എന്നുമുതലാണ് ഞാനൊരു രാജകുമാരിയെ സ്വപ്നം കാണാന്‍ തുടങ്ങിയത്?
ആദ്യം കേട്ട മുത്തശ്ശിക്കഥകളിലെ നായകന്മാരൊക്കെയും രാജകുമാരിമാരോടൊത്ത് സുഖമായി ജീവിച്ചുവെന്ന അറിവില്‍ നിന്നാകാം സുഖമായി ജീവിയ്ക്കാന്‍ ഒരു രാജകുമാരി വേണമെന്ന് ഞാനും കൊതിച്ചു തുടങ്ങിയത്. മൂന്നാം ക്ലാസിലെത്തിയപ്പോള്‍ ആ രാജകുമാരിയുടെ ഛായ ഞാന്‍ സലീനയുടെ മുഖത്ത് കണ്ടു. ഭൂതങ്ങള്‍ തട്ടിക്കൊണ്ടുപോകുന്ന എന്റെ രാജകുമാരിയെ കുതിരപ്പുറത്തേറി, പറന്നു ചെന്ന് രക്ഷിച്ചു കൊണ്ടു വരുന്ന രംഗങ്ങള്‍ ഞാന്‍ സ്വപ്നം കണ്ടു. അവളുടെ പാവാടത്തുമ്പിലോ തട്ടത്തിലോ ഒന്നു സ്പര്‍ശിക്കാന്‍ അത്യപൂര്‍വമായി കിട്ടുന്ന അവസരങ്ങള്‍ എന്നെ വല്ലാതെ ആനന്ദിപ്പിച്ചു.
വളര്‍ച്ചയുടെ പടവുകളില്‍ രാജകുമാരിമാരുടെ മുഖഛായകള് പലവട്ടം മാറിക്കൊണ്ടിരുന്നു. അഞ്ചാം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ ഷാഹിദയും ആറാം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ സ്മിതയും ഏഴാം ക്ലാസില്‍ പഠിയ്ക്കുമ്പോള്‍ ലൈലയും ഹൈസ്കൂളില്‍ സുലുവും എന്റെ മനോരാജ്യം അടക്കി വാണു.
ഇങ്ങിനെ മാറി വന്ന മുഖങ്ങളില്‍ രണ്ടാമത്തെത് നസീമയുടേതായിരുന്നു. മലപ്പുറത്തു നിന്ന് അവധിക്കാലങ്ങളില്‍ അയല്പക്കത്തെ വീട്ടില്‍ വിരുന്നു വരുന്നവള്‍. കുഞ്ഞിപ്പാത്തുമ്മ താത്തയുടെ അനുജത്തി. സലീനയേക്കാല്‍ വലിയ കണ്ണുകളായിരുന്നു അവള്‍ക്ക്. മുത്തുകള്‍ അടുക്കി വെച്ച പോലുള്ള പല്ലുകള്‍. സലീനയ്ക്ക്, കാണാന്‍ അഭംഗിയില്ലെങ്കിലും ചെറിയ കൊന്ത്രമ്പല്ലുണ്ടായിരുന്നു. സലീനയേക്കാള്‍ വെളുപ്പും മിനുപ്പും നസീമയ്ക്കാണ്.
