മതം സ്നേഹമാണ്.
മതത്തില്‍ വിശ്വസിക്കാം.
വിശ്വസിക്കാതിരിക്കാം. രണ്ടായാലും
ലക്ഷ്യം സ്നേഹമായിരിക്കണം.
അതായത് മതം സ്നേഹമാണ്.
അഥവാ സ്നേഹത്തില്‍ കവിഞ്ഞൊന്നും
മതത്തിന്റെ പേരില്‍ നമ്മുടെമനസ്സില്‍ ഉണ്ടായിക്കൂടാ.
ചന്ദപ്പൊയില്‍ വേലു ഇങ്ങിനെയൊരു സിദ്ധാന്തം
മനസ്സില്‍ സൂക്ഷിച്ച ആളായിരുന്നുവോ എന്നെനിക്കോര്‍മയില്ല.
അദ്ദേഹത്തെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ മകന്
അപ്പുവിനെകണ്ട ഓര്‍മയും എനിക്കില്ല.
അപ്പുവിന്റെ മകന് രാഘവനെ നമ്മളറിയും.
മലപ്പുറം കാക്കയുടെ ചായക്കടയില്ചായയടിക്കാനും
കടിയുണ്ടാക്കാനുംനില്ക്കുന്ന രാഘവേട്ടന്.
രാഘവേട്ടന്റെ മകന് സുധി ഓട്ടോ ഡ്രൈവറാണ്.
നെറ്റിയി ചന്ദനക്കുറി തൊട്ട് മായാത്ത ചിരിയുമായി
നടക്കുന്ന സുധിയേയും നമുക്കറിയാം.
രാഘവേട്ടന്റെ വല്യച്ഛനാണ് വേലു.
ഈ വേലു ഇഷ്ട ദാനം നല്കിയ സ്ഥലത്താണ്
നമ്മുടെ ഗ്രാമത്തിലെ മാപ്പിളമാര്‍
നമസ്കാരപ്പള്ളി നിര്‍മിച്ചത്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, അദ്ദേഹം സ്ഥലത്തെ
നാല് മുസ്ലിം പ്രമാണിമാരുടെ പേരില്ഇഷ്ടദാനമായി
എഴുതിക്കൊടുക്കുകയായിരുന്നു ഈ സ്ഥലം.
അന്ന് ഗ്രാമത്തിലുള്ളവര്‍ക്ക് മുന്നൂര് ജുമാമസ്ജിദേയുള്ളൂ.
പിന്നെ താത്തൂര്‍ ജുമാ മസ്ജിദും.
ജുമുഅക്കും പെരുന്നാളിനുമൊക്കെയല്ലാതെ
ജമുഅത്ത് പള്ളികളിലേക്ക് പോകുന്നത് വലിയ പ്രയാസം.
അങ്ങാടിയില്‍ ചെറിയൊരു നമസ്കാരപ്പള്ളി
വേണമെന്നആഗ്രഹം വിശ്വാസികളില്‍
ചിലര്ക്കുണ്ടായത്അങ്ങിനെയാണ്.
ഈ വിഷയം വര്‍ത്തമാനത്തിനിടയില്‍
ഉയര്‍ന്നു വന്നപ്പോള്‍ മുസ്ലിം കാരണവന്മാരുടെ
കൂട്ടത്തില്രാഘവേട്ടന്റെ വല്യഛന് വേലുവുമുണ്ടായിരുന്നു.
അദ്ദേഹമാണ് അപ്പോള്‍ അതിനൊരു പരിഹാരം നിര്‍ദേശിച്ചത്.
അങ്ങാടിയുടെ ഹൃദയഭാഗത്ത് നമസ്കാര
പള്ളി നിര്‍മിക്കാനാവശ്യമായ സ്ഥലം ഞാന്‍ തരാം.
എന്റെ പറമ്പില്‍ അതിന് സ്ഥലം കണ്ടെത്താം.
അങ്ങിനെ അദ്ദേഹം നാല് മുസ്ലിംകളുടെ പേരില്‍
ആസ്ഥലംഎഴുതിക്കൊടുത്തു. അതെ, ഇഷ്ട ദാനമായി തന്നെ.
ആ ഭൂമിയിലാണ് നമസ്കാരപ്പള്ളിഉയര്ന്നത്.
റേഷന്‍ കടയില്‍ വരുമ്പോള്അവിടെ കയറിയാണ്
നമസ്കാരംഒരു വഖ്ത് പോലും ഖളാ ആകാതെ നമ്മള്
നമസ്കരിച്ചത്.
കാലം മുന്നോട്ട് പോകുമ്പോള്‍ നമ്മള് കൂടുതല്‍ പഠിപ്പും
പത്രാസുമുള്ളവരായി.
