പ്രശസ്ത സംഗീത നിരൂപകനും ഗവേഷകനുമായ രവി മേനോന്റെ എങ്ങിനെ നീ മറക്കും എന്ന ഗ്രന്ഥത്തിന്റെ ആസ്വാദനം.
പി.ഡി.എഫ് കോപ്പി ഇവിടെവായിക്കാം.
പാട്ടു പാടിയുറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ...
പാട്ടു കേട്ട് നീയുറങ്ങെന്‍ കരളിന്റെ കാതലേ.....
അര നൂറ്റാണ്ടോളം പഴക്കമുണ്ടെങ്കിലും ഇന്നും കുഞ്ഞുങ്ങളെ
പാടിയുറക്കുന്ന അമ്മമാരുടെ ചുണ്ടിലൂറി വരുന്ന പാട്ടാണിത്.
സീത എന്ന ചിത്രത്തില്‍ അഭയദേവ് രചിച്ച് ദക്ഷിണാമൂര്‍ത്തി
സംഗീതം പകര്‍ന്ന ഈ പാട്ട് പി. സുശീലയുടെ സ്വരമാധുരിയിലാണ്
മലയാളികളുടെ ഹൃദയത്തിലേക്ക് ഒഴുകിയത്.
തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പകര്‍ന്നു പോരുന്ന
സുന്ദരമായ ഈ താരാട്ട് കേട്ടുറങ്ങാത്ത കുഞ്ഞുങ്ങളുണ്ടാകില്ല.
പക്ഷേ, ആ പാട്ടു പാടി മലയാളത്തെ മയക്കിയ പാട്ടുകാരി
ആ പാട്ടിന് ജന്മം കൊടുക്കാന്‍ അനുഭവിച്ച ത്യാഗം എത്ര പേര്‍ക്കറിയാം?
ആന്ധ്രക്കാരിയായ സുശീലക്ക് ഒരു നിലയ്ക്കും വഴങ്ങാത്ത
ഭാഷയായിരുന്നു മലയാളം. പി. ലീലക്കു വേണ്ടി
ചിട്ടപ്പെടുത്തിയതായിരുന്നു ശരിക്കും സീതയിലെ ആ പാട്ട്.
യാദൃച്ഛികമായാണ് സുശീല പാടാനെത്തുന്നത്.
സ്വാഭാവികമായും ഭാഷ അതി കഠിനമായി വന്നു.
ന എന്ന അക്ഷരമാണ് ഏറ്റവും പ്രശ്നമായത്.
രണ്ടു തരത്തിലാണ് മലയാളത്തില്‍ ന ഉച്ചരിക്കുന്നത്.
പല്ലു കൊണ്ട് നാക്കിന്റെ കീഴെ സ്പര്‍ശിച്ച് ന പരിശീലിക്കാനായിരുന്നു
ദക്ഷിണാമൂര്‍ത്തി സ്വാമയുടെ നിര്‍ദേശം.
ന പരിശീലിച്ച് നാവു മുറിഞ്ഞ് ആ മറുനാട്ടുകാരിയുടെ
നാവില്‍ ചോര പൊടിഞ്ഞു. അങ്ങിനെ കഷ്ടപ്പെട്ട് ഉച്ചാരണം
പഠിച്ച് സശീല പാടി ആ പാട്ട് എത്ര കുഞ്ഞുങ്ങള്‍ക്കാണ് ഉറക്കുപാട്ടായത്!
ഈ പാട്ടും പാട്ടുകാരിയും കടന്നുവന്ന വഴികളെക്കുറിച്ച്
നമുക്ക് പറഞ്ഞു തരുന്നത് രവിമേനോനാണ്. ഗാനഗവേഷകന്
എന്ന നിലയിലും അവതാരകന് എന്ന നിലയിലും ശ്രദ്ധേയനായ
രവിമേനോന്റെ എങ്ങിനെ നാം മറക്കും എന്ന പുസ്തകം
സംഗീതാസ്വാദര്‍ക്ക് അങ്ങിനെ വലിയ മുതല്‍ക്കൂട്ടാകുന്നു.
നാം നെഞ്ചേറ്റിയ പാട്ടുകളെക്കുറിച്ചും ആ പാട്ടുകളിലൂടെ
നാം നെഞ്ചേറ്റുന്ന പാട്ടുകാരെക്കുറിച്ചും നാം കൂടുതല്‍ അറിയുന്നൂ
ഒലിവ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിലൂടെ.
