Tuesday, September 1, 2009

"ഗള്‍ഫിന് വിട നല്‍കി കടല്‍ കടന്നീടട്ടെ...''

പി.ടി. മുഹമ്മദ് സാദിഖ്


1999 ജൂലൈ 11.
അന്ന് രാത്രി പത്ത് മണിയോടടുത്താണ് ഞാന്‍ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. ഗള്‍ഫില്‍ വേനല്‍ക്കാലത്തിന്റെ തുടക്കമായിരുന്നു. പുറത്തു നല്ല ചൂട്. ആ ചുടിലേക്കാണ് എന്റെ പ്രവാസത്തിന്റെ തുടക്കം. ചുടു കാറ്റ് വന്നു സ്വാഗതം ചൊല്ലിക്കൊണ്ടിരുന്നു.

ഇമിഗ്രേഷന്‍ കൗണ്ടറിലെ ഉദ്യോഗസ്ഥന് അറബിയല്ലാതെ ഒന്നുമറിയില്ല. അയാള്‍ എന്തോ ചോദിച്ചു. അറബി വാമൊഴി ആദ്യം കേള്‍ക്കുകയാണ്. ഒന്നും മനസ്സിലായില്ല. സ്കൂളിലും മദ്രസയിലും കോളേജിലും പഠിച്ച അച്ചടിച്ച അറബിയുടെ സകല സൗന്ദര്യത്തോടെയും ഞാന്‍ പറഞ്ഞു -ഞാന്‍ പുതിയ വിസയില്‍ വരുന്നവനാണ്. അയാള്‍ പിന്നെയും എന്തോ ചോദിച്ചു. ഞാനെന്റെ അച്ചടി അറബി ആവര്‍ത്തിച്ചു. ഒരു രക്ഷയുമില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതായപ്പോള്‍ ഉദ്യോഗസ്ഥന്റെ ക്ഷമ നശിച്ചത് സ്വാഭാവികം. സീറ്റില്‍ നിന്നെഴുന്നേറ്റ് അദ്ദേഹം കൈ ദൂരേക്ക് ചൂണ്ടി ഒരലര്‍ച്ചയായിരുന്നു.. ബര്‍ര്‍ര്‍ര്‍റ............ബര്‍ര്‍ര്‍ര്‍റ..............................
(ഗെറ്റൗട്ട് എന്നതിന് അറബിയില്‍ അങ്ങിനെയാണ് പറയുകയെന്ന് അന്ന് അറിയില്ലായിരുന്നു).

വിമാനത്തില്‍ നിന്ന് ഒരു ഡിസ്എംബാര്‍കേഷന്‍ ഫോം തന്നിരുന്നു. അത് ഞാന്‍ പൂരിപ്പിച്ചതുമാണ്. ഇമിഗ്രേഷന് ക്യൂവില്‍ നില്‍ക്കുമ്പോള്‍ എന്തോ പറഞ്ഞ് ഒരുദ്യോഗസ്ഥന്‍ എന്റെ കയ്യില്‍ നിന്ന് അത് വാങ്ങിക്കൊണ്ടുപോയി. ആ ഫോം കാണാത്തതതു കൊണ്ടാണ് കൗണ്ടറിലെ ഉദ്യോഗസ്ഥന്‍ ക്ഷുഭിതനായത്. ബര്‍റയുടെ അര്‍ഥം അന്ന് പിടികിട്ടാതിരുന്നത് നന്നായി. അല്ലെങ്കില്‍ വന്നിറങ്ങിയ ദിവസം തന്നെ ഈ രാജ്യത്തു നിന്ന് പുറത്തായിപ്പോയല്ലോ ദൈവമേ എന്ന് ഞാന്‍ ബേജാറായേനെ!

ആദ്യയാത്രയുടെ വേദനയും ദുഃഖവും മനസ്സില്‍ ആവോളമുണ്ടായിരുന്നു. കരിപ്പൂരില്‍ നിന്നുള്ള വിമാനം മുംബൈയിലിറങ്ങി, അവിടെ നിന്ന് വേറെ വിമാനത്തിലാണ് ജിദ്ദയിലേക്ക്‌ വന്നത്. കരിപ്പൂരില്‍ നിന്ന് നേരിട്ട് ജിദ്ദ സര്‍വീസ് തുടങ്ങിയിട്ടില്ല. ജിദ്ദയിലേക്ക് ഹബ് ആന്റ് സ്‌പോക്ക് സര്‍വീസാണ്.
മുംബൈയിലെത്തിയ വിവരം വീട്ടിലൊന്ന് വിളിച്ചു പറയാന്‍ ടെലിഫോണ്‍ ബൂത്തിനു മുന്നില്‍ ക്യൂ നില്‍ക്കുമ്പോള്‍ ഒരു കാണ്ടോട്ടിക്കാരന്‍ വന്നു.
നിങ്ങള്‍ അങ്ങോട്ട് പോകുകയാണോ അതോ ഇങ്ങോട്ട് വരികയാണോ? -അയാള്‍ ചോദിച്ചു.
അങ്ങോട്ടാണ്.
അവധി കഴിഞ്ഞു പോകുകയാണോ?
അല്ല. ആദ്യമാണ്. പുതിയ വിസയാണ്.
പെട്ടെന്ന് അയാള്‍ പൊട്ടിച്ചിരിച്ചു.
അങ്ങോട്ട് ചെല്ലിന്‍.. എന്നു പറഞ്ഞു കൊണ്ട് അയാള്‍ സ്യൂട്ട് കേസ് തൂക്കി ലോഞ്ചിന്റെ മറ്റൊരു അറ്റത്തേക്ക് നടന്നു പോയി. എന്തിനാകും അയാള്‍ അങ്ങിനെ പറഞ്ഞതെന്ന് ഓര്‍ത്തു പുതിയൊരു ജീവിതം കൊതിച്ചു പുറപ്പെട്ട ഞാന്‍ അല്‍ഭുതപ്പെട്ടു.

എന്റെ സ്വപ്നത്തില്‍ എവിടെയും ഗള്‍ഫ് ഉണ്ടായിരുന്നില്ല.
""പൊന്നും മുതലും പണ്ടോം പണോം പങ്കാസും
ഫോറിന്‍ തുണികള്‍ അണിഞ്ഞുള്ള പത്രാസും
നാലുപേര്‍ കാണെ നടക്കുന്ന നാമൂസും
നാട്ടിലേറ്റം വല്യൊരു വീടിന്റെ അന്തസ്സും''
ഗള്‍ഫില്‍ പോയി സമ്പാദിക്കണമെന്ന് ഒരിക്കലും ആശിച്ചില്ല.

മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അപ്പാട്ട് ഞാന്‍ ആദ്യം കാണുന്നത്. എസ്.എ. ജമീലിന്റെ ദുബായ് കത്ത്. അതെ, കേള്‍ക്കുകയല്ല, ആ പാട്ട് കാണുകയാണ് ആദ്യം ചെയ്തത്. അന്നൊക്കെ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ഒരു മാപ്പിളപ്പാട്ട് ആഴ്ചതോറും പ്രസിദ്ധീകരിക്കും. പുതിയ പല പാട്ടുകളും അങ്ങിനെ കേള്‍ക്കുന്നതിന് മുമ്പ് കാണുകയാണ് ഞാന്‍ ആദ്യം ചെയ്തത്. കല്യാണങ്ങള്‍ക്കും കുറിക്കല്യാണങ്ങള്‍ക്കും തെങ്ങിന്‍ മുകളില്‍ കെട്ടുന്ന വലിയ കോളാമ്പികളില്‍ പിന്നീട് കുറേ കഴിഞ്ഞായിരിക്കും ആ പാട്ടുകള്‍ കേള്‍ക്കുക.
ഗ്വാളിയോര്‍ റയോണ്‍സ് ജീവനക്കാരനും മുസ്‌ലിം ലീഗുകാരനുമായ അയല്‍പക്കത്തെ അഹ്മദ്കുട്ടിക്കാക്കയുടെ വീട്ടില്‍ ചന്ദ്രിക ആഴ്ചപ്പതിപ്പ് വരും. കാര്‍ട്ടൂണുകളും ചിത്രകഥകളും കറങ്ങി എപ്പോഴും നേരെ ചെന്നെത്തുന്നത് മാപ്പിളപ്പാട്ടിലായിരിക്കും. ആ മാപ്പിളപ്പാട്ടുകളെല്ലാം എഴുതിയെടുത്ത് ഞാന്‍ കാണാപ്പാഠം പഠിക്കും.

നേര്‍ച്ചക്കും ചന്തയിലും പോകുമ്പോഴൊക്കെ ആമിനാ ബുക്‌സ് പുറത്തിറക്കുന്ന മാപ്പിളപ്പാട്ടുകള്‍ പൈസ കൊടുത്തു വാങ്ങിക്കൂട്ടുന്ന എനിക്ക് ചന്ദ്രികയില്‍ അച്ചടിച്ചു വരുന്ന പാട്ടുകള്‍ സൗജന്യമായി കിട്ടുന്ന ആഹ്ലാദമായിരുന്നു.
അങ്ങിനെയൊരു ദിവസമാണ് എസ്.എ. ജമീലിന്റെ ദുബായ് കത്ത് കാണുന്നത്. അറിയാവുന്ന ഒരീണത്തില്‍ അത് അവിടെ തന്നെ കുത്തിയിരുന്നു കാണാതെ പഠിച്ചു. പിന്നീട് ഉച്ചഭാഷിണികളില്‍ നിന്ന് കേട്ട് ആ പാട്ടിന്റെ ഈണം പഠിച്ചു. ഒട്ടും മധുരമില്ലാത്ത എന്റെ കുട്ടിക്കൂറ്റില്‍ ഞാന്‍ പലേടത്തും അത് പാടി. അയല്‍പക്കത്ത താത്തമാരൊക്കെ എന്നെക്കൊണ്ട് ആ പാട്ട് പാടിക്കും. അക്കൂട്ടത്തില്‍ ഗള്‍ഫില്‍ പോയവരുടെ പെണ്ണുങ്ങള്‍ ഉണ്ടായിരുന്നില്ല. എങ്കിലും അവരൊക്കെ ആ പാട്ട് കേട്ട് വല്ലാത്ത നെടുവീര്‍പ്പിടുകളിടും.

ആ പാട്ട് പകരുന്ന ആഴത്തിലുള്ള നോവുകള്‍ അന്നൊന്നും എന്നെ സ്പര്‍ശിച്ചിരുന്നില്ല. ബാപ്പയെ കാണാന്‍ വിധിയില്ലാതെ നടക്കുന്ന പാട്ടിലെ മൂന്നു വയസ്സുകാരനാണ് എന്നെ വേദനിപ്പിച്ചത്. ഓടിച്ചാടി കളിക്കുന്ന കുട്ടി ഇടക്കിടെ ബാപ്പയെ ചോദിക്കുന്നതും ഒരിക്കലും കാണാത്ത ബാപ്പയെ അവന്‍ മാടിമാടി വിളിക്കുന്നതും ഓര്‍ത്ത് എന്റെ കണ്ണുകള്‍ നിറയും. ദൂരെ മദ്രസയില്‍ പഠിപ്പിക്കാന്‍ പോകുന്ന എന്റെ ബാപ്പ ആഴ്ചയിലൊരിക്കല്‍ വീട്ടിലെത്തുമ്പോള്‍ തന്നെ എന്ത് ആഹ്ലാദമായിരുന്നു ഞങ്ങള്‍ക്ക്. അപ്പോള്‍ മൂന്നും നാലും വര്‍ഷം വീട്ടില്‍ വരാത്ത, ഇന്നുവരെ കണ്ടിട്ടില്ലാത്ത ബാപ്പയെ ഓര്‍ക്കുമ്പോള്‍ ആ കുട്ടിക്ക് എന്തുമാത്രം സങ്കടമുണ്ടാകും?

ജമീലിന്റെ വരികള്‍:
രണ്ടോ നലോ വര്‍ഷം മുമ്പ് നിങ്ങള്‍ വന്നു
എട്ടോ പത്തോ നാളുകള്‍ മാത്രം വീട്ടില്‍ നിന്നു
അതിലുണ്ടായൊരു കുഞ്ഞിന് മൂന്ന് വയസ്സായിന്ന്
അവനെന്നും ചോദിക്കും ബാപ്പ എവിടെയെന്ന്
ഓടിച്ചാടിക്കളിക്കും -മോന്‍ ബാപ്പാനെ
മാടി മാടി വിളിക്കും -അത് കാണുമ്പോള്‍
ഉടഞ്ഞിടും ഇടനെഞ്ച് പിടഞ്ഞിടും
പൂക്കുഞ്ഞി പൈതലല്ലേ -ആ മുഖം
കാണാന്‍ പൂതി നിങ്ങള്‍ക്കുമില്ലേ..

ദുബായ് കത്തിലെ ആണ്‍ പെണ്‍ വിരഹവും മനസ്സും ശരീരവും അനുഭവിക്കുന്ന കൊടിയ ദാഹവുമൊന്നും എന്നെ അന്ന് സ്പര്‍ശിക്കേണ്ടതില്ല. പിന്നെ അതൊക്കെ തിരിച്ചറിയാന്‍ തുടങ്ങിയപ്പോള്‍ മധുരം നിറച്ച മാംസപ്പൂവന്‍ പഴം മറ്റാര്‍ക്കും തിന്നാന്‍ കൊടുക്കാതെ ആശകളും കിനാക്കളുമടക്കി മലക്കല്ലാഞ്ഞിട്ടും മലക്കുകളെ പോലെ ജീവിക്കുന്ന ഒരുപാട് പെണ്ണുങ്ങളെ കണ്ടു. ബാപ്പയെ കാണാതെ മൂന്നും നാലും വര്‍ഷം ഓടിച്ചാടി കളിക്കുകയും ഇടക്കിടെ ബാപ്പാനെ ചോദിക്കുകയും ദൂരെ ദൂരെ കണ്ണു നട്ട് ബാപ്പാനെ മാടി മാടി വിളിക്കുകയും ചെയ്യുന്ന കുട്ടികളെ കണ്ടു. പത്രാസിനും നാമൂസിനുമപ്പുറം അക്കരെയിക്കരെ ഇരുന്നു കരഞ്ഞു തീരുന്ന രണ്ട് ജീവിതങ്ങളാണ് ഗള്‍ഫിനെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ മനസ്സില്‍ തെളിഞ്ഞത്. ഗള്‍ഫിലേക്ക് പറക്കുന്നവന്‍ നാട്ടിലെ പെണ്ണിനെ തീയിലിട്ട് വേവിക്കുകയാണ്. പെണ്ണിന്റെ ആവശ്യമറിയാത്ത, പൊണ്ണനായ ഗള്‍ഫുകാരന്‍ അവളുടെ തെറ്റിന്റെ കര്‍ത്താവാകുന്നു.

