Friday, November 6, 2009

സ്‌നേഹത്തിന് അക്കരെ പോകാന്‍ എന്തിനൊരു പാലം?

അക്കരെ ഒരിക്കലും എനിയ്ക്ക് അക്കരെയായിരുന്നില്ല.
അക്കരെ എനിയ്‌ക്കൊരു വെല്യങ്ങുണ്ടായിരുന്നു. വെല്യുമ്മയുടെ തറവാട്.
ചാത്തപ്പറമ്പിന്റെ വിശാലമായ പുരയിടത്തില്‍ പല വീടുകളായി വെല്യങ്ങുള്ളവര്‍ പരന്നു കിടന്നു.
മാങ്ങാക്കാലത്ത് മാവുകള്‍ നല്‍കുന്ന മധുരം തേടി ഞാന്‍ അവിടേക്ക് പോകും.
ഒഴിവു ദിവസങ്ങളില്‍ സ്വന്തം വെല്യങ്ങിന്റെ അവകാശവുമായി ശുക്കൂറും
മുംതസും ഹിഫ്‌സുവുമൊക്കെ വരും.
എനിക്ക് വെല്യുമ്മയുടെ തറവാടാണെങ്കില്‍ അവര്‍ക്ക്
സ്വന്തം ഉമ്മയുടെ തറവാടായിരുന്നു അത്.
അവകാശത്തര്‍ക്കങ്ങളൊന്നുമില്ലാതെ മാങ്ങ പെറുക്കിയും മാസ് കളിച്ചും
ഒളിച്ചു കളിച്ചും ഞങ്ങള്‍ ബാല്യം ആഘോഷിച്ചു.

വെല്യങ്ങുള്ള ബാബുക്കാക്ക പിന്നീട് എളേമയെ കെട്ടിക്കൊണ്ടുപോയപ്പോള്‍
എനിയ്ക്ക് അങ്ങോട്ടുള്ള പോക്കിന് ഒന്നു കൂടി അവകാശമായി.
അങ്ങിനെ അക്കരെ എനിയ്ക്ക് ഒരേളമ കൂടിയായി.
അമ്മായിക്ക് മാരന്‍ വന്നതും അക്കരെ നിന്നു തന്നെ.
അങ്ങിനെ അക്കരെ എനിയ്ക്ക് ഒരു അമ്മായി കൂടിയായി.
അക്കരെക്കുള്ള പോക്ക് ഒരു പാടു കൂടി. ചെറിയ പെരുന്നാളിനും
ബലി പെരുന്നാളിനും നോമ്പു സല്‍ക്കാരത്തിനും അമ്മായിയേയും
എളേമയേയും തേടിപ്പോകാന്‍ ഞാന്‍ വാശിപിടിച്ചു.
ഒഴിവു കിട്ടുമ്പോഴൊക്കെ ഞാന്‍ അക്കരേക്ക് പോയി.
തെയ്യത്തിന്‍ കടവിലൂടെയാണ് യാത്ര. മഴക്കാലത്ത് കടത്ത് കടന്നു.
വേനല്‍ കാലത്തേ അരയോളം തുണി കയറ്റി വെച്ച് നഗ്നത
വെള്ളത്തില്‍ മുക്കി പുഴ മുറിച്ചു കടന്നു. അങ്ങിനെ പോയിപ്പോയി.
ഒടുവില്‍ എനിയ്ക്ക് അക്കരെ ഒരിക്കലും അക്കരെയല്ലാതായി.

ഒരു മാങ്ങാക്കാലത്ത് വെല്യുമ്മയോടൊപ്പമാണ് ആദ്യം
ഞാന്‍ അക്കരേക്ക് പോയത്. വെല്യുമ്മയുടെ അനിയത്തിയും
വേറെയും കുറേ കുടുംബക്കാര്‍ അക്കരെയായിരുന്നു.
ഇടയ്ക്ക് വെല്യുമ്മ പോകുമ്പോഴൊക്കെ കോന്തലക്കല്‍
പുകയിലെക്കെട്ടിനും തോണിക്കാരന് കൊടുക്കാനുള്ള
ചില്ലറയ്ക്കുമൊപ്പം ഞാനുമുണ്ടാകും. അമ്മായിയും എളേമയും
അക്കരെയെത്തിയതോടെയാണ് അക്കരെപ്പോക്കില്‍ ഞാന്‍
സ്വയം പര്യാപ്തനായത്. അത്യാവശ്യം തോണിയൊക്കെ ഒറ്റക്ക്
കയറാനും ഇറങ്ങാനും അപ്പോഴേക്കും പരിശീലനം സിദ്ധിച്ചു കഴിഞ്ഞിരുന്നു.

അക്കരേക്ക് കെട്ടിക്കൊണ്ടുപോയ ദിവസം അമ്മായിയും എളേമയും കരഞ്ഞിരുന്നു.
കല്യാണപ്പെണ്ണിനെ അക്കരെ കടത്താന്‍ ഒപ്പം പോയവര്‍
തിരിച്ചു വരുമ്പോള്‍ അവര്‍ പിന്നെയും കരഞ്ഞു.
അക്കരെ സന്തോഷമാണെന്ന് കരുതിയിരുന്ന എനിക്ക് അവര്‍
എന്തിനാണ് കരഞ്ഞതെന്ന് മനസിലായില്ല.
ചാക്കില്‍ കെട്ടി പുഴക്ക് അക്കരെ കടത്തിയ പൂച്ചകളും
വലിയ വായില്‍ നിലവിളിക്കാറുള്ളത് ഓര്‍ത്ത്ു ഞാന്‍ അപ്പോള്‍.
പിന്നീട് കടല്‍ കടന്ന് മണലാരണ്യത്തിലെ മഹാനഗരത്തിലെത്തിയപ്പോഴാണ്
അക്കരെ കുന്നോളം വലിപ്പത്തില്‍ കാത്തു നിന്ന സങ്കടങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞത്.

അക്കരക്കാരും ഇക്കരക്കാരും കുടുംബ ബന്ധങ്ങള്‍ കൊണ്ട് വല്ലാതെ
വിളക്കിച്ചേര്‍ക്കപ്പെട്ടിരുന്നു. അക്കരെ നിന്ന് ഇക്കരേക്കും ഇക്കരെ നിന്നു
അക്കരേക്കും ഒരുപാട് കല്യാണങ്ങള്‍ നടന്നു.
അവരൊക്കെ ഇടക്കിടെ അക്കരെയും ഇക്കരെയും പോയി ഇരു കരകളും തമ്മില്‍
സ്‌നേഹത്തിന്റെ പാലം തീര്‍ത്തു. മറുകര പോകാന്‍ അവര്‍ക്കൊരു പാലം വേണ്ടായിരുന്നു.

തെയ്യത്തിന്‍ കടവില്‍ പാലം വരികയാണ്. കാലത്തിന്റെ വേഗം
മനുഷ്യ ബന്ധങ്ങളെ ദുര്‍ബലമാക്കിക്കൊണ്ടിരിക്കുമ്പോള്‍ അത്
ഒരു മനസ്സില്‍ നിന്ന് മറ്റൊരു മനസ്സിലേക്കുള്ള പാലമാകില്ല.
ആ പാലം കയറി അക്കരെ പോകാം. തിരിച്ചു ഇക്കരേക്കു പോരാം. അത്ര തന്നെ.

എത്ര വൈകിയാണ് ഈ പാലം വരുന്നത്? ഒരു പ്രണയത്തെ
മുക്കിക്കൊന്ന ആ പ്രളയം കഴിഞ്ഞിട്ട് എത്ര കൊല്ലമായി? അന്ന് മൊയ്തീനും
ഉസ്സന്‍ കുട്ടിയും അംജതും പോയി. അംജത് മോന്‍ വലിയ ഒരു കടമായി
ഇപ്പോഴും പുഴയുടെ ഏതോ വഴികളിലുണ്ട്. ഉസ്സന്‍കുട്ടിയും വിസ്മൃതിയുടെ
കയങ്ങലിലേക്ക് ആണ്ടുപായിക്കാണും.

മൊയ്തീനെ പക്ഷേ, കാഞ്ചനേടത്ത് മരിയ്ക്കാന്‍ അനുവദിക്കുന്നില്ല.
അവരിലുടെ മൊയ്തീന്റെ സ്‌നേഹം ജീവിയ്ക്കുന്നു.
ആ സ്‌നേഹത്തിന്റെ നോവുകളെക്കുറിച്ചു മുമ്പും എഴുതിയിരുന്നു.
ബ്ലോഗില്‍ അക്കഥയെഴുതിയപ്പോള്‍ കാഞ്ചനേടത്തിയുടെ
സന്നിധിയിലേക്ക് തീര്‍ഥാടനം ചെയ്യാന്‍ കൊതിച്ച് ഒരുപാട് പ്രണയികള്‍ ബന്ധപ്പെട്ടിരുന്നു.
പ്രണയം തകര്‍ന്നുപോയ ഒരു പെണ്‍കുട്ടി കഴിഞ്ഞ അവധിക്കാലത്ത്,
അവളുടെ കല്യാണത്തിന്റെ തൊട്ടു മുമ്പുള്ള ആഴ്ച കാഞ്ചനേടത്തിയ തേടി വന്നിരുന്നു.
അന്ന് പക്ഷേ, അവര്‍ ഏതോ യാത്രയിലായിരുന്നതിനാല്‍
ആ നഷ്ട പ്രണയിനി നിരാശയോടെ തിരിച്ചു പോയി.

വെള്ളരി മലയില്‍ ഉരുള്‍പൊട്ടി, കൂലം കുത്തിയൊഴുകിയ പുഴയില്‍
നിറയെ യാത്രക്കാരുമായി മറുകരക്ക് നീങ്ങിയ കൊച്ചു തോണി മറിഞ്ഞു.
ഒരുപാട് ജീവിതത്തിന്റെ കരയിലേക്ക് കൊണ്ടു വന്ന മൊയ്തീന്‍ പക്ഷേ.
കയങ്ങളിലേക്ക് താണുപോയി. മൊയ്തീനു വേണമെങ്കില്‍ സ്വയം നീന്തിക്കയറാമായിരുന്നു.
ആരോ എറിഞ്ഞു കൊടുത്ത കയറില്‍ പിടിക്കാന്‍ മൊയ്തീന്‍ കൂട്ടാക്കിയില്ല.
മറ്റുള്ളവരെ നോക്കിക്കൊള്ളാനായിരുന്നുവത്രെ മൊയ്തീന്‍ അലറിയത്.
ആ മലവെള്ളത്തിന്റെ കരുത്തിന് മുന്നില്‍ ഏറെ നേരം
പിടിച്ചു നില്‍ക്കാന്‍ മൊയ്തീന് സാധിച്ചില്ല.
മൊയ്തീന്‍ തോറ്റു കൊടുത്തു. മൊയ്തീന്‍ പോയി.

ഇടവപ്പാതി തകര്‍ത്തു പെയ്ത ഒരു പ്രഭാതത്തിലായിരുന്നു.
അതിനു പിറ്റേന്നാകാം കാഞ്ചനേടത്തി വെളുത്ത വസ്ത്രത്തിലേക്ക് മാറിയത്.
അവര്‍ മൊയ്തീന്റെ വിധവയായി. കെട്ടാത്ത പുരുഷന്റെ വിധവയാകുന്ന
ചരിത്രത്തിലെ ആദ്യത്തേയും അവസാനത്തേയും സ്ത്രീയാകും അവര്‍.
മുക്കത്ത് ഇന്നും അവര്‍ ഓര്‍മകള്‍ക്കു മീതെ ജീവിയ്ക്കുന്നു.

മൊയ്തീന്‍ പോയപ്പോള്‍ പിന്നാലോ പോകാന്‍ കാഞ്ചനേടത്തി പലവട്ടം
പുറപ്പെട്ടതാണ്. ഉറക്ക ഗുളികകള്‍ കഴിച്ചു നോക്കി. ഇരുവഴിഞ്ഞിപ്പുഴയില്‍ ചാടി നോക്കി.
വേറെയും പല മാര്‍ഗ്ഗങ്ങള്‍ നോക്കി. വീട്ടുകാരും ബന്ധുക്കളും കാവല്‍ നിന്ന് ആ ജീവന്‍ കാത്തു.
ദിവസങ്ങളോളം അന്നപാനീയങ്ങള്‍ വെടിഞ്ഞ് സ്വയം ഒടുങ്ങാന്‍ തീരുമാനിച്ച
കാഞ്ചനേടത്തി ഒരിറ്റു വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചവരോട് പറഞ്ഞു.
എനിയ്ക്ക് ഇരുവഴിഞ്ഞിപ്പുഴയിലെ വെള്ളം വേണം.
മൊയ്തീന്‍ കുടിച്ചു മരിച്ച വെള്ളം. ജീവിതത്തിലേക്ക് തിരിച്ചു വരാനല്ല,
കലങ്ങി മറിഞ്ഞ ആ വെള്ളം കിടിച്ച് സ്വയം ഇല്ലാതാകാന്‍ സാധിച്ചാലോ എന്നായിരുന്നു ചിന്ത.
മറ്റൊരു വിവാഹത്തിനില്ലെന്ന വ്യവസ്ഥയില്‍, മൊയ്തീന്റ വിധവയായി അവര്‍ ജീവിതത്തിലേക്ക് മടങ്ങി.
ഉറക്ക ഗുളികകളിലോ ഇരുവഴിഞ്ഞിപ്പുഴയിലോ നിരാഹാരത്തിന്റെ കാഠിന്യത്തിലോ കാഞ്ചനേടത്തിയുടെ ജീവിതം അവസാനിച്ചു പോയിരുന്നെങ്കില്‍ മൊയ്തീനും കാഞ്ചനേടത്തിയും തമ്മിലുള്ള പ്രണയം ഒരു സാധാരണ പ്രണയമായി ഒടുങ്ങിപ്പോയേനേ..

അനശ്വരമായ ആ പ്രണയത്തിന്റെ കൂടി ഓര്‍മള്‍ക്കു മേലേ കൂടിയാണ്
തെയ്യത്തിന്‍ കടവിലെ പാലം വരുന്നത്. പക്ഷേ, അതൊരിയ്ക്കലും
ആ പ്രണയത്തിന് സ്മാരമാകില്ല. ഒരു താജ്മഹലിനും
പ്രതീകവല്‍ക്കരിക്കാനാകാത്തതാണല്ലോ ആ പ്രണയം!
പാലങ്ങള്‍ നമ്മെ പുഴയില്‍ നിന്ന് അകറ്റുന്നുണ്ടോ?
പുഴവെള്ളത്തില്‍ കാലു നനയാതെയാണ് ഇപ്പോള്‍ അക്കരെ കടക്കുന്നത്.

ഇടവഴിക്കടവില്‍ പാലം വന്നതില്‍ പിന്നെ ചെറുവാടിയിലേക്കും
കോട്ടമ്മലേക്കും വാഹനത്തിലായി യാത്ര. ഊര്‍ക്കടവില്‍ പാലമുള്ളതു കൊണ്ട്
കൂളിമാട് വഴി വെല്യൊഴ (ചാലിയാര്‍) യില്‍ കാല് നനയാത വാഹനത്തിലാണ്
ഭാര്യാവീട്ടിലേക്കുള്ള യാത്രകള്‍.

ഒരു കടത്തുകാരനെ കണ്ടിട്ട് എത്രകാലമായി?
രണ്ട് കരയിലുള്ളവരെ അക്കരെയിക്കരെ കടത്തുക മാത്രമല്ലല്ലോ
കടത്തുകാരന്‍ ചെയ്തത്. രണ്ട് കരകള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെ
ഇടനിലക്കാരനായിരുന്നല്ലോ അയാള്‍. ഈ ദൗത്യം നിര്‍വഹിക്കാന്‍
സിമന്റിലും കമ്പിയിലും ഉരുവം കൊള്ളുന്ന ഏത് പാലത്തിന് സാധിക്കും?

കടത്തും കടത്തുകാരനുമില്ലാത്ത പുഴ ഇപ്പോള്‍ അവധിക്കാലത്തു
വന്നു കാണാനുള്ള കാഴ്ച മാത്രമാണ്.
ഇടവഴിക്കടവ് പാലത്തില്‍ വന്ന് ഇരുവഴിഞ്ഞിയെ നോക്കി നില്‍ക്കും.
പിന്നെ ഇരവഴിഞ്ഞ് ചാലിയാറില്‍ അലിഞ്ഞു ചേരുന്നത് കാണും.
മുക്കം വെന്റ് പൈപ്പ് പാലത്തില്‍ പോയി ചെറുപുഴ വന്ന്
ഇരുവഴിഞ്ഞിയില്‍ ചേരുന്നത് നോക്കി നില്‍ക്കും. നാടന്‍ പ്രേമത്തില്‍
മാളു നീന്തിത്തുടിച്ചത് ഇവിടെയാണല്ലോ എന്നോര്‍ക്കും.
ഊര്‍ക്കടവ് പാലത്തില്‍ പോയി നില്‍ക്കുന്നതും പുഴയുടെ ഭംഗി കാണുവാന്‍ തന്നെയാണ്.

കടം പറയാന്‍ ഇനി ഈ കടവിലും ഒരു കടത്തുകാരനുണ്ടാകില്ല.
കടവുകളില്‍ കടത്തുകാരനോട് കടം പറയാത്ത യാത്രക്കാരുണ്ടാകില്ല.
കൂലി മടക്കത്തില്‍ തരാമെന്ന് പറഞ്ഞ് മറുകരയിലെ
ആവശ്യങ്ങളിലേക്ക് അവര്‍ പുറപ്പെടും. മടക്കം ഒരുറപ്പാണ്.
കടത്തുകാരനും യാത്രക്കാരനും സ്വയം വിശ്വസിക്കുന്ന ഒരുറപ്പ്.
കടം പറഞ്ഞു പോയവന്‍ തിരിച്ചു വരുമെന്ന് ഓരോ കടത്തുകാരനും വിശ്വസിക്കുന്നു.
ഈ വിശ്വാസം പുഴയുടെ നന്മയാണ്. പ്രതീക്ഷയാണ്.
പാലങ്ങള്‍ പുതിയ പ്രതീക്ഷകളുണര്‍ത്തട്ടെ.
പക്ഷേ, ഒരിയ്ക്കലും പുഴയുടെ നന്മകളെ കെടുത്തിക്കളയരുത്.

കൊടിയത്തൂര്‍-ചേന്ദമംഗല്ലൂര്‍ ഗ്രാമങ്ങളെ ബന്ധിപ്പിച്ച് തെയ്യത്തിന്‍ കടവില്‍ വരുന്ന പാലത്തിന്റെ ശിലാസ്ഥാപനത്തോട് അനുബന്ധിച്ച് മാധ്യമം പ്രസിദ്ധീകരിച്ച സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്.

Tuesday, September 1, 2009

"ഗള്‍ഫിന് വിട നല്‍കി കടല്‍ കടന്നീടട്ടെ...''

പി.ടി. മുഹമ്മദ് സാദിഖ്


1999 ജൂലൈ 11.
അന്ന് രാത്രി പത്ത് മണിയോടടുത്താണ് ഞാന്‍ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയത്. ഗള്‍ഫില്‍ വേനല്‍ക്കാലത്തിന്റെ തുടക്കമായിരുന്നു. പുറത്തു നല്ല ചൂട്. ആ ചുടിലേക്കാണ് എന്റെ പ്രവാസത്തിന്റെ തുടക്കം. ചുടു കാറ്റ് വന്നു സ്വാഗതം ചൊല്ലിക്കൊണ്ടിരുന്നു.