നസീമ വന്നാല്‍ പിന്നെ കുറേ ദിവസം ഉല്‍സവമാണ്. കളിയും കുളിയുമൊക്കെ ഒന്നിച്ച്. ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിയ്ക്കുമ്പോള്‍ ഞങ്ങള്‍ തൊട്ടുകളിയ്ക്കും. വെള്ളത്തിലെ തൊട്ടുകളി നല്ല രസമാണ്. നീന്തിയും മുങ്ങാന്‍ കുഴിയിട്ടും തൊടാന്‍ വരുന്നവനില്‍ നിന്ന് രക്ഷപ്പെടും. ഞാന്‍ തൊടേണ്ടവനാകുമ്പോള്‍ നസീമയെ മാത്രം നീന്തിപ്പിടിക്കാനായിരുന്നു എനിയ്ക്ക് ഇഷ്ടം. വെള്ളത്തില്‍ ഊളിയിട്ട് ഒരു സ്വര്‍ണമത്സ്യം പോലെ പുളഞ്ഞ് നീന്തുന്ന അവളുടെ കണങ്കാലിലോ തുടകളിലോ കവിളിലോ ചെന്ന് കൈ തൊടുമ്പോള്‍, തൊട്ടവന്റെ വിജയമായിരുന്നില്ല മനസ്സില്‍. ഒരു പെണ്ണിനെ തൊടുമ്പോള്‍ ആണിനുണ്ടാകുന്ന മനഃസുഖം അന്നായിരിയ്ക്കാം ആദ്യമായി അനുഭവിച്ചത്. ഒളിച്ചു കളിക്കുമ്പോള്‍ അവള് ഒളിയ്ക്കുന്ന കട്ടിലിനടിയില്‍ തന്നെ ഞാനും ഒളിയ്ക്കും.
അവധി കഴിഞ്ഞ് അവള് മലപ്പുറത്തേക്ക് തിരിച്ചു പോകുമ്പോള്‍ മനസ്സില്‍ തോന്നിയ വേദനയാകാം ഞാന്‍ ആദ്യം അനുഭവിച്ച വിരഹ ദുഃഖം.
പെണ്‍കുട്ടികളുടെ അടുത്ത് ആണ്‍കുട്ടികള്‍ കിടന്നു കൂടെന്ന് ആദ്യം പറഞ്ഞു തന്നത് മുംതസാണ്. അമ്മാവന്റെ കല്യാണത്തിന്റെ തലേന്നായിരുന്നു അത്. അടുക്കളയോട് ചേര്‍ന്ന നീണ്ട ഇടനാഴിയിയില്‍ എളാമയാണ് കുട്ടികളെയെല്ലാം ഉറങ്ങാന്‍ കിടത്തിയത്. ഞാന്‍ വന്നപ്പോഴേക്കും നിലത്തു വിരിയിച്ച പായയില്‍ കുട്ടികള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. മുംതസാണ് ഒരറ്റത്ത് കിടക്കുന്നത്. എന്നേക്കാള്‍ മൂതിര്‍ന്ന അവള് സുന്ദരിയാണ്. (ഷാജഹാന്റേയും മുംതസിന്റേയും ചരിത്രം പഠിക്കുമ്പോള്‍ മുംതസിന്റെ മുഖഛായ കിട്ടാന്‍ എനിയ്ക്ക് വേറൊരു പെണ്ണിനെ സങ്കല്പിക്കേണ്ടി വന്നിട്ടില്ല.) ഞാന്‍ അവളുടെ അടുത്ത് ചെന്നു കിടന്നു. ആദ്യം അവളൊന്നു മുരണ്ടു.
``ഈ ആങ്കുട്ടി ന്താണ് പെങ്കുട്ട്യളുടെ അടുത്ത് വന്ന് കിടക്കുന്നത്?''
അതെനിക്ക് അറിഞ്ഞു കൂടായിരുന്നു. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ അടുത്തു കിടക്കാന്‍ പാടില്ലെന്ന്. മാത്രമല്ല. എളാമയാണ് അവിടെ കിടന്നോളാന്‍ പറഞ്ഞത്. തെറ്റായ ഒരു കാര്യം എളാമ എന്നോട് ചെയ്യിക്കുമോ? മുംതസിന്റെ മുരള്‍ച്ച കേട്ടപ്പോള്‍ എനിയ്ക്ക് നാണം വന്നു. പെട്ടെന്നായിരുന്നു അവളൊരു അലര്‍ച്ച.
``ഉമ്മാ ഈ ആങ്കുട്ടി പെങ്കുട്ട്യളുടെ അടുത്തു വന്ന് കിടക്കുന്നു''.
