എന്റെ കൈകാലുകളില്‍ നിന്ന് ആ വിറയല്‍ ഇപ്പോഴും മാറിയിട്ടില്ല.
അരിപ്പാറയിലെ വെള്ളച്ചാട്ടം കൊണ്ടുപോകാന്‍ ശ്രമിച്ച മൂന്നു കൂട്ടുകാരെ
തിരിച്ചു കിട്ടിയ നിമിഷം.
ഒരവധിക്കാലത്ത് ആ സൗന്ദര്യം തേടിച്ചെന്ന ഞാനും എന്റെ കൂട്ടുകാരും
ഭാഗ്യം കൊണ്ട് മാത്രം മരണ മുഖത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു.
തൊട്ടടുത്ത ദിവസങ്ങളില്‍ അവിടെ നടന്ന രണ്ട് മരണങ്ങളാണ്
മറക്കാന്‍ ശ്രമിക്കുന്ന ആ ഓര്‍മകളുടെ ഞെട്ടല്‍ വീണ്ടും മനസ്സിലേക്ക് കൊണ്ടു വരുന്നത്.
ഇപ്പോള്‍, പ്രൃതിയുടെ വശ്യതയും വന്യതയും നിറഞ്ഞു നില്‍ക്കുന്ന ആ
കാഴ്‌ചകളിലേക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിരോധിച്ചിരിക്കുകയാണ്.
വെള്ളച്ചാട്ടത്തില്‍ അപകടം പതിവായതു തന്നെ കാരണം.
മലകളില്‍ നിന്നിറങ്ങി, കുതിച്ചു ചാടി വരുന്ന ഏതൊരു വെള്ളച്ചാട്ടവും സൗന്ദര്യം
മാത്രമല്ല, അപകടം കൂടി ഉള്ളിലൊളിപ്പിച്ചു വെച്ചിരിക്കും -യക്ഷിയെപ്പോലെ.
പാല്‍നുര ചിതറി, അഴകളവുകള്‍ പ്രദര്‍ശിപ്പിച്ച്, പൊട്ടിച്ചിരിയുടെ
കളംകളം മുഴക്കി അത് നമ്മെ പ്രലോഭിപ്പിക്കും. മരണത്തിലേക്ക്
വലിച്ചടുപ്പിച്ചു കൊണ്ടിരിക്കും. പക്ഷേ, അതിന്റെ ദംഷ്‌ട്രകളില്‍
പെട്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് നമ്മള്‍ തന്നെയാണ്.
ദൂരെ നിന്നു കാണേണ്ടത് ദൂരെ നിന്നേ കാണാവൂ.. അല്ലെങ്കിലും അടുത്തു
ചെല്ലുമ്പോഴാണല്ലോ പലതിന്റേയും തനിനിറം നാം കാണുന്നത്.
നല്ലൊരു സൗഹൃദത്തിനു പോലും ചിലപ്പോള്‍ ഇങ്ങിനൊയൊരു
ദുര്യോഗം സംഭവിക്കുന്നത് അനുഭവിച്ചിട്ടില്ലേ...?
രണ്ടോ മൂന്നോ ആഴ്‌ച മുമ്പാണ് മാങ്കാവില്‍ നിന്നെത്തിയ
ഒരു സഹോദരന്‍ അവളുടെ ചതിയില്‍ പെട്ടത്. ഇപ്പോള്‍ ചെറൂപ്പ
കുറ്റിക്കടവിലെ മറ്റൊരു യുവാവും. ഈ കുറിപ്പെഴുതുമ്പോഴും
ഇവരിലൊരാളുടെ ശരീരം കണ്ടെത്താനായിട്ടില്ല.
കോഴിക്കോട് ജില്ലയില്‍ മലയോര മേഖലയായ ആനക്കാംപൊയിലിന്
സമീപമാണ് കണ്ണിനും കരളിനും കുളിര് പകരുന്ന അരിപ്പാറ വെള്ളച്ചാട്ടം.
അടുത്തിടെ മാത്രമാണ് ഈ കേന്ദ്രം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തുടങ്ങിയത്.
പഞ്ചായത്ത് അധികൃതര്‍ വികസന പ്രവര്‍ത്തനങ്ങളിലൂടെ ഇവിടേക്ക്
കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ്.
പക്ഷേ, ദിനേന എത്തിക്കൊണ്ടിരിക്കുന്ന സഞ്ചാരികളുടെ സുരക്ഷയ്‌ക്ക്
ആവശ്യമായ യാതൊന്നും ചെയ്‌തുവെച്ചിട്ടില്ലെന്നതാണ് സത്യം.
ഇപ്പോള്‍ സുരക്ഷയുടെ പേരിലാണ് ജില്ലാ ഭരണകൂടം ഇവിടെ
സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതും.
പരിസരത്തെ ഗ്രാമീണരില്‍ ചിലര്‍ക്ക് സഞ്ചാരികളുടെ വരവും പോക്കും
നല്ല വരുമാന മാര്‍ഗ്ഗമായിരുന്നു. സഞ്ചാരികള്‍ക്ക് ഏറ്റവും രുചിയേറിയ,
ഗാര്‍ഹിക ഭക്ഷണമൊരുക്കിക്കൊടുക്കാന്‍ മലഞ്ചെരിവുകളിലെ വീട്ടുകാരുണ്ട്.
