വെല്യുമ്മയുടെ ആട്ടിന്‍കുട്ടികളായിരുന്നു കുട്ടിക്കാലത്ത് എന്റെ ചങ്ങാതിമാര്‍. ഒരു പ്രസവത്തില്‍ രണ്ടും മൂന്നും കുട്ടികളുണ്ടാകും. കുന്തിരിയെടുത്ത് പാഞ്ഞു നടക്കുന്ന അവറ്റകള്‍ക്കൊപ്പം മുറ്റത്തും പറമ്പിലും ഇരുട്ടുവോളം പാഞ്ഞു നടന്നാലും മതിയാകില്ല. മുറ്റത്തിനപ്പുറത്തുള്ള പ്ലാവില്‍ കൈയെത്തുന്നേടത്തുള്ള കൊമ്പൊടിച്ച് ഞാന്‍ ആട്ടിന്‍ കൂടിന്റെ അഴിയില്‍ കെട്ടിത്തൂക്കും. ആട്ടിന്‍ കുട്ടികള്‍ ചാടിച്ചാടി പ്ലാവില കടിച്ചു തിന്നുന്നത് കണ്ട് രസിക്കും. ആട്ടിന്‍ കുട്ടികള്‍ ഏതാണ്ട് ഒരു പ്രായമെത്തുമ്പോള്‍ അറവുകാരന് മുഹമ്മദ് കാക്ക വരും. അയാളോട് എനിക്ക് വെറുപ്പായിരുന്നു. ആട്ടിന്‍ കുട്ടികളെ കൊണ്ട് പോകാനാണ് അയാള്‍ വരുന്നത്. പോകാന്‍ ഇഷ്്ടമില്ലാത്ത ആട്ടിന്‍ കുട്ടികള്‍ മുറ്റവരമ്പില്‍ അമര്‍ത്തിച്ചവിട്ടി നിന്ന് വലിയ വായില്‍ നിലവിളിക്കും. അറവുകാരന് നിഷ്ഠുരമായി അവയെ പിടിച്ചു വലിച്ച് തൊടിയിറങ്ങിപ്പോകും. അപ്പോള്‍ എന്റെ മനസ്സ് വേദനിക്കും. തള്ളയാടിന്റെ അടുത്ത പ്രസവംവരെ ആ വേദന അവിടെ തങ്ങി നില്ക്കും. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അറവുകാരന് കശാപ്പ് ചെയ്ത് ഇറച്ചിക്കടയില്‍ കെട്ടിത്തൂക്കുന്ന എന്റെ കളിക്കുട്ടുകാരുടെ ചിത്രം മനസ്സില്‍ തെളിയും. മനസ്സിലെ മുറിവില്‍ അത് പിന്നെയും നീറ്റലാകും.
ആട്ടിന്‍ കുട്ടികളെ വില്‍ക്കാന്‍തന്നെയാണ് വെല്യുമ്മ ആടിനെ പോറ്റുന്നത്. അവയെ വിറ്റു കിട്ടുന്ന കാശിന് വലിയ മൂല്യമുണ്ട്. ആട്ടിന്‍ കുട്ടികളുമായി അറവുകാരന് പോകുന്നതിന്റെ അടുത്ത ദിവസങ്ങളില്‍ ചായക്ക് കൂട്ടാനുണ്ടാകും. ചോറിന് മീന്‍ കറിയുണ്ടാകും. ചക്കക്കുരുക്കൂട്ടാനും താളുകറിയുമൊക്കെ കൂട്ടി മടുത്തിരിക്കുമ്പോള്‍ അതൊരു സന്തോഷമാണ്. പക്ഷേ, ആട്ടിന്‍കുട്ടികള്‍ പോയ വേദന മായ്ക്കാന്‍ ആ സന്തോഷം മതിയായിരുന്നില്ല.
അതേ വേദനയാണ് 'അമ്മുവിന്റെ ആട്ടിന്‍കുട്ടി'യില്‍ ഞാന്‍ കണ്ടത്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്കൂളില്‍ ആ സിനിമ വന്നത്. അമ്മുവിന്റെ വേദന എന്റെ വേദനയായിരുന്നു. ആട്ടിന്‍കുട്ടിയെ അറവുകാര് കൊണ്ടു പോകുമ്പോള്‍ അമ്മുവിനൊപ്പം ഞാനും കരഞ്ഞു. ചുമരില്‍ കെട്ടിത്തൂക്കിയ സ്ക്രീനില്‍ തെളിഞ്ഞ ചിത്രങ്ങളെ കണ്ണീര് മറച്ചു.
ആദ്യമായി കാണുന്ന സിനിമയായിരുന്നു അത്. എന്നിട്ടും സിനിമ എന്ന സങ്കേതത്തെക്കുറിച്ചല്ല കൗതുകം തോന്നിയത്. പ്രൊജക്ടറില്‍ നിന്ന് വരുന്ന വെളിച്ചത്തില്‍ നിന്ന് എങ്ങനെ ചലിക്കുന്ന ചിത്രങ്ങള്‍ ചുമരില്‍ തെളിയുന്നുവെന്ന് ചിന്തിക്കാന്‍ തോന്നിയില്ല. ആട്ടിന്‍ കുട്ടികളെ കച്ചവടക്കാര്‍ കൊണ്ടുപോകുമ്പോള്‍ അമ്മുവും ഞാനും അനുഭവിച്ച വേദന ഒന്നു തന്നെയാണല്ലോ എന്ന് ഞാന്‍ കൗതുകം പൂണ്ടു.