പഠിപ്പും വലിയ വലിയ ഉദ്യോഗങ്ങളും നേടി.
നാട്ടില്‍ പുതിയ പുതിയ പണക്കാരുണ്ടായി.
ദാരിദ്ര്യം പാടെ വിട്ടൊഴിഞ്ഞില്ലെങ്കിലുംപഴയതുപോലെ
പട്ടിണിയില്ലാതായി.സൗകര്യങ്ങള്‍ അധികമായപ്പോള്‍
നമ്മുടെയൊക്കെ മനസ്സിന് എന്തോ സംഭവിച്ചുവോ?
ഇന്നിപ്പോള്‍ ഇതേ നമസ്കാരപ്പള്ളിയുടെ പേരില്‍ തര്‍ക്കമാണ്.
ഹിന്ദുക്കളും മുസ്ലിംകളും തമ്മിലല്ല.
മുസ്ലിംകളും മുസ്ലിംകളും തമ്മില്‍.
വേലുവിന്റെ ഇഷ്ടദാനം സ്വീകരിച്ച നാലുപേരില്‍
ഒരാള്‍ ആ സ്ഥലം വഖ്ഫ് ചെയ്യാതെ മരിച്ചു പോയി.
അയാളുടെ അനന്തരാവാകാശിയും നിലവിലെമഹല്ല്
കമ്മിറ്റിയും തമ്മിലാണ് തര്‍ക്കം.പരസ്പരം പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നം.
അത് ഊതിപ്പെരുപ്പിച്ച്, മൈക്ക് കെട്ടി
ഉച്ചത്തില്‍ വിളിച്ചു പറഞ്ഞ് പരസ്പരം
വിശദീകരിച്ചു, മുസ്ലിംകള്.
ഇതൊക്കെ രാഘവേട്ടന് കേള്‍ക്കുമല്ലോ എന്നായിരുന്നു എന്റെ പേടി.
സുധി കേള്‍ക്കില്ലേ? അവന്റെ ബാക്കിയുള്ളവര്‍ കേള്‍ക്കില്ലേ?
അവരുടെ പൂര്‍വികര്‍ ഇഷ്ടദാനമായി നല്‍കിയസ്ഥലത്ത്
കെട്ടിപ്പൊക്കിയ പള്ളിയുടേയും സ്ഥലത്തിന്റേയുംപേരില്
നമ്മള് ഇങ്ങിനെ തര്‍ക്കിക്കാമോ?
അധികാരം ആര്‍ക്കായാലും ആ പള്ളി,അത്യാവശ്യക്കാര്‍ക്ക്
നമസ്കരിക്കാനുള്ളഒരിടമായി മാത്രം കണ്ടാല്‍ പേരെ.
അതിന്റെ പേരില്‍ ഊരുവിലക്കുംഒറ്റപ്പെടുത്തലും കേസും കൂട്ടവും
പിന്നെമൈക്ക് കെട്ടി പൊതുയോഗവും ഒക്കെ വേണ്ടിയിരുന്നോ?
ഇതിങ്ങിനെ ഓര്‍ത്തപ്പോഴാണ് ഗ്രാമത്തിലെ
വായനശാലയെക്കുറിച്ച്കൂടി പറയേണ്ടി വരുന്നത്.
ആരുടേയോ ഒക്കെദുര്വാശിയുടെ പേരില്‍ നാടിന്
വെളിച്ചമാകേണ്ട ഈ സ്ഥാപനം നാശോന്മുഖമാണ്.
വായന അറിവുണ്ടാക്കും. അറിവ് സംസ്കാരമുണ്ടാക്കും.
സംസ്കാരം സ്നേഹമുണ്ടാക്കും.
പക്ഷേ, ആരാണ് സ്നേഹം വരുന്ന ഈ വഴി കൊട്ടിയടക്കുന്നത്?
ജാതിയും മതവും നോക്കാതെ നമുക്ക്
ഒരുമിച്ചിരിക്കാനുള്ള ഒരിടമല്ലേ ഇത്.
അങ്ങാടിയുടെ അപ്പുറവുമിപ്പുറവുമായി
അകന്നിരിയ്ക്കാതെ നമുക്ക്
എവിടെയെങ്കിലുമൊന്ന്ഒന്നിച്ചിരിയ്ക്കേണ്ടേ.
പരസ്പരം വേര് തിരിഞ്ഞ്, അപ്പുറവുമിപ്പുറവുമായി
അകന്നിരിക്കാനുള്ള മതിലാകരുത് മതം.
ഒന്നിച്ചിരിക്കുമ്പോള്‍ വേര്‍പെട്ടു പോകാതിരിക്കാന്‍
പരസ്പരം ബന്ധിക്കുന്ന സ്നേഹത്തിന്റെപാശമാകണം മതം.
