ആന്തിയൂര്‍ കുന്നിലേക്ക് വഴി ചോദിച്ചപ്പോള്‍ ആ ചെറുപ്പക്കാര്‍ പറഞ്ഞു, ഞങ്ങളും അങ്ങോട്ടാണ്. കാറില്‍ അവരും കയറി. ഒരു വളവ് തിരിഞ്ഞപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു.
ഇടതു വശത്തു കാണുന്ന ഈ വീട് കണ്ടോ? കേരളത്തിലെ ഏറ്റവും വലിയ വീടായിരിക്കും ഇത്. കോടികള്‍ ചെലവ് വരും.
നോക്കുമ്പോള്‍, ആകാശത്തേക്ക് ഉയരുന്ന വലിയൊരു വീട്. ഗള്‍ഫിലെ ഒരു വ്യവസായിയുടേതാണ്. പണി തീര്‍ന്നിട്ടില്ല. കോടികള്‍ ഇപ്പോള്‍ തന്നെ ചെലവായിക്കഴിഞ്ഞിട്ടുണ്ടെന്ന ചെറുപ്പക്കാരുടെ വാക്കുകളില്‍ അതിശയോക്തി കാണില്ല. എനിക്കു പോകേണ്ട വഴി പറഞ്ഞു തന്ന് അടുത്ത വളവിനപ്പുറത്ത് അവര്‍ ഇറങ്ങിപ്പോയി.
ഞാന്‍ മുസ്തഫയുടെ വീട്ടിലേക്കാണ്. നെല്ലിപ്പടിക്കലെ ആ മലഞ്ചരിവില്‍, ഭാര്യാവീട്ടിലെ വലിയ ഇല്ലായ്മകളില്‍ അതിനേക്കാള്‍ വലിയ സ്വന്തം ഇല്ലായ്മകളുമായി മുസ്തഫ കിടക്കുന്നു. ഉണ്ണിക്കൃഷ്ണന് പുത്തൂരിന്റെ |`ആനപ്പക' യായിരുന്നു അപ്പോള്‍ അയാളുടെ കയ്യില്‍. നാല് ദിവസം മുമ്പ് ബ്ലോഗര്‍മാരായ നിരക്ഷരനും മുരളിയും (മുരളിക) വന്നപ്പോള്‍ കൊണ്ടുവന്ന പുസ്തകങ്ങളില്‍ ഒന്നാണ് അത്. പുസ്തകം അടച്ചു വെച്ച് മുസ്തഫ തല ഉയര്‍ത്തി. തലയണക്കപ്പുറത്ത് പുസ്തകങ്ങളുടെ ചെറിയ കൂമ്പാരം. കിടപ്പിലായ ശേഷം കോട്ടയം പുഷ്പനാഥിന്റെ ലൂസിഫറുടെ മകള്‍ മുതല്‍ സാറാ ജോസഫിന്റെ മാറ്റാത്തി വരെ 32 പുസ്തകങ്ങള്‍ മുസ്തഫ വായിച്ചു തീര്‍ത്തിരിക്കുന്നു.
ബ്ലോഗ് എന്ന് മുസ്തഫ കേട്ടിട്ടുണ്ടായിരുന്നില്ല. മുസ്തഫയുടെ കത്ത് ബ്ലോഗില്‍ കൊടുക്കട്ടെ എന്ന് മൈനാ ഉമൈബാന്‍ ചോദിച്ചപ്പോള്‍ ഏതോ ആഴ്ചപ്പതിപ്പാകുമെന്നാണ് അയാള്‍ കരുതിയത്.
മുസ്തഫയ്ക്കൊരു പുസ്തകമെന്നേ മൈനയും കരുതിയിരുന്നുള്ളൂ. കാരണം മുസ്തഫ എഴുതിയ കത്തില്‍ മറ്റൊന്നും ആവശ്യപ്പെട്ടിരുന്നില്ല. മരത്തില്‍ നിന്ന് വീണ് നട്ടെല്ലിന് ക്ഷതം പറ്റി, അരക്കു താഴെ ചലനമില്ലാതെ കിടപ്പിലായിപ്പോയ മുസ്തഫക്ക് വായന മാത്രമാണ് ഒരാശ്വാസം. പുസ്തകം വാങ്ങാന്‍ മാര്‍ഗ്ഗമില്ലാത്തതുകൊണ്ട്, മൈന എഴുതിയ പുസ്തകങ്ങള്‍ അയച്ചു കൊടുക്കണമെന്ന് മാത്രമേ മുസ്തഫ എഴുതിയുള്ളു. അരിവാങ്ങാന്‍ മുസ്തഫക്ക് പണമില്ല. മരുന്നു വാങ്ങാന്‍ മാര്‍ഗ്ഗമില്ല. ജീവിയ്ക്കാന്‍ ഒരു ഗതിയുമില്ല. അതൊന്നും മുസ്തഫ എഴുതിയില്ല. സത്യത്തില്‍ അതൊക്കെയാണ് മുസ്തഫയ്ക്കുള്ള യഥാര്‍ഥ ഇല്ലായ്മകള്‍. അരിയും മരുന്നും മാത്രമല്ല, തല ചായ്ക്കാന്‍ മണ്ണില്‍ സ്വന്തമായി ഒരിടവുമില്ലാത്ത മനുഷ്യപുത്രനാണ് മുസ്തഫ.
നടക്കുന്ന കാലത്ത് മുസ്തഫ നന്നായി വായിക്കുമായിരുന്നു. അപകടത്തിന് മുമ്പുള്ള കാലത്തെ മുസ്തഫ നടക്കുന്ന കാലം എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. സംസാരത്തിലുട നീളം അയാള്‍ തന്റെ നല്ല കാലത്തെ നടക്കുന്ന കാലം എന്ന് സ്വയം വിശേഷിപ്പിക്കുന്നു.
