(കെ.ടി. മുഹമ്മദിന്റെ ഓര്‍മയ്‌ക്ക്)
തൊള്ളായിരത്തി എണ്‍പത്തൊന്നിലാണെന്നാണ് ഓര്‍മ.
സിനിമകള്‍ അധികം കണ്ടിട്ടില്ലാത്ത കാലം. നാടകങ്ങളുമില്ല.
കവുങ്ങിന്റെ പട്ട കൊണ്ട് മറച്ചു കെട്ടി, നാടോടി കലാകാരന്മാര്‍
നടത്തുന്ന വെള്ളരി നാടകങ്ങളും റെക്കോര്‍ഡ് ഡാന്‍സുകളും
കണ്‍കെട്ടു വിദ്യകളും സര്‍ക്കസ് അഭ്യാസങ്ങളുമാണ്
അക്കാലത്ത് ആസ്വാദിച്ചിരുന്ന കലാരൂപങ്ങള്‍.
ഒരു ദിവസം കല്ലുരുട്ടിയില്‍ നിന്ന് മുന്നൂരിലേക്ക് വരുമ്പോള്‍
മണാശ്ശേരിയിലാണ് ആ നോട്ടീസ് കണ്ടത്.
മുക്കം മൈക്കോ ക്ലബ്ബിന്റെ വാര്‍ഷികം.
കെ.ടി. മുഹമ്മദിന്റെ നാടകം കാഫര്‍.
വെള്ളരി നാടകങ്ങള്‍ക്ക് പോയാല്‍ തന്നെ മദ്‌റസയില്‍നിന്ന്
മോല്യാരുടെ തല്ല് കിട്ടും.മൗലവിയാണെങ്കിലും അത്തരം
പരിപാടികള്‍ക്ക് പോയതിന്‌ബാപ്പ വഴക്ക് പറഞ്ഞതായി ഓര്‍മയില്ല.
മദ്‌റസയിലും സ്‌കൂളിലും പോകാതെ, കാട്ടിലോ പുഴവക്കത്തോ പോയി
നേരം കളയുന്ന ദിവസങ്ങളില്‍,വിവരം വീട്ടിലറിഞ്ഞാല്‍
പൊതിരെ തല്ലു കിട്ടാറുണ്ട്.
പുല്‍പറമ്പിലും കാവുങ്ങല്‍ ഇണ്ണിരീയുടെ പീടികക്ക് അപ്പുറത്ത്
പുഴവക്കത്തുമാണ് പാലം വെള്ളരിക്കാര്‍ സാധാരണ തമ്പ് കെട്ടുന്നത്.
റെക്കോര്‍ഡ് ഡാന്‍സാണ് പ്രധാന ഇനം.
പെണ്‍വേഷം കെട്ടിയ ആണുങ്ങള്‍അക്കാലത്തെ
ഹിറ്റ് സിനിമാ പാട്ടുകളുടെ താളത്തിനൊത്ത് നൃത്തം ചെയ്യും.
രാവിലെ പുഴക്കടവിലോ അങ്ങാടിയിലെ ചായക്കടയിലോ
കാണുമ്പോഴായിരിക്കും ഡാന്‍സുകാരി പെണ്ണല്ല, ആണാണ് എന്ന് ബോധ്യപ്പെടുക.
മിമിക്രിക്കാരും കോമഡിക്കാരും ഒന്നും പ്രാചരത്തിലില്ലാത്ത
അക്കാലത്ത് ഇവര്‍ അവതരിപ്പിക്കുന്ന നാടകം ഉള്‍പ്പെടെ
ഹാസ്യ കലാപ്രകടനങ്ങള്‍ കണ്ട്‌തലയറഞ്ഞ് ചിരിച്ചിട്ടുണ്ട്.
കഥാ പ്രസംഗത്തിന്റെ റെക്കോര്‍ഡ് വെച്ച് കഥപറയുമ്പോലെ
ഒരാള്‍ അഭിനയിക്കും. അപ്പോള്‍ സംഗീതോപകരണങ്ങളും
സാങ്കല്‍പികമാകും. തബലയെന്ന് തോന്നിക്കാന്‍
രണ്ട് കുട്ടികളെ നിലത്തിരുത്തി അവരുടെ തല തുണി കൊണ്ട് മൂടും.
തബലിസ്റ്റായി അഭിനയിക്കുന്നയാള്‍ ആ തലകളില്‍ തബലയിലെന്ന പോലെ താളമിടും.
പുല്‍പറമ്പിലെ പാലം വെള്ളരികളില്‍ ഇങ്ങിനെ തബലയായി
എത്രയോ വട്ടം തല വെച്ചു കൊടുത്തിട്ടുണ്ട്.
മൂന്നിലും നാലിലുമൊക്കെ പഠിക്കുമ്പോഴായായിരുന്നു അത്.
ആപ്പുട്ടിയായിരുന്നു അന്നൊക്കെ തലയില്‍ താളമിട്ടിരുന്നത്.