ഇമിഗ്രേഷന്‍ കൗണ്ടറിലെ ഉദ്യോഗസ്ഥന് അറബിയല്ലാതെ ഒന്നുമറിയില്ല. അയാള്‍ എന്തോ ചോദിച്ചു. അറബി വാമൊഴി ആദ്യം കേള്‍ക്കുകയാണ്. ഒന്നും മനസ്സിലായില്ല. സ്കൂളിലും മദ്രസയിലും കോളേജിലും പഠിച്ച അച്ചടിച്ച അറബിയുടെ സകല സൗന്ദര്യത്തോടെയും ഞാന്‍ പറഞ്ഞു -ഞാന്‍ പുതിയ വിസയില്‍ വരുന്നവനാണ്. അയാള്‍ പിന്നെയും എന്തോ ചോദിച്ചു. ഞാനെന്റെ അച്ചടി അറബി ആവര്‍ത്തിച്ചു. ഒരു രക്ഷയുമില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതായപ്പോള്‍ ഉദ്യോഗസ്ഥന്റെ ക്ഷമ നശിച്ചത് സ്വാഭാവികം. സീറ്റില്‍ നിന്നെഴുന്നേറ്റ് അദ്ദേഹം കൈ ദൂരേക്ക് ചൂണ്ടി ഒരലര്‍ച്ചയായിരുന്നു.. ബര്‍ര്‍ര്‍ര്‍റ............ബര്‍ര്‍ര്‍ര്‍റ..............................
(ഗെറ്റൗട്ട് എന്നതിന് അറബിയില്‍ അങ്ങിനെയാണ് പറയുകയെന്ന് അന്ന് അറിയില്ലായിരുന്നു).

വിമാനത്തില്‍ നിന്ന് ഒരു ഡിസ്എംബാര്‍കേഷന്‍ ഫോം തന്നിരുന്നു. അത് ഞാന്‍ പൂരിപ്പിച്ചതുമാണ്. ഇമിഗ്രേഷന് ക്യൂവില്‍ നില്‍ക്കുമ്പോള്‍ എന്തോ പറഞ്ഞ് ഒരുദ്യോഗസ്ഥന്‍ എന്റെ കയ്യില്‍ നിന്ന് അത് വാങ്ങിക്കൊണ്ടുപോയി. ആ ഫോം കാണാത്തതതു കൊണ്ടാണ് കൗണ്ടറിലെ ഉദ്യോഗസ്ഥന്‍ ക്ഷുഭിതനായത്. ബര്‍റയുടെ അര്‍ഥം അന്ന് പിടികിട്ടാതിരുന്നത് നന്നായി. അല്ലെങ്കില്‍ വന്നിറങ്ങിയ ദിവസം തന്നെ ഈ രാജ്യത്തു നിന്ന് പുറത്തായിപ്പോയല്ലോ ദൈവമേ എന്ന് ഞാന്‍ ബേജാറായേനെ!

ആദ്യയാത്രയുടെ വേദനയും ദുഃഖവും മനസ്സില്‍ ആവോളമുണ്ടായിരുന്നു. കരിപ്പൂരില്‍ നിന്നുള്ള വിമാനം മുംബൈയിലിറങ്ങി, അവിടെ നിന്ന് വേറെ വിമാനത്തിലാണ് ജിദ്ദയിലേക്ക്‌ വന്നത്. കരിപ്പൂരില്‍ നിന്ന് നേരിട്ട് ജിദ്ദ സര്‍വീസ് തുടങ്ങിയിട്ടില്ല. ജിദ്ദയിലേക്ക് ഹബ് ആന്റ് സ്‌പോക്ക് സര്‍വീസാണ്.
മുംബൈയിലെത്തിയ വിവരം വീട്ടിലൊന്ന് വിളിച്ചു പറയാന്‍ ടെലിഫോണ്‍ ബൂത്തിനു മുന്നില്‍ ക്യൂ നില്‍ക്കുമ്പോള്‍ ഒരു കാണ്ടോട്ടിക്കാരന്‍ വന്നു.
നിങ്ങള്‍ അങ്ങോട്ട് പോകുകയാണോ അതോ ഇങ്ങോട്ട് വരികയാണോ? -അയാള്‍ ചോദിച്ചു.
അങ്ങോട്ടാണ്.
അവധി കഴിഞ്ഞു പോകുകയാണോ?
അല്ല. ആദ്യമാണ്. പുതിയ വിസയാണ്.
പെട്ടെന്ന് അയാള്‍ പൊട്ടിച്ചിരിച്ചു.
അങ്ങോട്ട് ചെല്ലിന്‍.. എന്നു പറഞ്ഞു കൊണ്ട് അയാള്‍ സ്യൂട്ട് കേസ് തൂക്കി ലോഞ്ചിന്റെ മറ്റൊരു അറ്റത്തേക്ക് നടന്നു പോയി. എന്തിനാകും അയാള്‍ അങ്ങിനെ പറഞ്ഞതെന്ന് ഓര്‍ത്തു പുതിയൊരു ജീവിതം കൊതിച്ചു പുറപ്പെട്ട ഞാന്‍ അല്‍ഭുതപ്പെട്ടു.

എന്റെ സ്വപ്നത്തില്‍ എവിടെയും ഗള്‍ഫ് ഉണ്ടായിരുന്നില്ല.
""പൊന്നും മുതലും പണ്ടോം പണോം പങ്കാസും
ഫോറിന്‍ തുണികള്‍ അണിഞ്ഞുള്ള പത്രാസും
നാലുപേര്‍ കാണെ നടക്കുന്ന നാമൂസും
നാട്ടിലേറ്റം വല്യൊരു വീടിന്റെ അന്തസ്സും''
ഗള്‍ഫില്‍ പോയി സമ്പാദിക്കണമെന്ന് ഒരിക്കലും ആശിച്ചില്ല.

മൂന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അപ്പാട്ട് ഞാന്‍ ആദ്യം കാണുന്നത്. എസ്.എ. ജമീലിന്റെ ദുബായ് കത്ത്. അതെ, കേള്‍ക്കുകയല്ല, ആ പാട്ട് കാണുകയാണ് ആദ്യം ചെയ്തത്. അന്നൊക്കെ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ഒരു മാപ്പിളപ്പാട്ട് ആഴ്ചതോറും പ്രസിദ്ധീകരിക്കും. പുതിയ പല പാട്ടുകളും അങ്ങിനെ കേള്‍ക്കുന്നതിന് മുമ്പ് കാണുകയാണ് ഞാന്‍ ആദ്യം ചെയ്തത്. കല്യാണങ്ങള്‍ക്കും കുറിക്കല്യാണങ്ങള്‍ക്കും തെങ്ങിന്‍ മുകളില്‍ കെട്ടുന്ന വലിയ കോളാമ്പികളില്‍ പിന്നീട് കുറേ കഴിഞ്ഞായിരിക്കും ആ പാട്ടുകള്‍ കേള്‍ക്കുക.
ഗ്വാളിയോര്‍ റയോണ്‍സ് ജീവനക്കാരനും മുസ്‌ലിം ലീഗുകാരനുമായ അയല്‍പക്കത്തെ അഹ്മദ്കുട്ടിക്കാക്കയുടെ വീട്ടില്‍ ചന്ദ്രിക ആഴ്ചപ്പതിപ്പ് വരും. കാര്‍ട്ടൂണുകളും ചിത്രകഥകളും കറങ്ങി എപ്പോഴും നേരെ ചെന്നെത്തുന്നത് മാപ്പിളപ്പാട്ടിലായിരിക്കും. ആ മാപ്പിളപ്പാട്ടുകളെല്ലാം എഴുതിയെടുത്ത് ഞാന്‍ കാണാപ്പാഠം പഠിക്കും.

നേര്‍ച്ചക്കും ചന്തയിലും പോകുമ്പോഴൊക്കെ ആമിനാ ബുക്‌സ് പുറത്തിറക്കുന്ന മാപ്പിളപ്പാട്ടുകള്‍ പൈസ കൊടുത്തു വാങ്ങിക്കൂട്ടുന്ന എനിക്ക് ചന്ദ്രികയില്‍ അച്ചടിച്ചു വരുന്ന പാട്ടുകള്‍ സൗജന്യമായി കിട്ടുന്ന ആഹ്ലാദമായിരുന്നു.
അങ്ങിനെയൊരു ദിവസമാണ് എസ്.എ. ജമീലിന്റെ ദുബായ് കത്ത് കാണുന്നത്. അറിയാവുന്ന ഒരീണത്തില്‍ അത് അവിടെ തന്നെ കുത്തിയിരുന്നു കാണാതെ പഠിച്ചു. പിന്നീട് ഉച്ചഭാഷിണികളില്‍ നിന്ന് കേട്ട് ആ പാട്ടിന്റെ ഈണം പഠിച്ചു. ഒട്ടും മധുരമില്ലാത്ത എന്റെ കുട്ടിക്കൂറ്റില്‍ ഞാന്‍ പലേടത്തും അത് പാടി. അയല്‍പക്കത്ത താത്തമാരൊക്കെ എന്നെക്കൊണ്ട് ആ പാട്ട് പാടിക്കും. അക്കൂട്ടത്തില്‍ ഗള്‍ഫില്‍ പോയവരുടെ പെണ്ണുങ്ങള്‍ ഉണ്ടായിരുന്നില്ല. എങ്കിലും അവരൊക്കെ ആ പാട്ട് കേട്ട് വല്ലാത്ത നെടുവീര്‍പ്പിടുകളിടും.

ആ പാട്ട് പകരുന്ന ആഴത്തിലുള്ള നോവുകള്‍ അന്നൊന്നും എന്നെ സ്പര്‍ശിച്ചിരുന്നില്ല. ബാപ്പയെ കാണാന്‍ വിധിയില്ലാതെ നടക്കുന്ന പാട്ടിലെ മൂന്നു വയസ്സുകാരനാണ് എന്നെ വേദനിപ്പിച്ചത്. ഓടിച്ചാടി കളിക്കുന്ന കുട്ടി ഇടക്കിടെ ബാപ്പയെ ചോദിക്കുന്നതും ഒരിക്കലും കാണാത്ത ബാപ്പയെ അവന്‍ മാടിമാടി വിളിക്കുന്നതും ഓര്‍ത്ത് എന്റെ കണ്ണുകള്‍ നിറയും. ദൂരെ മദ്രസയില്‍ പഠിപ്പിക്കാന്‍ പോകുന്ന എന്റെ ബാപ്പ ആഴ്ചയിലൊരിക്കല്‍ വീട്ടിലെത്തുമ്പോള്‍ തന്നെ എന്ത് ആഹ്ലാദമായിരുന്നു ഞങ്ങള്‍ക്ക്. അപ്പോള്‍ മൂന്നും നാലും വര്‍ഷം വീട്ടില്‍ വരാത്ത, ഇന്നുവരെ കണ്ടിട്ടില്ലാത്ത ബാപ്പയെ ഓര്‍ക്കുമ്പോള്‍ ആ കുട്ടിക്ക് എന്തുമാത്രം സങ്കടമുണ്ടാകും?

ജമീലിന്റെ വരികള്‍:
രണ്ടോ നലോ വര്‍ഷം മുമ്പ് നിങ്ങള്‍ വന്നു
എട്ടോ പത്തോ നാളുകള്‍ മാത്രം വീട്ടില്‍ നിന്നു
അതിലുണ്ടായൊരു കുഞ്ഞിന് മൂന്ന് വയസ്സായിന്ന്
അവനെന്നും ചോദിക്കും ബാപ്പ എവിടെയെന്ന്
ഓടിച്ചാടിക്കളിക്കും -മോന്‍ ബാപ്പാനെ
മാടി മാടി വിളിക്കും -അത് കാണുമ്പോള്‍
ഉടഞ്ഞിടും ഇടനെഞ്ച് പിടഞ്ഞിടും
പൂക്കുഞ്ഞി പൈതലല്ലേ -ആ മുഖം
കാണാന്‍ പൂതി നിങ്ങള്‍ക്കുമില്ലേ..

ദുബായ് കത്തിലെ ആണ്‍ പെണ്‍ വിരഹവും മനസ്സും ശരീരവും അനുഭവിക്കുന്ന കൊടിയ ദാഹവുമൊന്നും എന്നെ അന്ന് സ്പര്‍ശിക്കേണ്ടതില്ല. പിന്നെ അതൊക്കെ തിരിച്ചറിയാന്‍ തുടങ്ങിയപ്പോള്‍ മധുരം നിറച്ച മാംസപ്പൂവന്‍ പഴം മറ്റാര്‍ക്കും തിന്നാന്‍ കൊടുക്കാതെ ആശകളും കിനാക്കളുമടക്കി മലക്കല്ലാഞ്ഞിട്ടും മലക്കുകളെ പോലെ ജീവിക്കുന്ന ഒരുപാട് പെണ്ണുങ്ങളെ കണ്ടു. ബാപ്പയെ കാണാതെ മൂന്നും നാലും വര്‍ഷം ഓടിച്ചാടി കളിക്കുകയും ഇടക്കിടെ ബാപ്പാനെ ചോദിക്കുകയും ദൂരെ ദൂരെ കണ്ണു നട്ട് ബാപ്പാനെ മാടി മാടി വിളിക്കുകയും ചെയ്യുന്ന കുട്ടികളെ കണ്ടു. പത്രാസിനും നാമൂസിനുമപ്പുറം അക്കരെയിക്കരെ ഇരുന്നു കരഞ്ഞു തീരുന്ന രണ്ട് ജീവിതങ്ങളാണ് ഗള്‍ഫിനെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ മനസ്സില്‍ തെളിഞ്ഞത്. ഗള്‍ഫിലേക്ക് പറക്കുന്നവന്‍ നാട്ടിലെ പെണ്ണിനെ തീയിലിട്ട് വേവിക്കുകയാണ്. പെണ്ണിന്റെ ആവശ്യമറിയാത്ത, പൊണ്ണനായ ഗള്‍ഫുകാരന്‍ അവളുടെ തെറ്റിന്റെ കര്‍ത്താവാകുന്നു.

ജമീല്‍ പാടുന്നു:
മധുരം നിറച്ചൊരെന്‍ മാംസപ്പൂവന്‍ പഴം
മറ്റാര്‍ക്കും തിന്നാന്‍ കൊടുക്കൂലൊരിക്കലും
മരിക്കോളമീ നിധി കാക്കും ഞാനെങ്കിലും
മലക്കല്ല ഞാന്‍ പെണ്ണെന്നോര്‍ക്കണം നിങ്ങളും
യൗവ്വനത്തേന്‍ വഴിഞ്ഞേ -പതിനേഴിന്റെ
പൂവനപൂ കൊഴിഞ്ഞേ -താരുണ്യത്തിന്‍
കടഞ്ഞെടുത്ത പൊന്‍കുടമൊടുവില്‍ -ഞാന്‍
കാഴ്ച്ചപ്പണ്ടം മാത്രമായി -ഉഴിഞ്ഞിട്ട
നേര്‍ച്ചക്കോഴി പോലെയായ്

കുഞ്ഞോലന്‍ കുട്ടിയാണ് ആദ്യം ഞങ്ങളുടെ നാട്ടില്‍ നിന്ന് ഖത്തറില്‍ പോകുന്നത്. അടുത്ത ഗ്രാമത്തില്‍ കുറേ ഖത്തറുകാരുണ്ട്. അവിടുത്തെ ഏതോ ഖത്തര്‍ കുടുംബത്തില്‍ നിന്ന് പെണ്ണുകെട്ടിയ കുഞ്ഞോലന്‍ കുട്ടി ആ വഴിയാണ് ഖത്തറിലേക്ക് പോയത്. കുഞ്ഞോലന്‍ കുട്ടി ഖത്തറില്‍ നിന്ന് വരുമ്പോള്‍, അത്തറിന്റെ മണമൊക്കെ പരത്തി അങ്ങാടിയില്‍ വരും. അയാളെ ഒരല്‍ഭുത മനുഷ്യനെപ്പോലെ നോക്കി നിന്നിട്ടുണ്ട്. കുഞ്ഞോലന്‍ കുട്ടിയുടെ അയല്‍ക്കാരും കുടുംബക്കാരുമായ കുട്ടികള്‍ അയാള്‍ കൊണ്ടു വരുന്ന പേനയും മണമുള്ള മായ്ക്കും റബറും പടം മിന്നി മറയുന്ന സ്‌കെയിലുമൊക്കെയായി മദ്‌റസയിലും സ്കൂളിലുമൊക്കെ വരും. അയാള്‍ കൊണ്ടു വന്ന "ഫോട്ടം നോക്കി'യിലാണ് മക്കയും മദീനയും ആദ്യം കാണുന്നത്.

കുഞ്ഞോലന്‍ കുട്ടിയുടെ വീട്ടില്‍ നിന്നാണ് ടേപ്‌റെക്കോര്‍ഡര്‍ പാടുന്നത് ആദ്യമായി കേട്ടത്. മാപ്പിളപ്പാട്ടുകള്‍ക്കു പുറമെ, അന്ന് കേട്ടിരുന്നത് മുഹമ്മദ് റഫിയുടെയും മുകേഷിന്റേയുമൊക്കെ പാട്ടുകളാണെന്ന് കുറേക്കാലം കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. ദുബായ് കത്ത് പാടിയും ആ പെട്ടി ഇടക്കിടെ കരയും. ഇന്നിപ്പോള്‍ ഗള്‍ഫുകാരില്ലാത്ത ഒറ്റ വീടും എന്റെ നാട്ടിലില്ല. അമ്മാവന്‍ അബുക്കാക്കയാണ് എന്റെ കുടുംബത്തില്‍ നിന്ന് ആദ്യം ഗള്‍ഫില്‍ പോയത്. ആദ്യത്തെ അവധിക്കു വന്നപ്പോള്‍ അദ്ദേഹം കൊണ്ടു വന്ന പെട്ടി തുറന്നപ്പോഴാണ് ഗള്‍ഫിന്റെ മണം ഞാന്‍ ആദ്യം ഞാന്‍ ശ്വസിച്ചത്. അപ്പോഴും ഗള്‍ഫ് ഒരു സ്വപ്നമായി എന്റെ മനസ്സിലേക്ക് കടന്നു വന്നിരുന്നില്ല.

തിരിച്ചു പോകാന്‍ തീരുമാനിച്ചപ്പോള്‍, ആ തീരുമാനം അറിയിച്ചപ്പോള്‍ എല്ലാവരും ചോദിച്ചു. എന്തിനാണ് തിരിച്ചു പോകുന്നത്? നാട്ടില്‍ പോയാല്‍ എന്തു ചെയ്യും? മക്കളുടെ പഠനം, കല്യാണം... വരാനിരിക്കുന്ന അനേകം ബാധ്യതകള്‍..ജീവിതത്തില്‍ ഇനിയും എന്തെല്ലാം നേടാനിരിക്കുന്നു! അവരൊക്കെ എന്നെ പേടിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്റെ തീരുമാനം അടിയുറച്ചതാണെന്ന് മനസ്സിലായപ്പോള്‍ ചിലര്‍ക്ക് ഞാനെന്തോ മഹാ അബദ്ധം കാണിച്ചതുപോലെ. ചിലര്‍ക്ക് ഞാനെന്തോ മഹാ അപരാധം ചെയ്ത പോലെ. ചിലര്‍ക്ക് ഞാന്‍ അത്യപൂര്‍വമായ ഏതോ ധീരത കാണിച്ച പോലെ.

നാട്ടില്‍ നിന്ന് അടുത്ത കൂട്ടുകാര്‍ വിളിച്ചു. ഒരഞ്ചു കൊല്ലം കൂടി അവിടെ നില്‍ക്കെന്ന് പറഞ്ഞവനുണ്ട്. ഏതായാലും പോരാന്‍ തീരുമാനിച്ചില്ലേ, ഒരു വര്‍ഷം കൂടി നില്‍ക്ക് എന്ന് പറഞ്ഞവനുണ്ട്. എന്നോട് സ്‌നേഹം മാത്രമുള്ളവരാണ് അവര്‍.
ജീവിതത്തില്‍ എടുക്കാവുന്ന ഏറ്റവും നല്ല തീരുമാനം എന്ന് പ്രോത്സാഹിപ്പിച്ചത് ഓന്നൊ രണ്ടോ പേര്‍ മാത്രം. അവരും എന്നെ ഗാഢമായി സ്‌നേഹിക്കുന്നു.