ജമീല്‍ പാടുന്നു:
മധുരം നിറച്ചൊരെന്‍ മാംസപ്പൂവന്‍ പഴം
മറ്റാര്‍ക്കും തിന്നാന്‍ കൊടുക്കൂലൊരിക്കലും
മരിക്കോളമീ നിധി കാക്കും ഞാനെങ്കിലും
മലക്കല്ല ഞാന്‍ പെണ്ണെന്നോര്‍ക്കണം നിങ്ങളും
യൗവ്വനത്തേന്‍ വഴിഞ്ഞേ -പതിനേഴിന്റെ
പൂവനപൂ കൊഴിഞ്ഞേ -താരുണ്യത്തിന്‍
കടഞ്ഞെടുത്ത പൊന്‍കുടമൊടുവില്‍ -ഞാന്‍
കാഴ്ച്ചപ്പണ്ടം മാത്രമായി -ഉഴിഞ്ഞിട്ട
നേര്‍ച്ചക്കോഴി പോലെയായ്

കുഞ്ഞോലന്‍ കുട്ടിയാണ് ആദ്യം ഞങ്ങളുടെ നാട്ടില്‍ നിന്ന് ഖത്തറില്‍ പോകുന്നത്. അടുത്ത ഗ്രാമത്തില്‍ കുറേ ഖത്തറുകാരുണ്ട്. അവിടുത്തെ ഏതോ ഖത്തര്‍ കുടുംബത്തില്‍ നിന്ന് പെണ്ണുകെട്ടിയ കുഞ്ഞോലന്‍ കുട്ടി ആ വഴിയാണ് ഖത്തറിലേക്ക് പോയത്. കുഞ്ഞോലന്‍ കുട്ടി ഖത്തറില്‍ നിന്ന് വരുമ്പോള്‍, അത്തറിന്റെ മണമൊക്കെ പരത്തി അങ്ങാടിയില്‍ വരും. അയാളെ ഒരല്‍ഭുത മനുഷ്യനെപ്പോലെ നോക്കി നിന്നിട്ടുണ്ട്. കുഞ്ഞോലന്‍ കുട്ടിയുടെ അയല്‍ക്കാരും കുടുംബക്കാരുമായ കുട്ടികള്‍ അയാള്‍ കൊണ്ടു വരുന്ന പേനയും മണമുള്ള മായ്ക്കും റബറും പടം മിന്നി മറയുന്ന സ്‌കെയിലുമൊക്കെയായി മദ്‌റസയിലും സ്കൂളിലുമൊക്കെ വരും. അയാള്‍ കൊണ്ടു വന്ന "ഫോട്ടം നോക്കി'യിലാണ് മക്കയും മദീനയും ആദ്യം കാണുന്നത്.

കുഞ്ഞോലന്‍ കുട്ടിയുടെ വീട്ടില്‍ നിന്നാണ് ടേപ്‌റെക്കോര്‍ഡര്‍ പാടുന്നത് ആദ്യമായി കേട്ടത്. മാപ്പിളപ്പാട്ടുകള്‍ക്കു പുറമെ, അന്ന് കേട്ടിരുന്നത് മുഹമ്മദ് റഫിയുടെയും മുകേഷിന്റേയുമൊക്കെ പാട്ടുകളാണെന്ന് കുറേക്കാലം കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. ദുബായ് കത്ത് പാടിയും ആ പെട്ടി ഇടക്കിടെ കരയും. ഇന്നിപ്പോള്‍ ഗള്‍ഫുകാരില്ലാത്ത ഒറ്റ വീടും എന്റെ നാട്ടിലില്ല. അമ്മാവന്‍ അബുക്കാക്കയാണ് എന്റെ കുടുംബത്തില്‍ നിന്ന് ആദ്യം ഗള്‍ഫില്‍ പോയത്. ആദ്യത്തെ അവധിക്കു വന്നപ്പോള്‍ അദ്ദേഹം കൊണ്ടു വന്ന പെട്ടി തുറന്നപ്പോഴാണ് ഗള്‍ഫിന്റെ മണം ഞാന്‍ ആദ്യം ഞാന്‍ ശ്വസിച്ചത്. അപ്പോഴും ഗള്‍ഫ് ഒരു സ്വപ്നമായി എന്റെ മനസ്സിലേക്ക് കടന്നു വന്നിരുന്നില്ല.

തിരിച്ചു പോകാന്‍ തീരുമാനിച്ചപ്പോള്‍, ആ തീരുമാനം അറിയിച്ചപ്പോള്‍ എല്ലാവരും ചോദിച്ചു. എന്തിനാണ് തിരിച്ചു പോകുന്നത്? നാട്ടില്‍ പോയാല്‍ എന്തു ചെയ്യും? മക്കളുടെ പഠനം, കല്യാണം... വരാനിരിക്കുന്ന അനേകം ബാധ്യതകള്‍..ജീവിതത്തില്‍ ഇനിയും എന്തെല്ലാം നേടാനിരിക്കുന്നു! അവരൊക്കെ എന്നെ പേടിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്റെ തീരുമാനം അടിയുറച്ചതാണെന്ന് മനസ്സിലായപ്പോള്‍ ചിലര്‍ക്ക് ഞാനെന്തോ മഹാ അബദ്ധം കാണിച്ചതുപോലെ. ചിലര്‍ക്ക് ഞാനെന്തോ മഹാ അപരാധം ചെയ്ത പോലെ. ചിലര്‍ക്ക് ഞാന്‍ അത്യപൂര്‍വമായ ഏതോ ധീരത കാണിച്ച പോലെ.

നാട്ടില്‍ നിന്ന് അടുത്ത കൂട്ടുകാര്‍ വിളിച്ചു. ഒരഞ്ചു കൊല്ലം കൂടി അവിടെ നില്‍ക്കെന്ന് പറഞ്ഞവനുണ്ട്. ഏതായാലും പോരാന്‍ തീരുമാനിച്ചില്ലേ, ഒരു വര്‍ഷം കൂടി നില്‍ക്ക് എന്ന് പറഞ്ഞവനുണ്ട്. എന്നോട് സ്‌നേഹം മാത്രമുള്ളവരാണ് അവര്‍.
ജീവിതത്തില്‍ എടുക്കാവുന്ന ഏറ്റവും നല്ല തീരുമാനം എന്ന് പ്രോത്സാഹിപ്പിച്ചത് ഓന്നൊ രണ്ടോ പേര്‍ മാത്രം. അവരും എന്നെ ഗാഢമായി സ്‌നേഹിക്കുന്നു.