അതുവരെ സിനിമ ഹറാമായിരുന്നു. മുക്കത്ത് അഭിലാഷ് തിയേറ്റര്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ ആദ്യം പ്രദര്‍ശിപ്പിച്ച തച്ചോളി അമ്പു കാണാന്‍ അടുത്ത വീട്ടില്‍ വിരുന്നു വന്ന അരീക്കോട്ടുകാരന്‍ കബീര്‍ എന്നെ ക്ഷണിച്ചതാണ്. സിനിമ ഹറാമാണ് എന്ന് ഞാന്‍ അവനോട് തര്‍ക്കിച്ചു. അന്ന് മൂന്നാം ക്ലാസിലായിരുന്നു. (മലയാളത്തിലെ ആദ്യത്തെ ആ സിനിമാ സേ്കാപ്പ് ചിത്രം പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞു ഞാന്‍ കണ്ടു. അതിനു മുമ്പ് ക്ലാസിലെ വിമലയും ബിന്ദുവുമൊക്കെ നാദാപുരം പള്ളിയിലെ ചന്ദനക്കുടവും അനുരാഗക്കളരിയില്‍ അങ്കത്തിനു വന്നവളുമൊക്കെ പാടുന്നത് കേട്ട് കൊതിച്ചിരുന്നിട്ടുണ്ട്).ഹറാം ചിന്തകൊണ്ട് അഭിലാഷ് ഉദ്ഘാടനം ചെയ്യാന്‍ വന്ന സീമയെ കാണാനും പോയില്ല. പിന്നീട് സീമയുടെ സിനിമകള്‍ കാണുമ്പോള്‍ അതേക്കുച്ചോര്‍ത്തു വല്ലാതെ നഷ്ടബോധം തോന്നിയിട്ടുണ്ട്.
അമ്മുവിന്റെ ആട്ടിന്‍ കുട്ടി കണ്ടു കഴിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് ആരാണ് സിനിമ ഹറാമാക്കിയത് എന്നാണ്. എന്തിനാണ് സിനിമ ഹറാമാക്കിയത്? ഇത്തിരിപ്പൊന്നിന്റെ മാലയേക്കാള്‍ വലുത് ആട്ടിന്‍ കുട്ടിയാണെന്ന് കരുതുന്ന അമ്മു എന്ന പെണ്‍കുട്ടി, കുട്ടികളില്‍ ഒരു നിഷിദ്ധ വികാരവും വളര്‍ത്തുന്നില്ലല്ലോ. മിണ്ടാ പ്രാണികളെ സ്നേഹിക്കാനാണ് ആ സിനിമ പഠിപ്പിച്ചത്. അതൊരു തെറ്റല്ലല്ലോ.
പിന്നീട്, സ്കൂളില്‍ നിന്ന് രണ്ടു തവണ ടാക്കിസില് കൊണ്ടു പോയി സിനിമ കാണിച്ചു. ആദ്യം നിര്‍മാല്യവും പിന്നീട് ശരശയ്യയും. കടം വീട്ടാന്‍ നിവൃത്തിയില്ലാതെ വെളിച്ചപ്പാടിന്റെ ഭാര്യ ചെയ്ത തെറ്റ് എന്താണെന്ന് അന്ന് മനസ്സിലായില്ല. എന്നാലും അരീക്കരയിലും ഇരിപറയിലും നടക്കുന്ന തിറകളില്‍ ഉറഞ്ഞു തുള്ളി നെറ്റിയില്‍ വെട്ടുന്ന വെളിച്ചപ്പാടിനെ എനിക്ക് പരിചയമുണ്ടായിരുന്നു.
ശരശയ്യയില്‍ 'ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവേ', 'മനസ്സിന് പാതി പകുത്തു തരൂ മെയ്യിന് പാതി പകുത്തു തരൂ' എന്ന പാട്ടു സീനില്‍ ആദ്യത്തെ മരംചുറ്റി പ്രേമവും കണ്ടു. സിനിമ ഒരു ഹരമായി, ഭ്രാന്തായി മനസ്സില്‍ ചേക്കേറിത്തുടങ്ങുകയായിരുന്നു. യതീംഖാനയില്‍നിന്ന് അവധിയ്ക്കു വന്നാല്‍ മുക്കത്ത് പോയി ആരും കാണാതെ സിനിമ കാണും. പരിചയക്കാര് ആരും ഇല്ലെന്ന് ഉറപ്പു വരുത്തി, ഏതോ മഹാപാതകം ചെയ്യുന്നപോലെയാണ് തിയേറ്ററിലേക്ക് കയറിയിരുന്നത്. സിനിമ കണ്ട കാര്യം മറച്ചു വെക്കാന്‍ വീട്ടില്‍ വലിയ വലിയ നുണകള്‍ പറയണം. ഒരു നുണ പറഞ്ഞാല്‍ അത് സ്ഥാപിക്കാന്‍ പിന്നെയും നുണകള്‍. ഹൊ... അതിന്റെ പ്രയാസം നുണ പറഞ്ഞവര്‍ക്കു മാത്രമേ മനസ്സിലാകൂ. എന്റെ മനസ്സിലെ സത്യം മുഖത്ത് എഴുതി വെച്ചപോലെ വായിക്കാന്‍ പറ്റും. അതുകൊണ്ട് മിക്കവാറും ഞാന്‍ പിടിക്കപ്പെടും. പക്ഷേ, സിനിമ കാണുന്നത് വലിയൊരു പാതകമായി ബാപ്പ കാണുന്നില്ലെന്ന് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞതുകൊണ്ട് അത്തരം നുണകള്‍ കൂടുതല്‍ പറയേണ്ടി വന്നിട്ടില്ല.