നാദം, ഗാനം, ഈണം എന്നിങ്ങിനെ മൂന്ന് ഭാഗങ്ങളിലായി
25 ലേഖനങ്ങളാണ് പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്.
നാദം എന്ന വിഭാഗത്തില്‍ ഗായകരേയും ഗാനം എന്ന വിഭാഗത്തില്‍
കവികളേയും ഈണം എന്ന വിഭാഗത്തില്‍ സംഗീത
സംവിധായകരേയും അവതരിപ്പിക്കുന്നു.
യേശുദാസ്, ജയചന്ദ്രന്, ഉദയഭാനു, പി. ലീല, കോഴിക്കോട് അബ്ദുല്‍ ഖാദര്‍,
എസ്. ജാനകി, വാണി ജയറാം, ചിത്ര, സുജാത, വേണുഗോപാല്‍, ബ്രഹ്മാനന്ദന്,
എല്‍.ആര്. ഈശ്വരി തുടങ്ങിയ ഗായകരും ഒ.എന്‍.വി, ശ്രകുമാരന്‍ തമ്പി,
യൂസുഫലി, പൂവച്ചല്‍ ഖാദര്‍ തുടങ്ങിയ ഗാനരചയിതാക്കളും
ബാബുരാജ്, ദേവരാജന്‍, രാഘവന്, സലീല്‍ ചൗധരി, ആര്.കെ. ശേഖര്‍,
അര്ജുനന്, ജെറി അമല്‍ദേവ്, പുകഴേന്തി തുടങ്ങിയ
സംഗീത സംവിധായകരുമാണ് പുസ്തകത്തില്‍ വരുന്നത്.
ഗാന സാഹിത്യത്തെക്കുറിച്ചും സംഗീത സംവിധാനത്തെക്കുറിച്ചും
ആലാപന ശൈലികളെക്കുറിച്ചും നല്ലതുപോലെ പഠനം
നടത്തിയതിനുശേഷമേ രവിമേനോന് തന്റെ അഭിപ്രായങ്ങള്‍
രേഖപ്പെടുത്തുകയുള്ളൂവെന്നും പ്രശസ്ത സംവിധായകനും
ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി പുസ്തകത്തിന്റെ
അവതാരികയില്‍ പറയുന്നു.
പല പാട്ടുകളുടേയും പിറവി, രചനയായാലും ആലാപനമായാലും ]
സംഗീതമായാലും വരുന്ന വഴികള്‍ ഗാനാസ്വാദകരെ ശരിക്കും
അല്‍ഭുതപ്പെടുത്തുന്നു. കൃതഹസ്തനായ ഒരു പത്രപ്രവര്‍ത്തകന്റെ
കൈത്തഴക്കം രവിമേനോന്റെ എഴുത്തിനെ കൂടുതല്‍ ഹൃദ്യമാക്കുന്നു.
നാടകീയമായ അവതരണ ശൈലി വായനയുടെ
ആകാംക്ഷ നിലനിര്‍ത്താനും വായന അതിവേഗം
മുന്നോട്ടുകൊണ്ടുപോകാനും ഹായകമാണ്. 1963ല്‍ കടുത്ത
ആസ്തമയുടെ പിടിയിലായ ശേഷം അതിനു മുമ്പ് പാടിയ
പോലെ പാടാന്‍ സാധിച്ചിട്ടില്ല ജാനകിക്ക്. പാട്ടുകാരിക്ക്
ശ്വാസ തടസ്സം വന്നാലുള്ള അവസ്ഥ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
ഇതിനു പുറമെയാണ് ഇസ്കിമിയ എന്ന ഹൃദ്രോഗവും അവരെ കീഴടക്കുന്നത്.
പെന്സുലിന് കുത്തി വെച്ച് മരണം മുഖാമുഖം കണ്ട് നാളുകള്‍.
ഈ തളര്‍ച്ച അതിജീവിച്ചാണ് അവര്‍ സൂര്യകാന്തിയും
താമരക്കുമ്പിളല്ലോ മമ ഹൃദയവും പൊട്ടിത്തകര്‍ക്ക കിനാവും
തുഷാര ബിന്ദുക്കളും ആലപിച്ചത്. ഇനി ഈ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍
മനസ്സില്‍ പുതിയൊരു വിങ്ങല്‍ കൂടി ഉണ്ടാക്കാന്‍ രവിമേനോന്റെ
വെളിപ്പെടുത്തലുകള്‍ ആസ്വാദകനെ നിര്‍ബന്ധിതനാക്കുന്നു.