സാഹസികാഭ്യാസ പ്രകടനമാണ് ഇക്കൂട്ടരുടെ പ്രധാന ആകര്‍ഷണം.
ശ്വാസമടക്കിപ്പിടിച്ചിരുന്നല്ലാതെ കാണാന്‍ പറ്റില്ല.
പെണ്ണുങ്ങളും ഞങ്ങള്‍ കുട്ടികളും വല്ലാത്തൊരവസ്ഥയിലേക്ക് കണ്ണു തള്ളും.
മണ്ണില്‍ തീര്‍ത്ത വലിയ കുഴിയില്‍ ആളെയിട്ടു മൂടുക,
നെഞ്ചില്‍ അമ്മി വെച്ച് അതിനു മുകളില്‍ ഉരല്‍ വെച്ച്
നെല്ല് കുത്തി വെളുപ്പിക്കുക, നിര നിരയായി കെട്ടി വെച്ച ബള്‍ബുകള്‍
സൈക്കിളില്‍ പാഞ്ഞു വന്ന് നെഞ്ചു കൊണ്ട് പൊട്ടിക്കുക,
മുടിയില്‍ കെട്ടി ജീപ്പ് വലിയ്‌ക്കുക..
അങ്ങിനെ അവര്‍ കാണിക്കുന്ന സാഹസങ്ങള്‍ അനവധിയാണ്.
പരലോകത്തൊരു രക്ഷയ്‌ക്കായി തമ്പുരാനേ... എന്ന പാട്ട് വെച്ച്
അഭ്യാസികള്‍ സാഹസം കാണിക്കുമ്പോള്‍
ആളിപ്പോള്‍ മരിച്ചു പോകുമെന്ന് തോന്നും.
പാലം വെള്ളരിക്ക് പോയതിന് ആദ്യമായി തല്ലു കൊണ്ടത്
മദ്‌റസയിലെ ജബ്ബാര്‍ മോല്യാരുടെ കയ്യില്‍ നിന്നാണ്.
എന്നാലും പാലം വെള്ളരിക്ക് പോകാതിരിക്കില്ല.
ഈ പാലം വെള്ളരിയ്‌ക്കാരെ അനുകരിച്ചാണ് പിന്നീട്
ഞങ്ങളുടെ നാട്ടുമ്പുറത്തെ കുട്ടികള്‍ ഈന്തപ്പനയോലയും
കവുങ്ങിന്‍പട്ടയുമൊക്കെ ഉപയോഗിച്ച് പന്തല്‍ കെട്ടി ചില്ലറ
കലാപരിപാടികള്‍ സംഘടിപ്പിക്കുവാന്‍ തുടങ്ങിയത്.
മുതുകുളത്തെ കൊയ്‌തൊഴിഞ്ഞ പാടത്തും
നാരങ്ങാളിയിലെ ഒഴിഞ്ഞ പറമ്പിലും ലക്ഷം വീട്ടിലുമൊക്കെ
ഇത്തരം പരിപാടികള്‍ നടത്തിയിരുന്നു.
നേരത്തേ കണ്ട നാടകങ്ങളുടെ രംഗങ്ങള്‍ ഓര്‍ത്തുവെച്ച്
അതേപോലെ അവതരിപ്പിക്കുന്നതായിരുന്നു പ്രധാന പരിപാടി.
ചിലപ്പോള്‍ തട്ടിക്കൂട്ട് നാടകങ്ങളും അരങ്ങേറും.
മോണോ ആക്‌ട്, മാപ്പിളപ്പാട്ട് അങ്ങിനെ അറിയാവുന്ന
പ്രകടനങ്ങളൊക്കെ കുട്ടികള്‍ തന്നെ നടത്തും.
തൊട്ടടുത്ത വീടുകളിലെ സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന
വിരലിലെണ്ണാവുന്ന സദസ്സായിരിക്കും മുന്നില്‍.
പറഞ്ഞു വന്ന കാര്യം വേറെയാണ്.
മണാശ്ശേരിയില്‍ കണ്ട മൈക്കോ വാര്‍ഷികത്തിന്റെ നോട്ടീസ്.
ഏഴാം ക്ലാസിലാണ് അന്ന് പഠിക്കുന്നത്.
കാഫര്‍ എന്ന പേരാണ് ആദ്യം ആകര്‍ഷിച്ചത്.
സ്‌കൂളില്‍ കൂടെ പഠിക്കുന്ന ദിനേശനും രാജനും വിമലയും
ബിന്ദുവും ഉഷയുമൊക്കെയാണ്
അന്ന് കാഫിറുകളായി പരിചയമുള്ളത്.
പിന്നേ താന്നിപ്പോക്കിലെ ചാത്തൂന്റെ വീട്ടുകാരും
ലക്ഷം വീട്ടിലെ കുറേ ഹരിജനങ്ങഴും.
കാഫിറിനെപ്പറ്റി എന്ത് നാടകമായിരിക്കും?
കാഫര്‍ നാടകം കാണാന്‍ പോയാല്‍ മദ്‌റസയില്‍ നിന്ന് തല്ലു കിട്ടുമോ?