ഞാന്‍ പേടിച്ചു പോയി. അവള് എഴുന്നേറ്റ് പായയില്‍ കുത്തിയിരുന്നു. ഞാനും എഴുന്നേറ്റു. അപ്പോള്‍ അടുക്കളയില്‍ നിന്ന് പെണ്ണുങ്ങളാരോ വന്നു. ഞാനെന്തോ വലിയ തെറ്റു ചെയ്തവനെ പോലെ ബേജാറായി. ചുമരരികത്ത് കിടന്നിരുന്ന ഒരു കുട്ടിയെ മാറ്റിക്കിടത്തി, അടുക്കളയില്‍ നിന്ന് വന്ന പെണ്ണ് മുംതസിനെ അവിടെ കിടത്തി. അവള്‍ക്കു സമാധാനമായിക്കാണും.
മൂന്നാം ക്ലാസില്‍ സ്കൂള്‍ പൂട്ടിയ കാലമായിരുന്നു അത്. സുന്നത്ത് കഴിഞ്ഞ എന്റെ മുറിവ് നന്നായി ഉണങ്ങിയിട്ടുണ്ടായിരുന്നില്ല. സുന്നത്ത് കഴിഞ്ഞപ്പോള്‍ തന്നെ വല്യൊരു ആണ്‍കുട്ടിയായെന്ന് എനിയ്ക്കു തോന്നിയിരുന്നു. സുന്നത്ത് കഴിഞ്ഞ് മുകളില്‍ കെട്ടിത്തൂക്കിയ തുണിയുടെ കീഴെ കിടക്കുമ്പോള്‍ കാണാന്‍ വന്നവരൊക്കെ പുത്യാപ്ല എന്നായിരുന്നല്ലോ വിളിച്ചിരുന്നത്. പക്ഷേ, ഒരു പെണ്‍കുട്ടിയുടെ അടുത്ത് കിടക്കാന്‍ പറ്റാത്ത വിധം വെല്യ ആങ്കുട്ടി ആയിപ്പോയെന്ന് അറിഞ്ഞത് മുംതസിന്റെ അലര്‍ച്ച കേട്ടപ്പോഴാണ്. നാണക്കേടോടെ ഞാന്‍ കിടന്നുറങ്ങി. പിന്നീട് കുറേക്കാലം മുംതസിനെ കാണുമ്പോള്‍ ആ നാണം എന്നെ മുറിവേല്പിച്ചിരുന്നു.
കൗമാരത്തിന്റെ എരിതീയിലേയ്ക്ക് പ്രണയത്തിന്റെ എണ്ണയുമായി വന്നത് എന്റെ ഉണ്ണിമോളാണ്. അവളെന്റെ മനോരാജ്യത്തിലെ രാജകുമാരിയായി. സുഖമായി ജീവിയ്ക്കാന്‍ അവളെന്നും കൂടെയുണ്ടാകുമെന്ന് ഞാന്‍ കൊതിച്ചു.
അവളെ ആദ്യം കണ്ടത് നല്ല നിലാവുള്ള ഒരു രാത്രിയിലായിരുന്നു. തൊട്ടടുത്ത ഗ്രാമത്തിലെ ഒരു ക്ലബ്ബിന്റെ വാര്‍ഷികം. നാടകം കാണാന്‍ കൂട്ടുകാരൊത്തു പോയതാണ്. പത്താം ക്ലാസ് കഴിഞ്ഞ വര്‍ഷം. പെണ്ണുങ്ങളുടെ സൈഡിലാണ് ഞങ്ങള്‍ ആദ്യമേ സ്ഥലം പിടിച്ചത്. പരിപാടികളുടെ ഇടവേളകളില്‍ വെളിച്ചം തെളിയുമ്പോള്‍ സുന്ദരിമാരുടെ കണ്ണുകളുടെ തിളക്കം കാണാം. ഒരു നോട്ടത്തിന് പകരം കിട്ടുന്ന പുഞ്ചിരിയില്‍ നിര്‍വൃതി കൊള്ളാം. ചിലപ്പോള്‍ ഒരു തുറിച്ചു നോട്ടത്തിന്റെ ചമ്മലില്‍ കണ്ണുകള്‍ പിന്‍വലിക്കേണ്ടിയും വരാം.
