നമാണ്. ആറ് വര്‍ഷം മുമ്പ്, നാല് വര്‍ഷത്തെ ഇടവേളക്കുശേഷമായിരുന്നു, ഒരു പെരുന്നാളിന് വീട്ടില്‍ കൂടാന്‍ ഞാന്‍ പുറപ്പെട്ടത്.

അന്നത്തെ ആ യാത്ര ഓര്‍മയിലുണ്ട്. ഇരുട്ടിന്റെ ആകാശങ്ങളെ കീറിമുറിച്ച് വിമാനം പറന്നുയരുകയാണ്. താഴെ വൈദ്യുതി ദീപങ്ങളുടെ ചന്തത്തിനൊപ്പം പ്രവാസ ഭൂമി കണ്ണില്‍നിന്നും മനസ്സില്‍നിന്നും മാഞ്ഞുപോയി. പെരുന്നാളിന്റെ ആഹ്ലാദങ്ങളിലേക്ക് പ്രിയപ്പെട്ടവരുടെ സാമീപ്യം തേടി പോകുന്ന പ്രവാസികളാണ് വിമാനം നിറയെ.

ആഘോഷവേളകള്‍ പ്രവാസിയുടെ നെഞ്ചകം എന്നും കലുഷിതകമാക്കുന്നു. ജീവിതം തേടി നാടുവിടുമ്പോള്‍ നഷ്ടപ്പെടുന്ന വലിയ വലിയ സന്തോഷങ്ങളാണിത്. ദൂരെ പ്രിയപ്പെട്ടവരില്‍നിന്ന് അകന്ന് ഒറ്റപ്പെട്ടു കഴിയുമ്പോള്‍ അവന് ആഘോഷമില്ല. ആഘോഷത്തിന്റെ ആഹ്ലാദമില്ല. നാട്ടിലെ വേലയും പൂരവും അവന്റെ നോവുകള്‍ക്ക് ആക്കം കൂട്ടുന്നു. ഉത്സവപ്പറമ്പും നേര്‍ച്ചപ്പറമ്പും അവന്റെ ഗൃഹാതുരത്തിന്റെ മുറിവുകളിലാണ് പെരുമ്പറ കൊട്ടുന്നത്.

വിമാനത്തില്‍ തൊട്ടടുത്ത്, കാസര്‍ക്കോട്ടുകാരന്‍ അബ്ദുല്ലക്കുഞ്ഞിയായിരുന്നു. പത്തൊമ്പത് വര്‍ഷമായി പ്രവാസ രാജ്യത്ത് കഴിയുന്ന അദ്ദേഹം അവിടെ എത്തിയതില്‍ പിന്നെ നാട്ടിലൊരു പെരുന്നാള്‍ കൂടിയിട്ടില്ല. സുന്നത്ത് കഴിഞ്ഞ് മകന്‍ ആദ്യത്തെ പെരുന്നാള്‍ നമസ്‌കരിക്കാന്‍ പള്ളിയില്‍ പോകുന്നത് കാണാന്‍ സാധിക്കാത്തതിന്റെ വേദന ആ മനസ്സിലുണ്ട്. പുത്തനുടുപ്പും കുഞ്ഞുറുമാലുമായി അത്തര്‍ പൂശി മകന്‍ പള്ളിയിലേക്ക് പോകുന്നത് സങ്കല്‍പിച്ച് ആ പെരുന്നാളിന് അയാള്‍ എയര്‍ കണ്ടീഷന്റെ ഹുങ്കാരമുള്ള മുറിയില്‍ സങ്കടപ്പെട്ടു കിടന്നു.
ആ മകന്‍ പെണ്ണു കെട്ടി. പേരക്കുട്ടിക്ക് ഒരു വയസ്സ്. പെണ്‍മക്കളുടെ മക്കള്‍ വേറെ. മക്കളും പേരക്കുട്ടികളുമൊക്കെയായി പെരുന്നാള്‍ കൂടണം. പത്തൊമ്പത് വര്‍ഷത്തിനുശേഷം പ്രിയപ്പെട്ടവര്‍ക്കൊപ്പം സ്വന്തം മണ്ണിലൊരു പെരുന്നാള്‍. ഇക്കുറിയാണ് പെരുന്നാളെന്നും ഇതിലും വലിയൊരു വല്യപെരുന്നാളിനി വരാനില്ലെന്നും അബ്ദുുല്ലക്കുഞ്ഞി പറഞ്ഞപ്പോള്‍ അയാളുടെ കണ്ണുകളില്‍ ശവ്വാലമ്പിളി നേരത്തെ പൂത്തിറങ്ങിയ പോലെ തോന്നി.

