Thursday, April 17, 2008

ഇങ്ങിനെയാണ്‌ ചില ജീവിതങ്ങളുണ്ടാകുന്നത്‌

ചില ജീവിതങ്ങള്‍ നമ്മെ കരയിപ്പിക്കും.
അങ്ങിനെയൊരു ജീവിതമാണ്‌ കണ്ണൂര്‍ ചോളോപ്പറമ്പില്‍
കെ.പി. ഖലീലിന്റേത്‌.
അല്‍ ഐനില്‍ ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന്‌
വീണ്‌ അനങ്ങാന്‍ പോലും വയ്യാത്ത വിധം
കിടപ്പിലായിപ്പോയ ഖലീലിന്റെ ജീവിതം നമുക്ക്‌
കഥകളിലോ സിനിമകളിലോ പോലും
സങ്കല്‍പിക്കാന്‍ കഴിയില്ല.
കടുത്ത പ്രമേഹ രോഗിയായ ഉമ്മ മാത്രമാണ്‌
ഖലീലിന്റെ ആശ്രയം.
ഇന്‍സുലിന്‍ പ്രയോഗത്തില്‍ ജീവിതം നിലനിര്‍ത്തുന്ന
ആ ഉമ്മയുടേയും കിടക്കയില്‍ നിന്ന്‌
എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത മകന്റേയും
കഥയെഴുതാന്‍എന്റെ കണ്ണൂനീര്‍ മഷിയാക്കാന്‍
എനിക്ക്‌ വയ്യ.കിടക്കയില്‍ കിടന്ന്‌ രോഗിയായ
ഉമ്മയ്‌ക്ക്‌ ഇന്‍സുലിന്‍ കുത്തിവെച്ചു കൊടുക്കുന്ന
മകനെ ഒന്ന്‌ ഓര്‍ത്തു നോക്കൂ. മനസ്സിന്റെ
കാന്‍വാസില്‍ ആ ചിത്രത്തിന്‌ കണ്ണീരിന്റെ നിറമാണ്‌.
പ്രായവും രോഗവും തളര്‍ത്തിയ ആ ഉമ്മ ഒരൂ ദിവസം
ഇല്ലാതായില്‍ തളര്‍ന്നു കിടക്കുന്ന മകന്‌ ആര്‌ തുണയാകും?
ശരീരം തളര്‍ന്ന്‌ അവശനായി കഴിയുന്ന മകന്‍ ഒരു ദിവസം
ഇല്ലാതായിപ്പോയാല്‍ ആ ഉമ്മക്ക്‌ ആര്‌ തുണയാകും?
ഒന്നിനും ഒരു കുറവുമില്ലാത്ത എനിയ്‌ക്കോ
നിങ്ങള്‍ക്കോ ആ വേദന കാണാന്‍ പറ്റുമോ?എല്ലാറ്റിനും
എല്ലാവരുമുള്ള നമ്മുടെ ജീവിതം ഈ ശൂന്യത എന്തെന്നറിയുമോ?
ചില ഹൃദയങ്ങളെ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയില്ല.
തിരൂരങ്ങാടിയില്‍ നിന്ന്‌ വന്ന കുഴിപ്പിള്ളി ഹലീമ
ഖലീലീന്റെ കൈ പിടക്കുമ്പോള്‍ നമുക്ക്‌
ഒരെത്തും പിടിയും കിട്ടാത്തത്‌ അതുകൊണ്ടാണ്‌.
കിടന്ന കിടപ്പില്‍ നിന്ന്‌ പരസഹായം കൂടാതെ ഒന്ന്‌
അനങ്ങാന്‍ പോലും പറ്റാത്ത ഒരാളുടെ മണവാട്ടിയായി
ഹലീമ വരികയാണ്‌. എം.എ വരെ പഠിച്ചവര്‍.
ബി.എഡും ജനറല്‍ നഴ്‌സിംഗും കഴിഞ്ഞവള്‍.
ഭര്‍ത്താവില്‍ നിന്ന്‌ അവള്‍ക്ക്‌ ഒന്നും പ്രതീക്ഷിക്കാനില്ല.
ഒരുമിച്ച്‌ കാണാന്‍ ഒരു സ്വപ്‌നം പോലും ബാക്കിയില്ലാത്തവര്‍.
ചികിത്സയുടെ ഭാരിച്ച ചെലവ്‌ പോലൂം താങ്ങാന്‍
പറ്റാത്ത ഖലീലിനും ഉമ്മക്കും ഹലീമക്ക്‌
പകരം നല്‍കാന്‍ ഒന്നുമില്ല.
കടലോളം പരന്നു കിടക്കുന്ന വലിയ
സ്‌നേഹത്തിന്റെ മനസ്സേയുള്ളു ഖലീലിന്‌..
പ്രിയപ്പെട്ടവളെ ഒന്നു കെട്ടിപ്പുണരാന്‍ പോലും ശരീരമില്ലാത്തവന്‍....
ഒരു ഇണയെ തേടി നമ്മളൊക്കെ എത്ര അലഞ്ഞിട്ടുണ്ട്‌.
എന്തൊക്കെ പോരായ്‌മകളാണ്‌ ഓരോ അന്വേഷണത്തിലും
നമ്മള്‍ കണ്ടെത്തിയത്‌.
ഖലീലും ഹലീമയും കൈകോര്‍ത്തു പിടിക്കുമ്പോള്‍
ഏത്‌ പുഛക്കടലിലേക്കാണ്‌ നമ്മുടെ മനസ്സിനെ നാം വലിച്ചെറിയേണ്ടത്‌.
അതേ കൂട്ടരെ, ഖലീലും ഹലീമയും തമ്മിലുള്ള
വിവാഹം കഴിഞ്ഞ ചൊവ്വാഴ്‌ച അഴീക്കോട്‌
കോളനി ഗേറ്റിലെ വീട്ടില്‍ നടന്നു.
ഇങ്ങിനെയാണ്‌ ചില ജീവിതങ്ങളുണ്ടാകുന്നത്‌.

7 comments:

Anonymous said...
This comment has been removed by a blog administrator.
മൂര്‍ത്തി said...

എന്ത് പറയണം എന്നറിയില്ല...

ഗീതാഗീതികള്‍ said...

ഹലീമയെന്ന, സ്നേഹത്തിന്റെ പ്രതിരൂപമായ ദൈവത്തെ സര്‍വാത്മനാ തൊഴുന്നു.....

പങ്കാളിയെ തിരയുമ്പോള്‍ ഒരോരുത്തരിലും നാം എന്തെല്ലാം തെറ്റുകുറ്റങ്ങളും കുറവുകളും കണ്ടെത്തുന്നു. ഇപ്പറഞ്ഞത് വളരെ ശരി സാദിഖ്.

വായിച്ചു കണ്ണു നിറഞ്ഞുപോയി, സാദിഖ്.

സാദിഖ്‌ മുന്നൂര്‌ said...

നന്ദി, ഗീത

കുറ്റ്യാടിക്കാരന്‍ said...

ഇത്തരം പോസ്റ്റുകള്‍ വായിക്കുമ്പോള്‍ എന്താണ് കമന്റ് ഇടേണ്ടത് എന്നറിയാത്തതിനാല്‍...മൌനം..

സാദിഖ്‌ മുന്നൂര്‌ said...

moorthi, kuttyadikkaran nandi

കൊസ്രാ കൊള്ളി said...

പടച്ചവന്‍ അവര്‍ക്ക് നല്ലത് വരുത്തട്ടെ....

കണ്ണ് നിറയുമ്പോള്‍ വേറെ എന്ത് പറയാന്‍......