ഇന്നും റിലീസാകുന്ന സിനിമകളൊക്കെ മുടങ്ങാതെ കാണുന്ന ഒരു സാദാ പ്രേക്ഷകനാണ് ഞാന്‍. സൗദി അറേബ്യയില്‍ ജീവിച്ച പത്ത് വര്‍ഷം ഞാന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്തതും സിനിമയല്ലാതെ മറ്റൊന്നുമല്ല. അവിടെ വെച്ച് വ്യാജ സിഡികള്‍ കണ്ട് ഭ്രാന്ത് പിടിച്ചിട്ടുണ്ട്. ചില സിനിമകള്‍ക്ക് സംഭാഷണമേ കാണൂ. ചിത്രം വ്യക്തമാകില്ല. ചിലതിന് ചിത്രമുണ്ടാകും. സംഭാഷണം വ്യക്തമാകില്ല. ചിലതിന് തുടക്കവും ഒടുക്കവുമൊന്നും ഉണ്ടാകില്ല. എന്നാലും കഷ്ടപ്പെട്ട് കണ്ട് തീര്‍ക്കും.
ഇക്കഴിഞ്ഞ വിഷുവിന് ഞാന്‍ തിയേറ്ററില്‍ പോയി ഒരു മലയാള സിനിമ ഇതുപോലെ കഷ്ടപ്പെട്ട് കണ്ടുതീര്‍ത്തു. ചിത്രമോ സംഭാഷണമോ അവ്യക്തമായതുകൊണ്ടല്ല കണ്ടു തീര്‍ക്കാന്‍ കഷ്ടപ്പെടേണ്ടി വന്നത്. ഒരു ലാല്‍ ജോസ് ശിഷ്യന് സിനിമ എന്ന് പരസ്യത്തില്‍ കണ്ടതുകൊണ്ട് ഏറെ പ്രതീക്ഷയോടെയാണ് കുടുംബസമേതംതന്നെ ചിത്രം കാണാന്‍ തീരുമാനിച്ചത്. അനില്‍ കെ. നായര്‍ സംവിധാനം ചെയ്ത പുള്ളിമാന്‍. കലാഭവന്‍ മണിയാണ് നായകന്. കലാഭിരുചി പ്രോത്സാഹിപ്പിക്കാന്‍ കൂട്ടാക്കാത്ത മാതാപിതാക്കളോട് പിണങ്ങി നാടുവിട്ട് ഒരു പുഴയോര ഗ്രാമത്തിലെത്തുന്ന കുഞ്ഞുണ്ണി, അന്നാട്ടുകാരുടെ പ്രിയപ്പെട്ടവനാകുന്നു. കൃഷ്ണ വിഗ്രഹങ്ങള്‍ വില്ക്കാന് ഗ്രാമത്തിലെത്തുന്ന നായികയോട് (മീരാ നന്ദ) കുഞ്ഞുണ്ണിക്ക് സ്നേഹം. എതിര്‍പ്പുകള്‍ അതിജീവിച്ച്് കുഞ്ഞുണ്ണി നായികയെ സ്വന്തമാക്കുന്നതും മാതാപിതാക്കള്‍ അന്വേഷിച്ചെത്തുന്നതുമാണ് കഥ. സ്ഥാനത്തും അസ്ഥാനത്തും വലിയ ആക്രോശങ്ങളോടെ പ്രത്യക്ഷപ്പെടുന്ന വില്ലന്‍ ഈ സിനിമയില്‍ എന്ത് നിയോഗം എന്ന് ഒരു പിടിയുമില്ല. തുടക്കത്തില്‍ കാണിക്കുന്ന കത്തിക്കുത്തും വില്ലന്റെ രണ്ടാം വരവില്‍ ഗ്രാമത്തില്‍ കബഡി കളിക്കുന്നേടത്ത് വന്ന് നടത്തുന്ന പരാക്രമവുമൊക്കെ എന്തിനാണെന്നും മനസ്സിലായില്ല. നാട്ടുമ്പുറത്തെ തിയേറ്ററില്‍ സെക്കന്‍ഡ് ഷോ കാണാന്‍ വിഷുവായിട്ടും ആളുകള്‍ കുറവ്. പടം റിലീസ് ചെയ്ത ദിവസവുമാണ്. ഓരോ സീനും ഒന്നിനൊന്ന് ബോറടിച്ച് തുടങ്ങിയപ്പോള്‍ പ്രേക്ഷകര്‍ മുറുമുറുക്കാന്‍ തുടങ്ങി. ഇതെന്ത് സിനിമ എന്ന് അപ്പുറത്തും ഇപ്പുറത്തുമിരിക്കുന്നവര്‍ അടക്കം പറയാന്‍ തുടങ്ങിയപ്പോള്‍ ഭാര്യയും മക്കളും പറഞ്ഞു: നമുക്ക് പോകാം. എന്തായാലും വന്നില്ലേ, സിനിമ എവിടെയെത്തുമെന്ന് അറിഞ്ഞിട്ടു പോയാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. അപ്പോഴേക്കും ചിലരൊക്കെ പതുക്കെ എഴുന്നേറ്റ് പുറത്തേക്ക് പോയിത്തുടങ്ങിയിരുന്നു. സിനിമ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളിലും നിരാശ. -----ലെ സിനിമ എന്ന് പ്രാകിക്കൊണ്ടാണ് ഓരോരുത്തരും മടങ്ങിയത്. ഇമ്മാതിരി സിനിമക്കാണെങ്കില്‍ ഞങ്ങളെ കൊണ്ടുവരരുതെന്ന് ഭാര്യ താക്കീത് ചെയ്തു. അതെനിക്ക് ഒരാശ്വാസമായി. സിനിമക്ക് പോകണമെന്ന് ഇനി അവര്‍ വാശിപിടിക്കില്ലല്ലോ.