വീട്ടുകാരോട് ഞാന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതേയില്ല. അവര്‍ ഒരിക്കലും സമ്മതിക്കില്ല. എങ്ങിനെയെങ്കിലും പിടിച്ചു നില്‍ക്കാനേ അവരുടെ സ്‌നേഹവും എന്നെ ഉപദേശിക്കുകയുള്ളൂ. മാലാഖ (മലക്ക്) അല്ലെങ്കിലും മധുരം നിറച്ച മാംസപ്പൂവന്‍ പഴം മറ്റാര്‍ക്കും തിന്നാന്‍ കൊടുക്കാതെ കാത്തിരിക്കുന്ന എന്റെ പെണ്ണിനോട് മാത്രം ഞാന്‍ പറഞ്ഞു. എത്രയും വേഗം വന്നാല്‍ മതിയെന്ന് മാത്രം അവള്‍ പറഞ്ഞു.

പത്ത് വര്‍ഷം മുമ്പ് വിമാനം കയറി ജിദ്ദയില്‍ വന്നിറങ്ങിയ വിരഹത്തിന്റെ ആദ്യരാത്രിയില്‍ ഞാന്‍ അവള്‍ക്ക് ഫോണ്‍ ചെയ്തപ്പോള്‍ അവള്‍ എന്നോട് സംസാരിച്ചതേയില്ല. ഒരു ചോദ്യം മാത്രമാണ് അവള്‍ ചോദിച്ചത് -നിങ്ങള്‍ എന്തെങ്കിലും കഴിച്ചോ? ഗള്‍ഫിന്റെ വേദന അക്കരെ അവളുടേയും ഇക്കരെ എന്റേയും തൊണ്ടക്കുഴികളെ മര്‍ദിക്കാന്‍ തുടങ്ങിയിരുന്നു അപ്പോള്‍.
അന്ന് അവള്‍ ഗര്‍ഭിണിയായിരുന്നു. ഗര്‍ഭത്തിലിരുന്നു എന്റെ മകള്‍ക്കും ആ വേദന സഹിക്കേണ്ടി വന്നിരിക്കും. പത്താം മാസത്തില്‍ അവള്‍ ഈ ലോകത്തേക്ക് വരുമ്പോള്‍ ഞാന്‍ കടലിനിക്കരെയായിരുന്നു. എന്നെ ഏറ്റവുമധികം ലാളിച്ച രണ്ട് വെല്യുമ്മമാരും ലോകത്തോട് വിടപറഞ്ഞു പോകുമ്പോഴും ഞാന്‍ കടലിനിക്കരെയായിരുന്നു.

എന്റെ മകളുടെ മുഖം ആദ്യം കാണാന്‍ എനിക്ക് സാധിച്ചില്ല. വെല്യുമ്മമാരുടെ മുഖം അവസാനമായി ഒന്നു കാണാനും സാധിച്ചില്ല.

ഭാഗ്യം പരീക്ഷിക്കാന്‍ വന്നതായിരുന്നില്ല ഞാന്‍. നാട്ടില്‍ ചെയ്ത ജോലി തന്നെയാണ് ഇവിടെയും ഞാന്‍ ചെയ്തത്. അവിടെ സഹപ്രവര്‍ത്തകരായിരുന്നവര്‍ തന്നെയാണ് ഇവിടെയും എന്റെ സഹപ്രവര്‍ത്തകരായത്.
പത്ത് വര്‍ഷം കഴിഞ്ഞ് തിരിച്ചു പോകുമ്പോള്‍ ഞാന്‍ സന്തുഷ്ടനാണ്. വലിയ മോഹങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല. ചില്ലറ ലക്ഷ്യങ്ങളേ ഉണ്ടായിരുന്നുള്ളു. ഒക്കെ നേടി. പ്രവാസ ലോകം ഒരുപാട് സൗഭാഗ്യങ്ങള്‍ തന്നു. ആദ്യ യാത്രയില്‍ മുംബൈയില്‍ വെച്ചു കണ്ട കൊണ്ടോട്ടിക്കാരന്റെ ചിരി ഒരിക്കലും എനിക്ക് ചിരിക്കേണ്ടി വന്നില്ല. വിമാനം കയറിപ്പോരുന്നവരെ ഒരിക്കലും ഞാന്‍ പരിഹസിക്കില്ല. ഈ നാട് നമ്മുടേതുള്‍പ്പെടെ ഒരുപാട് നാടുകളെ തീറ്റിപ്പോന്നുണ്ടെന്ന് മറക്കാന്‍ പാടില്ല.

ഗള്‍ഫുകാരുടെ വീട്ടില്‍ കാണുന്ന ഫോറിന്‍ ബ്ലാങ്കറ്റിനോട് എനിക്ക് വലിയ കൊതിയായിരുന്നു. എനിക്ക് എന്നും കൊതി തോന്നിയ ഒരേയൊരു ഫോറിന്‍ സാധനം. കാമുകിയെ കെട്ടിപ്പിടിച്ച് കിടക്കാന്‍ കൊതിക്കുന്നതുപോലെ ആ ബ്ലാങ്കറ്റ് പുതച്ചു കിടക്കാന്‍ ഞാന്‍ കൊതിച്ചു. ജിദ്ദയിലെത്തിയതിന്റെ പിറ്റേ ദിവസം തന്നെ ഞാന്‍ ബ്ലാങ്കറ്റ് സ്വന്തമാക്കി. എയര്‍ കണ്ടീഷന്റെ തണുപ്പില്‍ പുതച്ചുറങ്ങാന്‍ അത് നിര്‍ബന്ധമാണ്. പിന്നെ ഓരോ അവധിക്കു പോകുമ്പോഴും ഒരു ബ്ലാങ്കറ്റ് ഞാന്‍ വെറുതെ വാങ്ങിക്കൊണ്ടുപോകും. ഒടുവില്‍ ഭാര്യ എനിക്ക്, അന്ത്യശാസനം നല്‍കി -മേലില്‍ ഇവിടെ ബ്ലാങ്കറ്റ് കൊണ്ടുവരരുത്. അതൊന്നും എടുത്തു വെക്കാന്‍ ഇവിടെ സ്ഥലമില്ല. പക്ഷേ, ഈ യാത്രയിലും ഒരു ബ്ലാങ്കറ്റ് ഞാന്‍ വാങ്ങും. അതെന്റെ മോഹമാണ്.
അതെ, അങ്ങിനെ ഞാന്‍ മടങ്ങുകയാണ്. പോകുമ്പോള്‍ ഇമിഗ്രേഷന്‍ കൗണ്ടറിലെ ഉദ്യോഗസ്ഥനോട് അഭിമാനത്തോടെ പറയണം -അല്‍ ഹീന്‍ അന ബര്‍റ.. ഞാന്‍ പുറത്തു പോകുകയാണ്. ഈ രാജ്യത്തുനിന്ന് തന്നെ പുറത്തേക്ക്.

ജമീലിന്റെ പാട്ട്:
മകനെ എടുത്ത് മതിയാവോളം മുത്താനും
മണിയറയില്‍ വീണ്ടും മണിവിളക്ക് കത്താനും
മധുവിധു ലഹരിയുള്ള മധുരക്കള്ള് ചെത്താനും
മണിക്കൂറ് കൊണ്ട് സ്വന്തം നാട്ടില്‍ പറന്നെത്താനും
വിധി തേടുന്നേ ഖല്‍ബ് ശ്രുതി പാടുന്നേ
വിധി തേടുന്നേ ഖല്‍ബ് ശ്രുതി പാടുന്നേ
ഗള്‍ഫിന് വിടകൊടുത്തുടന്‍ കടല്‍ കടന്നീടാന്‍
കൊതി കൂടുന്നേ നിന്നില്‍ കൊതി കുടുന്നേ

ജമീലിന്റെ അപ്പാട്ട് ഒരു ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കേവല കത്തിടപാടായി ഞാന്‍ കാണുന്നില്ല. ജന്മനാടും പ്രവാസിയും തമ്മിലുള്ള പിടിവിടാത്ത ബന്ധം തന്നെയാണ് അതില്‍ കാണുന്നത്. പുഴയും തോടും വയലേലകളും കുന്നും മലകളും പ്രിയപ്പെട്ടവരും നിറഞ്ഞ ജന്മനാടാണ് ആ മണിയറ. അവിടെ, പ്രിയപ്പെട്ട സകലതിന്റേയും സാന്നിധ്യം സന്തോഷം കത്തുന്ന മണിവിളക്കാകും. ആ ജീവിതത്തിന് ഒരിക്കലും വറ്റാത്ത മധുവിധുവിന്റെ ലഹരിയുണ്ട്. അവിടെ ഓടിച്ചാടി കളിക്കുന്നതും ഇടക്കിടെ നമ്മെ മാടി മാടി വിളിക്കുന്നതും നമ്മുടെ മനസ്സു തന്നെയാണ്. അതെ, പിന്‍വിളി വിളിക്കുന്നത് ഭാര്യയല്ല, സ്വന്തം നാടു തന്നെയാണ്. സ്‌നേഹത്തിന്റെ സകല ചാരിത്ര്യ ശുദ്ധിയോടും കൂടി നമ്മെ കാത്തിരിക്കുന്നത് ആ മണ്ണാണ്. ആ വിളി കേള്‍ക്കാതിരിക്കാനാകില്ല, ഒരു പ്രവാസിക്കും.
(ptsadik@gmail.com)