പനിക്കിടക്കയില്‍ നിന്ന് എണീറ്റുപോയാണ് ഉണരൂ വേഗം നീ,
മാനസ മണിവേണുവില്‍, മുകിലേ... തുടങ്ങിയ പാട്ടുകള്‍ ജാനകി
മലയാളികള്‍ക്ക് സമ്മാനിച്ചത്.
ഉമ്മയിലെ പാലാണ് തേനാണെന്‍ ഖല്‍ബിലെ പൈങ്കിളിക്ക്,
എന്‍ കണ്ണിന്റെ കടവിലടുത്താല്‍ എന്നീ പാട്ടുകള്‍ നാം
ഉദയഭാനുവിന്റെ സ്വരത്തില്‍ കേള്‍ക്കേണ്ടതായിരുന്നു.
ഈ രണ്ടു പാട്ടുകളും ബാബുരാജ് കോഴിക്കോട് വെച്ച്
കെ.പി. ഉദയഭാനുവിനെ പഠിപ്പിച്ചതാണ്. കുഞ്ചാക്കോയുടെ
നിര്‍ബന്ധ പ്രകാരമാണ് പിന്നീട് ബാബുരാജ് ഈ പാട്ടുകള്‍
എ.എം രാജയെക്കൊണ്ട് പാടിപ്പിക്കുന്നത്.
രാജയെ പാട്ടു പാടിപ്പഠിപ്പിച്ചതാകട്ടെ ഉദയഭാനു തന്നെയാണെന്ന്
വിഷാദ ഗാനങ്ങളുടെ ചക്രവര്‍ത്തി എന്ന അധ്യാത്തില്‍ നാമറിയുന്നു.
റോസിയിലെ അല്ലിയാമ്പല്‍ കടവിലന്നരയക്കു വെള്ളം
എന്ന പാട്ട് ഉദയഭാനുവിന് സുഖമില്ലാത്തതു കൊണ്ടാണ്
സംഗീത സംവിധായകന് ജോബ് മാഷ് യേശുദാസിനെ കൊണ്ട് പാടിക്കുന്നത്.
ഉദയഭാനുവിന് വിഷമമാകുമെന്ന് കരുതി പാടാന്‍ മടിച്ച
യേശുദാസിനെ അദ്ദേഹം തന്നെയാണ് പ്രോത്സാഹിപ്പിക്കുന്നത്.
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി -ജയചന്ദ്രന്റെ സ്വരമധുരത്തില്‍
ഗാനാസ്വാദകര്‍ ഏറ്റുവാങ്ങിയ സുന്ദര ഗാനം, യഥാര്‍ഥത്തില്‍
യേശുദാസിന് പാടാന്‍ വെച്ചിരുന്ന പാട്ടായിരുന്നുവത്രെ അത്.
താരുണ്യം തന്നുടെ എന്ന സാധാരണ പാട്ടു പാടാനാണ്
ദേവരാജന്‍മാഷ് ജയചന്ദ്രനെ വിളിച്ചത്. ഒരു പ്രാക്ടീസിന് വേണ്ടി
മഞ്ഞലയില്‍ പഠിച്ചു വെക്കാന്‍ പറയുകയായിരുന്നു.
അങ്ങിനെ പാടിപ്പഠിപ്പിച്ച പാട്ട് പിന്നെ ജയചന്ദ്രന്റെ
സ്വരത്തില്‍ തന്നെ ദേവരാജന്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.
ഉത്ഥാന പതനങ്ങളുടെ വേദനാജനകമായ കാഴ്ചയാണ് പി. ലീലയുടെ
ജീവിത കഥകയിലൂടെ രവിമേനോന് അവതരിപ്പിക്കുന്നത്.
എക്കാലത്തേക്കും മലയാളിക്ക് മനസ്സില്‍ താലോലിക്കാന്‍
പാകത്തില്‍ കുറേ പാട്ടുകള്‍ നല്കിയ ഈ അനശ്വര ഗായികയെ
പുതിയ തലമുറയിലെ ആളുകള്‍ വേദനിപ്പിക്കുന്നതിന് രവിമേനോന്
നേരിട്ട് സാക്ഷിയാകുന്നുണ്ട്. പഴയ തലമുറയിലേയും
പുതിയ തലമുറയിലേയും ഗായകര്‍ അണി നിരന്ന ചടങ്ങില്‍
സംഘാടകരോട് അവര്‍ക്കൊരു സീറ്റ് കൊടുക്കാന്‍ ഗ്രന്ഥകാരന് ആവശ്യപ്പെടുന്നു.
