Sunday, May 18, 2008

വെള്ളച്ചാട്ടത്തിന്റെ ഭംഗിയും കൊല്ലുന്ന കരുത്തും

(ഒരു അവധിക്കാലത്തിന്റെ ഓര്‍മ)

ഒരു മാസത്തെ അവധിക്കാണ്‌ നാട്ടിലെത്തിയത്‌.
പിറ്റേന്ന്‌ ടെന്‍ഷന്‍ തുടങ്ങി. ഇനി 29 ദിവസം.
അടുത്ത ദിവസം പിന്നെയും കലണ്ടറില്‍ നോക്കി.
ഹോ ഇനി 28 ദിവസം. അങ്ങിനെയാണ്‌.
തിരിച്ചു പോരുന്ന ദിവസം വരെ അതങ്ങിനെ തുടരും.
പോരുന്നതിന്റെ തലേന്നും അതിന്റെ തലേന്നുമൊക്കെയായി
മനസ്സിനും ശരീരത്തിനുമൊക്കെ വല്ലാത്ത ഒരു മന്ദത തുടങ്ങും.
ഒന്നിനും ഒരുന്മേഷവും കാണില്ല.തിരിച്ചു പോകുമ്പോള്‍
കൊണ്ടുപോകാനുള്ള സാധനങ്ങളുടെ ലിസ്റ്റ്‌ പോലും മറക്കും.
ഒന്നും വാങ്ങാന്‍ തോന്നില്ല. വീട്ടുകാര്‍ ചോദിച്ചു കൊണ്ടിരിക്കും.
അതു വേണ്ടേ, ഇതു വേണ്ടേ എന്നൊക്കെ...എല്ലാറ്റിനും
ഒരു ങാ.. മൂളല്‍ മാത്രമായിരിക്കും മറുപടി.

നാട്ടില്‍ നമ്മളെ പിടിച്ചു വെക്കണമെന്ന്‌ നിര്‍ബന്ധമുള്ള ചിലരുണ്ട്‌.
അവരാണ്‌ നമ്മളെ അരിപ്പാറയിലേക്കും ജീരകപ്പാറയിലേക്കുമൊക്കെ
പിടിച്ചു കൊണ്ടുപോകുന്നത്‌. മനസ്സ്‌ കൊതിപ്പിച്ചും
കുളിരണിയിച്ചും നില്‍ക്കുന്ന ഈ പ്രകൃതിയെ വിട്ടു,
മലയാളത്തെ വിട്ട്‌ ഏത്‌ മരുഭൂമിയിലേക്കാണ്‌
നാം വിമാനം കയറുന്നത്‌?എന്താണ്‌ ഈ മരുഭൂമിയില്‍ നാം നേടുന്നത്‌?

കഴിഞ്ഞ തവണ അരിപ്പാറയില്‍ പോകാമെന്ന്‌ പറഞ്ഞത്‌
ബിച്ചാപ്പുവാണ്‌. ഒരു മാസത്തെ അവധിക്കു വരുന്ന
ഞാന്‍ അങ്ങാടിയിലേക്ക്‌ ഇറങ്ങുന്നതുപോലും ഭാര്യക്ക്‌ ഇഷ്‌ടമില്ല.
നഷ്‌ടപ്പെട്ട പതിനൊന്ന്‌ മാസത്തിന്റെ കണക്കുബുക്കുമായി
അവള്‍ രാവിലെ മുതല്‍ പിന്നാലെയുണ്ടാകും.
വെറുതേ കോലായിലേക്ക്‌ ഇറങ്ങിയാല്‍
അവള്‍ ചോദിക്കും, എങ്ങോട്ടാ,,,,
എങ്ങോട്ടുമില്ലെന്റെ പൊന്നേ, പത്രം വന്നോ എന്ന്‌ നോക്കുകയാ....
രാവിലെ എഴുന്നേറ്റ്‌ പല്ല്‌ തേച്ച്‌ മുടിയൊന്നു ചീകി ഒതുക്കാന്‍
നോക്കിയാല്‍ അവള്‍ ചോദിക്കും, എങ്ങോട്ടാ രാവിലെ പുറപ്പാട്‌.
എങ്ങോട്ടുമില്ലെന്റെ പൊന്നെ മുടിയൊന്നു ചീകി വെച്ചെന്നേയുള്ളൂ....
പോകുന്നേടത്തൊക്കെ അവളേയും കൊണ്ടേ പോകാറുള്ളൂ.
എന്നാലും നമുക്കുമുണ്ടാകില്ലേ ചില ഔട്ട്‌ ഓഫ്‌ സിലബസ്‌ സംഗതികള്‍...
ചില എക്‌സ്‌ട്രാ കരിക്കുലര്‍ ആര്‍ഭാടങ്ങള്‍....
അങ്ങിനെ ഒരു വെള്ളിയാഴ്‌ച അരിപ്പാറയില്‍ പോകാമെന്ന്‌ വെച്ചു.