മരത്തില്‍ നിന്ന് വീണ് അരയ്ക്കു താഴെ മരിച്ചു പോയ മുസ്തഫക്ക് ഇത് കിടക്കുന്ന കാലമാണ്. നടക്കുന്ന കാലത്തെ കുറിച്ചു പറയുമ്പോഴും കിടക്കുന്ന കാലത്തിന്റെ വേദന ആ വാക്കുകളില്‍ പുരണ്ടു പോകാതിരിക്കാന്‍ മുസ്തഫ ശ്രദ്ധിക്കുന്നു.
നടക്കുന്ന കാലവും മുസ്തഫയെ സംബന്ധിച്ചിടത്തോളം അത്ര നല്ല കാലമായിരുന്നില്ല. പതിനൊന്നാം വയസ്സു മുതല്‍ അധ്വാനത്തിന്റെ ഭാരം ചുമലിലേറ്റുന്നുണ്ട്. സ്കൂളില്ലാത്ത ദിവസങ്ങളില്‍ കല്ലും ഓടും കടത്താന്‍ പോകും. ഏഴാം ക്ലാസൂവരെ മാത്രമേ പഠിച്ചിട്ടുള്ളൂ. പട്ടിണിയുടെ നാളുകളില്‍ എന്നോ ഒരു ദിവസം മുസ്തഫ നാടുവിട്ടു. ആന്ധപ്രദേശിലേക്ക്. ഹോട്ടല്‍ പണിയായിരുന്നു തുടക്കം. പിന്നെ ഒരു സ്റ്റീല്‍ കമ്പനിയില്‍ ജോലി കിട്ടി. ഡ്യൂട്ടി കഴിഞ്ഞാല്‍ ധാരാളം ഒഴിവു സമയം. അക്കാലത്താണ് കയ്യില്‍ കിട്ടുന്ന പൈങ്കിളി വാരികകളിലൂടെ മുസ്തഫ വായനാ ലോകത്തേക്ക് കടക്കുന്നത്. കഥകളിലെ ആവര്‍ത്തന വിരസതയും കഥയില്ലായ്മകളും ബോധ്യമായപ്പോഴാണ് പുസ്തകങ്ങളിലേക്ക് തിരിഞ്ഞത്. നാട്ടില്‍ തിരിച്ചെത്തി കൂലിപ്പണിക്ക് പോകുന്ന കാലത്തും കിട്ടുന്ന കാശില്‍ ചെറിയൊരു ഭാഗം പുസ്തകത്തിനായി നീക്കിവെയ്ക്കും. ഡ്രൈവറാണ് മുസ്തഫ. വണ്ടിയില്‍ പോകാത്ത ദിവസങ്ങളില്‍ മറ്റു ജോലികള്‍ക്ക് പോകും. അങ്ങിനെയാണ് ഒരു ദിവസം കൂട്ടുകാരന് കവുങ്ങില്‍ കയറാന്‍ വിളിക്കുന്നത്. അഞ്ചു സെന്റില്‍ ആകെ നാലഞ്ചു കവുങ്ങുകളാണ് കൂട്ടുകാരന് ഉള്ളത്. വിധി അവിടെ മുസ്തഫയെ കാത്തു നില്‍ക്കുകയായിരുന്നു. കവുങ്ങിന്റെ തലയൊടിഞ്ഞു മുസ്തഫ നിലം പതിച്ചു.
2005 നവംബര്‍ പതിനേഴിനായിരുന്നു അത്. അതോടെ മുസ്തഫയുടെ നടക്കുന്ന കാലം അസ്തമിച്ചു. അരക്കു താഴെ ചലനമറ്റ് അയാള്‍ കിടപ്പിലായി. ജീവിതം കിടപ്പുമുറിയുടെ നാലു ചുമരുകള്‍ക്കുള്ളിലേക്ക് ചുരുങ്ങി. പുളിയ്ക്കല്‍ പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് ഏറ്റെടുത്തതോടെയാണ് മുസ്തഫ ആത്മവിശ്വാസത്തിന്റെയും മനോവീര്യത്തിന്റേയും പുതിയ വെളിച്ചം കാണുന്നത്. കൂട്ടുകാര്‍ കൊണ്ടു വരുന്ന പുസ്തകങ്ങളായി പിന്നീട് മുസ്തഫയ്ക്ക് കൂട്ട്.
അങ്ങിനെ ആരോ കൊണ്ടു വന്ന പുസ്തകങ്ങളില്‍ ഒന്ന് മൈനാ ഉമൈബാന്റെ നോവലായിരുന്നു, ചന്ദന ഗ്രാമം. പുസ്തകം വായിച്ചു തീര്‍ന്നപ്പോള്‍ അതിലുള്ള വിലാസത്തില്‍ മുസ്തഫ കത്തെഴുതി. അതിനു മുമ്പ് കെ. കവിത. സാറാ ജോസഫ്, കാക്കനാടന് തുടങ്ങിയവര്‍ക്കും ഇതുപോലെ മുസ്തഫ കത്തെഴുതിയിരുന്നു.
സര്‍പ്പഗന്ധി ബ്ലോഗില്‍ മൈന മുസ്തഫയ്ക്കൊരു പുസ്തകം എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ് പെട്ടെന്നാണ് ബൂലോഗം ഏറ്റെടുത്തത്. മുസ്തഫക്ക് വേണ്ടത് വെറുമൊരൂ പുസ്തകം മാത്രമല്ലെന്ന് ബൂലോഗ കാരുണ്യം തിരിച്ചറിഞ്ഞു. കമന്റുകളും മറുപടികളുമായി മുസ്തഫയ്ക്ക് ഇല്ലാത്തതൊക്കെ അവര്‍ കണ്ടെത്തി. തളര്‍ന്നു പോയ ശരീരത്തിനകത്ത് കത്തി നില്ക്കുന്ന മനസ്സിന് കൂടുതല്‍ ഊര്‍ജം പകരാന്‍ അവര്‍ ഒറ്റക്കെട്ടായി. പക്ഷേ, ഒരു ഏകോപനത്തിന്റെ അഭാവത്തില്‍ സഹായങ്ങള്‍ മുസ്തഫയെ തേടിയെത്താന്‍ വൈകുന്നുണ്ട്.
