Sunday, April 27, 2008

നന്ദി വേണം .....നന്ദി

ഇത്‌ ഒരു കഥയാണ്‌.
ഞാന്‍ ജോലി ചെയ്‌ത്‌ ജീവിക്കുന്ന രാജ്യത്തോ
മറ്റ്‌ വല്ല നാട്ടിലോ ഇങ്ങിനെയൊന്ന്‌ നടന്നതായി ഓര്‍മയില്ല.

ആര്‍ക്കെങ്കിലും അങ്ങിനെ തോന്നിയാല്‍ ദയവ്‌ ചെയ്‌ത്‌
കഥാപാത്രങ്ങളുമായി സാമ്യമുള്ളവരെ വിളിച്ച്‌
ഇക്കാര്യം അറിയിക്കരുത്‌.
വെറുതേയെന്തിന്‌ വഴിയേ പോകുന്ന വയ്യാവേലി വലിച്ച്‌
ഞാനെന്റെ വേണ്ടാത്തിടത്ത്‌ വെയ്‌ക്കണം?

കഥ തുടങ്ങാം. പതിമൂന്ന്‌ വര്‍ഷം മുമ്പ്‌ തമിഴ്‌നാട്ടില്‍ നിന്ന്‌
ഒരാള്‍ ഒരുപാട്‌ സ്‌പ്‌നങ്ങളുമായി ഗള്‍ഫിന്റെ
മരുഭൂമിയിലെത്തുന്നു. പേര്‌ തമിഴന്‍ എന്നു തന്നെയാകട്ടെ.
വന്ന നാള്‍ തൊട്ട്‌ ദുരിതമല്ലാതെ മറ്റൊന്നും തമിഴന്‌
ഗള്‍ഫ്‌ സമ്മാനിച്ചില്ല. കണ്ട കിനാക്കളെല്ലാം
മരുഭൂമിയുടെ ചൂടില്‍ വെന്തു വെണ്ണീറായി.
കൊടിയ വെയിലില്‍ കഠന ജോലി. ശമ്പളമില്ല, ആഹാരമില്ല, കിടക്കാന്‍
ഇടം പോലുമില്ല.
ഒടുവില്‍ രക്ഷപ്പെട്ട്‌ ഇദ്ദേഹം
പ്രവാസ നഗരത്തിലെ സാമൂഹിക പ്രവര്‍ത്തകരുടെ മുന്നിലെത്തുന്നു.
മരുഭൂമിയിലെ വാസം രോഗിയും പരിക്ഷീണനുമാക്കിയ
തമിഴന്‌ സ്വന്തം ഭാഷ പോലും നഷ്‌ടമായിരുന്നുവത്രെ.
ആടുമാടുകള്‍ക്കൊപ്പം മരുഭൂമിയില്‍ ഒരു വ്യാഴവട്ടത്തിലേറെ
കഴിയേണ്ടി വന്ന ഹതഭാഗ്യന്‌ സംസാരിക്കാന്‍
ഒരു ഭാഷ പോലും വേണ്ടിയിരുന്നില്ലല്ലോ.
അപ്പോഴാണ്‌ സാമൂഹിക പ്രവര്‍ത്തകനായ
കഞ്ഞിക്കുഴി കുഞ്ഞിക്കണാരനും സംഘവും ഇടപെടുന്നത്‌.
അവര്‍ ഇടപെട്ട്‌ എംബസിയുടെ സഹായത്തോടെ
സ്‌പോണ്‍സറെ കണ്ടെത്തി,
നിരന്തരമായ ഇടപെടലുകളിലൂടെ
തമിഴന്‌ ശമ്പള കുടിശ്ശിക ലഭ്യമാക്കി.
ഒരു വര്‍ഷത്തോളം തമിഴന്‌ താല്‍ക്കാലിക ജോലിയും
കിടക്കാനും ഉണ്ണാനും സൗകര്യവുമൊരുക്കി.
തമിഴനെ കുഞ്ഞിക്കണാരന്‍ കണ്ടെത്തിയതു മുതല്‍
ഒരു വര്‍ഷത്തിനിടെ പലവട്ടം പത്രങ്ങളില്‍ വാര്‍ത്ത വന്നു.
മിഴിച്ചു നില്‍ക്കുന്ന തമിഴനും ചിരിച്ചു നില്‍ക്കുന്ന
കുഞ്ഞിക്കണാരനും കളര്‍ ചിത്രങ്ങളായി.
മരുഭൂമിയില്‍ വലഞ്ഞ തമിഴന്‌ കുഞ്ഞിക്കണാരന്‍ അഭയം.
തമിഴന്‌ കുഞ്ഞിക്കണാരന്‍ താല്‍ക്കാലിക ജോലി ശരിയാക്കി,
കുഞ്ഞിക്കണാരന്‍ തമിഴന്റെ സ്‌പോണ്‍സറുമായി ബന്ധപ്പെട്ടു,
തമിഴന്റെ ശമ്പള കുടിശ്ശിക ലഭ്യമക്കാമെന്ന്‌
കുഞ്ഞിക്കണാരന്റെ ഇടപെടലിനെ തുടര്‍ന്ന്‌
സ്‌പോണ്‍സര്‍ സമ്മതിച്ചു.... പറയേണ്ട പൂരം.
ദിവസേനയെന്നോണം വാര്‍ത്തകള്‍, ചിത്രങ്ങള്‌...
കുഞ്ഞിക്കണാരന്‍ സ്വന്തം ജോലി പോലും മറന്നു
സാമൂഹിക പ്രവര്‍ത്തനം മാത്രം നടത്തിയാലോ
എന്നു പോലും ചിന്തിച്ചു പോകും.....