Monday, April 20, 2009

ബ്ലോഗെഴുത്ത്‌ വെറുമെഴുത്തല്ല

ആന്തിയൂര്‍ കുന്നിലേക്ക്‌ വഴി ചോദിച്ചപ്പോള്‍ ആ ചെറുപ്പക്കാര്‍ പറഞ്ഞു, ഞങ്ങളും അങ്ങോട്ടാണ്‌. കാറില്‍ അവരും കയറി. ഒരു വളവ്‌ തിരിഞ്ഞപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു.
ഇടതു വശത്തു കാണുന്ന ഈ വീട്‌ കണ്ടോ? കേരളത്തിലെ ഏറ്റവും വലിയ വീടായിരിക്കും ഇത്‌. കോടികള്‍ ചെലവ്‌ വരും.
നോക്കുമ്പോള്‍, ആകാശത്തേക്ക്‌ ഉയരുന്ന വലിയൊരു വീട്‌. ഗള്‍ഫിലെ ഒരു വ്യവസായിയുടേതാണ്‌. പണി തീര്‍ന്നിട്ടില്ല. കോടികള്‍ ഇപ്പോള്‍ തന്നെ ചെലവായിക്കഴിഞ്ഞിട്ടുണ്ടെന്ന ചെറുപ്പക്കാരുടെ വാക്കുകളില്‍ അതിശയോക്തി കാണില്ല. എനിക്കു പോകേണ്ട വഴി പറഞ്ഞു തന്ന്‌ അടുത്ത വളവിനപ്പുറത്ത്‌ അവര്‍ ഇറങ്ങിപ്പോയി.
ഞാന്‍ മുസ്‌തഫയുടെ വീട്ടിലേക്കാണ്‌. നെല്ലിപ്പടിക്കലെ ആ മലഞ്ചരിവില്‍, ഭാര്യാവീട്ടിലെ വലിയ ഇല്ലായ്‌മകളില്‍ അതിനേക്കാള്‍ വലിയ സ്വന്തം ഇല്ലായ്‌മകളുമായി മുസ്‌തഫ കിടക്കുന്നു. ഉണ്ണിക്കൃഷ്‌ണന്‍ പുത്തൂരിന്റെ |`ആനപ്പക' യായിരുന്നു അപ്പോള്‍ അയാളുടെ കയ്യില്‍. നാല്‌ ദിവസം മുമ്പ്‌ ബ്ലോഗര്‍മാരായ നിരക്ഷരനും മുരളിയും (മുരളിക) വന്നപ്പോള്‍ കൊണ്ടുവന്ന പുസ്‌തകങ്ങളില്‍ ഒന്നാണ്‌ അത്‌. പുസ്‌തകം അടച്ചു വെച്ച്‌ മുസ്‌തഫ തല ഉയര്‍ത്തി. തലയണക്കപ്പുറത്ത്‌ പുസ്‌തകങ്ങളുടെ ചെറിയ കൂമ്പാരം. കിടപ്പിലായ ശേഷം കോട്ടയം പുഷ്‌പനാഥിന്റെ ലൂസിഫറുടെ മകള്‍ മുതല്‍ സാറാ ജോസഫിന്റെ മാറ്റാത്തി വരെ 32 പുസ്‌തകങ്ങള്‍ മുസ്‌തഫ വായിച്ചു തീര്‍ത്തിരിക്കുന്നു.
ബ്ലോഗ്‌ എന്ന്‌ മുസ്‌തഫ കേട്ടിട്ടുണ്ടായിരുന്നില്ല. മുസ്‌തഫയുടെ കത്ത്‌ ബ്ലോഗില്‍ കൊടുക്കട്ടെ എന്ന്‌ മൈനാ ഉമൈബാന്‍ ചോദിച്ചപ്പോള്‍ ഏതോ ആഴ്‌ചപ്പതിപ്പാകുമെന്നാണ്‌ അയാള്‍ കരുതിയത്‌.
മുസ്‌തഫയ്‌ക്കൊരു പുസ്‌തകമെന്നേ മൈനയും കരുതിയിരുന്നുള്ളൂ. കാരണം മുസ്‌തഫ എഴുതിയ കത്തില്‍ മറ്റൊന്നും ആവശ്യപ്പെട്ടിരുന്നില്ല. മരത്തില്‍ നിന്ന്‌ വീണ്‌ നട്ടെല്ലിന്‌ ക്ഷതം പറ്റി, അരക്കു താഴെ ചലനമില്ലാതെ കിടപ്പിലായിപ്പോയ മുസ്‌തഫക്ക്‌ വായന മാത്രമാണ്‌ ഒരാശ്വാസം. പുസ്‌തകം വാങ്ങാന്‍ മാര്‍ഗ്ഗമില്ലാത്തതുകൊണ്ട്‌, മൈന എഴുതിയ പുസ്‌തകങ്ങള്‍ അയച്ചു കൊടുക്കണമെന്ന്‌ മാത്രമേ മുസ്‌തഫ എഴുതിയുള്ളു. അരിവാങ്ങാന്‍ മുസ്‌തഫക്ക്‌ പണമില്ല. മരുന്നു വാങ്ങാന്‍ മാര്‍ഗ്ഗമില്ല. ജീവിയ്‌ക്കാന്‍ ഒരു ഗതിയുമില്ല. അതൊന്നും മുസ്‌തഫ എഴുതിയില്ല. സത്യത്തില്‍ അതൊക്കെയാണ്‌ മുസ്‌തഫയ്‌ക്കുള്ള യഥാര്‍ഥ ഇല്ലായ്‌മകള്‍. അരിയും മരുന്നും മാത്രമല്ല, തല ചായ്‌ക്കാന്‍ മണ്ണില്‍ സ്വന്തമായി ഒരിടവുമില്ലാത്ത മനുഷ്യപുത്രനാണ്‌ മുസ്‌തഫ.
നടക്കുന്ന കാലത്ത്‌ മുസ്‌തഫ നന്നായി വായിക്കുമായിരുന്നു. അപകടത്തിന്‌ മുമ്പുള്ള കാലത്തെ മുസ്‌തഫ നടക്കുന്ന കാലം എന്നാണ്‌ സ്വയം വിശേഷിപ്പിക്കുന്നത്‌. സംസാരത്തിലുട നീളം അയാള്‍ തന്റെ നല്ല കാലത്തെ നടക്കുന്ന കാലം എന്ന്‌ സ്വയം വിശേഷിപ്പിക്കുന്നു.
മരത്തില്‍ നിന്ന്‌ വീണ്‌ അരയ്‌ക്കു താഴെ മരിച്ചു പോയ മുസ്‌തഫക്ക്‌ ഇത്‌ കിടക്കുന്ന കാലമാണ്‌. നടക്കുന്ന കാലത്തെ കുറിച്ചു പറയുമ്പോഴും കിടക്കുന്ന കാലത്തിന്റെ വേദന ആ വാക്കുകളില്‍ പുരണ്ടു പോകാതിരിക്കാന്‍ മുസ്‌തഫ ശ്രദ്ധിക്കുന്നു.
നടക്കുന്ന കാലവും മുസ്‌തഫയെ സംബന്ധിച്ചിടത്തോളം അത്ര നല്ല കാലമായിരുന്നില്ല. പതിനൊന്നാം വയസ്സു മുതല്‍ അധ്വാനത്തിന്റെ ഭാരം ചുമലിലേറ്റുന്നുണ്ട്‌. സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ കല്ലും ഓടും കടത്താന്‍ പോകും. ഏഴാം ക്ലാസൂവരെ മാത്രമേ പഠിച്ചിട്ടുള്ളൂ. പട്ടിണിയുടെ നാളുകളില്‍ എന്നോ ഒരു ദിവസം മുസ്‌തഫ നാടുവിട്ടു. ആന്ധപ്രദേശിലേക്ക്‌. ഹോട്ടല്‍ പണിയായിരുന്നു തുടക്കം. പിന്നെ ഒരു സ്റ്റീല്‍ കമ്പനിയില്‍ ജോലി കിട്ടി. ഡ്യൂട്ടി കഴിഞ്ഞാല്‍ ധാരാളം ഒഴിവു സമയം. അക്കാലത്താണ്‌ കയ്യില്‍ കിട്ടുന്ന പൈങ്കിളി വാരികകളിലൂടെ മുസ്‌തഫ വായനാ ലോകത്തേക്ക്‌ കടക്കുന്നത്‌. കഥകളിലെ ആവര്‍ത്തന വിരസതയും കഥയില്ലായ്‌മകളും ബോധ്യമായപ്പോഴാണ്‌ പുസ്‌തകങ്ങളിലേക്ക്‌ തിരിഞ്ഞത്‌. നാട്ടില്‍ തിരിച്ചെത്തി കൂലിപ്പണിക്ക്‌ പോകുന്ന കാലത്തും കിട്ടുന്ന കാശില്‍ ചെറിയൊരു ഭാഗം പുസ്‌തകത്തിനായി നീക്കിവെയ്‌ക്കും. ഡ്രൈവറാണ്‌ മുസ്‌തഫ. വണ്ടിയില്‍ പോകാത്ത ദിവസങ്ങളില്‍ മറ്റു ജോലികള്‍ക്ക്‌ പോകും. അങ്ങിനെയാണ്‌ ഒരു ദിവസം കൂട്ടുകാരന്‍ കവുങ്ങില്‍ കയറാന്‍ വിളിക്കുന്നത്‌. അഞ്ചു സെന്റില്‍ ആകെ നാലഞ്ചു കവുങ്ങുകളാണ്‌ കൂട്ടുകാരന്‌ ഉള്ളത്‌. വിധി അവിടെ മുസ്‌തഫയെ കാത്തു നില്‍ക്കുകയായിരുന്നു. കവുങ്ങിന്റെ തലയൊടിഞ്ഞു മുസ്‌തഫ നിലം പതിച്ചു.
2005 നവംബര്‍ പതിനേഴിനായിരുന്നു അത്‌. അതോടെ മുസ്‌തഫയുടെ നടക്കുന്ന കാലം അസ്‌തമിച്ചു. അരക്കു താഴെ ചലനമറ്റ്‌ അയാള്‍ കിടപ്പിലായി. ജീവിതം കിടപ്പുമുറിയുടെ നാലു ചുമരുകള്‍ക്കുള്ളിലേക്ക്‌ ചുരുങ്ങി. പുളിയ്‌ക്കല്‍ പാലിയേറ്റീവ്‌ കെയര്‍ ക്ലിനിക്ക്‌ ഏറ്റെടുത്തതോടെയാണ്‌ മുസ്‌തഫ ആത്മവിശ്വാസത്തിന്റെയും മനോവീര്യത്തിന്റേയും പുതിയ വെളിച്ചം കാണുന്നത്‌. കൂട്ടുകാര്‍ കൊണ്ടു വരുന്ന പുസ്‌തകങ്ങളായി പിന്നീട്‌ മുസ്‌തഫയ്‌ക്ക്‌ കൂട്ട്‌.
അങ്ങിനെ ആരോ കൊണ്ടു വന്ന പുസ്‌തകങ്ങളില്‍ ഒന്ന്‌ മൈനാ ഉമൈബാന്റെ നോവലായിരുന്നു, ചന്ദന ഗ്രാമം. പുസ്‌തകം വായിച്ചു തീര്‍ന്നപ്പോള്‍ അതിലുള്ള വിലാസത്തില്‍ മുസ്‌തഫ കത്തെഴുതി. അതിനു മുമ്പ്‌ കെ. കവിത. സാറാ ജോസഫ്‌, കാക്കനാടന്‍ തുടങ്ങിയവര്‍ക്കും ഇതുപോലെ മുസ്‌തഫ കത്തെഴുതിയിരുന്നു.
സര്‍പ്പഗന്ധി ബ്ലോഗില്‍ മൈന മുസ്‌തഫയ്‌ക്കൊരു പുസ്‌തകം എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ്‌ പെട്ടെന്നാണ്‌ ബൂലോഗം ഏറ്റെടുത്തത്‌. മുസ്‌തഫക്ക്‌ വേണ്ടത്‌ വെറുമൊരൂ പുസ്‌തകം മാത്രമല്ലെന്ന്‌ ബൂലോഗ കാരുണ്യം തിരിച്ചറിഞ്ഞു. കമന്റുകളും മറുപടികളുമായി മുസ്‌തഫയ്‌ക്ക്‌ ഇല്ലാത്തതൊക്കെ അവര്‍ കണ്ടെത്തി. തളര്‍ന്നു പോയ ശരീരത്തിനകത്ത്‌ കത്തി നില്‍ക്കുന്ന മനസ്സിന്‌ കൂടുതല്‍ ഊര്‍ജം പകരാന്‍ അവര്‍ ഒറ്റക്കെട്ടായി. പക്ഷേ, ഒരു ഏകോപനത്തിന്റെ അഭാവത്തില്‍ സഹായങ്ങള്‍ മുസ്‌തഫയെ തേടിയെത്താന്‍ വൈകുന്നുണ്ട്‌.
മൈനയുടെ പോസ്റ്റ്‌ കണ്ട്‌ അമേരിക്കയില്‍ നിന്നും ഗള്‍ഫ്‌ നാടുകളില്‍ നിന്നും ബ്ലോഗര്‍മാര്‍ വിളിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിളികള്‍ വന്നു. പലരും പുസ്‌തകങ്ങള്‍ അയച്ചു കൊടുത്തു. പ്രസാധകരുടെ വി.ഐ.പി കാര്‍ഡുകളും ഓഫറുകളായി വന്നു. അവധിക്കു വന്ന ചിലര്‍ വീട്ടില്‍ വന്ന്‌ മുസ്‌തഫയെ കണ്ടു. പുസ്‌തകങ്ങളല്ലാതെ മറ്റ്‌ വല്ല സഹായവും വേണോ എന്നായിരുന്ന പോസ്റ്റ്‌ സന്ദര്‍ശിച്ച പലരുടേയും പ്രതികരണം. അതോടെ പുസ്‌തകങ്ങള്‍ക്കപ്പുറമുള്ള ജീവകാരുണ്യത്തിലേക്ക്‌ ബ്ലോഗര്‍മാര്‍ ഒത്തുകൂടി. ബ്ലോഗെഴുത്തു വെറുമെഴുത്തല്ലെന്നും സഹജീവി സ്‌നേഹം കൂടിയാണെന്നും അവര്‍ തിരിച്ചറിയുന്നു. മുസ്‌തഫയുമായി ബന്ധപ്പെട്ടവര്‍ അയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നെയും ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്‌തു കൊണ്ടിരുന്നു. (ഈ കുറിപ്പെഴുതുമ്പോള്‍ മുസ്‌തഫ ആശുപത്രിയിലാണ്‌. മൂത്ര തടസ്സം. പിന്നെ പനിയും ഛര്‍ദിയും. ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ നിന്ന്‌ ആശുപത്രിയിലേക്കുള്ള പോക്കുവരവുകള്‍ വലിയ പ്രയാസമാണ്‌. വീടു നില്‍ക്കുന്ന ചെറിയ കുന്നില്‍ നിന്ന്‌ വീല്‍ചെയറില്‍ താഴേക്കിറങ്ങാന്‍ നാല്‌ പേരുടെ സഹായം വേണം. നിരപ്പായ സ്ഥലത്ത്‌ ഒറ്റക്ക്‌ വീല്‍ ചെയര്‍ ഉരുട്ടി പോകാന്‍ മുസ്‌തഫക്ക്‌ സാധിക്കും. അങ്ങിനെയൊരു സ്ഥലത്താണ്‌ പുതിയ വാടക വീട്‌ തെരയുന്നത്‌).
വാടക വീട്‌ ഒഴിയേണ്ടി വന്ന, മുസ്‌തഫ ഇപ്പോള്‍ ആന്തിയൂര്‍കുന്നിലെ നെല്ലിപ്പടിക്കലുള്ള ഭാര്യാ വീട്ടിലാണ്‌ കഴിയുന്നത്‌. അധിക നേരം മലര്‍ന്നു കിടക്കാനോ ഇരിക്കാനോ മുസ്‌തഫക്ക്‌ സാധിക്കില്ല. അനന്തമായ കിടത്തം മുസ്‌തഫയുടെ പിന്‍ഭാഗത്ത്‌ വലിയ മുറിവുകള്‍ തീര്‍ത്തിരിക്കുന്നു. ആഴ്‌ചയിലൊരിക്കല്‍ മലം പുറത്തു പോകാനുള്ള മരുന്നു കഴിക്കും. മൂത്രം കത്തീറ്ററിലുടെ പുറത്തു പോകുന്നു. ഒരാവശ്യവും മുസ്‌തഫ അറിയില്ല. എല്ലാം യാന്ത്രികമായി നടക്കുന്നു. അരക്കു താഴെ നടക്കുന്നതൊന്നും മുസ്‌തഫ അറിയില്ല. ഉറുമ്പും പാറ്റയും ചിലപ്പോള്‍ എലികളും വന്ന്‌ മുറിവേല്‍പിച്ചു പോകും. പിന്നീട്‌ വസ്‌ത്രം മാറുമ്പോഴാണ്‌ മുറിവുകള്‍ കാണുന്നത്‌.
സംസാരിക്കുമ്പോള്‍ മുസ്‌തഫ തന്റെ പ്രാരാബ്‌ധങ്ങളിലേക്ക്‌ കടക്കുന്നേയില്ല. ഇല്ലായ്‌മകളെ കുറിച്ച്‌ പരിതപിക്കുന്നേയില്ല. ആത്മധൈര്യത്തിന്റേയും നിശ്ചയദാര്‍ഢ്യത്തിന്റേയും കരുത്താണ്‌ ആ വാക്കുകളില്‍ നിറഞ്ഞു നില്‍ക്കുന്നത്‌.
ആരോടും മുസ്‌തഫ സഹായം ചോദിക്കുന്നില്ല. സഹായവുമായി നീട്ടുന്ന ഒരു കൈയും മുസ്‌തഫ നിഷേധിക്കുന്നുമില്ല. അരക്കു താഴെ തളര്‍ന്നവന്‌ നല്‍കുന്ന അരിയില്‍ പോലും രാഷ്‌ട്രീയമുണ്ടെന്ന്‌ കിടക്കുന്ന കാലം മുസ്‌തഫയെ പഠിപ്പിക്കുന്നു. മുസ്‌തഫ പക്ഷ, ആരേയും കുറ്റപ്പെടുത്തുന്നില്ല.
ആരോടും ഞാന്‍ ഒന്നും ആവശ്യപ്പെടുന്നില്ല. എന്നാല്‍ ആരെങ്കിലും എന്തെങ്കിലും തരുമ്പോള്‍ വേണ്ടെന്ന്‌ പറയാന്‍ കഴിയുന്ന സ്ഥിതിയല്ല എന്റേത്‌. ഒരു സഹായത്തിന്‌ വഴി തുറക്കുന്നവരെ വിലക്കാനും കഴിയില്ല, മുസ്‌തഫ ഏറ്റവും നിസ്സംഗതയോടെ പറയുന്നു.
സഹായത്തിന്‌ നിബന്ധനകള്‍ വെയ്‌ക്കുന്നവരെ മാത്രം മുസ്‌തഫ അകറ്റി നിര്‍ത്തുന്നു. കിടന്ന കിടപ്പില്‍ ഒന്ന്‌ അനങ്ങാന്‍ പോലും പ്രയാസപ്പെടുന്ന ഈ ശരീരത്തിലേക്കും സ്വാര്‍ഥതയോടെ നോക്കുന്നവരെ അടുപ്പിക്കാതിരിക്കാനുള്ള കരളുറപ്പ്‌ ഈ ഇല്ലായ്‌മകള്‍ക്കിടയിലും മുസ്‌തഫക്കുണ്ട്‌. സഹായ വാഗ്‌ദാനവുമായി വരുന്ന ചിലരെ രാഷ്‌ട്രീയ കാരണങ്ങളാല്‍ മാറ്റി നിര്‍ത്താന്‍ പറയുന്ന രാഷ്‌ട്രീയത്തോടാണ്‌ മുസ്‌തഫക്ക്‌ എതിര്‍പ്പ്‌.
മുസ്‌തഫയുടെ ദൈന്യം പകര്‍ത്താന്‍ ഒരു ചാനല്‍ സംഘം എത്തിയ ദിവസമാണ്‌ അത്‌ സംഭവിച്ചത്‌. അരിയും പല വ്യഞ്‌ജനങ്ങളുമായി വന്ന മറ്റൊരു കൂട്ടരും അപ്പോള്‍ അവിടെയുണ്ടായിരുന്നു. അവര്‍ അന്ന്‌ മുഖം കറുപ്പിച്ചാണ്‌ പുറത്തേക്ക്‌ പോയത്‌. രണ്ട്‌ ദിവസം കഴിഞ്ഞ്‌ അവര്‍ വീണ്ടും വന്നു.
അവര്‍ പറഞ്ഞു, ചാനലും ആഴ്‌ചപ്പതിപ്പും ബ്ലോഗുമൊന്നും ദൈവമല്ല. പാലിയേറ്റീവ്‌ ക്ലിനിക്കും ദൈവമല്ല. ദൈവത്തോട്‌ പ്രാര്‍ഥിക്കണം. ദൈവമാണ്‌ നമുക്ക്‌ എല്ലാം തരുന്നത്‌.
മുസ്‌തഫയുടെ മറുപടി കൃത്യമായിരുന്നു. പത്താം ക്ലാസ്‌ വരെ മദ്രസയില്‍ പഠിച്ച മുസ്‌തഫക്ക്‌ അറിയാം അല്ലാഹുവിന്റെ കാരുണ്യം എന്താണ്‌ എന്ന്‌. ദൈവം ഒരിക്കലും നേരിട്ട്‌ വന്ന്‌ സഹായിക്കില്ല. പാലിയേറ്റീവ്‌ ക്ലിനിക്കിന്റേയോ ചാനലിന്റേയോ ആഴ്‌ചപ്പതിപ്പിന്റേയോ ബ്ലോഗിന്റെയോ ഒക്കെ രൂപത്തിലായിരിക്കും അല്ലാഹുവിന്റെ കാരുണ്യമെത്തുന്നത്‌. അതൊന്നും തള്ളിക്കളയാനാകില്ല.
അപ്പോള്‍ പുസ്‌തകങ്ങളെ കുറിച്ചായി അവരുടെ ആക്രോശം. ഈ പുസ്‌തകങ്ങളൊക്കെ തരുന്നവരോട്‌ അതിന്‌ പകരം വല്ല അരിയും പച്ചക്കറിയുമൊക്കെ കൊണ്ടുവരാന്‍ പറഞ്ഞുകൂടെ? ഈ പുസ്‌തകങ്ങള്‍ വായിച്ചിട്ട്‌ എന്ത്‌ കിട്ടാനാണ്‌?
അതിനും മുസ്‌തഫയുടെ മറുപടി കൃത്യമായിരുന്നു: എന്ത്‌ സഹായമാണ്‌ തരേണ്ടതെന്ന്‌ തീരുമാനിക്കുന്നത്‌ സഹായം തരുന്നവരാണ്‌. അവരോട്‌ ഇന്നതു വേണമെന്ന്‌ നമുക്ക്‌ പറയാന്‍ പറ്റില്ല. അരിയുമായി വരുന്ന നിങ്ങളോടും ഞാന്‍ ഇതുവരെ അരി വേണ്ട, അതിന്റെ കാശ്‌ മതിയെന്ന്‌ പറഞ്ഞിട്ടില്ലല്ലോ. അരി വേണ്ടെന്നല്ല, അരിയ്‌ക്ക്‌ അപ്പുറമുള്ള ആവശ്യങ്ങളും കാശ്‌ കൊണ്ട്‌ നിറവേറ്റാമല്ലോ.
മുസ്‌തഫയ്‌ക്ക്‌ വീട്‌ വെച്ചു കൊടുക്കാമെന്ന്‌ വാഗ്‌ദാനം ചെയ്‌തവര്‍ക്കും ചില താല്‍പര്യങ്ങളുണ്ട്‌. അതിനും മുസ്‌തഫ വഴങ്ങുന്നില്ല. ശരീരത്തില്‍ ബാക്കിയുള്ള പാതി ജീവന്‍ എന്ന്‌ വിട പറയുമെന്ന്‌ ഒരു നിശ്ചയവുമില്ല. താന്‍ ഇല്ലാതായാല്‍ തന്റെ ഭാര്യയും മകനും തെരുവിലേക്കിറങ്ങാന്‍ പാടില്ല. ഒരു പ്രയോജനവുമില്ലാത്ത മുസ്‌തഫയുടെ ശരീരം പരിപാലിച്ച്‌ കൂടെ നില്‍ക്കുന്ന പ്രിയപ്പെട്ടവളെയും ഒന്നുമറിയാത്ത പിഞ്ചു മകനെയും ഓര്‍ക്കുമ്പോള്‍ മാത്രമാണ്‌ ആ മനസ്സിന്റെ കടിഞ്ഞാണ്‍ അല്‍പമെങ്കിലും നഷ്‌ടമാകുന്നത്‌. മുഖ്യമന്ത്രിക്ക്‌ മുസ്‌തഫ ഒരു കത്തെഴുതിയിരുന്നു. വീട്‌ വെയ്‌ക്കാന്‍ സഹായിക്കണമെന്ന്‌. പാവപ്പെട്ടവന്‌ അന്തിയുറങ്ങാന്‍ ഇടം നല്‍കാനുള്ള ബാധ്യത ഭരണാധികാരികള്‍ക്കുണ്ടെന്ന്‌ മുസ്‌തഫ വിശ്വസിക്കുന്നു. അരിയില്‍ രാഷ്‌ട്രീയം കലര്‍ത്തിയവര്‍ ആ കത്തിലും രാഷ്‌ട്രീയും കാണുന്നു. മുഖ്യമന്ത്രിയും ദൈവമല്ലെന്ന്‌ അവര്‍ മുസ്‌തഫയുടെ പാതിജീവനെ പഠിപ്പിച്ചു. പക്ഷേ, ദൈവ സഹായം മുഖ്യമന്ത്രിയുടെ രൂപത്തിലും വന്നേക്കുമെന്ന്‌ മുസ്‌തഫ വിശ്വസിക്കുന്നു.
പുളിക്കല്‍ പാലിയേറ്റീവ്‌ കെയര്‍ ക്ലിനിക്കാണ്‌ മുസ്‌തഫ താമസിക്കുന്ന വീടിന്‌ വാടക നല്‍കിയിരുന്നത്‌. ആ വീട്‌ പുതുക്കി പണിയുന്നതിനാല്‍ ഒഴിയേണ്ടി വന്നു. ഇപ്പോള്‍ പുതിയ വീട്‌ അന്വേഷിക്കുകയാണെന്ന്‌ പാലിയേറ്റീവ്‌ ക്ലിനിക്ക്‌ സാരഥികളായ അഷ്‌റഫും അഫ്‌സലും പറഞ്ഞു. വീട്‌ നല്‍കാന്‍ പലരും ഭയപ്പെടുന്നു. വാടക കിട്ടുമോ, വീട്‌ ഒഴിഞ്ഞു കൊടുക്കാതിരിക്കുമോ എന്നൊക്കെയാണ്‌ ഭയം.
വീട്‌ മുസ്‌തഫയുടെ ഒരു സ്വപ്‌നം മാത്രമാണ്‌. കടുത്ത യാഥാര്‍ഥ്യങ്ങള്‍ വേറെയുണ്ട്‌. മുറിവുകള്‍ ഡ്രസ്‌ ചെയ്യാനും മറ്റും ആഴ്‌ചയില്‍ ആയിരം രൂപ വേണം. ഇടക്ക്‌ കത്തീറ്റര്‍ മാറ്റണം. പാലിയേറ്റീവ്‌ കെയര്‍ ക്ലിനിക്കാണ്‌ ഇതൊക്കെ ചെയ്യുന്നത്‌. വാടകയും മരുന്നും ഒക്കെയായി മാസത്തില്‍ അയ്യായിരം രൂപയെങ്കിലും വേണം. കിടക്കുന്ന മുസ്‌തഫയെ സ്വന്തം വീട്ടുകാര്‍ കയ്യൊഴിഞ്ഞ പോലെയാണ്‌. അവര്‍ക്ക്‌ സഹായങ്ങള്‍ ചെയ്യാന്‍ കഴിയില്ല. പക്ഷേ, സ്‌നേഹം നല്‍കാന്‍ കഴിയും. കിട്ടാതെ പോയ ആ സ്‌നേഹമാണ്‌ കുറേ നല്ല മനസ്സുകള്‍ മുസ്‌തഫക്ക്‌ നല്‍കുന്നത്‌. ആ സ്‌നേഹമാണ്‌ മുസ്‌തഫയുടെ ശരീരത്തില്‍ അവശേഷിക്കുന്ന ജീവനും ആ മനസ്സിന്റെ കരുത്തും പിടിച്ചു നിര്‍ത്തുന്നത്‌.
നട്ടെല്ലിന്‌ ക്ഷതം സംഭവിച്ച്‌ എന്നെന്നേക്കുമായി കിടപ്പിലായിപ്പോയ ഇരുപതിലേറെ രോഗികളെ പുളിക്കല്‍ പാലിയേറ്റീവ്‌ കെയര്‍ ക്ലിനിക്ക്‌ പരിപാലിക്കുന്നുണ്ട്‌. കാന്‍സര്‍, വൃക്കരോഗികള്‍ക്കു പുറമെയാണിത്‌. ഇവര്‍ക്കൊക്കെ സ്വന്തമായി ഒരു വീടുണ്ട്‌. മറ്റു കാര്യങ്ങള്‍ നോക്കിയാല്‍ മതി ക്ലിനിക്കിന്‌. മുസ്‌തഫക്ക്‌ കിടപ്പാടം കൂടി ഒരൂക്കേണ്ടതുണ്ട്‌. ഗള്‍ഫിലെ ഒരു സന്നദ്ധ സംഘടന വീട്‌ നിര്‍മിച്ചു നല്‍കാന്‍ മുന്നോട്ട്‌ വന്നിരുന്നു. എന്നാല്‍ സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ അത്‌ നടന്നില്ല. അപ്പോള്‍ മുസ്‌തഫക്ക്‌ വീട്‌ മാത്രമല്ല, വീട്‌ വെക്കാന്‍ ഭൂമിയും കണ്ടെത്തേണ്ടതുണ്ട്‌. ബ്ലോഗര്‍മാരുടേയും വായനക്കാരുടേയും സഹായത്തോടെ അതിന്‌ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ അഫ്‌സലും അഷ്‌റഫും.
യാത്ര പറയാന്‍ നേരം മുസ്‌തഫ വായിച്ചു മടക്കി വെച്ച ആനപ്പകയുടെ പേജ്‌ ഞാന്‍ വെറുതെ മറിച്ചു നോക്കി. ആദ്യത്തെ അനുഭവം എന്ന അധ്യായത്തിലായിരുന്നു മുസ്‌തഫ. ഗതികേടു കൊണ്ട്‌ ഉരപ്പുരക്കാരത്തിയാകുന്ന നാണിക്കുട്ടിയുടെ ജീവിതമാണ്‌ വരികളില്‍.
``ഒറ്റപ്പെട്ടവളാണ്‌. ചാര്‍ച്ചയില്‍ പെട്ടവര്‍ അവിടെയുമിവിടേയുമായി നല്ല നിലയില്‍ കഴിഞ്ഞു കൂടുന്നുണ്ടെന്ന്‌ കേള്‍ക്കുന്നു. നാണിക്കുട്ടിയെ അവരാരും വേണ്ട രീതിയില്‍ ശ്രദ്ധിക്കുന്നില്ലെന്നു മാത്രം.''
കുന്നിറങ്ങി, പുളിയ്‌ക്കല്‍ അങ്ങാടിയിലേക്ക്‌ മടങ്ങുമ്പോള്‍ ആ പഴയ വളവില്‍ ആ വലിയ വീട്‌ ഞാന്‍ പിന്നെയും കണ്ടു. ഞാന്‍ ഇറങ്ങിയ ശേഷം മുസ്‌തഫ വീണ്ടും ആനപ്പക കയ്യിലെടുത്തിട്ടുണ്ടെങ്കില്‍ ആ അധ്യായത്തിലെ അവസാന വരികള്‍ അയാള്‍ ഇങ്ങിനെ വായിക്കുന്നുണ്ടാകും:
``‌നാണിക്കുട്ടി ഉരപ്പുരക്കാരത്തിയായി. നെല്ലുകുത്തുകാരിയായി. ഇന്നലെവരെ കാത്തുസൂക്ഷിച്ച തറവാടിത്തത്തിന്റെ ഉടുവസ്‌ത്രമാണ്‌ അവള്‍ ഊരിയെറിഞ്ഞത്‌. കൃത്രിമമായ പുറംമോടികള്‍ ആവശ്യമില്ല. അധ്വാനിച്ച്‌ ജീവിക്കാനാണ്‌ വന്നിരിക്കുന്നത്‌. അധ്വാനത്തിലൂടെ തളര്‍ന്നു മരിച്ചാലും ഒരുത്തനോടും യാചിക്കുകയില്ല.''