നാടകത്തില്‍ ഒരു രംഗം തീര്‍ന്ന് കര്ട്ടന് വീണു. ട്യൂബ് ലൈറ്റുകളുടെ ധാരാളിത്തത്തില്‍ തിളങ്ങുന്ന പെണ്മുഖങ്ങളില് ഒരു പുഞ്ചിരി തിരയുകയായിരുന്നു ഞാന്‍. ഉച്ചഭാഷിണിയില്‍ അപ്പോള്‍ നഖക്ഷതങ്ങളിലെ ഹിറ്റ്ഗാനം ഒഴുകി വരുന്നു.
`ആരേയും ഭാവ ഗായകനാക്കും ആത്മസൗന്ദര്യമാണ് നീ..'
ആകാശത്തുനിന്ന് നിലാവെളിച്ചം താണിറങ്ങുന്നു. ഭൂമിയില്‍ കണ്ണഞ്ചിക്കുന്ന ട്യൂബ്ലൈറ്റുകളുടെ വെളിച്ച പ്രളയം.
അപ്പോള്‍ പെണ്ണുങ്ങളുടെ ഭാഗത്തു നിന്ന് ആരോ എന്റെ പേര് വിളിച്ചു. നോക്കുമ്പോള്‍ നൂര്ജഹാന്. അകന്ന ബന്ധുവാണ്. ഒരുപാട് മുമ്പ് കണ്ടതാണ്. വായിനോട്ടം അവള് കണ്ടുപിടിച്ചോ എന്ന ചമ്മലുമായി നില്ക്കുമ്പോള് അവളുടെ പിന്നില്‍ തിളങ്ങുന്ന വലിയ രണ്ട് കണ്ണുകള്‍. ഇതാരാണെന്ന് ഞാന്‍ നൂര്‍ജഹാനോട് ചോദിയ്ക്കാനൊരുങ്ങുകയായിരുന്നു. അപ്പോള്‍ ആ കണ്ണുകളുടെ ഉടമ എന്നോട് ചോദിച്ചു.
ഓര്‍മയുണ്ടോ?
ഓര്‍മയില്ലായിരുന്നു. ഓര്‍മക്കുറവിനോട് അത്രയും വെറുപ്പു തോന്നിയ നിമിഷം വേറെ ഉണ്ടായിട്ടുണ്ടാകില്ല. അപ്പോള്‍ നൂര്ജഹാന് ആ ചോദ്യം പൂരിപ്പിച്ചു.
നിനക്ക് ഓര്‍മയില്ലേ? കുഞ്ഞാത്തയുടെ മോള്.
നൂര്‍ജഹാന്റെ ജ്യേഷ്ഠത്തിയുടെ മോളാണ്. ഉണ്ണിമോള്. ഞാന്‍ അവളെ വളരെ ചെറുപ്പത്തില്‍ കണ്ടതാണ്. ഉമ്മയുടെ കൂടെ പണ്ടെന്നോ അവരുടെ വീട്ടില്‍ പോയപ്പോള്‍.
നാടകം കഴിഞ്ഞു വീട്ടിലെത്തുമ്പോഴേക്കും നാടകത്തിന്റെ കഥ ഞാന്‍ മറന്നു പോയിരുന്നു. മനസ്സില്‍ അവള് മാത്രം. ഉണ്ണിമോള്. എന്റെ രാജകുമാരി.