വീട്ടുകാരോട് ഞാന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതേയില്ല. അവര്‍ ഒരിക്കലും സമ്മതിക്കില്ല. എങ്ങിനെയെങ്കിലും പിടിച്ചു നില്‍ക്കാനേ അവരുടെ സ്‌നേഹവും എന്നെ ഉപദേശിക്കുകയുള്ളൂ. മാലാഖ (മലക്ക്) അല്ലെങ്കിലും മധുരം നിറച്ച മാംസപ്പൂവന്‍ പഴം മറ്റാര്‍ക്കും തിന്നാന്‍ കൊടുക്കാതെ കാത്തിരിക്കുന്ന എന്റെ പെണ്ണിനോട് മാത്രം ഞാന്‍ പറഞ്ഞു. എത്രയും വേഗം വന്നാല്‍ മതിയെന്ന് മാത്രം അവള്‍ പറഞ്ഞു.

പത്ത് വര്‍ഷം മുമ്പ് വിമാനം കയറി ജിദ്ദയില്‍ വന്നിറങ്ങിയ വിരഹത്തിന്റെ ആദ്യരാത്രിയില്‍ ഞാന്‍ അവള്‍ക്ക് ഫോണ്‍ ചെയ്തപ്പോള്‍ അവള്‍ എന്നോട് സംസാരിച്ചതേയില്ല. ഒരു ചോദ്യം മാത്രമാണ് അവള്‍ ചോദിച്ചത് -നിങ്ങള്‍ എന്തെങ്കിലും കഴിച്ചോ? ഗള്‍ഫിന്റെ വേദന അക്കരെ അവളുടേയും ഇക്കരെ എന്റേയും തൊണ്ടക്കുഴികളെ മര്‍ദിക്കാന്‍ തുടങ്ങിയിരുന്നു അപ്പോള്‍.
അന്ന് അവള്‍ ഗര്‍ഭിണിയായിരുന്നു. ഗര്‍ഭത്തിലിരുന്നു എന്റെ മകള്‍ക്കും ആ വേദന സഹിക്കേണ്ടി വന്നിരിക്കും. പത്താം മാസത്തില്‍ അവള്‍ ഈ ലോകത്തേക്ക് വരുമ്പോള്‍ ഞാന്‍ കടലിനിക്കരെയായിരുന്നു. എന്നെ ഏറ്റവുമധികം ലാളിച്ച രണ്ട് വെല്യുമ്മമാരും ലോകത്തോട് വിടപറഞ്ഞു പോകുമ്പോഴും ഞാന്‍ കടലിനിക്കരെയായിരുന്നു.

എന്റെ മകളുടെ മുഖം ആദ്യം കാണാന്‍ എനിക്ക് സാധിച്ചില്ല. വെല്യുമ്മമാരുടെ മുഖം അവസാനമായി ഒന്നു കാണാനും സാധിച്ചില്ല.

ഭാഗ്യം പരീക്ഷിക്കാന്‍ വന്നതായിരുന്നില്ല ഞാന്‍. നാട്ടില്‍ ചെയ്ത ജോലി തന്നെയാണ് ഇവിടെയും ഞാന്‍ ചെയ്തത്. അവിടെ സഹപ്രവര്‍ത്തകരായിരുന്നവര്‍ തന്നെയാണ് ഇവിടെയും എന്റെ സഹപ്രവര്‍ത്തകരായത്.
പത്ത് വര്‍ഷം കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍ ഞാന്‍ സന്തുഷ്ടനാണ്. വലിയ മോഹങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല. ചില്ലറ ലക്ഷ്യങ്ങളേ ഉണ്ടായിരുന്നുള്ളു. ഒക്കെ നേടി. പ്രവാസ ലോകം ഒരുപാട് സൗഭാഗ്യങ്ങള്‍ തന്നു. ആദ്യ യാത്രയില്‍ മുംബൈയില്‍ വെച്ചു കണ്ട കൊണ്ടോട്ടിക്കാരന്റെ ചിരി ഒരിക്കലും എനിക്ക് ചിരിക്കേണ്ടി വന്നില്ല. വിമാനം കയറിപ്പോരുന്നവരെ ഒരിക്കലും ഞാന്‍ പരിഹസിക്കില്ല. ഈ നാട് നമ്മുടേതുള്‍പ്പെടെ ഒരുപാട് നാടുകളെ തീറ്റിപ്പോന്നുണ്ടെന്ന് മറക്കാന്‍ പാടില്ല.

ഗള്‍ഫുകാരുടെ വീട്ടില്‍ കാണുന്ന ഫോറിന്‍ ബ്ലാങ്കറ്റിനോട് എനിക്ക് വലിയ കൊതിയായിരുന്നു. എനിക്ക് എന്നും കൊതി തോന്നിയ ഒരേയൊരു ഫോറിന്‍ സാധനം. കാമുകിയെ കെട്ടിപ്പിടിച്ച് കിടക്കാന്‍ കൊതിക്കുന്നതുപോലെ ആ ബ്ലാങ്കറ്റ് പുതച്ചു കിടക്കാന്‍ ഞാന്‍ കൊതിച്ചു. ജിദ്ദയിലെത്തിയതിന്റെ പിറ്റേ ദിവസം തന്നെ ഞാന്‍ ബ്ലാങ്കറ്റ് സ്വന്തമാക്കി. എയര്‍ കണ്ടീഷന്റെ തണുപ്പില്‍ പുതച്ചുറങ്ങാന്‍ അത് നിര്‍ബന്ധമാണ്. പിന്നെ ഓരോ അവധിക്കു പോകുമ്പോഴും ഒരു ബ്ലാങ്കറ്റ് ഞാന്‍ വെറുതെ വാങ്ങിക്കൊണ്ടുപോകും. ഒടുവില്‍ ഭാര്യ എനിക്ക്, അന്ത്യശാസനം നല്‍കി -മേലില്‍ ഇവിടെ ബ്ലാങ്കറ്റ് കൊണ്ടുവരരുത്. അതൊന്നും എടുത്തു വെക്കാന്‍ ഇവിടെ സ്ഥലമില്ല. പക്ഷേ, ഈ യാത്രയിലും ഒരു ബ്ലാങ്കറ്റ് ഞാന്‍ വാങ്ങും. അതെന്റെ മോഹമാണ്.
അതെ, അങ്ങിനെ ഞാന്‍ മടങ്ങുകയാണ്. പോകുമ്പോള്‍ ഇമിഗ്രേഷന്‍ കൗണ്ടറിലെ ഉദ്യോഗസ്ഥനോട് അഭിമാനത്തോടെ പറയണം -അല്‍ ഹീന്‍ അന ബര്‍റ.. ഞാന്‍ പുറത്തു പോകുകയാണ്. ഈ രാജ്യത്തുനിന്ന് തന്നെ പുറത്തേക്ക്.