പോസ്റ്ററുകളില്‍ മാത്രമാണ് പല ചിത്രങ്ങളും സൂപ്പര്‍ ഹിറ്റ്. ഫാന്‍സ് അസോസിയേഷനുകള്‍ സ്ഥാപിക്കുന്ന ബാനറുകളും ഫ്ളക്സ് ബോര്‍ഡുകളും ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റാക്കും. തിയേറ്ററില്‍ ആളു കാണില്ല. ബോക്സ് ഓഫീസില്‍ പണം നിറയില്ല. രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചഭിനയിച്ചിട്ടും കാര്യമില്ല. പ്രേക്ഷകര്‍ക്ക് കണ്ടുകൊണ്ടിരിക്കാന്‍ എന്തെങ്കിലുമൊക്കെ വേണം. എങ്കിലേ ആളുകള്‍ തിയേറ്ററില്‍ കയറൂ. അതാണ് മോഹന്‍ലാലും സുരേഷ് ഗോപിയും ഒന്നിച്ചഭിനയിച്ച ജനകന് തെളിയിക്കുന്നത്. നവാഗതനും ചെറുപ്പക്കാരനുമായ മമാസ് സംവിധാനം ചെയ്ത പാപ്പി അപ്പച്ചയും നിരാശപ്പെടുത്തുകയാണ്. ദുര്‍ബലമായ തിരക്കഥതന്നെ പ്രശ്നം. വേറെ ചിത്രങ്ങളൊന്നും റിലീസ് ചെയ്യാത്തതു കൊണ്ടാകാം അവധിക്കാല പ്രേക്ഷകര്‍ പാപ്പി അപ്പച്ചക്ക് തിയേറ്ററിലെത്തുന്നുണ്ട്. കോമഡി ചിത്രമെന്നാണ് വെപ്പെങ്കിലും തിയേറ്ററില്‍ കൂട്ടച്ചിരി ഉയര്‍ത്താന്‍ പാകത്തിലുള്ള രംഗങ്ങളൊന്നും കാര്യമായില്ല.
തലേന്നും പിറ്റേന്നുമായി തിയേറ്ററിലെത്തിയ ജനകനിലും കടാക്ഷത്തിലും ഒരേ വിഷയമാണ് കഥാതന്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെ നടക്കുന്ന പീഡനം. അവതരണ രീതികൊണ്ട് കണ്ടിരിക്കാന്‍ കൊള്ളാവുന്നത് കടാക്ഷമാണ്. ഒന്നുകൂടി എഡിറ്റ് ചെയ്താല്‍ ചിത്രം കുറേക്കൂടി നന്നായേനെ! ജനകന് ഒഴിഞ്ഞ കസേരകള്‍ക്കു മുന്നില്‍ ഓടുന്നുണ്ട്.
സിനിമ ജീവിതത്തില്‍ നിന്ന് പിച്ചിച്ചീന്തിയ ഏടാകണമെന്നല്ല പറഞ്ഞു വരുന്നത്. സിനിമ പ്രേക്ഷകനെ ഒന്നും അനുഭവിപ്പിക്കണമെന്നും വാശിയില്ല. കാശ് കൊടുത്ത് തിയേറ്ററില്‍ കയറിയാല്‍ രണ്ടര മണിക്കൂറിലേറെ നേരം ബോറടിക്കാതെ കണ്ടു കൊണ്ടിരിക്കാന് എന്തെങ്കിലും വേണം. ഇപ്പോള്‍ തിയേറ്ററുകളിലെത്തുന്ന മിക്ക സിനിമകളും അങ്ങനെ കണ്ടിരിക്കാന്‍ കഴിയുന്നില്ല. ഈ വര്‍ഷം പുറത്തിറങ്ങിയ ഒരു മെഗാസ്റ്റാര്‍ ചിത്രം കാണാന്‍ ആദ്യദിവസത്തെ ആദ്യ ഷോയ്ക്ക്തന്നെ തിയേറ്ററില്‍ കയറി. സൂപ്പര്‍ സംവിധായകന്റെ ചിത്രം. പൂക്കള്‍ വിതറിയും പടക്കം പൊട്ടിച്ചും ആഘോഷമായി എത്തിയ ഫാന്‍സുകാര്‍ തന്നെ സിനിമ മുന്നോട്ട് പോകവെ പല രംഗങ്ങളിലും കൂവുന്നതാണ് കണ്ടത്. സിനിമ തീര്‍ന്നപ്പോള്‍ തൊട്ടടുത്തിരുന്ന പ്ലസ് ടു ചെക്കനോട് സിനിമ ഇഷ്ടപ്പെട്ടോ എന്ന്് ചോദിച്ചു. ഇല്ലെന്നായിരുന്നു ക്ലാസ് കട്ട് ചെയ്ത് ഇഷ്ടതാരത്തിന്റെ സിനിമ കാണാന്‍ ആദ്യ ഷോയ്ക്കു തന്നെ ആവേശത്തോടെ എത്തിയ അവന്റെ മറുപടി.
പറയാന്‍ ഉദ്ദേശിച്ചത് ഇതൊന്നുമല്ല. വിഷുപ്പിറ്റേന്ന് കോഴിക്കോട്് ശ്രീ തിയേറ്ററില്‍ മോഹന്‍ രാഘവന് സംവിധാനം ചെയ്ത ടി.ഡി ദാസന് സ്റ്റാന്‍ഡേര്‍ഡ് ആറ് ബി കണ്ടു. സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യവും വലിയ പണച്ചെലവുമില്ലാത്ത ഈ ചിത്രം കണ്ടിറങ്ങിയപ്പോള്‍ എനിക്കെന്തോ ഒരു സുഖം തോന്നി.