അടുത്തൊരു ദിവസം, അവസരമുണ്ടാക്കി ഞാന്‍ നൂര്‍ജഹാന്റെ വീട്ടില്‍ ചെന്നു. അവിടെ നിന്നാണ് ഉണ്ണിമോള് സ്കൂളില്‍ പോകുന്നത്. പത്താം ക്ലാസിലായിരുന്നു അവള്. അവള്‍ക്കു കൊടുക്കാന്‍ എഴുതിവെച്ച പ്രണയ ലേഖനം കീശയിലുണ്ട്. ഞാന്‍ കോലായിലേക്ക് കയറി. ഓഫീസ് റൂമിന്റെ വാതില്‍ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു. അവിടെ മേശപ്പുറത്ത് ഉണ്ണിമോളുടെ പുസ്തകങ്ങള്‍. അവ മറിച്ചു നോക്കിക്കൊണ്ട് ഞാന്‍ കസേരയിലിരുന്നു. ഒരു നോട്ടുപുസ്തകത്തില്‍ നഖക്ഷതങ്ങളിലെ നായകന് വിനീതിന്റെ ചിത്രം. ഇവള് ആളു കൊള്ളാമല്ലോ എന്ന് ചിന്തിച്ചു കൊണ്ടിരിക്കെ, പിന്നില്‍ നിന്ന് ആരോ വന്ന് എന്റെ കണ്ണുപൊത്തി. പൊത്തിയ കൈകള്‍ തപ്പി നോക്കിയപ്പോള്‍ ആ കൈത്തണ്ടയിലെ കുപ്പിവളകള്‍ വിരലിലുടക്കി. ഒരിയ്ക്കലും അത് ഉണ്ണിമോളാകുമെന്ന് ഞാന്‍ കരുതിയില്ല. എന്നാല്‍ അത് അവളായിരുന്നു.
അവള് കയ്യെടുത്തപ്പോള്‍ സ്വതന്ത്രമായ കണ്ണുകള്‍ കൊണ്ട് ഞാന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി.
എന്താണ് ഈ വഴിയൊക്കെ വരാന്‍ തോന്നിയത്?
അവള് ചോദിയ്ക്കുകയാണ്. അവളുടെ പെരുമാറ്റം നല്കിയ ധൈര്യത്തില്‍ ഞാന്‍ പറഞ്ഞു.
നിന്നെ കാണാന്‍.
വിശ്വാസം വരാതെ അവള് ചോദിച്ചു.
എന്നെ കാണാനോ?
അതെ.
അത് വെറുതെ.
അല്ല, സത്യം.
ഞാന്‍ വിശ്വസിക്കില്ല.
ഒരു സാധനം തന്നാല്‍ വിശ്വസിക്കുമോ?
എന്തു സാധനം?
വിശ്വസിക്കുമോ ഇല്ലയോ?
ആദ്യം സാധനം താ..
ഞാന്‍ കീശയില്‍ നിന്ന് പ്രണയ ലേഖനം എടുത്തു അവള്‍ക്ക് കൊടുത്തു. കൈയ്ക്ക് നേരിയ വിറയല്‍ ഉണ്ടായിരുന്നുവോ? അവള് കാണിച്ച അടുപ്പവും സ്വാതന്ത്ര്യവുമാണ് അത്രയും ധൈര്യമായി ആ പ്രണയ ലേഖനം കൈമാറാന്‍ കഴിഞ്ഞത്. അപ്പോഴേക്കും നൂര്‍ജഹാനും അവളുടെ ഉമ്മയും മുറ്റത്തെത്തിയിരുന്നു. ഉണ്ണിമോള് കത്ത് നോട്ടുപുസ്തകത്തിലെവിടയോ ഒളിപ്പിച്ചു.
ഉണ്ണിമോളുടെ ഫോട്ടോ പെട്ടിയില്‍ സൂക്ഷിച്ചതാണ് ഇസ്ലാമിയാ കോളേജില്‍ പഠിയ്ക്കുമ്പോള്‍ ഞാന്‍ ചെയ്ത ഏറ്റവും വലിയ അപരാധം. സഹപാഠികള്‍ക്കിടയില്‍ അതെന്നെ വല്ലാതെ അപമാനാനിതനാക്കി.