മൈനയുടെ പോസ്റ്റ് കണ്ട് അമേരിക്കയില്‍ നിന്നും ഗള്‍ഫ് നാടുകളില്‍ നിന്നും ബ്ലോഗര്‍മാര്‍ വിളിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിളികള്‍ വന്നു. പലരും പുസ്തകങ്ങള്‍ അയച്ചു കൊടുത്തു. പ്രസാധകരുടെ വി.ഐ.പി കാര്‍ഡുകളും ഓഫറുകളായി വന്നു. അവധിക്കു വന്ന ചിലര്‍ വീട്ടില്‍ വന്ന് മുസ്തഫയെ കണ്ടു. പുസ്തകങ്ങളല്ലാതെ മറ്റ് വല്ല സഹായവും വേണോ എന്നായിരുന്ന പോസ്റ്റ് സന്ദര്‍ശിച്ച പലരുടേയും പ്രതികരണം. അതോടെ പുസ്തകങ്ങള്‍ക്കപ്പുറമുള്ള ജീവകാരുണ്യത്തിലേക്ക് ബ്ലോഗര്‍മാര്‍ ഒത്തുകൂടി. ബ്ലോഗെഴുത്തു വെറുമെഴുത്തല്ലെന്നും സഹജീവി സ്നേഹം കൂടിയാണെന്നും അവര്‍ തിരിച്ചറിയുന്നു. മുസ്തഫയുമായി ബന്ധപ്പെട്ടവര്‍ അയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നെയും ബ്ലോഗില്‍ പോസ്റ്റ് ചെയ്തു കൊണ്ടിരുന്നു. (ഈ കുറിപ്പെഴുതുമ്പോള്‍ മുസ്തഫ ആശുപത്രിയിലാണ്. മൂത്ര തടസ്സം. പിന്നെ പനിയും ഛര്‍ദിയും. ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് ആശുപത്രിയിലേക്കുള്ള പോക്കുവരവുകള്‍ വലിയ പ്രയാസമാണ്. വീടു നില്ക്കുന്ന ചെറിയ കുന്നില്‍ നിന്ന് വീല്‍ചെയറില്‍ താഴേക്കിറങ്ങാന്‍ നാല് പേരുടെ സഹായം വേണം. നിരപ്പായ സ്ഥലത്ത് ഒറ്റക്ക് വീല്‍ ചെയര്‍ ഉരുട്ടി പോകാന്‍ മുസ്തഫക്ക് സാധിക്കും. അങ്ങിനെയൊരു സ്ഥലത്താണ് പുതിയ വാടക വീട് തെരയുന്നത്).
വാടക വീട് ഒഴിയേണ്ടി വന്ന, മുസ്തഫ ഇപ്പോള്‍ ആന്തിയൂര്‍കുന്നിലെ നെല്ലിപ്പടിക്കലുള്ള ഭാര്യാ വീട്ടിലാണ് കഴിയുന്നത്. അധിക നേരം മലര്‍ന്നു കിടക്കാനോ ഇരിക്കാനോ മുസ്തഫക്ക് സാധിക്കില്ല. അനന്തമായ കിടത്തം മുസ്തഫയുടെ പിന്‍ഭാഗത്ത് വലിയ മുറിവുകള്‍ തീര്‍ത്തിരിക്കുന്നു. ആഴ്ചയിലൊരിക്കല്‍ മലം പുറത്തു പോകാനുള്ള മരുന്നു കഴിക്കും. മൂത്രം കത്തീറ്ററിലുടെ പുറത്തു പോകുന്നു. ഒരാവശ്യവും മുസ്തഫ അറിയില്ല. എല്ലാം യാന്ത്രികമായി നടക്കുന്നു. അരക്കു താഴെ നടക്കുന്നതൊന്നും മുസ്തഫ അറിയില്ല. ഉറുമ്പും പാറ്റയും ചിലപ്പോള്‍ എലികളും വന്ന് മുറിവേല്പിച്ചു പോകും. പിന്നീട് വസ്ത്രം മാറുമ്പോഴാണ് മുറിവുകള്‍ കാണുന്നത്.
സംസാരിക്കുമ്പോള്‍ മുസ്തഫ തന്റെ പ്രാരാബ്ധങ്ങളിലേക്ക് കടക്കുന്നേയില്ല. ഇല്ലായ്മകളെ കുറിച്ച് പരിതപിക്കുന്നേയില്ല. ആത്മധൈര്യത്തിന്റേയും നിശ്ചയദാര്‍ഢ്യത്തിന്റേയും കരുത്താണ് ആ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.
ആരോടും മുസ്തഫ സഹായം ചോദിക്കുന്നില്ല. സഹായവുമായി നീട്ടുന്ന ഒരു കൈയും മുസ്തഫ നിഷേധിക്കുന്നുമില്ല. അരക്കു താഴെ തളര്ന്നവന് നല്കുന്ന അരിയില്‍ പോലും രാഷ്ട്രീയമുണ്ടെന്ന് കിടക്കുന്ന കാലം മുസ്തഫയെ പഠിപ്പിക്കുന്നു. മുസ്തഫ പക്ഷ, ആരേയും കുറ്റപ്പെടുത്തുന്നില്ല.
ആരോടും ഞാന്‍ ഒന്നും ആവശ്യപ്പെടുന്നില്ല. എന്നാല്‍ ആരെങ്കിലും എന്തെങ്കിലും തരുമ്പോള്‍ വേണ്ടെന്ന് പറയാന്‍ കഴിയുന്ന സ്ഥിതിയല്ല എന്റേത്. ഒരു സഹായത്തിന് വഴി തുറക്കുന്നവരെ വിലക്കാനും കഴിയില്ല, മുസ്തഫ ഏറ്റവും നിസ്സംഗതയോടെ പറയുന്നു.