ഇറച്ചി വാങ്ങി വരട്ടിവെക്കാമെന്ന്‌ സമദ്‌ ഏറ്റു. അവന്റെ ഭാര്യ
കുഞ്ഞിമാള്‍ ടീച്ചറാണ്‌. അവള്‍ സ്‌കൂളില്‍ പോകും.
ഇറച്ചി മുറിക്കലും വരട്ടലുമൊക്കെ സമദു തന്നെ ചെയ്യും.
കോളേജ്‌ കുമാരന്മാരായ സാലിമും ജസീമും ഉച്ചക്കു
ശേഷം അവധിയെടുക്കാമെന്ന്‌ പറഞ്ഞിട്ടുണ്ട്‌.
നഷ്‌ടപ്പെടുന്ന നമ്മുടെ യുവത്വത്തിന്‌ കാവല്‍ നില്‍ക്കുന്നത്‌
ഈ കൗമാരപ്പടയാണ്‌.മറ്റു പരിപാടികളൊക്കെ റദ്ദാക്കി
ഞാനും റെഡിയായി.പക്ഷേ, അന്നു പോക്ക്‌ നടന്നില്ല.
എന്തോ തടസ്സം.

പക്ഷേ, ബിച്ചാപ്പുവം സാലിമും അരിപ്പാറയെപ്പറ്റി
കൊതിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. വെള്ളരി
മലയുടെ താഴെയാണ്‌ അരിപ്പാറ. ഞങ്ങളുടെ
പ്രിയപ്പെട്ട ഇരുവഴിഞ്ഞിപ്പുഴ പൊട്ടിയൊഴുകി വരുന്നത്‌
വെള്ളരി മലയില്‍ നിന്നാണ്‌.പൊട്ടിച്ചിരിച്ചും പേടിപ്പെടുത്തിയും
പുഴ ചാടിയിറങ്ങുന്ന വഴികളിലൊന്നാണ്‌ അരിപ്പാറ.
മഴക്കാലത്ത്‌ ചിലപ്പോള്‍ ഒരു യക്ഷിയുടെ
ഭീതിദ രൂപമാണ്‌ പുഴക്കിവിടെ. രൗദ്രാഭാവത്തിനൊടുവില്‍
ഒരു മദാലസയെപോലെ അവള്‍ കൊതിപ്പിച്ചു കിടക്കും.
കുണുങ്ങിച്ചിരിച്ചും പാട്ടു മൂളിയും മത്ത്‌ പിടിപ്പിക്കും.
പാറക്കെട്ടുകളെ തഴുകിയിറങ്ങുന്ന വെള്ളച്ചാലുകളില്‍
നമുക്ക്‌ അവളുടെ പദസരത്തിന്റെ കൊഞ്ചല്‍ കേള്‍ക്കാം.
തൊട്ടടുത്ത ഞായറാഴ്‌ച ഞങ്ങള്‍ അരിപ്പാറയിലെത്തി.
മഴക്കാലം പൂര്‍ണമായും പിന്‍മാറിയിട്ടില്ല.
ഇടക്ക്‌ ചാറ്റല്‍ മഴയുണ്ട്‌. ഇന്ന്‌ ഇറച്ചി വരട്ടു പോലുള്ള
സജ്ജീകരണങ്ങളൊന്നുമില്ല. ഭക്ഷണം ഇവിടെ തന്നെ ഏര്‍പ്പാടാക്കണം.