അധ്വാനിക്കാന്‍ ശരീരവും യാചിക്കാന്‍ മനസ്സുമില്ലാത്ത മുസ്‌തഫയുടെ മനസ്സില്‍ ആ വാചകങ്ങള്‍ എന്തെന്തു വികാരങ്ങള്‍ ഉണര്‍ത്തിയിട്ടുണ്ടാകില്ല!

Tuesday, February 17, 2009

എന്റെ രാജകുമാരിമാര്‍

എന്നുമുതലാണ്‌ ഞാനൊരു രാജകുമാരിയെ സ്വപ്‌നം കാണാന്‍ തുടങ്ങിയത്‌?

ആദ്യം കേട്ട മുത്തശ്ശിക്കഥകളിലെ നായകന്മാരൊക്കെയും രാജകുമാരിമാരോടൊത്ത്‌ സുഖമായി ജീവിച്ചുവെന്ന അറിവില്‍ നിന്നാകാം സുഖമായി ജീവിയ്‌ക്കാന്‍ ഒരു രാജകുമാരി വേണമെന്ന്‌ ഞാനും കൊതിച്ചു തുടങ്ങിയത്‌. മൂന്നാം ക്ലാസിലെത്തിയപ്പോള്‍ ആ രാജകുമാരിയുടെ ഛായ ഞാന്‍ സലീനയുടെ മുഖത്ത്‌ കണ്ടു. ഭൂതങ്ങള്‍ തട്ടിക്കൊണ്ടുപോകുന്ന എന്റെ രാജകുമാരിയെ കുതിരപ്പുറത്തേറി, പറന്നു ചെന്ന്‌ രക്ഷിച്ചു കൊണ്ടു വരുന്ന രംഗങ്ങള്‍ ഞാന്‍ സ്വപ്‌നം കണ്ടു. അവളുടെ പാവാടത്തുമ്പിലോ തട്ടത്തിലോ ഒന്നു സ്‌പര്‍ശിക്കാന്‍ അത്യപൂര്‍വമായി കിട്ടുന്ന അവസരങ്ങള്‍ എന്നെ വല്ലാതെ ആനന്ദിപ്പിച്ചു.

വളര്‍ച്ചയുടെ പടവുകളില്‍ രാജകുമാരിമാരുടെ മുഖഛായകള്‍ പലവട്ടം മാറിക്കൊണ്ടിരുന്നു. അഞ്ചാം ക്ലാസില്‍ പഠിയ്‌ക്കുമ്പോള്‍ ഷാഹിദയും ആറാം ക്ലാസില്‍ പഠിയ്‌ക്കുമ്പോള്‍ സ്‌മിതയും ഏഴാം ക്ലാസില്‍ പഠിയ്‌ക്കുമ്പോള്‍ ലൈലയും ഹൈസ്‌കൂളില്‍ സുലുവും എന്റെ മനോരാജ്യം അടക്കി വാണു.

ഇങ്ങിനെ മാറി വന്ന മുഖങ്ങളില്‍ രണ്ടാമത്തെത്‌ നസീമയുടേതായിരുന്നു. മലപ്പുറത്തു നിന്ന്‌ അവധിക്കാലങ്ങളില്‍ അയല്‍പക്കത്തെ വീട്ടില്‍ വിരുന്നു വരുന്നവള്‍. കുഞ്ഞിപ്പാത്തുമ്മ താത്തയുടെ അനുജത്തി. സലീനയേക്കാല്‍ വലിയ കണ്ണുകളായിരുന്നു അവള്‍ക്ക്‌. മുത്തുകള്‍ അടുക്കി വെച്ച പോലുള്ള പല്ലുകള്‍. സലീനയ്‌ക്ക്‌, കാണാന്‍ അഭംഗിയില്ലെങ്കിലും ചെറിയ കൊന്ത്രമ്പല്ലുണ്ടായിരുന്നു. സലീനയേക്കാള്‍ വെളുപ്പും മിനുപ്പും നസീമയ്‌ക്കാണ്‌.

നസീമ വന്നാല്‍ പിന്നെ കുറേ ദിവസം ഉല്‍സവമാണ്‌. കളിയും കുളിയുമൊക്കെ ഒന്നിച്ച്‌. ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിയ്‌ക്കുമ്പോള്‍ ഞങ്ങള്‍ തൊട്ടുകളിയ്‌ക്കും. വെള്ളത്തിലെ തൊട്ടുകളി നല്ല രസമാണ്‌. നീന്തിയും മുങ്ങാന്‍ കുഴിയിട്ടും തൊടാന്‍ വരുന്നവനില്‍ നിന്ന്‌ രക്ഷപ്പെടും. ഞാന്‍ തൊടേണ്ടവനാകുമ്പോള്‍ നസീമയെ മാത്രം നീന്തിപ്പിടിക്കാനായിരുന്നു എനിയ്‌ക്ക്‌ ഇഷ്ടം. വെള്ളത്തില്‍ ഊളിയിട്ട്‌ ഒരു സ്വര്‍ണമത്സ്യം പോലെ പുളഞ്ഞ്‌ നീന്തുന്ന അവളുടെ കണങ്കാലിലോ തുടകളിലോ കവിളിലോ ചെന്ന്‌ കൈ തൊടുമ്പോള്‍, തൊട്ടവന്റെ വിജയമായിരുന്നില്ല മനസ്സില്‍. ഒരു പെണ്ണിനെ തൊടുമ്പോള്‍ ആണിനുണ്ടാകുന്ന മനഃസുഖം അന്നായിരിയ്‌ക്കാം ആദ്യമായി അനുഭവിച്ചത്‌. ഒളിച്ചു കളിക്കുമ്പോള്‍ അവള്‍ ഒളിയ്‌ക്കുന്ന കട്ടിലിനടിയില്‍ തന്നെ ഞാനും ഒളിയ്‌ക്കും.

അവധി കഴിഞ്ഞ്‌ അവള്‍ മലപ്പുറത്തേക്ക്‌ തിരിച്ചു പോകുമ്പോള്‍ മനസ്സില്‍ തോന്നിയ വേദനയാകാം ഞാന്‍ ആദ്യം അനുഭവിച്ച വിരഹ ദുഃഖം.

പെണ്‍കുട്ടികളുടെ അടുത്ത്‌ ആണ്‍കുട്ടികള്‍ കിടന്നു കൂടെന്ന്‌ ആദ്യം പറഞ്ഞു തന്നത്‌ മുംതസാണ്‌. അമ്മാവന്റെ കല്യാണത്തിന്റെ തലേന്നായിരുന്നു അത്‌. അടുക്കളയോട്‌ ചേര്‍ന്ന നീണ്ട ഇടനാഴിയിയില്‍ എളാമയാണ്‌ കുട്ടികളെയെല്ലാം ഉറങ്ങാന്‍ കിടത്തിയത്‌. ഞാന്‍ വന്നപ്പോഴേക്കും നിലത്തു വിരിയിച്ച പായയില്‍ കുട്ടികള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. മുംതസാണ്‌ ഒരറ്റത്ത്‌ കിടക്കുന്നത്‌. എന്നേക്കാള്‍ മൂതിര്‍ന്ന അവള്‍ സുന്ദരിയാണ്‌. (ഷാജഹാന്റേയും മുംതസിന്റേയും ചരിത്രം പഠിക്കുമ്പോള്‍ മുംതസിന്റെ മുഖഛായ കിട്ടാന്‍ എനിയ്‌ക്ക്‌ വേറൊരു പെണ്ണിനെ സങ്കല്‍പിക്കേണ്ടി വന്നിട്ടില്ല.) ഞാന്‍ അവളുടെ അടുത്ത്‌ ചെന്നു കിടന്നു. ആദ്യം അവളൊന്നു മുരണ്ടു.
``ഈ ആങ്കുട്ടി ന്താണ്‌ പെങ്കുട്ട്യളുടെ അടുത്ത്‌ വന്ന്‌ കിടക്കുന്നത്‌?''
അതെനിക്ക്‌ അറിഞ്ഞു കൂടായിരുന്നു. ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ അടുത്തു കിടക്കാന്‍ പാടില്ലെന്ന്‌. മാത്രമല്ല. എളാമയാണ്‌ അവിടെ കിടന്നോളാന്‍ പറഞ്ഞത്‌. തെറ്റായ ഒരു കാര്യം എളാമ എന്നോട്‌ ചെയ്യിക്കുമോ? മുംതസിന്റെ മുരള്‍ച്ച കേട്ടപ്പോള്‍ എനിയ്‌ക്ക്‌ നാണം വന്നു. പെട്ടെന്നായിരുന്നു അവളൊരു അലര്‍ച്ച.
``ഉമ്മാ ഈ ആങ്കുട്ടി പെങ്കുട്ട്യളുടെ അടുത്തു വന്ന്‌ കിടക്കുന്നു''.
ഞാന്‍ പേടിച്ചു പോയി. അവള്‍ എഴുന്നേറ്റ്‌ പായയില്‍ കുത്തിയിരുന്നു. ഞാനും എഴുന്നേറ്റു. അപ്പോള്‍ അടുക്കളയില്‍ നിന്ന്‌ പെണ്ണുങ്ങളാരോ വന്നു. ഞാനെന്തോ വലിയ തെറ്റു ചെയ്‌തവനെ പോലെ ബേജാറായി. ചുമരരികത്ത്‌ കിടന്നിരുന്ന ഒരു കുട്ടിയെ മാറ്റിക്കിടത്തി, അടുക്കളയില്‍ നിന്ന്‌ വന്ന പെണ്ണ്‌ മുംതസിനെ അവിടെ കിടത്തി. അവള്‍ക്കു സമാധാനമായിക്കാണും.

മൂന്നാം ക്ലാസില്‍ സ്‌കൂള്‍ പൂട്ടിയ കാലമായിരുന്നു അത്‌. സുന്നത്ത്‌ കഴിഞ്ഞ എന്റെ മുറിവ്‌ നന്നായി ഉണങ്ങിയിട്ടുണ്ടായിരുന്നില്ല. സുന്നത്ത്‌ കഴിഞ്ഞപ്പോള്‍ തന്നെ വല്യൊരു ആണ്‍കുട്ടിയായെന്ന്‌ എനിയ്‌ക്കു തോന്നിയിരുന്നു. സുന്നത്ത്‌ കഴിഞ്ഞ്‌ മുകളില്‍ കെട്ടിത്തൂക്കിയ തുണിയുടെ കീഴെ കിടക്കുമ്പോള്‍ കാണാന്‍ വന്നവരൊക്കെ പുത്യാപ്ല എന്നായിരുന്നല്ലോ വിളിച്ചിരുന്നത്‌. പക്ഷേ, ഒരു പെണ്‍കുട്ടിയുടെ അടുത്ത്‌ കിടക്കാന്‍ പറ്റാത്ത വിധം വെല്യ ആങ്കുട്ടി ആയിപ്പോയെന്ന്‌ അറിഞ്ഞത്‌ മുംതസിന്റെ അലര്‍ച്ച കേട്ടപ്പോഴാണ്‌. നാണക്കേടോടെ ഞാന്‍ കിടന്നുറങ്ങി. പിന്നീട്‌ കുറേക്കാലം മുംതസിനെ കാണുമ്പോള്‍ ആ നാണം എന്നെ മുറിവേല്‍പിച്ചിരുന്നു.

കൗമാരത്തിന്റെ എരിതീയിലേയ്‌ക്ക്‌ പ്രണയത്തിന്റെ എണ്ണയുമായി വന്നത്‌ എന്റെ ഉണ്ണിമോളാണ്‌. അവളെന്റെ മനോരാജ്യത്തിലെ രാജകുമാരിയായി. സുഖമായി ജീവിയ്‌ക്കാന്‍ അവളെന്നും കൂടെയുണ്ടാകുമെന്ന്‌ ഞാന്‍ കൊതിച്ചു.
അവളെ ആദ്യം കണ്ടത്‌ നല്ല നിലാവുള്ള ഒരു രാത്രിയിലായിരുന്നു. തൊട്ടടുത്ത ഗ്രാമത്തിലെ ഒരു ക്ലബ്ബിന്റെ വാര്‍ഷികം. നാടകം കാണാന്‍ കൂട്ടുകാരൊത്തു പോയതാണ്‌. പത്താം ക്ലാസ്‌ കഴിഞ്ഞ വര്‍ഷം. പെണ്ണുങ്ങളുടെ സൈഡിലാണ്‌ ഞങ്ങള്‍ ആദ്യമേ സ്ഥലം പിടിച്ചത്‌. പരിപാടികളുടെ ഇടവേളകളില്‍ വെളിച്ചം തെളിയുമ്പോള്‍ സുന്ദരിമാരുടെ കണ്ണുകളുടെ തിളക്കം കാണാം. ഒരു നോട്ടത്തിന്‌ പകരം കിട്ടുന്ന പുഞ്ചിരിയില്‍ നിര്‍വൃതി കൊള്ളാം. ചിലപ്പോള്‍ ഒരു തുറിച്ചു നോട്ടത്തിന്റെ ചമ്മലില്‍ കണ്ണുകള്‍ പിന്‍വലിക്കേണ്ടിയും വരാം.
നാടകത്തില്‍ ഒരു രംഗം തീര്‍ന്ന്‌ കര്‍ട്ടന്‍ വീണു. ട്യൂബ്‌ ലൈറ്റുകളുടെ ധാരാളിത്തത്തില്‍ തിളങ്ങുന്ന പെണ്‍മുഖങ്ങളില്‍ ഒരു പുഞ്ചിരി തിരയുകയായിരുന്നു ഞാന്‍. ഉച്ചഭാഷിണിയില്‍ അപ്പോള്‍ നഖക്ഷതങ്ങളിലെ ഹിറ്റ്‌ഗാനം ഒഴുകി വരുന്നു.
`ആരേയും ഭാവ ഗായകനാക്കും ആത്മസൗന്ദര്യമാണ്‌ നീ..'
ആകാശത്തുനിന്ന്‌ നിലാവെളിച്ചം താണിറങ്ങുന്നു. ഭൂമിയില്‍ കണ്ണഞ്ചിക്കുന്ന ട്യൂബ്‌ലൈറ്റുകളുടെ വെളിച്ച പ്രളയം.
അപ്പോള്‍ പെണ്ണുങ്ങളുടെ ഭാഗത്തു നിന്ന്‌ ആരോ എന്റെ പേര്‌ വിളിച്ചു. നോക്കുമ്പോള്‍ നൂര്‍ജഹാന്‍. അകന്ന ബന്ധുവാണ്‌. ഒരുപാട്‌ മുമ്പ്‌ കണ്ടതാണ്‌. വായിനോട്ടം അവള്‍ കണ്ടുപിടിച്ചോ എന്ന ചമ്മലുമായി നില്‍ക്കുമ്പോള്‍ അവളുടെ പിന്നില്‍ തിളങ്ങുന്ന വലിയ രണ്ട്‌ കണ്ണുകള്‍. ഇതാരാണെന്ന്‌ ഞാന്‍ നൂര്‍ജഹാനോട്‌ ചോദിയ്‌ക്കാനൊരുങ്ങുകയായിരുന്നു. അപ്പോള്‍ ആ കണ്ണുകളുടെ ഉടമ എന്നോട്‌ ചോദിച്ചു.
ഓര്‍മയുണ്ടോ?
ഓര്‍മയില്ലായിരുന്നു. ഓര്‍മക്കുറവിനോട്‌ അത്രയും വെറുപ്പു തോന്നിയ നിമിഷം വേറെ ഉണ്ടായിട്ടുണ്ടാകില്ല. അപ്പോള്‍ നൂര്‍ജഹാന്‍ ആ ചോദ്യം പൂരിപ്പിച്ചു.
നിനക്ക്‌ ഓര്‍മയില്ലേ? കുഞ്ഞാത്തയുടെ മോള്‌.
നൂര്‍ജഹാന്റെ ജ്യേഷ്‌ഠത്തിയുടെ മോളാണ്‌. ഉണ്ണിമോള്‍. ഞാന്‍ അവളെ വളരെ ചെറുപ്പത്തില്‍ കണ്ടതാണ്‌. ഉമ്മയുടെ കൂടെ പണ്ടെന്നോ അവരുടെ വീട്ടില്‍ പോയപ്പോള്‍.
നാടകം കഴിഞ്ഞു വീട്ടിലെത്തുമ്പോഴേക്കും നാടകത്തിന്റെ കഥ ഞാന്‍ മറന്നു പോയിരുന്നു. മനസ്സില്‍ അവള്‍ മാത്രം. ഉണ്ണിമോള്‍. എന്റെ രാജകുമാരി.