ജമീലിന്റെ പാട്ട്:
മകനെ എടുത്ത് മതിയാവോളം മുത്താനും
മണിയറയില്‍ വീണ്ടും മണിവിളക്ക് കത്താനും
മധുവിധു ലഹരിയുള്ള മധുരക്കള്ള് ചെത്താനും
മണിക്കൂറ് കൊണ്ട് സ്വന്തം നാട്ടില്‍ പറന്നെത്താനും
വിധി തേടുന്നേ ഖല്‍ബ് ശ്രുതി പാടുന്നേ
വിധി തേടുന്നേ ഖല്‍ബ് ശ്രുതി പാടുന്നേ
ഗള്‍ഫിന് വിടകൊടുത്തുടന്‍ കടല്‍ കടന്നീടാന്‍
കൊതി കൂടുന്നേ നിന്നില്‍ കൊതി കുടുന്നേ

ജമീലിന്റെ അപ്പാട്ട് ഒരു ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കേവല കത്തിടപാടായി ഞാന്‍ കാണുന്നില്ല. ജന്മനാടും പ്രവാസിയും തമ്മിലുള്ള പിടിവിടാത്ത ബന്ധം തന്നെയാണ് അതില്‍ കാണുന്നത്. പുഴയും തോടും വയലേലകളും കുന്നും മലകളും പ്രിയപ്പെട്ടവരും നിറഞ്ഞ ജന്മനാടാണ് ആ മണിയറ. അവിടെ, പ്രിയപ്പെട്ട സകലതിന്റേയും സാന്നിധ്യം സന്തോഷം കത്തുന്ന മണിവിളക്കാകും. ആ ജീവിതത്തിന് ഒരിക്കലും വറ്റാത്ത മധുവിധുവിന്റെ ലഹരിയുണ്ട്. അവിടെ ഓടിച്ചാടി കളിക്കുന്നതും ഇടക്കിടെ നമ്മെ മാടി മാടി വിളിക്കുന്നതും നമ്മുടെ മനസ്സു തന്നെയാണ്. അതെ, പിന്‍വിളി വിളിക്കുന്നത് ഭാര്യയല്ല, സ്വന്തം നാടു തന്നെയാണ്. സ്‌നേഹത്തിന്റെ സകല ചാരിത്ര്യ ശുദ്ധിയോടും കൂടി നമ്മെ കാത്തിരിക്കുന്നത് ആ മണ്ണാണ്. ആ വിളി കേള്‍ക്കാതിരിക്കാനാകില്ല, ഒരു പ്രവാസിക്കും.
(ptsadik@gmail.com)

33 comments:

തറവാടി said...

പോസ്റ്റ് നന്നായി പക്ഷെ ഒന്നൂടെ ഒതുക്കാമായിരുന്നു, പാരഗ്രാഫ് തിരിച്ചാല്‍ വായിക്കാനും എളുപ്പമാകും :)

ഹാരിസ് said...

ഞങ്ങളൊക്കെ ഇനി എപ്പൊഴാണ്....?

പകല്‍കിനാവന്‍ | daYdreaMer said...

പ്രിയ സാദിഖ്
നല്ല കുറിപ്പ്.
മാധ്യമം വാര്‍ഷികപ്പതിപ്പില്‍ കെ പി റഷീദ് എഴുതിയ ജമീലിനെ കുറിചുള്ള ഒരു ലേഖനം കഴിഞ്ഞ ദിവസം വായിച്ചിരുന്നു.

കാവിലന്‍ said...

സാദിഖ്‌ വരച്ചുവെച്ചത്‌ ആത്മകഥയല്ല, പ്രവാസിയുടെയും ജീവ ചരിത്രമാണ്‌. ഏഴ്‌ വര്‍ഷത്തോളമായി പ്രവാസ ലോകത്തുള്ള എനിക്ക്‌ എന്റെ കഥയാണിത്‌.
തീരുമാനം നന്നായി എന്ന്‌ പറഞ്ഞവരുടെ കൂട്ടത്തില്‍ എന്നെയും പെടുത്തിക്കോളൂ. വിണ്‍വാക്കല്ല, ആത്മാര്‍ത്ഥമായി പറയുന്നതാണ്‌. കാരണം, വികെ ശ്രീരാമന്‍ പറഞ്ഞപോലെ, ഓരോ കര്‍ക്കടകവും നമ്മെ വിളിച്ച്‌ കൊതിപ്പിക്കുകയാണ്‌.
എങ്കിലും ഒന്നു പറയട്ടെ, ഈ പ്രവാസ ജീവിതം സാദിഖിനെ അറിയപ്പെടുന്ന എഴുത്തുകാരനാക്കിയില്ലോ...ആശംസകള്‍.

JAN said...

DEAR SADIK,

EZHUTHU NANNAYI...ORO PRAVASIYUDEUM ATMA KADA!! OZHIVAKKI KOODAMAYIRUNNILLE EE YATHRA........WE MISS U A LOT.......

OAB/ഒഎബി said...

നല്ല തീരുമാനം..
താങ്കൾക്ക് ദൈവം കരുത്ത് നൽകട്ടെ അമീൻ..
മഅസലാമ..
1989ൽ വണ്ടി കയറിയ ഒരുത്തൻ

മഴയുടെ മകള്‍ said...

ഒരു പ്രവാസിക്കല്ലാതെ മറ്റാര്‍ക്കും സ്വന്തം മണ്ണിന്റെ വിലയും സുഖവും മനസ്സിലാകൂ... അന്യദേശത്തെ വളക്കൂറുള്ള മണ്ണു കണ്ട് ചാടുന്നവനും കുറേക്കഴിയുമ്പോള്‍ ഇങ്ങനെ പറയും.. അക്കരെ നിക്കുേേമ്പാള്‍ ഇക്കരപ്പച്ച എന്നു തോന്നും.. നന്നായി മുന്നൂറാനേ.. ആശംസകള്‍.. നാട്ടില്‍ നല്ല ജോലിയും സുഖജീവിതവും താങ്കള്‍ക്കു ലഭിക്കട്ടെ

ബീരാന്‍ കുട്ടി said...

സാദിഖ് ഭായ്,
ജീവിതം എവിടെയും നിങ്ങൾക്ക് തണലേക്കട്ടെ എന്നാശംസിക്കുന്നു.

ധീരമായ തീരുമാനം.

Basheer Vallikkunnu said...
This comment has been removed by the author.
Basheer Vallikkunnu said...

വേണ്ടത് വേണ്ട സമയത്ത് തോന്നിക്കിട്ടുക എന്നുള്ളത് ഒരു വലിയ അനുഗ്രഹമാണ്. സാദിക്കിന് അത് സാധിച്ചു. പണക്കൊതി തീരാത്തത് കൊണ്ട് എന്റെ സ്കൂളിലെ ലീവ് ഞാന്‍ വീണ്ടും നീട്ടി. അഞ്ചു വര്‍ഷത്തെ ലീവ് എടുത്തു പോന്നതാണ്. നീട്ടി നീട്ടി ഇപ്പോള്‍ അത് പതിനഞ്ചു ആയി. മാക്സിമം ഇരുപതു വര്ഷം എന്ന് സര്ക്കാര് നിയമം വെച്ചതിനാല്‍ അതിനപ്പുറം പോകാന്‍ കഴിയില്ലല്ലോ എന്നോര്‍ത്ത് ഇപ്പോഴേ ബേജാറ് തുടങ്ങിയിട്ടുണ്ട്. ഒന്നിന് പതിമൂന്നു എന്ന ഈ റിയാലിന്റെ ഇക്ക്വേഷന്‍ .. ഹോ കൊതി തീരുന്നില്ല..

