എരഞ്ഞിപ്പറമ്പിലെ തിറയുത്സവം.
കോമരം ഉറഞ്ഞു തുള്ളുകയാണ്.
നെറ്റിയില്‍ നിന്ന് പൊടിയുന്ന ചോരത്തുള്ളികളില്‍
ഗ്രാമത്തിന്റെ ആഘോഷം തുളുമ്പുന്നു.
പടച്ചോനേ... ഈ ആനന്ദം എത്ര കാലമായി എനിക്ക് നഷ്ടപ്പെടുന്നു.
പത്രപ്രവര്‍ത്തകനായി ജോലി ആരംഭിച്ചതു മുതല്‍..
അല്ല അക്കാലത്ത് ഇടയ്‌ക്കൊക്കെ വന്നു പെടാറുണ്ട്.
പരദേശിയായി കടല്‍ കടന്ന ശേഷം.
ശരിയാണ് അതിനുശേഷം ഒരിയ്‌ക്കല്‍ പോലും
കുംഭമാസത്തിലെ ഇത്തരം ഘോഷപ്പെരുക്കങ്ങളിലേക്ക്
വന്നു പെട്ടിട്ടില്ല. ഇക്കാലത്ത് അവധിയെടുത്ത്
നാട്ടിലെത്താന്‍ പറ്റിയത് വലിയ ഭാഗ്യമായി.
മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ
ശിവരാത്രി മഹോത്സവം.
മണാശ്ശേരിയിലേയും നായര്‍ കുഴിയിലേയും
അമ്പലങ്ങളിലെ പ്രതിഷ്‌ഠാ മഹോത്സവങ്ങള്‍.
കളന്‍ തോട് തങ്ങളുടെ നേര്‍ച്ച. വെള്ളങ്ങോട്ടേയും
കലങ്ങോട്ടേയും എരഞ്ഞിപ്പറമ്പിലേയും തിറകള്‍.
ഓരോ കുംഭത്തിലും, കടലിനക്കരെ, മനസ്സില്‍
ചോര ചി്‌ന്തിയ കോമരങ്ങള്‍ ഇക്കുറി മനസ്സിന്റെ
ആവേശമായി ഉറഞ്ഞു തുള്ളുകയാണ്.
എട്ടൊമ്പത് കൊല്ലത്തിനുശേഷമാണ്, ഇങ്ങിനെ നാട്ടിലെ
ഉത്സവപ്പറമ്പുകളില്‍ കറങ്ങി നടക്കുന്നത്.
ഇവിടെ ഒന്നിനും ഒരു മാറ്റവുമില്ല.
ഉത്സവപ്പറമ്പുകള്‍ കൂടുതല്‍ വിശാലമായിരിക്കുന്നു.
മാമുണ്ണി നാരങ്ങാക്കച്ചവടം ചെയ്യുന്നു.
തട്ടമിട്ട കൊച്ചു മകള്‍ കൂട്ടിനുണ്ട്.
ചക്കര ജിലേബി ചൂടോടെ പൊരിച്ചെടുക്കുന്നവര്‍.
കരിമ്പും പൊരിയും വില്‍ക്കുന്നവര്‍.
പെണ്ണുങ്ങളേയും കുട്ടികളേയും ആകര്‍ഷിക്കാന്‍
വളക്കച്ചടവക്കാരും കളിപ്പാട്ടക്കാരും.
ഇടക്ക് വഴിപാടിന്റെ വെടിയൊച്ചകള്‍.
കൂട്ടം കൂടി തിറക്ക് പോകുമ്പോള്‍ കൂട്ടം തെറ്റി
വീട്ടിലേക്ക് മടങ്ങുന്നവരുടെ പേരില്‍ വെടിപൊട്ടിച്ച
പഴയ കാലം ഓര്‍മ വന്നു.
പെണ്‍കുട്ടികളെ നോക്കി വെള്ളമിറയ്‌ക്കുന്ന
ചെക്കന്മാരും ചെക്കന്മാരെ കടക്കണ്‍ കോണില്‍
ഒളിപ്പിക്കുന്ന പെണ്‍കുട്ടികളും ഇപ്പോഴുമുണ്ട്.