അപ്പോഴാണ്‌ അക്കിടി പറ്റിയത്‌.
45,000 റിയാല്‍ ശമ്പള കുടിശ്ശിക കൈപ്പറ്റാന്‍
ജോലി സ്ഥലത്തേക്ക്‌ പോയ തമിഴന്‌ നാട്ടിലേക്ക്‌
മടങ്ങുമ്പോള്‍ കുഞ്ഞിക്കണാരനോട്‌ പറയാന്‍ പറ്റിയില്ല.
ഒരു വാക്ക്‌ മിണ്ടാതെ അയാള്‍ നേരെ നാട്ടിലേക്ക്‌ പൊയ്‌ക്കളഞ്ഞുവത്രെ.
ഒരു യാത്രയപ്പ്‌ പടത്തിന്റേയും വാര്‍ത്തയുടേയും
അവസാന സാധ്യത തമിഴന്‍ കുഞ്ഞിക്കണാരന്‌
നഷ്‌ടപ്പെടുത്തിക്കളഞ്ഞു.
കൈയില്‍ പണം വന്നപ്പോള്‍
കൈത്താങ്ങായവരെ മറന്ന്‌ അയാള്‍ നാട്ടിലേക്ക്‌
പറന്നു എന്ന തലക്കെട്ടില്‍ വന്ന പത്രവാര്‍ത്ത
ഈ കുഞ്ഞിക്കണാരനെക്കുറിച്ചോ തമിഴനെ കുറിച്ചോ
അല്ലെന്ന്‌ ഉറപ്പിച്ചു പറയട്ടെ.
കാരണം ഇങ്ങിനെയൊന്ന്‌ എവിടെയും നടന്നിട്ടില്ല.

കഥ ഇവിടെ തീരുന്നു. ഇനി എന്റെ വക
അല്‍പം പ്രസംഗം, അധിക പ്രസംഗം:

