Wednesday, October 15, 2008

പ്രണയലേഖനം കാണ്മാനില്ല

യതീംഖാനയിലെ കുട്ടികള്‍ ഓട്ടോഗ്രാഫ്‌ വാങ്ങരുതെന്ന്‌ വാര്‍ഡന്‍ വിലക്കിയിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്‌നേഹത്തിന്റെയും ഓര്‍മകളുടേയും അക്ഷരങ്ങള്‍ പങ്കുവെയ്‌ക്കുന്നത്‌ അദ്ദേഹത്തിന്‌ ഇഷ്‌ടമല്ല. ആ വിലക്ക്‌ ആണ്‍കുട്ടികളില്‍ ചിലര്‍ ലംഘിയ്‌ക്കാറുണ്ട്‌. യതീംഖാനയിലെ പെണ്‍കുട്ടികള്‍ ഒരിയ്‌ക്കലും ഓര്‍മപ്പുസ്‌ത്‌കം വാങ്ങിയില്ല. റസിയയുടേയും ലൈലാ ബീവിയുടേയും നഫീസയുടേയുമൊക്കെ ഓട്ടോഗ്രാഫില്‍ എഴുതാന്‍ ഞാന്‍ കണ്ടുവെച്ച വാചകങ്ങള്‍ മനസ്സില്‍ കിടന്ന്‌ വീര്‍പ്പുമുട്ടി. അവരൊക്കെ യതീംഖാനയിലെ ബനാത്ത്‌ കുട്ടികളാണ്‌. സ്വന്തം നാട്ടില്‍ നിന്ന്‌ വളരെ അകലെയായിരുന്നതിനാല്‍ പത്താം ക്ലാസ്‌ കഴിഞ്ഞു പോയാല്‍ ഇനി പ്രദീപിനേയും ഉമറിനേയും ബഷീറിനേയും ജയനേയുമൊക്കെ ഒരിക്കലും ഞാന്‍ കണ്ടെന്നു വരില്ല. അപ്പോള്‍ അവരുടെ ഓര്‍മകള്‍ കുറിച്ചു വെക്കാന്‍ എനിയ്‌ക്ക്‌ ഓട്ടോഗ്രാഫ്‌ വേണം.

ഓട്ടോഗ്രാഫില്ലെങ്കിലും ഓര്‍മയില്‍ എന്നുമുണ്ടാകുമെന്ന്‌ സ്റ്റഡി ലീവിന്‌ ക്ലാസുകള്‍ അവസാനിപ്പിച്ച ദിവസം റസിയയും ലൈലാ ബീവിയും വന്ന്‌ ആരും കേള്‍ക്കാതെ എന്നോട്‌ പറഞ്ഞു.

ഗവണ്മെന്റ്‌ സ്‌കൂളിലാണ്‌ യതീംഖാനയിലെ കുട്ടികളും പഠിയ്‌ക്കുന്നത്‌. ക്ലാസിലെ മറ്റ്‌ കുട്ടികളൊക്കെ ഓട്ടോഗ്രാഫുകള്‍ വാങ്ങിക്കഴിഞ്ഞു. അറിയാവുന്ന സാഹിത്യമൊക്കെ പലരുടേയും താളുകളില്‍ ഞാനെഴുതി. ചില കൂട്ടുകാര്‍ക്കു വേണ്ടിയും ഓര്‍മയുടെ വാചകങ്ങള്‍ എഴുതിക്കൊടുത്തു. അവര്‍ അത്‌ അവരുടെ കൈപ്പടയില്‍ പിന്നീട്‌ സതീര്‍ഥ്യരുടെ ഓട്ടോഗ്രാഫിലേക്ക്‌ പകര്‍ത്തി.

എനിയ്‌ക്ക്‌ ഓട്ടോഗ്രാഫ്‌ വാങ്ങാതിരിയ്‌ക്കാന്‍ കഴിയുമായിരുന്നില്ല. ആരും ഒരക്ഷരവും എഴുതിയില്ലെങ്കിലും സുലുവിന്റെ ഒരു കയ്യൊപ്പ്‌ അതില്‍ വേണം. അതു മാത്രം മതി.

മിന്നുന്ന പുറംചട്ടയുള്ള ഓട്ടോഗ്രാഫുകളില്‍ കുട്ടികള്‍ ഓര്‍മക്കൂട്ടുകള്‍ എഴുതി നിറയ്‌ക്കുകയാണ്‌. വലിയ വര്‍ണങ്ങളൊന്നുമില്ലാത്ത, വില കുറഞ്ഞ ഒരോട്ടോഗ്രാഫ്‌ വാങ്ങാനേ എനിയ്‌ക്ക്‌ പാങ്ങുള്ളൂ. കഴിഞ്ഞ അവധിയ്‌ക്ക്‌ നാട്ടില്‍ ചെന്നപ്പോള്‍ ആരോ കൈമടക്ക്‌ തന്ന ചില്ലറകള്‍ ഞാന്‍ ഒരുക്കൂട്ടി വെച്ചിട്ടുണ്ട്‌.

പുറംചട്ടയില്‍ നീലയും വെള്ളയും വരകളുള്ള ആ കൊച്ചു പുസ്‌തകം ഞാന്‍ ആദ്യം കൊടുത്തത്‌ സുലുവിന്‌ തന്നെ. ആദ്യത്തെ പേജില്‍ തന്നെ അവളെഴുതട്ടെ. എന്നെങ്കിലും ഓട്ടോഗ്രാഫ്‌ തുറക്കുമ്പോള്‍ ആദ്യം അവളെ കാണണം. ഓര്‍മയില്‍ ആദ്യം അവള്‍ വിടരണം. ലൈലയും റസിയയും എന്നോട്‌ പറഞ്ഞപോലെ സുലുവിനെ ഓര്‍മിക്കാന്‍ എനിക്ക്‌ ഓട്ടോഗ്രാഫ്‌ വേണ്ട. ലൈലയേയും റസിയയേയും ഞാന്‍ മറന്നു പോയേക്കാം.

അന്ന്‌ ഓട്ടോഗ്രാഫുമായി അവള്‍ വീട്ടിലേയ്‌ക്ക്‌ പോയി. പിറ്റേ ദിവസം നെഞ്ചിടിപ്പോടെയാണ്‌ സ്‌കൂളിലേക്ക്‌ ചെന്നത്‌. അവളെന്തായിരിയ്‌ക്കും അതിലെഴുതിയിട്ടുണ്ടാകുക? അവളുടെ ഹൃദയം എനിയ്‌ക്കായി അതില്‍ പറിച്ചു വെച്ചിട്ടുണ്ടാകുമോ? വെറുമൊരു സഹപാഠിയുടേയോ കൂട്ടുകാരിയുടെയോ വാക്കുകളാകില്ല അതിലുണ്ടാകുക. മനസ്സില്‍ വിങ്ങുന്ന പ്രണയം അതില്‍ അക്ഷരങ്ങളും വാക്കുകളുമായി വിടര്‍ന്നു നില്‍ക്കും.

ഒരു പ്രേമലേഖനം സുലുവിന്‌ കൊടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അവളൊരു പ്രേമലേഖനം എനിയ്‌ക്കും തന്നിട്ടില്ല. ഒരു പ്രേമലേഖനത്തിന്റെ സുഖം അന്നോളം ഞാന്‍ അനുഭവിച്ചിട്ടില്ല. ഓട്ടോഗ്രാഫില്‍ അവളെഴുതുന്ന വാചകത്തില്‍ ആ പ്രണയത്തിന്റെ സുഖവും സുഗന്ധവും എനിക്ക്‌ ആസ്വദിക്കണം.

ആദ്യമായി, രാവും പകലും ആലോചിച്ച്‌ അവള്‍ക്കു വേണ്ടി ഞാനൊരു പ്രേമലേഖനമെഴുതിയിരുന്നു. അത്‌ അവള്‍ക്ക്‌ കൊടുക്കാന്‍ കഴിഞ്ഞില്ല. അതു വായിക്കാനുള്ള സൗഭാഗ്യം സുലുവിനുണ്ടായില്ല. കുട്ടികളെല്ലാം ഉറങ്ങിയ ശേഷം രാത്രി ഉറക്കമിളച്ച്‌, ആ പ്രേമലേഖനം എഴുതുമ്പോള്‍ എന്ത്‌ വീര്‍പ്പുമുട്ടലായിരുന്നു! യതീംഖാനയിലെ പഠന മുറിയുടെ വാതില്‍ ചാരിയാണ്‌ ഞാനെഴുത്ത്‌ തുടങ്ങിയത്‌. ഓരോ വാചകം എഴുതിക്കഴിയുമ്പോഴും പുറത്ത്‌ കാലനക്കങ്ങളുണ്ടോ എന്ന്‌ ഞാന്‍ കാതോര്‍ക്കും. ചെറിയ കാലൊച്ചകളൊന്നും കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല. കാരണം അതിനേക്കാള്‍ ഒച്ചയിലാണ്‌ പ്രണയ വാചകങ്ങള്‍ക്കൊപ്പം എന്റെ ഹൃദയം മിടിച്ചു കൊണ്ടിരുന്നത്‌.

പ്രേമലേഖനം നോട്ടു പുസ്‌തകത്തില്‍ ഭദ്രമായി സൂക്ഷിച്ച്‌, ഞാന്‍ കുറേ ദിവസം കൊണ്ടു നടന്നു. അത്‌ കൈമാറാന്‍ എനിയ്‌ക്ക്‌ ധൈര്യമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അതിനൊരു അവസരം കിട്ടിയതേയില്ല. അവള്‍ സ്‌കൂളിലേക്ക്‌ വരുമ്പോള്‍ ഏതെങ്കിലും ഒരു കൂട്ടുകാരി കൂടെയുണ്ടാകും. സ്‌കൂള്‍ വിട്ടു പോകുമ്പോഴാണെങ്കില്‍ ഒരു കാരണവശാലും കഴിയില്ല. കുട്ടികളുടെ ബഹളമാകുമല്ലോ. നോട്ടുപുസ്‌തകത്തില്‍ കിടന്ന്‌ ആ പ്രേമലേഖനം നരച്ചു തുടങ്ങി. ഞാന്‍ അതില്‍ കുടഞ്ഞിട്ടിരുന്ന സിന്തോള്‍ പൗഡറിന്റെ മണം മങ്ങി. സുലുവിനു വേണ്ടി കത്തിന്റെ അവസാനം ഞാന്‍ പകര്‍ന്നു വെച്ച ആയിരം ചുടു ചുംബനങ്ങള്‍ മാത്രം അതില്‍ അതേ ചൂടില്‍ കിടന്നിരുന്നു. എന്നും ഞാനതെടുത്ത്‌ വായിച്ചു നോക്കും. ഒരു ദിവസം നോക്കുമ്പോള്‍ നോട്ടുപുസ്‌തകത്തില്‍ അത്‌ കാണാനില്ല. പുസ്‌തകം മാറിപ്പോയോ? ഇല്ല. എന്നാലും എല്ലാ പുസ്‌കത്തിലും നോക്കി. ഇല്ല, എങ്ങുമില്ല. പെട്ടിയില്‍ വീണു കിടക്കുന്നുണ്ടാകുമോ? അതുമില്ല.
ദൈവമേ തീക്ഷ്‌ണമായ എന്റെ പ്രണയത്തിന്റെ സത്യവാചകങ്ങള്‍ക്ക്‌ എന്ത്‌ സംഭവിച്ചു? എവിടെയെങ്കിലും വീണുപോയതായിരിക്കും. ആര്‍ക്കെങ്കിലും കിട്ടിക്കാണുമോ? ആരെങ്കിലും വായിച്ചാല്‍ എന്തായിരിക്കും അവസ്ഥ? വാര്‍ഡന്റെ കയ്യിലെങ്ങാനും കിട്ടിയാല്‍? കത്തില്‍ എവിടെയും എന്റെ പേരില്ല. പക്ഷേ, എന്റെ കയ്യക്ഷരം എളുപ്പത്തില്‍ കണ്ടുപിടിയ്‌ക്കപ്പെടും. ദൈവമേ!

പര്‌സപരം ഇഷ്‌ടമാണെന്ന്‌ രണ്ട്‌ പേര്‍ക്കും അറിയാമെന്നല്ലാതെ മനസ്സ്‌ തുറന്ന്‌ ഇതുവരെ ഒന്ന്‌ മിണ്ടിയിട്ടില്ല. ഒരു നോട്ടം, ഒരു ചിരി.. അതു തന്നെ ധാരാളമായിരുന്നു.

എന്നാണ്‌ സുലുവിനോട്‌ എനിയ്‌ക്ക്‌ ഇഷ്‌ടം തോന്നിത്തുടങ്ങിയത്‌? പത്താം ക്ലാസിലേക്ക്‌ ജയിച്ച ശേഷമാണ്‌ അവളെ ശ്രദ്ധിയ്‌ക്കാന്‍ തുടങ്ങിയത്‌. അവള്‍ ഒമ്പതാം ക്ലാസില്‍ തോറ്റുപോയിരുന്നു. കഴിഞ്ഞ വര്‍ഷം വരെ ഒപ്പം ക്ലാസിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി എന്ന നിലയില്‍ ഇടക്ക്‌ ഗ്രൗണ്ടില്‍ വെച്ച്‌ കാണുമ്പോള്‍ ഒന്ന്‌ നോക്കും. ഒന്നു ചിരിയ്‌ക്കും. }}ഞാന്‍ യതീംഖാനയിലെ കുട്ടിയായതിനാല്‍ പെണ്‍കുട്ടികളോട്‌ അങ്ങിനെ മിണ്ടാനൊന്നും പറ്റില്ല. കേസാകും. വാര്‍ഡന്‍ പിടിയ്‌ക്കും. പിടിച്ചാല്‍ വലിയ ശിക്ഷയാകും.

നന്നായി നൃത്തം ചെയ്യുകയും പാട്ടു പാടുകയും ചെയ്യുന്ന സുലു കാണാന്‍ അത്ര സുന്ദരിയൊന്നുമായിരുന്നില്ല. കറുപ്പുമല്ല, വെളുപ്പുമല്ലാത്ത നിറം. നിരയൊത്ത പല്ലുകള്‍. വലിയ കണ്ണുകള്‍. ചിരിയ്‌ക്കുമ്പോള്‍ നുണക്കുഴി വിരിയുന്ന കവിളുകള്‍.
ജുനിതയ്‌ക്കും സൗദയ്‌ക്കും വാഹിദയ്‌ക്കുമൊക്കെ കാമുകന്മാരുടെ എണ്ണം ദിനം പ്രതി കൂടിക്കൊണ്ടിരിക്കുമ്പോഴും സുലുവിനെ ആരും ശ്രദ്ധിച്ചിരുന്നില്ല. സ്‌കൂളില്‍ അക്കാലത്ത്‌ യൂനിഫോം ഇല്ല. അതുകൊണ്ട്‌ ഒരാള്‍ക്ക്‌ എത്ര ജോടി വസ്‌ത്രമുണ്ടെന്ന്‌ കണ്ടുപിടിയ്‌ക്കാന്‍ എളുപ്പമായിരുന്നു. സുലുവിന്‌ രണ്ട്‌ ജോടി വസ്‌ത്രമേ ഉണ്ടായിരുന്നുള്ളൂ. പച്ച പാവാടയും ബ്ലൗസും. പിന്നൊരു മഞ്ഞപ്പാവാടയും ബ്ലൗസും. അതു തന്നെ എപ്പോഴു മുഷിഞ്ഞിരിയ്‌ക്കും. കണ്ടാല്‍ ഒരാകര്‍ഷണവും തോന്നില്ല. പ്രണയാര്‍ദ്രമായ ഒരു കൗമാരക്കണ്ണുപോലും അവളിലേക്ക്‌ നീണ്ടില്ല.

പ്രാര്‍ത്ഥനയും ദേശീയ ഗാനവും ആലപിച്ചിരുന്ന മൂന്നംഗ ഗായിക സംഘത്തില്‍ സുലുവുമുണ്ടായിരുന്നു. സ്റ്റാഫ്‌ റൂമില്‍ സൂക്ഷിയ്‌ക്കുന്ന ഡസ്റ്ററും ചോക്കും എടുക്കാന്‍ പോയി തിരിച്ചു വരുമ്പോള്‍ അവള്‍ പ്രാര്‍ഥന ചൊല്ലാന്‍ ഹെഡ്‌ മിസ്‌ട്രസിന്റെ മുറിയുടെ മുന്നിലേക്ക്‌ വരുന്നുണ്ടാകും. ആ നേരത്താണ്‌ ഞങ്ങള്‍ പരസ്‌പരം നോക്കുന്നതും ചെറിയൊരു പുഞ്ചിരി കൈമാറുന്നതും. അത്രയേയുള്ളു. അത്‌ പക്ഷേ, ക്ലാസിലെ കുശുമ്പുള്ള ചെക്കന്മാര്‍ കണ്ടുപിടിച്ചു. ആ നോട്ടത്തിലും ചിരിയിലും എന്തോ കളങ്കമുണ്ടെന്ന്‌ അവര്‍ പ്രചരിച്ചിപ്പു.
പിന്നെ, സുലുവിന്റെ പേര്‌ ചേര്‍ത്ത്‌ പ്രദീപനും ഉമറും മുസ്‌തഫയുമൊക്കെ എന്നെ കളിയാക്കാന്‍ തുടങ്ങി. ചില വിരുതന്മാര്‍ ഇന്റര്‍വെല്‍ സമയത്തും സ്‌കൂള്‍ വിട്ടു പോകുമ്പോഴും അവളെ എന്റെ പേര്‌ പറഞ്ഞും കളിയാക്കാന്‍ തുടങ്ങി.
അങ്ങിനെയാണ്‌ ശരിയ്‌ക്ക്‌ ഈ പ്രേമത്തിന്റെ തുടക്കം. അതില്‍ പിന്നെയാണ്‌ സുലു നല്ല വസ്‌ത്രങ്ങളുടുത്ത്‌ വരാന്‍ തുടങ്ങിയത്‌. പുതിയ പാവാടകളും ബ്ലൗസുകളും അവള്‍ മാറിമാറി ഉടുക്കുന്നു. മുഖത്ത്‌ പുതിയൊരു തിളക്കം. കാതില്‍ പുതിയ കമ്മലുകള്‍. വലിയ കണ്ണുകള്‍ വട്ടത്തിലെഴുതി, കൂടുതല്‍ സുന്ദരിയായാണ്‌ അവള്‍ പിന്നീട്‌ സ്‌കൂളിലെത്തിയത്‌. ചിരിയ്‌ക്കുമ്പോള്‍ അവളുടെ നുണക്കുഴി കൂടുതല്‍ വിരിയുന്നു. എന്റെ പ്രേമം അവള്‍ക്ക്‌ പുതിയ സൗന്ദര്യം നല്‍കിയെന്ന്‌ പ്രദീപും മുസ്‌തഫയും പിന്നെയും കളിയാക്കി.

സത്യം അതായിരുന്നില്ല. ഉമ്മയേയും നാല്‌ മക്കളേയും ഉപേക്ഷിച്ച്‌ ആറോ ഏഴോ കൊല്ലം മുമ്പ്‌ നാടു വിട്ടു പോയതായിരുന്നു അവളുടെ ബാപ്പ. അയല്‍ വീടുകളിലൊക്കെ ചില്ലറ പണികള്‍ ചെയ്‌തു കിട്ടുന്ന വരുമാനം കൊണ്ടാണ്‌ ഉമ്മ മക്കളെ പോറ്റിയിരുന്നത്‌. മൂത്ത ആങ്ങളക്ക്‌ പത്താം ക്ലാസ്‌ കഴിയുന്നതിന്‌ മുമ്പേ പഠനം നിര്‍ത്തേണ്ടി വന്നു. നന്നായി ചിത്രം വരയ്‌ക്കുന്ന അവന്‍ ചുവരെഴുത്തിനും പരസ്യ ബോര്‍ഡുകളെഴുതാനും പോകും. മൂത്ത ജ്യേഷ്‌ഠത്തിക്ക്‌ ഏഴാം ക്ലാസിനപ്പുറം പഠിക്കാന്‍ പറ്റിയില്ല.
ബാപ്പയെക്കുറിച്ച്‌ വര്‍ഷങ്ങളായി ഒരു വിവരവുമുണ്ടായിരുന്നില്ല. ചെറിയൊരു ഓലപ്പുരയുടെ ദാരിദ്ര്യത്തില്‍ ഉമ്മയേയും മക്കളേയും ഉപേക്ഷിച്ച്‌ അയാള്‍ എങ്ങോട്ട്‌ പോയെന്ന്‌ ആര്‍ക്കും അറിയില്ല. മദ്രാസിലും മുംബൈയിലുമൊക്കെ തിരക്കിയെങ്കിലും ഒരു വിവരവും കിട്ടിയിരുന്നില്ല. യതീംഖാനയില്‍ വരേണ്ടി വന്ന എന്നേക്കാള്‍ കഷ്‌ടമായിരുന്നു അവളുടെ കാര്യം.
അങ്ങിനെ പട്ടിണിയും പങ്കപ്പാടുകളുമായി കഴിയുന്നതിനിടയിലാണ്‌, ഒരു സുപ്രഭാതത്തില്‍ കൈ നിറയെ പണവും പുതിയ വസ്‌ത്രങ്ങളും സമ്മാനങ്ങളുമൊക്കെയായി ബാപ്പ തിരിച്ചെത്തിയത്‌. നാടു വിട്ടുപോയ അയാള്‍ പലേടത്തും അലഞ്ഞു തിരിഞ്ഞ്‌ മുംബൈയിലെത്തി. ഇപ്പോള്‍ അവിടെ സാമാന്യം തരക്കേടില്ലാത്ത ഒരു കച്ചവടമുണ്ട്‌. ബാപ്പയുടെ തിരിച്ചു വരവ്‌ അവരുടെ കുടുംബത്തിന്‌ ആഹ്ലാദമായി. അല്ലലും ദുരിതവും മാറി. നല്ല ആഹാരവും നല്ല വസ്‌ത്രങ്ങളും മനസ്സ്‌ നിറയെ സന്തോഷവുമായപ്പോഴാണ്‌ സുലു പുതിയ സുന്ദരിയായത്‌. മനസ്സിന്റെ സുഖം ശരീരത്തിന്‌ സൗന്ദര്യം പകരുന്നു!

അക്കൊല്ലത്തെ യുവജനോത്സവത്തിന്റെ സ്വാതന്ത്ര്യത്തില്‍ അവളോട്‌ ഒന്നു മിണ്ടാന്‍ ഞാന്‍ അവസരം പാര്‍ത്തു. നാടോടി നൃത്തത്തിനുള്ള ചമയങ്ങളിട്ട്‌, ഗ്രീന്‍ റൂമില്‍ നിന്ന്‌ പുറത്തേക്ക്‌ വരികയായിരുന്നു അവള്‍. എന്തായിരുന്നു ഞാന്‍ അപ്പോള്‍ അവളോട്‌ പറഞ്ഞത്‌? ചങ്ക്‌ പടപടാന്ന്‌ മിടിയ്‌ക്കുന്നുണ്ടായിരുന്നു. എന്തു പറയണമെന്ന്‌ ഒരുപാട്‌ നേരം ആലോചിച്ചിരുന്നു.
നന്നായി കളിയ്‌ക്കണം ട്ടോ...
അങ്ങിനെ പറഞ്ഞ ശേഷം ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന്‌ നോക്കാന്‍ മുഖം തിരിച്ചപ്പോള്‍ പിന്നില്‍ ചിരിച്ചു കൊണ്ടൊരു ചേച്ചി. ഈറന്‍ സന്ധ്യ എന്ന സിനിമയില്‍ റഹ്‌മാന്റെ നായികയായിരുന്ന അഹല്യയുടെ മുഖഛായയുണ്ടെന്ന്‌ തോന്നി അവര്‍ക്ക്‌. നേരാണ്‌, നേരിയൊരു ഛായ ഇല്ലാതില്ല.
ഞാന്‍ പരുങ്ങുന്നത്‌ കണ്ടപ്പോള്‍, ആ ചേച്ചി പറഞ്ഞു.
ങും... എനിയ്‌ക്ക്‌ ആളെ മനസ്സിലായി. സുലു എന്നും പറയാറുണ്ട്‌.
അപ്പോഴാണ്‌ ഞാന്‍ ശരിയ്‌ക്കും ചമ്മിയത്‌.
സുലു പറഞ്ഞു, ജ്യേഷ്‌ഠത്തിയാണ്‌.

അങ്ങിനെ അധികമൊന്നും മിണ്ടാനും പറയാനും അവസരം കിട്ടിയില്ലെങ്കിലും നിശ്ശബ്‌ദമായി ഞങ്ങള്‍ പ്രണയിച്ചു. കുട്ടികള്‍ കളിയാക്കുമ്പോള്‍ ദേഷ്യം അഭിനയിക്കുമെങ്കിലും ഞാനുമൊരു കാമുകനാണല്ലോ എന്ന്‌ ഞാന്‍ ആനന്ദിച്ചു. മജീദോ കേശവന്‍ നായരോ ഒക്കെ ആകാന്‍ പോകുന്ന എന്റെ കഥകളെഴുതാന്‍ ഒരു സാഹിത്യകാരന്‍ വരുമോ?

കാണാതായ പ്രണയ ലേഖനത്തിന്റെ കാര്യം ഞാന്‍ മറന്നിരുന്നു.
പിന്നീടൊരു പ്രണയ ലേഖനം ഞാനെഴുതിയതുമില്ല.