നാടു വിട്ടു പോയ, താന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത അച്ഛന് ആറാം ക്ലാസുകാരനായ ടി.ഡി ദാസന് പഴയ മേല്‍വിലാസത്തില്‍ എഴുതുന്ന കത്ത് എത്തുന്നത് ബാംഗ്ലൂരിലെ മലയാളി കുടുംബത്തിലാണ്. പണ്ട് ഈ വിട്ടില്‍ താമസിച്ചിരുന്ന കുടുംബത്തിന്റെ ഡ്രൈവറായിരുന്നു അദ്ദേഹം. കുടുംബനാഥന് ആ കത്ത് അധികരിച്ച് ഒരു സിനിമയെടുക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. പരസ്യ ചിത്രങ്ങളുടെ സംവിധായകനാണ് കുടുംബനാഥന്. കൂട്ടുകാരനായ തിരക്കഥാകൃത്തിനെ വിളിച്ച് ഈ കത്തും അതു വെച്ച് ഉണ്ടാക്കാവുന്ന സിനിമയെക്കുറിച്ചും അയാള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ദാസന്റെ അച്ഛനെ തേടിയിറങ്ങുകയാണ് അയാളുടെ മകള്‍. ദാസന്റെ അച്ഛനെ കണ്ടെത്താന്‍ കഴിയാതാകുമ്പോള്‍ ദാസന്റെ വേദന തിരിച്ചറിയുന്ന പെണ്‍കുട്ടി ആ കത്തിന് മറുപടി എഴുതുകയാണ്. ഏതോ നാട്ടില്‍ അച്ഛന് ജീവിച്ചിരിക്കുന്നുവെന്ന ആനന്ദമാണ് ഈ പെണ്‍കുട്ടി മുടങ്ങാതെ എഴുതുന്ന കത്തുകള്‍ ദാസന് നല്‍കുന്നത്. തന്തയില്ലാത്തവന് എന്ന വിളി കേട്ട് മനം മടുത്ത ദാസന് ആ കത്തുകള്‍ ജീവിക്കാനുള്ള പുതിയ ഊര്‍ജമാകുകയാണ്. പിന്നീട് പെണ്‍കുട്ടിയുടെ അച്ഛന് നടത്തുന്ന അന്വേഷണത്തില്‍ ദാസന്റെ അച്ഛന് മരിച്ചു പോയെന്ന് മനസ്സിലാകുന്നു. അതോടെ പെണ്‍കുട്ടി ചെയ്തത് ഗൗരവമുള്ള ഒരു കുറ്റമായി കാണുന്ന അച്ഛന് അവളേയും കൂട്ടി ദാസന്റെ നാട്ടിലേക്ക് പോകുകയാണ്. അപ്പോഴേക്കും അച്ഛന്റെ പേരില്‍ പെണ്‍കുട്ടി എഴുതിയ കത്തുകള്‍ കാണാനിടയായ ദാസന്റെ അമ്മ (നല്ല നടിക്കുള്ള അവാര്‍ഡ് നേടിയ ശ്വേതാമേനോന്റെ മറ്റൊരു മികച്ച വേഷം) മരിച്ചു പോയിരുന്നു. അച്ഛന്റെ സുഹൃത്തിന്റെ സംരക്ഷണത്തിലാണ് അപ്പോള്‍ ദാസന്. പെണ്‍കുട്ടിയുടെ അച്ഛന് തന്നെയാണ് തന്റെ അച്ഛന് എന്ന് കരുതുന്ന ദാസന്റെ നഷ്ടത്തിലാണ് സിനിമ അവസാനിക്കുന്നത്.
കഥയുടെ ചുരുക്കം ഞാനിങ്ങനെ അലസമായി പറഞ്ഞു പോകുമ്പോള്‍ ഒരു രസം കിട്ടില്ലെന്ന് അറിയാം. ചില്ലറ പാളിച്ചകളുണ്ടെങ്കിലും ഒരു ചെറുകഥ വായിച്ചു പോകുമ്പോലെ ചിത്രം കണ്ടിരിക്കാന്‍ സാധിക്കുന്നുണ്ട്. പ്ലാച്ചിമട സമരമൊക്കെ ചിത്രത്തില്‍ വരുന്നുണ്ട്. ദാസന് അച്ഛന് എഴുതുന്ന കത്തില്‍ തങ്ങളുടെ നാട്ടില്‍ നടക്കുന്ന കോളഫാക്ടറിക്കെതിരായ സമരത്തെക്കുറിച്ചും നാട്ടിലെ വെള്ളപ്രശ്നത്തെക്കുറിച്ചുമൊക്കെ പറയുന്നു. പെണ്‍കുട്ടിയുടെ അച്ഛനാണെങ്കില്‍ കോളക്കമ്പനിയുടെ പരസ്യം ചെയ്യുന്ന ആളാണ്. ദാസന്റെ ആദ്യ കത്ത് പെണ്‍കുട്ടി വായിക്കുമ്പോള്‍ത്തന്നെ ദാസന് പ്രേക്ഷകന്റെ കൂടിവേദനയാകുന്നുണ്ട്. അത്ര തീവ്രമായാണ് പെണ്‍കുട്ടി ആ വേദന ഉള്‍ക്കൊള്ളുന്നത്. പെണ്‍കുട്ടിയും അവളുടെ അച്ഛനും വീട്ടിലെ കുശിനിക്കാരനും ദാസന് അച്ഛനെഴുതിയ കത്ത് കൈകാര്യം ചെയ്യുന്നത് മൂന്ന് വിധത്തിലാണ്. അത് മനോഹരമായി അവതരിപ്പിക്കാനും പ്രേക്ഷകരെ സ്നേഹത്തിന്റെ പക്ഷത്തു നിര്‍ത്താനും സംവിധായകന് സാധിച്ചിട്ടുണ്ട്. അവിടെയാണ് ഈ കഥയുടെ ട്രീറ്റ്മെന്റ് വിജയിക്കുന്നതും.