മു്‌ല്ലപ്പൂ മണം വിതറി, കുലുങ്ങിച്ചിരിച്ചു പോകുന്ന
പെണ്‍കുട്ടികളുടെ വളകിലുക്കവും ഉത്സവപ്പറമ്പിന്റെ
ആവേശമാണല്ലോ. ഒന്നും കെട്ടു പോകാതെ,
എല്ലാം അങ്ങിനെ തന്നെ..... ദൈവമേ കടലിനിക്കരെ
നമുക്ക് നഷ്ടപ്പെട്ടു പോകുന്നത് എന്തെല്ലാമാണ്.
ബാബു ഭരദ്വാജിന്റെ പ്രവാസിയുടെ കുറിപ്പുകളിലെ
വേലയും പൂരവും കഴിഞ്ഞോട്ടെ എന്ന അധ്യായം
ഒരിയ്ക്കല്‍ കൂടി വായിക്കണം.
ഇത്തവണ വായിക്കുമ്പോള്‍ മുമ്പത്തേക്കാള്‍ ശ്വാസം മുട്ടുമെന്ന് തീര്‍ച്ച.
കുലുക്കിക്കുത്തു ബോര്‍ഡുകള്‍ക്ക് ചുറ്റും നല്ല തിരക്ക്.
കട്ട നിരത്തിയിരിക്കുന്നത് പഴയ കിങ്കരന്മാരല്ലെന്ന് മാത്രം.
ഒക്കെ പുതുമുഖങ്ങള്‍.
ഏതാനും വര്‍ഷം മുമ്പ് കടല്‍ കടന്ന് പോരുന്ന സമയത്ത്
വള്ളിനിക്കറുമിട്ട്, മൂക്കില്‍ ചീരാപ്പൊലിപ്പിച്ചു
നടന്ന ചെക്കന്മാരാണ് ബോര്‍ഡിനപ്പുറത്ത്
ചമ്രം പടിഞ്ഞിരുന്നു കട്ട കുലുക്കി വെയ് രാജാ വെയ്
വിളിച്ചു കൂവുന്നത്.
ആഡ്യന്‍, ഇസ്‌പേഡ്, ക്ലാവര്‍, ഡെയ്‌മണ്‍, കൊടി, ചന്ദ്രന്‍..
കളങ്ങളില്‍ നോട്ട് വീഴുന്നു. പഴയ ചില്ലറയുടെ കാലം കഴിഞ്ഞു.
പത്ത് രൂപ മുതലാണ് കളി.
പത്ത് വെച്ചാല്‍ ഇരുപത്. ഇരുപത് വെച്ചാല്‍ നാല്‍പത്.
ഡബിളും ത്രിബിളും വീഴുമ്പോള്‍ കൂടുതല്‍ പണം.
കൂലിപ്പണിക്കാരാണ്, കളങ്ങളില്‍ കാശ് വെച്ച്
കളിക്കുന്നവരില്‍ ഏറെയും. പോലീസുകാരുടെ
ശല്യം പേടിക്കാനില്ല. ഇടക്ക് ഉത്സവക്കമ്മിറ്റിക്കാരുടെ
പിരിവുണ്ടാകും. അത് അത്ര സാരമാക്കാനില്ല.
(അപ്പുറത്ത് വലിയ തുക വെച്ച് ചീട്ടു കളി നടക്കുന്നുണ്ട്.
ആയിരവും അയ്യായിരവും നഷ്ടപ്പെട്ടവന്‍ വെറും കയ്യോടെ
വീട്ടിലേക്ക് മടങ്ങുന്നുണ്ടായിരുന്നു.
ഉത്സവത്തിന്റെ നേരമ്പോക്ക്‌നെത്തിയവര്‍
ഈ വഴിക്ക് തിരിഞ്ഞു നോക്കാറില്ല) \
കുട്ടിക്കാലത്തിന്റെ ഓര്‍മകള്‍ മനസ്സ് കുലുക്കിയപ്പോള്‍
അല്‍പം കുലുക്കിക്കുത്താമെന്ന് കരുതി.