മലയുടെ താഴ്‌വാരത്തില്‍ ചേട്ടന്മാരുടെ വീടുകളാണ്‌‌.
അരിപ്പാറ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍
തുടങ്ങിയപ്പോള്‍ അവര്‍ക്ക്‌ നല്ല വരുമാനമാണ്‌.
പഞ്ചായത്ത്‌ ഇവിടെ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍
ആസൂത്രണം ചെയ്യുന്നുണ്ട്‌. വലിയ ആസൂത്രണമൊക്കെ
നടക്കുമ്പോള്‍ അരിപ്പാറയുടെ ചാരിത്ര്യം നഷ്‌ടപ്പെടുമോ
എന്നെനിക്ക്‌ ഭയമുണ്ട്‌.
നല്ല നാടന്‍ വിഭവങ്ങള്‍ കിട്ടും. നമ്മള്‍ ഓര്‍ഡര്‍ ചെയ്‌തതിനുശേഷം
അവര്‍ ഉണ്ടാക്കിത്തരും. ഹോട്ടല്‍ ഭക്ഷണത്തിന്റെ
അരുചികളൊന്നുമുണ്ടാകില്ല. മുയലിറച്ചിയും കപ്പയും മതി.
ഇത്തിരി നേരത്തെ ചര്‍ച്ചക്കൊടുവില്‍ ഞങ്ങള്‍ തീരുമാനിച്ചു.
മുയലിനെ ബിസ്‌മി ചൊല്ലി അറുക്കണമെങ്കില്‍
അറുക്കാമെന്ന്‌ ചേട്ടന്‍ പറഞ്ഞു.ഞാന്‍ സമദിനെ നോക്കി.
അവന്‍ കുട്ടിപ്പടയെ നോക്കി. ഒടുവില്‍ സമദും സാലിമും കൂടി അറുത്തു.
ജീവന്‍ പോകുന്ന മുയലിന്റെ കണ്ണുകള്‍
നമ്മെ കരയിക്കുമെന്ന്‌ ആരോ പറഞ്ഞത്‌ ഓര്‍ത്തു ഞാന്‍
താഴേക്ക്‌ ഇറങ്ങിപ്പോന്നു.പാറക്കെട്ടുകളില്‍ ചെന്നിരുന്നപ്പോള്‍,
കുണുങ്ങിക്കുണുങ്ങി മലയിറങ്ങി വരുന്ന
ഇരുവഴിഞ്ഞിപ്പുഴയുടെ അഴകളവുകള്‍ കണ്ടു.
തൊട്ടു താഴെ അവള്‍ വല്ലാത്ത ഒരൂക്കോടെ
താഴേക്ക്‌ കുതിക്കുകയാണ്‌. എന്തൊരു കരുത്താണ്‌ അവള്‍ക്ക്‌.
വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം. സൂക്ഷിച്ചു നോക്കുമ്പോള്‍ അവള്‍ക്ക്‌
ഒരു യക്ഷിയുടെ ദംഷ്‌ട്രയുണ്ടോ? കഴിഞ്ഞ ഓണക്കാലത്ത്‌
അവള്‍ ആരുടേയോ ചോര കുടിച്ചിട്ടുണ്ടെന്ന്‌
മുകളിലത്തെ വീട്ടിലെ ചേട്ടന്‍ പറഞ്ഞിരുന്നു.
മഴക്കാലത്തിന്റെ ഭീകരത തീര്‍ത്തും വിട്ടുപോയിട്ടില്ല.
വെള്ളത്തിലിറങ്ങരുതെന്ന്‌ അറുത്ത മുയലിനേയുമായി
അകത്തേക്ക്‌ പോകുമ്പോള്‍ ചേട്ടന്‍ പ്രത്യേകം പറഞ്ഞിരുന്നു.