ഇളംപ്രായമുള്ള പെണ്‍കുട്ടി മാത്രമാണ് ദാസന്റെ വേദന തിരിച്ചറിയുന്നത്. ആദ്യ കത്തിന് മറുപടി കിട്ടാതാകുമ്പോള്‍, ഏറ്റവും വേദനയോടെ ദാസന് എഴുതി അയയ്ക്കുന്ന രണ്ടാമത്തെ കത്തിലെ സങ്കടമാണ് പെണ്‍കുട്ടിയെ സ്പര്‍ശിക്കുന്നത്. നഗരജീവിതത്തിന്റെ തിരക്കിനിടയിലും കാരുണ്യം വറ്റിപ്പോകാത്ത മനസ്സ് സൂക്ഷിക്കാന്‍ പുതിയ തലമുറയ്ക്കും കഴിയുന്നുണ്ട്. അത് ഈ ചിത്രം നല്കുന്ന ഒരു പ്രതീക്ഷയാകുന്നു.
വീട്ടിലെ പെണ്ണു പിഴച്ചാല്‍ ചെത്തുകാരന് ആപത്താണെന്ന് കഥ നടക്കുന്ന ഗ്രാമത്തില്‍ ഒരു വിശ്വാസമുണ്ട്. കരിമ്പനകളുടെ നാട്ടിലെ ഈ മിത്ത് സിനിമയില്‍ ഉപയോഗിച്ചേടത്ത് എനിക്ക് എന്തോ പന്തികേട് തോന്നി. ആണ് തുണയില്ലെങ്കിലും തന്േറടത്തോടെ ജീവിക്കുന്ന ദാസന്റെ അമ്മ കാവില്‍ മരിച്ചു കിടക്കുന്നതാണ് കാണുന്നത്. ആ മരണത്തെ ഈ മിത്തുമായി കൂട്ടിച്ചേര്‍ത്ത് കാണേണ്ടി വരുമ്പോള്‍ ദാസന്റെ അമ്മ എന്ന കഥാപാത്രം പെട്ടെന്ന് ദുര്‍ബലമായിപ്പോകുന്നുണ്ട്. ആ മിത്ത്് ഈ രീതിയില്‍ കഥയിലേക്ക് കൊണ്ടുവരേണ്ടിയിരുന്നില്ല. അതിന് ഇക്കഥയില്‍ ഒരു പ്രസക്തിയുമില്ലതാനും.
കുഴപ്പം അതൊന്നുമല്ല. ഇത്തരം ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ തിയേറ്ററിലെത്തുന്നില്ല. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ക്ക് ഇടിച്ചു കയറി നിരാശയോടെ തിരിച്ചു പോകുന്നവര്‍ക്ക് ആശ്വാസമാണ് താരജാടയും ബുദ്ധിജീവി നാട്യങ്ങളുമിമില്ലാത്ത ഇത്തരം ചിത്രങ്ങള്‍. പക്ഷേ, വിരലിലെണ്ണാവുന്ന പ്രേക്ഷകര്‍ മാത്രമാണ് അന്ന് എന്നോടൊപ്പം തിയേറ്ററിലുണ്ടായിരുന്നത്.
പണ്ടത്തെപ്പോലെ സ്കൂള്‍ കുട്ടികള്‍ക്ക് ഇത്തരം ചിത്രങ്ങള്‍ കാണാന്‍ അവസരമുണ്ടാക്കിയാല്‍ രണ്ടുണ്ട് മെച്ചം. സിനിമ പിടിച്ചവര്‍ക്ക് ആശ്വാസം. കുട്ടികള്‍ക്ക് നല്ല സിനിമ കാണാന്‍ അവസരം.
11 comments:
നല്ല സിനിമയാണെന്നു കേട്ടിരുന്നു.എന്തു ചെയ്യാം നല്ല സിനിമകള്‍ ഇറങ്ങുന്നില്ലെന്നു പരാതി പറയുമ്പോഴും ഇത്തരം സിനിമകള്‍ പലപ്പോഴും പ്രോത്സാഹിക്കപ്പെടുന്നുമില്ല. പിന്നെ പ്രേക്ഷകര്‍ ഇങ്ങനെയൊരു സിനിമയുണ്ടെന്നറിഞ്ഞു വരുന്നത് തന്നെ ഇപ്പോഴാണെന്നു തോന്നുന്നു.കഴിഞ്ഞ ദിവസം ന്യൂസ് ചാനലില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാനാവാഞ്ഞതില് നിരാശനായ സംവിധായകനെ കാണിച്ചിരുന്നു.അല്പം കൂടി പരസ്യത്തില്‍ ശ്രദ്ധ നല്കി ഇങ്ങനെയൊരു കൊച്ചു സിനിമ വമ്പന്‍ സിനിമകള്‍ക്കൊപ്പം ഇറങ്ങുന്നുണ്ടെന്നു കാണികളെ അറിയിക്കേണ്ടതുമായിരുന്നു എന്നു അദ്ദേഹം തന്നെയൊടുവില് പറഞ്ഞിരുന്നു..