ഒരു ദിവസം വാര്‍ഡന്‍ എന്നെ വിളിച്ചു. ഭിന്ദ്രന്‍വാലയെന്നാണ്‌ അദ്ദേഹത്തെ ഞങ്ങള്‍ വിളിച്ചിരുന്നത്‌. അതെ, പഞ്ചാബിനേയും ഇന്ത്യയെ തന്നെയും വിറപ്പിച്ചിരുന്ന പഴയ ഖലിസ്ഥാന്‍ നേതാവ്‌ സാക്ഷാല്‍ ഭിന്ദ്രന്‍വാല തന്നെ. ഒരു പഞ്ചാബി സര്‍ദാര്‍ജിയുടെ ആകാര സൗഷ്‌ടവവുമുള്ള വാര്‍ഡന്‌ ഭിന്ദ്രന്‍വാലയെപ്പോലെ ഇടതൂര്‍ന്ന താടിയുണ്ടായിരുന്നു. തലപ്പാവു കൂടി കെട്ടിയാല്‍ ശരിക്കും ഭിന്ദ്രന്‍വാല. അദ്ദേഹമൊന്നു നോക്കിയാല്‍ കുട്ടികള്‍ അകത്തേക്ക്‌ വലിച്ച ശ്വാസം പുറത്തേക്ക്‌ വിടില്ല. അത്രയ്‌ക്ക്‌ പേടിയാണ്‌. തെറ്റു ചെയ്യുന്ന കുട്ടികളെ അദ്ദേഹം മാരകമായി ശിക്ഷിക്കും. ആകാശത്തോളം ഉയരുന്ന ബലിഷ്‌ഠമായ ആ കയ്യിലെ ചൂരല്‍ വന്നു വീഴുമ്പോള്‍ ഉള്ളംകൈ പൊട്ടിപ്പിളരും. കൈ വലിച്ചാല്‍, രണ്ട്‌ കൈകളും കൂട്ടിപ്പിടിച്ച്‌ ചൂരല്‍, ചന്തികളെ മര്‍ദിക്കും. കുട്ടികള്‍ മരിച്ചു പോയ ഉമ്മയേയോ ബാപ്പയേയോ വിളിച്ച്‌ പൊട്ടിക്കരയും. അവരുടെ സങ്കടം കൈവള്ളയിലോ ചന്തിയിലോ തിണര്‍പ്പുകളായി പൊങ്ങിപ്പൊങ്ങി വരും. വാര്‍ഡന്റെ കൈകള്‍ ചൊറി പിടിച്ചു പോകട്ടെ എന്ന്‌ പ്രാര്‍ഥിയ്‌ക്കാത്ത കുട്ടികളുണ്ടാകില്ല. പള്ളിയിലോ കാന്റീനിലോ ബഹളം വെച്ചതിന്‌, സമയത്തിന്‌ പള്ളിയിലെത്താത്തിന്‌ ....അങ്ങിനെ അടി കിട്ടാന്‍ കേസുകള്‍ അനവധിയാണ്‌. ഏതെങ്കിലുമൊരു കേസില്‍ പെടാത്ത പ്രതികളില്ല.
ഖുര്‍ആനില്‍ തബ്ബത്ത്‌ യദാ അബീ ലഹബ്‌... അബൂ ലഹബിന്റെ രണ്ട്‌ കരങ്ങളും നശിച്ചു പോകട്ടെ എന്ന വചനമോതുമ്പോള്‍ കുട്ടികള്‍ അബൂ ലഹബിന്റെ സ്ഥാനത്ത്‌ ഭിന്ദ്രന്‍വാലയെ കാണും.
എന്തിനാണ്‌ വാര്‍ഡന്‍ എന്നെ വിളിച്ചത്‌? അടുത്ത ദിവസങ്ങളിലൊന്നും എന്തെങ്കിലും തെറ്റു ചെയ്‌തതറിയില്ല. പള്ളിയിലും കാന്റീനിലുമൊക്കെ വര്‍ത്തമാനമൊന്നും പറഞ്ഞതും ഓര്‍മയില്ല. ഉള്ളില്‍ ഭയവുമായി ഞാന്‍ ചെല്ലുമ്പോള്‍ മുസ്‌തഫയും മൊയ്‌തീന്‍ കുട്ടിയും ക്ലാസിലെ വേറെയും രണ്ട്‌ മൂന്നു കൂട്ടികളുണ്ട്‌ വാര്‍ഡന്റെ മുറിയില്‍. എന്തോ കേസുണ്ട്‌. തീര്‍ച്ച. ഞാന്‍ പ്രതിയാകുമോ സാക്ഷിയാകുമോ?
ചെന്നപാടെ, വാര്‍ഡന്‍ ചന്തി മേശപ്പുറത്ത്‌ ചാരി നില്‍ക്കുകയുമല്ല ഇരിക്കുകയുമല്ലാത്ത ഒരു പോസില്‍ നിന്നു. എന്നിട്ട്‌ മേശപ്പുറത്തു നിന്ന്‌ പല മടക്കുകളായി മടക്കി വെച്ച ഒരു കടലാസെടുത്തു നിവര്‍ത്തി.
എന്റെ കരളിന്റെ കരളായ സുലുവിന്‌...
ഞാന്‍ ഞെട്ടി. ഞാന്‍ സുലുവിന്‌ എഴിതിയ പ്രേമലേഖനം. നാലഞ്ചു മാസം മുമ്പ്‌ എന്റെ നോട്ടുപുസ്‌തകത്തില്‍ നിന്ന്‌ കാണാതായ എന്റെ ഹൃദയം. ഇതെങ്ങിനെ വാര്‍ഡന്റെ കൈകളിലെത്തി.
വാര്‍ഡന്‍ എന്റെ ഹൃദയം വായിക്കുകയാണ്‌. ആ വരികള്‍ എന്റെ കാതുകളിലെത്തുന്നേയില്ല. ദൈവമേ എന്റെ കാതുകള്‍ പൊട്ടിപ്പോയോ? ആയിരം ചുടുചുംബനങ്ങളോടെ എന്ന അവസാനത്തെ വരികളിലേക്കാണ്‌ പിന്നീട്‌ എന്റെ കാതുകളെ വീണ്ടുകിട്ടിയത്‌. ഞാന്‍ സുലുവിന്‌ നല്‍കിയ ചുംബനങ്ങള്‍ അവള്‍ക്ക്‌ കിട്ടാതെ ഇതാ ശൂന്യതയിലേക്ക്‌ പറന്നു പോകുന്നു. ഈ പ്രണയത്തിനും ചുംബനങ്ങള്‍ക്കും എന്ത്‌ ശിക്ഷയാകും വാര്‍ഡന്‍ വിധിയ്‌ക്കാനും നടപ്പാക്കാനും പോകുന്നത്‌? ഭയന്നു, ലജ്ജിച്ച്‌ വല്ലാത്ത ഒരവസ്ഥയില്‍ ഞാന്‍ നിന്നു.
കത്ത്‌ വാര്‍ഡന്‍ വീണ്ടും മടക്കി. എന്നിട്ടൊരു ചോദ്യം.
ആരാണ്‌ സുലു?
ആ ശബ്‌ദത്തില്‍ ഭിന്ദ്രന്‍വാലയുടെ ശൗര്യമില്ലായിരുന്നു. മുമ്പൊരിയ്‌ക്കലും അദ്ദേഹത്തിന്റെ ശബ്ദത്തില്‍ അനുഭവപ്പെട്ടിട്ടില്ലാത്ത മൃദുലത. കണ്ണുകളില്‍ അതിനൊത്ത ശാന്തത.
സുലൈഖ.. സ്‌കൂളിലെ കുട്ടിയാ.
എവിടുന്നാണ്‌ ആ ശബ്‌ദം എന്റെ നാവിന്‍ തുമ്പിലേക്ക്‌ വന്നത്‌?
നിനക്ക്‌ അവളെ ഇഷ്‌ടമാണോ?
എന്താണ്‌ ദൈവമേ ഭിന്ദ്രന്‍വാല ചോദിയ്‌ക്കുന്നത്‌? എന്ത്‌ ഉത്തരമാണ്‌ ഞാന്‍ നല്‍കേണ്ടത്‌? തുറന്നു വെച്ച എന്റെ ഹൃദയമാണ്‌ വാര്‍ഡന്റെ മേശപ്പുറത്തിരിയ്‌ക്കുന്നത്‌. എന്റെ പ്രണയത്തിന്റെ നേര്‍സാക്ഷ്യം. അതിനകത്തുള്ള എന്റെ പ്രണയത്തിന്റെ സത്യവാചകങ്ങളാണ്‌ കുറച്ചു നേരത്തേ അദ്ദേഹം വായിച്ചു തീര്‍ത്തത്‌.
ഇഷ്‌ടമാണ്‌.
എന്റെ പ്രണയം പോലെ വിശുദ്ധമായ ആ സത്യം കയ്‌പോടെ ഞാന്‍ അറിയിച്ചു.
അവള്‍ക്കു നിന്നെയോ?
പിന്നെയും കുഴയ്‌ക്കുന്ന ചോദ്യം. ഇന്നോളം സുലു എന്നോട്‌ അത്‌ പറഞ്ഞിട്ടില്ല. ഞാന്‍ അത്‌ ചോദിച്ചിട്ടില്ല. ചോദിയ്‌ക്കാന്‍ എനിക്ക്‌ അവസരം കിട്ടിയില്ല. അതേ ചോദ്യം മിടിച്ചു കൊണ്ടിരിക്കുന്ന എന്റെ ഹൃദയമാണ്‌ വാര്‍ഡന്റെ മേശപ്പുറത്തിരിയ്‌ക്കുന്നത്‌. ഇന്നോളം കൈപ്പറ്റിയിട്ടില്ലാത്ത ആ ചോദ്യത്തിന്‌ ഉത്തരം സുലു എങ്ങിനെ എന്നോട്‌ പറയും? സുലു പറയാതെ എനിയ്‌ക്കെങ്ങിനെ അതിന്റെ ഉത്തരം കിട്ടും.
എനിയ്‌ക്കറിയാം, സുലുവിന്‌ എന്നെ ഇഷ്‌ടമാണ്‌. അവളുടെ നോട്ടത്തില്‍, പാതി വിടര്‍ന്ന പുഞ്ചിരിയില്‍, ആ ചിരി വിടര്‍ത്തുന്ന നുണക്കുഴികളില്‍ ഞാന്‍ അത്‌ കണ്ടിട്ടുണ്ട്‌.
ഇഷ്‌ടമാണ്‌.
എന്റെ വിശ്വസമാണ്‌ അപ്പോള്‍ വാക്കുകളുടെ രൂപം പൂണ്ടത്‌.
ചോദ്യങ്ങളും ഉത്തരങ്ങളും അവസാനിച്ചു. മുസ്‌തഫയും മൊയ്‌തീന്‍ കുട്ടിയും ഒപ്പമുണ്ടായിരുന്ന മറ്റ്‌ രണ്ടു മൂന്നുപേരും നേരത്തെ സാക്ഷിമൊഴികള്‍ നല്‍കിയതുമാണ്‌. വിചാണ കഴിഞ്ഞു. ഇനി ശിക്ഷയാണ്‌. മേശപ്പുറത്ത്‌ പല വണ്ണങ്ങളില്‍ തിളങ്ങുന്ന ചൂരല്‍ വടികളിലേക്ക്‌ ഞാന്‍ നോക്കി. അത്‌ ചൂരലോ അതോപാമ്പുകളോ? പത്തി വിടര്‍ത്തി അവ എനിക്കു നേരെ ചീറ്റുന്നുണ്ടോ?
പെട്ടെന്ന്‌ ഭിന്ദ്രന്‍വാലയുടെ കൈകള്‍ ഏറ്റവും മൃദുവായി എന്റെ ചുമലില്‍ തൊട്ടു. പിന്നെ, വളരെ പതിഞ്ഞ സ്വരത്തില്‍ അദ്ദേഹം പറഞ്ഞു, പൊയ്‌ക്കോളൂ..
ഇന്നും എനിയ്‌ക്ക്‌ മനസ്സിലായിട്ടില്ല എന്തിനാണ്‌ എന്നെ അന്ന്‌ ഭിന്ദ്രന്‍വാല വെറുതെ വിട്ടതെന്ന്‌!
ഇന്നും എനിയ്‌ക്ക്‌ മനസ്സിലായിട്ടില്ല മൊയ്‌തീന്‍ കുട്ടിയും മുസ്‌തഫയും എന്തിനാണ്‌ എന്റെ ഹൃദയം കട്ടെടുത്ത്‌ വാര്‍ഡന്റെ മുന്നില്‍ കൊണ്ടു പോയി തുറന്നു വെച്ചതെന്ന്‌!

നഷ്‌ടപ്പെട്ട പ്രണയലേഖനത്തിന്റേയും വാര്‍ഡന്റെ വിചാരണയുടേയും എന്റെ പ്രണയ പ്രഖ്യാപനത്തിന്റെയും കഥകള്‍ സുലു അറഞ്ഞിട്ടില്ല. പിന്നീട്‌ സുലുവിന്‌ ഞാനൊരു പ്രണയ ലേഖനം എഴുതിയില്ല. അവളൊരു പ്രണയ ലേഖനം എനിയ്‌ക്കും തന്നില്ല. അതുകൊണ്ടാണ്‌, ഓട്ടോഗ്രാഫില്‍ അവളെഴുതാന്‍ പോകുന്ന വരികളില്‍ ഞാന്‍ അവളുടെ പ്രണയത്തിന്റെ പേമാരി തന്നെ പ്രതീക്ഷിക്കുന്നത്‌.
പിറ്റേന്ന്‌ അവള്‍ വന്നു. പച്ചയില്‍ വെള്ളപ്പൂക്കളുള്ള പാവാടയും ഇളംപച്ച ബ്ലൗസുമാണ്‌ അന്ന്‌ അവള്‍ അണിഞ്ഞിരുന്നത്‌. മൂര്‍ധാവില്‍ നിന്ന്‌ കഴുത്തിലൂടെ മൂന്നോട്ടിറങ്ങി വെളുത്ത ഷാളും. ഇന്ന്‌ ആദ്യമായാണ്‌ അവള്‍ ഈ വേഷം ധരിയ്‌ക്കുന്നത്‌. ഈയൊരു ദിവസത്തേക്കു വേണ്ടി മാത്രം അവള്‍ പുതിയ വേഷമിട്ടുവോ?

ഹൃദയമിടിപ്പോടെ ഏറ്റുവാങ്ങിയ ഓട്ടോഗ്രാഫിന്റെ താളുകള്‍ മറിയ്‌ച്ചുനോക്കാന്‍ എനിയ്‌ക്ക്‌ ധൃതിയായിരുന്നു. പഴയൊരു സിനിമാ പാട്ടിന്റെ വരികളായിരുന്നു അതില്‍.

ഇണക്കമോ പിണക്കമോ പ്രിയതമാ പറയുമോ
ഇണങ്ങിയാല്‍ അകലുമോ
പിണങ്ങിയാല്‍ അടുക്കുമോ
ചിരിയ്‌ക്കുവാന്‍ മാത്രമായി അടുക്കരുതേ നാമെന്നും
കരയുവാന്‍ അകലരുതേ പ്രിയതമേ നാമെന്നും


പ്രിയതമാ എന്ന ആ സംബോധനയില്‍ ഞാന്‍ എന്നെ മറന്നു. ലിസയിലെ കേട്ടു പഴകിയ ആ പാട്ട്‌ ആദ്യം കേള്‍ക്കുന്നതുപോലെ തോന്നി. എനിക്കു വേണ്ടി മാത്രമായി, സുലു രചിച്ച വരികളായി അവ എന്റെ മനസ്സിലേക്ക്‌ ഒഴുകി.

അങ്ങിനെ ആദ്യമായി ഞാനൊരുവളുടെ പ്രിയതമനായി.

Monday, July 21, 2008

മുലപ്പാല്‍ ഒഴുക്കിക്കളയുന്നവര്‍

നൊന്തുപെറ്റ കുഞ്ഞിനെ ഇരുപതോ മുപ്പതോ ദിവസം
പോലും കഴിയും മുന്പ് നാട്ടില്‍ ഉപേക്ഷിച്ച് വിമാനം
കയറേണ്ടി വരുന്ന പ്രവാസികളായ അമ്മമാരെക്കുറിച്ച്
മാതൃഭൂമി ആഴ്ചപ്പതിപ്പ് ജൂലൈ ആദ്യവാരം
പ്രസിദ്ധീകരിച്ച ലേഖനം.


അമ്മിഞ്ഞപ്പാലിന് അണ കെട്ടേണ്ടി വരുന്നവര്‍

ഒന്ന്‌
സ്‌കൂള്‍ വിട്ടാല്‍ ഞാനും പുഷ്‌പയും ഒന്നിച്ചാണ്‌ വീട്ടിലേക്ക്‌
ഓടുന്നത്‌. എന്നേക്കാള്‍ ധൃതിയാണ്‌ അവള്‍ക്ക്‌ വീട്ടിലെത്താന്‍.
അവള്‍ എത്തുമ്പോള്‍ മുറ്റത്തിന്‌ അതിരിട്ട വരമ്പത്ത്‌
വലതു കാല്‍ കയറ്റി വെച്ച്‌ അവളുടെ അമ്മ കാത്തുനില്‍ക്കുന്നുണ്ടാകും.
സ്ലേറ്റും പുസ്‌തകവും വരമ്പത്ത്‌ വെച്ച്‌ അവള്‍, ഉയര്‍ത്തിവെച്ച
അമ്മയുടെ മുട്ടുകാലിന്‌ മുകളിലേക്ക്‌ ഒരു ചാട്ടമാണ്‌.
എന്നിട്ട്‌ അമ്മയുടെ ബ്ലൗസ്‌ മേല്‍പോട്ടുയര്‍ത്തി ആര്‍ത്തിയോടെ
മുല വലിച്ചു കുടിക്കും. ഇടങ്കണ്ണിട്ട്‌ എന്നെ നോക്കും.
എനിക്ക്‌ നാണമാകും. എനിക്ക്‌ അപ്പോള്‍ എന്റെ
വെല്യുമ്മയുടെ ആട്ടിന്‍കുട്ടികളെ ഓര്‍മ വരും. അഴിച്ചു
വിട്ടാല്‍ കുന്തിരിയെടുത്ത്‌ പാഞ്ഞു വന്ന്‌ തള്ളയുടെ
അകിട്ടില്‍ മുട്ടിമുട്ടി മുല കുടിക്കുന്ന ആട്ടിന്‍ കുട്ടികളെ
കാണാന്‍ നല്ല കൗതുകമാണ്‌. പുഷ്‌പ കണ്ണടച്ച്‌ ഒരു വീര്‍പ്പിന്‌
രണ്ടു മുലയും കുടിച്ചു വറ്റിയ്‌ക്കും.
ഒന്നാം ക്ലാസിലായിരുന്നു ഞാനും പുഷ്‌പയും അന്ന്‌.
ഞാന്‍ ഒരു വയസ്സ്‌ തികച്ചും മുല കുടിച്ചിട്ടില്ല. അപ്പോഴേക്കും
ഉമ്മയുടെ മുലയ്‌ക്ക്‌ പുതിയ അവകാശിയെത്തിയിരുന്നു.
അനിയന്‍ ഭാഗ്യവാനായിരുന്നു. അവനു താഴെയുള്ള
പെങ്ങള്‍ വരാന്‍ കുറേ താമസിച്ചു. അവന്‌ കുറേക്കാലം
ഉമ്മ മുല കൊടുത്തിട്ടുണ്ട്‌. അവന്‍ കുടിക്കുന്നത്‌
ഞാന്‍ കൊതിയോടെ നോക്കിയിരുന്നിട്ടുണ്ട്‌. അസൂയ
തോന്നിയിട്ടുണ്ട്‌. ഇന്നും ഉമ്മ അവനോട്‌ ഇത്തിരി
സ്‌നേഹക്കൂടുതല്‍ കാണിക്കുന്നുണ്ടോ എന്ന്‌ ഞാന്‍ അസൂയപ്പെടുന്നു.
പുഷ്‌പ എന്നാണ്‌ മുലകുടി നര്‍ത്തിയതെന്നറിയില്ല.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സുന്ദരിയായ അവള്‍
ബാലേട്ടനെ പ്രേമിച്ചു. പരീക്ഷക്ക്‌ പിന്നാലെ കല്യാണം.
കല്യാണം കഴിഞ്ഞ്‌ അവള്‍ ബാലേട്ടന്റെ വീട്ടിലേക്ക്‌ പോയി.
പിന്നീട്‌ കുറേക്കാലത്തേക്ക്‌ ഞാനവളെ കാണുന്നില്ല.
കാണുമ്പോള്‍ അവള്‍ക്ക്‌ രണ്ടോ മൂന്നോ കുട്ടികളായിരുന്നു.
എവിടെയെങ്കിലും വെച്ച്‌ പുഷ്‌പയെ കണ്ടാല്‍, വരമ്പത്ത്‌
കയറ്റിവെച്ചിരിക്കുന്ന അമ്മയുടെ കാലില്‍ ചാടിക്കയറിയിരുന്നു
മുല കുടിക്കുന്ന ദൃശ്യം മനസ്സില്‍ തെളിയും. സ്‌കൂള്‍ ബസില്‍
നിന്നിറങ്ങി, ഓടിക്കയറി പൂമുഖത്തെത്തും മുമ്പേ ബാഗ്‌
വലിച്ചെറിഞ്ഞു വിരല്‍ കുടിയ്‌ക്കാന്‍ ധൃതിപ്പെടുന്ന
എന്റെ മകളെ കാണുമ്പോള്‍ ഞാന്‍ പുഷ്‌പയെ ഓര്‍ക്കും.
എന്റെ മോള്‍ക്ക്‌, വിരല്‌ കുടിക്കുന്ന ദുശ്ശീലമുണ്ട്‌.
നാലാള്‍ കാണ്‍കെ വിരല്‍ കുടിക്കാന്‍ അവള്‍ക്ക്‌ നാണമാണ്‌.
സ്‌കൂളിലും ബസ്സിലുമൊക്കെയാകുമ്പോള്‍ കഷ്‌ടപ്പെട്ട്‌ ക്ഷമിച്ചിരിക്കും.
ക്ലാസ്‌ കഴിഞ്ഞ്‌ വീട്ടിലെത്താന്‍ പുഷ്‌പയെപ്പോലെ
അവളും ധൃതിപ്പെട്ട്‌ ഓടിവരുന്നു.

സ്വന്തം കുഞ്ഞിന്‌ കുടിക്കാന്‍ വിധിയില്ലാത്ത മുലപ്പാല്‍
അമ്മയുടെ നെഞ്ചില്‍ കുത്തിനോവിക്കും. പത്ത്‌ പെറ്റ എന്റെ
ഉമ്മയോ ഒന്നാം ക്ലാസില്‍ പോകാന്‍ തുടങ്ങിയിട്ടും പുഷ്‌പയെ
പാലൂട്ടിയ അവളുടെ അമ്മയോ ആ വേദന അനുഭവിച്ചിട്ടില്ല.
ആ വേദന തടുക്കാന്‍ മുല്ലപ്പൂക്കളോ കാബേജിന്റെ ഇലകളോ
മുലയില്‍ ചേര്‍ത്തു വെച്ച്‌ അമ്മിഞ്ഞപ്പാലിന്‌ അണകെട്ടുന്ന
പെണ്ണുങ്ങളുണ്ട്‌. എന്നിട്ടും ശമിക്കാത്ത വേദനയെ തോല്‍പിക്കാന്‍
അവര്‍ വേദന സംഹാരികള്‍ വിഴുങ്ങുന്നു. മാറിലെ നോവ്‌ വേദന
സംഹാരി കൊണ്ടും മനസ്സിലെ നോവ്‌ കണ്ണീരു കൊണ്ടും
മായ്‌ക്കാന്‍ ശ്രമിക്കുന്ന അമ്മമാരുടെ കഥയാണിത്‌.
വീര്‍ത്തുകെട്ടുന്ന മുലകളുടെ വേദന അവര്‍ക്കു മാത്രേ മനസ്സിലാകൂ.

രണ്ട്

എലിസബത്ത്‌ കയറിയ വിമാനം റിയാദില്‍ പറന്നിറങ്ങി.
കണ്ണീരും മൂക്കും തുടച്ച കൈലേസ്‌ നനഞ്ഞ്‌ നാറിയിരുന്നു.
നെഞ്ചില്‍ തൂങ്ങൂന്ന ഭാരം ഇറക്കിവെക്കാന്‍ അവളൊരിടം തേടി.
സൂചി കുത്തുമ്പോലെ മാറിടം പിടയുന്നു. അതൊരമ്മയുടെ
മാത്രം വേദനയാണ്‌. അവള്‍ സ്‌ത്രീകളുടെ ടോയ്‌ലറ്റ്‌ തെരഞ്ഞു.
ചുരിദാറിന്റെ ഹുക്കുകള്‍ അടര്‍ത്തി, മകന്‌ കൊടുക്കാന്‍
കഴിയാത്ത സ്‌നേഹം അവള്‍ വാഷ്‌ബേസിനിലേക്ക്‌ അമര്‍ത്തിപ്പിഴിഞ്ഞു.
ഇന്നലെ രാത്രി മുതല്‍ തോരാതെ പെയ്യുന്ന കണ്ണീര്‍
തുടയ്‌ക്കാന്‍ ബാത്ത്‌റൂമിലെ ടിഷ്യൂ പേപ്പറുകള്‍
തികയില്ലെന്ന്‌ തോന്നി അവള്‍ക്ക്‌.
അല്‍ ഖസീമിലേക്കുള്ള വിമാനം ഇനിയും മൂന്ന്‌
മണിക്കൂര്‍ കഴിഞ്ഞേയുള്ളൂ. ലോഞ്ചില്‍ കാത്തിരിക്കുമ്പോള്‍
അവളുടെ കാതില്‍ മണിക്കുട്ടന്‍ കരഞ്ഞു. നെടുമ്പാശ്ശേരിയില്‍
ജോസേട്ടനും അമ്മയും പാസ്സെടുത്തു വിമാനത്താവളത്തിന്‌
അകത്ത്‌ കയറിയിരുന്നു. ചെക്ക്‌ ഇന്‍ കഴിഞ്ഞ്‌ ഇമിഗ്രേഷന്‍
കൗണ്ടറിലേക്ക്‌ നീങ്ങുന്നതിന്‌ മുമ്പ്‌, ഒരിക്കല്‍ കൂടി നെഞ്ചിലെ
സ്‌നേഹം മോന്‌ പകര്‍ന്നു കൊടുത്ത്‌, കരള്‍ പറിച്ചെറിയുമ്പോലെയാണ്‌
ജോസേട്ടന്റെ കൈകളിലേക്ക്‌ തിരിച്ചു കൊടുത്തത്‌.
മുപ്പത്താറ്‌ ദിവസം. അത്രയേ ആകുന്നുള്ളൂ മണിക്കുട്ടന്‍ പിറന്നിട്ട്‌.
അത്രയേ അവധിയുണ്ടായിരുന്നുള്ളൂ. മോനെ ജോസേട്ടനേയും
അമ്മയേയും ഏല്‍പിച്ച്‌ വിമാനം കയറി. കണ്ണും മൂക്കും
വിരിഞ്ഞു വരുന്നേയുള്ളൂ. പെറ്റിട്ടപ്പോള്‍ മമ്മി പറഞ്ഞു.
ജോസേട്ടന്റെ ചാച്ചന്റെ ഛായയാണെന്ന്‌. ശരിക്കുള്ള ഛായ
ഉരുത്തിരിഞ്ഞു വരാന്‍ കുറച്ചു കൂടി കഴിയണമെന്ന്‌ അപ്പോള്‍
നാത്തൂന്മാര്‍ ആരോ പറഞ്ഞു. എലിസബത്തിന്‌ അതൊന്നും
കാണാന്‍ കഴിയില്ല. ജീവിതം കടലുകള്‍ക്കിക്കരെയായിപ്പോയി.
കുഞ്ഞിന്റ മാറുന്ന മുഖവും ഭാവങ്ങളും കാണാന്‍ ഓരോ
മസാവും ഫോട്ടോയെടുത്തു അയച്ചു തരാന്‍ ജോസേട്ടനെ
പറഞ്ഞേല്‍പിച്ചിട്ടുണ്ട്‌. അടുത്ത വരവിന്‌ മണിക്കുട്ടനെ
മാമോദീസ മുക്കണം. അതിന്‌ കണക്കാക്കി വേണം അടുത്ത
അവധി തരപ്പെടുത്താന്‍.
പത്താം ക്ലാസ്‌ കഴിഞ്ഞ്‌ നഴ്‌സിംഗിന്‌ വിടണമെന്ന്‌ പള്ളീലെ അച്ചനാണ്‌
എലിസബത്തിന്റെ പപ്പയെ ഉപദേശിച്ചത്‌. അല്ലെങ്കിലും ഇടവകയിലെ
പെണ്‍കുട്ടികളൊക്കെ ചെയ്യുന്നത്‌ അതു തന്നെയാണ്‌.
പാവപ്പെട്ടവരും മധ്യവര്‍ഗ്ഗക്കാരുമൊക്കെ കടവും
കള്ളിയുമായി കുട്ടികളെ നഴ്‌സിംഗിന്‌ വിടും. മേഴ്‌സിച്ചേച്ചിയേയും
ആനിച്ചേച്ചിയേയും പോലെ ഗള്‍ഫ്‌ അന്നേ സ്വപ്‌നം കണ്ടു.
പപ്പയും മമ്മിയുമാണ്‌ കൂടുതല്‍ സ്വപ്‌നം കണ്ടത്‌. അല്ലെങ്കില്‍ അനു സെബാസ്റ്റ്യനെപ്പോലെയോ ജോളി മാത്യുവിനെപ്പോലെയോ
ഇംഗ്ലണ്ടിലോ അമേരിക്കയിലോ പോകണം. അനു സെബാസ്റ്റ്യന്റെ
അമ്മ പള്ളിയില്‍ വെച്ചു കാണുമ്പോഴൊക്കെ മമ്മിയോട്‌ പറയും.
പുറത്തു വല്ലോം പോണം. എന്നാലേ നാല്‌ കാശുണ്ടാക്കാന്‍ പറ്റൂ.
ഇവിടെ ഈ മാതായിലും കാരിത്താസിലുമൊക്കെ
പോയിട്ട്‌ എന്നാ കിട്ടാനാ? ഇനീപ്പം സര്‍ക്കാരാശുപത്രീ കിട്ടിയാലും
പിള്ളാര്‍ക്ക്‌ കഷ്‌ടപ്പാടാന്നല്ലാതെ വലിയ കാര്യമൊന്നുമില്ല..
കോഴ്‌സും ബോണ്ടും കഴിഞ്ഞ്‌, ബോംബെയിലും
ദല്‍ഹിയിലുമൊക്കെ പ്രവൃത്തി പരിചയത്തിനായി കുറേ വട്ടം കറങ്ങി.
മീറത്തിലെ നഴ്‌സിംഗ്‌ സ്‌കൂളിലുണ്ടായിരുന്ന മറാഠി
അമ്മാവനാണ്‌ സൗദിയിലേക്കുള്ള ഇന്റര്‍വ്യൂവിന്റെ കാര്യം
എഴുതിയറിച്ചത്‌. അന്ന്‌ ദല്‍ഹിയിലായിരുന്നു. ദല്‍ഹിയില്‍ നിന്ന്‌
മുംബൈയില്‍ വന്നു. ഒരുപാട്‌ നഴ്‌സുമാരെ അമ്മാവന്‍ ഗള്‍ഫിലോ
സ്റ്റേറ്റ്‌സിലോ എത്തിച്ചിട്ടുണ്ട്‌. ചിലരൊക്കെ ഇംഗ്ലണ്ടിലുമുണ്ട്‌.
അമ്മാവന്‍ ഒന്നും ചെയ്യുന്നില്ല. പത്രത്തില്‍ വരുന്ന ഇന്റര്‍വ്യൂ
പരസ്യങ്ങള്‍ തപ്പിപ്പിടിച്ച്‌ കുട്ടികളെ അറിയിക്കും.
ഐ.ഇ.എല്‍.ടി.എസ്‌ എഴുതിയാല്‍ ലണ്ടനിലേക്ക്‌ ശ്രമിക്കാം.
അല്ലെങ്കില്‍ സി.ജി.എഫ്‌.എന്‍.എസ്‌ നോക്കണം. ഒന്നും നടന്നില്ല.
ഇപ്രാവശ്യത്തെ അവധിക്കാലം പ്രസവവും ആശുപത്രിയുമായി കഴിഞ്ഞു.
ജോസേട്ടനെപ്പോലും ശരിക്ക്‌ സ്‌നേഹിക്കാന്‍ നേരം കിട്ടിയിട്ടില്ല.
ലണ്ടനിലോ സ്റ്റേറ്റ്‌സിലോ ആണെങ്കില്‍ ഗ്രീന്‍ ചാനലില്‍ തന്നെ
ഭര്‍ത്താവിനേയും കൊണ്ടുപോകാം. സൗദി അറേബ്യയില്‍ അതു പറ്റില്ല.
ഇവിടെ നഴ്‌സുമാര്‍ക്ക്‌ കുടുംബ വിസയില്ല.
അവര്‍ ഒറ്റക്ക്‌ ഹോസ്റ്റലില്‍ കഴിയണം. നൊന്തുപെറ്റ കുഞ്ഞിനെ
കണ്ടു കൊതി തീരുന്നതിന്‌ മുമ്പേ കണ്ണീരോടെ വിമാനം കയറണം,