ചില്ലറയാക്കി കരുതി വെച്ചിരുന്ന പത്ത് രൂപാ
നോ്‌ട്ടുകള്‍ ആഡ്യനിലും ഇസ്‌പേഡിലും കൊടിയിലും
ക്ലാവറിലും മാറിമാറി ഭാഗ്യം പരീക്ഷിച്ചു.
പണം പോയെങ്കിലും ഏറെക്കാലം മനസ്സില്‍
സൂക്ഷിക്കാന്‍ പുതിയൊരു ഉത്സവത്തിന്റെ
മേളപ്പെരുക്കമായി അത്.
ഈ ഉത്സവങ്ങള്‍ക്ക് മതത്തിന്റെ
വേലിക്കെട്ടുകളില്ലെന്നതാണ് സത്യം.
കൊടിയത്തൂരിലെ വെള്ളങ്ങോട്ടും കലങ്ങോട്ടുമൊക്കെ
ഉത്സവത്തിന്റെ വിജയം മാപ്പിളമാരുടെ സാന്നിധ്യമത്രെ.
കലങ്ങോട്ട് അമ്പലം പണിതത് കൊയപ്പ ഹാജി നല്‍കിയ
സ്ഥലത്താണെന്ന് കേട്ടിട്ടുണ്ട്. ശിങ്കാരി മേളത്തിന്റെ
പെരുക്കങ്ങളില്‍ ഒരേ ലയത്തില്‍ അലിയുന്നതും
കുലുക്കി കുത്തിന്റെ ഭാഗ്യ പരീക്ഷണത്തില്‍ നോട്ടുകളും
വാരിയെറിയുന്നതും മുസ്‌ലിമും ഹിന്ദുവും ക്രിസ്‌ത്യാനിയുമാണ്.
ഈ ഉത്സവപ്പറമ്പുകളില്‍ നിന്നിറങ്ങി, പിന്നെ എപ്പോഴാണ്
നാം ശരിക്കും ഹിന്ദുവും ക്രിസ്‌ത്യാനിയും മുസ്‌ലിമുമൊക്കെ
ആയിപ്പോകുന്നത്? അല്ലെങ്കില്‍ ആരാണ് നമ്മെ
അങ്ങിനെ ആക്കിക്കളയുന്നത്? ഇക്കുറി കലങ്ങോട്ട്
ഷാജിയും കൂട്ടരും അവതരിപ്പിച്ച ശിങ്കാരി മേളം അസ്സലായി.
ചെണ്ട വാടകയ്‌ക്കെടുത്ത് സ്വയം കൊട്ടിപ്പഠിച്ച
എന്റെ നാട്ടുകാരായ ഈ ചെറുപ്പക്കാരുടെ
ഉദ്യമത്തില്‍ വലിയ അഭിമാനം തോന്നി.
കമ്മിറ്റിക്കാര്‍ കൊടുക്കുന്ന അയ്യായിരം രൂപ ഉപകരണങ്ങള്‍ക്ക്
വാടക കൊടുക്കാനെ തികയൂ. എന്നാലും
ഈ കലയോട് പുതിയ കുട്ടികള്‍ കാണിക്കുന്ന
ആവേശം മനസ്സിന് മറ്റൊരുത്സവമായി.
ഉത്സവപ്പറമ്പില്‍ അലഞ്ഞു തിരിഞ്ഞ് വളരെ വൈകി
വീട്ടിലെത്തുമ്പോള്‍ വീട്ടുകാരിയുടെ പരിഭവമുണ്ട്.
അത് മായ്‌ക്കാന്‍ അവള്‍ക്ക് പ്രിയപ്പെട്ട ചക്കര ജിലേബി
വാങ്ങി നേര്‌ത്തെ കയ്യില്‍ വെച്ചിട്ടുണ്ട്.