അടുത്തൊരു ദിവസം, അവസരമുണ്ടാക്കി ഞാന്‍ നൂര്‍ജഹാന്റെ വീട്ടില്‍ ചെന്നു. അവിടെ നിന്നാണ്‌ ഉണ്ണിമോള്‍ സ്‌കൂളില്‍ പോകുന്നത്‌. പത്താം ക്ലാസിലായിരുന്നു അവള്‍. അവള്‍ക്കു കൊടുക്കാന്‍ എഴുതിവെച്ച പ്രണയ ലേഖനം കീശയിലുണ്ട്‌. ഞാന്‍ കോലായിലേക്ക്‌ കയറി. ഓഫീസ്‌ റൂമിന്റെ വാതില്‍ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു. അവിടെ മേശപ്പുറത്ത്‌ ഉണ്ണിമോളുടെ പുസ്‌തകങ്ങള്‍. അവ മറിച്ചു നോക്കിക്കൊണ്ട്‌ ഞാന്‍ കസേരയിലിരുന്നു. ഒരു നോട്ടുപുസ്‌തകത്തില്‍ നഖക്ഷതങ്ങളിലെ നായകന്‍ വിനീതിന്റെ ചിത്രം. ഇവള്‍ ആളു കൊള്ളാമല്ലോ എന്ന്‌ ചിന്തിച്ചു കൊണ്ടിരിക്കെ, പിന്നില്‍ നിന്ന്‌ ആരോ വന്ന്‌ എന്റെ കണ്ണുപൊത്തി. പൊത്തിയ കൈകള്‍ തപ്പി നോക്കിയപ്പോള്‍ ആ കൈത്തണ്ടയിലെ കുപ്പിവളകള്‍ വിരലിലുടക്കി. ഒരിയ്‌ക്കലും അത്‌ ഉണ്ണിമോളാകുമെന്ന്‌ ഞാന്‍ കരുതിയില്ല. എന്നാല്‍ അത്‌ അവളായിരുന്നു.
അവള്‍ കയ്യെടുത്തപ്പോള്‍ സ്വതന്ത്രമായ കണ്ണുകള്‍ കൊണ്ട്‌ ഞാന്‍ അവളുടെ കണ്ണുകളിലേക്ക്‌ നോക്കി.
എന്താണ്‌ ഈ വഴിയൊക്കെ വരാന്‍ തോന്നിയത്‌?
അവള്‍ ചോദിയ്‌ക്കുകയാണ്‌. അവളുടെ പെരുമാറ്റം നല്‍കിയ ധൈര്യത്തില്‍ ഞാന്‍ പറഞ്ഞു.
നിന്നെ കാണാന്‍.

വിശ്വാസം വരാതെ അവള്‍ ചോദിച്ചു.
എന്നെ കാണാനോ?

അതെ.

അത്‌ വെറുതെ.

അല്ല, സത്യം.

ഞാന്‍ വിശ്വസിക്കില്ല.

ഒരു സാധനം തന്നാല്‍ വിശ്വസിക്കുമോ?

എന്തു സാധനം?

വിശ്വസിക്കുമോ ഇല്ലയോ?

ആദ്യം സാധനം താ..

ഞാന്‍ കീശയില്‍ നിന്ന്‌ പ്രണയ ലേഖനം എടുത്തു അവള്‍ക്ക്‌ കൊടുത്തു. കൈയ്‌ക്ക്‌ നേരിയ വിറയല്‍ ഉണ്ടായിരുന്നുവോ? അവള്‍ കാണിച്ച അടുപ്പവും സ്വാതന്ത്ര്യവുമാണ്‌ അത്രയും ധൈര്യമായി ആ പ്രണയ ലേഖനം കൈമാറാന്‍ കഴിഞ്ഞത്‌. അപ്പോഴേക്കും നൂര്‍ജഹാനും അവളുടെ ഉമ്മയും മുറ്റത്തെത്തിയിരുന്നു. ഉണ്ണിമോള്‍ കത്ത്‌ നോട്ടുപുസ്‌തകത്തിലെവിടയോ ഒളിപ്പിച്ചു.


ഉണ്ണിമോളുടെ ഫോട്ടോ പെട്ടിയില്‍ സൂക്ഷിച്ചതാണ്‌ ഇസ്‌ലാമിയാ കോളേജില്‍ പഠിയ്‌ക്കുമ്പോള്‍ ഞാന്‍ ചെയ്‌ത ഏറ്റവും വലിയ അപരാധം. സഹപാഠികള്‍ക്കിടയില്‍ അതെന്നെ വല്ലാതെ അപമാനാനിതനാക്കി.

മാധ്യമത്തില്‍ ജേര്‍ണലിസ്റ്റ്‌ ട്രെയിനിയായി ജോയിന്റ്‌ ചെയ്‌ത്‌ അധിക നാളായിരുന്നില്ല. ജോലിയും വരുമാനവുമൊക്കെയായെന്ന്‌ കരുതിയാകും ഒരു ദിവസം കുഞ്ഞാത്തയും അളിയനും കോഴിക്കോട്‌ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‌ എതിര്‍ വളത്തുള്ള കാഞ്ചാ ബില്‍ഡിംഗില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്യൂറോയില്‍ കയറി വന്നു. ഞാന്‍ അമ്പരന്നു പോയി. ഉണ്ണിമോളുടെ കല്യാണക്കാര്യം പറയാന്‍ വന്നതാണ്‌ അവര്‍. ആലോചനകള്‍ വന്നപ്പോള്‍ നൂര്‍ജഹാനാണ്‌ ഞങ്ങള്‍ തമ്മിലുള്ള അടുപ്പത്തെക്കുറിച്ച്‌ പറഞ്ഞത്‌. അല്ലെങ്കിലും അവര്‍ക്കറിയാമായിരുന്നുവല്ലോ.

നിക്കാഹ്‌ എങ്കിലും ചെയ്‌തു വെക്കണമെന്ന്‌ കുഞ്ഞാത്തയും അളിയനും വാശി പിടിച്ചു.

ഞാന്‍ അപ്പോള്‍ രണ്ടു മുറികള്‍ മാത്രമുള്ള എന്റെ വീടിനെക്കുറിച്ച്‌ ഓര്‍ത്തു. കല്യാണ പ്രായമായ പെങ്ങളെ ഓര്‍ത്തു. താഴെയുള്ള എട്ട്‌ സഹോദരങ്ങളെ ഓര്‍ത്തു. ഗ്രാമത്തില്‍ നിന്ന്‌ കോഴിക്കോട്ട്‌ നിത്യവും വന്നു പോകാന്‍ വണ്ടിക്കൂലിക്കു പോലും തികയാത്ത ജേര്‍ണലിസ്റ്റ്‌ ട്രയിനിയുടെ സ്റ്റൈപ്പെന്റിനെ കുറിച്ച്‌ ഓര്‍ത്തു. ഇരുപത്‌ വയസ്സു മാത്രമുള്ള എനിയ്‌ക്ക്‌ അപ്പോള്‍ കല്യാണത്തെക്കുറിച്ച്‌ ആലോചിക്കാന്‍ സാധിക്കുമായിരുന്നില്ല. പത്തൊമ്പത്‌ വയസ്സുള്ള ഉണ്ണിമോള്‍ക്ക്‌ എനിയ്‌ക്കായി ഇനിയും കാത്തു നില്‍ക്കാനും കഴിയുമായിരുന്നില്ല.

ഓഫീസിനു താഴത്തെ ഹോട്ടലില്‍ നിന്ന്‌ ചായ കുടിച്ച്‌ പിരിയുമ്പോള്‍ കുഞ്ഞാത്തയുടേയും അളിയന്റെയും മനസ്സില്‍ നിരാശയായിരുന്നുവോ ദേഷ്യമായിരുന്നുവോ? അതോ മകളെ പ്രേമിച്ച അധീരനായ കാമുകനോടുള്ള പുഛമോ?

പിന്നീട്‌ ഉണ്ണിമോളെ കാണാന്‍ ഞാന്‍ പോയിട്ടില്ല. ഒരു ക്ഷമാപണത്തിന്‌ പോലും ഞാന്‍ അവളുടെ മുന്നില്‍ പോയില്ല. രണ്ടു വര്‍ഷം മുമ്പുള്ള ഒരവധിക്കാലത്ത്‌ നൂര്‍ജഹാന്റെ ഉമ്മയെ രോഗക്കിടക്കയില്‍ കാണാന്‍ ചെന്നപ്പോള്‍ ഞാന്‍ നൂര്‍ജഹാനോട്‌ ഉണ്ണിമോളെക്കുറിച്ച്‌ ചോദിച്ചു.

`അവള്‍ക്ക്‌ സുഖമാണ്‌. മോളുടെ കല്യാണം കഴിഞ്ഞു. മോന്‍ പത്താം ക്ലാസില്‍ പഠിയ്‌ക്കുന്നു.' നൂര്‍ജഹാന്‍ പറഞ്ഞു.

കാലം എത്ര പെട്ടെന്നാണ്‌ പോയ്‌മറഞ്ഞത്‌. ദാമ്പത്യത്തിന്റെ പൊരുത്തക്കേടുകള്‍ വല്ലാതെ ശ്വാസം മുട്ടിയ്‌ക്കുമ്പോള്‍ ഞാന്‍ വെറുതെ ഉണ്ണിമോളെ ഓര്‍ക്കും. അവളുടെ ശാപമായിരിക്കുമോ ഈ പൊരുത്തക്കേടുകളുടെ പൊറുതികേട്‌? ഒരിയ്‌ക്കലുമാകില്ല. എന്റെ ഉണ്ണിമോള്‍ക്ക്‌ എന്നെ ശപിക്കാന്‍ സാധിയ്‌ക്കില്ലല്ലോ!


നാട്ടുപച്ചയില്‍ വന്നത്‌

Tuesday, January 13, 2009

അമ്മ, ഉമ്മ

അമ്മ


സ്വാതന്ത്ര്യ പ്രസ്‌ഥാനത്തില്‍ ആകൃഷ്‌ടനായി നാടു വിട്ട്‌ കോഴിക്കോട്ട്‌ പോയി, പിന്നീട്‌ ഉപ്പു സത്യാഗ്രഹവും ജയില്‍വാസവുമൊക്കെ കഴിഞ്ഞ്‌ വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ബഷീര്‍ തലയോലപ്പറമ്പിലെ വീട്ടില്‍ തിരിച്ചെത്തുകയാണ്‌. ഓര്‍മക്കുറിപ്പുകളില്‍ ബഷീര്‍ എഴുതി:

മിസ്റ്റര്‍ അച്യുതന്‍ എന്നെ വണ്ടി കയറ്റി അയച്ചു. എറണാകുളത്തു വന്നു മുസ്‌ലിം ഹോസ്റ്റലില്‍ ഒരു മാസം താമസിച്ചു. വീട്ടിലേക്ക്‌ ചെല്ലാന്‍ നാണം. നിരാശയും വ്യസനവും മടിയും. അവസാനം ഒരു രാത്രി ബോട്ടുമാര്‍ഗ്ഗം ഞാന്‍ വൈക്കത്തെത്തി. അവിടെ നിന്ന്‌ തലയോലപ്പറമ്പിലേക്കു നടന്നു. നാലഞ്ചു മൈലുണ്ട്‌. നല്ല ഇരുട്ട്‌. പാമ്പും മറ്റും ഉള്ള വഴിയാണ്‌. ശ്രുവേലിക്കുന്നിനടുത്ത്‌ മാങ്കൊമ്പില്‍ ഒരാള്‍ കെട്ടിത്തൂങ്ങി ചത്തിട്ടുണ്ടായിരുന്നു. രാത്രി മൂന്ന്‌ മണി കഴിഞ്ഞിരുന്നു.
ഞാന്‍ വീടിന്റെ മുറ്റത്ത്‌ ചെന്നപ്പോള്‍ ``ആരാത്‌'' എന്ന്‌ എന്റെ മാതാവ്‌ ചോദിച്ചു. ഞാന്‍ വരാന്തയില്‍ കയറി. അമ്മ വിളക്കു കൊളുത്തി. ഒന്നും സംഭവിച്ചിട്ടില്ലാത്ത മാതിരി എന്നോട്‌ ചോദിച്ചു:
നീ വല്ലതും കഴിച്ചോ മകനെ?
ഞാന്‍ ഒന്നും പറഞ്ഞില്ല. ഞാന്‍ ആകെ വിങ്ങിപ്പൊട്ടി. ലോകമെല്ലാം ഉറങ്ങിക്കിടക്കുകയാണ്‌. എന്റെ മാതാവ്‌ മാത്രം ഉറക്കമിളച്ചിരിക്കുന്നു. വെള്ളവും കിണ്ടിയും കൊണ്ടുവെച്ചിട്ട്‌, മാതാവ്‌ എന്നോട്‌ കൈകാലുകള്‍ കഴുകാന്‍ പറഞ്ഞു. എന്നിട്ട്‌ ചോറുമ്പാത്രം നീക്കിവച്ചു തന്നു.
വേറൊന്നും ചോദിച്ചില്ല.
എനിക്കല്‍ഭുതം തോന്നി. ഞാന്‍ ഇന്നുവരുമെന്ന്‌ ഉമ്മ എങ്ങിനെയറിഞ്ഞു.
അമ്മ പറഞ്ഞു. ചോറും കറിയും വെച്ച്‌ എല്ലാ രാത്രിയും ഞാന്‍ കാത്തിരിക്കും.
നിസ്സാരമായ ഒരു പ്രസ്‌താവന. ഞാന്‍ ചെല്ലാതിരുന്ന ഓരോ രാത്രിയും അമ്മ ഉറക്കമിളച്ച്‌ എന്റെ വരവു കാത്തിരുന്നു. വര്‍ഷങ്ങള്‍ പിന്നെയും കഴിഞ്ഞു. ജീവിതത്തില്‍ പലതും സംഭവിച്ചു. അമ്മ ഇന്നും മകനെ പ്രതീക്ഷിക്കുന്നു,
മകനേ ഞങ്ങള്‍ക്ക്‌ നിന്നെ ഒന്നു കാണണം.
(ബഷീര്‍ സമ്പൂര്‍ണ കൃതികള്‍ പേജ്‌: 311, 312 )


അമ്മിഞ്ഞപ്പാലിന്റെ മണമാണ്‌ അമ്മയുടെ ഓര്‍മക്ക്‌. വിശക്കുമ്പോള്‍ നാം അമ്മയെ ഓര്‍ക്കും. പുറപ്പെട്ടുപോയ മക്കളെ കാത്ത്‌ ഒരു പിടി ചോറുമായി ഓരോ അമ്മയും കാത്തിരിക്കുന്നു. മകന്റെ വിശപ്പ്‌ പെറ്റവയറിന്റെ നോവാണ്‌. ഒരിയ്‌ക്കലും തിരിച്ചു വരാത്ത രാജനെ കാത്തിരുന്ന അമ്മ നമ്മുടെ മുഴുവന്‍ വേദനയാണ്‌.
തങ്കരാജിന്റെ കഥയിലുമുണ്ടൊരു അമ്മ. നാഗമ്മ. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നാഗമ്മ തങ്കരാജിനെ കാത്തിരുന്നിട്ടുണ്ടാകും. ഒരു പിടി വറ്റെങ്കിലും ആ മകനു വേണ്ടി വിളമ്പിവെച്ചിട്ടുണ്ടാകും. സര്‍ക്കാര്‍ ആശുപത്രിയിലെ ഇരുമ്പു കട്ടിലില്‍ കിടന്ന്‌ പ്രാണന്‍ വേര്‍പിരിഞ്ഞു പോകുമ്പോഴും ആ അമ്മ ഓര്‍ത്തിരിക്കണം, എന്റെ മോന്‍ ഒന്നു വന്നിരുന്നെങ്കില്‍, ഒരിറ്റ്‌ വെള്ളം അവന്റെ കയ്യില്‍ നിന്ന്‌ വാങ്ങിക്കുടിച്ച്‌ യാത്രയാകാന്‍ പറ്റിയിരുന്നെങ്കില്‍....വായ്‌ക്കരിയിടാന്‍ അവന്‍.....
ആ മകന്‌ പോകാന്‍ കഴിഞ്ഞില്ല. തങ്കരാജിന്‌ പോകാന്‍ കഴിയുമായിരുന്നില്ല. ആരാണ്‌ തങ്കരാജിനെ കുടുക്കിയത്‌? വിസ കൊടുത്ത ഏജന്റോ, കടല്‍ കടന്നു വന്ന പരദേശിയുടെ ചോരക്കും വിയര്‍പ്പിനും ഒരു വിലയും കല്‍പിക്കാത്ത സ്‌പോണ്‍സറോ? കണ്ണീരില്‍ മുങ്ങി അമ്മ മരണത്തിലേക്ക്‌ തുഴഞ്ഞു പോകുമ്പോള്‍ തങ്കരാജിന്‌ ഒരസ്‌തിത്വം പോലുമുണ്ടായിരുന്നില്ല. കടലിനിക്കരെ, അവന്‍ അവനാകണമെങ്കില്‍ അവന്റെ കയ്യില്‍ ഇഖാമ (1) വേണം, അല്ലെങ്കില്‍ പാസ്സ്‌പോര്‍ട്ട്‌ വേണം. ഇഖാമയുടെ കാലാവധി എന്നോ അവസാനിച്ചിരുന്നു. പാസ്സ്‌പോര്‍ട്ട്‌ സ്‌പോണ്‍സര്‍ എവിടെയോ വലിച്ചെറിഞ്ഞു കാണും. ഇഖാമയും പാസ്സ്‌പോര്‍ട്ടുമില്ലാത്തവന്‍ പ്രവാസത്തിന്റെ മണ്ണില്‍ ആരുമല്ല. അവന്‌ സ്വന്തമായി പേരില്ല, നാടില്ല. ജാതിയും മതവുമില്ല. സ്വര്‍ഗത്തില്‍ നിന്ന്‌ ഭൂമിയിലേക്കിറങ്ങി വന്ന ആദാമിനെപ്പോലെ വെറുമൊരു മനുഷ്യന്‍. ആദമിനൊരു പേരെങ്കിലുമുണ്ടായിരുന്നു.
എവിടെ ചെന്നാലും താന്‍ ആരാണെന്ന്‌ അവന്‍ സ്വയം തെളിയിക്കണം. പാസ്സ്‌പോര്‍ട്ടില്ലെങ്കില്‍ ഇന്ത്യക്കാരനാണെന്ന്‌ സമ്മതിച്ചു കൊടുക്കാന്‍ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ കൂട്ടാക്കില്ല. അപ്പോള്‍ പിന്നെ അവന്‍ തങ്കരാജല്ല. സ്വര്‍ണമ്മയുടെ പ്രിയപ്പെട്ട മകനല്ല. പ്രവാസം അനുവദിച്ച നാട്ടുകാര്‍ക്ക്‌ അവന്‍ അനധികൃതമായി നുഴഞ്ഞുകയറിയ കുറ്റവാളിയാണ്‌.
തങ്കരാജിന്‌ നന്നായി വിശക്കുന്നുണ്ടായിരുന്നു. എന്നിട്ടും അമ്മ വിളമ്പി വെച്ച ചോറുണ്ണാന്‍ തങ്കരാജ്‌ കൊതിച്ചില്ല. അമ്മക്ക്‌ വിശക്കുന്നുണ്ടാകും. അമ്മയുടെ വിശപ്പായിരുന്നു അവന്റെ പ്രശ്‌നം. ആ വിശപ്പ്‌ അവന്റെ വിശപ്പിനേക്കാളേറെ അവനെ വേദനിപ്പിക്കുന്നു. പെറ്റ വയറിന്റെ കത്തല്‍ അവന്‍ അറിയുന്നുണ്ട്‌. പത്തു മാസം തന്നെ ചുമന്ന വയറിനെ വിശപ്പ്‌ കൊല്ലുകയാകും. അമ്മക്ക്‌ മൂന്ന്‌ നേരം നല്ല ഭക്ഷണം കൊടുക്കാനാണല്ലോ അവന്‍ കടല്‍ കടന്നു പോന്നത്‌. സര്‍ക്കാര്‍ ആശുപത്രിയാണെങ്കിലും എല്ലാ മരുന്നും പുറത്തു നിന്ന്‌ വാങ്ങണം. റാവുത്തറുടെ ഇഷ്‌ടികക്കളത്തില്‍, കൂലിവേല ചെയ്‌ത്‌ തളര്‍ന്ന ആ ശരീരത്തിന്റെ അവസാനത്തെ ആക്കങ്ങളേയും രോഗം ഞെക്കിപ്പിഴിയുന്നുണ്ടാകും. അന്നന്നത്തെ കൂലി കൊണ്ട്‌ പട്ടിണിക്കിടാതെ തന്നെ പോറ്റിയ അമ്മക്ക്‌ ഒരു നേരത്തെ മരുന്നിനെങ്കിലും നാല്‌ കാശ്‌ അയക്കാന്‍ പറ്റുന്നില്ലല്ലോ. പട്ടിണിയുടെ നാളുകളില്‍ വറ്റ്‌ തനിക്ക്‌ ഊറ്റിത്തന്ന്‌ കഞ്ഞിവെള്ളം മാത്രം കുടിച്ച്‌ മുറുക്കിയുടുത്ത മുണ്ടില്‍ എത്ര വട്ടം അമ്മ വിശപ്പിനെ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്‌? ആറ്‌ മക്കളുടെ വയറുകള്‍ എങ്ങിനെയാണ്‌ അന്നൊക്കെ അമ്മ നിറച്ചു കൊണ്ടിരുന്നത്‌? തങ്കരാജ്‌ കരഞ്ഞു. പരദേശത്ത്‌, പുതിയ ജീവിതം കൊതിച്ചു വന്ന ആണൊരുത്തന്‍ കുത്തിയിരുന്നു കരയുകയാണ്‌. നാട്ടിലാണെങ്കില്‍ കൂലിപ്പണി ചെയ്‌തെങ്കിലും അമ്മക്ക്‌ ഒരു നേരത്തെ ആഹാരം കൊടുക്കാമായിരുന്നു. ഒരു മാത്ര മരുന്നു വാങ്ങാമായിരുന്നു.
കരഞ്ഞു കൊണ്ടിരിക്കുന്ന തങ്കരാജിന്റെ മുന്നിലേക്കാണ്‌ ഞാന്‍ ചെന്നത്‌. തെക്കന്‍ ജിദ്ദയിലെ വിദൂരമായ ഒരു ലേബര്‍ ക്യാമ്പിലെ കുടുസ്സുമുറിയില്‍, ഡബിള്‍ ഡെക്കര്‍ കട്ടിലിന്റെ മേലേ തട്ടില്‍, തലയിണയില്‍ മുഖംപൂഴത്തിക്കിടക്കുന്ന ആ ചെറുപ്പക്കാരന്റെ വേദന, തേങ്ങലുകള്‍ക്കിടെ ഉയരുകയും താഴുകയും ചെയ്യുന്ന ശരീരത്തിന്റെ അനക്കങ്ങളില്‍ ഞാന്‍ കണ്ടു.
തങ്കരാജിനെപ്പോലെ വേറെയും കുറേ പേരുണ്ടായിരുന്നു ആ ക്യാമ്പില്‍. ബിഹാറില്‍ നിന്നും ഉത്തര്‍ പ്രദേശില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമൊക്കെ എണ്ണപ്പണത്തിന്റെ നാട്ടില്‍ ഭാഗ്യം തെരഞ്ഞു വന്ന കുറേ മനുഷ്യര്‍.