എന്‍.ഐ.സി.യുവിലാണ്‌ എലിസബത്തിന്‌ ഡ്യൂട്ടി. ആതുരരായ
നവജാത ശിശുക്കളുടെ ലോകം. രാവിലെ ഡ്യൂട്ടിക്ക്‌ ചെല്ലുമ്പോള്‍ രാജി കാത്തിരിക്കുന്നുണ്ടായിരുന്നു. ഇന്‍വെന്ററിയെടുത്ത്‌, മെഡിസിനുകളും
ഉപകരണങ്ങളും ചെക്ക്‌ ചെയ്‌ത്‌ ഡ്യൂട്ടി ഏറ്റുവാങ്ങിപ്പോകുമ്പോള്‍
ആന്‍സി പുതിയ അഡ്‌മിഷന്‍ വന്ന കുഞ്ഞിനെപ്പറ്റി പറഞ്ഞു.
കണ്ണുകളിറുക്കിയടിച്ച്‌, സുഖനിദ്രയില്‍ കിടയ്‌ക്കുന്ന കുഞ്ഞിന്‌
ശ്വാസത്തിന്‌ പ്രശ്‌നമുണ്ട്‌. സിസേറിയനായിരുന്നു. ചുവന്നു തുടുത്ത
ഈ അറബിക്കുട്ടന്‌ തന്റെ മണിക്കുട്ടന്റെ ഛായയുണ്ടോ?
എലിസബത്തിന്റെ മനസ്സൊന്നു പിടച്ചു. നെഞ്ചില്‍ സ്‌നേഹം ചുരന്നു.
നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലെ ഓരോ കുഞ്ഞിലും
അവള്‍ തന്റെ മണിക്കുട്ടന്റെ മുഖം കണ്ടു. സ്വന്തം കുഞ്ഞിനെപ്പോലെ,
അവള്‍ ഓരോ കുഞ്ഞിനേയും താലോലിച്ചു. ആ കുഞ്ഞുങ്ങള്‍ക്കെല്ലാം
എലിസബത്ത്‌ അമ്മയായി. നാപ്‌കിനുകള്‍ മാറ്റുമ്പോഴും ആന്റിബയോട്ടിക്കുകള്‍ നല്‍കുമ്പോഴും പുലര്‍ക്കാലങ്ങളില്‍ നേര്‍ത്ത ചുടുവെള്ളത്തില്‍ അവറ്റകളെ കഴുകിയെടുക്കുമ്പോഴും അവളിലെ അമ്മ ഉണര്‍ന്നു കരഞ്ഞു.
അപ്പോഴൊക്കെ മണിക്കുട്ടന്‍ മനസ്സില്‍ കൈകാലിട്ടടിച്ചു.
അവന്‍ ചിരിക്കുകയാണോ കരയുകയാണോ? നെഞ്ച്‌ വല്ലാതെ
ചുരത്തിക്കൊണ്ടിരിക്കുന്നു.
മുലപ്പാലിന്റെ ഭാരം നെഞ്ചില്‍ വേദനയായി പുളയുന്നുണ്ട്‌.
ഡ്യൂട്ടിക്ക്‌ പുറപ്പെടും മുമ്പ്‌ വേദനക്കുള്ള കാബര്‍ ഗോളിന്‍
ഗുളിക കഴിച്ചതാണ്‌.
ഇടക്ക്‌ മനസ്സ്‌ വല്ലാതെ പതറുമ്പോള്‍ അവള്‍ക്ക്‌ തോന്നും,
ദൈവമേ ഈ കുഞ്ഞുങ്ങളെ ഒന്നിച്ചെടുത്ത്‌ ഞാന്‍ മാറോട്‌ ചേര്‍ത്താലോ?
എന്റെ കുഞ്ഞിന്‌ കിട്ടാത്ത ഈ മുലപ്പാല്‍ അവര്‍ കുടിച്ചു വറ്റിക്കട്ടെ...
വേദന താങ്ങാതാകുമ്പോള്‍ ടോയ്‌ലറ്റില്‍ പോയി അവള്‍ മാറ്‌ പിഴിഞ്ഞൊഴിച്ച്‌ നെടുവീര്‍പ്പിടും.
നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ സ്‌തനങ്ങളും
എത്ര ഭാഗ്യമുള്ളവ എന്ന്‌ വേദപുസ്‌തകത്തില്‍ (ലൂക്കോ: 11:27)
വായിക്കുമ്പോഴൊക്കെ സ്വന്തം കുഞ്ഞിനെ പാലൂട്ടാന്‍ പറ്റാത്ത തന്റെ സ്‌തനങ്ങളെക്കുറിച്ചോര്‍ത്ത്‌ എലിസബത്ത്‌ കരയും. തന്റേയും മണിക്കുട്ടന്റേയും ഭാഗ്യക്കേടില്‍ മനസ്സ്‌ വേവും. അന്നേരം, മോശയെ പാലൂട്ടാന്‍
ഫറോവയുടെ കൊട്ടാരത്തില്‍ വേഷ പ്രഛന്നയായി ചെന്ന
മോശയുടെ മാതാവിനെക്കുറിച്ച്‌ അവള്‍ ഓര്‍മിക്കും.
പുഴയിലൊഴുക്കിയ കുഞ്ഞിന്‌ മുലകൊടുക്കുന്നതിനെ കുറിച്ചായിരുന്നു
മോശയുടെ അമ്മയുടേയും വേദന. കര്‍ത്താവേ,
ഈ രാത്രിയില്‍ എനിക്ക്‌ രണ്ട്‌ ചിറക്‌ മുളച്ചിരുന്നെങ്കില്‍ പറന്നു പോയി ഞാനെന്റെ കുഞ്ഞിനെ പാലൂട്ടുമായിരുന്നല്ലോ എന്നവള്‍ വിലപിക്കും. പിന്നെ,
കാബേജിന്റെ ഇലകളോ മുല്ലപ്പൂക്കളോ വെച്ച്‌ അവള്‍ മാറിടം വരിഞ്ഞുകെട്ടും. കാബേജിന്റെ ഇലകളും മുല്ലപ്പൂക്കളും മുലപ്പാല്‍ കുടിച്ചു വറ്റിക്കട്ടെ.
മലുപ്പാല്‍ ചുരത്തിപ്പോരാതെ പിടിച്ചു കെട്ടാനുള്ള ചിറയാണ്‌ ഈ കെട്ട്‌.
പേറു കഴിഞ്ഞ്‌ നാട്ടില്‍ നിന്നു പോരുന്ന പ്രവാസിപ്പെണ്ണുങ്ങളൊക്കെ
ചെയ്യുന്ന ഒരു നാടന്‍ വൈദ്യമാണത്‌. മുലപ്പാല്‍ കുറയ്‌ക്കുന്നതിന്‌ നാട്ടില്‍
വെച്ചേ മുല്ലപ്പൂ വൈദ്യം തുടങ്ങിയിരുന്നു. ഇവിടെ മുല്ലപ്പൂക്കള്‍ കിട്ടാന്‍
പ്രയാസമാണ്‌. കാബേജു തന്നെയാണ്‌ ആശ്രയം.
വൃത്തിയായി കഴുകിയ കാബേജിന്റെ ഇലകള്‍ തണ്ടുകള്‍ കളഞ്ഞ ശേഷം
മുലകളില്‍ വെക്കുകയാണ്‌ ചെയ്യുന്നത്‌. മുലക്കണ്ണ്‌ ഒഴിവാക്കി,
മുലയുടെ ചുറ്റും ഇല ചേര്‍ന്നു നില്‍ക്കുന്ന രൂപത്തിലാണ്‌ വെയ്‌ക്കുന്നത്‌.
മുലകളില്‍ ചേര്‍ന്നു നില്‍ക്കാന്‍ അനുയോജ്യമായ ബ്രാ ഉപയോഗിക്കും.
മുല്ലപ്പൂക്കളും ഇതേ രീതിയിലാണ്‌ പ്രയോഗിക്കുന്നത്‌.
മുല്ലപ്പൂക്കളും കാബേജിന്റെ ഇലകളും മാറിലെ ഭാരം കുറയ്‌ക്കും.
ആത്മാവിന്റെ വേദന പക്ഷേ, എങ്ങിനെ തീരും?


എലിസബത്ത്‌ പിന്നീട്‌ നാട്ടിലേക്ക്‌ തിരിച്ചു പോയി.
പോകുമ്പോള്‍ അവളുടെ കൈയില്‍ രണ്ടാഴ്‌ച മുമ്പ്‌ പ്രസവിച്ച
രണ്ടാമത്തെ കുഞ്ഞുമുണ്ടായിരുന്നു. ഇക്കുറി പ്രസവം കഴിഞ്ഞ്‌
മരുഭൂമിയുടെ നാട്ടിലെ ആശുപത്രിയിലേക്ക്‌ തിരിച്ചു വരേണ്ടെന്ന്‌
അവള്‍ തീരുമാനിച്ചു. നൊന്തുപെറ്റ കുഞ്ഞിനെ
നാട്ടിലുപേക്ഷിച്ചു പോരാന്‍ വയ്യ. മണിക്കുട്ടന്റെ കൈയും കാലും
വളരുന്നത്‌ കാണാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. കഴിഞ്ഞ തവണ
അവധിക്കു ചെന്നപ്പോഴും അവന്‌ അടുത്തു വരാന്‍ മടിയായിരുന്നു.
അടുക്കാന്‍ തുടങ്ങുമ്പോഴേക്കും തിരിച്ചു പോരാന്‍ സമയമാകും
ഫൈനല്‍ എക്‌സിറ്റിനുള്ള അപേക്ഷ കൊടുത്തു അവള്‍ കാത്തിരുന്നു.
പക്ഷേ, ആരോഗ്യ മന്ത്രാലവയുമായുള്ള കരാര്‍ തീരാറായിരുന്നു.
കരാറിന്റെ കാലാവധി തീരാതെ ഫൈനല്‍ എക്‌സിറ്റ്‌ കിട്ടില്ല.
റീ എന്‍ട്രി വിസ കിട്ടണമെങ്കില്‍ കരാര്‍ പുതുക്കണം.
രണ്ടായാലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അതിന്റേതായ
സമയമെടുക്കും. നിയമങ്ങള്‍ അവളെ നോക്കി കൊഞ്ഞനം
കുത്തിക്കൊണ്ടിരുന്നു. പ്രസവത്തിന്‌ നാട്ടിലെത്തണമെന്ന
അവളുടെ ആഗ്രഹം വെറുതെയായി. ജോലി ചെയ്യുന്ന
ആശുപത്രിയില്‍ തന്നെ അവള്‍ പ്രസവിച്ചു.
സഹപ്രവര്‍ത്തകകളുടെ പരിചരണത്തിലായിരുന്നു അവള്‍.
പ്രസവം കഴിഞ്ഞ്‌ രണ്ടാഴ്‌ചക്കുശേമാണ്‌ അവളുടെ
കടലാസുപണികള്‍ പൂര്‍ത്തിയായി പാസ്സ്‌പോര്‍ട്ട്‌ കയ്യില്‍ കിട്ടിയത്‌.
അതുവരെ ഹോസ്റ്റലില്‍ തന്നെയായിരുന്നു താമസം.
രാത്രി ഷിഫ്‌റ്റ്‌ കഴിഞ്ഞ്‌ മുറിയില്‍ വന്നു കിടന്നുറങ്ങുന്ന
സഹപ്രവര്‍ത്തകയെ പലപ്പോഴും അവളുടെ കുഞ്ഞിന്റെ
കരച്ചില്‍ അലോസരപ്പെടുത്തി. അവളോടുള്ള അനുതാപത്തില്‍
എല്ലാവരും സഹിച്ചു. വിമാനത്താവളത്തില്‍ യാത്രയയക്കാന്‍
ചെന്നപ്പോള്‍ ഏതൊക്കെയോ അസ്വാതന്ത്ര്യങ്ങളില്‍ നിന്ന്‌ രക്ഷപ്പെട്ട ഒരാളുടെ മുഖച്ഛായയായിരുന്നു അവള്‍ക്ക്‌.
എലിസബത്ത്‌ ഉപേക്ഷിച്ചു പോയ ആശുപത്രിയുടെ വരാന്തകളിലൂടെ,
അവള്‍ പിഴിഞ്ഞൊഴിച്ച മുലപ്പാല്‍ ഒഴുകി വരുന്നുണ്ടോ?
സ്വയം ജീവിയ്‌ക്കാന്‍, നാടിന്റെ സാമ്പത്തിക സുസ്ഥിതിക്ക്‌
സംഭാവന അര്‍പ്പിക്കാന്‍ കടല്‍ കടന്നു പോന്ന ഒരമ്മയുടെ
കണ്ണീരും ചോരയും കലര്‍ന്ന്‌ മലിനമായ ആ മുലപ്പാല്‍
ഒരു മഹാപ്രളയമായി കേരളത്തിലേക്ക്‌ ഒഴുകിയെത്തി നമ്മെ
വിഴുങ്ങിക്കളയുമോ?

ലേഖനത്തിന്‍റെ പൂര്‍ണരൂപം

Friday, July 18, 2008

വിനോദം മരണത്തിലേക്ക്‌

എന്റെ കൈകാലുകളില്‍ നിന്ന്‌ ആ വിറയല്‍ ഇപ്പോഴും മാറിയിട്ടില്ല.
അരിപ്പാറയിലെ വെള്ളച്ചാട്ടം കൊണ്ടുപോകാന്‍ ശ്രമിച്ച മൂന്നു കൂട്ടുകാരെ
തിരിച്ചു കിട്ടിയ നിമിഷം.

ഒരവധിക്കാലത്ത്‌ ആ സൗന്ദര്യം തേടിച്ചെന്ന ഞാനും എന്റെ കൂട്ടുകാരും
ഭാഗ്യം കൊണ്ട്‌ മാത്രം മരണ മുഖത്തു നിന്ന്‌ രക്ഷപ്പെടുകയായിരുന്നു.
തൊട്ടടുത്ത ദിവസങ്ങളില്‍ അവിടെ നടന്ന രണ്ട്‌ മരണങ്ങളാണ്‌
മറക്കാന്‍ ശ്രമിക്കുന്ന ആ ഓര്‍മകളുടെ ഞെട്ടല്‍ വീണ്ടും മനസ്സിലേക്ക്‌ കൊണ്ടു വരുന്നത്‌.

ഇപ്പോള്‍, പ്രൃതിയുടെ വശ്യതയും വന്യതയും നിറഞ്ഞു നില്‍ക്കുന്ന ആ
കാഴ്‌ചകളിലേക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിരോധിച്ചിരിക്കുകയാണ്‌.
വെള്ളച്ചാട്ടത്തില്‍ അപകടം പതിവായതു തന്നെ കാരണം.

മലകളില്‍ നിന്നിറങ്ങി, കുതിച്ചു ചാടി വരുന്ന ഏതൊരു വെള്ളച്ചാട്ടവും സൗന്ദര്യം
മാത്രമല്ല, അപകടം കൂടി ഉള്ളിലൊളിപ്പിച്ചു വെച്ചിരിക്കും -യക്ഷിയെപ്പോലെ.

പാല്‍നുര ചിതറി, അഴകളവുകള്‍ പ്രദര്‍ശിപ്പിച്ച്‌, പൊട്ടിച്ചിരിയുടെ
കളംകളം മുഴക്കി അത്‌ നമ്മെ പ്രലോഭിപ്പിക്കും. മരണത്തിലേക്ക്‌
വലിച്ചടുപ്പിച്ചു കൊണ്ടിരിക്കും. പക്ഷേ, അതിന്റെ ദംഷ്‌ട്രകളില്‍
പെട്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്‌ നമ്മള്‍ തന്നെയാണ്‌.
ദൂരെ നിന്നു കാണേണ്ടത്‌ ദൂരെ നിന്നേ കാണാവൂ.. അല്ലെങ്കിലും അടുത്തു
ചെല്ലുമ്പോഴാണല്ലോ പലതിന്റേയും തനിനിറം നാം കാണുന്നത്‌.
നല്ലൊരു സൗഹൃദത്തിനു പോലും ചിലപ്പോള്‍ ഇങ്ങിനൊയൊരു
ദുര്യോഗം സംഭവിക്കുന്നത്‌ അനുഭവിച്ചിട്ടില്ലേ...?

രണ്ടോ മൂന്നോ ആഴ്‌ച മുമ്പാണ്‌ മാങ്കാവില്‍ നിന്നെത്തിയ
ഒരു സഹോദരന്‍ അവളുടെ ചതിയില്‍ പെട്ടത്‌. ഇപ്പോള്‍ ചെറൂപ്പ
കുറ്റിക്കടവിലെ മറ്റൊരു യുവാവും. ഈ കുറിപ്പെഴുതുമ്പോഴും
ഇവരിലൊരാളുടെ ശരീരം കണ്ടെത്താനായിട്ടില്ല.

കോഴിക്കോട്‌ ജില്ലയില്‍ മലയോര മേഖലയായ ആനക്കാംപൊയിലിന്‌
സമീപമാണ്‌ കണ്ണിനും കരളിനും കുളിര്‌ പകരുന്ന അരിപ്പാറ വെള്ളച്ചാട്ടം.
അടുത്തിടെ മാത്രമാണ്‌ ഈ കേന്ദ്രം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തുടങ്ങിയത്‌.
പഞ്ചായത്ത്‌ അധികൃതര്‍ വികസന പ്രവര്‍ത്തനങ്ങളിലൂടെ ഇവിടേക്ക്‌
കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ്‌.
പക്ഷേ, ദിനേന എത്തിക്കൊണ്ടിരിക്കുന്ന സഞ്ചാരികളുടെ സുരക്ഷയ്‌ക്ക്‌
ആവശ്യമായ യാതൊന്നും ചെയ്‌തുവെച്ചിട്ടില്ലെന്നതാണ്‌ സത്യം.
ഇപ്പോള്‍ സുരക്ഷയുടെ പേരിലാണ്‌ ജില്ലാ ഭരണകൂടം ഇവിടെ
സഞ്ചാരികള്‍ക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയതും.

പരിസരത്തെ ഗ്രാമീണരില്‍ ചിലര്‍ക്ക്‌ സഞ്ചാരികളുടെ വരവും പോക്കും
നല്ല വരുമാന മാര്‍ഗ്ഗമായിരുന്നു. സഞ്ചാരികള്‍ക്ക്‌ ഏറ്റവും രുചിയേറിയ,
ഗാര്‍ഹിക ഭക്ഷണമൊരുക്കിക്കൊടുക്കാന്‍ മലഞ്ചെരിവുകളിലെ വീട്ടുകാരുണ്ട്‌.
അധികൃതരുടെ ഉദാസീന നയങ്ങള്‍ മൂലമോ സഞ്ചാരികളുടെ
അനവധാനത മൂലമോ ഒക്കെ ഇല്ലാതാകുകയാണ്‌.

പലപ്പോഴും മദ്യക്കുപ്പികളുമായെത്തുന്ന സഞ്ചാരികള്‍ ഈ
വെള്ളക്കെട്ടുകളെ മലിനമാക്കുന്നു. കുടിച്ചു ലക്കുകെട്ടവര്‍ ഗ്രാമീണരായ
പെണ്ണുങ്ങളെ ശല്യം ചെയ്യുന്നതായും ഇടക്ക്‌ പരാതിയുണ്ടായിരുന്നു.
ഇതിനെതിരെ നാട്ടുകാര്‍ പഞ്ചായത്ത്‌ അധികൃതര്‍ക്കും പോലീസിലും
പരാതി നല്‍കിയാതി പത്രത്തില്‍ വാര്‍ത്ത വന്നു.

അരിപ്പാറയിലേക്ക്‌ പോകുന്നവര്‍ ശ്രദ്ധിക്കുക -പ്രകൃതിയുടെ
ഈ സൗന്ദര്യ സങ്കേതം അതേ പടി നിലനിര്‍ത്തുകക.
അതിന്റെ ചാരിത്ര്യം കവര്‍ന്നെടുക്കരുത്‌. ഒപ്പം ദംഷ്‌ട്രകള്‍ ഉള്ളിലൊളിപ്പിച്ച്‌,
പൊട്ടിച്ചിരിച്ചു കുതിച്ചു ചാടി വരുന്ന ആ സൗന്ദര്യത്തില്‍ മതി മറന്ന്‌
മരണത്തിലേക്ക്‌ സ്വയം കടന്നു ചെല്ലാതിരിക്കുക ---

Saturday, July 12, 2008

മരണമില്ലാത്ത പ്രണയം

എത്ര താജ്‌മഹലുകള്‍ തീര്‍ക്കും
നാം ഈ പ്രണയത്തിന്‌?


ബി.പി. മൊയ്‌തീനെ ആദ്യമായി കാണുമ്പോള്‍ അദ്ദേഹത്തോടൊപ്പം ഒരു കരിങ്കുരങ്ങുണ്ടായിരുന്നു. ഓമനത്വമുള്ള ഒരു കുട്ടിക്കുരങ്ങ്‌. ചീനിയുടെ ചുവട്ടില്‍ വെച്ചാണ്‌ ആദ്യം ആ കാഴ്‌ച കാണുന്നത്‌. രാവിലെ സ്‌കൂളിലേക്ക്‌ പോകുകയായിരുന്നു ഞാന്‍.
പുല്‍പറമ്പ്‌ കഴിഞ്ഞ്‌ കൊടിയത്തൂരിലേക്ക്‌ പോകുന്ന തെയ്യത്തിന്‍ കടവിലേക്ക്‌ തിരിയുന്നേടത്താണ്‌ ചീനി. ബസ്‌ കാത്തു നില്‍ക്കുന്നവര്‍ക്കും വഴിയാത്രക്കാര്‍ക്കും വിശാലമയ തണലൊരുക്കി നില്‍ക്കുന്ന ചീനിയുടെ ചുവട്ടില്‍
വെള്ളാരങ്കണ്ണുകളുള്ള ആ വലിയ മനുഷ്യന്‍ നില്‍ക്കുമ്പോള്‍
ചുമലിലായിരുന്നു ആ കരിങ്കുരങ്ങ്‌.
ക്ലാസില്‍ ചെന്നപ്പോള്‍ റഫീഖ്‌ പറഞ്ഞു: അതാണ്‌ ബി.പി മൊയ്‌തീന്‍.
ആ കുരങ്ങിന്റെ പേര്‌ സീതയാണെന്നും. പെണ്ണു കെട്ടാത്ത മൊയ്‌തീന്റെ കൂടെ എപ്പോഴും സീതയുണ്ടാകുമെന്ന്‌ മുതിര്‍ന്നവര്‍ പറഞ്ഞു കേട്ട വലിയൊരു വിവരവും അവന്‍ പറഞ്ഞു തന്നു.
റഫീഖ്‌ മുക്കത്തുകാരനാണ്‌. സിനിമാളിലെ മമ്മദാജിയുടെ മകന്‍. (വയലില്‍ എന്നാണ്‌ അവരുടെ ശരിക്കുള്ള വീട്ടുപേര്‌.
പണ്ട്‌, സിനിമാ ടാക്കീസ്‌ ഉണ്ടായിരുന്ന സ്ഥലത്ത്‌
വീടു വെച്ചപ്പോള്‍ അവരുടെ വീട്ടു പേര്‌ സിനിമാളെന്നായി).
മുക്കത്തുകാരനായ ബി.പി. മൊയ്‌തീനെക്കുറിച്ച്‌ പിന്നെയും
അവന്‍ ഇടക്കു പറഞ്ഞു തരും. സിനിമാക്കാരുമായുള്ള ബന്ധം. ജയന്‍ നായകനായ അഭിനയം സിനിമ നിര്‍മിച്ച കഥ.
എല്ലാ സിനിമയും കണ്ട്‌ അതിന്റെ കഥകള്‍
വള്ളിയും പുള്ളിയും പോകാതെ പറഞ്ഞു തരാന്‍ റഫീഖ്‌ മിടുക്കനായിരുന്നു. അഭിനയത്തിന്റെ ഷൂട്ടിംഗിന്‌ കട്ടാങ്ങലും പരിസരത്തും വന്നപ്പോഴാണ്‌ റഫീഖ്‌ ജയനെ കാണുന്നത്‌. അതിനൊക്കെ കഴിവുള്ള വലിയ ഒരാളായി ബി.പി. മൊയ്‌തീന്‍ എന്റെ കുഞ്ഞു മനസ്സിലും കുടിയേറി.

എന്നാലും ചീനിയുടെ ചോട്ടില്‍ സീതയോടൊപ്പം കണ്ട മൊയ്‌തീനായിരുന്നു എന്റെ മനസ്സില്‍. പിന്നെ മൊയ്‌തീനെ കാണുമ്പോഴൊക്കെ ആദരപൂര്‍വം നോക്കി നിന്നിട്ടുണ്ട്‌. ആ വെള്ളാരങ്കണ്ണുകളില്‍ എപ്പോഴും സ്‌നേഹം തുളുമ്പി നില്‍ക്കുകയാണെന്ന്‌ തോന്നിയിട്ടുണ്ട്‌.
ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമായിരുന്നു അത്‌. അന്നു പക്ഷേ, മൊയ്‌തീനും കാഞ്ചനേടത്തിയും തമ്മിലുള്ള
പ്രണയത്തെ കുറിച്ച്‌ റഫീഖിന്‌ അറിയാമായിരുന്നോ എന്നെനിക്കറിയില്ല. അവന്‍ അതേക്കുറിച്ച്‌ ഒന്നും പറഞ്ഞതായി ഓര്‍മയില്ല. പ്രണയത്തെക്കുറിച്ചൊക്കെ ഞങ്ങള്‍ ഏഴാം ക്ലാസുകാര്‍ ഇടക്കിടെ ചര്‍ച്ച ചെയ്‌തിരുന്നതാണല്ലോ. സ്ഥലത്തെ പോസ്റ്റുമാനും ജാനുവും തമ്മിലുള്ള പ്രണയം അങ്ങാടിപ്പാട്ടായിരുന്നുവല്ലോ. പോസ്റ്റ്‌ ഓഫീസിന്റെ ചുമരില്‍ ജാനു ഹ..ഹ..ഹ... എന്ന്‌ കരിക്കട്ട കൊണ്ട്‌ എഴുതിവെച്ചത്‌ ക്ലാസില്‍ നിന്ന്‌ പുറത്തു വിടുമ്പോഴും ഉച്ചക്ക്‌ വിടുമ്പോഴും ഞങ്ങള്‍ പോയി വായിച്ച്‌, നാണിച്ച്‌ ചിരിച്ചിരുന്നുവല്ലോ. കുഞ്ഞമ്മദ്‌ കാക്കയുടെ മകള്‍ സുന്ദരിയായ സുബൈദയോട്‌ സ്‌കൂളിന്റെ ഇടവഴിയില്‍നിന്ന്‌ ചായക്കടക്കാരന്‍ അസീസ്‌ വര്‍ത്തമാനം പറയുമ്പോള്‍ അവര്‌ തമ്മില്‍ പ്രേമമാണെന്ന്‌ ഞങ്ങള്‍ കുട്ടികള്‍ പിറുപിറുത്തിരുന്നുവല്ലോ. ലൈലയുടേയും അസ്‌മാബിയുടേയുമൊക്കെ പേര്‌ പറഞ്ഞ്‌ എന്നെ റഫീഖും ശംസുവും ശരീഫുമൊക്കെ കളിയാക്കിയിരുന്നതും അങ്ങിനെയുള്ള ഏതോ ചിന്തയുടെ പേരിലായിരുന്നില്ലേ?

പക്ഷേ, മൊയ്‌തീനെയും കാഞ്ചനേട്‌ത്തിയേയും പറ്റി റഫീഖ്‌ ഒന്നും പറഞ്ഞതോര്‍മയില്ല. മൊയ്‌തീനെ പിന്നെ ഇരുവഴിഞ്ഞി കൊണ്ടു പോയി. അപ്പോഴേക്കും ഞാന്‍ ഹൈസ്‌കൂള്‍ പഠനത്തിന്‌ വാടാനപ്പള്ളിയിലെ യതീംഖാനയിലെത്തിയിരുന്നു.
നന്നായി മഴപെയ്‌ത ഒരു രാവിലെ ഓര്‍ഫനേജിന്റെ ലൈബ്രറിയില്‍, പത്രങ്ങള്‍ വായിക്കാന്‍ ചെന്നപ്പോഴാണ്‌ കറുപ്പില്‍ വെള്ള അക്ഷരങ്ങള്‍ നിരത്തിയ ആ വാര്‍ത്ത കണ്ടത്‌. ഇരുവഴിഞ്ഞിപ്പുഴയില്‍ തോണി ദുരന്തം. തെയ്യത്തിന്‍ കടവില്‍ തോണി മറിഞ്ഞ്‌ മൂന്ന്‌ പേര്‍ മരിച്ചിരിക്കുന്നു. ദൈവമേ, ഇതെന്റെ പുഴയാണല്ലോ. ഞാന്‍ കൊടിയത്തൂരില്‍ അമ്മായിയുടേയും എളേമയുടേയും വീട്ടില്‍ പോകുന്നത്‌ ഈ കടത്ത്‌ വഴിയാണ്‌.
വെള്ളരിമലയില്‍ ഉരുള്‍പൊട്ടി, കൂലംകുത്തിയൊഴുകിയ പുഴയില്‍ നിറയെ യാത്രക്കാരുമായി മറുകരക്ക്‌ നീങ്ങിയ കൊച്ചു തോണി മറിഞ്ഞു. ഒരുപാട്‌ പേരെ, ജീവിതത്തിന്റെ കരയിലേക്ക്‌ കൊണ്ടു വന്ന മൊയ്‌തീന്‍ പക്ഷേ, കയങ്ങളിലേക്ക്‌ താണുപോയി. ഉള്ളാട്ടില്‍ ഉസ്സന്‍ കുട്ടിയാണ്‌ മരിച്ചു പോയ മറ്റൊരാള്‍. അന്ന്‌ പുഴ കൊണ്ടുപോയ അംജത്‌ മോനെ ഇന്നോളം തിരിച്ചു കിട്ടിയിട്ടില്ല.
മൊയ്‌തീനു വേണമെങ്കില്‍ സ്വയം നീന്തിക്കയറാമായിരുന്നു.
ആരോ എറിഞ്ഞു കൊടുത്ത കയറില്‍ പിടിക്കാന്‍ ില്‍ക്കാതെ
മറ്റുള്ളവരെ നോക്കിക്കൊള്ളാനായിരുന്നുവത്രെ അദ്ദേഹം അലറിയത്‌. കലങ്ങി മറിഞ്ഞ്‌, കൂലം കുത്തിയൊഴുകിയ ആ മലവെള്ളത്തില്‍ ഏറെ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ മൊയ്‌തീന്‍ തോറ്റുകൊടുത്തു. മൊയ്‌തീന്‍ പോയി. വാര്‍ത്ത വായിച്ചപ്പോള്‍ ഞാന്‍ മൊയ്‌തീനെക്കുറിച്ചും സീതയെക്കുറിച്ചും ഓര്‍ത്തു. കാഞ്ചനേട്‌ത്തി എന്റെ ചിത്രത്തിലെവിടയുമില്ലായിരുന്നു.
ഇടവപ്പാതി തകര്‍ത്തു പെയ്‌ത ഒരു പ്രഭാതത്തിലായിരുന്നു അത്‌.