ഉസ്മാന്‍ പള്ളിക്കരയില്‍ said...

സ്വന്തം തൃപ്തിക്കനുസരിച്ച തീരുമാനം എടുക്കാന്‍ താങ്കള്‍ക്ക് സാഹചര്യം ഒരുക്കിത്തന്ന തമ്പുരാന്‌ സ്തുതി.
ഗെതിയില്ലാതെ അനിഷ്ടത്തോടെ വിരഹാര്‍ത്തജീവിതം തുടരേണ്ടിവരുന്നവര്‍ക്കായി ഒരു നെടുവീര്‍പ്പ്...

കരീം മാഷ്‌ said...

പിറന്ന നാടിനേയും പ്രിയപ്പെട്ടവരേയും അത്രമേല്‍ സ്നേഹിക്കുന്നതിനാല്‍ പ്രവാസം നിര്‍ത്താന്‍ സാധിക്കാതെ വീര്‍പ്പു മുട്ടുന്ന ഒരു ലക്ഷം പ്രവാസികളില്‍ നിന്നൊരു പ്രവാസിയുടെ ആശംസകള്‍.

Anil cheleri kumaran said...

മനോഹരമായ രചന.. ഒരു നൊമ്പരത്തോടെ വായിച്ചു തീർത്തു..

(മാത്രുഭൂമിയിൽ എഴുതിയിട്ടുണ്ടോ..? 2 തവണ..?)

ഏറനാടന്‍ said...

പ്രിയപ്പെട്ട സാദിഖേ,

എസ്.എ.ജമീല്‍ രചിച്ച് പാടിയ കത്ത് പാട്ട് കേട്ട് മനസ്സില്‍ കുത്തേറ്റ നോവുമായി ഒരുപാട് പ്രവാസികള്‍ എഴുപതുകളിലും എണ്‍പതുകളിലും മരുഭൂമിയിലെ പണി ഇട്ടെറിഞ്ഞ് 'മണിയറ' പുല്‍കാനും നാട്ടില്‍ തന്നെ കഴിയാനുമായി പുറപ്പെട്ട ചരിത്രം കേട്ടിരിക്കുന്നു.

ഒരു പ്രത്യേക മാനസ്സികാവസ്ഥയില്‍ ഗള്‍ഫ് മതിയാക്കി വിട്ടേച്ച് പോരുമ്പോള്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ പൊള്ളുന്ന വില കുതിച്ചുകയറുന്ന നമ്മുടെ നാട്ടില്‍ ഇനിയുള്ള കാലം കഴിയുവാനുള്ള സമ്പാദ്യം അല്ലെങ്കില്‍ സ്രോതസ്സ് ഉണ്ട് എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം അതിന്‌ തുനിയുക..

ഏതായാലും പ്രിയസ്നേഹിതന്‌ എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട്, പ്രാര്‍ത്ഥനയോടെ...

സസ്നേഹം,

ഏറനാടന്‍

Anonymous said...

Best wishes

Nabeel Gulf Gate said...

Sadik Bhai...

Verutheyallenkilum... Athmarthathayode Nattilekku Kay Neettii Sweekarikkunnuuuu.... Enkilum Pravasa Lokathu ninnum Kittunna aaa athmartha sneham Sadik Bhai Nammude Nattil orikkalum pratheekshikathirikkuka.... Athava aaa Sneham kittunnundenkil athu nammale okke Padacha Daivathinte ettavum valiya anugrahamayi kanuka...once again.. warm welcome back ....

റഹീം said...

60 വയസ്സിനോടടുത്ത ഒരു വൃദ്ധന്റെ "എന്നാണ്‌ സ്വസ്ഥമായൊന്നു നാട്ടില്‍ കൂടുക" എന്ന രോധനം ഇന്നലെയും ഞാന്‍ കേട്ടു. എന്റെ യൗവ്വനം നഷ്ടപ്പെടുന്നു എന്ന ഭാര്യയുടെ വാക്കുകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. ഇങ്ങിനെയൊരു യാത്ര ആഗ്രഹിക്കാത്ത ഒരു പ്രവാസിയും ഉണ്ടാവില്ല. രണ്ടും മൂന്നും നാലും വര്‍ഷം കഴിഞ്ഞിട്ടും പോകാന്‍ കഴിയാത്ത ഒരുപാട്‌ മനുഷ്യരുടെ ഇടയില്‍ നിന്ന്‌ ഒരു നിശ്ചിത സമയം കണക്കാക്കി വരികയും അതിനിടയില്‍ തന്നെ തന്റെ ചെറിയ വലിയ മോഹങ്ങളിലേതാണ്ടെല്ലാം സഫലമാക്കാന്‍ കഴിയുകയും തന്റെ ആദ്യ തീരുമാനത്തില്‍ നിന്ന്‌ മാറ്റങ്ങള്‍ വരുത്താതെ തിരിച്ചു പോവാന്‍ കഴിയുകയും ചെയ്യുക എന്നത്‌ തീര്‍ച്ച ഒരു ശതമാനം പ്രവാസിക്കു മാത്രം കിട്ടുന്ന ഭാഗ്യമാണ്‌. നിങ്ങള്‍ അതിലൊരാളായതില്‍ എനിക്കും സന്തോഷം. മുക്കാല്‍ പ്രവാസിയും അയാള്‍ക്കു വേണ്ടി ജീവിക്കുന്നില്ല എന്നതാണ്‌ ഇതിലെ രസകരം. നമ്മള്‍ ജീവിക്കുന്നത്‌ മക്കള്‍ക്കു വേണ്ടി. അവര്‍ ജീവിക്കുന്നത്‌ അവരുടെ മക്കള്‍ക്കു വേണ്ടി. നമ്മള്‍ക്കും നമ്മുടെ ഭാര്യമാര്‍ക്കും ജീവിതം ഇല്ല. വരും തലമുറയിലെ ഭാര്യഭര്‍ത്താ പദവിയിലേക്കുയരുന്ന ഈ നമ്മുടെ മക്കള്‍ക്കും അതേ വിധി. നല്ല സമയത്ത്‌ നല്ല തീരുമാനമെടുക്കാന്‍ കഴിഞ്ഞ നിങ്ങള്‍ക്കെന്റെ ആശംസകള്‍. ഇതിനെ അനുകൂലിക്കുന്നവരുടെ വരിയിലെ ഏറ്റവും മുന്നിലെ ആള്‍ ഞാനാണ്‌.

കൂടെ ഒരു ഉപദേശവും.

തന്റെ മക്കളെ പ്രവാസിയാക്കില്ല എന്ന ഒരു തീരുമാനം കൂടെ എടുത്താല്‍ നന്നാവും. അതനുഭവിച്ച്‌ നിങ്ങള്‍ക്ക്‌ അതിനൊരു പ്രയാസം ഉണ്ടാവും എന്ന്‌ തോന്നുന്നില്ല.
ബാദറും ദയയും
മഴയും കാടും മേടും പൂക്കളും പുഴകളും കണ്ട്‌ ജീവിക്കട്ടെ മുഴുവന്‍ കാലവും.