നേരമ്പോക്കിന്റെ ഏതോ മുഹൂര്‍ത്തത്തില്‍ സമദിന്‌ കുളിക്കണം.
ഒപ്പം ബിച്ചാപ്പുവും സാലിമും ജസീമും ഇറങ്ങി.
ഞാന്‍ നടുവേദനയുടെ ചികിത്സയിലാണ്‌.
കുഴമ്പും മരുന്നും പുരട്ടിയ ചുറ്റിക്കെട്ട്‌ അരക്കെട്ടിനെ
ബന്ധനസ്ഥമാക്കിയിരിക്കുകയാണ്‌.
വെള്ളത്തിന്റെ ശക്തി പരീക്ഷിക്കരുതെന്ന്‌ ഞാന്‍ അവരെ ഉപദേശിച്ചു.
പ്രകൃതിയുടെ ശക്തിയും സൗന്ദര്യവും കൂടിക്കലര്‍ന്നു
നില്‍ക്കുന്ന സ്ഥലമാണിത്‌. യുക്തിവാദികള്‍ പോലും
ദൈവം എന്നു പറയേണ്ടി വരുമ്പോള്‍ പ്രയോഗിക്കുന്ന
പദമാണ്‌ പ്രകൃതി. പ്രകൃതിയുടെ ശക്തി അറിയുന്നതു കൊണ്ടാണത്‌.
ഇത്‌ ദൈവം തന്നെയാണ്‌. വെറുതെ ശക്തി പരീക്ഷിച്ചു
കളിക്കരുത്‌.കയറി വരാന്‍ ഞാന്‍ അവരോട്‌ പലവട്ടം
പറഞ്ഞുവെങ്കിലും അവര്‍ ചെറിയെ വെള്ളക്കെട്ടില്‍
നീന്തിത്തുടിക്കുകയാണ്‌. തൊട്ടുമുകളിലെ പാറയില്‍ നിന്ന്‌
അരിച്ചിറങ്ങുന്ന വെള്ളം ഇവടെ, ഇത്തിരി നേരം തങ്ങി നിന്നാണ്‌
താഴോട്ട്‌ പോകുന്നത്‌. ഈ വെള്ളക്കെട്ടിനു മാത്രമേ
ഇവിടെ ഇത്തിരിയെങ്കിലും ശാന്തയുള്ളൂ. അല്‍പം
താഴോട്ട്‌ നീങ്ങിയാല്‍ അടിയൊഴുക്കു നമ്മെ താഴോട്ട്‌ വലിക്കും.
അങ്ങോട്ട്‌ നീങ്ങാതെ ശ്രദ്ധിക്കണമെന്ന്‌ പാറപ്പുറത്തിരുന്നു
ഞാന്‍ പിന്നേയും വിലക്കിക്കൊണ്ടിരുന്നു.