`സാറേ അങ്ങോട്ട് നോക്കിയേ.. ആ കുട്ടി വരെ നില്ക്കുകയാ.. പിന്നെയാ ഇവര്‍'
-വേദിയില്‍ നിന്നിരുന്ന അടിപൊളിപ്പാട്ടുകാരിയെ
ചൂണ്ടി ഭാരവാഹി പറയുമ്പോള്‍ വായനക്കാരനും ഞെട്ടിപ്പോകുന്നു.
സംഗീതത്തിനുവേണ്ടി ദാമ്പത്യ ജീവിതം പോലും വേണ്ടെന്ന്
വെച്ച ഒരു ഗായികയാണ് ഇവ്വിധം അപമാനിക്കപ്പെടുന്നത്.
ഭാവ സുന്ദരമായ ഒരു പാട്ട് എങ്ങിനെയാണ് മനുഷ്യ മനസ്സുകളെ സ്വാധീനിക്കുന്നതെന്ന്
ഒന്നിലധികം ഉദാഹരങ്ങളിലൂടെ രവിമേനോന് വരച്ചു കാട്ടുന്നുണ്ട്.
യാത്രക്കാരാ പോകുക പോകുക, ജീവിത യാത്രക്കാരാ.. എന്ന പി.ബി. ശ്രീനിവാസന്റെ
പാട്ട് ഒരുദാഹരണം. ആ ഗാനം പുറത്തിറങ്ങി ഏറെക്കഴിയും മുമ്പ്
കേരളത്തില്‍ നിന്നു ശ്രീനിവാസിന് ഒരെഴുത്തു കിട്ടി. ജീവിത നൈരാശ്യത്തിന്റെ
പാര്യമത്തില്‍ ആത്മഹത്യക്ക് തയാറെടുത്ത ഒരു യുവാവിന്റെ എഴുത്ത്.
ഗാനത്തിന്റെ ചരണത്തിലെ ഒരു വഴിയടയുമ്പോള്‍ ഒമ്പതു വഴി തുറക്കുമെന്ന
ചിന്തോദ്ദീപകമായ ഒരൊറ്റ വരിയാണ് തന്നെ ആത്മഹത്യയില്‍ നിന്ന്
പിന്തിരിപ്പിച്ചതെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ആ വരികളും
അവയുടെ ആലാപനവും അത്ര അയാളെ സ്വാധീനിച്ചു പോലും.
എന്തിനു കവിളില്‍ ബാഷ്പധാര സ്റ്റേജില്‍ പാടി കോഴിക്കോട് അബ്ദുല്‍ ഖാദര്‍
സദസ്സിനെ കണ്ണീരണിയിച്ച അനുഭവം അദ്ദേഹത്തിന്റെ
മകന് നജ്മല്‍ ബാബു അയവിറക്കുന്നുണ്ട്. സ്വന്തം ഹൃദയത്തിന് ഉള്ളറയില്‍,
എന്റെ സ്വപ്നത്തെ അടക്കിയ കല്ലറയില്‍ എന്ന ഗാനത്തിന്റെ
റെക്കോര്‍ഡിംഗ് വേളയില്‍ യേശുദാസിന്റെ അമ്മ എലിസബത്ത്
പൊട്ടിക്കരഞ്ഞു.
അര്ജുനന് മാഷ് ഈണം പകര്‍ന്ന് പിക്നികിനുവേണ്ടി
വാണി ജയറാമും യേശുദാസും പാടിയ വാല്‍ക്കണ്ണെഴുതി
വനപുഷ്പം ചൂടി എന്ന പാട്ടിന്റെ സംഗീതം ചിത്രത്തിന്റെ
സംവിധായകനും നിര്‍മാതാവിനും തീരെ ഇഷ്ടപ്പെട്ടിരുന്നില്ലെന്ന്
കേട്ടാല്‍ വിശ്വാസം വരുമോ? പല ഈണങ്ങളിട്ടെങ്കിലും ഒന്നും
പിടിക്കാത്ത അവരുടെ മുന്നില്‍ ഒടുവില്‍ ഈ ഈണവും പറ്റില്ലെങ്കില്‍
വേണ്ടെന്ന് ദേഷ്യപ്പെട്ട് മടങ്ങാനിരിക്കുകയായിരുന്നുവത്രെ അര്ജുനന് മാഷ്.