പിന്നീട്‌ വെളുത്ത വസ്‌ത്രത്തില്‍ കാഞ്ചനേടത്തിയെ കണ്ടപ്പോള്‍ ആരോ പറഞ്ഞു, അത്‌ മൊയ്‌തീന്റെ വിധവയാണെന്ന്‌. മൊയ്‌തീന്‍ പെണ്ണുകെട്ടിയിട്ടില്ലെന്നാണ്‌ എന്റെ അറിവ്‌. ഇരുവരും തമ്മില്‍ പ്രേമത്തിലായിരുന്നുവെന്നും കെട്ടാന്‍ വീട്ടുകാര്‍ സമ്മതിച്ചില്ലെന്നും മൊയ്‌തീന്‍ കെട്ടാത്ത മൊയ്‌തീന്റെ വിധവയാണ്‌ കാഞ്ചനേട്‌ത്തിയെന്നും മനസ്സിലായത്‌ പിന്നെയാണ്‌. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ എന്‍. മോഹനന്‍ മൊയ്‌തീന്‍ എന്ന കഥയെഴുതുന്നത്‌.
അക്കഥയില്‍ കാഞ്ചനേട്‌ത്തിയുടെ പേര്‌ വേറെയായിരുന്നു. മൊയ്‌തീനും കാഞ്ചനേടത്തിയും തമ്മിലുള്ള പ്രണയത്തിന്റെ ആഴം ഞാനറിയുന്നത്‌ ആ കഥയില്‍നിന്നാണ്‌. ഒരു പുഴയും, ഒരു കടലും അത്ര ആഴത്തിലൊഴുകുന്നില്ലെന്ന്‌ ഞാനറിയുന്നതും അപ്പോഴാണ്‌. തന്നേക്കാള്‍ ആഴത്തിലൊഴുകുന്ന പ്രണയപ്പുഴയോടുള്ള പകയാണോ ഇരുവഴിഞ്ഞി മൊയ്‌തീനോടും കാഞ്ചനയോടും തീര്‍ത്തത്‌?
ജീവിച്ചിരിക്കുന്ന കാഞ്ചനേടത്തിയുടെ നന്മ വിചാരിച്ചാകും മോഹന്‍ കഥയില്‍ അവരുടെ പേര്‌ ചേര്‍ക്കാതിരുന്നത്‌. ഇപ്പോള്‍ മൊയ്‌തീനും കാഞ്ചനേടത്തിയും തമ്മിലുള്ള അനശ്വര പ്രണയം പലപ്പോഴായി മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നു. ആദ്യം `വനിത' യില്‍. പിന്നെ ജയ്ഹിന്ദ് ടെലിവിഷന്‍ ചാനലിലെ സുപ്രിം സാക്രിഫൈസ്‌ എന്ന മഹാത്യാഗത്തിന്റെ എപ്പിസോഡില്‍. ഇപ്പോള്‍ സമകാലിക മലയാളം വാരികയില്‍.
എത്ര എഴുതിയാലും എത്ര ക്യാമറകള്‍ പകര്‍ത്തിയാലും ആ പ്രണയകഥയുടെ തീവ്രത നമുക്ക്‌ അനുഭവിക്കാന്‍ കഴിയില്ല.
ഇതുപോലൊരു പ്രണയം ലോകത്തെവിടെയെങ്കിലും ആരെങ്കിലും അനുഭവിച്ചിട്ടുണ്ടാകുമോ? പ്രണയത്തിനുവേണ്ടി മൊയ്‌തീന്‍ പിതാവിന്റെ
കത്തിക്കുത്തിന്‌ പാത്രമായി. വീട്ടില്‍ നിന്ന്‌ പുറത്തായി. കാഞ്ചനേട്‌ത്തി വീട്ടുതടങ്കലിലായി.
മൊയ്‌തീന്‍ പോയപ്പോള്‍ പിന്നാലെ പോകാന്‍ കാഞ്ചനേടത്തി പലവട്ടം പുറപ്പെട്ടതാണ്‌. ഉറക്ക ഗുളികള്‍ കഴിച്ചു നോക്കി. ഇരുവഴിഞ്ഞിപ്പുഴയില്‍ ചാടി നോക്കി. വേറെയും പല മാര്‍ഗ്ഗങ്ങള്‍ നോക്കി. വീട്ടുകാരും ബന്ധുക്കളും കാവല്‍ നിന്ന്‌ ആ ജീവന്‍ കാത്തു. ദിവസങ്ങളോളം അന്നപാനീയങ്ങള്‍ വെടിഞ്ഞ്‌ സ്വയം ഒടുങ്ങാന്‍ തീരുമാനിച്ച കാഞ്ചനേടത്തി ഒരിറ്റു വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചവരോട്‌ പറഞ്ഞു, എനിക്ക്‌ ഇരുവഴിഞ്ഞിപ്പുഴയിലെ വെള്ളം വേണം. മൊയ്‌തീന്‍ കുടിച്ചു മരിച്ച വെള്ളം. ജീവിതത്തിലേക്ക്‌ തിരിച്ചു വരാനല്ല, കലങ്ങി മറിഞ്ഞ ആ വെള്ളം കുടിച്ച്‌ സ്വയം ഇല്ലാതാകാന്‍ സാധിച്ചാലോ എന്നായിരുന്നുവത്രെ ചിന്ത.
ബന്ധുക്കള്‍ ആരോ കുപ്പിയിലാക്കി കൊണ്ടു വന്ന ആ വെള്ളം കുടിച്ചാണ്‌ പക്ഷേ, അവര്‍ ജീവിതത്തിലേക്ക്‌ തിരിച്ചു വന്നത്‌.
മറ്റൊരു വിവാഹത്തിനില്ലെന്ന വ്യവസ്ഥയില്‍, മൊയ്‌തീന്റെ വിധവയായി, വെളുത്ത വസ്‌ത്രത്തിലേക്കാണ്‌ അവരുടെ ജീവന്‍ മടങ്ങി വന്നത്‌. അങ്ങിനെ അവര്‍ മൊയ്‌തീന്റെ വിധവയായി. ഉറക്ക ഗുളികകളിലോ ഇരുവഴിഞ്ഞിപ്പുഴയിലോ നിരാഹാരത്തിന്റെ കാഠിന്യത്തിലോ കാഞ്ചനേടത്തിയുടെ ജീവിതം അവാസിനിച്ചു പോയിരുന്നുവെങ്കില്‍ മൊയ്‌തീനും കാഞ്ചനേടത്തിയും തമ്മിലുള്ള പ്രണയം ഒരു സാധാരണ പ്രണയമായി ഒടുങ്ങിപ്പോയോനെ...

മൊയ്‌തീന്റെ ഉമ്മ പാത്തുമ്മത്താത്ത വന്ന്‌ അവരെ കൊണ്ടുപോയി. മൊയ്‌തീന്റെ പേരില്‍ സേവാമന്ദിരവും സാമൂഹിക പ്രവര്‍ത്തനവുമായി അവര്‍ ജീവിച്ചു. ഇന്നും ജീവിക്കുന്നു, ചില്ലിട്ടുവെച്ച മൊയ്‌തീന്റെ ഛായാ ചിത്രത്തിനു കീഴെ ഏകാകിനിയായി. ഇന്നോളം ഒരു പെണ്ണും കടന്നുപോയിട്ടില്ലാത്ത പ്രണയ വഴിത്താരയില്‍ തീര്‍ത്തും ഏകാന്ത പഥികയായി. മുക്കത്ത്‌ ശരീരം മാത്രമുള്ള, കുറേ മനുഷ്യരുണ്ടായിരുന്നു.
വേലായുധനും അസൈന്‍ കുട്ടിയും അബുവും.. അങ്ങിനെ കുറേ പേര്‍. ഉറപ്പുള്ള മനസ്സില്ലാത്തവര്‍. ബുദ്ധിയുള്ളവര്‍ക്ക്‌ അവര്‍ ഭ്രാന്തന്മാരാണ്‌. കല്ലെറിഞ്ഞും കളിയാക്കിയും പാട്ടുപാടിച്ചും ബുദ്ധിമാന്‍മാര്‍ക്ക്‌ നേരം കളയാനുള്ളവര്‍. ബീഡിക്കുറ്റികള്‍ പെറുക്കി വലിച്ചു നടക്കുന്ന അവരെ കണ്ടാല്‍ ബുദ്ധിയുള്ളവര്‍ അറപ്പോടെ മാറി നില്‍ക്കും.
അവരെ മനുഷ്യ ജീവികളായി കണ്ടിരുന്നത്‌ പാത്തുമ്മത്താത്ത മാത്രമായിരുന്നു. കുളിപ്പിച്ചും ഭക്ഷണം വിളമ്പി കൊടുത്തും വസ്‌ത്രം കഴുകിക്കൊടുത്തും അവരെ പരിപാലിച്ചത്‌ ആ ഉമ്മ മാത്രമാണ്‌. ആ ഉമ്മയ്‌ക്കേ, ജാതിയും മതവും നോക്കാതെ, മരിച്ചു പോയ തന്റെ മകന്റെ ഭാര്യയായി കാഞ്ചനേട്‌ത്തിയെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടു വരാന്‍ സാധിക്കൂ. അങ്ങിനെ മകന്‍ കെട്ടാത്ത പെണ്ണിന്റെ അമ്മായി അമ്മയായി, അമ്മയായി പാത്തുമ്മത്താത്ത കാഞ്ചനേട്‌ത്തിയെ സ്‌നേഹിച്ചു.
കെട്ടാത്ത പുരുഷന്റെ പെണ്ണായി അവരോടൊപ്പം കാഞ്ചനേടത്തി ജീവിച്ചു. അങ്ങിനെ ജീവിയ്‌ക്കാന്‍ ഞങ്ങളുടെ കാഞ്ചനേടത്തിക്കേ കഴിയൂ.
വെറുതെ, ദുഃഖത്തിന്റെ മൂടുപടത്തിനകത്ത്‌ ജീവിതം തുലച്ചു കളയാതെ നാട്ടിലെ അശരണര്‍ക്കും അബലകളായ പെണ്ണുങ്ങള്‍ക്കും അവര്‍ ആശ്രയമായി. മുക്കത്തെ ബി.പി മൊയ്‌തീന്‍ സേവാ മന്ദിരം അത്തരക്കാരുടെ അഭയ കേന്ദ്രമയി.
ഇതാണ്‌ പ്രണയം. ഇതു മാത്രമാണ്‌ പ്രണയം. അനുരാഗം മാംസനിബദ്ധമല്ല തന്നെ, തീര്‍ച്ച. കാഞ്ചനേടത്തി ജീവിക്കുമ്പോഴെങ്കിലും
മറിച്ചു പറഞ്ഞാല്‍ ഞങ്ങള്‍ സമ്മതിച്ചു തരില്ല.

നാടന്‍ പ്രേമത്തിന്റെ നാട്ടില്‍ വളര്‍ന്നു പന്തലിച്ച ഈ അനശ്വര പ്രണയത്തിന്‌ ഏത്‌ സ്‌മാരകം
തീര്‍ക്കും നമ്മള്‍?

എത്ര താജ്‌മഹലുകള്‍ പണിതാല്‍ ഈ പ്രണയത്തിന്‌ സ്‌മാരകമാകും?

Monday, July 7, 2008

പാട്ടുകള്‍ വന്ന വഴികള്‍; പാട്ടുകാരും

പ്രശസ്ത സംഗീത നിരൂപകനും ഗവേഷകനുമായ രവി മേനോന്‍റെ എങ്ങിനെ നീ മറക്കും എന്ന ഗ്രന്ഥത്തിന്‍റെ ആസ്വാദനം.
പി.ഡി.എഫ് കോപ്പി ഇവിടെവായിക്കാം.


പാട്ടു പാടിയുറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ...
പാട്ടു കേട്ട്‌ നീയുറങ്ങെന്‍ കരളിന്റെ കാതലേ.....

അര നൂറ്റാണ്ടോളം പഴക്കമുണ്ടെങ്കിലും ഇന്നും കുഞ്ഞുങ്ങളെ
പാടിയുറക്കുന്ന അമ്മമാരുടെ ചുണ്ടിലൂറി വരുന്ന പാട്ടാണിത്‌.
സീത എന്ന ചിത്രത്തില്‍ അഭയദേവ്‌ രചിച്ച്‌ ദക്ഷിണാമൂര്‍ത്തി
സംഗീതം പകര്‍ന്ന ഈ പാട്ട്‌ പി. സുശീലയുടെ സ്വരമാധുരിയിലാണ്‌
മലയാളികളുടെ ഹൃദയത്തിലേക്ക്‌ ഒഴുകിയത്‌.
തലമുറകളില്‍ നിന്ന്‌ തലമുറകളിലേക്ക്‌ പകര്‍ന്നു പോരുന്ന
സുന്ദരമായ ഈ താരാട്ട്‌ കേട്ടുറങ്ങാത്ത കുഞ്ഞുങ്ങളുണ്ടാകില്ല.

പക്ഷേ, ആ പാട്ടു പാടി മലയാളത്തെ മയക്കിയ പാട്ടുകാരി
ആ പാട്ടിന്‌ ജന്മം കൊടുക്കാന്‍ അനുഭവിച്ച ത്യാഗം എത്ര പേര്‍ക്കറിയാം?
ആന്ധ്രക്കാരിയായ സുശീലക്ക്‌ ഒരു നിലയ്‌ക്കും വഴങ്ങാത്ത
ഭാഷയായിരുന്നു മലയാളം. പി. ലീലക്കു വേണ്ടി
ചിട്ടപ്പെടുത്തിയതായിരുന്നു ശരിക്കും സീതയിലെ ആ പാട്ട്‌.
യാദൃച്ഛികമായാണ്‌ സുശീല പാടാനെത്തുന്നത്‌.
സ്വാഭാവികമായും ഭാഷ അതി കഠിനമായി വന്നു.
ന എന്ന അക്ഷരമാണ്‌ ഏറ്റവും പ്രശ്‌നമായത്‌.
രണ്ടു തരത്തിലാണ്‌ മലയാളത്തില്‍ ന ഉച്ചരിക്കുന്നത്‌.
പല്ലു കൊണ്ട്‌ നാക്കിന്റെ കീഴെ സ്‌പര്‍ശിച്ച്‌ ന പരിശീലിക്കാനായിരുന്നു
ദക്ഷിണാമൂര്‍ത്തി സ്വാമയുടെ നിര്‍ദേശം.
ന പരിശീലിച്ച്‌ നാവു മുറിഞ്ഞ്‌ ആ മറുനാട്ടുകാരിയുടെ
നാവില്‍ ചോര പൊടിഞ്ഞു. അങ്ങിനെ കഷ്‌ടപ്പെട്ട്‌ ഉച്ചാരണം
പഠിച്ച്‌ സശീല പാടി ആ പാട്ട്‌ എത്ര കുഞ്ഞുങ്ങള്‍ക്കാണ്‌ ഉറക്കുപാട്ടായത്‌!

ഈ പാട്ടും പാട്ടുകാരിയും കടന്നുവന്ന വഴികളെക്കുറിച്ച്‌
നമുക്ക്‌ പറഞ്ഞു തരുന്നത്‌ രവിമേനോനാണ്‌. ഗാനഗവേഷകന്‍
എന്ന നിലയിലും അവതാരകന്‍ എന്ന നിലയിലും ശ്രദ്ധേയനായ
രവിമേനോന്റെ എങ്ങിനെ നാം മറക്കും എന്ന പുസ്‌തകം
സംഗീതാസ്വാദര്‍ക്ക്‌ അങ്ങിനെ വലിയ മുതല്‍ക്കൂട്ടാകുന്നു.
നാം നെഞ്ചേറ്റിയ പാട്ടുകളെക്കുറിച്ചും ആ പാട്ടുകളിലൂടെ
നാം നെഞ്ചേറ്റുന്ന പാട്ടുകാരെക്കുറിച്ചും നാം കൂടുതല്‍ അറിയുന്നൂ
ഒലിവ്‌ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിലൂടെ.
നാദം, ഗാനം, ഈണം എന്നിങ്ങിനെ മൂന്ന്‌ ഭാഗങ്ങളിലായി
25 ലേഖനങ്ങളാണ്‌ പുസ്‌തകത്തില്‍ ചേര്‍ത്തിരിക്കുന്നത്‌.

നാദം എന്ന വിഭാഗത്തില്‍ ഗായകരേയും ഗാനം എന്ന വിഭാഗത്തില്‍
കവികളേയും ഈണം എന്ന വിഭാഗത്തില്‍ സംഗീത
സംവിധായകരേയും അവതരിപ്പിക്കുന്നു.
യേശുദാസ്‌, ജയചന്ദ്രന്‍, ഉദയഭാനു, പി. ലീല, കോഴിക്കോട്‌ അബ്‌ദുല്‍ ഖാദര്‍,
എസ്‌. ജാനകി, വാണി ജയറാം, ചിത്ര, സുജാത, വേണുഗോപാല്‍, ബ്രഹ്മാനന്ദന്‍,
എല്‍.ആര്‍. ഈശ്വരി തുടങ്ങിയ ഗായകരും ഒ.എന്‍.വി, ശ്രകുമാരന്‍ തമ്പി,
യൂസുഫലി, പൂവച്ചല്‍ ഖാദര്‍ തുടങ്ങിയ ഗാനരചയിതാക്കളും
ബാബുരാജ്‌, ദേവരാജന്‍, രാഘവന്‍, സലീല്‍ ചൗധരി, ആര്‍.കെ. ശേഖര്‍,
അര്‍ജുനന്‍, ജെറി അമല്‍ദേവ്‌, പുകഴേന്തി തുടങ്ങിയ
സംഗീത സംവിധായകരുമാണ്‌ പുസ്‌തകത്തില്‍ വരുന്നത്‌.

ഗാന സാഹിത്യത്തെക്കുറിച്ചും സംഗീത സംവിധാനത്തെക്കുറിച്ചും
ആലാപന ശൈലികളെക്കുറിച്ചും നല്ലതുപോലെ പഠനം
നടത്തിയതിനുശേഷമേ രവിമേനോന്‍ തന്റെ അഭിപ്രായങ്ങള്‍
രേഖപ്പെടുത്തുകയുള്ളൂവെന്നും പ്രശസ്‌ത സംവിധായകനും
ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി പുസ്‌തകത്തിന്റെ
അവതാരികയില്‍ പറയുന്നു.
പല പാട്ടുകളുടേയും പിറവി, രചനയായാലും ആലാപനമായാലും ]
സംഗീതമായാലും വരുന്ന വഴികള്‍ ഗാനാസ്വാദകരെ ശരിക്കും
അല്‍ഭുതപ്പെടുത്തുന്നു. കൃതഹസ്‌തനായ ഒരു പത്രപ്രവര്‍ത്തകന്റെ
കൈത്തഴക്കം രവിമേനോന്റെ എഴുത്തിനെ കൂടുതല്‍ ഹൃദ്യമാക്കുന്നു.
നാടകീയമായ അവതരണ ശൈലി വായനയുടെ
ആകാംക്ഷ നിലനിര്‍ത്താനും വായന അതിവേഗം
മുന്നോട്ടുകൊണ്ടുപോകാനും ഹായകമാണ്‌. 1963ല്‍ കടുത്ത
ആസ്‌തമയുടെ പിടിയിലായ ശേഷം അതിനു മുമ്പ്‌ പാടിയ
പോലെ പാടാന്‍ സാധിച്ചിട്ടില്ല ജാനകിക്ക്‌. പാട്ടുകാരിക്ക്‌
ശ്വാസ തടസ്സം വന്നാലുള്ള അവസ്ഥ നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ.
ഇതിനു പുറമെയാണ്‌ ഇസ്‌കിമിയ എന്ന ഹൃദ്രോഗവും അവരെ കീഴടക്കുന്നത്‌.
പെന്‍സുലിന്‍ കുത്തി വെച്ച്‌ മരണം മുഖാമുഖം കണ്ട്‌ നാളുകള്‍.
ഈ തളര്‍ച്ച അതിജീവിച്ചാണ്‌ അവര്‍ സൂര്യകാന്തിയും
താമരക്കുമ്പിളല്ലോ മമ ഹൃദയവും പൊട്ടിത്തകര്‍ക്ക കിനാവും
തുഷാര ബിന്ദുക്കളും ആലപിച്ചത്‌. ഇനി ഈ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍
മനസ്സില്‍ പുതിയൊരു വിങ്ങല്‍ കൂടി ഉണ്ടാക്കാന്‍ രവിമേനോന്റെ
വെളിപ്പെടുത്തലുകള്‍ ആസ്വാദകനെ നിര്‍ബന്ധിതനാക്കുന്നു.
പനിക്കിടക്കയില്‍ നിന്ന്‌ എണീറ്റുപോയാണ്‌ ഉണരൂ വേഗം നീ,
മാനസ മണിവേണുവില്‍, മുകിലേ... തുടങ്ങിയ പാട്ടുകള്‍ ജാനകി
മലയാളികള്‍ക്ക്‌ സമ്മാനിച്ചത്‌.

ഉമ്മയിലെ പാലാണ്‌ തേനാണെന്‍ ഖല്‍ബിലെ പൈങ്കിളിക്ക്‌,
എന്‍ കണ്ണിന്റെ കടവിലടുത്താല്‍ എന്നീ പാട്ടുകള്‍ നാം
ഉദയഭാനുവിന്റെ സ്വരത്തില്‍ കേള്‍ക്കേണ്ടതായിരുന്നു.
ഈ രണ്ടു പാട്ടുകളും ബാബുരാജ്‌ കോഴിക്കോട്‌ വെച്ച്‌
കെ.പി. ഉദയഭാനുവിനെ പഠിപ്പിച്ചതാണ്‌. കുഞ്ചാക്കോയുടെ
നിര്‍ബന്ധ പ്രകാരമാണ്‌ പിന്നീട്‌ ബാബുരാജ്‌ ഈ പാട്ടുകള്‍
എ.എം രാജയെക്കൊണ്ട്‌ പാടിപ്പിക്കുന്നത്‌.
രാജയെ പാട്ടു പാടിപ്പഠിപ്പിച്ചതാകട്ടെ ഉദയഭാനു തന്നെയാണെന്ന്‌
വിഷാദ ഗാനങ്ങളുടെ ചക്രവര്‍ത്തി എന്ന അധ്യാത്തില്‍ നാമറിയുന്നു.
റോസിയിലെ അല്ലിയാമ്പല്‍ കടവിലന്നരയക്കു വെള്ളം
എന്ന പാട്ട്‌ ഉദയഭാനുവിന്‌ സുഖമില്ലാത്തതു കൊണ്ടാണ്‌
സംഗീത സംവിധായകന്‍ ജോബ്‌ മാഷ്‌ യേശുദാസിനെ കൊണ്ട്‌ പാടിക്കുന്നത്‌.
ഉദയഭാനുവിന്‌ വിഷമമാകുമെന്ന്‌ കരുതി പാടാന്‍ മടിച്ച
യേശുദാസിനെ അദ്ദേഹം തന്നെയാണ്‌ പ്രോത്സാഹിപ്പിക്കുന്നത്‌.

മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി -ജയചന്ദ്രന്റെ സ്വരമധുരത്തില്‍
ഗാനാസ്വാദകര്‍ ഏറ്റുവാങ്ങിയ സുന്ദര ഗാനം, യഥാര്‍ഥത്തില്‍
യേശുദാസിന്‌ പാടാന്‍ വെച്ചിരുന്ന പാട്ടായിരുന്നുവത്രെ അത്‌.
താരുണ്യം തന്നുടെ എന്ന സാധാരണ പാട്ടു പാടാനാണ്‌
ദേവരാജന്‍മാഷ്‌ ജയചന്ദ്രനെ വിളിച്ചത്‌. ഒരു പ്രാക്‌ടീസിന്‌ വേണ്ടി
മഞ്ഞലയില്‍ പഠിച്ചു വെക്കാന്‍ പറയുകയായിരുന്നു.
അങ്ങിനെ പാടിപ്പഠിപ്പിച്ച പാട്ട്‌ പിന്നെ ജയചന്ദ്രന്റെ
സ്വരത്തില്‍ തന്നെ ദേവരാജന്‍ റെക്കോര്‍ഡ്‌ ചെയ്യുകയായിരുന്നു.

ഉത്ഥാന പതനങ്ങളുടെ വേദനാജനകമായ കാഴ്‌ചയാണ്‌ പി. ലീലയുടെ
ജീവിത കഥകയിലൂടെ രവിമേനോന്‍ അവതരിപ്പിക്കുന്നത്‌.
എക്കാലത്തേക്കും മലയാളിക്ക്‌ മനസ്സില്‍ താലോലിക്കാന്‍
പാകത്തില്‍ കുറേ പാട്ടുകള്‍ നല്‍കിയ ഈ അനശ്വര ഗായികയെ
പുതിയ തലമുറയിലെ ആളുകള്‍ വേദനിപ്പിക്കുന്നതിന്‌ രവിമേനോന്‍
നേരിട്ട്‌ സാക്ഷിയാകുന്നുണ്ട്‌. പഴയ തലമുറയിലേയും
പുതിയ തലമുറയിലേയും ഗായകര്‍ അണി നിരന്ന ചടങ്ങില്‍
സംഘാടകരോട്‌ അവര്‍ക്കൊരു സീറ്റ്‌ കൊടുക്കാന്‍ ഗ്രന്ഥകാരന്‍ ആവശ്യപ്പെടുന്നു.
`സാറേ അങ്ങോട്ട്‌ നോക്കിയേ.. ആ കുട്ടി വരെ നില്‍ക്കുകയാ.. പിന്നെയാ ഇവര്‍'
-വേദിയില്‍ നിന്നിരുന്ന അടിപൊളിപ്പാട്ടുകാരിയെ
ചൂണ്ടി ഭാരവാഹി പറയുമ്പോള്‍ വായനക്കാരനും ഞെട്ടിപ്പോകുന്നു.
സംഗീതത്തിനുവേണ്ടി ദാമ്പത്യ ജീവിതം പോലും വേണ്ടെന്ന്‌
വെച്ച ഒരു ഗായികയാണ്‌ ഇവ്വിധം അപമാനിക്കപ്പെടുന്നത്‌.

ഭാവ സുന്ദരമായ ഒരു പാട്ട്‌ എങ്ങിനെയാണ്‌ മനുഷ്യ മനസ്സുകളെ സ്വാധീനിക്കുന്നതെന്ന്‌
ഒന്നിലധികം ഉദാഹരങ്ങളിലൂടെ രവിമേനോന്‍ വരച്ചു കാട്ടുന്നുണ്ട്‌.
യാത്രക്കാരാ പോകുക പോകുക, ജീവിത യാത്രക്കാരാ.. എന്ന പി.ബി. ശ്രീനിവാസന്റെ
പാട്ട്‌ ഒരുദാഹരണം. ആ ഗാനം പുറത്തിറങ്ങി ഏറെക്കഴിയും മുമ്പ്‌
കേരളത്തില്‍ നിന്നു ശ്രീനിവാസിന്‌ ഒരെഴുത്തു കിട്ടി. ജീവിത നൈരാശ്യത്തിന്റെ
പാര്യമത്തില്‍ ആത്മഹത്യക്ക്‌ തയാറെടുത്ത ഒരു യുവാവിന്റെ എഴുത്ത്‌.
ഗാനത്തിന്റെ ചരണത്തിലെ ഒരു വഴിയടയുമ്പോള്‍ ഒമ്പതു വഴി തുറക്കുമെന്ന
ചിന്തോദ്ദീപകമായ ഒരൊറ്റ വരിയാണ്‌ തന്നെ ആത്മഹത്യയില്‍ നിന്ന്‌
പിന്തിരിപ്പിച്ചതെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ആ വരികളും
അവയുടെ ആലാപനവും അത്ര അയാളെ സ്വാധീനിച്ചു പോലും.
എന്തിനു കവിളില്‍ ബാഷ്‌പധാര സ്റ്റേജില്‍ പാടി കോഴിക്കോട്‌ അബ്ദുല്‍ ഖാദര്‍
സദസ്സിനെ കണ്ണീരണിയിച്ച അനുഭവം അദ്ദേഹത്തിന്റെ
മകന്‍ നജ്‌മല്‍ ബാബു അയവിറക്കുന്നുണ്ട്‌. സ്വന്തം ഹൃദയത്തിന്‍ ഉള്ളറയില്‍,
എന്റെ സ്വപ്‌നത്തെ അടക്കിയ കല്ലറയില്‍ എന്ന ഗാനത്തിന്റെ
റെക്കോര്‍ഡിംഗ്‌ വേളയില്‍ യേശുദാസിന്റെ അമ്മ എലിസബത്ത്‌
പൊട്ടിക്കരഞ്ഞു.

അര്‍ജുനന്‍ മാഷ്‌ ഈണം പകര്‍ന്ന്‌ പിക്‌നികിനുവേണ്ടി
വാണി ജയറാമും യേശുദാസും പാടിയ വാല്‍ക്കണ്ണെഴുതി
വനപുഷ്‌പം ചൂടി എന്ന പാട്ടിന്റെ സംഗീതം ചിത്രത്തിന്റെ
സംവിധായകനും നിര്‍മാതാവിനും തീരെ ഇഷ്‌ടപ്പെട്ടിരുന്നില്ലെന്ന്‌
കേട്ടാല്‍ വിശ്വാസം വരുമോ? പല ഈണങ്ങളിട്ടെങ്കിലും ഒന്നും
പിടിക്കാത്ത അവരുടെ മുന്നില്‍ ഒടുവില്‍ ഈ ഈണവും പറ്റില്ലെങ്കില്‍
വേണ്ടെന്ന്‌ ദേഷ്യപ്പെട്ട്‌ മടങ്ങാനിരിക്കുകയായിരുന്നുവത്രെ അര്‍ജുനന്‍ മാഷ്‌.
ആ പാട്ടാണ്‌ ഇന്നും മലയാളി മൂളി നടക്കുന്നതെന്ന്‌ ഗ്രന്ഥം ചൂണ്ടിക്കാട്ടുന്നുണ്ട്‌.
ഈണത്തിനൊത്തു പാട്ടെഴുതാന്‍ വിസമ്മതിച്ച വയലാര്‍ പിണങ്ങിപ്പോയിരുന്നുവെങ്കില്‍
ചെമ്മീനിലെ നിത്യഹരിത ഗാനങ്ങളുടെ വരികള്‍ക്ക്‌ അത്രയും ചന്തമുണ്ടാകുമായിരുന്നുവോ?
രാമു കാര്യാട്ടും സലില്‍ ചൗധരിയും പറഞ്ഞതനുസരിച്ച്‌ ശ്യം അറിയാവുന്ന മലയാളത്തില്‍
ഒരു ദിവസം മുഴുവന്‍ മെനക്കെട്ടാണ്‌ വയലാറിന്റെ മനസ്സ്‌ മാറ്റുന്നതെന്ന്‌ കാറ്റില്‍
തേന്‍മഴയായ്‌ എന്ന അധ്യായത്തില്‍ രവിമോനോന്‍ എഴുതുന്നു.
യേശുദാസും പി. സുശീലയും ഹൃദയം പകര്‍ന്നു പാടിയ ഏഴിലം പാല പൂത്തു
പൂമരങ്ങള്‍ കുട പിടിച്ചു എന്ന പാട്ടിന്‌ സംഗീതം പകര്‍ന്ന വേദ്‌പാല്‍ വര്‍മ്മ
എന്ന ഉത്തരേന്ത്യക്കാരനെ രവി ഓര്‍മിപ്പിക്കുന്നുണ്ട്‌.
ആരണ്യകത്തിലെ ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലില്‍, ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ
എന്നീ ഹിറ്റുകള്‍ പകര്‍ന്നു തന്ന രഘുനാഥ്‌ സേത്ത്‌, ഓരോ മലയാള
ചിത്രങ്ങളുടെ ടൈറ്റിലുകളില്‍ പ്രത്യക്ഷപ്പെട്ട്‌ കടന്നുപോയ കനുഘോഷ്‌,
രാജ്‌കമല്‍ എന്നിവരെ പഴയ തലമുറക്കാരെ ഓര്‍മപ്പെടുത്തുകയും
പുതിയവരെ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്‌.
മൂളിപ്പാട്ടു പാടാന്‍ അറിയാവുന്നവരെപ്പോലും ഗാനഗന്ധര്‍വന്മാരാക്കാന്‍
കഴിവുള്ള അഭൂതപൂര്‍വമായ സാങ്കേതിക വളര്‍ച്ചയുടെ കാലത്ത്‌
യഥാര്‍ഥ ഗാനഗന്ധര്‍വനും പാട്ടിന്റെ പൂങ്കുയിലുകള്‍ക്കുമൊന്നും
ഒരു പ്രസക്തിയുമില്ലെന്ന്‌ ഗ്രന്ഥകാരന്‍ രോഷം കൊള്ളുന്നുണ്ട്‌.
ഗായകശബ്‌ദത്തിന്റെ ഫ്രഷ്‌നസ്‌ യന്ത്രങ്ങളുടെ കടന്നാക്രമണത്തില്‍
അപ്രസക്തമായിക്കൊണ്ടിരിക്കുന്നുവെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പഴയ തലമുറയിലെ സംഗീത സംവിധായകര്‍ കാര്യമായ പ്രതിഫലമൊന്നും
വാങ്ങാതെ അനശ്വരമാക്കിയ ഈണങ്ങള്‍ പുതിയ തലമുറയില്‍പെട്ട
ചിലര്‍ നിര്‍ദയം സ്വന്തമാക്കുമ്പോള്‍ ഖിന്നനായിരുന്ന ദേവരാജന്‍ മാഷുടെ
രോഷവും ദുഃഖവും രവിമേനോന്‍ നമ്മെ അനുഭവിപ്പിക്കുന്നു.