മാണിക്യം said...

നടു വിട്ട് പോരുന്നത് ഒരിക്കലും മുഴുമനസ്സോടെയല്ലാ. ഓരോ അവധിക്കാലവും ൧൧ മാസത്തെ കാത്തിരുപ്പാണ് -എല്ലാ വര്‍ഷവും -‌ പോകാന്‍ സധിച്ചാല്‍, പാഞ്ഞു പോകുന്ന അവധിക്കാലം...
മക്കള്‍ അച്ഛനമ്മമാരുടെ ഒപ്പം നിന്ന് വളരണം ഏതു വലിയ സ്കൂളിനും കെടി കെട്ടിയ അദ്ധ്യാപകര്‍ക്കും നല്‍കാനാവാത്ത ആത്മബലവും, സദ്ബുദ്ധിയും, സ്നേഹമുള്ള മനസ്സും, മാതാപിതാക്കളുടെ ദൈനംദിന പരിചരണത്തിലും ഉപദേശത്തിലും കൂടി മാത്രമെ മക്കള്‍ക്കു കിട്ടു അതുപോലെ ദമ്പതികളും കടലിനക്കരെ- ഇക്കരെ കഴിയുന്ന പോലെ അപൂര്‍‌ണ്ണമായ മറ്റൊന്നില്ലാ
പണം സമ്പാതിക്കുന്നതിലല്ലാ അത് യുക്തിയോടെ ബുദ്ധിയോടെ വിനിയോഗിക്കുക്കതാണ്
ജീവിതം ..സധൈര്യം തിരികെ പോകൂ സ്വന്ത നാട്ടില്‍ സകുടുംബം സന്തോഷ പൂര്‍‌വ്വം ജീവിക്കൂ ഈശ്വരാനുഗ്രഹം എന്നും കൂട്ട് ഉണ്ടാവട്ടെ..

സര്‍‌വ്വ ഐശ്വരത്തോടും കൂടിയുള്ള ഒരോണം ആശംസിക്കുന്നു

സെറീന said...

പോയത് എത്ര വലിയ അനിവാര്യത
ആയിരുന്നോ അതിലും വലിയ അനിവാര്യത
തന്നെയാണ് ഈ മടക്കം.,
ആശംസകള്‍.

ലേഖാവിജയ് said...

സാദിഖ്,

ആശംസകള്‍! കേരളത്തിലായാലും എഴുത്ത് മുടക്കരുത്.

ശെഫി said...

പ്രവാസവും നല്ലൊരനുഭവമാണ്.അതും തീക്ഷ്ണതയോടെ അനുഭവിക്കുക. മടുക്കുന്നത് വലിച്ചെറിയപ്പെടേണ്ടതു തന്നെ. നാട്ടിൽ മടിക്കുമ്പോൾ പ്രവാസം അനിവാര്യമെന്ന് തോന്നുമ്പോൾ പ്രവാസിയും ആവുക. നല്ല തീരുമാനം സാദിഖ്, എന്നെ എനിക്ക് ഭയമില്ലായിരുന്നുവെങ്കിൽ ഞാനും എടുക്കുമായിരുന്നു ഇത്തരം തീരുമാനങ്ങൾ . നന്മ വരട്ടെ.
ബൈ ദ വെ. നല്ല കുറിപ്പ്

ശെഫി said...

പ്രവാസവും നല്ലൊരനുഭവമാണ്.അതും തീക്ഷ്ണതയോടെ അനുഭവിക്കുക. മടുക്കുന്നത് വലിച്ചെറിയപ്പെടേണ്ടതു തന്നെ. നാട്ടിൽ മടിക്കുമ്പോൾ പ്രവാസം അനിവാര്യമെന്ന് തോന്നുമ്പോൾ പ്രവാസിയും ആവുക. നല്ല തീരുമാനം സാദിഖ്, എന്നെ എനിക്ക് ഭയമില്ലായിരുന്നുവെങ്കിൽ ഞാനും എടുക്കുമായിരുന്നു ഇത്തരം തീരുമാനങ്ങൾ . നന്മ വരട്ടെ.
ബൈ ദ വെ. നല്ല കുറിപ്പ്

ഫൈസൽ said...

സാദിഖിന്റെ എസ് എം എസ് കണ്ടപ്പോള്‍ പെട്ടെന്നുള്ള ഒരു തിരിച്ചുയാത്രയാകുമോ എന്നാണ് കരുതിയത്. അതുകൊണ്ടാണ് ഉടനെ തിരിച്ചു വിളിച്ചത്. ഈ വിടപറയലിനിടയിലൂടെ ജമീലിനെ സ്മരൈച്ചത് നന്നായി. ഗള്‍ഫ് പരിമളം വീണ ദേശങ്ങളിലെല്ലാം കത്തുപാട്ടിന്റെ നൊമ്പരമുണ്ട്. പുറപ്പെട്ടു പോയവരുടെ പെണ്ണുങ്ങള്‍ ഉയരുന്ന മാറിടങ്ങളോടെ അത് കേട്ടിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
തിരിച്ചുപോക്കും നന്നായി. കൈയ്യില്‍ അക്ഷരങ്ങളുണ്ടല്ലോ. ഇനിയും വരണം എന്നു പറയാത്തത് ജയില്‍ വിട്ടു പോകുന്നവനോട് അതുപോലെ പറയുന്നതു പോലെയാവും. ബന്ധപ്പെട്ടുകൊണ്ടിരിക്കും.
എല്ലാവരും തിരിച്ചുയാത്രയിലാണ്.
ഇന്നല്ലെങ്കില്‍ നാളെ.
bon voyage
m. faizal

Anonymous said...

ഇക്കാക്കയ്ക്ക് മലയാള മണ്ണിലേക്ക് സ്വാഗതം .

Unknown said...

ഒരു കുറിപ്പ് എനിക്കും എഴുതണമെന്നു തോന്നി. മറ്റുള്ളവരുടെ കുറിപ്പുകള്‍ എനിക്കുപറയാനുള്ളതു പറഞ്ഞു കഴിഞിരിക്കുന്നു, എന്നാലും ഇതുവഴി ഞാനും വന്നിരുന്നുവെന്ന് എനിക്ക് അഭിമാനിക്കന്‍ ഈ വരികള്‍.

ജമീലിന്റെ വരികള്‍
http://www.youtube.com/watch?v=cI1n0fvkYsg&feature=related

അഭിനന്ദനങ്ങള്‍

കുറ്റ്യാടിക്കാരന്‍|Suhair said...

സാദിക്ക,

തിരിച്ചുപോക്കിന്റെ സന്തോഷം എഴുത്തില്‍ കാണുന്നു. അത്രയെളുപ്പം തിരിച്ചുപോകാന്‍ കഴിയാത്തവരുടെ വിഷമവും.

എല്ലാ നന്മകളും നേരുന്നു.

നാട്ടില്‍ വച്ച് നേരില്‍കാണാമെന്ന് പ്രതീക്ഷിക്കുന്നു.