ആ പാട്ടാണ് ഇന്നും മലയാളി മൂളി നടക്കുന്നതെന്ന് ഗ്രന്ഥം ചൂണ്ടിക്കാട്ടുന്നുണ്ട്.
ഈണത്തിനൊത്തു പാട്ടെഴുതാന്‍ വിസമ്മതിച്ച വയലാര്‍ പിണങ്ങിപ്പോയിരുന്നുവെങ്കില്‍
ചെമ്മീനിലെ നിത്യഹരിത ഗാനങ്ങളുടെ വരികള്‍ക്ക് അത്രയും ചന്തമുണ്ടാകുമായിരുന്നുവോ?
രാമു കാര്യാട്ടും സലില്‍ ചൗധരിയും പറഞ്ഞതനുസരിച്ച് ശ്യം അറിയാവുന്ന മലയാളത്തില്‍
ഒരു ദിവസം മുഴുവന്‍ മെനക്കെട്ടാണ് വയലാറിന്റെ മനസ്സ് മാറ്റുന്നതെന്ന് കാറ്റില്‍
തേന്മഴയായ് എന്ന അധ്യായത്തില്‍ രവിമോനോന്‍ എഴുതുന്നു.
യേശുദാസും പി. സുശീലയും ഹൃദയം പകര്‍ന്നു പാടിയ ഏഴിലം പാല പൂത്തു
പൂമരങ്ങള്‍ കുട പിടിച്ചു എന്ന പാട്ടിന് സംഗീതം പകര്‍ന്ന വേദ്പാല്‍ വര്‍മ്മ
എന്ന ഉത്തരേന്ത്യക്കാരനെ രവി ഓര്‍മിപ്പിക്കുന്നുണ്ട്.
ആരണ്യകത്തിലെ ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലില്‍, ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ
എന്നീ ഹിറ്റുകള്‍ പകര്‍ന്നു തന്ന രഘുനാഥ് സേത്ത്, ഓരോ മലയാള
ചിത്രങ്ങളുടെ ടൈറ്റിലുകളില്‍ പ്രത്യക്ഷപ്പെട്ട് കടന്നുപോയ കനുഘോഷ്,
രാജ്കമല് എന്നിവരെ പഴയ തലമുറക്കാരെ ഓര്‍മപ്പെടുത്തുകയും
പുതിയവരെ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
മൂളിപ്പാട്ടു പാടാന്‍ അറിയാവുന്നവരെപ്പോലും ഗാനഗന്ധര്‍വന്മാരാക്കാന്‍
കഴിവുള്ള അഭൂതപൂര്‍വമായ സാങ്കേതിക വളര്‍ച്ചയുടെ കാലത്ത്
യഥാര്‍ഥ ഗാനഗന്ധര്‍വനും പാട്ടിന്റെ പൂങ്കുയിലുകള്‍ക്കുമൊന്നും
ഒരു പ്രസക്തിയുമില്ലെന്ന് ഗ്രന്ഥകാരന് രോഷം കൊള്ളുന്നുണ്ട്.
ഗായകശബ്ദത്തിന്റെ ഫ്രഷ്നസ് യന്ത്രങ്ങളുടെ കടന്നാക്രമണത്തില്‍
അപ്രസക്തമായിക്കൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പഴയ തലമുറയിലെ സംഗീത സംവിധായകര്‍ കാര്യമായ പ്രതിഫലമൊന്നും
വാങ്ങാതെ അനശ്വരമാക്കിയ ഈണങ്ങള്‍ പുതിയ തലമുറയില്‍പെട്ട
ചിലര്‍ നിര്‍ദയം സ്വന്തമാക്കുമ്പോള്‍ ഖിന്നനായിരുന്ന ദേവരാജന്‍ മാഷുടെ
രോഷവും ദുഃഖവും രവിമേനോന് നമ്മെ അനുഭവിപ്പിക്കുന്നു.
പുതിയ തലമുറക്ക് പരിചയപ്പെടുത്താനെന്ന വ്യാജേന ഏതെങ്കിലും
വിവരദോഷിയായ സിനിമാക്കാരന് നമുക്ക് പ്രിയപ്പെട്ട പാട്ടുകള്‍ റിമിക്സ്
ചെയ്ത് വികലമാക്കരുതേ എന്ന് പുസ്തകം വായിച്ചു തീരുമ്പോള്‍
ഗ്രന്ഥകാരനോടൊപ്പം നമ്മളും പ്രാര്‍ഥിച്ചു പോകും.