മാധ്യമത്തില്‍ ജേര്‍ണലിസ്റ്റ് ട്രെയിനിയായി ജോയിന്റ് ചെയ്ത് അധിക നാളായിരുന്നില്ല. ജോലിയും വരുമാനവുമൊക്കെയായെന്ന് കരുതിയാകും ഒരു ദിവസം കുഞ്ഞാത്തയും അളിയനും കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് എതിര് വളത്തുള്ള കാഞ്ചാ ബില്‍ഡിംഗില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്യൂറോയില്‍ കയറി വന്നു. ഞാന്‍ അമ്പരന്നു പോയി. ഉണ്ണിമോളുടെ കല്യാണക്കാര്യം പറയാന്‍ വന്നതാണ് അവര്‍. ആലോചനകള്‍ വന്നപ്പോള്‍ നൂര്‍ജഹാനാണ് ഞങ്ങള്‍ തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് പറഞ്ഞത്. അല്ലെങ്കിലും അവര്‍ക്കറിയാമായിരുന്നുവല്ലോ.
നിക്കാഹ് എങ്കിലും ചെയ്തു വെക്കണമെന്ന് കുഞ്ഞാത്തയും അളിയനും വാശി പിടിച്ചു.
ഞാന്‍ അപ്പോള്‍ രണ്ടു മുറികള്‍ മാത്രമുള്ള എന്റെ വീടിനെക്കുറിച്ച് ഓര്‍ത്തു. കല്യാണ പ്രായമായ പെങ്ങളെ ഓര്‍ത്തു. താഴെയുള്ള എട്ട് സഹോദരങ്ങളെ ഓര്‍ത്തു. ഗ്രാമത്തില്‍ നിന്ന് കോഴിക്കോട്ട് നിത്യവും വന്നു പോകാന്‍ വണ്ടിക്കൂലിക്കു പോലും തികയാത്ത ജേര്‍ണലിസ്റ്റ് ട്രയിനിയുടെ സ്റ്റൈപ്പെന്റിനെ കുറിച്ച് ഓര്‍ത്തു. ഇരുപത് വയസ്സു മാത്രമുള്ള എനിയ്ക്ക് അപ്പോള്‍ കല്യാണത്തെക്കുറിച്ച് ആലോചിക്കാന്‍ സാധിക്കുമായിരുന്നില്ല. പത്തൊമ്പത് വയസ്സുള്ള ഉണ്ണിമോള്‍ക്ക് എനിയ്ക്കായി ഇനിയും കാത്തു നില്‍ക്കാനും കഴിയുമായിരുന്നില്ല.
ഓഫീസിനു താഴത്തെ ഹോട്ടലില്‍ നിന്ന് ചായ കുടിച്ച് പിരിയുമ്പോള്‍ കുഞ്ഞാത്തയുടേയും അളിയന്റെയും മനസ്സില്‍ നിരാശയായിരുന്നുവോ ദേഷ്യമായിരുന്നുവോ? അതോ മകളെ പ്രേമിച്ച അധീരനായ കാമുകനോടുള്ള പുഛമോ?
പിന്നീട് ഉണ്ണിമോളെ കാണാന്‍ ഞാന്‍ പോയിട്ടില്ല. ഒരു ക്ഷമാപണത്തിന് പോലും ഞാന്‍ അവളുടെ മുന്നില്‍ പോയില്ല. രണ്ടു വര്‍ഷം മുമ്പുള്ള ഒരവധിക്കാലത്ത് നൂര്‍ജഹാന്റെ ഉമ്മയെ രോഗക്കിടക്കയില്‍ കാണാന്‍ ചെന്നപ്പോള്‍ ഞാന്‍ നൂര്‍ജഹാനോട് ഉണ്ണിമോളെക്കുറിച്ച് ചോദിച്ചു.
`അവള്‍ക്ക് സുഖമാണ്. മോളുടെ കല്യാണം കഴിഞ്ഞു. മോന് പത്താം ക്ലാസില്‍ പഠിയ്ക്കുന്നു.' നൂര്ജഹാന് പറഞ്ഞു.
കാലം എത്ര പെട്ടെന്നാണ് പോയ്മറഞ്ഞത്. ദാമ്പത്യത്തിന്റെ പൊരുത്തക്കേടുകള്‍ വല്ലാതെ ശ്വാസം മുട്ടിയ്ക്കുമ്പോള്‍ ഞാന്‍ വെറുതെ ഉണ്ണിമോളെ ഓര്‍ക്കും. അവളുടെ ശാപമായിരിക്കുമോ ഈ പൊരുത്തക്കേടുകളുടെ പൊറുതികേട്? ഒരിയ്ക്കലുമാകില്ല. എന്റെ ഉണ്ണിമോള്‍ക്ക് എന്നെ ശപിക്കാന്‍ സാധിയ്ക്കില്ലല്ലോ!