മുഹമ്മദും അബ്ദുറഹ്മാനും വര്‍ഷങ്ങളുടെ പ്രവസത്തിനിടെ, നാട്ടിലൊരു പെരുന്നാള്‍ കൂടാന്‍ ചെന്നപ്പോഴേക്കും മക്കളൊക്കെ വലുതായിപ്പോയിരുന്നു. പള്ളിയേല്ക്ക് പുറപ്പെടുമ്പോള്‍ പെരുന്നാള്‍ മണക്കുന്ന വിരല്‍ത്തുമ്പില്‍ പിടിക്കാന്‍ പേരക്കുട്ടികളേ ഉണ്ടായിരുന്നുള്ളു. മക്കള്‍ക്കും തനിക്കും നഷ്ടമായതെന്തെന്ന് രണ്ട് പേരും തിരിച്ചറിയുന്നത് അപ്പോഴാണ്. ഇക്കഥകള്‍ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ജമാലുദ്ദീന്‍ പറഞ്ഞത്, അടുത്ത പെരുന്നാളിന് ഞാനും പോകും നാട്ടില്‍. അവധി പെരുന്നാളിനോട് ചേര്‍ത്ത് എടുക്കാന്‍ നോക്കണം.

ജമാലുദ്ദീന്, പക്ഷേ അവധിയും പെരുന്നാളും ഒത്തു വന്നില്ല.പിന്നെയും പെരുന്നാളുകള്‍ കഴിഞ്ഞു പോയി. രണ്ട് വര്‍ഷം മുമ്പ് ഒരു നീണ്ട അവധിക്ക് ജമാല്‍ നാട്ടിലേക്ക് പോയി. രോഗം. അതിന്റെ ഭീകരത അപ്പോള്‍ ജമാലിനറിയില്ലായിരുന്നു. അതു തന്നെ, അര്‍ബുദമെന്ന മഹാ രോഗം. പോകുമ്പോള്‍ ജമാല്‍ പറഞ്ഞു, ഇക്കുറി പെരുന്നാളിന് ഞാന്‍ നാട്ടിലുണ്ടാകും. നീ വരുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും വീട്ടിലേക്ക് വരണം. ഞാന്‍ വാക്കു കൊടുത്തു.

പെരുന്നാളിന് മുമ്പേ ഞാന്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയിരുന്നു. ഞാനും ജലീലും കമ്മുക്കുട്ടി ഹാജിയും കൂടിയാണ് ജമാലിന്റെ വീട്ടിലേക്ക് പോയത്. അവിടെ ജമാലുണ്ടായിരുന്നില്ല. പെരുന്നാളും. മഹാ രോഗം അയാളെ വലിയ ആഘോഷങ്ങളുടെ സ്വര്‍ഗപ്പൂങ്കാവനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. അവന്റെ ഉമ്മയുടേയും ഭാര്യയുടേയും തൊണ്ടിയല്‍ വാക്കുകളുമില്ലായിരുന്നു, ഞങ്ങളെ വരവേല്‍ക്കാന്‍. വീട്ടുകാരുടേയും വിരുന്നുകാരുടേയും കണ്ണുകളിലെ കണ്ണുനീര്‍ തുള്ളികള്‍ മാത്രം പരസ്പരം സംസാരിച്ചു. ജമാലിന് മക്കളോടൊപ്പം പെരുന്നാള്‍ കൂടാന്‍ സാധിച്ചില്ല. ജമാലിനൊപ്പം കൂടാന്‍ എനിയ്ക്കും.