ഉത്സവപ്പറമ്പുകളിലെ ഊട്ടുപുരകള്‍ ശരിക്കും
മതസൗഹാര്‍ദത്തിന്റെ വിരുന്നൂട്ടി.
സാമ്പാറും കൂട്ടി ചോറുണ്ണാന്‍ എല്ലാവരുമുണ്ടായിരുന്നു.
ജാതിയുടേയും മതത്തിന്റെയും അതിര്‍ വരമ്പുകളില്ലാതെ
ഒരുമിച്ചുണ്ണാനിരുന്നവര്‍ മിശ്രഭോജനത്തിന്റെ
പുതിയ അധ്യായങ്ങള്‍ രചിക്കുന്നു.
എരഞ്ഞിപ്പറമ്പിലെ ഊട്ടുപുരയില്‍ ഞാനും
അജ്‌മാനില്‍ നിന്ന് അവധിക്ക് വന്ന ശംസുവും
എത്തുമ്പോള്‍ നേരം വളരെ വൈകിയിരുന്നു.
ഊട്ടുപുര ഏറെക്കുറെ കാലി. എങ്കിലും
ആഘോഷത്തിന്റെ സൗഹാര്‍ദം പങ്കിടാനെത്തിയ
ഞങ്ങളെ അവര്‍ ശരിക്കും ഊട്ടി.
നായര്‍ കുഴിയിലും മണാശ്ശേരിയിലും
അനുഭവിച്ച ഊട്ടുപുരയുടെ സൗഹാര്‍ദത്തിന്റെ
രുചിയും മറക്കാനാകില്ല. എല്ലാം വിട്ടെറിഞ്ഞ് വീണ്ടും
മടങ്ങാന്‍ നേരമായി. ഒരാഴ്‌ച കൂടി അവധി
നീട്ടിക്കിട്ടിയിരുന്നുവെങ്കില്‍.
കുറ്റിക്കുളം തിറ കൂടി കൂടാമായിരുന്നു.
അതിന് ഭാഗ്യമില്ലല്ലോ.
9 comments:
ഉത്സവങ്ങളുടെ പെരുമഴക്കാലവും പിന്നെ കുറെ ഓര്‍മകളും.....ഈ പോസ്റ്റിന് വളരെ നന്ദി....
സസ്നേഹം,
ശിവ.
ഉത്സവംതുടിക്കും മനസ്സോടെ ഞാനും എന്‍റെ നിഴലും.
അങ്ങനെ ഞാനും കണ്ടു ഈ ഉത്സവം....നിറഞ്ഞ മനസ്സോടെ..നല്ല പോസ്റ്റ്..
നന്ദി ശിവ, നന്ദി ഫസല്‍,
നന്ദി, സ്മിതാ
ഈ പോസ്റ്റിന് എന്‍റെയും കൂടി ഒപ്പ്. എന്‍റെ കാവിലും പൂരവും കുംഭമാസത്തിലാണ്. മറുനാട്ടിലുള്ള പഠനക്കാലത്ത് കുംഭത്തില്‍ നാട്ടിലെത്തല്‍ അസാദ്ധ്യം. പിന്നെ ജോലിയും പുറത്ത്. 21 വര്‍ഷമായി നന്നായൊന്ന് പൂരം കൂടിയിട്ട്
പോകണം, അയല്‍ക്കാരാ.. പൂരം കൂടണം. ഓര്‍മകളിലെ പൂരം കൂടി മനസ്സിലെത്തുന്പോള്‍ നമുക്ക് ഇത് മുന്പത്തേക്കാള്‍ നന്നായി ആസ്വദിക്കാന്‍ കഴിയും. തീര്‍ച്ച.
ഇനി നാട്ടില്‍ വരുമ്പോള്‍ അരീക്കര ഉത്സവത്തിനു കൂടി വരിക
വിനോദ്, വരാം. തീര്‍ച്ചയായും വരും.
ബ്ലോഗില്‍ വന്നതിന് നന്ദി.
Post a Comment