സഹായത്തിന് നിബന്ധനകള്‍ വെയ്ക്കുന്നവരെ മാത്രം മുസ്തഫ അകറ്റി നിര്‍ത്തുന്നു. കിടന്ന കിടപ്പില്‍ ഒന്ന് അനങ്ങാന്‍ പോലും പ്രയാസപ്പെടുന്ന ഈ ശരീരത്തിലേക്കും സ്വാര്‍ഥതയോടെ നോക്കുന്നവരെ അടുപ്പിക്കാതിരിക്കാനുള്ള കരളുറപ്പ് ഈ ഇല്ലായ്മകള്‍ക്കിടയിലും മുസ്തഫക്കുണ്ട്. സഹായ വാഗ്ദാനവുമായി വരുന്ന ചിലരെ രാഷ്ട്രീയ കാരണങ്ങളാല്‍ മാറ്റി നിര്‍ത്താന്‍ പറയുന്ന രാഷ്ട്രീയത്തോടാണ് മുസ്തഫക്ക് എതിര്‍പ്പ്.
മുസ്തഫയുടെ ദൈന്യം പകര്‍ത്താന്‍ ഒരു ചാനല്‍ സംഘം എത്തിയ ദിവസമാണ് അത് സംഭവിച്ചത്. അരിയും പല വ്യഞ്ജനങ്ങളുമായി വന്ന മറ്റൊരു കൂട്ടരും അപ്പോള്‍ അവിടെയുണ്ടായിരുന്നു. അവര്‍ അന്ന് മുഖം കറുപ്പിച്ചാണ് പുറത്തേക്ക് പോയത്. രണ്ട് ദിവസം കഴിഞ്ഞ് അവര്‍ വീണ്ടും വന്നു.
അവര്‍ പറഞ്ഞു, ചാനലും ആഴ്ചപ്പതിപ്പും ബ്ലോഗുമൊന്നും ദൈവമല്ല. പാലിയേറ്റീവ് ക്ലിനിക്കും ദൈവമല്ല. ദൈവത്തോട് പ്രാര്‍ഥിക്കണം. ദൈവമാണ് നമുക്ക് എല്ലാം തരുന്നത്.
മുസ്തഫയുടെ മറുപടി കൃത്യമായിരുന്നു. പത്താം ക്ലാസ് വരെ മദ്രസയില്‍ പഠിച്ച മുസ്തഫക്ക് അറിയാം അല്ലാഹുവിന്റെ കാരുണ്യം എന്താണ് എന്ന്. ദൈവം ഒരിക്കലും നേരിട്ട് വന്ന് സഹായിക്കില്ല. പാലിയേറ്റീവ് ക്ലിനിക്കിന്റേയോ ചാനലിന്റേയോ ആഴ്ചപ്പതിപ്പിന്റേയോ ബ്ലോഗിന്റെയോ ഒക്കെ രൂപത്തിലായിരിക്കും അല്ലാഹുവിന്റെ കാരുണ്യമെത്തുന്നത്. അതൊന്നും തള്ളിക്കളയാനാകില്ല.
അപ്പോള്‍ പുസ്തകങ്ങളെ കുറിച്ചായി അവരുടെ ആക്രോശം. ഈ പുസ്തകങ്ങളൊക്കെ തരുന്നവരോട് അതിന് പകരം വല്ല അരിയും പച്ചക്കറിയുമൊക്കെ കൊണ്ടുവരാന്‍ പറഞ്ഞുകൂടെ? ഈ പുസ്തകങ്ങള്‍ വായിച്ചിട്ട് എന്ത് കിട്ടാനാണ്?
അതിനും മുസ്തഫയുടെ മറുപടി കൃത്യമായിരുന്നു: എന്ത് സഹായമാണ് തരേണ്ടതെന്ന് തീരുമാനിക്കുന്നത് സഹായം തരുന്നവരാണ്. അവരോട് ഇന്നതു വേണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല. അരിയുമായി വരുന്ന നിങ്ങളോടും ഞാന്‍ ഇതുവരെ അരി വേണ്ട, അതിന്റെ കാശ് മതിയെന്ന് പറഞ്ഞിട്ടില്ലല്ലോ. അരി വേണ്ടെന്നല്ല, അരിയ്ക്ക് അപ്പുറമുള്ള ആവശ്യങ്ങളും കാശ് കൊണ്ട് നിറവേറ്റാമല്ലോ.
മുസ്തഫയ്ക്ക് വീട് വെച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തവര്‍ക്കും ചില താല്പര്യങ്ങളുണ്ട്. അതിനും മുസ്തഫ വഴങ്ങുന്നില്ല. ശരീരത്തില്‍ ബാക്കിയുള്ള പാതി ജീവന് എന്ന് വിട പറയുമെന്ന് ഒരു നിശ്ചയവുമില്ല. താന്‍ ഇല്ലാതായാല്‍ തന്റെ ഭാര്യയും മകനും തെരുവിലേക്കിറങ്ങാന്‍ പാടില്ല. ഒരു പ്രയോജനവുമില്ലാത്ത മുസ്തഫയുടെ ശരീരം പരിപാലിച്ച് കൂടെ നില്ക്കുന്ന പ്രിയപ്പെട്ടവളെയും ഒന്നുമറിയാത്ത പിഞ്ചു മകനെയും ഓര്‍ക്കുമ്പോള്‍ മാത്രമാണ് ആ മനസ്സിന്റെ കടിഞ്ഞാണ്‍ അല്പമെങ്കിലും നഷ്ടമാകുന്നത്. മുഖ്യമന്ത്രിക്ക് മുസ്തഫ ഒരു കത്തെഴുതിയിരുന്നു. വീട് വെയ്ക്കാന്‍ സഹായിക്കണമെന്ന്. പാവപ്പെട്ടവന് അന്തിയുറങ്ങാന്‍ ഇടം നല്‍കാനുള്ള ബാധ്യത ഭരണാധികാരികള്‍ക്കുണ്ടെന്ന് മുസ്തഫ വിശ്വസിക്കുന്നു. അരിയില്‍ രാഷ്ട്രീയം കലര്‍ത്തിയവര്‍ ആ കത്തിലും രാഷ്ട്രീയും കാണുന്നു. മുഖ്യമന്ത്രിയും ദൈവമല്ലെന്ന് അവര്‍ മുസ്തഫയുടെ പാതിജീവനെ പഠിപ്പിച്ചു. പക്ഷേ, ദൈവ സഹായം മുഖ്യമന്ത്രിയുടെ രൂപത്തിലും വന്നേക്കുമെന്ന് മുസ്തഫ വിശ്വസിക്കുന്നു.