അധികൃതരുടെ ഉദാസീന നയങ്ങള്‍ മൂലമോ സഞ്ചാരികളുടെ
അനവധാനത മൂലമോ ഒക്കെ ഇല്ലാതാകുകയാണ്.
പലപ്പോഴും മദ്യക്കുപ്പികളുമായെത്തുന്ന സഞ്ചാരികള്‍ ഈ
വെള്ളക്കെട്ടുകളെ മലിനമാക്കുന്നു. കുടിച്ചു ലക്കുകെട്ടവര്‍ ഗ്രാമീണരായ
പെണ്ണുങ്ങളെ ശല്യം ചെയ്യുന്നതായും ഇടക്ക് പരാതിയുണ്ടായിരുന്നു.
ഇതിനെതിരെ നാട്ടുകാര്‍ പഞ്ചായത്ത് അധികൃതര്‍ക്കും പോലീസിലും
പരാതി നല്‍കിയാതി പത്രത്തില്‍ വാര്‍ത്ത വന്നു.
അരിപ്പാറയിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക -പ്രകൃതിയുടെ
ഈ സൗന്ദര്യ സങ്കേതം അതേ പടി നിലനിര്‍ത്തുകക.
അതിന്റെ ചാരിത്ര്യം കവര്‍ന്നെടുക്കരുത്. ഒപ്പം ദംഷ്‌ട്രകള്‍ ഉള്ളിലൊളിപ്പിച്ച്,
പൊട്ടിച്ചിരിച്ചു കുതിച്ചു ചാടി വരുന്ന ആ സൗന്ദര്യത്തില്‍ മതി മറന്ന്
മരണത്തിലേക്ക് സ്വയം കടന്നു ചെല്ലാതിരിക്കുക ---
6 comments:
അരിപ്പാറയിലെ വെള്ളച്ചാട്ടത്തിന്‍റെ സൗന്ദര്യത്തെക്കുറിച്ചും കൊല്ലുന്ന കരത്തിനെ കുറിചചും മുന്പൊരു പോസ്റ്റ് ഇട്ടിരുന്നു. ഈയിടെ രണ്ട് പേര്‍ അവിടെ അപകടത്തില്‍ പെട്ടു മരിച്ചു. അതിന്‍റെ പശ്ചാത്തലത്തില്‍ പുതിയൊരു പോസ്റ്റ്
ഇതൊക്കെ വായിക്കുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത്...നാമൊക്കെ എങ്ങോട്ടെങ്കിലും പോകാന്‍ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ നമ്മുടെ അമ്മമാരൊക്കെ പറയും സൂക്ഷിക്കണേ എന്ന്...ആ വാക്ക് തെല്ല് മാനിക്കണം...അതിനെവിടുന്നാ നമുക്ക് സമയം അല്ലേ!!!
പിന്നൊരു കാര്യം അഹങ്കാരം കാണിക്കരുത്...നമുക്ക് അറിയാമെന്നത് മാത്രം ചെയ്യുക...അല്ലാതെ വീട്ടില്‍ ഷവ്വറില്‍ കുളിക്കുന്ന പരിചയം മാത്രം വച്ച് വെള്ളച്ചാട്ടത്തിലൊന്നും ഇറങ്ങിപ്പോകരുത്...
എന്തെങ്കിലും ദുരന്തം സംഭവിച്ചതിനു ശേഷം വിലപിച്ചിട്ടൊന്നും ഒരു കാര്യവും ഇല്ല...
ഇത് വായിച്ച് കുറച്ച് പേരെങ്കിലും ബോധവാന്മാരാകട്ടെ...
സസ്നേഹം,
ശിവ.
പലപ്പോഴും വഴിയില്‍ പതിയിരിക്കുന്ന മരണത്തിന്റെ മുഖം നമ്മളാരും കാണാറില്ല്ല
എന്നുള്ളതാണ്.
വിനോദയാത്രകളില്‍ പറ്റുന്ന പല അപകടങ്ങളും
ഒരു പരിധി വരെ നമ്മുടെ അശ്രദ്ധ മൂലം ഉണ്ടാകുന്നതാണ്.
നല്ലകുറിപ്പ് ആ വെള്ളച്ചാട്ടത്തിന്റെ ചിത്രം കൂടി ചേർക്കായിരുനു
ശിവ, അനൂപ്, നന്ദി
ഷെഫി, ക്യാമറയും ഞാനും കൂടി വെള്ളത്തില്‍ വീണതുകൊണ്ട് അന്നെടുത്ത ഫോട്ടോകള്‍ നഷ്ടമായി. വെള്ളച്ചാട്ടത്തിന്‍റെ ഭംഗിയും കൊല്ലുന്ന കരുത്തും എന്ന പോസ്റ്റില്‍ അക്കാര്യം സൂചിപ്പിരുന്നു.
kurip nannayirunnu.. but mashe saundaryavum oru tarathil maranam tanne alle
Post a Comment