തിരുവന്തപുരം ജില്ലയില്‍ തമിഴ്‌നാട്‌ അതിര്‍ത്തിയോട്‌ ചേര്‍ന്ന ഒരു ഗ്രാമത്തിലാണ്‌ തങ്കരാജ്‌ ജനിച്ചത്‌. അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചു പോയി. അമ്മയും അഞ്ച്‌ പെങ്ങന്മാരും അടങ്ങുന്ന വലിയ കുടുംബത്തിന്റെ ഭാരം മുതിര്‍ന്നപ്പോള്‍ തങ്കരാജിന്റെ ചുമലിലായിരുന്നു. കടലിനക്കരെ ദുരിതങ്ങള്‍ക്ക്‌ അറുതി നല്‍കുന്ന അല്‍ഭുത ദ്വീപ്‌ എല്ലാ ചെറുപ്പക്കാരേയും പോലെ തങ്കരാജും സ്‌പ്‌നം കണ്ടു. പണിയെടുത്ത്‌ തളര്‍ന്ന അമ്മക്ക്‌ തണലാകണം. പുതിയ ജീവിതം നെയ്‌തെടുക്കണം.
വിസക്കും വിമാന ടിക്കറ്റിനും ഒക്കെക്കൂടി ഒരുലക്ഷത്തിലേറെ രൂപയായി. വസ്‌തു ഉള്‍പ്പെടെ പലതും പണയപ്പെടുത്തി. ഖമീസ്‌ മുഷൈത്തിലായിരുന്നു വിസ. അവിടെ വന്ന്‌ അധികം കഴിയുന്നതിനു മുമ്പ്‌ ഒരു കരാര്‍ കമ്പനിയില്‍ മേസനായി ജോലി കിട്ടി. ആയിരം റിയാലാണ്‌ ശമ്പളം പറഞ്ഞിരുന്നതെങ്കിലും 800 റിയാല്‍ വെച്ചാണ്‌ കിട്ടിക്കൊണ്ടിരുന്നത്‌. രണ്ട്‌ വര്‍ഷം കുഴപ്പമില്ലായിരുന്നു.
അവിടുത്തെ ജോലി കഴിഞ്ഞ ശേഷം ജിദ്ദയിലെ മറ്റൊരു കരാര്‍ കമ്പനിയിലേക്ക്‌ മാറി. അഴുക്കുചാലിന്‌ പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലിയായിരുന്നു ഇവിടെ. കമ്പനി വക ലേബര്‍ ക്യാമ്പില്‍ താമസം.
ആദ്യത്തെ ഒരു വര്‍ഷം പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. കൃത്യമായി ശമ്പളം കിട്ടിയിരുന്നു. പിന്നെ ശമ്പളം മുടങ്ങി. ഇഖാമയുടെ കാലാവധി കഴിഞ്ഞു. അതോടെ ജോലിയും കൂലിയുമില്ലാതായി. ഇഖാമ സ്‌പോണ്‍സര്‍ പുതുക്കിക്കൊടുത്തില്ല. ശമ്പളക്കുടിശ്ശികയില്‍ നിന്ന്‌ ഒരു ചില്ലിക്കാശ്‌ കിട്ടിയില്ല. പട്ടിണി. ഉണങ്ങിയ റൊട്ടി പച്ചവെള്ളത്തില്‍ മുക്കിക്കഴിച്ചു. ചിലപ്പോള്‍ അതും കിട്ടിയില്ല. അങ്ങിനേ കുറേ ദിവസങ്ങള്‍. കടലിനിക്കരെ ജീവിത വിജയങ്ങളുടെ അല്‍ഭുത ദ്വീപ്‌ കാണാനെത്തിയ തങ്കരാജ്‌ പട്ടിണിയുടെ ആഴങ്ങള്‍ കണ്ടു. നാട്ടില്‍ അമ്മയും സഹോദരിമാരും ദുരിതത്തിലായി. പട്ടിണിയും വാര്‍ധക്യവും അമ്മയെ രോഗിയാക്കി. കിടക്കയില്‍ കിടന്ന്‌ അമ്മ പറഞ്ഞു കൊടുത്ത്‌, സഹോദരിമാരുടെ കൈപ്പടയില്‍ വന്ന കത്തുകളിലെ അക്ഷരങ്ങള്‍ എപ്പോഴും കണ്ണീരില്‍ മറഞ്ഞു കിടന്നു. അതില്‍ പരിഭവങ്ങളില്ലായിരുന്നു. പണമയക്കാത്ത മകനെതിരായ കുറ്റപ്പെടുത്തലുകളില്ലായിരുന്നു.
തങ്കരാജിന്റെ ദുരിതങ്ങള്‍ കടലാസിലേക്ക്‌ പകര്‍ത്താനേ കഴിയുമായിരുന്നുള്ളു. പിറ്റേ ദിവസം പത്രത്തില്‍ അവന്റെ കഥ വായനക്കാര്‍ക്ക്‌ മനുഷ്യകഥാനുഗായിയായിക്കാണും. അത്‌ കണ്ട്‌ കരുണ വറ്റാത്ത സുമനസ്സുകള്‍ നയതന്ത്ര കാര്യാലത്തിലൂടെ തങ്കരാജിന്റെ കണ്ണീരൊപ്പാന്‍ ശ്രമം നടത്തി. കടലാസു പണികള്‍ മുന്നോട്ട്‌ പോയി. പാസ്സ്‌പോര്‍ട്ടും ഇഖാമയും ഉടന്‍ ശരിയാകും. ശമ്പള കുടിശ്ശിക ഘട്ടം ഘട്ടമായി നല്‍കാമെന്ന്‌ സ്‌പോണ്‍സര്‍ സമ്മതിച്ചിട്ടുണ്ട്‌.

പിന്നെ തങ്കരാജിനെ ഞാന്‍ കണ്ടിട്ടില്ല. തങ്കരാജിന്റെ ശരീരം തൂങ്ങി നിന്ന ലേബര്‍ ക്യാമ്പിലെ ആസ്‌ബറ്റോസ്‌ ഷെഡിന്റെ കമ്പിയഴി കാണിച്ചു തന്നത്‌ അവന്റെ നാട്ടുകാരനായ ശെല്‍വരാജാണ്‌. തലേ ദിവസം തങ്കരാജിന്റെ അമ്മ നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എന്നെന്നേക്കുമായി കണ്ണടച്ചിരുന്നു. തങ്കരാജിന്റെ പണം അവര്‍ക്ക്‌ ആവശ്യമായി വന്നില്ല. മരുന്നും മന്ത്രവും കാത്തു ഇനിയും അവര്‍ക്ക്‌ കിടക്കാന്‍ വയ്യായിരുന്നു. കടല്‍ കടന്നു പോയ മകന്‍ സ്‌നേഹത്തിന്റെ മൃതസഞ്‌ജീവനിയുമായി തിരിച്ചു വന്നില്ല. ലേബര്‍ ക്യാമ്പില്‍, പട്ടിണി കിടക്കുന്ന മകന്റെ വേദന അറിയാതെയാണ്‌ ആ അമ്മ കണ്ണടച്ചത്‌. ഒന്നും തങ്കരാജ്‌ അമ്മയെ അറിയിച്ചില്ല. മകന്‌ ഇവിടെ സുഖമാണെന്നെങ്കിലും അമ്മ ആശ്വസിച്ചു കൊള്ളട്ടെ. ആ അറിവെങ്കിലും കണ്ണടയ്‌ക്കുമ്പോള്‍ അവരുടെ സമാധാനമാകട്ടെ.
അന്നു രാത്രി ഡബിള്‍ ഡക്കര്‍ കട്ടിലിന്റെ മേലെ തട്ടിലേക്ക്‌ തങ്കരാജ്‌ കയറിയില്ല. താഴെ ശെല്‍വരാജിന്റെ ബെര്‍ത്തിലേക്ക്‌ വീഴാനുള്ള ആക്കമേ അവന്റെ മനസ്സിനുണ്ടായിരുന്നുള്ളൂ. അമ്മ... അമ്മ... അമ്മ.... എന്ന്‌ അവന്‍ ആര്‍ത്തു കരഞ്ഞതും പിന്നെ തേങ്ങിത്തേങ്ങി എപ്പോഴോ നിശ്ശബ്‌ദനായതും ശെല്‍വരാജ്‌ ഓര്‍മിച്ചു. ജിദ്ദ കിംഗ്‌ അബ്ദൂല്‍ അസീസ്‌ ആശുപത്രിയിലെ മോര്‍ച്ചറിയിലെ ഏതോ അറയില്‍ വിറങ്ങലിച്ചു കിടക്കുകയായിരുന്നു തങ്കരാജിന്റെ ജഡം അപ്പോള്‍.
വിശപ്പിനെ മറക്കാന്‍ ഉറക്കത്തിന്റെ ഇരുട്ടിലേക്ക്‌ ലേബര്‍ ക്യാമ്പിലെ അന്തേവാസികള്‍ ഊളിയിട്ട ഏതോ നിമിഷത്തിലാകും തങ്കരാജ്‌ പുറത്തിറങ്ങിയത്‌.
ചോറും കറിയും വെച്ച്‌ കാത്തിരിക്കാന്‍ നാട്ടില്‍ ഇനി അമ്മയില്ല. കടല്‍ കടന്നു പോന്ന തന്റെ ജീവിതത്തിന്‌ ഇനിയൊരു അര്‍ഥവുമില്ല. അമ്മയുടെ ജീവിതത്തിന്‌ ഉപകരിക്കാത്ത ഈ പ്രവാസം ഇനിയെന്തിനാണ്‌? എന്തിന്‌ ഇനിയീ ജീവിതം? ആര്‍ക്കു വേണം ഇനി പാസ്സ്‌പോര്‍ട്ടും ഇഖാമയും? അമ്മക്ക്‌ ഒരു മാത്ര മരുന്നു വാങ്ങാന്‍ പോലും ഉപകരിക്കാത്ത ശമ്പള കുടിശ്ശിക കാത്തിരിക്കുന്നതിലെന്തര്‍ഥം?
ഷെഡിന്റെ പുറത്തെ കമ്പിയഴിയില്‍ തൂക്കിയിട്ട ഒരു മുഴം കയറില്‍ തൂങ്ങി നില്‍ക്കുന്ന തങ്കരാജിന്റെ ശരീരമാണ്‌ പിറ്റേന്ന്‌ വെളുപ്പിന്‌ സഹജീവികള്‍ കണ്ടത്‌.
ജീവിതം തെരഞ്ഞ്‌ പുറപ്പെട്ടുപോയ ഒരു മകന്റെ യാത്ര ഇവിടെ അവസാനിക്കുന്നു.


ഉമ്മ

കത്താത്തടുപ്പിലില്ലാത്ത കഞ്ഞിയില്‍
തവിയിട്ടിളക്കുന്ന സാന്ത്വനമാണുമ്മ.
പാലില്ലാഞ്ഞ്‌ ചോരയൂട്ടിയ
മുലയാണ്‌ ഉമ്മ.
കാല്‍പാദത്തില്‍ സ്വര്‍ഗ്ഗമുണ്ടായിട്ടും
ഞങ്ങളോടൊപ്പം പട്ടിണിയുണ്ണാന്‍ വന്ന
സഹനമാണ്‌.
ഇരുളിലും തിളങ്ങുന്ന കണ്ണുനീരാണ്‌
എന്റെ ഉമ്മ


ഷിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവിന്റെ `ഉമ്മ' യെ ഷൗക്കത്ത്‌ കാണുകയോ കേള്‍ക്കുകയോ ചെയ്‌തിട്ടുണ്ടാകില്ല. അതിനൊന്നുമുള്ള പാങ്‌ അവനുണ്ടായിട്ടില്ല. എങ്കിലും അവനൊരുമ്മയുണ്ട്‌. നിലമ്പൂരില്‍ നിന്നോ പൂക്കോട്ടുംപാടത്തു നിന്നോ വയനാട്ടില്‍ നിന്നോ മക്കള്‍ക്ക്‌ മുന്ന്‌ നേരം ആഹാരം നല്‍കാന്‍ ഗള്‍ഫിലേക്ക്‌ പുറപ്പെട്ട ഒരുമ്മ.
കത്താത്ത അടുപ്പില്‍ ഇല്ലാത്ത കഞ്ഞിയില്‍ തവിയിട്ടിളക്കി അവനെ സാന്ത്വനപ്പെടുത്തിയിട്ടുണ്ട്‌ ആ ഉമ്മ. പാലില്ലാത്ത ഉമ്മയുടെ അമ്മിഞ്ഞയില്‍ നിന്ന്‌ അവന്‍ ഊമ്പിക്കുടിച്ചത്‌ ചോര തന്നെയാകാം.
ബാപ്പ ഉപേക്ഷിച്ചു പോയപ്പോള്‍ അവന്റെ കുഞ്ഞുവയറ്‌ നിറയ്‌ക്കാന്‍ ഉമ്മ റബര്‍ തോട്ടങ്ങളില്‍ വേലക്കു പോയി. ഓലപ്പുരയുടെ അടച്ചുറപ്പില്ലാത്ത വാതിലിന്‌ പിന്നില്‍ പുല്‍പ്പായ വിരിച്ചു കിടന്നുറങ്ങുമ്പോള്‍ ഇരുളില്‍ തിളങ്ങുന്ന അമ്മയുടെ കണ്ണുനീര്‌ എത്രയോ വട്ടം അവന്‍ കണ്ടു.
പിന്നീട്‌, എപ്പോഴോ നാട്ടിലുള്ള വേറേയും ചില പെണ്ണുങ്ങള്‍ക്കൊപ്പം അവന്റെ ഉമ്മയും ഒരു ദിവസം ഏജന്റിനോടൊപ്പം മുംബൈയിലേക്ക്‌ വണ്ടി കയറി. ഗള്‍ഫില്‍ പോകാന്‍.
എളാമയുടെ കയ്യില്‍ ഇത്താത്തമാരേയും അവനേയും ഏല്‍പിച്ചു മുറ്റം കടക്കുമ്പോഴും ഉമ്മയുടെ കണ്ണില്‍ കണ്ണുനീരിന്റെ തിളക്കമുണ്ടായിരുന്നു.
ഉമ്മ ഫോറിനില്‍ പോയി വരുമ്പോള്‍ മോന്‌ ഒരുപാട്‌ കളിക്കോപ്പുകളും പുതിയ ഉടുപ്പുകളുമൊക്കെ കൊണ്ടുവരും.
തലേന്ന്‌ രാത്രി കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ മൂര്‍ധാവില്‍ ഉമ്മ വെച്ചു കൊണ്ട്‌ ഉമ്മ പറഞ്ഞ വാക്കുകളായിരുന്നു അവന്റെ മനസ്സില്‍. അവന്‌ സന്തോഷം തോന്നി. അവന്‌ അഭിമാനം തോന്നി. അന്‍വര്‍ സാദത്തിനെയും റസൂല്‍ അഹമ്മദിനേയും പോലെ അവനും ഇനി തിളങ്ങുന്ന കുപ്പായമിട്ട്‌ സ്‌കൂളില്‍ പോകാം. തിരിക്കുമ്പോള്‍ പടം മാറുന്ന സ്‌കെയിലു കിട്ടും. ഹീറോ പേനയുണ്ടാകും. അവനും `ഫോറിന്‍' കുട്ടിയാകും.
എങ്കിലും വേലിക്കപ്പുറത്ത്‌ ഉമ്മയുടെ പുള്ളിത്തട്ടം മറഞ്ഞു കഴിഞ്ഞപ്പോള്‍ അവന്‌ വല്ലാത്ത സങ്കടം തോന്നി. എളാമയുടെ വീട്ടില്‍ അന്ന്‌ അവന്‌ ഉറങ്ങാന്‍ കഴിഞ്ഞില്ല. ഇത്താത്തമാരുടെ നടുവില്‍ രാത്രി ഒരുപാട്‌ നേരം കരഞ്ഞു കിടന്നു. പാതി മയക്കത്തില്‍ അവന്റെ കൈകള്‍ ഉമ്മയെ തെരഞ്ഞുകൊണ്ടിരുന്നു.