അപ്പോള്‍ മതം സ്നേഹമാകും.സ്നേഹം തന്നെയാകും മതം.
ഇതെനിക്ക് ഉറപ്പിച്ചു പറയാന്‍ പറ്റും.
കാരണം, ഈ സിദ്ധാന്തങ്ങളൊന്നും ഓര്‍ത്തിട്ടാകില്ല,
ഹിന്ദുവായ ചന്ദപ്പൊയില്‍ വേലു നമുക്ക്
നമസ്കാരപ്പള്ളി നിര്‍മിക്കാന്‍ സ്ഥലം തന്നത്.
ആ പഴയ മനസ്സിന് മതവും സ്നേഹവും
രണ്ടായിരുന്നില്ലെന്നു തന്നെ നമുക്ക് വിശ്വസിക്കാം.
വേലു ആ പള്ളിക്ക് സ്ഥലം കൊടുത്തത്, മണ്ണിലല്ല,
സ്വന്തം മനസ്സിലാണ്. ആ മനസ്സിലാണ് നമ്മള് പള്ളി പണിതത്.
മദ്റസയിലെ പാഠപുസ്തകത്തില്‍ മുജ ജമകളോടും
പുത്തന്‍ കൂറ്റുകാരോടും സലാം പറയരുതെന്നും
സലാം മടക്കരുതെന്നും നമ്മള് പഠിച്ചിട്ടുണ്ട്.
അഥവാ അങ്ങിനെ പഠിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഈ പാഠഭാഗം നീക്കം ചെയ്തോ എന്നെനിക്കറിയില്ല.
പലതരം മുസ്ലിംകള്ക്കിടയില് പരസ്പരം
കല്യാണം കഴിക്കാത്തവരുണ്ട്.
പരസ്പരം കല്യാണത്തിന് ക്ഷണിക്കാത്തവരുണ്ട്.
ഒരേ ദിശയിലേക്ക് തിരിഞ്ഞ്, ഒരേ ദൈവത്തിനു
മുമ്പില്അഞ്ചു നേരം ലോക മുസ്ലിംകളുടെ
നന്മക്കായിപ്രാര്ഥിക്കുന്നവരാണിവര്.
എന്നിട്ടും പരസ്പരം കാഫിറാക്കാനാണ് ഓരോരുത്തരും
ശ്രമിക്കുന്നത്.അപ്പോള്‍, ഒരു `കാഫിര്‍' കൊടുത്ത
സ്ഥലത്ത്നിര്മിച്ച പള്ളിയിലാണ് നമ്മുടെ
നാട്ടുകാര്ഇത്രയും കാലം നമസ്കരിച്ചതെന്ന
അറിവ് നമ്മില്‍ ആനന്ദമുണ്ടാക്കുന്നു.
ആ അറിവ് പുതിയ തലമുറയ്ക്ക്സ്നേഹത്തിന്റെ
പുതിയ അനുഭവമാകുന്നു.
ആ അനുഭവം നമ്മുടെ ഗ്രാമത്തെ
സ്നേഹത്തിന്റെ ഇമ്മിണി ബല്യൊരുലോകമാക്കട്ടെ!
ഇത്രയും കൂടി: നിലമ്പൂര്‍ കോവിലകം വക സ്ഥലമായിരുന്നുവത്രെ നമ്മുടെ പുതിയ പള്ളി നില്ക്കുന്ന സ്ഥലം. കാരണവന്മാര് നിലമ്പൂര്‍ കോവിലകത്ത് പോയി സമ്മതം വാങ്ങിയ ശേഷമാണത്രെ ഇവിടെ ജുമാ മസ്ജിദ് പണിതത്.
4 comments:
ഏറെ പ്രസക്തമായി, ചിന്തയും എഴുത്തും..
സാദിഖ്..
ആശംസകള്‍..
കാലം കഴിയും തോറും ജാതിമതഭേദങ്ങള്‍ ഇല്ലാതാവും എന്ന ആശ അസ്തമിക്കുകയാണ്.
ജാതി, മതം, കുടുംബം, ഞാന്‍ എന്നിങ്ങിനെ നാം ചുരുങ്ങിക്കൊണ്ടേയിരിക്കുന്നു. അണുകുടുംബങ്ങളുടെ കാലത്ത് നമുക്ക് നമ്മുടെ ഇണയും മക്കളുമെന്നതില് കവിഞ്ഞ് ഒരു വിശാല മനസ്കതയുമില്ലല്ലോ.
ഈ വഴി വന്നതില്‍ സന്തോഷം ഗീതാ...
Post a Comment