സ്നേഹത്തോടെ...

മാഹിഷ്മതി said...

സാദിക്ക് സർ,


ആദ്യമായി താങ്കളുടെ ഹൃദയത്തിന്റെ പകർപ്പുകൾ വായിച്ചത് മാതൃഭൂമി ആഴ്ചപതിപ്പിലാണ് പിന്നെയും ഒരുപാട് കഴിഞ്ഞു ബ്ലോഗിലെത്താൻ .ഊഷര ഭൂമിയിലെ മണൽ ക്യാമ്പിൽ കയറിലൊടുങ്ങിയ ജീവിതവും ,കാബേജിന്റെ പാളിയിൽ ജന്മ മാധുര്യത്തിന്റെ ഉറവകൾ അടക്കുന്ന മാതൃത്വവും വല്ലാതെ നൊമ്പരപെടുത്തി എന്നു പറഞ്ഞാൽ ഒന്നുമാവില്ല ശരിക്കും സ്റ്റാഫ് റൂമിൽ മാതൃഭൂമി ആഴ്ചപതിപ്പും പിടിച്ചു കരയിപ്പിച്ചുട്ടുണ്ട് കൺനുനീരിൽ കുതിർന്ന കണ്ണുകൾ കണ്ട് “ഡാ മാഷ് കരയുന്നു ” എന്ന കുരുന്നു വാക്കുകളാണ് എന്നെ പരിസരബോധത്തിലേക്കു വരാൻ സാധിപ്പിച്ചത്.പിന്നെയും ഒരുപാട് വായിച്ചു അവസാനം ഇരുവഴഞ്ഞി പുഴയും കാഞ്ചനേടത്തിയും,ബി.പി മൊയ്തീനും ഇരുവഞ്ഞിയിൽ നിന്ന് മീനുമായി പൊങ്ങിവരാത്ത.......പേരോർക്കുന്നില്ല .. ഓർഫനേജിലെ യത്തീം മക്കളും,ചിരങ്ങുകളിൽ അമർത്തിയുരക്കുന്ന മാഷും....മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീടുള്ള സുഹൃത്തും വല്ലാത്ത ഒരു ..ഹൃദയ ദലങ്ങളിൽ ഒരു കൊളുത്തിവലിയാണ് താങ്കളുടെ വാക്കുകൾക്ക്.........ജന്മനാട്ടിലേക്ക് തിരിച്ചു വരുവാൻ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

Faizal Kondotty said...

നല്ല കുറിപ്പ് ..

Unknown said...

അറിഞ്ഞിരിന്നു, പത്രങ്ങളിലും മറ്റും യാത്രഅയപ്പ് റിപ്പോര്‍ട്ടുകള്‍ കണ്ടെങ്ങിലും അത് ഈ മുന്നൂറാന്‍ ആണെന്നറിഞ്ഞില്ല.
എഴുതിയ കാര്യങ്ങളെല്ലാം ഹൃദയസ്പര്‍ശിയായി.

പത്രവാര്‍ത്ത കണ്ടു എന്റെ സുഹൃത്തിനോട് ചോദിച്ചു എന്നണിങനെ ഒരു മടക്കയാത്ര ഉണ്ടാവുക, 19 വര്ഷം ആയി, ഒരു ദീര്‍ഘനിശ്വാസത്തോടെ അവന്‍ പറഞ്ഞു 'അറിയില്ല, ഞാന്‍ 22 വര്‍ഷമായി'. കടങ്ങളും കടപ്പാടുകളും ഓരോ വര്‍ഷവും നീട്ടികൊണ്ടുപോകുന്നു.

ഉചിതമായ സമയത്ത് വേണ്ട തീരുമാനം എടുക്കാന്‍ കഴിഞ്ഞതിനെ അനുമോദിക്കുന്നു. ഓരോ പ്രവാസിയുടെയും ആഗ്രഹമാണ് നാടിന്റെ വിളി കേള്‍ക്കുക എന്നത്.

ഭാവുകങ്ങള്‍ നേരുന്നു, ബൂലോകത്തു തുടര്‍ന്നും കണ്ടുമുട്ടാം എന്ന പ്രത്യാശയോടെ

നാട്ടിലെത്തിയാല്‍ എന്ത് എന്ന ചിന്ത പേടിപ്പെടുത്തുന്നത് കൊണ്ട് തീരിമാനതിലെത്താന്‍ കഴിയാത്ത അനേകം പ്രവാസികളില്‍ ഒരുത്തന്‍.

ഗൗരിനാഥന്‍ said...

തിരിച്ഛെത്തി അല്ലേ, ഇനി കുടുംബവുമായി ഇത്തിരി കൂടി സന്തോഷത്തില്‍ കഴിയു, ഞാന്‍ കാണാന്‍ വരാം...

Hisham Mubarak said...

its gud...bt little diffclt 2 read...

ഹാരിസ്‌ എടവന said...

സാദിഖ്
സന്തോഷം അറിയിക്കുന്നു.
ആധിയും ഉത്ക്കണ്ടയുമുള്ള
പ്രവാസികളില്‍ നിങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല
എന്നതില്‍ സന്തോഷം.
നേരത്തെ മടങ്ങാന്‍ കഴിയുക ഭാഗ്യമാണു.
ഞാനും പ്രവാസത്തിന്റെ നാലാം വര്‍ഷത്തിലാണു..നേരത്തെ മടങ്ങണം
എന്നൊരാഗ്രഹം
എഴുത്തു ഹ്രുദയത്തില്‍ നിന്നാവുമ്പോള്‍
മനോഹരമായിരിക്കും
തീര്‍ച്ചയായും അനുഭവിക്കുന്നു.അനുഭവിപ്പിക്കുന്നു

Joker said...

അവധി കഴിഞ്ഞു പോകുകയാണോ?
അല്ല. ആദ്യമാണ്. പുതിയ വിസയാണ്.
പെട്ടെന്ന് അയാള്‍ പൊട്ടിച്ചിരിച്ചു.
=========
ഈ വരികള്‍ കണ്ടപ്പോള്‍ എനിക്കോര്‍മ വന്നത്. കെഡി ആന്റ് കമ്പനിയിലേക്ക് വഴി ചോദിച്ചു വന്ന. ദിലീപിനോട് സലിം കുമാര്‍ ചിരിക്കുന്നതാണ്. ആ ചിരിയില്‍ ഉണ്ടല്ലോ എല്ലാം.

താങ്കളുടെ വരികളില്‍ എല്ലാം ഉണ്ട്. പ്രവാസികള്‍ക്ക് എളുപ്പം പ്രവാസിയുടെ പ്രശ്നം മനസ്സിലാവും.ഗള്‍ഫില്‍ ജീവിച്ചവര്‍ക്ക് കുറെ കാലം നാട്ടില്‍ ജീവിക്കാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞു കേള്‍ക്കാറുണ്ട്. താങ്കള്‍ക്ക് അതിനെയെല്ലാം അതിജീവിക്കാനുള്ള മനക്കരുത്തുണ്ട് എന്നാണ് മനസ്സിലാവുന്നത്. എല്ലാ ഭാവുകങ്ങളും.