പുളിക്കല്‍ പാലിയേറ്റീവ് കെയര്‍ ക്ലിനിക്കാണ് മുസ്തഫ താമസിക്കുന്ന വീടിന് വാടക നല്‍കിയിരുന്നത്. ആ വീട് പുതുക്കി പണിയുന്നതിനാല്‍ ഒഴിയേണ്ടി വന്നു. ഇപ്പോള്‍ പുതിയ വീട് അന്വേഷിക്കുകയാണെന്ന് പാലിയേറ്റീവ് ക്ലിനിക്ക് സാരഥികളായ അഷ്റഫും അഫ്സലും പറഞ്ഞു. വീട് നല്കാന് പലരും ഭയപ്പെടുന്നു. വാടക കിട്ടുമോ, വീട് ഒഴിഞ്ഞു കൊടുക്കാതിരിക്കുമോ എന്നൊക്കെയാണ് ഭയം.
വീട് മുസ്തഫയുടെ ഒരു സ്വപ്നം മാത്രമാണ്. കടുത്ത യാഥാര്‍ഥ്യങ്ങള്‍ വേറെയുണ്ട്. മുറിവുകള്‍ ഡ്രസ് ചെയ്യാനും മറ്റും ആഴ്ചയില്‍ ആയിരം രൂപ വേണം. ഇടക്ക് കത്തീറ്റര്‍ മാറ്റണം. പാലിയേറ്റീവ് കെയര്‍ ക്ലിനിക്കാണ് ഇതൊക്കെ ചെയ്യുന്നത്. വാടകയും മരുന്നും ഒക്കെയായി മാസത്തില്‍ അയ്യായിരം രൂപയെങ്കിലും വേണം. കിടക്കുന്ന മുസ്തഫയെ സ്വന്തം വീട്ടുകാര്‍ കയ്യൊഴിഞ്ഞ പോലെയാണ്. അവര്‍ക്ക് സഹായങ്ങള്‍ ചെയ്യാന്‍ കഴിയില്ല. പക്ഷേ, സ്നേഹം നല്കാന് കഴിയും. കിട്ടാതെ പോയ ആ സ്നേഹമാണ് കുറേ നല്ല മനസ്സുകള്‍ മുസ്തഫക്ക് നല്‍കുന്നത്. ആ സ്നേഹമാണ് മുസ്തഫയുടെ ശരീരത്തില്‍ അവശേഷിക്കുന്ന ജീവനും ആ മനസ്സിന്റെ കരുത്തും പിടിച്ചു നിര്‍ത്തുന്നത്.
നട്ടെല്ലിന് ക്ഷതം സംഭവിച്ച് എന്നെന്നേക്കുമായി കിടപ്പിലായിപ്പോയ ഇരുപതിലേറെ രോഗികളെ പുളിക്കല്‍ പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് പരിപാലിക്കുന്നുണ്ട്. കാന്‍സര്‍, വൃക്കരോഗികള്‍ക്കു പുറമെയാണിത്. ഇവര്‍ക്കൊക്കെ സ്വന്തമായി ഒരു വീടുണ്ട്. മറ്റു കാര്യങ്ങള്‍ നോക്കിയാല്‍ മതി ക്ലിനിക്കിന്. മുസ്തഫക്ക് കിടപ്പാടം കൂടി ഒരൂക്കേണ്ടതുണ്ട്. ഗള്‍ഫിലെ ഒരു സന്നദ്ധ സംഘടന വീട് നിര്‍മിച്ചു നല്കാന് മുന്നോട്ട് വന്നിരുന്നു. എന്നാല്‍ സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ അത് നടന്നില്ല. അപ്പോള്‍ മുസ്തഫക്ക് വീട് മാത്രമല്ല, വീട് വെക്കാന്‍ ഭൂമിയും കണ്ടെത്തേണ്ടതുണ്ട്. ബ്ലോഗര്‍മാരുടേയും വായനക്കാരുടേയും സഹായത്തോടെ അതിന് കഴിയുമെന്ന പ്രതീക്ഷയിലാണ് അഫ്സലും അഷ്റഫും.
യാത്ര പറയാന്‍ നേരം മുസ്തഫ വായിച്ചു മടക്കി വെച്ച ആനപ്പകയുടെ പേജ് ഞാന്‍ വെറുതെ മറിച്ചു നോക്കി. ആദ്യത്തെ അനുഭവം എന്ന അധ്യായത്തിലായിരുന്നു മുസ്തഫ. ഗതികേടു കൊണ്ട് ഉരപ്പുരക്കാരത്തിയാകുന്ന നാണിക്കുട്ടിയുടെ ജീവിതമാണ് വരികളില്‍.
``ഒറ്റപ്പെട്ടവളാണ്. ചാര്ച്ചയില് പെട്ടവര്‍ അവിടെയുമിവിടേയുമായി നല്ല നിലയില്‍ കഴിഞ്ഞു കൂടുന്നുണ്ടെന്ന് കേള്‍ക്കുന്നു. നാണിക്കുട്ടിയെ അവരാരും വേണ്ട രീതിയില്‍ ശ്രദ്ധിക്കുന്നില്ലെന്നു മാത്രം.''