സാമുഹിക സേവനവുമായി ബന്ധപ്പെട്ട്‌ പണ്ട്‌
നാം കേള്‍ക്കാറുണ്ടായിരുന്ന നിസ്വാര്‍ഥം, നിഷ്‌കാമ കര്‍മം,
പ്രതിഫലേഛയില്ലാതെ തുടങ്ങിയ പദങ്ങളും
പ്രയോഗങ്ങളുമൊക്കെ കാലഹരണപ്പെട്ടു.
എന്നേ കാലഹരണപ്പെട്ടു.
ഇപ്പോള്‍ ദുരിതമനുഭവിക്കുന്ന ഒരാള്‍ക്ക്‌ നാട്ടിലേക്കൊരു
വണ്‍വേ ടിക്കറ്റ്‌ എടുത്തു കൊടുത്താല്‍ പോലും
അത്‌ കൈമാറുന്ന പടവും വാര്‍ത്തയും പത്രത്തില്‍ വരണം.
അഥവാ സാമൂഹിക സേവനം പബ്ലിസിറ്റിക്കു വേണ്ടി
മാത്രമായി മാറുന്നുവെന്ന സംശയം ബലപ്പെടുകയാണ്‌.
ഗള്‍ഫുകാരന്റെ ജീവകാരുണ്യത്തിന്‌
പ്രവാസ ചരിത്രത്തോളം പഴക്കമുണ്ട്‌.
കഠിനമായി ജോലി ചെയ്‌ത്‌ സമ്പാദിക്കുന്ന
തുകയില്‍ നിന്നൊരു അംശം എല്ലാ മാസവും
കഷ്‌ടപ്പെടുന്ന ഏതെങ്കിലും സഹജീവിയുടെ
ആവശ്യത്തിന്‌ ചെലവാക്കുന്ന തുഛശമ്പളക്കാരായ
എത്രയോ പ്രവാസികളുണ്ട്‌.
പത്രത്തില്‍ പ്രചാരമോ ഒരു നന്ദിവാക്കോ പ്രതീക്ഷിച്ചല്ല
ഇവരൊന്നും ഇത്‌ ചെയ്യുന്നത്‌.
പത്രത്തില്‍ കാണുന്ന ദുരിത വാര്‍ത്തകള്‍ വായിച്ച്‌
പേര്‌ പോലും വെളിപ്പെടുത്താതെ നേരിട്ട്‌ സഹായം
എത്തിച്ചു കൊടുക്കുന്ന എത്രയോ പേരെ ഇവനറിയാം.
എന്നാല്‍ ഓരോ ദിവസവും മുളച്ചു പൊങ്ങുന്ന
കാക്കത്തൊള്ളായിരം ഗള്‍ഫ്‌ സംഘടനകള്‍
എല്ലാറ്റിനുമെന്ന പോലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കും
മത്സരിക്കുന്നു. ഉദാരമതികളില്‍ നിന്ന്‌ പണം പിരിച്ച്‌
ദുരിതമനുഭവിക്കുന്നവന്‌ കൊടുക്കുന്നത്‌ നല്ലതുതന്നെ.
ആ സഹായവും സ്വീകരിച്ച്‌ അയാള്‍ പോകുന്നെങ്കില്‍
പോകട്ടെ, അയാളില്‍ നിന്ന്‌ എന്തിന്‌ ഒരു നന്ദി വാക്ക്‌
പ്രതീക്ഷിക്കണം? അയാളുടെ കൂടെ നിന്ന്‌ പടമെടുത്ത്‌
എന്തിന്‌ പത്രത്തില്‍ വരുത്തണം? ~

ഒക്കെ പോകട്ടെ, നന്ദി പറയാതെ, പടമെടുക്കാന്‍ അവസരം
തരാതെ അയാള്‍ പോയെന്ന്‌ വെച്ച്‌ നമ്മള്‍
വെകിളി കൊള്ളുന്നതെന്തിന്‌?
അതും വാര്‍ത്തയാക്കേണ്ടതുണ്ടോ?
ഈയിടെ നമുക്ക്‌ വേണ്ടപ്പെട്ട ഒരാള്‍ പ്രവാസ നഗരത്തില്‍
വാഹനാപകടത്തില്‍ മരിച്ചു.
അപകട സ്ഥലം മുതല്‍ മൃതദേഹം ഖബറടക്കുന്നതുവരെ
കടലാസുകള്‍ ശരിയാക്കാനും വേണ്ട സഹായങ്ങള്‍
ചെയ്യാനും നഗരത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകര്‍
സജീവമായി ഒപ്പമുണ്ടായിരുന്നു.
ഏറെ ആത്മാര്‍ഥതയോടെ കൃത്യമായി
ഏല്ലാറ്റിനും കൂടെ നിന്നവര്‍.
അപ്പോള്‍ കഞ്ഞിക്കുഴി കുഞ്ഞിക്കണാരന്‍
മരിച്ച വ്യക്തിയുടെ ബന്ധുവായ എന്റെ
സുഹൃത്തിനോട്‌ പറഞ്ഞുവത്ര:
എന്നാലും വിവരം നിങ്ങള്‍ക്ക്‌
ആദ്യം ഞങ്ങളെ അറിയിക്കാമായിരുന്നു.
ഇനിയിപ്പോള്‍ അവന്മാര്‍ ഇടപെട്ട സ്ഥിതിക്ക്‌
ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ പറ്റാതായിപ്പോയില്ലേ?