ആരാണ്‌ ആദ്യം ഒഴുക്കില്‍ പെട്ടത്‌? ഞാനെന്റെ മൊബൈല്‍
ക്യാമറയില്‍ അവരുടെ കുളിസീന്‍ പകര്‍ത്തുകയാണ്‌.
സമദിന്റെ കരച്ചിലാണ്‌. പിടിയെടാ.... തമാശയാണെന്നാണ്‌
ആദ്യം കരുതിയത്‌. അവനെ പിടിക്കാനുള്ള ശ്രമത്തില്‍
ജസീമും സാലിമും ഒഴുക്കിലേക്ക്‌.. മൂന്നു പേര്‍ക്കും
ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. തുഴയാനോ, കാല്‌ നിലത്ത്‌
ഊന്നാനോ കഴിയുന്നില്ല. വെള്ളച്ചാട്ടത്തിലേക്കാണ്‌
അവര്‍ ഒലിച്ചു പോകുന്നത്‌.എന്തു ചെയ്യും?
ബിച്ചാപ്പു കുളിച്ച്‌ കയറിയിരുന്നു. ഞാന്‍ ഉടുത്തിരുന്ന
തുണിയഴിച്ച്‌ താഴേക്ക്‌ ഇട്ടുകൊടുത്തു. നടുവിന്‌ വൈദ്യരുടെ
കെട്ടുണ്ടായിരുന്നതിനാലാണ്‌ ഞാന്‍ തുണിയുടുത്തത്‌.
മറ്റവരൊക്കെ പാന്റ്‌സിലായിരുന്നു. തുണി ഭാഗ്യമായി.
ഞാന്‍ അഴിച്ചെറിഞ്ഞു കൊടുത്ത തുണിയില്‍ പിടിച്ച്‌ ജസീമും
അവന്റെ കയ്യില്‍ പിടിച്ച്‌ സമദും കരച്ചിലോടെ കര പറ്റി.
സാലിം പിന്നേയും താഴേക്ക്‌ പോകുകയാണ്‌. ഒന്നോ രണ്ടോ
സെക്കന്റിനകം അവന്‍ വെള്ളച്ചാട്ടത്തിന്റെ ശക്തിയിലേക്ക്‌ നീങ്ങും.
പിന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല. അതിശക്തമായി അവന്‍
ചെന്നു പതിക്കുക താഴത്തെ പാറക്കൂട്ടത്തിലാണ്‌.
ദൈവമേ സാലിമിന്റെ ജീവന്‍......താഴേക്ക്‌ നോക്കിയപ്പോള്‍
എന്റെ ശ്വാസം ഒരു നിമിഷം നിലച്ചു പോയി.
എങ്ങിനെയെന്ന്‌ അറിയില്ല, അടുത്ത നിമിഷം എന്റെ തുണിയിലോ
അതിനകം കരപറ്റിയ ജസീമിന്റേയോ സമദിന്റേയോ
കൈകളിലോ സാലിമുംകരയിലെത്തിയിരുന്നു.

കുറേ നേരത്തേക്ക്‌ ആര്‍ക്കും ഒന്നും സംസാരിക്കാനാകുന്നില്ല.
മുകളില്‍ നിന്ന്‌ ചേട്ടനും കൂട്ടരും താഴെയെത്തിയിരുന്നു
അപ്പോള്‍.ഞങ്ങളുടെ ബഹളം അവര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
കൂട്ടത്തിലൊരാള്‍ പറഞ്ഞു, കഴിഞ്ഞ ഓണക്കാലത്ത്‌ ഇവിടെ
ഒരാള്‍ പെട്ടുപോയതാണ്‌. അന്നും അപകടത്തില്‍ പെട്ടവരെ
വെള്ളത്തിലങ്ങി രക്ഷപ്പെടുത്തിയ കഥ അയാള്‍ അനുസ്‌മരിച്ചു.
വെള്ളത്തിലിറങ്ങരുതെന്ന്‌ നേരത്തെ തന്നെ ഓര്‍മിപ്പിച്ചത്‌ അതു കൊണ്ടല്ലേ..
അവരുടെ സ്‌നേഹം ശകാരമായി പുറത്തു വരികയാണ്‌..

മുയലറച്ചിക്കും കപ്പക്കും നല്ല സ്വാദായിരുന്നു.
അരിപ്പാറയുടെ സ്വാദ്‌ പക്ഷേ, വേണ്ടത്ര ആസ്വദിക്കാന്‍
സാധിച്ചില്ല.വഴിമാറിപ്പോയ ഒരു കൂട്ടമരണത്തിന്റെ
വിഹ്വലതയില്‍ നിന്ന്‌ മുക്തരാകാന്‍ പിന്നേയും
കുറേ നേരം വേണ്ടി വന്നു.

വരണം, കുറേക്കൂടി ആത്മസംയമനത്തോടെ പ്രകൃതിയുടെ ശക്തിയും
സൗന്ദര്യവും കാണാന്‍ ഈ വഴി ഇനിയും വരണം.