കുന്നിറങ്ങി, പുളിയ്ക്കല്‍ അങ്ങാടിയിലേക്ക് മടങ്ങുമ്പോള്‍ ആ പഴയ വളവില്‍ ആ വലിയ വീട് ഞാന്‍ പിന്നെയും കണ്ടു. ഞാന്‍ ഇറങ്ങിയ ശേഷം മുസ്തഫ വീണ്ടും ആനപ്പക കയ്യിലെടുത്തിട്ടുണ്ടെങ്കില്‍ ആ അധ്യായത്തിലെ അവസാന വരികള്‍ അയാള്‍ ഇങ്ങിനെ വായിക്കുന്നുണ്ടാകും:
``നാണിക്കുട്ടി ഉരപ്പുരക്കാരത്തിയായി. നെല്ലുകുത്തുകാരിയായി. ഇന്നലെവരെ കാത്തുസൂക്ഷിച്ച തറവാടിത്തത്തിന്റെ ഉടുവസ്ത്രമാണ് അവള് ഊരിയെറിഞ്ഞത്. കൃത്രിമമായ പുറംമോടികള്‍ ആവശ്യമില്ല. അധ്വാനിച്ച് ജീവിക്കാനാണ് വന്നിരിക്കുന്നത്. അധ്വാനത്തിലൂടെ തളര്‍ന്നു മരിച്ചാലും ഒരുത്തനോടും യാചിക്കുകയില്ല.''
അധ്വാനിക്കാന്‍ ശരീരവും യാചിക്കാന്‍ മനസ്സുമില്ലാത്ത മുസ്തഫയുടെ മനസ്സില്‍ ആ വാചകങ്ങള്‍ എന്തെന്തു വികാരങ്ങള്‍ ഉണര്‍ത്തിയിട്ടുണ്ടാകില്ല!
20 comments:
പതറാത്ത ആത്മധൈര്യവും തളരാത്ത നിശ്ചയദാര്‍ഢ്യവും മുസ്തഫയുടെ ജീവിതത്തിന് കരുത്തേകട്ടെ.
മുസ്തഫക്ക് നന്മ നേരുന്നു
ഇനിയും കൂടുതല്‍ സഹായങ്ങള്‍ അദ്ദേഹതിനു ചെയ്യുവാന്‍ എല്ലാവര്ക്കും തോന്നട്ടെ.
i wish musthafa more strength and will..
pls can u give me Mustafa's contact address?
regards
Thanks.
എനിക്കറിയില്ല എന്താ പറയേണ്ടതെന്നു്. മുസ്തഫയെപ്പറ്റിയുള്ള പോസ്റ്റുകള്‍ മുന്‍പും വായിച്ചിരുന്നു. ബൂലോകത്തിലെ കുറച്ചുപേരെങ്കിലും മുസ്തഫയെ കാണാന്‍ ചെല്ലുന്നതും പുസ്തകങ്ങള്‍ കൊടുക്കുന്നതും സന്തോഷം തന്നെ. സഹായം ചെയ്യാന്‍ മിക്കവാറും എല്ലാരും തന്നെ സന്നദ്ധരാവും. അതിനു് ഒരു ഏകോപനം വേണം ആ ഭാഗത്തുനിന്നുള്ള ഏതെങ്കിലും ബൂലോകരുടെ.
നന്മ നേരുന്നു മുസ്തഫ.
എല്ലാ അസുഖങ്ങളും വേഗം ഭേദമാകാൻ പ്രർത്ഥിക്കുന്നു.
മുസ്തഫ ഇപ്പോള്‍ ബൂലോകത്തിന് പുതുമുഖമല്ല. മുന്നൂറാന്റെ ഈ പോസ്റ്റ് മുസ്തഫയെപ്പറ്റി ബ്ലോഗുകളില്‍ വന്ന നാലാമത്തെ പോസ്റ്റാണ്. ബൂലോകത്തിന് പുറത്തുള്ള ലോകവും മാതൃഭൂമി,അമൃതാ ടീ.വി. എന്നീ മാധ്യമങ്ങളിലൂടെ മുസ്തഫയെപ്പറ്റി അറിഞ്ഞുകഴിഞ്ഞിരിക്കുന്നു.
പണം സമാഹരിക്കാന്‍ വേണ്ടി മുസ്തഫയുടെ ഭാര്യയുമായി ചേര്‍ന്ന് മൈന ഉമൈബാന്‍ ഒരു ജോയന്റ് അക്കൌണ്ട് തുടങ്ങി, ആ വിവരം ബ്ലോഗിലൂടെയും അല്ലാതെയും കഴിയുന്നത്രപേരെ അറിയിക്കുകകയും ചെയ്തിരുന്നു. പക്ഷെ ഇതുവരെ അതിലേക്ക് സഹായമൊന്നും എത്തിയിട്ടില്ലെന്ന് പറയുന്നതിനൊപ്പം എല്ലാവരും മുസ്തഫയെ മറന്നുകാണുമോ ? അദ്ദേഹത്തിനുവേണ്ടിയുള്ള ഈ ശ്രമം പാഴായിപ്പോകുമോ ? എന്നൊക്കെയുള്ള ആശങ്ക മൈനയുമായി ഈയിടെ സംസാരിച്ചപ്പോള്‍ മനസ്സിലാക്കാനായി.അങ്ങനൊന്നും ഉണ്ടാകില്ല. വിചാരിച്ച രീതിയില്‍ത്തന്നെ നമുക്ക് മുസ്തഫയെ സഹായിക്കാനാകും.സര്വ്വേശ്വരന് ആ ജോലി നമ്മളെ ഏല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ നമ്മളത് ചെയ്തേ പറ്റൂ.
മുസ്തഫയ്ക്ക് വേണ്ടി മൈന തുടങ്ങിയിരിക്കുന്ന അക്കൌണ്ടിന്റെ ഡീറ്റേയില്‍സ് കൂടെ ഈ പോസ്റ്റില്‍ കൊടുക്കാമോ മുന്നൂറാന്‍? അനുപമയെപ്പോലുള്ളവര്ക്ക് അത് ഉപകരിക്കുമല്ലോ ?