പുതിയ തലമുറക്ക്‌ പരിചയപ്പെടുത്താനെന്ന വ്യാജേന ഏതെങ്കിലും
വിവരദോഷിയായ സിനിമാക്കാരന്‍ നമുക്ക്‌ പ്രിയപ്പെട്ട പാട്ടുകള്‍ റിമിക്‌സ്‌
ചെയ്‌ത്‌ വികലമാക്കരുതേ എന്ന്‌ പുസ്‌തകം വായിച്ചു തീരുമ്പോള്‍
ഗ്രന്ഥകാരനോടൊപ്പം നമ്മളും പ്രാര്‍ഥിച്ചു പോകും.

പാട്ടു കേള്‍ക്കുന്നവരെല്ലാം വായിച്ചിരിക്കേണ്ട പുസ്‌തകമാണിത്‌.
ഓരോ പാട്ടിനും പുതിയ ആസ്വാദനം സാധ്യമാകും അപ്പോള്‍.
ചാനലുകളിലെ പാട്ടുപരിപാടികളുടെ അവതാരകരും മാധ്യമ പ്രവര്‍ത്തകരും
ഗാനമേളകളുടെ സംഘാടകരുമൊക്കെ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്‌ത്‌കം.
എന്നാല്‍ സ്വന്തമെന്ന പദത്തിനെന്തര്‍ഥം അധ്യായത്തില്‍ രവിമേനോന്‍
ചൂണ്ടിക്കാണിക്കുന്നതുപോലുള്ള അബദ്ധങ്ങള്‍ ആര്‍ക്കും പറ്റില്ല.
ഇത്തരക്കാരുടെ വിവരക്കേടുകൊണ്ട്‌ ശ്രീകുമാരന്‍ തമ്പിയെപ്പോലുള്ളവര്‍
വേദനിക്കേണ്ടിയും വരില്ല.

എങ്ങിനെ നാം മറക്കും
രവി മേനോന്‍
ഒലിവ്‌
വില 100.00
പേജ്‌ 202

Monday, June 30, 2008

വരച്ച വരയ്കപ്പുറത്തെ ജെ.ആര്‍. പ്രസാദ്

സുഭാഷ് ചന്ദ്രന്‍ തയാറാക്കിയ വരപ്രസാദം എന്ന പുസ്തകത്തിന്‍റെ
ആസ്വാദനമാണിത്. ഇതിന്‍റെ പി.ഡി.എഫ് കോപ്പിഇവിടെ വായിക്കാം.
(മലയാളം ന്യൂസ് ‍ഞായറാഴ്ചയില്‍ പ്രസിദ്ധീകരിച്ചത്)








``ടൈപ്പ്‌ റൈറ്റിംഗ്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്‌ മുന്നില്‍ സ്ഥിരം
കണ്ടുമുട്ടാറുള്ള തെക്കേ ഷാരോത്തെ ശ്രീദേവിയെ
മനസ്സിലോമനിച്ച്‌ കുറെ ദിവസം രാത്രി തലയിണ
കെട്ടിപ്പിടിച്ച്‌ കിടന്നു. എന്നാല്‍ ഭഗവതിക്കെട്ടിലെ
സദ്യയുടെ ഊട്ടുപുരപ്പിന്നില്‍ പത്ത്‌ മിനിറ്റ്‌ ശ്രീദേവിയോട്‌
സംസാരിക്കാന്‍ സാധിച്ചതും ഗോവിന്ദവര്‍മ്മക്ക്‌
അവളെ മടുത്തു. പിന്നെ മൂളിപ്പാട്ട്‌ പാടാനും
ദീര്‍ഘനിശ്വാസമയക്കാനും മറ്റും മനസ്സില്‍ കൂട്ടു
നിന്ന സുന്ദരി പേര്‍ഷ്യക്കാരന്‍ പണിക്കരുടെ മകള്‍
ശോഭനയായിരുന്നു. ബാംഗ്ലൂര്‍ ക്രൈസ്റ്റ്‌ കോളേജില്‍ നിന്ന്‌
ബി.എസ്‌സിക്ക്‌ വന്നു ചേര്‍ന്ന അവളുടെ അടുത്ത സീറ്റിലിരുന്നു
അങ്കമാലി മുതല്‍ അതിരപ്പിള്ളി വരെ സ്റ്റഡി ടൂര്‍ നടത്തിയതും
ആ സ്വപ്‌ന കാമുകിയിലും അയാള്‍ അതൃപ്‌തനായി.''

കെ.പി. രാമനുണ്ണിയുടെ ജീവിതത്തിന്റെ പുസ്‌തകത്തില്‍ നിന്നുള്ള
ഒരു സന്ദര്‍ഭമാണിത്‌. ഗോവിന്ദനുണ്ണി ഊട്ടുപുരയുടെ
പിന്നില്‍ നിന്ന്‌ ശ്രീദേവിയോട്‌ സംസാരിക്കുന്നതും
ശോഭനയോടൊപ്പം അങ്കമാലി മുതല്‍ അതിരപ്പിള്ളി
വരെ ഒരേ സീറ്റിലിരുന്നു സ്റ്റഡി ടൂര്‍ നടത്തുന്നതും
വായനക്കാരന്‌ അതിന്റെ എല്ലാ നിറങ്ങളുടേയും
കടുകടുപ്പത്തില്‍ തന്നെ ഉള്‍പ്പുളകത്തോടെ
ഭാവനയില്‍ കാണാന്‍ പറ്റും. ജെ.ആര്‍. പ്രസാദ്‌ പക്ഷേ,
ഗോവിന്ദനുണ്ണിയുടെ സ്വപ്‌നത്തില്‍ വരുന്ന സുന്ദരിമാരെയാണ്‌
കാണുന്നത്‌. കൗമാരക്കാരന്റെ സ്വപ്‌നത്തില്‍ മാറി മാറി
പ്രത്യക്ഷപ്പെടുന്ന സുന്ദരിമാര്‍ക്ക്‌ പ്രത്യേകിച്ചൊരു മുഖത്തിന്റെ
ആവശ്യമില്ല. മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍
ജീവിതത്തിന്റെ പുസ്‌തകം വന്നപ്പോള്‍ അഞ്ചാമധ്യായത്തിലെ
സുന്ദരമായ ഈ സ്വപ്‌ന മുഹൂര്‍ത്തം (84:6)
വായനക്കാരന്റെ മനസ്സില്‍ തറച്ചത്‌ പ്രസാദിന്റെ
പെയിന്റിംഗിലൂടെയാണ്‌. ഗോവിന്ദനുണ്ണിയുടെ സ്വപ്‌നത്തില്‍ കൂടി
വായനക്കാരനെ പങ്കാളിയാക്കുകയാണ്‌ ചിത്രകാരന്‍.

സി. അനൂപിന്റെ കഥ `നെപ്പോളിയന്റെ പൂച്ച' ആഴ്‌ചപ്പതിപ്പില്‍
വന്നപ്പോള്‍ ആ കരിമ്പുച്ചയുടെ തുറിച്ചുനോട്ടം
വായനക്കാരനെ കൂടി പേടിപ്പിച്ചു, പ്രസാദിന്റെ ചിത്രത്തിലൂടെ.
ഉറങ്ങാനാതെ കഥാനായകന്‍ കിടക്കുകയാണ്‌.
`വിയര്‍ത്തൊട്ടിയ വസ്‌ത്രം. കൊതുകുകളുടെ മൂളിപ്പറക്കല്‍.
എത്ര കുടഞ്ഞിട്ടും കാഴ്‌ചയില്‍ നിന്ന്‌ ആ കരിമ്പൂച്ച പിന്നോട്ട്‌
പോകുന്നേയില്ല. രാത്രി നിശ്ശബ്‌ദതയില്‍ ജനാലക്കലിരുന്ന്‌
പൂച്ച എന്നെത്തന്നെ തുറിച്ചു നോക്കുന്നതെന്താകാം.
കണ്ണുകള്‍ അടച്ചു പിടിക്കാമെന്നു വെക്കാം.
പക്ഷേ, ഈ തക്കം നോക്കി കരിമ്പൂച്ച എന്റെ കഴുത്തിനു
നേരെ കുതിച്ചു ചാടിയാലോ?'വായന കഥയുടെ
ഈ ഭാഗത്തെത്തുന്നതിന്‌ മുമ്പ്‌ തന്നെ ആ കരിമ്പൂച്ച
വായനക്കാരന്റെ കഴുത്തിന്‌ നേരെ കുതിച്ചു
ചാടുന്നുണ്ട്‌ (84:8 പേജ്‌ 59).

അതാണ്‌ ആ വരയുടെ ശക്തി. എഴുത്തുകാരന്‍ വാക്കുകള്‍ കൊണ്ട്‌
വരച്ചിടുന്നതിനേക്കാള്‍ ശക്തമായി ആ ദൃശ്യം വായനക്കാരന്റെ
മനസ്സില്‍ അസ്സലു വര കൊണ്ടു തന്നെ വരച്ചിടാന്‍
ചിത്രകാരന്‌ കഴിയുന്നു. എഴുത്തുകാരന്‍ ആഗ്രഹിക്കുന്നതിനേക്കാള്‍
അപ്പുറമാണ്‌ ഈ വരകള്‍ ചെന്നെത്തുന്നത്‌.
അത്‌ എഴുത്തുകാരനെ കൂടുതല്‍ ആഹ്ലാദഭരിതനാക്കുന്നു.
ഉള്ളടക്കം നോക്കി കഥയുടെ പേജിലെത്തുന്ന വായനക്കാരനെ,
കഥയേക്കാള്‍ മുമ്പേ ഈ കരിമ്പൂച്ച കീഴടക്കുന്നുണ്ട്‌.
കവിതകളുടെ പശ്ചാത്തലത്തിലെ ദുര്‍ഗ്രാഹ്യമായ
(ഈ കുറിപ്പുകാരന്റെ മാത്രം അഭിപ്രായമാണ്‌) വരകള്‍
പോലെയായിരുന്നില്ല പ്രസാദ്‌ കഥകള്‍ക്കും നോവലുകള്‍ക്കും
വേണ്ടി ബ്രഷ്‌ ചലിച്ചിപ്പപ്പോള്‍. അനേകം ചെറുകഥകളും
ജീവിതത്തിന്റെ പുസ്‌തകത്തിനു പുറമെ സാറാ ജോസഫിന്റെ
ഒതപ്പ്‌, സേതുവിന്റെ അടയാളങ്ങള്‍, കെ.ആര്‍. മീരയുടെ
ആ മരത്തേയും മറന്നു മറന്നു ഞാന്‍ തുടങ്ങിയ
നോവലുകളില്‍ ആ വരയുടെ ശക്തിയും സൗന്ദര്യവും
വായനക്കാരന്‍ അനുഭവിച്ചു. എഴുത്തുകാരന്‍/എഴുത്തുകാരി
ഉദ്ദേശിച്ചതിനേക്കാള്‍ ആഴത്തില്‍ കഥാപാത്രങ്ങളും
കഥാസന്ദര്‍ഭങ്ങളും വായനക്കാരന്റെ മനസ്സിലേക്ക്‌ പ്രവേശിച്ചത്‌
ഈ വരകള്‍ വഴി തന്നെയാണ്‌.ആ വരകളുടെ ശില്‍പിയെ
കഥാകൃത്തായ സുഭാഷ്‌ ചന്ദ്രന്‍ അതിമനോഹരമായ വാക്കുകളില്‍
വരച്ചു വെച്ചിരിക്കുകയാണ്‌ വരപ്രസാദം എന്ന പുസ്‌തകത്തില്‍.
ചിത്രങ്ങളുടെ ചാരത്ത്‌ വലിയ അക്ഷരങ്ങളില്‍ കണ്ട പ്രസാദ്‌
എന്ന നാമത്തിന്റെ ഉടമയെ വായനക്കാരന്റെ/ ആസ്വാദകന്റെ മുന്നില്‍
പിടിച്ചു നിര്‍ത്തുകയാണ്‌ സുഭാഷ്‌ ചന്ദ്രന്‍. തന്റെ
തലമുറയില്‍ പെട്ടവരും അല്ലാത്തവരുമായ എഴുത്തുകാരുമായി
ഏറെ അടുപ്പം പുലര്‍ത്തുകയും ആ അടുപ്പം കാത്തു
സൂക്ഷിക്കുകയും ചെയ്യുന്ന ചിത്രകാരനെ വായനക്കാരുമായി
അടുപ്പിക്കുകയാണ്‌ ഈ കൃതി എന്നും പറയാം.

വരച്ച വരയുടെ അതിരുകളില്‍ ഒതുങ്ങിപ്പോകുമായിരുന്ന
ആ ജീവിതം അങ്ങനെ വായനക്കാരനു കൂടി സ്വന്തമാകുന്നു.
ആമുഖമായി ഗ്രന്ഥകാരന്‍ തന്നെ പറയുന്നതുപോലെ അഭിമുഖ
സംഭാഷണങ്ങള്‍ പുസ്‌തക രൂപത്തിലാകുമ്പോഴുള്ള വിരസത
വരപ്രസാദത്തിനില്ല.

`അഭിമുഖങ്ങളുടെ ചരിത്രത്തിലെ ഈ വഴിമാറി
നടത്തം' വായനക്കാരന്‌ ആസ്വദിക്കാന്‍ സാധിക്കുന്നുണ്ട്‌.
ചോദ്യങ്ങളില്ലാതെ, പ്രസാദിന്റെ ഭൂതകാല സ്‌മരണകള്‍
സ്വാഭാവികമായും അനര്‍ഗളമായി ഒഴുകി വരാന്‍ അനുവദിക്കുകയാണ്‌
അഭിമുഖക്കാരന്‍ ഇവിടെ ചെയ്‌തിട്ടുള്ളതെന്ന്‌
പുസ്‌തക വായന ബോധ്യപ്പെടുത്തും. വരകളുടെ
അരികില്‍ ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയ സപ്‌താക്ഷരികള്‍ക്കപ്പുറം
പ്രസാദ്‌ എന്ന കലാ സാഹിത്യ സാംസ്‌കാരിക
വ്യക്തിത്വത്തെയാണ്‌ വരപ്രസാദം പരിചയപ്പെടുത്തുന്നത്‌.
`മഹാകവിതകളില്‍ ഹരിശ്രീ കുറിച്ച ആ ചിത്രകാരന്‍
പിന്നെ പതിനായിരക്കണക്കിന്‌ കവിതകള്‍ക്ക്‌ വരയുടെ തിടമ്പുകള്‍
പണിതു കൊടുത്തു. പക്ഷേ ജെ.ആര്‍. പ്രസാദിന്റെ
കരിയറില്‍ അതൊരു ചെറുവിശേഷമേ ആകുന്നുള്ളൂ
എന്ന്‌ അദ്ദേഹത്തെ അടുത്തറിയുന്നവര്‍ മനസ്സിലാക്കുന്നു.
ഈ വര്‍ഷം മാതൃഭൂമിയില്‍ നിന്ന്‌ പിരിയുന്ന ജെ.ആര്‍. പ്രസാദ്‌
വരച്ച വരക്കപ്പുറത്ത്‌ നിര്‍വഹിച്ച അസാധാരണങ്ങളായ സര്‍ഗാത്മക
വെളിച്ചങ്ങള്‍ക്കു നേരെ പിടിച്ച ഒരു കണ്ണാടിയാണ്‌
ഈ സംഭാഷണ'മെന്ന്‌ ഗ്രന്ഥകാരന്‍ പറയുന്നുണ്ട്‌.


ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു കയ്യെഴുത്തു
മാസികയിലൂടെയാണ്‌ പ്രസാദിന്റെ കലാ സാഹിത്യ
പ്രവര്‍ത്തനം തുടങ്ങുന്നത്‌. പതിനൊന്ന്‌ വയസ്സുള്ള
തന്നിലെ പത്രാധിപരെ സഹായിക്കാന്‍ വേണ്ടി
പതിനൊന്ന്‌ വയസ്സുള്ള ചിത്രകാരനെ തന്നില്‍ തന്നെ
കണ്ടെത്തുകയായിരുന്നുവെന്ന്‌ പ്രസാദ്‌ പറയുന്നു.
പിന്നീട്‌ 1964 ല്‍ തുടങ്ങിയ രാഷ്ട്രശില്‍പി എന്ന കയ്യെഴുത്ത്‌
മാസികയിലൂടെ പ്രസാദ്‌ മറ്റൊരു കലാകാരനും
സാധിച്ചിട്ടില്ലാത്ത ലോകങ്ങള്‍ കീഴടക്കുകയായിരുന്നു.
മഹാനുഭാവന്മരായ എത്രയെത്ര എഴുത്തുകാരിലേക്കാണ്‌
രാഷ്‌ട്ര ശില്‍പിയുടെ താളുകളിലൂടെ പ്രസാദ്‌ കടന്നു ചെന്നത്‌!
അക്കാലത്ത്‌ പ്രസിദ്ധരായവരും എഴുതിത്തുടങ്ങുന്നവരും
പില്‍ക്കാലത്ത്‌ പ്രസിദ്ധരായവരും പിന്നീട്‌ ചിത്രത്തിലെങ്ങുമില്ലാതെ
അപ്രത്യക്ഷരായവരുമായ നിരവധി പേര്‍ രാഷ്‌ട്രശില്‍പിക്ക്‌ കഥയും കവിതകളും ലേഖനങ്ങളും കൊടുത്തു. അല്ലാത്തവര്‍ പ്രസാദുമായി കത്തിടപാടുകളെങ്കിലും നടത്തി.


അടുപ്പമുണ്ടായിരുന്നവരുമായി നടത്തിയ കത്തിടപാടുകളുടെ
സാക്ഷ്യം വരപ്രസാദത്തിലുണ്ട്‌. പ്രിയപ്പെട്ട എഴുത്തുകാരുടെ
കൈപ്പടയിലുള്ള കത്തുകള്‍ പുസ്‌തകത്തില്‍ ചേര്‍ത്തിരിക്കുന്നു.
കത്തുകളും കുറിപ്പുകളും ചിത്രങ്ങളും ഉള്‍ക്കൊള്ളുന്ന
ഈ പുസ്‌തകം തന്നെപ്പോലുള്ളവര്‍ക്ക്‌ ഓര്‍മകളെ
തിരിച്ചുപിടിക്കാനുള്ളതും പുത്തന്‍ തലമുറക്ക്‌ സൗഹൃദത്തിന്റേയും
സ്‌നേഹത്തിന്റേയും സര്‍ഗാത്മകമായ ആ കാലത്തെ അറിയാനുള്ളതുമാണെന്ന്‌ അവതാരികയില്‍ എം. മുകുന്ദന്‍ എഴുതുന്നു.
എന്‍.എസ്‌. മാധവനോടൊപ്പം മാതൃഭൂമി വിഷുപ്പതിപ്പിലെ
കഥാ മത്സരത്തില്‍ സമ്മാനം നേടിയ എരുമേലിയിലെ
മറിയാമ്മയെക്കുറിച്ചുള്ള ഓര്‍മകള്‍ ചിലപ്പോള്‍
മറിയാമ്മക്കു പോലും ഓര്‍മയുണ്ടോ എന്ന്‌ സംശയമാണ്‌.
അങ്ങനെയൊരു കഥാകാരിയെ പുതിയ തലമുറയില്‍ ആര്‍ക്കറിയാം?
മലയാളികളുടെ സാംസ്‌കാരിക ജീവിതത്തിലെ
ഒരു കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്ന ഈ പുസ്‌തകത്തില്‍
പ്രത്യക്ഷപ്പെടുന്ന പ്രമുഖര്‍ നിരവധിയാണ്‌. ജി. ശങ്കരക്കുറുപ്പ്‌,
ലളിതാംബിക അന്തര്‍ജനം, വൈക്കം മുഹമ്മദ്‌ ബഷീര്‍,
എം. ഗോവിന്ദന്‍. ഒ.വി. വിജയന്‍, പത്മരാജന്‍, വി.കെ.എന്‍,
എം.ടി. വാസുദേവന്‍ നായര്‍, എം. മുകുന്ദന്‍, കാക്കനാടന്‍, കോവിലന്‍,
കുഞ്ഞുണ്ണി മാഷ്‌, പുനത്തില്‍ കുഞ്ഞബ്ദുല്ല, എന്‍. മോഹനന്‍,
മാധവിക്കുട്ടി, സേതു, ആര്‍. സുകുമാരന്‍, നെടുമുടി വേണു,
മോഹന്‍ലാല്‍. അക്‌ബര്‍ കക്കട്ടില്‍, സത്യന്‍ അന്തിക്കാട്‌,
ജി. കാര്‍ത്തികേയന്‍, എന്‍.എല്‍. ബാലകൃഷ്‌ണന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌,
കെ.ജി ശങ്കരപ്പിള്ള, എന്‍.എസ്‌. മാധവന്‍, എന്‍.വി. കൃഷ്‌ണവാര്യര്‍
തുടങ്ങി അനവധി എഴുത്തുകാരുടെ സൗഹൃദം രാഷ്‌ട്രശില്‍പി നേടിക്കൊടുത്തു.
പലരോടും കത്തുകളിലൂടെ മാത്രമായിരുന്നു ബന്ധം.
നേരില്‍ കാണാന്‍ കിട്ടിയ അവസരങ്ങള്‍ പോലും
ഉപയോഗപ്പെടുത്തിയില്ലെന്ന്‌ മാത്തോട്ടം മീന്‍ ചാപ്പയില്‍
വൈക്കം മുഹമ്മദ്‌ ബഷീറിനെ കണ്ട രംഗം
അയവിറക്കിക്കൊണ്ട്‌ പ്രസാദ്‌ പറയുന്നു. രാഷ്‌ട്ര ശില്‍പിയില്‍
പ്രസിദ്ധീകരിച്ച പ്രമുഖരുടെ സൃഷ്‌ടികളും തീരെ വെളിച്ചം
കാണാത്ത ചില സൃഷ്‌ടികളും ഈ പുസ്‌തകത്തില്‍
ഉള്‍ക്കൊള്ളിച്ചത്‌ വായനക്കാര്‍ക്ക്‌ വലിയ മുതല്‍ക്കൂട്ടാകും.


ഒരിടത്തൊരു ഫയല്‍വാന്‍, പാദമുദ്ര, രാജശില്‍പി തുടങ്ങിയ
ചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ഓര്‍മകളും
പുസ്‌തകത്തിലുണ്ട്‌. സിനിമയോ ആഴ്‌ചപ്പതിപ്പോ എന്ന
എന്‍.വി. കൃഷ്‌ണവാര്യരുടെ ചോദ്യത്തിനു ശേഷമാണ്‌
പ്രസാദ്‌ ആഴ്‌ചപ്പതിപ്പ്‌ തെരഞ്ഞെടുക്കുന്നത്‌.
അവിടെ ഉറച്ചു നിന്നത്‌.


സമകാലീനരായ എഴുത്തുകാരോടും ചിത്രകാരന്മാരോടും
പ്രസാദ്‌ കാത്തു സൂക്ഷിക്കുന്ന സ്‌നേഹവും ബഹുമാനവും
പുതിയ കാലത്ത്‌ വല്ലാത്ത അനുഭൂതിയായി ഈ പുസ്‌കതത്തില്‍
അനുഭപ്പെടും. പ്രസാദിന്റെ മേശപ്പുറത്തെ കണ്ണാടിച്ചില്ലിനു
കീഴെ അവരുടെ ചിത്രങ്ങളുടെ ദൃശ്യം അതാണ്‌ സൂചിപ്പിക്കുന്നത്‌.
ഇളംതലമുറയിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാന്‍
അദ്ദേഹം നടത്തുന്ന ശ്രമങ്ങളും അങ്ങനെ തന്നെ.
ജലച്ചായവും ജലസിയും അധികം ഉപയോഗിച്ചിട്ടില്ല
കലാകാരന്‍ എന്ന്‌ ഗ്രന്ഥകാരന്‍.റിട്ടയര്‍ഡ്‌ ജീവിതത്തില്‍
വരാനിരിക്കുന്നത്‌ വരയുടെ കാലമായാലും സിനിമയുടെ
പിന്നണിക്കാലമായാലും വായനക്കാരന്റെ മനസ്സില്‍
പ്രസാദിന്റെ വരകള്‍ മായാതെ നില്‍ക്കും. ആ നിറങ്ങള്‍
അവിടെ തെളിഞ്ഞു കത്തും.

ആ നിറങ്ങളുടെ അഴക്‌ മായാതെ
മനസ്സില്‍ നില്‍ക്കുന്ന അനുഭവങ്ങളാണ്‌ പ്രിയ എ.എസും കെ.ആര്‍. മീരയും
പുസ്‌തകത്തില്‍ അനുബന്ധമായി ചേര്‍ത്ത കുറിപ്പുകളില്‍ പറയുന്നത്‌.
ആ മരവും മറന്ന്‌ മറന്ന്‌ എന്ന നോവലിന്‌ പ്രസാദ്‌ വരച്ച
ചിത്രങ്ങള്‍ എഴുത്തുകാരിയെന്ന നിലയില്‍ പകര്‍ന്നുതന്ന
അനുഭൂതിയാണ്‌ മീര പകര്‍ത്തുന്നത്‌.
കടുത്ത നിറങ്ങള്‍ ചാലിച്ച വരകള്‍ക്കപ്പുറത്തെ പച്ചയായ
മനുഷ്യനെ കൂടി ഈ കൃതി നമുക്ക്‌ കാണിച്ചു തരുന്നു.

എഴുത്തുകാരന്‍ വാക്കുകള്‍ കൊണ്ട്‌ വരച്ച ദൃശ്യങ്ങളെ
നിറങ്ങളിലേക്ക്‌ ആവാഹിക്കുമ്പോഴുള്ള അനുഭവങ്ങള്‍
കൂടി പ്രസാദിനോട്‌ ചോദിച്ചറിഞ്ഞ്‌ പകര്‍ത്താമായിരുന്നു.
കാരണം, വായനക്കാരനെ നേരിട്ട്‌ ബാധിക്കുന്ന സംഗതി
എഴുത്തുകാരനും ചിത്രകാരനും തമ്മിലുണ്ടാകാവുന്ന
ഈ ആത്മബന്ധമാണല്ലോ. ഈ ആത്മബന്ധം തന്നെയാണല്ലോ
വരകളായി എഴുത്തുകാരന്റെ സങ്കല്‍പ ലോകത്തെ
മൂര്‍ത്ത രൂപമായി വായനക്കാരന്റെ മനസ്സിലേക്ക്‌ എത്തിക്കുന്നതും.