മലയാളത്തില്‍ നല്ല സിനിമകളുടെ കുറവുണ്ട് ,,അതൊരു വാസ്തവം പക്ഷെ ഇതിനു മുന്‍പ് വന്ന നല്ല കഥാ മുല്ല്യവും തിരക്കഥയും ഉള്ള സിനിമകള്‍ വന്നപ്പോള്‍ "അവാര്‍ഡ് സിനിമകള്‍ " എന്നാ പേരില്‍ പ്രേക്ഷകര്‍ തള്ളികളന്ജിടുണ്ട് ,പ്രേക്ഷകര്‍ക്ക് ഇത്തരം സിനെമാകൊലോടെ വിയോജിപ്പ് കാണിക്കുമ്പോള്‍ അവരെ തൃപ്തിപ്പെടുത്താന്‍ തട്ടിക്കുട്ടു സിനിമകള്‍ എടുക്കാന്‍ സിനിമ പ്രവര്‍ത്തകര്‍ നിര്ഭാന്തിതരകുന്നു
ഒരുപാട് ദൂഷ്യങ്ങള്‍ പതിയിരിക്കുന്ന മദ്യപാനത്തെ
‘ഹലാലാ’ക്കിയവരാണല്ലൊ,ഒരുപാട് നന്മകളിലേക്ക്
പ്രേരണ നല്‍കിയേക്കാവുന്ന സിനിമ എന്ന മാധ്യമത്തെ
‘ഹറാമാ’ക്കി നിര്‍ത്തിക്കളഞ്ഞത്..!!!
ആ പഴയകാലങ്ങളൊക്കെ ഒരു വെള്ളിത്തിരയിലെന്നോണം പകര്‍ന്ന പീടിക്ക് ആശംസകള്‍...മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്ലോഗന
വഴിയാണിവിടെ എത്തിയത്
ദാസന് നല്ല സിനിമ ആണ് എന്ന് പറഞ്ഞ് കേട്ടിരുന്നു. പറ്റിയാല്‍ കാണണം.
ബ്ലോഗനയിൽ ഈ പോസ്റ്റ് വായിച്ചു. നന്നായിട്ടുണ്ട്. ആട്ടിൻ കുട്ടികളെ കുറിച്ചുള്ള എഴുത്ത് എന്നെയും കുട്ടിക്കാലത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. ആട്ടിൻ കുട്ടികളെ മത്രമല്ല വീട്ടിൽ വളർത്തുന്ന ഒരു കോഴിയെ പോലും കശാപ്പുന്നത് എനിക്കിഷ്ടമല്ല.അത് പൂവൻ കോഴിയായാലും.
പണ്ട് വിറ്റതും കണ്ടിച്ചതുമായ ആടുകളും കോഴികളും എല്ലാം ഇന്നും മനസ്സിന്റെ വിങ്ങലുകളാണ്. എന്റെ കോഴികളെയും കോഴി കുഞ്ഞുങ്ങളെയും തിന്ന കിള്ളിറാന്മാർ, പരുന്തുകൾ,കാക്കകൾ, കുറുക്കന്മാർ, കീരികൾ ഇത്യാദികളോടുള്ള വൈരാഗ്യം ഇന്നും എനിക്ക് തീർന്നിട്ടില്ല. ഈ ദുഖങ്ങൾ ഒഴിവാക്കാൻ കൂടിത്തന്നെ ഇപ്പോൾ ഒരു ജീവിയെയും വീട്ടിൽ നമ്മൾ വളർത്തുന്നില്ല.എന്തായാലും ആടുകളും കോഴികളുമയി സന്തോഷിച്ചു കഴിഞ്ഞിരുന്ന ആ കാലം ഓർമ്മിപ്പിച്ചതിനു നന്ദി!
ഞാനും നല്ല പ്രായത്തിൽ കണ്ട സിനിമകൾക്ക് കണക്കില്ല. ഒരു കാലത്ത് സിനിമ തന്നെയായിരുന്നു ജീവിതം.എല്ലാത്തരം സിനിമകളും കണ്ടിരുന്നു. എ പടങ്ങളടക്കം.ആർട്ട് പടങ്ങളോട് അന്നും താല്പര്യമുണ്ടായിരുന്നു.
പക്ഷെ ഇപ്പോൾ തിയേറ്ററുകളിൽ പോയി സിനിമ കാണാറില്ല. സി.ഡി ഇറങ്ങുമ്പോൾ കാണുന്നെങ്കിലേ ഉള്ളൂ. തിയേറ്ററിൽ പോയി വൻ ടിക്കറ്റ് ചാർജു മുടക്കി സൂപ്പർ താരങ്ങളെയും ഫാൻസ് അസോസിയേഷനുകളെയും വളർത്താൻ വലിയ താല്പര്യവുമില്ല. നല്ല സിനിമകൾ കുറവാണു താനും. മാത്രവുമല്ല നല്ല സിനിമ കാണാൻ പോയാൽ ബുദ്ധിജീവി ജാഡയെന്ന് ചിലർ കളിയാക്കും. ടി.ഡി. ദാസൻ (പരാമർശിച്ച ചിത്രം) കാണണമെന്നുണ്ട്. അത്തരം സിനിമകളാണ് ഇഷ്ടം.
ഞാൻ അന്യ ഭാഷാ ചിത്രങ്ങൾ കാണാറില്ല. പക്ഷെ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൽ ഇഷ്ട ചിത്രങ്ങളെ കുറിച്ച് ചോദിച്ചാൽ ആദ്യം പറയുന്നത് പഥേർ പാഞ്ചാലി എന്നായിരുന്നു. ബുദ്ധിജീവി നടിച്ച് അങ്ങനെ പറയുന്ന സമയത്തൊന്നും സത്യത്തിൽ ഞാൻ ആ പടം കണ്ടിരുന്നില്ല. പക്ഷെ പിന്നീട് റ്റി.വിയിൽ പഥേർ പാഞ്ചാലി കണ്ടു. സത്യം പറയട്ടെ. ഞാൻ ആദ്യാവസാനം കണ്ടിരുന്ന ഒരു അന്യഭാഷാ ചിത്രം പഥേർ പാഞ്ചാലിയാണ്. അതു പോലെ എനിക്കിഷ്ടപ്പെട്ട മറ്റൊരു ചിത്രവും ഇന്നുവരെ ഉണ്ടായിട്ടില്ല.ഇനി ഉണ്ടാകുമോ എന്നറിയില്ല.