അവന്റെ മകന്‍ ഞങ്ങളെ, പള്ളിപ്പറമ്പിലേക്ക് വഴികാട്ടി. ജമാലിന്റെ ഖബറിടത്തില്‍ പച്ചമണ്ണ് ഉണങ്ങിത്തുടങ്ങിയുരുന്നു. കമ്മുക്കുട്ടി ഹാജിയുടെ പ്രാര്‍ഥനാ വചനങ്ങള്‍ക്ക് ഞാനും ജലീലും ആമീന്‍ പറഞ്ഞു കൊണ്ടിരുന്നു.

ഖബറിടത്തിലേക്കുള്ള പെരുന്നാള്‍ യാത്രകള്‍ മുമ്പും എന്റെ കാലുകളില്‍ കൂര്‍ത്ത മുള്ളുകള്‍ കുത്തിക്കയറ്റിയിട്ടുണ്ട്. ആ നോവില്‍ ഒരുപാട് വട്ടം പിടഞ്ഞു നിന്നിട്ടുണ്ട്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യം. യതീംഖാനയില്‍ നിന്ന് അവധിക്കു വന്നപ്പോള്‍ ഒരിയ്ക്കല്‍ വെല്യായിച്ചി (ബാപ്പയുടെ ബാപ്പ) വീട്ടിലുണ്ടായിരുന്നില്ല. അക്കൊല്ലം പെരുന്നാളിന് ഉമ്മയും അമ്മായിമാരും അമ്മായിയുടെ മകള്‍ കുഞ്ഞാളും മൈലാഞ്ചിയിട്ടില്ല. മൈലാഞ്ചിയിടുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ കുഞ്ഞാള്‍ പറഞ്ഞു, വെല്യായിച്ചി മരിച്ചതു കൊണ്ട് ഇക്കൊല്ലം നമുക്ക് പെരുന്നാളില്ലെന്ന്. നേരാണ്. വെല്യായിച്ചിയില്ലാതെ എന്തു പെരുന്നാള്‍? അല്ലെങ്കില്‍ പെരുന്നാള്‍ തലേന്ന് എന്ത് ജോറായിരുന്നു. പല പറമ്പുകള്‍ കയറിയിറങ്ങി മൈലാഞ്ചിക്കൊമ്പൊടിച്ച് അരച്ച് വെളഞ്ഞി (ചക്കപ്പശ) കൊണ്ട് പുള്ളി കുത്തി പെണ്ണുങ്ങളൊക്കെ മൈലാഞ്ചിയുടെ ചോപ്പിലേക്ക് പൂക്കും. ചെറിയ ആണ്‍കുട്ടികള്‍ക്കും ഇട്ടു കൊടക്കും. അങ്ങിനെ ചുടുള്ള വെളഞ്ഞിയുടെ പുള്ളി കൊണ്ട് എത്രയോ വട്ടം ഉള്ളം കൈ പൊള്ളിയിട്ടുണ്ട്. നേരം വെളുക്കുമ്പോള്‍ ചിലപ്പോള്‍ കിടന്ന പായയിലും ഉടുത്ത തുണിയിലുമൊക്കെ മൈലാഞ്ചിച്ചോപ്പ് പരന്നിട്ടുണ്ടാകും. അക്കൊല്ലം അതൊന്നുമുണ്ടായില്ല. ആ പെരുന്നാളിനാണ് ആദ്യമായി ഞാന്‍ ഖബറിടത്തിലേക്ക് യാത്ര പോയത്. ബാപ്പക്കും എളാപ്പമാര്‍ക്കും ഒപ്പം. അന്ന് വെല്യായിച്ചിയെ ഖബറില്‍ വിട്ട്, പെരുന്നാളില്ലാത്ത വീട്ടിലേക്ക് മടങ്ങിപ്പോരുമ്പോള്‍ മനസ്സിലുണ്ടായ സങ്കടം ഇന്നും മാറിയിട്ടില്ല.