സംഭവം ഇത്രയേയൂള്ളൂ: പരേതന്റെ
മരണാനന്തര രേഖകളും മറ്റു ശരിയാക്കാനുള്ള
നടപടിക്രമങ്ങള്‍ക്ക്‌ പ്രശസ്‌ത സാമൂഹിക പ്രവര്‍ത്തകന്‍
കഞ്ഞിക്കുഴി കുഞ്ഞിക്കണാരന്‍ നേതൃത്വം നല്‍കി.
മൃതദേഹം സംസ്‌കരിക്കുമ്പോള്‍ കഞ്ഞിക്കുഴി
കുഞ്ഞിക്കണാരന്റേ നേതൃത്വത്തില്‍
സാമൂഹിക പ്രവര്‍ത്തകര്‍ സന്നിഹിതരായിരുന്നു.
മരണനാന്തര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതിനും
മൃതേദഹം സംസ്‌കരിക്കുന്നതിനും ആവശ്യമായ
എല്ലാ സംഗതികളും പൂര്‍ത്തിയാക്കിത്തന്ന
കഞ്ഞിക്കുഴി കുഞ്ഞിക്കണാരന്‌
പരേതന്റെ ബന്ധുക്കള്‍ നന്ദി അറിയിച്ചു.
ഇങ്ങിനെ രണ്ട്‌ മൂന്നു ദിവസത്തെ പത്രത്തില്‍ വാര്‍ത്തയില്‍
നിറഞ്ഞു നില്‍ക്കാനുള്ള അവസരം നഷ്‌ടപ്പെട്ടു
പോയതിലുള്ള ദുഃഖമാണ്‌ അദ്ദേഹം പറയാതെ പറഞ്ഞത്‌.

7 comments:

ഏറനാടന്‍ said...

സാദിഖ് (മുന്നൂറാന്‍) സ്വാഗതമോതട്ടെ. ഇവിടെ അഗ്രഗേറ്റര്‍ വഴിവന്നതാണ്. ഇനിയുംവരും.വരാതിരിക്കില്ല. :)

Unknown said...

ആശംസകള്‍

പ്രിയ said...
This comment has been removed by the author.
പ്രിയ said...

:) അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവരും ഇതൊക്കെ കണ്ടു ഇങ്ങനെ കുറച്ചു പ്രശസ്തിക്ക് വേണ്ടി വല്ലോം ഒക്കെ ചെയ്യുവാണേല് ചെയ്യട്ടെ. ഒരു ഇന്സ്പിരേഷന് ആവുമെന്കില് എന്നാതിനാ വേണ്ടാന്ന് വയ്ക്കണേ? വല്യ കമ്പനികള് ഓഡിറ്റ് നടത്തുമ്പോള് ഒരു ചാരിറ്റി എന്നൊരു അക്കൌണ്ട് കൂടെ ഉണ്ടാകാറുണ്ട്. നല്ലതല്ലേ? കുറച്ചു പ്രശസ്തി കിട്ടുവാന് നോക്കിയിരിക്കുന്നോര്ക്ക് ഒരു ആശ്വാസം. അത് കൊണ്ടു ആര്ക്കെന്കിലും ഒരു കൈ സഹായം. (ദുബായ് കെയര് എന്നൊരു ചാരിറ്റി പ്രോഗ്രാം ഉണ്ടായിരുന്നു. വിജയവും ആയിരുന്നു.)

എന്റെ അഭിപ്രായം അങ്ങനെ എന്തെങ്കിലും ഒക്കെ ഉണ്ടായാല് സോഷ്യലിസം വന്നില്ലെലും പൂഴ്ത്തി വച്ചിരിക്കുന്ന പണം കുറച്ചൊക്കെ ആവശ്യക്കാര്ക്ക് കിട്ടും. അത് കൊണ്ടു തന്നെ ചാരിറ്റി മെഗാ ഷോ നല്ലത് തന്നെ

പ്രവീണ്‍ ചമ്പക്കര said...

പ്രിയ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.......ഒരു പുബ്ലിസിറ്റിക്കുവേണ്ടി ആണുഎങ്കില്‍ പോലും , ഒരാള്‍ക്ക് അത് ഉപകാരം അകുന്നു എങ്കില്‍ അകടെ....അതലെ നല്ലത്...

Unknown said...

ഇതു വഴി വന്ന്‌ അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി.

ഗള്‍ഫ്‌ നഗരങ്ങളിലെ ചില സാമൂഹിക സേവന കാട്ടിക്കൂട്ടലുകല്‍ കണ്ടപ്പോള്‍ എഴുതിപ്പോയതാണ്‌. ഗള്‍ഫിലിറങ്ങുന്ന പത്രങ്ങളിലേ ഇതിന്റെ ഹരം കാണുകയുള്ളൂ.

ഒപ്പം ഏത്‌ സേവനവും നിഷ്‌കാമ കര്‍മമാകണമന്ന ആഗ്രഹവും.

വല്യമ്മായി said...

സത്യം