11 comments:

Unknown said...

ഒരു അവധിക്കാലത്തിന്‍റെ ഓര്‍മക്ക്

ഫസല്‍ ബിനാലി.. said...

വര്‍ഷങ്ങള്‍ക്കു മുന്‍പ് വാഴച്ചാലില്‍ കണ്ടൊരു ബോര്‍ഡ് "ഇവിടെ ഇതുവരെ മരണം നാല്‍പ്പത്തിയഞ്ച്, അടുത്തത് താങ്കളാകരുത്" ഓര്‍മ്മക്കുറിപ്പ് വായിച്ചു, ആശ്വാസവും തോന്നി.

! said...

:)

Unknown said...

നല്ല യാത്രാവിവരണം.നാട്ടില്‍ പോകുമ്പോള്‍
പല സ്ഥലങ്ങളിലും പോകണമെന്നുണ്ട്.

Areekkodan | അരീക്കോടന്‍ said...

കഴിഞ്ഞാഴ്ച മൂത്താപ്പയുടെ മകന്‍ അരിപ്പാറയെപറ്റി പറഞ്ഞിരുന്നു.പോകാത്തത്‌ കാരണം ഇവിടെ കാണാം എന്ന് കരുതി വന്നതാ...ഫോട്ടെൂ താഴെക്കാണും എന്ന് കരുതി വായിച്ച്‌ വായിച്ച്‌ ഞെട്ടിപ്പോയി.രക്ഷപ്പെട്ടു ,സമാധാനമായി

കുറ്റ്യാടിക്കാരന്‍|Suhair said...

ഹൊ... ആശ്വാസമായി...

Unknown said...

ഫസല്‍,ഒറ്റമുലച്ചി,അനൂപ്, അരീക്കോടന്‍, കുറ്റ്യാടിക്കാരന്‍.... എല്ലാവര്‍ക്കും നന്ദി.

അരീക്കോടാ.. മൊബൈല്‍ ക്യാമറയില്‍ ഞാന്‍ എല്ലാം പകര്‍ത്തിയിരുന്നു. തുണിയെറിഞ്ഞു കൊടുക്കുന്പോള്‍ കാല്‍ വഴുതി ഞാന്‍ പാറയില്‍ വീണു. ക്യാമറ വെള്ളത്തില്‍ വീണു. സകലം നശിച്ചു പോയി. വില കൂടിയ മൊബൈല്‍ പോയെങ്കില്‍ മൂന്ന് ജീവന്‍ തിരിച്ചു കിട്ടിയല്ലോ എന്ന സന്തോഷമായിരുന്നു,

ചീര I Cheera said...

ശ്ശൊ!..
വായിച്ചിട്ടാകെയൊരു തരിപ്പ്..

മുസാഫിര്‍ said...

പ്രണയം മുതല്‍ മരണത്തിന്റെ അറ്റം വരെ.നല്ല അനുഭവം.

Unknown said...

പി.ആര്‍, മുസാഫിര്‍ താങ്ക്സ്

റഹീം said...

ബ്ലോഗുകള്‍ ജനിച്ചില്ലായിരുന്നുവെങ്കില്‍ ഈ ഓര്‍മക്കുറിപ്പുകള്‍ വായനക്കാര്‍ക്ക്‌ നഷ്ടപ്പെടുമായിരുന്നവല്ലേ. നന്നായിട്ടുണ്ട്‌. പേരുകള്‍ ശിരയാണ്ടെങ്കില്‍ ഇതില്‍ കടന്നുപോയ കഥാപാത്രങ്ങള്‍ക്കും അവരുടെ ഭര്‍ത്താക്കന്മാര്‍ക്കും ഇത്‌ വായിക്കാം. കണ്ണന്‍ കള്ളനല്ല.
വിലപിടിപ്പുള്ള ഒരു മൊബൈലിനേക്കാളും വിലയുണ്ട്‌ മൂന്നു ജീവനുകള്‍ക്ക്‌. തീര്‍ച്ച.