പിന്നീട്‌ വലിയ ഇടവേളകള്‍ക്കു ശേഷം വലിയ പെട്ടികളുമായി ഉമ്മ ഫോറിനില്‍ നിന്ന്‌ വന്നു കൊണ്ടിരുന്നു. പള പള മിന്നുന്ന ഉടയാടകളുടേയും കളിക്കോപ്പുകളുടേയും തിളക്കത്തില്‍ ഷൗകത്ത്‌ പുതിയ ആനന്ദം കണ്ടെത്തി. സ്‌കൂളിലും മദ്രസയിലുമൊക്കെ അവന്‌ പുതിയ പത്രാസായി.
പിന്നീട്‌ ഒരവധിക്കാലത്ത്‌ നാട്ടിലെത്തുമ്പോള്‍ ഉമ്മക്ക്‌ വല്ലാത്ത വയറു വേദനയുണ്ടായിരുന്നു. നേരെ പോയത്‌ ആശുപത്രിയിലേക്കാണ്‌. ഗര്‍ഭപാത്ര നീക്കം ചെയ്യേണ്ടി വന്നു. വയറില്‍ തുന്നിക്കെട്ടിയ വലിയ മുറിവ്‌ ഉണങ്ങും മുമ്പേ അവധിക്കാലം കഴിഞ്ഞു പോയിരുന്നു. അന്ന്‌ ഉമ്മ തിരിച്ചു പോകുമ്പോള്‍ ഷൗക്കത്ത്‌ ആദ്യമായി ഉമ്മയെ തടയാന്‍ നോക്കി. ഉമ്മ പറഞ്ഞു:
രണ്ട്‌ ഇത്താത്തമാര്‍ കൂടിയില്ലേടാ നിനക്ക്‌, അവരേയും കൂടി കെട്ടിച്ചയക്കേണ്ടേ?
ഇനി ഞാന്‍ പൊയ്‌ക്കോളാം. എനിക്ക്‌ വിസയുണ്ടാക്കിത്താ... ഷൗക്കത്ത്‌ വാശി പിടിച്ചു.
പക്ഷേ, ഷൗക്കത്തിന്‌ അന്ന്‌ പ്രായം തികഞ്ഞിരുന്നില്ല. പച്ചമുറിവിലെ വേദനയുമായാണ്‌ അന്ന്‌ ഉമ്മ വിമാനം കയറിയത്‌. പ്രായം തികഞ്ഞപ്പോള്‍ അവന്‍ പാസ്സ്‌പോര്‍ട്ടെടുത്തു. ഉമ്മ തന്നെ മുന്‍കയ്യെടുത്ത്‌ സംഘടിപ്പിച്ച വിസയിലാണ്‌ കടല്‍ കടന്നത്‌. ഉമ്മ ഇപ്പോഴും, നഗരത്തിന്റെ മറ്റൊരു അറ്റത്ത്‌ അറബിയുടെ വീട്ടിലാണ്‌. ഷൗക്കത്തിന്‌ സ്ഥിരമായ ജോലിയായിട്ടു വേണം അവര്‍ക്ക്‌ തിരിച്ചു പോകാന്‍. പലതരം നൂലാമാലകളില്‍ കുടുങ്ങി ഷൗക്കത്തിന്റെ ജോലിയും ഉമ്മയുടെ തിരിച്ചു പോക്കും നീണ്ടു പോകുകയാണ്‌.


അമീനയുടെ നിലവിളി ഷൗക്കത്ത്‌ കേട്ടു. അറബി ഒഖാല്‍ (1) കൊണ്ട്‌ അടിക്കുകയാകും. അവളുടെ തലയ്‌ക്കോ മുതുകത്തോ മാറത്തോ. എവിടെയുമാകും. അറബിക്ക്‌ മുന്നും പിന്നും നോട്ടമില്ല. തലയില്‍ നിന്ന്‌ ഊരിയെടുത്ത കറുത്ത വട്ടു കൊണ്ട്‌ ആ പാവം പെണ്ണിനെ ദുഷ്‌ടന്‍ നിര്‍ത്താതെ തല്ലുകയാകും. കാതുകള്‍ പൊത്തി ഷൗക്കത്ത്‌ അമീനയുടെ നിലവിളിയെ പുറത്താക്കാന്‍ നോക്കി. ഇല്ല, അതിനേക്കാള്‍ ശക്തിയില്‍ ആ നിലവിളി മനസ്സിലേക്ക്‌ ആഞ്ഞടിക്കുകയാണ്‌. ഒരാഴ്‌ച മുമ്പും അമീന ഇതുപോലെ ആര്‍ത്തു നിലവിളിച്ചിരുന്നു. അപ്പോള്‍ അറബിത്തള്ളയുടെ ശബ്‌ദമായിരുന്നു കേട്ടത്‌. ഉസ്‌കുത്ത്‌ യാ ഹിമാര്‍...
മിണ്ടാതിരി കഴുതേ... കൊന്നു കളയും. വെട്ടിനുറുക്കി ഗുമാമില്‍ (2) തള്ളും ഞാന്‍...
തള്ള അലറുകയാണ്‌. ഒഖാലിന്‌ പകരം അടുക്കളയിലെ ഏതെങ്കിലും ഉപകരണങ്ങളാകും. ചട്ടിയോ ഫ്രൈ പാനോ അങ്ങിനെയെന്തും ആയുധമാകും. എന്തു തെറ്റാകും അമീന ചെയ്‌തത്‌? കരുവാളിച്ച മുഖവും വീര്‍ത്ത കണ്ണുകളുമായി പിറ്റേന്ന്‌ അമീന സൂപ്പര്‍മാര്‍ക്കറ്റിലേക്ക്‌ പോകുന്നത്‌ കണ്ടിരുന്നു. അമീനയോട്‌ ഷൗക്കത്തിന്‌ മിണ്ടിക്കൂട.
ഒന്നര മാസം മുമ്പാണ്‌ ഷൗക്കത്ത്‌ കാവല്‍ക്കാരനായി അറബിയുടെ കൊട്ടാരം പോലുള്ള വീട്ടിലെത്തിയത്‌. കാര്‍പോര്‍ച്ചിനോട്‌ ചേര്‍ന്ന ഇടുങ്ങിയ മുറിയിലാണ്‌ താമസം. അമീന ശ്രീലങ്കക്കാരിയാണ്‌. അറബിയുടെ വീട്ടിലെ വേലക്കാരി. അമീനയെ ആദ്യം കണ്ടപ്പോള്‍ തന്നെ ഷൗക്കത്തിന്‌ ഓര്‍മ വന്നത്‌ ഉമ്മയെയാണ്‌. ഫോറിന്‍ സാധനങ്ങള്‍ കൊണ്ടു വരാമെന്ന്‌ പറഞ്ഞ്‌ വേലിപ്പടര്‍പ്പുകള്‍പ്പുറത്ത്‌ മറഞ്ഞുപോയ പുള്ളിത്തട്ടത്തില്‍ ആ ഓര്‍മ തുടങ്ങുന്നു. പിന്നെ അവധിക്കാലത്ത്‌ വലിയ പെട്ടി നിറയെ കളിക്കോപ്പുകളും ഫോറിന്‍ സാധനങ്ങളുമായി വിരുന്നെത്തുന്ന ഉമ്മ. ഉമ്മ വരുന്ന ദിവസങ്ങളില്‍ എന്തു ഗമയിലാണ്‌ താന്‍ സ്‌കൂളില്‍ പോയത്‌! മദ്രസയില്‍ പോയത്‌! അയല്‍പക്കത്തൊക്കെ പത്രാസ്‌ കാട്ടി നടന്നിരുന്നു ആ ദിവസങ്ങളില്‍.
അമീന അലറിക്കരഞ്ഞ ആദ്യ ദിവസം അവന്‍ പിന്നെയും ഉമ്മയെ ഓര്‍ത്തു.
അല്ലാഹ്‌..... എന്റെ ഉമ്മയും അറബിയുടെ വീട്ടില്‍ വേലക്കാരിയാണല്ലോ.

അമീന ഒന്നര വര്‍ഷം മുമ്പേ വന്നതാണ്‌. അറബിത്തള്ള തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം പറയും. വേറെയും ഭാര്യമാരുള്ള തന്തയോടുള്ള കെറുവുകളും തള്ള തീര്‍ക്കുന്നത്‌ അമീനയുടെ മുതുകിലാണ്‌. അപരിചിതമായ ലോകത്ത്‌ വന്നു പെട്ട ആദ്യ നാളുകളില്‍ തന്നെ തന്ത മര്‍ദനം തുടങ്ങിയിരുന്നു. ചുമരിലെ ഹൂക്കില്‍ തൂക്കിയിട്ടിരുന്ന ഒഖാല എടുത്ത്‌ അയാള്‍ മൂര്‍ധാവ്‌ നോക്കിവീശി. അമീനക്ക്‌ തല കറങ്ങി. കണ്ണുകളില്‍ ഇരുട്ട്‌ പരന്നു.
എന്തിനാണ്‌ അയാള്‍ അടിച്ചതെന്ന്‌ അമീനക്ക്‌ മനസ്സിലായത്‌ പിന്നെയും കുറേ നാളുകള്‍ കഴിഞ്ഞാണ്‌. സുലൈമാനിയില്‍ എന്തോ കുഴപ്പം സംഭവിച്ചതാണ്‌. അറബിയില്‍ ഒരു വാക്ക്‌ പോലും അപ്പോള്‍ അമീന പഠിച്ചിട്ടുണ്ടായിരുന്നില്ല. അറബി കേട്ടാല്‍ മനസ്സിലാകില്ല. തിരിച്ചു പറയാനറിയില്ല. പെണ്ണ്‌ തളര്‍ന്ന്‌, ചാരി നിന്ന ചുവരിലൂടെ താഴോട്ട്‌ ഊര്‍ന്നു വീഴുംവരെ അയാള്‍ അടി തുടര്‍ന്നു. ഇന്നും ഇടക്ക്‌ കണ്ണും തലയും വേദനിച്ച്‌ അമീന പിടയും.
പല രാത്രികളില്‍ അമീനയുടെ കരച്ചില്‍ ഷൗക്കത്ത്‌ കേട്ടു. അപ്പോഴൊക്കെ അവന്‍ തന്റെ ഉമ്മയെ ഓര്‍ത്തു. ഉമ്മ ഇങ്ങിനെ അടി കൊണ്ടിട്ടുണ്ടാകുമോ? അല്ലാഹ്‌.. ഇതുപോലെ അടിമപ്പണി ചെയ്‌താണോ ഉമ്മ ഫോറിന്‍ സാധനങ്ങള്‍ നിറച്ച പെട്ടിയുമായി അവധിക്കാലത്ത്‌ വന്നു കൊണ്ടിരുന്നത്‌? ഈ വേദനകളെയാണ്‌ ഞാന്‍ സ്‌കൂളിലും മദ്രസയിലും പത്രാസിന്റെ ആഘോഷങ്ങളാക്കി കൊണ്ടു നടന്നത്‌?
ഒരു ദിവസം തന്തയും തള്ളയും പുറത്തു പോയ ദിവസം അവരുടെ മൂത്ത മകനും രണ്ട്‌ ചങ്ങാതിമാരും വീട്ടിലേക്ക്‌ കയറിപ്പോകുന്നത്‌ ഷൗക്കത്ത്‌ കണ്ടു. അന്നു കുറേ നേരം കഴിഞ്ഞ്‌ ഷൗക്കത്തിന്റെ കൊച്ചുമുറിയുടെ വാതില്‍ക്കല്‍ ആരോ മുട്ടി. വാതില്‍ തുറന്നപ്പോള്‍ ആരോ മാന്തിക്കീറിയ കവിളും ചോര പൊടിഞ്ഞ ചുണ്ടുകളുമായി അമീന മുന്നില്‍.

പിറ്റേ ദിവസം മുതല്‍ അമീനയെ കാണാനുണ്ടായിരുന്നില്ല. അമീന എങ്ങോട്ടുപോയെന്ന്‌ ആര്‍ക്കറിയാം? ഈ മഹാനഗരത്തില്‍ അവള്‍ക്ക്‌ അഭയം നല്‍കാന്‍ ആരുണ്ട്‌? നഗരത്തിലെ പെണ്‍വാണിഭ സംഘങ്ങളെക്കുറിച്ച്‌ ദിവസവും പത്രത്തില്‍ വരുന്ന വാര്‍ത്തകള്‍ ഓര്‍മ വന്നപ്പോള്‍ അവന്‍ ഞെട്ടി. അന്ന്‌ രാത്രി ഷൗക്കത്തിന്‌ ഉറങ്ങാന്‍ സാധിച്ചില്ല. അവന്‍ ഉമ്മയെക്കുറിച്ച്‌ മാത്രമാണ്‌ ചിന്തിച്ചത്‌. ഉമ്മയെ തിരിച്ചയക്കണം. ഇനി ഒരു നിമിഷം ഉമ്മയെ ഈ നാട്ടില്‍ നിറുത്തിക്കൂട. എന്റെ ഉമ്മ ആരുടേയും അടിമയല്ല. എന്റെ ഉമ്മയുടെ ദേഹത്ത്‌ ആര്‍ക്കും കൈവെക്കാന്‍ കഴിയില്ല.
അവന്റെ കാതില്‍ അമീനയുടെ നിലവിളി മുഴങ്ങുകയാണ്‌. അത്‌ അവന്റെ ഉമ്മയുടെ നിലവിളിയാണ്‌. അറബിയുടെ വീട്ടില്‍ പണിയെടുക്കുന്ന ഉമ്മ തന്നെയാണ്‌ നിലവിളിയ്‌ക്കുന്നത്‌. ഒഖാല ഊരി അറബി തല്ലുന്നത്‌ അവന്റെ ഉമ്മയുടെ മുതുകിലാണ്‌. കവിളില്‍ ആരോ മാന്തിപ്പറിച്ച പാടുകളും ചുണ്ടില്‍ ചോരയുമായി വാതിലില്‍ മുട്ടുന്നത്‌ അവന്റെ ഉമ്മ തന്നെയാണ്‌.


ഞാന്‍ കാണുമ്പോള്‍ ഷൗക്കത്ത്‌ ജിദ്ദയിലെ ഒരു പോലീസ്‌ സ്റ്റേഷനിലാണ്‌. ചങ്ങലയിട്ട കാലുകള്‍ ലോക്കപ്പിലെ ഇരുമ്പ്‌ കട്ടിലിനോട്‌ ചേര്‍ത്തു കെട്ടിയിട്ടുണ്ട്‌. ഇല്ലെങ്കില്‍ ഓടിപ്പോകുമെന്ന്‌ പോലീസുകാരന്‍ പറഞ്ഞു. ചിലപ്പോള്‍ അക്രമാസക്തനാകും.
എന്താണ്‌ ഷൗക്കത്തിന്‌ സംഭവിച്ചത്‌? താമസിക്കുന്ന മുറിയില്‍ നിന്ന്‌ അവന്‍ പെട്ടെന്ന്‌ എന്തൊക്കെയോ അലറി വിളിച്ചു കൊണ്ട്‌ പുറത്തേക്ക്‌ ഇറങ്ങി ഓടുകയായിരുന്നു. ജോലിസ്ഥലത്തു നിന്ന്‌ വന്ന്‌ കിടക്കയില്‍ മുഖം പൂഴ്‌ത്തിക്കിടന്നിരുന്ന അവന്‌ എന്ത്‌ പറ്റിയെന്ന്‌ ആര്‍ക്കുമറിയില്ല. ഓടുമ്പോള്‍ ഉരിഞ്ഞുപോയ മുണ്ട്‌ അവന്‍ കണ്ടില്ല. പോലീസ്‌ എത്തുമ്പോള്‍ തെരുവിലെ ആള്‍ക്കൂട്ടത്തിന്‌ നടുവില്‍ അവന്‍ പൂര്‍ണ നഗ്നനായിരുന്നു. കുട്ടിക്കാലത്ത്‌ മദ്രസയില്‍ പഠിച്ച ഏതോ പാഠ ഭാഗങ്ങള്‍ അവന്‍ ഒരു മതപ്രസംഗത്തിന്റെ താളത്തില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇടക്ക്‌ ഈണത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ഓതുന്നു.
പിന്നീട്‌ നഗരത്തിലെ പ്രശസ്‌തമായ പോളി ക്ലിനിക്കിലെ ഒരു മുറിയില്‍ ഉമ്മയുടെ മടിയില്‍ തലവെച്ചു കിടന്നുറങ്ങുന്ന ഷൗക്കത്തിനെ കണ്ടു. ``അവന്റെ ദുഃസ്വപ്‌നങ്ങളെ ആട്ടിയോടിക്കാന്‍ സ്‌നേഹത്തിന്റെ ചിമ്മിനിക്കൂടുമായി ഉണര്‍ന്നിരിക്കുകയായിരുന്നു'' അവന്റെ ഉമ്മ. ഇടക്കിടെ ഇറങ്ങി ഓടിപ്പോകുന്നത്‌ തടയാന്‍ രണ്ട്‌ ചെറുപ്പക്കാര്‍ കാവലുണ്ടായിരുന്നു. അവര്‍ക്ക്‌ ദിവസം 50 റിയാല്‍ കൂലിയാണ്‌. സൈക്യാട്രിസ്റ്റ്‌ ഡോ. അബ്ദുല്ലയാണ്‌ ഷൗക്കത്തിന്റെ മനസ്സ്‌ അപഗ്രഥിച്ചത്‌. അവന്‍ അപ്പോള്‍ മദ്രസയില്‍ ആറിലോ ഏഴിലോ പഠിക്കുന്ന ഒരു കുട്ടിയാണ്‌. പെട്ടി നിറയെ കളിക്കോപ്പുകളും ഫോറിന്‍ സാധനങ്ങളുമായി തിരിച്ചു വരാമെന്ന്‌ പറഞ്ഞ്‌, വേലിപ്പടര്‍പ്പിനപ്പുറത്ത്‌ മറഞ്ഞു പോകുന്ന പുള്ളിത്തട്ടമാണ്‌ അവന്‌ ഉമ്മ. അമീനയില്‍ സ്വന്തം ഉമ്മയെ കണ്ടു, ഷൗക്കത്ത്‌. പീഡിതയായി, അപമാനിതയായി അമീന ഏതോ ഇരുട്ടിലേക്ക്‌ ഇറങ്ങിപ്പോയപ്പോള്‍ ആ ചെറുപ്പക്കാരന്‌ മനസ്സിന്റെ കടിഞ്ഞാണ്‍ നഷ്‌ടപ്പെടുകയായിരുന്നു. ഏതോ കാട്ടില്‍ ഉമ്മയെ കൈവിട്ടുപോയ കുട്ടിയായി മാറുകയായിരുന്നു അവന്‍. ഷൗക്കത്തിന്‌ മനസ്സിന്റെ സമനില വീണ്ടെടുക്കാന്‍ കുറേ ദിവസങ്ങളെടുത്തു.
അബ്ദുല്ല ഡോക്‌ടറുടെ ചികിത്സയിലായിരുന്നു. ഇഖാമയും പാസ്സ്‌പോര്‍ട്ടും നഷ്‌ടപ്പെട്ട അവനെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്‌ വഴി നാട്ടിലേക്ക്‌ വിമാനം കയറ്റി. അതിനു മുമ്പേ അവന്റെ ഉമ്മയെ അവന്‍ നാട്ടിലെത്തിച്ചിരുന്നു. ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ നിന്ന്‌ യാത്ര പറയാന്‍ ഷൗക്കത്ത്‌ വിളിച്ചപ്പോള്‍ എന്റെ മനസ്സില്‍ ഷിഹാബുദ്ദീന്റെ വരികള്‍ തെളിഞ്ഞു:

എന്റെ ഉമ്മ
നിലവിളിയുടെ മൗനമാണ്‌
കണ്ണു കരഞ്ഞ ചോപ്പാണ്‌
വിഴുപ്പലക്കി കാരംപൊള്ളിയ
കൈത്തലമാണ്‌
അവയവങ്ങളരിഞ്ഞപ്പോഴും
ശപിക്കാത്ത മാപ്പാണുമ്മ.....

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.