സഹായങ്ങള്ക്കുവേണ്ടിയുള്ള എന്നാലാവുന്ന ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.ഇതുവരെ സമാഹരിച്ച തുക 2 ആഴ്ച്ചയ്ക്കകം നാട്ടിലെത്തുമ്പോള്‍ മൈന തുറന്ന അക്കൌണ്ടിലേക്ക് ഇടാമെന്ന് കരുതുന്നു. അതിന് മുന്‍പ് പണം ആവശ്യമായി വന്നാല്‍ 24 മണിക്കൂറിനകംതന്നെ എത്തിക്കാന്‍ പറ്റും.
അക്ഷരങ്ങളിലൂടെ, അല്ലെങ്കില്‍ വെറുമെഴുത്തല്ല എന്ന് മുന്നൂറാന്‍ പറഞ്ഞ ബ്ലോഗെഴുത്തിലൂടെയും, വായനയിലൂടെയും പരിചയപ്പെട്ടവരാണ് നാമെല്ലാം. മുസ്തഫയെ നാം പരിചയപ്പെടുന്നതും അതേ അക്ഷരങ്ങളിലൂടെയും വായനയിലൂടെയുമാണ്. അക്ഷരസ്നേഹികളായ എല്ലാവരുടേയും ശ്രദ്ധ വീണ്ടും മുസ്തഫയിലേക്ക് തിരിച്ചുവിടാന്‍ ഈ പോസ്റ്റിട്ടതിന് നന്ദി മുന്നൂറാന്‍.
മുസ്തഫയെപറ്റി ഞാന്‍ ആദ്യമായാണ് വായിക്കുന്നത്. ഇനിയും ഇത്തരം സഹായങ്ങള്‍ എത്തിക്കാന്‍ ബൂലോകത്തിന് സാധ്യമാകട്ടെ
....................
മുന്നൂറാന്‍ പോസ്റ്റ് ഇന്നു വായിച്ചു. മുസ്തഫയുടെ കാര്യത്തില്‍ എല്ലാവരും ഒരുമിച്ച് എന്തെങ്കിലും ചെയ്യുവാന്‍ ശ്രമിക്കാം. ശ്രമം വിജയകരമാവട്ടെ..
ബൂലോഗത്ത് പുതുമുഖമാണ്. മുസ്തഫയെപ്പറ്റി മാത്രുഭുമിയില്‍ വന്ന മൈനയുടെ കത്താണ് ഇവിടെയെത്തിച്ചത്...സാദ്ധ്യമായത് ചെയ്യാന്‍ സന്നദ്ധനാണ്..പിന്നീടറിയിക്കാം....
പതറാത്ത ആത്മധൈര്യവും തളരാത്ത നിശ്ചയദാര്‍ഢ്യവും മുസ്തഫയുടെ ജീവിതത്തിന് കരുത്തേകട്ടെബൂലോഗത്ത് പുതുമുഖമാണ്. മുസ്തഫയെപ്പറ്റി മാത്രുഭുമിയില്‍ വന്ന മൈനയുടെ കത്താണ് ഇവിടെയെത്തിച്ചത്...സാദ്ധ്യമായത് ചെയ്യാന്‍ സന്നദ്ധനാണ്.എല്ലാ നന്മകളും നേരുന്നു.കുടാതെ ബ്ലുലോകത്ത് ഒരു ഏകോപനം വേണമെന്ന് ഞാന്‍ കരുതുന്നു.
ഈ കണ്ണി കൂടിയുണ്ട് സ്നേഹ കൂട്ടായ്മയിലേക്ക്
ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാമെന്ന് വാക്കു തന്നവര്ക്കൊക്ക നന്ദി. കൂടുതല്‍ വിവരങ്ങള്‍ അറിയാനും സഹായങ്ങള്‍ എത്തിക്കാനുള്ള വഴികള്‍ അറിയാനും മൈനാ ഉമൈബാന്റെ മുസ്തഫയെ കണ്ടപ്പോള്‍ എന്ന പോസ്റ്റും തുടര്‍ന്നുള്ള കമന്റുകളും വായിക്കുക. അല്ലെങ്കില്‍ മെയില്‍ അയക്കുക.
dear sadik,
as you told me i contacted all 4 well-wishers of musthafa and 2 of them contributed their share. but still 2 of them have not given the share that they promised even after reminding calls. again i collected some small amounts from some of my friends. i expect little more from one of my friends for musthafa. anyway the collected amount i will send to your account without much delay. hopefylly,
regards and love
faizal
തൊടുപുഴയില്‍ വെച്ച് ഇക്കഴിഞ്ഞ 24ന് നടത്തിയ ബ്ലോഗ് മീറ്റില്‍ മുസ്തഫയ്ക്ക് വേണ്ടി
ചാണക്യന്, കാപ്പിലാന്, ഹരീഷ് തൊടുപുഴ, എഴുത്തുകാരി, പാവത്താന്‍, എന്നിവര്‍ സഹായങ്ങള്‍ എന്നെ ഏല്‍പ്പിക്കുകയുണ്ടായി.
അതുകൂടാതെ ബ്ലോഗര്‍ പിരിക്കുട്ടിയുടെ കയ്യില്‍ നിന്ന് പണം ഞാന്‍ കൈപ്പറ്റി. യു.കെ. പ്രവാസിയായ ലക്ഷ്മി എന്ന ബ്ലോഗറുടെ ചെറായിയിലെ വീട്ടില്‍ നിന്ന് പണം കൈപ്പറ്റി.
കൂടാതെ എന്റെ സഹപ്രവര്‍ത്തകനായ നിഷാദിന്റെ സഹായവും കൈപ്പറ്റി.