നാട്ടുപച്ചയില് വന്നത്
15 comments:
ഒന്നും പറയാനില്ല സുഹൃത്തേ കണ്ണ് നിറഞ്ഞു.. അത്ര തന്നെ.. ! പിന്നെ ചില ഓര്‍മ്മപ്പെടുത്തലുകളും ... നന്ദി വായനയ്ക്ക്....
athikam dhooramillenkkilum kaalaghattam suharakkum majeedinum maarikkoduthathu pOle.......
ഏതാണ്ട് ഇതു പോലെത്തെ ഒരവസ്ഥയിലാണ് എന്റെ കൂട്ടുകാരനും ...
ഒറ്റശ്വാസത്തില്‍ വായിച്ചു ...
നന്ദി....
കെട്ട്യോള് വായിച്ചാല്‍ പുകിലാകും കെട്ടോ..
രാജകുമാരിമാർ...
ഓർമ്മകൾ ഉണർത്തി, താങ്കളുടെ പോസ്റ്റ്.
Nice 'un.
രാജകുമാരിയുടെ ഓര്‍മ്മകള്‍ , അത്തറ് പൂശി പെട്ടിയില്‍ അടക്കി വെച്ചിരിക്കുന്ന കാച്ചിത്തുണി പോലെ ഭംഗിയായി...
നല്ല എഴുത്ത് സാദിഖ്.
hi sadiq jeevidathil ellabarkkum ormikkan nalloru kuttykalam undagumm ennum ellabarumm agrahikkunad aa payaya jeevidathilekku thiruchupovanann.sadiq malayalam news annu work cheyunnadennu enikku nerethe ariyyam alle parijayapedan pattiyadil samdosham
musrath
jeddah
പകല്്ക്കിനാവന്,
ലുലു,
ഇഫിതിഖാര്,
വള്ളിക്കുന്നു
ആര്യന്,
മുസാഫിര്‍
മുസ്റത്ത്
സന്തോഷം. നന്ദി
മാഷേ...നന്നായി എഴുതിയിരിക്കുന്നു...
ഇല്ല മുന്നൂറാന്‍ തന്റെ ഉണ്ണിമോള് ശപിക്കില്ല..ഏകാന്തമായ എതെങ്കിലും സമയത്ത്, അരസികമായ ചില സാഹചര്യങ്ങളില്‍ ആ കുട്ടിയും ഈ ഓര്‍മ്മകളില്‍ കുളിരുന്നുണ്ടാകും തീര്‍ച്ച...
മനസ്സിലൊരു മുള്ള് കൊണ്ടതു പോലെ
എന്റെ കണ്ണു നിറഞ്ഞു...
ഒന്നും പറയുന്നില്ല...
തിളക്കുന്ന ഉഷ്ണത്തിൽ മദജലമൊഴുകുമ്പോഴും മദപ്പെടാതെ നേരിന്റെ,വിശ്വാസത്തിന്റെ നൂലിഴകൾ കോർക്കുന്ന പ്രവാസിയുടെ ദൈന്യം വരച്ചു ചേർത്ത മാത്രുഭൂമി ആഴ്ചപതിപ്പിന്റെ താളുകൾ കണ്ട് വന്നതാണ് ,
ഇവിടെ എത്തിയപ്പോൾ............................നസീമയും ,ഉണ്ണി മോളും ഒന്നു തണുപ്പിച്ചു ......
വല്ലാത്തൊരു അനുഭവം
ഒരു പാടുപേര്ക്കിങ്ങനെ പറയാനുണ്ടാവും
നല്ലത്
"എന്റെ രാജകുമാരിമാര്‍"
നന്നായിട്ടുണ്ട്.......വളരെ
Post a Comment