വരപ്രസാദം(ജെ.ആര്‍. പ്രസാദിന്റെ കലയും ജീവിതവും)
സുഭാഷ്‌ ചന്ദ്രന്
‍പേജ്‌ 130
വില 75 രൂപ

Tuesday, June 17, 2008

അയ്യനേത്തിന്‌ ആദരാജ്ഞലി

കൗമാര വായനകളെ ത്രസിപ്പിച്ച അയ്യനേത്ത്‌ ഓര്‍മയാകുന്നു.
ഒരു വാഹനാപകടമായി വിധി അദ്ദേഹത്തെ തട്ടിയെടുത്തു.
വാഹനമിടിച്ച്‌ ചോരവാര്‍ന്ന്‌ റോഡില്‍ കിടക്കുമ്പോള്‍ ആരും
ആ വലിയ എഴുത്തുകാരനെ തിരിച്ചറിഞ്ഞില്ല.
മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ യഥാസമയം
ചികിത്സ കിട്ടാനും വൈകി. ആരുടെയും പരഗണനക്കായി
കാത്തുനില്‍ക്കാത്ത ആ എഴുത്തുകാരനായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ കപട മുഖത്തെ നോവലുകളിലൂടെ
പിച്ചി ചീന്തിയ അയ്യനേത്ത്‌ ഏറെ ജനപ്രീതി നേടിയ
നോവലിസ്‌റ്റാണ്‌.
ജീവിഗ ഗന്ധിയായ നിരവധി ചെറുകഥകളും
അദ്ദേഹത്തിന്റേതായുണ്ട്‌.
സെക്‌സ്‌ എഴുതുന്നയാള്‍ അദ്ദേഹത്തെ കൊച്ചാക്കാന്‍
ശ്രമിക്കുന്നവര്‍ പോലും ആര്‍ത്തിയോടെ അദ്ദേത്തിന്റെ
നോവലുകള്‍ വായിക്കുന്നത്‌ കണ്ടിട്ടുണ്ട്‌.
മറ്റൊന്നും വായിക്കാത്തവര്‍ പോലും അയ്യനേത്തിന്റെ
നോവലിനായി മാത്രം കേരള ശബ്ദത്തിനായി
വായനശാലകള്‍ കയറിയിറങ്ങുന്നതും കണ്ടിട്ടുണ്ട്‌.
മതാചാരങ്ങളേയും പൗരോഹിത്യത്തേയും
എക്കാലവും എതിര്‍ത്ത അയ്യനേത്തിന്റെ
ശവസംസ്‌കാരത്തിലും അതൊന്നുമുണ്ടായില്ല.
ജനപ്രിയ നോവലുകളിലൂടെ സമൂഹത്തിന്റെ മുഖംമൂടി
എടുത്തുമാറ്റുന്ന യുക്തിചിന്താപരമായ നിരീക്ഷണമായിരുന്നു
അദ്ദേഹം അവതരിപ്പിച്ചത്‌.
നോവലുകളിലൂടെ അദ്ദേഹം രാഷ്‌ട്രീയത്തിന്റെ
പൊയ്‌മുഖങ്ങളെയും പൗരോഹിത്യത്തിന്റെ ചൂഷണത്തേയും
അവതരിപ്പിച്ചു. സിനിമാ രംഗത്തെ ചൂഷണങ്ങളേയും
അദ്ദേഹം തന്റെ നോവലില്‍ അദ്ദേഹം തുറന്നു കാട്ടി.
മനുഷ്യാ നീ മണ്ണാകുന്നു, ദ്രോഹികളുടെ ലോകം
തുടങ്ങിയ അദ്ദേഹത്തിന്റെ നോവലുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
വാഴ്‌വേമായവും ചൂതാട്ടവുമൊക്കെ സിനിമ എന്ന നിലയിലും
വന്‍ ഹിറ്റായിരുന്നു. ഔദ്യോഗിക ജീവിതത്തില്‍നിന്ന്‌ വിരമിച്ച
ശേഷം തിരുവനന്തപുരത്ത്‌ അദ്ദേഹം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

മുട്ടത്ത്‌ വര്‌ക്കിയെ അദ്ദേഹം മരിച്ച്‌ കാലങ്ങള്‍ക്കുശേഷമാണ്‌
നമ്മുടെ വരേണ്യ എഴുത്തുകാരും മറ്റും അംഗീകരിക്കാന്‍ തുടങ്ങിയത്‌.
അദ്ദേഹത്തിന്റെ പേരിലുള്ള വലിയ തുകയുടെ
അവാര്‍ഡ്‌ വന്ന ശേഷമെന്ന്‌ പറയാം.
അയ്യനേത്തിനും അങ്ങിനെയൊരു കാലം വരുമായിരിക്കും.
ആ മഹാനുഭാവന്‌ ആദരാജ്ഞലി.

Monday, June 9, 2008

യതീമിന്‍റെ നാരങ്ങാമിഠായി

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ജൂണ്‍ ആദ്യവാരം പ്രസിദ്ധീകരിച്ച എന്‍റെ ഒരു കുറിപ്പ് ആഴ്ചപ്പതിപ്പ് കാണാത്തവര്‍ക്കായി ഇവിടെ സമര്‍പ്പിക്കുന്നു.













Monday, May 19, 2008

ഹദീല്‍ സ്വര്‍ഗ്ഗത്തിന്റെ പടവുകളില്

‍ഹദീല്‍ അല്‍ ഹുദൈഫ്‌ ഇന്ന്‌ നമ്മോടൊപ്പമില്ല.
അറബിയിലെ ബ്ലോഗര്‍ സമൂഹത്തിന്‌ വലിയ
നഷ്‌ടം വരുത്തി ധീരയായ ആ ബ്ലോഗര്‍
നമ്മെ വിട്ടുപിരഞ്ഞു. സൗദി അറേബ്യയില്‍
ഏറ്റവും അറിയപ്പെടുന്ന ബ്ലോഗറായിരുന്നു
ഹദീല്‍ അല്‍ ഹുദൈഫ്‌ എന്ന ഇരുപത്തഞ്ചുകാരി.
അപ്രതീക്ഷിതമായി ഒരിക്കല്‍ കുഴഞ്ഞു വീണ ഹദീല്‍
പിന്നെ കിടക്കവിട്ടെണീറ്റില്ല.
ബ്ലോഗര്‍മാരും വായനക്കാരും സുഹൃത്തുക്കളും
അകം നൊന്തു പ്രാര്‍ഥിച്ചുവെങ്കിലും കഴിഞ്ഞ
വെള്ളിയാഴ്‌ച അവര്‍ യാത്രയായി.

ബ്ലോഗില്‍, നമുക്കറിയാം പലരും വ്യാജപേരുകളും
വ്യാജ പ്രൊഫൈലുകളുമായാണ്‌ പ്രത്യക്ഷപ്പെടുന്നത്‌.
സൗദി അറേബ്യ പോലൊരു രാജ്യത്ത്‌ സ്വന്തം പേരും
വിലാസവും ഉപയോഗിച്ച്‌ ശക്തമായ
അഭിപ്രായ പ്രകടനങ്ങളും സാമൂഹിക വിമര്‍ശനങ്ങളുമായി
ബ്ലോഗില്‍ നിറഞ്ഞു നിന്നുവെന്നതാണ്‌ ഹദീല്‍ എന്ന
ചെറുപ്പക്കാരിയെ വ്യത്യസ്‌തയാക്കുന്നത്‌.

സ്വര്‍ഗ്ഗത്തിന്റെ പടവുകള്‍
എന്നതായിരുന്നു അവരുടെ ബ്ലോഗിന്റെ പേര്‌.
നിഴല്‍നാടകം കളിക്കാതെ, നേരിട്ട്‌ പ്രത്യക്ഷപ്പെട്ട്‌
തങ്ങളുടെ ബ്ലോഗുകള്‍ സാമൂഹിക പ്രാധാന്യമുള്ള
വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ധീരമായ ഒരിടമാക്കി
മാറ്റാന്‍ അവര്‍ എപ്പോഴും സഹബ്ലോഗര്‍മാരായ വനിതകളെ വെല്ലുവിളിച്ചിരുന്നു.

വെറുതെ, വ്യക്തിപരമായ ഡയറിക്കുറിപ്പുകളും
നേരമ്പോക്കുകളും എഴുതിപ്പിടിപ്പിക്കാതെ,
സാമൂഹിക പ്രധാന്യമുള്ള വിഷയങ്ങളിലേക്ക്‌ കടന്നു വരാന്‍
സൗദി വനിത ബ്ലോഗര്‍മാര്‍ തയാറാകണമെന്ന്‌
ഒരു വര്‍ഷം മുമ്പ്‌ അറബ്‌ ന്യൂസ്‌ പത്രത്തിന്‌ അനുവദിച്ച
ഒരഭിമുഖത്തില്‍ ഹദീല്‍ ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി.
സൗദി അറേബ്യയില്‍ സ്വതന്ത്ര മാധ്യമമെന്ന പുതിയ
അവസരമാണ്‌ ബ്ലോഗുകള്‍ പ്രദാനം ചെയ്യുന്നത്‌.
സ്ഥാപനവല്‍ക്കരിക്കപ്പെട്ട പത്രങ്ങളേയും ടെലിവിഷന്‍ ചാനലുകളേയും
നേരിടാനുള്ള അവസരം. യഥാര്‍ഥത്തില്‍ അറിയേണ്ട
വസ്‌തുതകള്‍ ജനങ്ങളെ അറിയിക്കാനുള്ള ഒരിടം
-ഹദീല്‍ തുറന്നു പറയുകയുണ്ടായി.
അല്‍ ജസീറ, സൗദി ചാനല്‍ വണ്‍ തുടങ്ങിയ
ചാനലുകളില്‍ നേരിട്ട്‌ പ്രത്യക്ഷപ്പെട്ടും അവര്‍ തന്റെ
അഭിപ്രായങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ്‌ യൂനിവേഴ്‌സിറ്റി
കഴിഞ്ഞ വര്‍ഷം, അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച്‌
പ്രഭാഷണം നടത്താന്‍ ഹദീലിനെ ക്ഷണിച്ചിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതില്‍
സൗദി ബ്ലോഗുകളുടെ പങ്ക്‌ എന്നതായിരുന്നു
ഹദീല്‍ കൈകാര്യം ചെയ്‌ത വിഷയം.
റിയാദ്‌ ലിറ്റററി ക്ലബ്ബില്‍ നടന്ന മറ്റൊരു പരിപാടിയിലും
അവര്‍ വനിതാ ബ്ലോഗുകളുടെ സാധ്യതകളെക്കുറിച്ച്‌
പ്രഭാഷണം നടത്തിയിരുന്നു. പൊതുജനാഭിപ്രായം
സ്വൂരൂപിക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്താന്‍
ബ്ലോഗുകളിലൂടെ വനിതകള്‍ക്ക്‌ കഴിയുമെന്നായിരുന്നു
ഹദീലിന്റെ വാദം.
കഴിഞ്ഞ വര്‍ഷം ബ്ലോഗിന്റെ പേരില്‍ സൗദിയില്‍
അറസ്റ്റിലായ ഫുആദ്‌ അല്‍ ഫര്‍ഹാനെ മോചിപ്പിക്കാന്‍
ശക്തമായി രംഗത്തിറങ്ങിയത്‌ ഈ വനിതാ ബ്ലോഗറായിരുന്നു.
ഫ്രീ ഫുആദ്‌ എന്ന പേരില്‍ ഒരു വെബ്‌സൈറ്റ്‌ തന്നെ തുറന്നു അവര്‍.
സമാന ചിന്താഗതിക്കാരുടെ ഒരു കൂട്ടായ്‌മ തന്നെ
ഇതിലൂടെ അവര്‍ ഉണ്ടാക്കിയെടുത്തു.പല സൗദി ബ്ലോഗര്‍മാരും
അഞ്‌ജാത നാമാക്കളായി രംഗത്തെത്തിയപ്പോള്‍
ബി.ബി.സിയുടെ അറബി ചാനലില്‍ നേരിട്ട്‌ പ്രത്യക്ഷപ്പെട്ട്‌
ഹദീല്‍ ധീരതയോടെ ഫുആദിനുവേണ്ടി വാദിച്ചു.
നാല്‌ മാസത്തെ തടവിനുശേഷം കഴിഞ്ഞ മാസമാണ്‌
ഫുആദിനെ വിട്ടയച്ചത്‌.
ദെയര്‍ ഷാഡോസ്‌ ഡോണ്ട്‌ ഫോളോ ദെം
(നിഴലുകള്‍ അവരെ പിന്തുടരുന്നില്ല) എന്ന പേരില്‍
ഹദീലിന്റെ ചെറുകഥാ സമാഹാരം അറബിയില്‍
പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

കിംഗ്‌ സഊദ്‌ സര്‍വകാലാശാലയിലെ പുരുഷ വിഭാഗത്തില്‍
കഴിഞ്ഞ വര്‍ഷം ഹദീലിന്റെ ഹു ഫിയേഴ്‌സ്‌ ദ ഡോര്‍സ്‌
(വാതിലുകളെ ആര്‍ക്കാണ്‌ പേടി?) എന്ന നാടകം
അവതരിപ്പിക്കുകയുണ്ടായി.
ആ നാടകം കാണാന്‍ വനിതയായതിനാല്‍
ഹദീലിന്‌ അനുവാദമുണ്ടായിരുന്നില്ല.
ഓഡിറ്റോറിയത്തിന്റെ വാതിലുകള്‍ ഹദീലിന്‌ മുന്നില്‍ അടഞ്ഞു.
നാടകകൃത്തായിട്ടും തന്റെ നാടകം കാണാന്‍
അനുവാദം ലഭിക്കാത്തതിനെ തന്റെ ബ്ലോഗില്‍
ഹദീല്‍ രൂക്ഷമായി വിമര്‍ശിച്ചു.
സ്‌ത്രീ-പുരുഷ വേര്‍തിരിവിന്റെ കാര്യത്തില്‍
സര്‍വകലാശാല കടുത്ത നിഷ്‌കര്‍ഷകള്‍ പുലര്‍ത്തിയിരുന്നു.
എന്റെ നാടകം എങ്ങിനെയാണ്‌ അവതരിപ്പിക്കപ്പെട്ടത്‌
എന്ന്‌ എന്നെയറിയിക്കാന്‍ പുരുഷ പ്രേക്ഷകരോട്‌
ഞാന്‍ യാചിക്കേണ്ടി വരുമെന്ന്‌ ഞാന്‍ കരുതുന്നു. സ്‌ത്രീകളുടെ
സാന്നിധ്യം ആര്‍ക്കും അലര്‍ജിയുണ്ടാക്കാത്ത വിധം നടക്കുന്ന
ഒരു സാംസ്‌കാരിക ചടങ്ങില്‍ പങ്കെടുക്കാന്‍ എനിക്ക്‌
കഴിയുന്ന ഒരു ദിവസം വരുമെന്ന്‌ ഞാന്‍ പ്രതീക്ഷിക്കുന്നു
-തന്റെ അറബി ബ്ലോഗില്‍ അവര്‍ എഴുതി.

വായനയിലും എഴുത്തിലും നല്ല ഭക്ഷണത്തിലും
താല്‍പര്യമുള്ള ഒരു സൗദി യുവതിയാണ്‌
താനെന്ന്‌ ഹദീല്‍ തന്റെ പ്രൊഫൈലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.
ഒരുപാട്‌ സ്വപ്‌നങ്ങളും പ്രതീക്ഷകലും ബാക്കി നിര്‍ത്തിയാണ്‌
ഹദീല്‍ സ്വര്‍ഗ്ഗത്തിന്റെ പടവുകള്‍ കയറി യാത്രയാകുന്നത്‌.

Sunday, May 18, 2008

വെള്ളച്ചാട്ടത്തിന്റെ ഭംഗിയും കൊല്ലുന്ന കരുത്തും

(ഒരു അവധിക്കാലത്തിന്റെ ഓര്‍മ)

ഒരു മാസത്തെ അവധിക്കാണ്‌ നാട്ടിലെത്തിയത്‌.
പിറ്റേന്ന്‌ ടെന്‍ഷന്‍ തുടങ്ങി. ഇനി 29 ദിവസം.
അടുത്ത ദിവസം പിന്നെയും കലണ്ടറില്‍ നോക്കി.
ഹോ ഇനി 28 ദിവസം. അങ്ങിനെയാണ്‌.
തിരിച്ചു പോരുന്ന ദിവസം വരെ അതങ്ങിനെ തുടരും.
പോരുന്നതിന്റെ തലേന്നും അതിന്റെ തലേന്നുമൊക്കെയായി
മനസ്സിനും ശരീരത്തിനുമൊക്കെ വല്ലാത്ത ഒരു മന്ദത തുടങ്ങും.
ഒന്നിനും ഒരുന്മേഷവും കാണില്ല.തിരിച്ചു പോകുമ്പോള്‍
കൊണ്ടുപോകാനുള്ള സാധനങ്ങളുടെ ലിസ്റ്റ്‌ പോലും മറക്കും.
ഒന്നും വാങ്ങാന്‍ തോന്നില്ല. വീട്ടുകാര്‍ ചോദിച്ചു കൊണ്ടിരിക്കും.
അതു വേണ്ടേ, ഇതു വേണ്ടേ എന്നൊക്കെ...എല്ലാറ്റിനും
ഒരു ങാ.. മൂളല്‍ മാത്രമായിരിക്കും മറുപടി.

നാട്ടില്‍ നമ്മളെ പിടിച്ചു വെക്കണമെന്ന്‌ നിര്‍ബന്ധമുള്ള ചിലരുണ്ട്‌.
അവരാണ്‌ നമ്മളെ അരിപ്പാറയിലേക്കും ജീരകപ്പാറയിലേക്കുമൊക്കെ
പിടിച്ചു കൊണ്ടുപോകുന്നത്‌. മനസ്സ്‌ കൊതിപ്പിച്ചും
കുളിരണിയിച്ചും നില്‍ക്കുന്ന ഈ പ്രകൃതിയെ വിട്ടു,
മലയാളത്തെ വിട്ട്‌ ഏത്‌ മരുഭൂമിയിലേക്കാണ്‌
നാം വിമാനം കയറുന്നത്‌?എന്താണ്‌ ഈ മരുഭൂമിയില്‍ നാം നേടുന്നത്‌?

കഴിഞ്ഞ തവണ അരിപ്പാറയില്‍ പോകാമെന്ന്‌ പറഞ്ഞത്‌
ബിച്ചാപ്പുവാണ്‌. ഒരു മാസത്തെ അവധിക്കു വരുന്ന
ഞാന്‍ അങ്ങാടിയിലേക്ക്‌ ഇറങ്ങുന്നതുപോലും ഭാര്യക്ക്‌ ഇഷ്‌ടമില്ല.
നഷ്‌ടപ്പെട്ട പതിനൊന്ന്‌ മാസത്തിന്റെ കണക്കുബുക്കുമായി
അവള്‍ രാവിലെ മുതല്‍ പിന്നാലെയുണ്ടാകും.
വെറുതേ കോലായിലേക്ക്‌ ഇറങ്ങിയാല്‍
അവള്‍ ചോദിക്കും, എങ്ങോട്ടാ,,,,
എങ്ങോട്ടുമില്ലെന്റെ പൊന്നേ, പത്രം വന്നോ എന്ന്‌ നോക്കുകയാ....
രാവിലെ എഴുന്നേറ്റ്‌ പല്ല്‌ തേച്ച്‌ മുടിയൊന്നു ചീകി ഒതുക്കാന്‍
നോക്കിയാല്‍ അവള്‍ ചോദിക്കും, എങ്ങോട്ടാ രാവിലെ പുറപ്പാട്‌.
എങ്ങോട്ടുമില്ലെന്റെ പൊന്നെ മുടിയൊന്നു ചീകി വെച്ചെന്നേയുള്ളൂ....
പോകുന്നേടത്തൊക്കെ അവളേയും കൊണ്ടേ പോകാറുള്ളൂ.
എന്നാലും നമുക്കുമുണ്ടാകില്ലേ ചില ഔട്ട്‌ ഓഫ്‌ സിലബസ്‌ സംഗതികള്‍...
ചില എക്‌സ്‌ട്രാ കരിക്കുലര്‍ ആര്‍ഭാടങ്ങള്‍....
അങ്ങിനെ ഒരു വെള്ളിയാഴ്‌ച അരിപ്പാറയില്‍ പോകാമെന്ന്‌ വെച്ചു.

ഇറച്ചി വാങ്ങി വരട്ടിവെക്കാമെന്ന്‌ സമദ്‌ ഏറ്റു. അവന്റെ ഭാര്യ
കുഞ്ഞിമാള്‍ ടീച്ചറാണ്‌. അവള്‍ സ്‌കൂളില്‍ പോകും.
ഇറച്ചി മുറിക്കലും വരട്ടലുമൊക്കെ സമദു തന്നെ ചെയ്യും.
കോളേജ്‌ കുമാരന്മാരായ സാലിമും ജസീമും ഉച്ചക്കു
ശേഷം അവധിയെടുക്കാമെന്ന്‌ പറഞ്ഞിട്ടുണ്ട്‌.
നഷ്‌ടപ്പെടുന്ന നമ്മുടെ യുവത്വത്തിന്‌ കാവല്‍ നില്‍ക്കുന്നത്‌
ഈ കൗമാരപ്പടയാണ്‌.മറ്റു പരിപാടികളൊക്കെ റദ്ദാക്കി
ഞാനും റെഡിയായി.പക്ഷേ, അന്നു പോക്ക്‌ നടന്നില്ല.
എന്തോ തടസ്സം.

പക്ഷേ, ബിച്ചാപ്പുവം സാലിമും അരിപ്പാറയെപ്പറ്റി
കൊതിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. വെള്ളരി
മലയുടെ താഴെയാണ്‌ അരിപ്പാറ. ഞങ്ങളുടെ
പ്രിയപ്പെട്ട ഇരുവഴിഞ്ഞിപ്പുഴ പൊട്ടിയൊഴുകി വരുന്നത്‌
വെള്ളരി മലയില്‍ നിന്നാണ്‌.പൊട്ടിച്ചിരിച്ചും പേടിപ്പെടുത്തിയും
പുഴ ചാടിയിറങ്ങുന്ന വഴികളിലൊന്നാണ്‌ അരിപ്പാറ.
മഴക്കാലത്ത്‌ ചിലപ്പോള്‍ ഒരു യക്ഷിയുടെ
ഭീതിദ രൂപമാണ്‌ പുഴക്കിവിടെ. രൗദ്രാഭാവത്തിനൊടുവില്‍
ഒരു മദാലസയെപോലെ അവള്‍ കൊതിപ്പിച്ചു കിടക്കും.
കുണുങ്ങിച്ചിരിച്ചും പാട്ടു മൂളിയും മത്ത്‌ പിടിപ്പിക്കും.
പാറക്കെട്ടുകളെ തഴുകിയിറങ്ങുന്ന വെള്ളച്ചാലുകളില്‍
നമുക്ക്‌ അവളുടെ പദസരത്തിന്റെ കൊഞ്ചല്‍ കേള്‍ക്കാം.
തൊട്ടടുത്ത ഞായറാഴ്‌ച ഞങ്ങള്‍ അരിപ്പാറയിലെത്തി.
മഴക്കാലം പൂര്‍ണമായും പിന്‍മാറിയിട്ടില്ല.
ഇടക്ക്‌ ചാറ്റല്‍ മഴയുണ്ട്‌. ഇന്ന്‌ ഇറച്ചി വരട്ടു പോലുള്ള
സജ്ജീകരണങ്ങളൊന്നുമില്ല. ഭക്ഷണം ഇവിടെ തന്നെ ഏര്‍പ്പാടാക്കണം.

മലയുടെ താഴ്‌വാരത്തില്‍ ചേട്ടന്മാരുടെ വീടുകളാണ്‌‌.
അരിപ്പാറ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍
തുടങ്ങിയപ്പോള്‍ അവര്‍ക്ക്‌ നല്ല വരുമാനമാണ്‌.
പഞ്ചായത്ത്‌ ഇവിടെ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍
ആസൂത്രണം ചെയ്യുന്നുണ്ട്‌. വലിയ ആസൂത്രണമൊക്കെ
നടക്കുമ്പോള്‍ അരിപ്പാറയുടെ ചാരിത്ര്യം നഷ്‌ടപ്പെടുമോ
എന്നെനിക്ക്‌ ഭയമുണ്ട്‌.
നല്ല നാടന്‍ വിഭവങ്ങള്‍ കിട്ടും. നമ്മള്‍ ഓര്‍ഡര്‍ ചെയ്‌തതിനുശേഷം
അവര്‍ ഉണ്ടാക്കിത്തരും. ഹോട്ടല്‍ ഭക്ഷണത്തിന്റെ
അരുചികളൊന്നുമുണ്ടാകില്ല. മുയലിറച്ചിയും കപ്പയും മതി.
ഇത്തിരി നേരത്തെ ചര്‍ച്ചക്കൊടുവില്‍ ഞങ്ങള്‍ തീരുമാനിച്ചു.
മുയലിനെ ബിസ്‌മി ചൊല്ലി അറുക്കണമെങ്കില്‍
അറുക്കാമെന്ന്‌ ചേട്ടന്‍ പറഞ്ഞു.ഞാന്‍ സമദിനെ നോക്കി.
അവന്‍ കുട്ടിപ്പടയെ നോക്കി. ഒടുവില്‍ സമദും സാലിമും കൂടി അറുത്തു.
ജീവന്‍ പോകുന്ന മുയലിന്റെ കണ്ണുകള്‍
നമ്മെ കരയിക്കുമെന്ന്‌ ആരോ പറഞ്ഞത്‌ ഓര്‍ത്തു ഞാന്‍
താഴേക്ക്‌ ഇറങ്ങിപ്പോന്നു.പാറക്കെട്ടുകളില്‍ ചെന്നിരുന്നപ്പോള്‍,
കുണുങ്ങിക്കുണുങ്ങി മലയിറങ്ങി വരുന്ന
ഇരുവഴിഞ്ഞിപ്പുഴയുടെ അഴകളവുകള്‍ കണ്ടു.
തൊട്ടു താഴെ അവള്‍ വല്ലാത്ത ഒരൂക്കോടെ
താഴേക്ക്‌ കുതിക്കുകയാണ്‌. എന്തൊരു കരുത്താണ്‌ അവള്‍ക്ക്‌.
വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം. സൂക്ഷിച്ചു നോക്കുമ്പോള്‍ അവള്‍ക്ക്‌
ഒരു യക്ഷിയുടെ ദംഷ്‌ട്രയുണ്ടോ? കഴിഞ്ഞ ഓണക്കാലത്ത്‌
അവള്‍ ആരുടേയോ ചോര കുടിച്ചിട്ടുണ്ടെന്ന്‌
മുകളിലത്തെ വീട്ടിലെ ചേട്ടന്‍ പറഞ്ഞിരുന്നു.
മഴക്കാലത്തിന്റെ ഭീകരത തീര്‍ത്തും വിട്ടുപോയിട്ടില്ല.
വെള്ളത്തിലിറങ്ങരുതെന്ന്‌ അറുത്ത മുയലിനേയുമായി
അകത്തേക്ക്‌ പോകുമ്പോള്‍ ചേട്ടന്‍ പ്രത്യേകം പറഞ്ഞിരുന്നു.

നേരമ്പോക്കിന്റെ ഏതോ മുഹൂര്‍ത്തത്തില്‍ സമദിന്‌ കുളിക്കണം.
ഒപ്പം ബിച്ചാപ്പുവും സാലിമും ജസീമും ഇറങ്ങി.
ഞാന്‍ നടുവേദനയുടെ ചികിത്സയിലാണ്‌.
കുഴമ്പും മരുന്നും പുരട്ടിയ ചുറ്റിക്കെട്ട്‌ അരക്കെട്ടിനെ
ബന്ധനസ്ഥമാക്കിയിരിക്കുകയാണ്‌.
വെള്ളത്തിന്റെ ശക്തി പരീക്ഷിക്കരുതെന്ന്‌ ഞാന്‍ അവരെ ഉപദേശിച്ചു.
പ്രകൃതിയുടെ ശക്തിയും സൗന്ദര്യവും കൂടിക്കലര്‍ന്നു
നില്‍ക്കുന്ന സ്ഥലമാണിത്‌. യുക്തിവാദികള്‍ പോലും
ദൈവം എന്നു പറയേണ്ടി വരുമ്പോള്‍ പ്രയോഗിക്കുന്ന
പദമാണ്‌ പ്രകൃതി. പ്രകൃതിയുടെ ശക്തി അറിയുന്നതു കൊണ്ടാണത്‌.
ഇത്‌ ദൈവം തന്നെയാണ്‌. വെറുതെ ശക്തി പരീക്ഷിച്ചു
കളിക്കരുത്‌.കയറി വരാന്‍ ഞാന്‍ അവരോട്‌ പലവട്ടം
പറഞ്ഞുവെങ്കിലും അവര്‍ ചെറിയെ വെള്ളക്കെട്ടില്‍
നീന്തിത്തുടിക്കുകയാണ്‌. തൊട്ടുമുകളിലെ പാറയില്‍ നിന്ന്‌
അരിച്ചിറങ്ങുന്ന വെള്ളം ഇവടെ, ഇത്തിരി നേരം തങ്ങി നിന്നാണ്‌
താഴോട്ട്‌ പോകുന്നത്‌. ഈ വെള്ളക്കെട്ടിനു മാത്രമേ
ഇവിടെ ഇത്തിരിയെങ്കിലും ശാന്തയുള്ളൂ. അല്‍പം
താഴോട്ട്‌ നീങ്ങിയാല്‍ അടിയൊഴുക്കു നമ്മെ താഴോട്ട്‌ വലിക്കും.
അങ്ങോട്ട്‌ നീങ്ങാതെ ശ്രദ്ധിക്കണമെന്ന്‌ പാറപ്പുറത്തിരുന്നു
ഞാന്‍ പിന്നേയും വിലക്കിക്കൊണ്ടിരുന്നു.

ആരാണ്‌ ആദ്യം ഒഴുക്കില്‍ പെട്ടത്‌? ഞാനെന്റെ മൊബൈല്‍
ക്യാമറയില്‍ അവരുടെ കുളിസീന്‍ പകര്‍ത്തുകയാണ്‌.
സമദിന്റെ കരച്ചിലാണ്‌. പിടിയെടാ.... തമാശയാണെന്നാണ്‌
ആദ്യം കരുതിയത്‌. അവനെ പിടിക്കാനുള്ള ശ്രമത്തില്‍
ജസീമും സാലിമും ഒഴുക്കിലേക്ക്‌.. മൂന്നു പേര്‍ക്കും
ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. തുഴയാനോ, കാല്‌ നിലത്ത്‌
ഊന്നാനോ കഴിയുന്നില്ല. വെള്ളച്ചാട്ടത്തിലേക്കാണ്‌
അവര്‍ ഒലിച്ചു പോകുന്നത്‌.എന്തു ചെയ്യും?
ബിച്ചാപ്പു കുളിച്ച്‌ കയറിയിരുന്നു. ഞാന്‍ ഉടുത്തിരുന്ന
തുണിയഴിച്ച്‌ താഴേക്ക്‌ ഇട്ടുകൊടുത്തു. നടുവിന്‌ വൈദ്യരുടെ
കെട്ടുണ്ടായിരുന്നതിനാലാണ്‌ ഞാന്‍ തുണിയുടുത്തത്‌.
മറ്റവരൊക്കെ പാന്റ്‌സിലായിരുന്നു. തുണി ഭാഗ്യമായി.
ഞാന്‍ അഴിച്ചെറിഞ്ഞു കൊടുത്ത തുണിയില്‍ പിടിച്ച്‌ ജസീമും
അവന്റെ കയ്യില്‍ പിടിച്ച്‌ സമദും കരച്ചിലോടെ കര പറ്റി.
സാലിം പിന്നേയും താഴേക്ക്‌ പോകുകയാണ്‌. ഒന്നോ രണ്ടോ
സെക്കന്റിനകം അവന്‍ വെള്ളച്ചാട്ടത്തിന്റെ ശക്തിയിലേക്ക്‌ നീങ്ങും.
പിന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല. അതിശക്തമായി അവന്‍
ചെന്നു പതിക്കുക താഴത്തെ പാറക്കൂട്ടത്തിലാണ്‌.
ദൈവമേ സാലിമിന്റെ ജീവന്‍......താഴേക്ക്‌ നോക്കിയപ്പോള്‍
എന്റെ ശ്വാസം ഒരു നിമിഷം നിലച്ചു പോയി.
എങ്ങിനെയെന്ന്‌ അറിയില്ല, അടുത്ത നിമിഷം എന്റെ തുണിയിലോ
അതിനകം കരപറ്റിയ ജസീമിന്റേയോ സമദിന്റേയോ
കൈകളിലോ സാലിമുംകരയിലെത്തിയിരുന്നു.