ഒമ്പതാം ക്ലാസില്‍ പഠിയ്ക്കുമ്പോഴാണ് അനിയത്തി മരിച്ചു പോയത്. അന്നും യതീം ഖാനയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയിക്കാതെ പത്താം ക്ലാസില്‍ പഠിക്കുന്ന കൂട്ടുകാരന്‍ ഇസ്ഹാഖ് എന്നെ വീട്ടില്‍ എത്തിച്ചു. ആ രാത്രിയുടെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. കോഴിക്കോട്ടു നിന്ന് ആനക്കാംപൊയിലിലേക്ക് പോകുന്ന അവസാനത്ത കെ.എസ്.ആര്‍.ടി.സി ബസില്‍ മണാശ്ശേരിയില്‍ വന്ന് ബസ്സിറങ്ങി. പാതിരാത്രി വിജനമായ റോഡിലൂടെ വീട്ടിലേക്ക് നടക്കുമ്പോള്‍ എന്റെ കയ്യില്‍ മുറുകെ പിടിച്ച് ഇസ്ഹാഖ് പറഞ്ഞു, വീട്ടില്‍ എന്തു സംഭവിച്ചാലും ബേജാറാകരുത്. നമ്മള്‍ പിടിച്ചു നില്‍ക്കണം. എനിക്കൊന്നും മനസ്സിലായില്ല. വീട്ടില്‍ എന്തു സംഭവിക്കാനാണ്? ദൂരെ നിന്നേ വീട്ടില്‍ കത്തുന്ന റാന്തലിന്റെ വെളിച്ചെ കാണാം. എന്താണ് ആരും ഉറങ്ങാത്തതെന്നേ ഞാന്‍ ചിന്തിച്ചുള്ളൂ. വീട്ടില്‍ ആരൊക്കെയോ ഉണ്ടായിരുന്നു. എന്തോ സംഭവിച്ചിട്ടുണ്ട്. ഉമ്മയും ബാപ്പയുമില്ലാത്ത കുട്ടികളുടെ ഇടയില്‍ നിന്ന് വരുന്നതുകൊണ്ട് പെട്ടെന്ന് ഞാനോര്‍ത്തു, പടച്ചോനേ ആരെങ്കിലും മരിച്ചിട്ടുണ്ടാകുമോ? ബാപ്പക്ക് പണ്ട് ഹൃദ്രോഗമുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ബാപ്പ ചായയും ബീഡിയും ഉപേക്ഷിച്ചത് അന്നു മുതലാണത്രെ.
കോലായിലേക്ക് കയറിയപ്പോള്‍ കട്ടിലില്‍ ബാപ്പ ഇരിക്കുന്നുണ്ട്. പടച്ചോനെ ഉമ്മാക്ക് എന്തെങ്കിലും? ഇല്ല, അകത്ത് നിന്ന് ന്റെ മോള്.... എന്ന് പറഞ്ഞു കരയുന്നത് ഉമ്മയാണ്. പെട്ടെന്ന് ബാപ്പ കട്ടിലില്‍ നിന്നെഴുന്നേറ്റ് ബാപ്പ ഒരു പൊട്ടിക്കരച്ചിലായിരുന്നു, നമ്മുടെ മോളി പോയെടാ....
ഇസ്ഹാഖ് പറഞ്ഞ പോലെ ബേജാറാകാതിരിക്കനും പിടിച്ചു നില്‍ക്കാനും എനിക്ക് സാധിച്ചില്ല. കഴിഞ്ഞ അവധിക്കു പോകുമ്പോള്‍ എത്ര ഉമ്മകളാണ് അവള്‍ എനിയ്ക്കു തന്നത്. അത് ഓര്‍ത്തപ്പോള്‍ ഞാന്‍ വല്ലാതെ ബേജാറായി. പിടി വിട്ടു പോയി.
ഞാന്‍ ജുനൈദ എന്ന് പേരിട്ട കുട്ടിയായിരുന്നു അവള്‍. എന്റെ ക്ലാസിലുണ്ടായിരുന്ന ഏറ്റവും സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ പേരായിരുന്നു അത്. മോളി എന്നായിരുന്നു ഒന്നര വയസ്സുള്ള അവളെ ഞങ്ങള്‍ ഓമനിച്ച് വിളിച്ചിരുന്നത്. മോളി ഞങ്ങളെ വിട്ടു പോയ അക്കൊല്ലവും ഞങ്ങള്‍ക്ക് പെരുന്നാളുണ്ടായിരുന്നില്ല.