ഇത്രയും പണത്തോടൊപ്പം എന്റെ ചെറിയൊരു തുകയും ചേര്‍ത്ത് മുരളീകൃഷ്ണ മാലോത്തിനെ ഏല്‍പ്പിച്ചിട്ടുണ്ട്. സമയക്കുറവുകൊണ്ടാണ് മുരളിയെ ബുദ്ധിമുട്ടിക്കേണ്ടി വന്നത്. മുരളി അക്കൌണ്ടിലേക്ക് പണം അയക്കുന്നതാണ്.
ഇന്ന് അബുദാബിയില്‍ വെച്ച് എന്റെ മറ്റൊരു സഹപ്രവര്‍ത്തകനായ തന്‍സീര്‍ ഒരു ചെക്ക് മുസ്തഫയ്ക്ക് വേണ്ടി എന്റെ കയ്യില്‍ ഏല്‍പ്പിച്ചിട്ടുണ്ട്.
അത് ഉടനെ മൈനയ്ക്ക് അയച്ച് തരാം.
കൂടാതെ റീനി മമ്പടം എന്ന അമേരിക്കന്‍ പ്രവാസിയും എഴുത്തുകാരിയുമായ ബ്ലോഗര്‍ ചെക്ക് തയ്യാറാക്കി വെച്ചിട്ടുണ്ട് എന്ന് മെയിലിലൂടെ അറിയിച്ചിരുന്നു.
എല്ലാ സഹൃദയര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. വാക്കുകള്‍ ഈ അവസരത്തില്‍ അതിന്റെ കര്‍മ്മം ശരിയായി നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെടുന്നുണ്ട്.
എല്ലാവരേയും സര്വ്വേശ്വരന് അനുഗ്രഹിക്കട്ടെ.
dear sadik,
feel good.
i have collected sr. 425/- from well-wishers of mr. musthafa. i contacted all 4 who extended their aid but 2 of them gave me their share. added to that amount i will forward some more amount making it sr. 425/- tomorrow. you may receive the amount from my friend's account number. this humble collection will strengthen the aid we have directly sent to musthafa.
hopefully for love, justce and grace.
faizal
dear sadik,
pls u give me your ac number in ksa.
if so my friend can forward the amount to you.
rgds
faizal
സാധിഖ്....മൈന വഴി മുസ്തഫയെ അറിഞത് മുതല്‍ ഒരേ തൂവല്‍ പക്ഷിയായ മുസ്തഫയെ സ്തിരമായി വിളിക്കറുന്ദെങ്കിലും ഇക്കഴിഞ ദിവസമാണ് കോഴിക്കോട് ഇക്റാ ആശുപത്രിയിലെ 410 റൂമില്‍ ചികിത്സയിലായ മുസ്തഫയെ ചെന്നു കാണാനുള്ള സൌഭാഗ്യം എനിക്കും എന്റെ സന്തതസഹചാരിയായ വീല്ചേറിനും കൂടി ഉണ്ടായ് വന്നത്.നാളുകളായി മുസ്തഫയെ കാറ്ന്ന് തിന്നുകൊണ്ടിരിക്കുന്ന “ബെഡ്സോറ്” പ്ലാസ്റ്റിക് സറ്ജറി ചെയ്യുന്നതിനാണ് പേര് വെളിപ്പെടുതതാനിഷ്ടപ്പെടാത്ത ചില നല്ല മനുഷ്യന്മാറ് ചേറ്ന്ന് ഇവിടെ അഡ്മിറ്റ് തരപ്പെട്ടത്.നല്ല ചികിത്സാചെലവും ഏറെ നാളുകളും വേണ്ടി വരും ഇതിന്.മുസ്തഫയോടൊപ്പം എല്ലാം സഹിചു ക്ഷമിച്ചു കഴിയുന്ന ഇണക്കിളി സുലേഖയും,സാന്ത്വനവുമായി കളന്തോടിലെ സിദ്ദീഖുമുണ്ട് എന്നത് ഈയുള്ളവനെ വല്ലാതെ സന്തോഷിപ്പിച്ചു.ഞാന്‍ കിടന്ന് കൊണ്ടാണ് ഇതു റ്റൈപ്പ് ചെയ്യുന്നത്...ഇനി നീട്ടാന്‍ വയ്യ.സാദിഖ്നു ലഭ്യമാവുമെങ്കില്‍ മെയ് ലക്കം ആരാമം മാസിക ശ്രധ്ധിക്കുക.അതില്‍ ഒരു പാട് നട്ടെല്ല് തകറ്ന്ന് കിടക്കുന്നവരെക്കുറിചു പ്രതിപാദിചിട്ടുണ്ട്....അതിലൊരാളായ് നട്ടെല്ല് “നഷ്ട്പ്പെട്ട്”മൂന്ന് വറ്ഷത്തിലധികമായി കാറ്റ്കിട്ക്കയിലും വീല്ചേറിലുമായി നട്ടെല്ലുള്ള നല്ല മനുഷയ്ന്മാരെ തേടിക്കൊണ്ടിരിക്കുന്ന ഈ കണ്ണൂരാനെയും വായിക്കാം.നട്ടെല്ല് തകറ്ന്നവറ്ക്കായി എന്നാലവുന്ന പണി ചെയ്യാന്‍ ഞാനും കൂടി നിങ്ങളോപ്പം കണ്ണി ചേരാം.ചികിത്സ കഴിഞ് മുസ്തഫയും തന്റെ വീല്ചേറുമായി നമ്മോടൊപ്പം കണ്ണിയാവാമെന്ന് പ്രത്യാശ പ്രകടിപ്പിചപ്പോളെനിക്ക് എന്റെ ഒരിക്കലും ശരിയാവില്ലഎന്ന് ഡോക്ട്റന്മാറ് പ്രഖ്യാപിച്ച നട്ടെല്ല് നീറ്ന്ന് കിട്ടിയൊരനുഭൂതിയിലാണിപ്പോള് ഞാന്‍...ശുഭം....ക്ഷേമത്തിനായി സറ്വേശ്വരനോട് യാചിക്കാം.
eniku musthaffa ye kanan sadichilla do
I came here empty.
Return full hearted
Post a Comment