കുറേ നേരത്തേക്ക്‌ ആര്‍ക്കും ഒന്നും സംസാരിക്കാനാകുന്നില്ല.
മുകളില്‍ നിന്ന്‌ ചേട്ടനും കൂട്ടരും താഴെയെത്തിയിരുന്നു
അപ്പോള്‍.ഞങ്ങളുടെ ബഹളം അവര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
കൂട്ടത്തിലൊരാള്‍ പറഞ്ഞു, കഴിഞ്ഞ ഓണക്കാലത്ത്‌ ഇവിടെ
ഒരാള്‍ പെട്ടുപോയതാണ്‌. അന്നും അപകടത്തില്‍ പെട്ടവരെ
വെള്ളത്തിലങ്ങി രക്ഷപ്പെടുത്തിയ കഥ അയാള്‍ അനുസ്‌മരിച്ചു.
വെള്ളത്തിലിറങ്ങരുതെന്ന്‌ നേരത്തെ തന്നെ ഓര്‍മിപ്പിച്ചത്‌ അതു കൊണ്ടല്ലേ..
അവരുടെ സ്‌നേഹം ശകാരമായി പുറത്തു വരികയാണ്‌..

മുയലറച്ചിക്കും കപ്പക്കും നല്ല സ്വാദായിരുന്നു.
അരിപ്പാറയുടെ സ്വാദ്‌ പക്ഷേ, വേണ്ടത്ര ആസ്വദിക്കാന്‍
സാധിച്ചില്ല.വഴിമാറിപ്പോയ ഒരു കൂട്ടമരണത്തിന്റെ
വിഹ്വലതയില്‍ നിന്ന്‌ മുക്തരാകാന്‍ പിന്നേയും
കുറേ നേരം വേണ്ടി വന്നു.

വരണം, കുറേക്കൂടി ആത്മസംയമനത്തോടെ പ്രകൃതിയുടെ ശക്തിയും
സൗന്ദര്യവും കാണാന്‍ ഈ വഴി ഇനിയും വരണം.

Thursday, May 1, 2008

ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റ്‌

കഥ
(01-05-2008ന്‌ മലയാളം ന്യൂസ്‌
സര്‍ഗ്ഗ വീഥി പ്രസിദ്ധീകരിച്ചു)


വാച്ച്‌മാന്‍ നിഷ്‌കരുണം പറഞ്ഞു.
ഇപ്പോള്‍ പോകാന്‍ പറ്റില്ല.
മൊയ്‌തീന്‍ കുട്ടി കെഞ്ചി നോക്കി. ഒന്നുകില്‍ രണ്ട്‌ മണിക്കുശേഷം
പാസ്സെടുത്തു കയറണം. അല്ലെങ്കില്‍ നാല്‌ മണി കഴിഞ്ഞ്‌
സന്ദര്‍ശകര്‍ക്ക്‌ അനുവദിച്ച സമയത്ത്‌ വരണം.
വാച്ച്‌മാന്‍ ചട്ടം പറയുകയാണ്‌. സര്‍ക്കാര്‍ ആശുപത്രികളില്‍
രോഗികളെ സന്ദര്‍ശിക്കുന്നതിന്‌ ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്‌.
അത്‌ ലംഘിച്ച്‌ അകത്ത്‌ പോകാന്‍ പറ്റില്ല.

മൊയ്‌തീന്‍ കുട്ടി അല്‍ സുല്‍ഫിയില്‍ നിന്ന്‌ വരികയാണ്‌.
സൗദി അറേബ്യയിലെ ഒരു വിദൂര പട്ടണമാണ്‌ അല്‍ സുല്‍ഫി.
റിയാദില്‍ വിമാനമിറങ്ങി റോഡ്‌ മാര്‍ഗ്ഗം മൂന്ന്‌ മണിക്കൂറോളം
സഞ്ചരിക്കണം അല്‍ സുല്‍ഫിയിലെത്താന്‍.
രണ്ട്‌ വര്‍ഷം മുമ്പ്‌, വിവാഹം കഴിഞ്ഞ്‌ മൂന്നാം മാസം
തിരിച്ചു പോയതാണ്‌ മൊയ്‌തീന്‍ കുട്ടി. പുതിയ
ജീവിതത്തിന്റെ പുതുമണം മാറിയിരുന്നില്ല അപ്പോള്‍.
പോകുമ്പോള്‍ ഭാര്യ ബേബി ഗര്‍ഭിണിയായിരുന്നു.
ഒന്നര വയസ്സുള്ള പൊന്നു മോളെ മൊയ്‌തീന്‍കുട്ടി
ഇതുവരെ കണ്ടിട്ടില്ല. ഫോണില്‍ അവളുടെ കൊഞ്ചലും
ചിനുങ്ങലും കേള്‍ക്കുമ്പോള്‍ അവളുടെ അടുത്തു
പറന്നെത്താന്‍ ഒരുപാട്‌ വട്ടം കൊതിച്ചതാണ്‌.
എത്ര വട്ടമാണ്‌ ഉപ്പച്ചീ എന്ന്‌ വിളിച്ച്‌ പൊന്നുമോള്‍
കിനാവില്‍ കയറി വന്നത്‌! കരിപ്പൂരില്‍ വിമാനമിറങ്ങുമ്പോള്‍
പക്ഷേ, മൊയ്‌തീന്‍ കുട്ടിയുടെ മനസ്സില്‍ ബേബിയും
പൊന്നുമോളുമുണ്ടായിരുന്നില്ല.

ബാപ്പ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിലാണ്‌.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന്‌ രണ്ടാഴ്‌ച
മുമ്പാണ്‌ മെഡിക്കല്‍ കോളേജിലെ ചെസ്റ്റ്‌ ഹോസ്‌പിറ്റലിലേക്ക്‌
മാറ്റിയത്‌. ആയുസ്സ്‌ ഇത്രയും നീളുമെന്ന്‌ കരുതിയതല്ല.
വേണ്ടപ്പെട്ടവരെയൊക്കെ അറിയിച്ചു കൊള്ളാന്‍ ഡോക്‌ടര്‍മാര്‍
പറഞ്ഞതാണ്‌. അറിയിക്കാനുള്ളവരെ മുഴുവന്‍ അറിയിച്ചു.
അടുത്തും അകന്നും കഴിയുന്നവരൊക്കെ വന്നു കണ്ടു.

ഇനിയും ബാപ്പയെ കാണാന്‍ പറ്റുമെന്ന്‌ മൊയ്‌തീന്‍ കുട്ടി
വിചാരിച്ചതല്ല. അറബിയുടെ കീഴില്‍ ജോലി നോക്കുമ്പോള്‍
വിചാരിച്ച പോലെ ഓടിപ്പോരാന്‍ പറ്റില്ല. അഞ്ചു നേരം
നിസ്‌കരിച്ച്‌ ബാപ്പയുടെ ആയുസ്സിനും ആരോഗ്യത്തിനും
വേണ്ടി പ്രാര്‍ഥിക്കും. വേണ്ടപ്പെട്ടവരെ വേണ്ടപ്പോള്‍
വന്നു കാണാന്‍ പറ്റാത്ത പരദേശിയുടെ വിധിവൈപരീത്യമോര്‍ത്ത്‌
കണ്ണുകള്‍ വെറുതെ നനയും.

ജീപ്പിന്‌ വേഗത പോര. ആകാശത്തെ മേഘക്കീറുകള്‍
വിമാനത്തിന്റെ കാഴ്‌ച നഷ്‌ടപ്പെടുത്തുമെന്ന്‌ പേടിച്ചിരുന്നു.
തലേന്ന്‌ പെയ്‌ത മഴ ഒഴുകിപ്പോകാതെ റോഡിലെ
കുഴികളില്‍ കെട്ടി നില്‍ക്കുന്നു.
കലങ്ങിയ മഴവെള്ളത്തില്‍ ഒളിച്ചു നില്‍ക്കുന്ന
ഗട്ടറുകള്‍ ജീപ്പിന്റെ വേഗം പിന്നെയും കുറച്ചു കൊണ്ടിരുന്നു.
മൂടിക്കെട്ടി നിന്ന ആകാശം വീണ്ടും പെയ്‌ത്തു തുടങ്ങി.
തണുത്ത കാറ്റിനൊപ്പം ടാര്‍പാളിന്‍ ഭേദിച്ച്‌ മഴത്തുള്ളികള്‍
ജീപ്പിനകത്തേക്ക്‌ ചീറ്റുന്നു. മൊയ്‌തീന്‍ കുട്ടിയുടെ
ഹൃദയം മാത്രം തണുക്കുന്നില്ല.
ഓക്‌സിജന്‍ മാസ്‌കിനകത്താണ്‌ ബാപ്പയുടെ ശ്വാസവും
ഉച്ഛാസവും. ഇന്നലെ കഞ്ഞി കൊടുക്കുമ്പോള്‍ ബാപ്പ ചോദിച്ചു:
ബാവ പൊന്നൂനെ കണ്ടിട്ടുണ്ടോ?
മൊയ്‌തീന്‍ കുട്ടിയെ ബാവ എന്നാണ്‌ വിളിക്കുന്നത്‌.
ഇടക്ക്‌ ഓര്‍മ തെളിയുമ്പോഴാണ്‌ അദ്ദേഹം മൊയ്‌തീന്‍
കുട്ടിയെ ചോദിക്കുന്നത്‌. പേരക്കുട്ടികളെ കാണാന്‍
പറ്റാത്ത വിഷമവുമുണ്ട്‌. കുട്ടികളെ ആശുപത്രിയിലേക്ക്‌
കൊണ്ടു വരാന്‍ പറ്റില്ല. വീട്ടിലാണെങ്കില്‍ നെഞ്ചിലും
ചുമലിലും എപ്പോഴും അവരുടെ പേക്കൂത്താണ്‌.
ബാവ പൊന്നൂനെ കണ്ടിട്ടില്ലെന്ന്‌ കഞ്ഞി വായിലേക്ക്‌
പകരുന്നതിനിടെ ഉമ്മ പറഞ്ഞു.
അപ്പോള്‍ ബാപ്പ തേങ്ങിയെന്ന്‌ ജ്യേഷ്‌ഠന്‍ ശംസു വിളിച്ചപ്പോള്‍
പറഞ്ഞിരുന്നു. പടച്ചോനെ, ന്റെ കുട്ടി
ഓന്റെ കുട്ടിനെ ഇതുവരെ കണ്ടിട്ടില്ലല്ലോ......

ഇനി അധകമില്ലെന്ന്‌ ആ വൃദ്ധനറിയാം.
മരുന്നിന്റെ നീണ്ട മയക്കത്തിലേക്ക്‌ വീഴുമ്പോള്‍ അദ്ദേഹം
ഞരക്കത്തോടെ ഓര്‍ക്കുന്നത്‌ പെറ്റുമ്മയെ മാത്രമാണ്‌.
ഉമ്മാ,, ഉമ്മാ എന്ന ഞരക്കം ചുണ്ടില്‍ നിന്ന്‌ പുറത്തു വരും.
ഒരു കൊച്ചു കുഞ്ഞിന്റെ ഭാവമാണ്‌ ആ വിലാപത്തിന്‌.
വാര്‍ധക്യം രണ്ടാമത്തെ കുട്ടിക്കാലമാകാം.
കുഞ്ഞുങ്ങള്‍ക്കാണല്ലോ ഉമ്മയേയും ബാപ്പയേയും വേണ്ടത്‌.
ഒരുപാട്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മരിച്ചു പോയ
ഉമ്മയെ വിളിച്ച്‌ ഞരങ്ങുമ്പോള്‍ ആ മനുഷ്യന്റെ മനസ്സിലെന്താണ്‌?
ഒരു പെണ്ണും നാല്‌ ആണുമടങ്ങുന്ന മക്കളില്‍
അവസാനത്തെ ആളാണ്‌ മൊയ്‌തീന്‍ കുട്ടി.
അവന്‌ വൃദ്ധന്റെ ബാപ്പയുടെ തനിഛായയാണ്‌.
പേരിടാന്‍ നേരത്ത്‌ ബാപ്പ മാത്രമല്ല, കുടുംബക്കാരൊക്കെ
ചേര്‍ന്ന്‌ തീരുമാനിച്ചതാണ്‌ അവന്‌ വല്യുപ്പയുടെ പേര്‌ മതിയെന്ന്‌.
അങ്ങിനെയാണ്‌ അവന്‍ മൊയ്‌തീന്‍ കുട്ടിയായത്‌.
മൊയ്‌തീന്‍ കുട്ടിയുടെ സാന്നിധ്യം വൃദ്ധന്‌ തന്റെ
പിതാവിന്റെ സ്‌നേഹമായി അനുഭവപ്പെടുമോ?
നല്ല ബോധത്തിലേക്ക്‌ തിരിച്ചു വരുമ്പോഴൊക്കെ
അദ്ദേഹം മൊയ്‌തീന്‍ കുട്ടിയെ ചോദിക്കും.

സര്‍ക്കാര്‍ ജോലിക്കാരനായ ജ്യേഷ്‌ഠന്‍ യൂനുസ്‌ ലീവെടുത്താണ്‌
ആശുപത്രിയില്‍ നില്‍ക്കുന്നത്‌. അജ്‌മാനില്‍ നിന്ന്‌
അവധിക്കു വന്ന ശംസുവും ഒപ്പമുണ്ട്‌.
കുട്ടികളുടെ സ്‌കൂളും മദ്രസയും മുടക്കി പെങ്ങള്‍ ആമിനയും
വന്നു പോകുന്നു. കണ്ണും ദിക്കുമില്ലെങ്കിലും ഉമ്മ
സദാ കൂടെയുണ്ട്‌. ഇടയ്‌ക്ക്‌ ബിച്ചാപ്പ വരും.
യൂനുസിന്‌ ഇനിയും ലീവ്‌ നീട്ടിക്കിട്ടില്ല. നാളെ ജോയന്റ്‌ ചെയ്യണം.
മുത്ത ജ്യേഷ്‌ഠന്‍ അല്‍ സുല്‍ഫിയില്‍ മൊയ്‌തീന്‍
കുട്ടിയുടെ കമ്പനിയില്‍ തന്നെയാണ്‌. അടുത്ത്‌ നാട്ടില്‍
വന്ന്‌ തിരിച്ചു പോയതേയുള്ളു. ഇനിയിപ്പോള്‍ അവധി കിട്ടില്ല.

നാല്‌ മണിക്ക്‌ വാച്ച്‌മാന്റെ ഔദാര്യം വേണ്ടി വന്നില്ല.
ഓക്‌സിജന്‍ മാസ്‌കിനകത്ത്‌ ബാപ്പയുടെ ആയുസ്സ്‌ നീണ്ടു കിടക്കുന്നു.
മരുന്നിന്റെ ക്ഷീണമാണെന്ന്‌ ശംസു പറഞ്ഞു.
മൊയ്‌തീന്‍ കുട്ടിയുടെ സാന്നിധ്യമറിഞ്ഞ്‌ അദ്ദേഹം കണ്ണു തുറന്നു.
ന്റെ കുട്ടി വന്നല്ലോ. കാണാന്‍ പറ്റിയല്ലോ...
വൃദ്ധന്‍ കരയാനുള്ള പുറപ്പാടിലാണ്‌.
കരഞ്ഞ്‌ ശ്വാസ തടസ്സമുണ്ടാക്കേണ്ടെന്ന്‌ ശംസു കയര്‍ത്തു.
ബാപ്പയുടെ വിറക്കുന്ന കൈകള്‍ കൂട്ടിപ്പിടിച്ചപ്പോള്‍
മൊയ്‌തീന്‍ കുട്ടിയുടെ കണ്ണ്‌ നിറഞ്ഞു.
പുറത്ത്‌ അപ്പോള്‍ പുതിയൊരു മഴയുടെ ആരവം തുടങ്ങിയിരുന്നു.

ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിലെ ഓരോ ബെഡിലും
ആയുസ്സിനോട്‌ മല്ലിടുന്ന രോഗികള്‍.
കട്ടിലിന്‌ ചുറ്റും പരിചരിക്കാന്‍ ഉറ്റവരും ബന്ധുക്കളും.
ബാപ്പയുടെ തൊട്ടടുത്ത ബെഡിലെ വൃദ്ധന്റെ ഒപ്പമുള്ള
സ്‌ത്രീയുടെ മൊബൈല്‍ റിംഗ്‌ ചെയ്‌തപ്പോള്‍ മൊയ്‌തീന്‍ കുട്ടി ശ്രദ്ധിച്ചു.
ഉപ്പ ഉറങ്ങുകയാണെന്നും ഗുളികയുടെ മയക്കമാണെന്നും
സ്‌ത്രീ മറുപടി പറയുന്നുണ്ട്‌. പിന്നെ അവര്‍ പതുക്കെ,
വൃദ്ധനെ തട്ടിവിളിച്ചു. ഒരു ഞരക്കത്തോടെ വൃദ്ധന്‍ കണ്ണു തുറന്നു.
കുഞ്ഞിപ്പയാണ്‌, റിയാദില്‍ നിന്ന്‌ വിളിക്കുന്നുവെന്ന്‌
പറഞ്ഞ്‌ മൊബൈല്‍ വൃദ്ധന്റെ ചെവിയോട്‌ ചേര്‍ത്തു പിടിച്ചു.
ദുര്‍ബലമായ ശബ്‌ദത്തില്‍ അദ്ദേഹം സംസാരിച്ചു.
ഹലോ, ഹലോ.... കിതപ്പില്‍ ശബ്‌ദം മുറിയുന്നു.ങാ.. ഒന്നൂല്ല..
സുഖണ്ട്‌. കൊഴപ്പൊന്നൂല്ല -ശബ്ദത്തില്‍ വൃദ്ധന്‍ ആരോഗ്യം
അഭിനയിക്കുകയാണ്‌.
ഫോണ്‍ സ്‌ത്രീ തിരിച്ചു വാങ്ങി. ങാ.. പേടിക്കാനൊന്നുമില്ലെന്നാണ്‌
ഡോക്‌ടര്‍ പറഞ്ഞത്‌. ആലിപ്പൂനോടും മാനുപ്പയോടുമൊക്കെ
വിവരം പറഞ്ഞാളാ. ങാ.. ന്നാല്‌ വെയ്‌ക്കട്ടെ.
വൃദ്ധന്റെ മക്കളും മരുമക്കളുമൊക്കെ ഗള്‍ഫിലാണെന്ന്‌
ഉമ്മ മൊയ്‌തീന്‍ കുട്ടിക്ക്‌ പറഞ്ഞു കൊടുത്തിരുന്നു.
കുടുംബ സമേതം ഗള്‍ഫു നാടുകളില്‍ കഴിയുന്ന മക്കള്‍
വല്ലപ്പോഴുമേ നാട്ടില്‍ വരാറുള്ളൂ. ദിവസവും രണ്ട്‌ നേരം വിളിക്കും.
എല്ലാ കാര്യത്തിനും ഈ വൃദ്ധ മാത്രം. മരുന്നിന്‌
പോകാനും വെള്ളത്തിന്‌ പോകാനും ആ സ്‌ത്രീ ഒറ്റക്കാണ്‌.
ഇടക്ക്‌ ഏതെങ്കിലും ബന്ധുക്കള്‍ വരും.
ശംസുവും യൂനുസുവുമാണ്‌ പലപ്പോഴും സഹായം.
എല്ലാവരുമുണ്ടായിട്ടും ഒറ്റക്കായിപ്പോയ വിഷമം
വര്‍ത്തമാനം പറയുമ്പോഴൊക്കെ വൃദ്ധ ദമ്പതികളുടെ
മുഖത്ത്‌ കാണാമെന്ന്‌ ഉമ്മ പറഞ്ഞു.

മൊയ്‌തീന്‍ കുട്ടിയുടെ ബാപ്പക്ക്‌ അല്‍പം ഉന്മേഷമൊക്കെയുണ്ട്‌.
ഓക്‌സിജന്‍ മാസ്‌ക്‌ ഒഴിവാക്കി. മുഖത്ത്‌ നല്ല തെളിച്ചം.
രണ്ടോ മൂന്നോ ദിവസത്തിനകം ഡിസ്‌ചാര്‍ജ്‌ ചെയ്യാന്‍
പറ്റുമെന്ന്‌ ഡോക്‌ടര്‍ സൂചിപ്പിച്ചിട്ടുണ്ട്‌. രാത്രി, ആശുപത്രി വരാന്തയിലെ
സിമന്റു തറയില്‍ പായ വിരിച്ച്‌, മൊയ്‌തീന്‍ കുട്ടി
കൊതുകിനോട്‌ അങ്കം വെട്ടി. ഇന്നേക്ക്‌ അഞ്ചു ദിവസമായി,
ബേബിയോട്‌ ഇതുവരെ മനസ്സ്‌ തുറക്കാന്‍ പറ്റിയിട്ടില്ല.
പൊന്നു ഇപ്പോഴും അടുത്തിട്ടില്ല.
അപ്പുറത്തെ കട്ടിലില്‍ കിടക്കുന്ന വൃദ്ധനോടൊപ്പമുള്ള സ്‌ത്രീ
പുറത്തേക്ക്‌ വന്നു. ചെവിയില്‍ ചേര്‍ത്തു വെച്ച മൊബൈല്‍
ഫോണില്‍ അവര്‍ ആരോടോ സംസാരിക്കുകയാണ്‌.
സംസാരം മുറിഞ്ഞ ശേഷം അവര്‍ പറഞ്ഞു.
മൂത്ത മോനാ.. ഒറങ്ങാന്‍ പോകും മുമ്പ്‌ ഉപ്പാന്റെ വര്‍ത്താനം
അറിയണം. തിരിച്ചു പോകാനൊരുങ്ങിയ
വൃദ്ധ മൊയ്‌തീന്‍ കുട്ടിയെ തിരിഞ്ഞു നോക്കി.
ങ്ങക്ക്‌ വരാന്‍ പറ്റിയല്ലോ.. എന്നും ങ്ങളെ കാര്യം
പറഞ്ഞാ ങ്ങളെ ബാപ്പന്റെ സങ്കടം.
ന്റെ കുട്ട്യോളെ ഉപ്പാന്റെ കാര്യവും അതെന്നെ.
മക്കളെ ഇടക്കിടെ ചോദിക്കും. കണ്ണടയ്‌ണേനു മുമ്പ്‌
എല്ലാരേയും ഒന്നു കാണണമെന്ന തേട്ടമാണ്‌.
കടല്‍ കടന്നു പോയോരെ കാര്യല്ലേ... ഇന്ന്‌ മൂപ്പര്‍ക്ക്‌ ലേശം കൂടുതലാ‌.
ഞാനതൊന്നും ഓലോട്‌ പറഞ്ഞിട്ടില്ല. വെറുതെ എന്തിനാ
ഓലെ വെഷമിപ്പിക്ക്‌ണ്‌വൃദ്ധയുടെ വാക്കുകള്‍ ഇടറുന്നുവോ?
അവര്‍ അകത്തേക്ക്‌ പോയി.

മൊയ്‌തീന്‍ കുട്ടി അന്നേരം സുലൈമാനെ ഓര്‍ത്തു.
കഴിഞ്ഞ വര്‍ഷമാണ്‌ അവന്റെ ഉമ്മ അര്‍ബുദം ബാധിച്ച്‌ മരിച്ചത്‌.
ഏറെക്കാലമായി ആശുപത്രിയിലായിരുന്നു. സുല്‍ഫിയില്‍ നിന്ന്‌
ഏതാനും കിലോമീറ്റര്‍ അകലെ മസ്‌റയില്‍ ജോലി ചെയ്യുന്ന
സുലൈമാന്‌ ഉമ്മയെ അവസാനമായി ഒരു നോക്ക്‌ കാണാന്‍ സാധിച്ചില്ല.
ചെറിയ ശമ്പളക്കാരന്‍. മൂന്ന്‌ വര്‍ഷത്തിലൊരിക്കല്‍ അവധി.
നാട്ടില്‍ പോയി വന്നിട്ട്‌ ഏറെക്കാലം കഴിയും മുമ്പ്‌
ഉമ്മയുടെ മാരക രോഗം സ്ഥിരീകരിച്ചു. മരുഭൂമിയുടെ ചൂടിനേക്കാള്‍
പൊള്ളുന്ന വാര്‍ത്തയായിരുന്നു അത്‌. തിരുവന്തപുരത്തും
തൃശൂരുമായി ആശുപത്രികളില്‍ മാറി മാറി കിടന്നു .
ആയുസ്സിന്‌ ഡോക്‌ടര്‍മാര്‍ അവധി പറഞ്ഞിട്ടും അവന്‌
ഉമ്മയുടെ അടുത്തെത്താന്‍ സാധിച്ചില്ല. സീസണായതിനാല്‍
തോട്ടത്തില്‍ പിടിപ്പതു ജോലിയുള്ള കാലം.കഴിഞ്ഞ അവധിക്കു
നാട്ടില്‍ പോയി വന്ന കടങ്ങള്‍ തീര്‍ന്നിട്ടുമില്ല, വീണ്ടുമൊരു
യാത്ര ആലോചിക്കാന്‍ പോലും വയ്യാത്ത നേരം.
ഉമ്മ മരിച്ച ദിവസം മസ്‌റയിലെ താമസ സ്ഥലത്ത്‌ അവന്‍ വാവിട്ടു കരഞ്ഞു.

മൊയ്‌തീന്‍ കുട്ടി പിന്നെ, ബീരാന്‍ കോയയെ ഓര്‍ത്തു.
കോഴിക്കോട്ടെ തെക്കേപ്പുറത്തുകാരന്‍. ഭാര്യയെ പ്രസവത്തിന്‌
ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരത്തിന്‌ ഫോണ്‍ വന്നപ്പോള്‍
അദ്ദേഹം വലിയ സന്തോഷത്തിലായിരുന്നു.
ഒരു തിങ്കളാഴ്‌ചയായിരുന്നു അത്‌. അടുത്ത വ്യാഴാഴ്‌ച നമുക്ക്‌
അടിച്ചു പൊളിക്കണമെന്ന്‌ അദ്ദേഹം കൂട്ടുകാരെ മുഴുവന്‍ കൊതിപ്പിച്ചു.
കൊയിലാണ്ടിക്കാരന്‍ ബീരാന്‍ കുഞ്ഞിയെ വിളിച്ച്‌
ബിരിയാണി വെയ്‌ക്കാന്‍ ഏര്‍പ്പാട്‌ ചെയ്‌തു.
വ്യാഴാഴ്‌ച ആനന്ദപ്പിറവിയുടെ വാര്‍ത്ത കേള്‍ക്കാന്‍ കൊതിച്ച
ബീരാന്‍ കോയ ആ വാര്‍ത്ത കേട്ട്‌ ഞെട്ടി.
പ്രസവത്തെ തുടര്‍ന്നുണ്ടായ അമിതമായ രക്ത സ്രാവത്തില്‍
പ്രിയപ്പെട്ടവള്‍ എന്നെന്നേക്കുമായി വിട്ടകന്നിരുന്നു.
ഓര്‍മകളും കൊതുകുകളും മൊയ്‌തീന്‍ കുട്ടിയുടെ ഉറക്കം കെടുത്തി.

രാവിലെ ഉമ്മ വന്ന്‌ വിളിച്ചുണര്‍ത്തുമ്പോള്‍ നേരം ഒട്ടും വെളുത്തിരുന്നില്ല.
തട്ടിപ്പിടഞ്ഞെഴുന്നേറ്റപ്പോള്‍ ഉമ്മ പറഞ്ഞു, വേഗം വാ.. തുണി
മുറുക്കി ടോയ്‌ലറ്റിലേക്ക്‌ നീങ്ങുമ്പോള്‍ ഉമ്മ വീണ്ടുംപെട്ടെന്ന്‌
വാര്‍ഡിലേക്ക്‌ വാ..ബാപ്പക്ക്‌ എന്തോ സംഭവിച്ചുവെന്നായിരുന്നു പേടി.
ഓടിച്ചെന്നപ്പോള്‍ തൊട്ടപ്പുറത്തെ ബെഡിലെ വൃദ്ധന്റെ
നെഞ്ചില്‍ വൃദ്ധ പൊട്ടിക്കരയുന്നു, ന്നെ ഒറ്റക്കാക്കി പോയല്ലോ..
മരണം സ്ഥിരീകരിച്ച്‌ ഡോക്‌ടര്‍ പുറത്തുപോയി.
വെളുത്ത തുണിയുടെ ശാന്തതയിലേക്ക്‌ വൃദ്ധന്റെ മുഖം മറഞ്ഞു.
നഴ്‌സിന്റേയും ഉമ്മയുടേയും വാക്കുകള്‍ ഭൂമിയില്‍
തനിച്ചായിപ്പോയ ആ വൃദ്ധക്ക്‌ സാന്ത്വനമാകുന്നില്ല.
വൃദ്ധയുടെ ബാഗിനകത്തെ മൊബൈല്‍ ഫോണില്‍ അനേകം
വിളികള്‍ കിടന്ന്‌ ശ്വാസം മുട്ടി. ആരോടും മറുപടി പറയാന്‍
അവര്‍ക്ക്‌ കഴിയുമായിരുന്നില്ല.
അറ്റന്റര്‍മാര്‍ വൃദ്ധന്റെ ചേതയനറ്റ ശരീരം ആംബലന്‍സിലേക്ക്‌ എടുത്തു.
നാട്ടില്‍ നിന്നെത്തിയ ഏതോ ബന്ധുക്കളുടെ കൈത്താങ്ങില്‍
വൃദ്ധയും ഒപ്പം കയറി. ബാഗിനകത്തുനിന്ന്‌ മൊബൈല്‍
ഫോണിന്റെ ഞരക്കം ഇപ്പോഴും കേള്‍ക്കാം.
കടലനിക്കരെ നിന്ന്‌ മക്കള്‍ വിളിക്കുകയാകും.
ഒന്ന്‌ ആശ്വസിപ്പിക്കാനെങ്കിലും പ്രിയപ്പെട്ടവര്‍
അടുത്തുണ്ടായിരുന്നുവെങ്കില്‍ എന്ന്‌ ആ വൃദ്ധ
ആഗ്രഹിക്കുന്നുണ്ടാകുമോ?

ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റില്‍ തിരിച്ചെത്തുമ്പോള്‍ ബാപ്പയുടെ
നെഞ്ച്‌ തടവുകയാണ്‌ ഉമ്മ. വൃദ്ധന്റെ മരണം ബാപ്പയുടെ
മനസ്സില്‍ പുതിയ ചിന്തകളുണ്ടാക്കിയിരിക്കാം.
ബാപ്പ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റിലെത്തിയ ശേഷം
മൂന്നാമത്തെ മരണമാണിവിടെ.
എപ്പളാന്ന്‌ നിശ്ചല്ല, ഞാനും ....മൊയ്‌തീന്‍ കുട്ടിയുടെ
കാലനക്കം കേട്ടപ്പോള്‍ വൃദ്ധന്‍ വിതുമ്പിപ്പോയി.
ഉമ്മയുടെ ചുമലിലേക്ക്‌ ചാഞ്ഞുകൊണ്ടാണ്‌
അപ്പോള്‍ മൊയ്‌തീന്‍ കുട്ടി പൊട്ടിക്കരഞ്ഞത്‌.

Monday, April 28, 2008

മനസ്സിന്റെ ഉത്സവങ്ങള്‍

എരഞ്ഞിപ്പറമ്പിലെ തിറയുത്സവം.
കോമരം ഉറഞ്ഞു തുള്ളുകയാണ്‌.
നെറ്റിയില്‍ നിന്ന്‌ പൊടിയുന്ന ചോരത്തുള്ളികളില്‍
ഗ്രാമത്തിന്റെ ആഘോഷം തുളുമ്പുന്നു.

പടച്ചോനേ... ഈ ആനന്ദം എത്ര കാലമായി എനിക്ക്‌ നഷ്ടപ്പെടുന്നു.
പത്രപ്രവര്‍ത്തകനായി ജോലി ആരംഭിച്ചതു മുതല്‍..
അല്ല അക്കാലത്ത്‌ ഇടയ്‌ക്കൊക്കെ വന്നു പെടാറുണ്ട്‌.
പരദേശിയായി കടല്‍ കടന്ന ശേഷം.
ശരിയാണ്‌ അതിനുശേഷം ഒരിയ്‌ക്കല്‍ പോലും
കുംഭമാസത്തിലെ ഇത്തരം ഘോഷപ്പെരുക്കങ്ങളിലേക്ക്‌
വന്നു പെട്ടിട്ടില്ല. ഇക്കാലത്ത്‌ അവധിയെടുത്ത്‌
നാട്ടിലെത്താന്‍ പറ്റിയത്‌ വലിയ ഭാഗ്യമായി.

മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ
ശിവരാത്രി മഹോത്സവം.
മണാശ്ശേരിയിലേയും നായര്‍ കുഴിയിലേയും
അമ്പലങ്ങളിലെ പ്രതിഷ്‌ഠാ മഹോത്സവങ്ങള്‍.
കളന്‍ തോട്‌ തങ്ങളുടെ നേര്‍ച്ച. വെള്ളങ്ങോട്ടേയും
കലങ്ങോട്ടേയും എരഞ്ഞിപ്പറമ്പിലേയും തിറകള്‍.

ഓരോ കുംഭത്തിലും, കടലിനക്കരെ, മനസ്സില്‍ ‍
ചോര ചി്‌ന്തിയ കോമരങ്ങള്‍ ഇക്കുറി മനസ്സിന്റെ
ആവേശമായി ഉറഞ്ഞു തുള്ളുകയാണ്‌.

എട്ടൊമ്പത്‌ കൊല്ലത്തിനുശേഷമാണ്‌, ഇങ്ങിനെ നാട്ടിലെ
ഉത്സവപ്പറമ്പുകളില്‍ കറങ്ങി നടക്കുന്നത്‌.
ഇവിടെ ഒന്നിനും ഒരു മാറ്റവുമില്ല.
ഉത്സവപ്പറമ്പുകള്‍ കൂടുതല്‍ വിശാലമായിരിക്കുന്നു.
മാമുണ്ണി നാരങ്ങാക്കച്ചവടം ചെയ്യുന്നു.
തട്ടമിട്ട കൊച്ചു മകള്‍ കൂട്ടിനുണ്ട്‌‌.
ചക്കര ജിലേബി ചൂടോടെ പൊരിച്ചെടുക്കുന്നവര്‍.
കരിമ്പും പൊരിയും വില്‍ക്കുന്നവര്‍.
പെണ്ണുങ്ങളേയും കുട്ടികളേയും ആകര്‍ഷിക്കാന്‍
വളക്കച്ചടവക്കാരും കളിപ്പാട്ടക്കാരും.
ഇടക്ക്‌‌ വഴിപാടിന്റെ വെടിയൊച്ചകള്‍.
കൂട്ടം കൂടി തിറക്ക്‌ പോകുമ്പോള്‍ കൂട്ടം തെറ്റി
വീട്ടിലേക്ക്‌ മടങ്ങുന്നവരുടെ പേരില്‍ വെടിപൊട്ടിച്ച
പഴയ കാലം ഓര്‍മ വന്നു.

പെണ്‍കുട്ടികളെ നോക്കി വെള്ളമിറയ്‌ക്കുന്ന
ചെക്കന്മാരും ചെക്കന്മാരെ കടക്കണ്‍ കോണില്‍
ഒളിപ്പിക്കുന്ന പെണ്‍കുട്ടികളും ഇപ്പോഴുമുണ്ട്‌‌.

മു്‌ല്ലപ്പൂ മണം വിതറി, കുലുങ്ങിച്ചിരിച്ചു പോകുന്ന
പെണ്‍കുട്ടികളുടെ വളകിലുക്കവും ഉത്സവപ്പറമ്പിന്റെ
ആവേശമാണല്ലോ. ഒന്നും കെട്ടു പോകാതെ,
എല്ലാം അങ്ങിനെ തന്നെ..... ദൈവമേ കടലിനിക്കരെ
നമുക്ക്‌ നഷ്ടപ്പെട്ടു പോകുന്നത്‌ എന്തെ‌ല്ലാമാണ്‌.

ബാബു ഭരദ്വാജിന്റെ പ്രവാസിയുടെ കുറിപ്പുകളിലെ
വേലയും പൂരവും കഴിഞ്ഞോട്ടെ എന്ന അധ്യായം
ഒരിയ്ക്കല്‍ കൂടി വായിക്കണം.
ഇത്തവണ വായിക്കുമ്പോള്‍ മുമ്പത്തേക്കാള്‍ ശ്വാസം മുട്ടുമെന്ന്‌ തീര്‍ച്ച.

കുലുക്കിക്കുത്തു ബോര്‍ഡുകള്‍ക്ക്‌ ചുറ്റും നല്ല തിരക്ക്‌.
കട്ട നിരത്തിയിരിക്കുന്നത്‌ പഴയ കിങ്കരന്മാരല്ലെന്ന്‌ മാത്രം.
ഒക്കെ പുതുമുഖങ്ങള്‍.
ഏതാനും വര്‍ഷം മുമ്പ്‌ കടല്‍ കടന്ന്‌ പോരുന്ന സമയത്ത്‌
വള്ളിനിക്കറുമിട്ട്‌‌, മൂക്കില്‍ ചീരാപ്പൊലിപ്പിച്ചു
നടന്ന ചെക്കന്മാരാണ്‌ ബോര്‍ഡിനപ്പുറത്ത്‌
ചമ്രം പടിഞ്ഞിരുന്നു കട്ട കുലുക്കി വെയ്‌‌ രാജാ വെയ്‌‌
വിളിച്ചു കൂവുന്നത്‌.
ആഡ്യന്‍, ഇസ്‌‌പേഡ്‌, ക്ലാവര്‍, ഡെയ്‌മണ്‍, കൊടി, ചന്ദ്രന്‍..
കളങ്ങളില്‍ നോട്ട്‌ വീഴുന്നു. പഴയ ചില്ലറയുടെ കാലം കഴിഞ്ഞു.
പത്ത്‌ രൂപ മുതലാണ്‌ കളി.
പത്ത്‌ വെച്ചാല്‍ ഇരുപത്‌. ഇരുപത്‌ വെച്ചാല്‍ നാല്‍പത്‌.
ഡബിളും ത്രിബിളും വീഴുമ്പോള്‍ കൂടുതല്‍ പണം.
കൂലിപ്പണിക്കാരാണ്‌, കളങ്ങളില്‍ കാശ്‌ വെച്ച്‌
കളിക്കുന്നവരില്‍ ഏറെയും. പോലീസുകാരുടെ
ശല്യം പേടിക്കാനില്ല. ഇടക്ക്‌ ഉത്സവക്കമ്മിറ്റിക്കാരുടെ
പിരിവുണ്ടാകും. അത്‌ അത്ര സാരമാക്കാനില്ല.

(അപ്പുറത്ത്‌ വലിയ തുക വെച്ച്‌ ചീട്ടു കളി നടക്കുന്നുണ്ട്‌.
ആയിരവും അയ്യായിരവും നഷ്ടപ്പെട്ടവന്‍ വെറും കയ്യോടെ
വീട്ടിലേക്ക്‌ മടങ്ങുന്നുണ്ടായിരുന്നു.
ഉത്സവത്തിന്റെ നേരമ്പോക്ക്‌നെത്തിയവര്‍
ഈ വഴിക്ക്‌ തിരിഞ്ഞു നോക്കാറില്ല) \

കുട്ടിക്കാലത്തിന്റെ ഓര്‍മകള്‍ മനസ്സ്‌ കുലുക്കിയപ്പോള്‍
അല്‍പം കുലുക്കിക്കുത്താമെന്ന്‌ കരുതി.
ചില്ലറയാ‌ക്കി കരുതി വെച്ചിരുന്ന പത്ത്‌ രൂപാ
നോ്‌ട്ടുകള്‍ ആഡ്യനിലും ഇസ്‌പേഡിലും കൊടിയിലും
ക്ലാവറിലും മാറിമാറി ഭാഗ്യം പരീക്ഷിച്ചു.
പണം പോയെങ്കിലും ഏറെക്കാലം മനസ്സില്‍
സൂക്ഷിക്കാന്‍ പുതിയൊരു ഉത്സവത്തിന്റെ
മേളപ്പെരുക്കമായി അത്‌.
ഈ ഉത്സവങ്ങള്‍ക്ക്‌ മതത്തിന്റെ
വേലിക്കെട്ടുകളില്ലെന്നതാണ്‌ സത്യം.
കൊടിയത്തൂരിലെ വെ‌ള്ളങ്ങോട്ടും കലങ്ങോട്ടുമൊക്കെ
ഉത്സവത്തിന്റെ വിജയം മാപ്പിളമാരുടെ സാന്നിധ്യമത്രെ.

കലങ്ങോട്ട്‌ അമ്പലം പണിതത്‌ കൊയപ്പ ഹാജി നല്‍കിയ
സ്ഥലത്താണെന്ന്‌ കേട്ടിട്ടുണ്ട്‌. ശിങ്കാരി മേളത്തിന്റെ
പെരുക്കങ്ങളില്‍ ഒരേ ലയത്തില്‍ അലിയുന്നതും
കുലുക്കി കുത്തിന്റെ ഭാഗ്യ പരീക്ഷണത്തില്‍ നോട്ടുകളും
വാരിയെറിയുന്നതും മുസ്‌‌ലിമും ഹിന്ദുവും ക്രിസ്‌‌ത്യാനിയുമാണ്‌.
ഈ ഉത്സവപ്പറമ്പുകളില്‍ നിന്നിറങ്ങി, പിന്നെ എപ്പോഴാണ്‌
നാം ശരിക്കും ഹിന്ദുവും ക്രിസ്‌ത്യാനിയും മുസ്‌‌ലിമുമൊക്കെ
ആയിപ്പോകുന്നത്‌‌? അല്ലെങ്കില്‍ ആരാണ്‌ നമ്മെ
അങ്ങിനെ ആക്കിക്കളയുന്നത്‌? ഇക്കുറി കലങ്ങോട്ട്‌‌
ഷാജിയും കൂട്ടരും അവതരിപ്പിച്ച ശിങ്കാരി മേളം അസ്സലായി.
ചെണ്ട വാടകയ്‌ക്കെടുത്ത്‌ സ്വയം കൊട്ടിപ്പഠിച്ച
എന്റെ നാട്ടുകാരായ ഈ ചെറുപ്പക്കാരുടെ
ഉദ്യമത്തില്‍ വലിയ അഭിമാനം തോന്നി.

കമ്മിറ്റിക്കാര്‍ കൊടുക്കുന്ന അയ്യായിരം രൂപ ഉപകരണങ്ങള്‍ക്ക്‌
വാടക കൊടുക്കാനെ തികയൂ. എന്നാലും
ഈ കലയോട്‌ പുതിയ കുട്ടികള്‍ കാണിക്കുന്ന
ആവേശം മനസ്സിന്‌ മറ്റൊരുത്സവമായി.

ഉത്സവപ്പറമ്പില്‍ അലഞ്ഞു തിരിഞ്ഞ്‌ വളരെ വൈകി
വീട്ടിലെത്തുമ്പോള്‍ വീട്ടുകാരിയുടെ പരിഭവമുണ്ട്‌.
അത്‌ മായ്‌‌ക്കാന്‍ അവള്‍ക്ക്‌ പ്രിയപ്പെട്ട ചക്കര ജിലേബി
വാങ്ങി നേര്‌ത്തെ കയ്യില്‍ വെച്ചിട്ടുണ്ട്‌.

ഉത്സവപ്പറമ്പുകളിലെ ഊട്ടുപുരകള്‍ ശരിക്കും
മതസൗഹാര്‍ദത്തിന്റെ വിരുന്നൂട്ടി.
സാമ്പാറും കൂട്ടി ചോറുണ്ണാന്‍ എല്ലാവരുമുണ്ടായിരുന്നു.
ജാതിയുടേയും മതത്തിന്റെയും അതിര്‍ വരമ്പുകളില്ലാതെ
ഒരുമിച്ചുണ്ണാനിരുന്നവര്‍ മിശ്രഭോജനത്തിന്റെ
പുതിയ അധ്യായങ്ങള്‍ രചിക്കുന്നു.

എരഞ്ഞിപ്പറമ്പിലെ ഊട്ടുപുരയില്‍ ഞാനും
അജ്‌‌മാനില്‍ നിന്ന്‌ അവധിക്ക്‌ വന്ന ശംസുവും
എത്തുമ്പോള്‍ നേരം വളരെ വൈകിയിരുന്നു.
ഊട്ടുപുര ഏറെക്കുറെ കാലി. എങ്കിലും
ആഘോഷത്തിന്റെ സൗഹാര്‍ദം പങ്കിടാനെത്തിയ
ഞങ്ങളെ അവര്‍ ശരിക്കും ഊട്ടി.
നായര്‍ കുഴിയിലും മണാശ്ശേരിയിലും
അനുഭവിച്ച ഊട്ടുപുരയുടെ സൗഹാര്‍ദത്തിന്റെ
രുചിയും മറക്കാനാകില്ല. എല്ലാം വിട്ടെറിഞ്ഞ്‌ വീണ്ടും
മടങ്ങാന്‍ നേരമായി. ഒരാഴ്‌ച കൂടി അവധി
നീട്ടിക്കിട്ടിയിരുന്നുവെങ്കില്‍.
കുറ്റിക്കുളം തിറ കൂടി കൂടാമായിരുന്നു.
അതിന്‌ ഭാഗ്യമില്ലല്ലോ.

Sunday, April 27, 2008

നന്ദി വേണം .....നന്ദി

ഇത്‌ ഒരു കഥയാണ്‌.
ഞാന്‍ ജോലി ചെയ്‌ത്‌ ജീവിക്കുന്ന രാജ്യത്തോ
മറ്റ്‌ വല്ല നാട്ടിലോ ഇങ്ങിനെയൊന്ന്‌ നടന്നതായി ഓര്‍മയില്ല.

ആര്‍ക്കെങ്കിലും അങ്ങിനെ തോന്നിയാല്‍ ദയവ്‌ ചെയ്‌ത്‌
കഥാപാത്രങ്ങളുമായി സാമ്യമുള്ളവരെ വിളിച്ച്‌
ഇക്കാര്യം അറിയിക്കരുത്‌.
വെറുതേയെന്തിന്‌ വഴിയേ പോകുന്ന വയ്യാവേലി വലിച്ച്‌
ഞാനെന്റെ വേണ്ടാത്തിടത്ത്‌ വെയ്‌ക്കണം?

കഥ തുടങ്ങാം. പതിമൂന്ന്‌ വര്‍ഷം മുമ്പ്‌ തമിഴ്‌നാട്ടില്‍ നിന്ന്‌
ഒരാള്‍ ഒരുപാട്‌ സ്‌പ്‌നങ്ങളുമായി ഗള്‍ഫിന്റെ
മരുഭൂമിയിലെത്തുന്നു. പേര്‌ തമിഴന്‍ എന്നു തന്നെയാകട്ടെ.
വന്ന നാള്‍ തൊട്ട്‌ ദുരിതമല്ലാതെ മറ്റൊന്നും തമിഴന്‌
ഗള്‍ഫ്‌ സമ്മാനിച്ചില്ല. കണ്ട കിനാക്കളെല്ലാം
മരുഭൂമിയുടെ ചൂടില്‍ വെന്തു വെണ്ണീറായി.
കൊടിയ വെയിലില്‍ കഠന ജോലി. ശമ്പളമില്ല, ആഹാരമില്ല, കിടക്കാന്‍
ഇടം പോലുമില്ല.
ഒടുവില്‍ രക്ഷപ്പെട്ട്‌ ഇദ്ദേഹം
പ്രവാസ നഗരത്തിലെ സാമൂഹിക പ്രവര്‍ത്തകരുടെ മുന്നിലെത്തുന്നു.
മരുഭൂമിയിലെ വാസം രോഗിയും പരിക്ഷീണനുമാക്കിയ
തമിഴന്‌ സ്വന്തം ഭാഷ പോലും നഷ്‌ടമായിരുന്നുവത്രെ.
ആടുമാടുകള്‍ക്കൊപ്പം മരുഭൂമിയില്‍ ഒരു വ്യാഴവട്ടത്തിലേറെ
കഴിയേണ്ടി വന്ന ഹതഭാഗ്യന്‌ സംസാരിക്കാന്‍
ഒരു ഭാഷ പോലും വേണ്ടിയിരുന്നില്ലല്ലോ.
അപ്പോഴാണ്‌ സാമൂഹിക പ്രവര്‍ത്തകനായ
കഞ്ഞിക്കുഴി കുഞ്ഞിക്കണാരനും സംഘവും ഇടപെടുന്നത്‌.
അവര്‍ ഇടപെട്ട്‌ എംബസിയുടെ സഹായത്തോടെ
സ്‌പോണ്‍സറെ കണ്ടെത്തി,
നിരന്തരമായ ഇടപെടലുകളിലൂടെ
തമിഴന്‌ ശമ്പള കുടിശ്ശിക ലഭ്യമാക്കി.
ഒരു വര്‍ഷത്തോളം തമിഴന്‌ താല്‍ക്കാലിക ജോലിയും
കിടക്കാനും ഉണ്ണാനും സൗകര്യവുമൊരുക്കി.
തമിഴനെ കുഞ്ഞിക്കണാരന്‍ കണ്ടെത്തിയതു മുതല്‍
ഒരു വര്‍ഷത്തിനിടെ പലവട്ടം പത്രങ്ങളില്‍ വാര്‍ത്ത വന്നു.
മിഴിച്ചു നില്‍ക്കുന്ന തമിഴനും ചിരിച്ചു നില്‍ക്കുന്ന
കുഞ്ഞിക്കണാരനും കളര്‍ ചിത്രങ്ങളായി.
മരുഭൂമിയില്‍ വലഞ്ഞ തമിഴന്‌ കുഞ്ഞിക്കണാരന്‍ അഭയം.
തമിഴന്‌ കുഞ്ഞിക്കണാരന്‍ താല്‍ക്കാലിക ജോലി ശരിയാക്കി,
കുഞ്ഞിക്കണാരന്‍ തമിഴന്റെ സ്‌പോണ്‍സറുമായി ബന്ധപ്പെട്ടു,
തമിഴന്റെ ശമ്പള കുടിശ്ശിക ലഭ്യമക്കാമെന്ന്‌
കുഞ്ഞിക്കണാരന്റെ ഇടപെടലിനെ തുടര്‍ന്ന്‌
സ്‌പോണ്‍സര്‍ സമ്മതിച്ചു.... പറയേണ്ട പൂരം.
ദിവസേനയെന്നോണം വാര്‍ത്തകള്‍, ചിത്രങ്ങള്‌...
കുഞ്ഞിക്കണാരന്‍ സ്വന്തം ജോലി പോലും മറന്നു
സാമൂഹിക പ്രവര്‍ത്തനം മാത്രം നടത്തിയാലോ
എന്നു പോലും ചിന്തിച്ചു പോകും.....

അപ്പോഴാണ്‌ അക്കിടി പറ്റിയത്‌.
45,000 റിയാല്‍ ശമ്പള കുടിശ്ശിക കൈപ്പറ്റാന്‍
ജോലി സ്ഥലത്തേക്ക്‌ പോയ തമിഴന്‌ നാട്ടിലേക്ക്‌
മടങ്ങുമ്പോള്‍ കുഞ്ഞിക്കണാരനോട്‌ പറയാന്‍ പറ്റിയില്ല.
ഒരു വാക്ക്‌ മിണ്ടാതെ അയാള്‍ നേരെ നാട്ടിലേക്ക്‌ പൊയ്‌ക്കളഞ്ഞുവത്രെ.
ഒരു യാത്രയപ്പ്‌ പടത്തിന്റേയും വാര്‍ത്തയുടേയും
അവസാന സാധ്യത തമിഴന്‍ കുഞ്ഞിക്കണാരന്‌
നഷ്‌ടപ്പെടുത്തിക്കളഞ്ഞു.
കൈയില്‍ പണം വന്നപ്പോള്‍
കൈത്താങ്ങായവരെ മറന്ന്‌ അയാള്‍ നാട്ടിലേക്ക്‌
പറന്നു എന്ന തലക്കെട്ടില്‍ വന്ന പത്രവാര്‍ത്ത
ഈ കുഞ്ഞിക്കണാരനെക്കുറിച്ചോ തമിഴനെ കുറിച്ചോ
അല്ലെന്ന്‌ ഉറപ്പിച്ചു പറയട്ടെ.
കാരണം ഇങ്ങിനെയൊന്ന്‌ എവിടെയും നടന്നിട്ടില്ല.

കഥ ഇവിടെ തീരുന്നു. ഇനി എന്റെ വക
അല്‍പം പ്രസംഗം, അധിക പ്രസംഗം:

സാമുഹിക സേവനവുമായി ബന്ധപ്പെട്ട്‌ പണ്ട്‌
നാം കേള്‍ക്കാറുണ്ടായിരുന്ന നിസ്വാര്‍ഥം, നിഷ്‌കാമ കര്‍മം,
പ്രതിഫലേഛയില്ലാതെ തുടങ്ങിയ പദങ്ങളും
പ്രയോഗങ്ങളുമൊക്കെ കാലഹരണപ്പെട്ടു.
എന്നേ കാലഹരണപ്പെട്ടു.
ഇപ്പോള്‍ ദുരിതമനുഭവിക്കുന്ന ഒരാള്‍ക്ക്‌ നാട്ടിലേക്കൊരു
വണ്‍വേ ടിക്കറ്റ്‌ എടുത്തു കൊടുത്താല്‍ പോലും
അത്‌ കൈമാറുന്ന പടവും വാര്‍ത്തയും പത്രത്തില്‍ വരണം.
അഥവാ സാമൂഹിക സേവനം പബ്ലിസിറ്റിക്കു വേണ്ടി
മാത്രമായി മാറുന്നുവെന്ന സംശയം ബലപ്പെടുകയാണ്‌.
ഗള്‍ഫുകാരന്റെ ജീവകാരുണ്യത്തിന്‌
പ്രവാസ ചരിത്രത്തോളം പഴക്കമുണ്ട്‌.
കഠിനമായി ജോലി ചെയ്‌ത്‌ സമ്പാദിക്കുന്ന
തുകയില്‍ നിന്നൊരു അംശം എല്ലാ മാസവും
കഷ്‌ടപ്പെടുന്ന ഏതെങ്കിലും സഹജീവിയുടെ
ആവശ്യത്തിന്‌ ചെലവാക്കുന്ന തുഛശമ്പളക്കാരായ
എത്രയോ പ്രവാസികളുണ്ട്‌.
പത്രത്തില്‍ പ്രചാരമോ ഒരു നന്ദിവാക്കോ പ്രതീക്ഷിച്ചല്ല
ഇവരൊന്നും ഇത്‌ ചെയ്യുന്നത്‌.
പത്രത്തില്‍ കാണുന്ന ദുരിത വാര്‍ത്തകള്‍ വായിച്ച്‌
പേര്‌ പോലും വെളിപ്പെടുത്താതെ നേരിട്ട്‌ സഹായം
എത്തിച്ചു കൊടുക്കുന്ന എത്രയോ പേരെ ഇവനറിയാം.
എന്നാല്‍ ഓരോ ദിവസവും മുളച്ചു പൊങ്ങുന്ന
കാക്കത്തൊള്ളായിരം ഗള്‍ഫ്‌ സംഘടനകള്‍
എല്ലാറ്റിനുമെന്ന പോലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കും
മത്സരിക്കുന്നു. ഉദാരമതികളില്‍ നിന്ന്‌ പണം പിരിച്ച്‌
ദുരിതമനുഭവിക്കുന്നവന്‌ കൊടുക്കുന്നത്‌ നല്ലതുതന്നെ.
ആ സഹായവും സ്വീകരിച്ച്‌ അയാള്‍ പോകുന്നെങ്കില്‍
പോകട്ടെ, അയാളില്‍ നിന്ന്‌ എന്തിന്‌ ഒരു നന്ദി വാക്ക്‌
പ്രതീക്ഷിക്കണം? അയാളുടെ കൂടെ നിന്ന്‌ പടമെടുത്ത്‌
എന്തിന്‌ പത്രത്തില്‍ വരുത്തണം? ~

ഒക്കെ പോകട്ടെ, നന്ദി പറയാതെ, പടമെടുക്കാന്‍ അവസരം
തരാതെ അയാള്‍ പോയെന്ന്‌ വെച്ച്‌ നമ്മള്‍
വെകിളി കൊള്ളുന്നതെന്തിന്‌?
അതും വാര്‍ത്തയാക്കേണ്ടതുണ്ടോ?
ഈയിടെ നമുക്ക്‌ വേണ്ടപ്പെട്ട ഒരാള്‍ പ്രവാസ നഗരത്തില്‍
വാഹനാപകടത്തില്‍ മരിച്ചു.
അപകട സ്ഥലം മുതല്‍ മൃതദേഹം ഖബറടക്കുന്നതുവരെ
കടലാസുകള്‍ ശരിയാക്കാനും വേണ്ട സഹായങ്ങള്‍
ചെയ്യാനും നഗരത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകര്‍
സജീവമായി ഒപ്പമുണ്ടായിരുന്നു.
ഏറെ ആത്മാര്‍ഥതയോടെ കൃത്യമായി
ഏല്ലാറ്റിനും കൂടെ നിന്നവര്‍.
അപ്പോള്‍ കഞ്ഞിക്കുഴി കുഞ്ഞിക്കണാരന്‍
മരിച്ച വ്യക്തിയുടെ ബന്ധുവായ എന്റെ
സുഹൃത്തിനോട്‌ പറഞ്ഞുവത്ര:
എന്നാലും വിവരം നിങ്ങള്‍ക്ക്‌
ആദ്യം ഞങ്ങളെ അറിയിക്കാമായിരുന്നു.
ഇനിയിപ്പോള്‍ അവന്മാര്‍ ഇടപെട്ട സ്ഥിതിക്ക്‌
ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ പറ്റാതായിപ്പോയില്ലേ?

സംഭവം ഇത്രയേയൂള്ളൂ: പരേതന്റെ
മരണാനന്തര രേഖകളും മറ്റു ശരിയാക്കാനുള്ള
നടപടിക്രമങ്ങള്‍ക്ക്‌ പ്രശസ്‌ത സാമൂഹിക പ്രവര്‍ത്തകന്‍
കഞ്ഞിക്കുഴി കുഞ്ഞിക്കണാരന്‍ നേതൃത്വം നല്‍കി.
മൃതദേഹം സംസ്‌കരിക്കുമ്പോള്‍ കഞ്ഞിക്കുഴി
കുഞ്ഞിക്കണാരന്റേ നേതൃത്വത്തില്‍
സാമൂഹിക പ്രവര്‍ത്തകര്‍ സന്നിഹിതരായിരുന്നു.
മരണനാന്തര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതിനും
മൃതേദഹം സംസ്‌കരിക്കുന്നതിനും ആവശ്യമായ
എല്ലാ സംഗതികളും പൂര്‍ത്തിയാക്കിത്തന്ന
കഞ്ഞിക്കുഴി കുഞ്ഞിക്കണാരന്‌
പരേതന്റെ ബന്ധുക്കള്‍ നന്ദി അറിയിച്ചു.
ഇങ്ങിനെ രണ്ട്‌ മൂന്നു ദിവസത്തെ പത്രത്തില്‍ വാര്‍ത്തയില്‍
നിറഞ്ഞു നില്‍ക്കാനുള്ള അവസരം നഷ്‌ടപ്പെട്ടു
പോയതിലുള്ള ദുഃഖമാണ്‌ അദ്ദേഹം പറയാതെ പറഞ്ഞത്‌.