ആ മരണത്തിലേക്ക് എന്നെ കൊണ്ടു വന്ന ഇസ്ഹാഖും എനിക്കൊരു പെരുന്നാള്‍ ഇല്ലാതാക്കി പെട്ടെന്നൊരു ദിവസം സ്വര്‍ഗ്ഗത്തിലേക്ക് പോയ്ക്കളഞ്ഞു. അന്നും ഞാന്‍ ബേജാറായി. എല്ലാ പിടിയും വിട്ടുപോയി. ഒരപകടം അവനെ കൊണ്ടുപോയ വര്‍ഷം അവന്റെ മക്കള്‍ക്കും വീട്ടുകാര്‍ക്കുമൊപ്പം ഞാനും പെരുന്നാളില്ലാത്തവനായി. അപ്പോഴേക്കും പ്രവാസ ഭൂമിയിലെത്തിയിരുന്നതിനാല്‍ ആഘോഷ ശൂന്യമായ ആ പെരുന്നാളിന്റെ ദുഃഖത്തിലും ഞാന്‍ തനിച്ചായി.

ഓര്‍മയിലെ ആദ്യത്തെ പെരുന്നാള്‍ കുപ്പായം വാങ്ങിത്തന്നത് ബാപ്പയല്ല. ബാബുക്കാക്കയാണ്. ഉമ്മയുടെ ആങ്ങള. ബിസ്‌ക്കറ്റ് കളറില്‍ ബിസ്‌കറ്റിന്റെ ചിത്രമുള്ള ആ കുപ്പായം ഇപ്പോഴും ഒരു പെരുന്നാളിന്റെ ആനന്ദം പോലെ മനസ്സിലുണ്ട്. ബാബുക്കാക്കയേയും ഒരപകടം ഞങ്ങളില്‍ നിന്ന് പറിച്ചു കൊണ്ടുപോയി. അദ്ദേഹം പോയ കൊല്ലം ആ ഖബറിടത്തിലേക്കായിരുന്നു എന്റെ പെരുന്നാള്‍ യാത്ര. ഞാന്‍ ജോലിയില്‍ പ്രവേശിച്ച ഉടനെയായിരുന്നു അദ്ദേഹത്തിന്റെ മരണം. ഒരു പെരുന്നാളിന് ബാബുക്കാക്കക്ക് ഒരു കുപ്പായം വാങ്ങിക്കൊടുക്കണമെന്ന എന്റെ മോഹം കൂടിയാണ് വെറുതെയായത്. ഖബറിടത്തില്‍ വെല്യാപ്പക്കും അമ്മാവന്മാര്‍ക്കുമൊപ്പം പ്രാര്‍ഥനയോടെ നില്‍ക്കുമ്പോള്‍ എന്റെ കണ്ണും മനസ്സും ആ പെരുന്നാളിന്റെ വലിയ കയ്പില്‍ കരഞ്ഞു കൊണ്ടിരുന്നു. ഇപ്പോഴും ആ ഖബറിടത്തിലേക്ക് നോക്കാന്‍ പേടിയാണ്. കാരണം അത്രയും സ്‌നേഹമയനായ വേറൊരാള്‍ പിന്നെ ജീവിതത്തിലുണ്ടായിട്ടില്ല.

പിന്നീട്, വെല്യാപ്പയുടെ, വെല്യുമ്മമാരുടെയൊക്കെ ഖബറിടങ്ങളിലേക്ക് ഇതുപോലെ പെരുന്നാളില്ലാതെ വേദനയോടെ യാത്ര പോയി. ആഘോഷങ്ങള്‍ മരിച്ചു പോയ പ്രിയപ്പെട്ടവരുടെ ഓര്‍മകളിലേക്കുള്ള യാത്ര കുടിയാകുന്നു.

മരിച്ചു പോകണമല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ എനിക്കുള്ള ഭയം അതു തന്നെയാണ്. എന്റെ കുട്ടികള്‍ക്ക് ഒരു പെരുന്നാളെങ്കിലും അതു കൊണ്ട് നഷ്ടപ്പെട്ടു പോകുമല്ലോ!

(മാധ്യമം പെരുന്നാള്‍ സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്‌)

13 comments:

sheebarnair said...