പാട്ടു കേള്‍ക്കുന്നവരെല്ലാം വായിച്ചിരിക്കേണ്ട പുസ്തകമാണിത്.
ഓരോ പാട്ടിനും പുതിയ ആസ്വാദനം സാധ്യമാകും അപ്പോള്‍.
ചാനലുകളിലെ പാട്ടുപരിപാടികളുടെ അവതാരകരും മാധ്യമ പ്രവര്‍ത്തകരും
ഗാനമേളകളുടെ സംഘാടകരുമൊക്കെ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്ത്കം.
എന്നാല്‍ സ്വന്തമെന്ന പദത്തിനെന്തര്‍ഥം അധ്യായത്തില്‍ രവിമേനോന്
ചൂണ്ടിക്കാണിക്കുന്നതുപോലുള്ള അബദ്ധങ്ങള്‍ ആര്‍ക്കും പറ്റില്ല.
ഇത്തരക്കാരുടെ വിവരക്കേടുകൊണ്ട് ശ്രീകുമാരന്‍ തമ്പിയെപ്പോലുള്ളവര്‍
വേദനിക്കേണ്ടിയും വരില്ല.
എങ്ങിനെ നാം മറക്കും
രവി മേനോന്
ഒലിവ്
വില 100.00
പേജ് 202
12 comments:
നന്നായി ലേഖനം. പരിചയപ്പെടുത്തലിനു നന്ദി..
ഈ ലേഖനത്തിനു വളരെ നന്ദി മാഷേ. നല്ലൊരു കുറിപ്പ്.
:)
വളരേ നല്ല ലേഖനം... ഈ പുസ്തകത്തെ പരിചയപ്പെടുത്തിയതിന് വളരേ നന്ദി മാഷേ....
ഈ ലേഖനം ശ്രദ്ധയില്‍പ്പെടുത്തിയ ശ്രീ യ്ക്കും പ്രത്യേകം നന്ദി പറയുന്നു.
പുസ്തക പരിചയം നന്നായി,
വായിച്ചിട്ടില്ല, ശ്രമിച്ചു നോക്കണം ആ പുസ്തകം കിട്ടുമോ എന്ന്
ലേഖനങ്ങള്‍ പലതും, നാട്ടിലായിരുന്നപ്പോള്‍ കലാകൌമുദി, മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്നിവയിലൂടെ വായിച്ചതായി ഓര്‍ക്കുന്നു. ഈ പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി :)
നല്ല പരിചയപ്പെടുത്തല്‍. പുസ്തകം ഇവിടെ കിട്ടുമോ എന്നൊന്ന് തപ്പി നോക്കട്ടെ..
നല്ല ലേഖനം..പരിചയപ്പെടുത്തിയ പുസ്തകവും നന്നായിരിക്കും അല്ലെ? നോക്കട്ടെ..
ശുശീല പാടിയ വരികള്‍ (...ഉരക്കാം ഞാന്‍) ശ്രദ്ധിച്ചാല്‍ മനസ്സിലാവും അവറ് നന്നായി കഷ്ടപ്പെട്ടാണ് ആ ഉറക്ക് പാട്ട് പാടിയതെന്ന്.
ഒറ്ജിനലിന്റെ വാലില്‍ കെട്ടാന്‍ പോലും റീമിക്സ്
പറ്റത്തില്ല.
അതു പോലെ തന്നെ ഹിറ്റുകള്‍ വേറെ ഗായകറ് പാടുന്നതും.
ഏതായാലും ലേഖനം നന്നായി. പുസ്തകം കിട്ടുമോ എന്ന് നോക്കട്ടെ.
പ്രിയത്തില് ഒഎബി.
വളരെ നല്ല ലേഖനം. ഈ പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി.
ശ്രി രവിമേനോന് മാതൃഭൂമി വീക്കിലില് എഴുതുന്ന
ആളല്ലെ ഞാന്‍ അദേഹത്തിന്റെ ലേഖനം വായിക്കാറുണ്ട്.
എന്തായാലും നല്ല ലേഖനം സിദിക്കെ
പുസ്തകം പരിചയപ്പെടുത്തലുംനന്നായി
പുസ്തകനിരൂപണം കൊള്ളാം......വായിച്ചു നോക്കട്ടെ എങ്ങിനെയുണ്ടെന്നു????
സാദിഖ്,
നന്നായിട്ടുണ്ട്..
ആശംസകള്‍.
Post a Comment