മലയാളത്തിലെ ഡാനി, പൊന്തൻ മാട ഇതൊക്കെ എന്റെ ഇഷ്ട ചിത്രങ്ങളാണ്. ആർട്ട് പടങ്ങൾ ഇഷ്ടപ്പെടുന്ന ആളാണ്. തമാശ പടങ്ങളും ഞാൻ ഇഷ്ടപ്പെടുന്നു. ഇഷ്ടമില്ലാത്തത് സൂപ്പർ താരങ്ങൾ വീര ശൂര പരാകരമികളായി ജയിച്ചു കയറുന്ന, വിവരമുള്ളവരുടെ സാമാന്യ ബുദ്ധിയെ തന്നെ പരിഹസിക്കുന്ന ചിത്രങ്ങളാണ്. അതേ സൂപ്പർ സ്റ്റാറുകൾ തന്നെ ആർട്ട് (അങ്ങനെ തരം തിരിക്കാമോ എന്നത് വേറെ കാര്യം) പടങ്ങളിൽ നല്ല അഭിനയം കാഴ്ച വച്ചിട്ടുമുണ്ട്.
ഡാനിയിലെ മമ്മൂട്ടിയും വാസ്തുഹാരയിലെ മോഹൻ ലാലിനെയും ഞാൻ മറക്കില്ല. ആർട്ട് പടങ്ങളൊന്നും അല്ലെങ്കിലും, മരംചുറ്റി പ്രേമവും മറ്റും ഉണ്ടായിരുന്നെങ്കിലും പഴയകാല ചിത്രങ്ങളും നല്ലൊരു പങ്കും ജീവിത സ്പർശിയയിരുന്നു. എല്ലാം ജീവിത സ്പർശിയാകണം എന്ന വശിയല്ല. മനുഷ്യ ജീവിതം അവതരിപ്പിക്കുമ്പോൾ അല്പമൊക്കെ സംഭവിക്കാനുള്ള സാധ്യതകൾ ഉള്ള കാര്യങ്ങൾ വേണം കാണിക്കാൻ.അല്ലാതെ ആളുകളെ വിഡ്ഢികളാക്കരുത്.
മലയാളത്തിൽ തിയേറ്ററുകളിൽ പൊട്ടിപ്പോയ എത്രയോ നല്ല സിനിമകൾ ഉണ്ട്. തിയേറ്ററുകളിലെ തലയെണ്ണി സിനിമകളുടെ മേന്മ നിർണ്ണയിക്കുന്ന പ്രവണത ശരിയല്ല. അതിനൊക്കെ ഒരു മാറ്റം വരണം. പ്രേക്ഷകരുടെ ഒരു ഗുണകരമായ ഒരു കാഴ്ചസംസ്കാരം നാം വളർത്തിയെടുക്കേണ്ടതാണ്.
എന്തായാലും നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം എഴുതക്കങ്ങൾക്ക് ആശംസകൾ! ഇനിയും കാണാം.
ടി ഡി ദാസന് നല്ല സിനിമയാണെന്ന് എല്ലാരും പറയുന്നു.എന്ത് ചെയ്യാന്‍ മലയാളി മാറിപോയി. നന്നായിട്ട് എഴുതി,തുടരുക.
ഒത്തിരി ഇഷ്ടമാണെനിക്ക് ആട്ടിന്‍ കുട്ടികളെ...ഒന്നോര്‍ത്താല്‍ നിരവധി ചതി നമ്മള് അവരോട് ചെയ്യുന്നു. അതെ കുറിച്ച് ഒരു അനുഭവം ഇവിടെ ചേര്‍ത്തിരിക്കുന്നു http://charankav.blogspot.com/2010/04/blog-post.html
സാദികിനു,
പോസ്റ്റുകള്‍ നന്നായി.
ജിദ്ദയില്‍ നിന്നും പരിചയപ്പെടാം എന്ന് കരുതിയിരുന്നതാണ്, സാധിച്ചില്ല.
മുന്നറിയിപ്പില്ലാതെ ഓടിക്കളഞ്ഞില്ലേ!പഴയ എന്‍.ആര്.ഐ. അല്ലെ, കീശയില്‍ കൈ വെച്ചനുഗ്രഹിക്കുന്നു
'നന്നായി വരട്ടെ'
ബഷീര്‍ പുതുപ്പറമ്പ്
സാദികിനു,
പോസ്റ്റുകള്‍ നന്നായി.
ജിദ്ദയില്‍ നിന്നും പരിചയപ്പെടാം എന്ന് കരുതിയിരുന്നതാണ്, സാധിച്ചില്ല.
മുന്നറിയിപ്പില്ലാതെ ഓടിക്കളഞ്ഞില്ലേ!പഴയ എന്‍.ആര്.ഐ. അല്ലെ, കീശയില്‍ കൈ വെച്ചനുഗ്രഹിക്കുന്നു
'നന്നായി വരട്ടെ'
ബഷീര്‍ പുതുപ്പറമ്പ്
വായിച്ചു. വരവ് വെച്ചോളൂ..
ഇതിവിടെ പങ്കു വെച്ചതിനു നന്ദി.
Post a Comment