Hon.Sadiq Sir,

Excellent Work.Heart touching words as always....

Keep up d good work Sir.

With respect..
Sheeba Ramachandran

അക്‌ബറലി ചാരങ്കാവ്‌ said...

എന്താണ്‌ മാഷേ.......കണ്ണീരൊഴുക്കിയാണ്‌ പലപ്പോഴും താങ്കളുടെ ലേഖനങ്ങള്‍ ഞാന്‍ വായിച്ചുപോയിട്ടുള്ളത്‌.

ഇപ്പോഴിതാ....പെരുന്നാള്‍ അനുഭവകുറിപ്പും

സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ " ഉറങ്ങിപോയ " എന്റെ പ്രിയ ഉപ്പയുടെ വിയോഗമാണ്‌
വായിക്കുമ്പോള്‍ എനിക്ക്‌ നോവുന്നത്‌

ബഷീര്‍ Vallikkunnu said...

മനുഷ്യനെ ബേജാറാക്കാനായിട്ട് ഓരോരോ പോസ്റ്റുകള്‍.. രണ്ടു ദിവസത്തെ ഉറക്കം പോയിക്കിട്ടി..

മുന്നൂറാന്‍ said...

ജീവിതമാണ് എന്ന് ഓര്‍ക്കാന്‍ ഇടക്ക് മരണത്തെ ഓര്‍ക്കുന്നത് നല്ലതാണ്.
ഷീബാ, അക്കു, ബഷീര്‍ അഭിപ്രായം അറിയിച്ചതില്‍ സന്തോഷം

raj said...

hai sir..very good work heart touching words
thanks raj

സലീം ഇ.പി. said...

സാദിക്ക് സാബ്‌, താങ്കളെ അറിയാമെങ്കിലും ആദ്യമായാണിവിടെ...ഹൃദയസ്പര്‍ക്കായ വരികള്‍..!

പ്രവാസം മതിയാക്കി പോവാണോ..?

ആശംസകള്‍ നേരുന്നു !

khader patteppadam said...

നഷ്ടപ്പെടുന്ന പെരുന്നാളുകള്‍... ഹൊ അതോര്‍ക്കാന്‍ വയ്യ. എണ്റ്റെ ഉപ്പ മരിച്ചത്‌ ഒരു ചെറിയ പെരുന്നാളിനാണ്‌ , എനിക്ക്‌ അഞ്ചു വയസ്സുള്ളപ്പോള്‍.. !

മഖ്‌ബൂല്‍ മാറഞ്ചേരി said...

ഈ ലേഖനം മാധമത്തില്‍ വന്നപ്പോള്‍ തന്നെ ഞാന്‍ ശ്രദ്ധിച്ചിരുന്നു .വല്ലാതെ ഇഷ്ട്ടപ്പെട്ട് എനിക്ക് .

Shukoor said...

മാധ്യമം സപ്ലിമെന്റില്‍ വായിച്ചിരുന്നു.
ഇവിടെ കണ്ടതില്‍ സന്തോഷം.

shansiya said...

ഓര്‍മ്മയുണ്ടാകുമോ എന്നറിയില്ല എന്നാലും അത്ര വേകം മറക്കില്ല....എല്ലാവിദ ആശംസകളും................

khaadu.. said...

ആദ്യ വരവില്‍ തന്നെ വേദനിപ്പിച്ചല്ലോ മാഷേ...

നന്നായി എഴുതി,,മനസ്സില്‍ തട്ടി... ഇനി ഓരോ പെരുന്നാളിനും ഇത് ഓര്‍മയില്‍ വരുമായിരിക്കും...

സ്നേഹാശംസകള്‍...

Niyas Banna said...

പ്രിയപ്പെട്ട ഒരു പാട് പേരുടെ മരണങ്ങൾ ഒന്നിച്ച് മനസ്സിലേക്ക് ഓടി വന്നു.
കണ്ണ് നനയിച്ചു.

ahammedpaikat said...

നോവോര്‍മ്മകള്‍ ഒരുപാട് മനസ്സിലേക്കെത്തി. വല്ലാത്തോരെഴുത്ത്