ഏഴാം ക്ലാസിന്റെ മൂപ്പുണ്ടായിരുന്നതിനാല്‍
അതത്ര വലിയ പ്രശ്‌നമായി തോന്നിയില്ല.
ഒരു ഞായറാഴ്‌ചയാണെന്നാണ് ഓര്‍മ.
അന്ന് പാഴൂരില്‍ നിന്ന് അധികം ബസ് സര്‍വീസില്ല.
മുക്കത്ത് പോകണമെങ്കില്‍ ആറ്റുപുറം, കച്ചേരി വഴി നടന്നു പോവുകയാണ് പതിവ്.
വൈകുന്നേരം വീട്ടില്‍ പറയാതെ മുക്കത്തേക്ക് നടന്നു.
ഒറ്റയ്‌ക്കാണ്, കൂട്ടിനാരുമില്ല. ചങ്ങാതിമാരെ വിളിച്ചാല്‍ വരില്ല.
ഒന്നാമത് രാത്രി മുക്കത്തേക്ക് വരാന്‍ വീട്ടുകാര്‍ സമ്മതിക്കില്ല.
രണ്ടാമത്, നാടകം കാണാന്‍ അനുവാദമില്ല. അതും കാഫര്‍ നാടകം.
ഇരുട്ടുന്നതിന് മുമ്പേ മുക്കത്തെത്തി. ഇരുവഴിഞ്ഞിപ്പുഴയുടെ
മാട്ടുമ്മലാണ് വേനല്‍ക്കാലത്ത് പുഴ വറ്റി രൂപപ്പെടുന്ന
മണല്‍ തിട്ടക്ക് ഞങ്ങളുടെ നാട്ടുകാര്‍ മാട് എന്നാണ് പറയുക) സ്റ്റേജ്.
എസ്.കെ. പൊറ്റക്കാടിന്റെ നാടന്‍ പ്രേമത്തിലെ നായകന്‍ നായിക
മാളുവിനെ കണ്ടുമുട്ടുന്നത് ഇവിടെ വെച്ചാണ്.
പില്‍ക്കാലത്ത് നാടന്‍ പ്രേമം വായിച്ചപ്പോഴാണ്
ആ സത്യം മനസ്സിലാകുന്നത്.
നാടകം കാണണമെങ്കില്‍ ടിക്കറ്റെടുക്കണം.
ടാര്‍പായ കൊണ്ട് വേദിക്ക് ചുറ്റും മറച്ചിരിക്കുന്നു.
ടിക്കറ്റില്ലാതെ അകത്ത് കടക്കാന്‍ പറ്റില്ല.
കയ്യിലാണെങ്കില്‍ കാല്‍ കാശില്ല. മുക്കം വരെ നടന്നു പോകാന്‍
തീരുമാനിച്ചതിനാല്‍ ബസ്സു കൂലി പോലും
സംഘടിപ്പിക്കേണ്ടതുണ്ടായിരുന്നില്ല.
കോലൈസോ കപ്പലണ്ടിയോ വാങ്ങാനുള്ള കാശ് പോലുമില്ല.
പാലം വെള്ളരി നാടകങ്ങള്‍ സൗജന്യായി ആസ്വദിച്ചിരുന്നതിനാല്‍
നാടകം കാണാന്‍ ടിക്കറ്റ് വേണ്ടിവരുമെന്ന് ഓര്‍ത്തിരുന്നുമില്ല.
എന്ത് ചെയ്യുമെന്നറിയാതെ വിഷമിച്ചു നില്‍ക്കുമ്പോള്‍
മുന്നില്‍ സലാം മാഷ്.
ചേന്ദമംഗല്ലൂര്‍ ജി.എം.യു.പി സ്‌കൂളില്‍ എന്റെ ക്ലാസ് മാഷാണ്.
പതിനാലാം രാവ് സിനിമയില്‍ ഒരു സീനില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന്
മാഷ് ഇടക്ക് ക്ലാസില്‍ പറയാറുണ്ട്.
സലാം കാരശ്ശേരിയുടെ പെങ്ങളുടെ മകന്‍. എം.എന്‍. കാരശ്ശേരിയുടെ സഹോദരന്‍.
എന്നെ കണ്ടപ്പോള്‍ മാഷ്‌ക്ക് അല്‍ഭുതം.
കലാപ്രേമിയും സഹൃദയനും മികച്ച അധ്യാപകനുമായ
അദ്ദേഹം ആരുടെ കൂടെയാണ് പോന്നതെന്ന് ചോദിച്ചു.
ഒറ്റയ്‌ക്കാണെന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍ പറഞ്ഞു പോന്നതല്ലേ എന്ന് വീണ്ടും.
മിണ്ടാതെ നിന്നു. ടിക്കറ്റുണ്ടോ എന്ന് മാഷ് ചോദിച്ചു.
ഉണ്ടാകില്ലെന്ന് മാഷ്‌ക്ക് തന്നെയറിയാം.
അദ്ദേഹം എന്നെ കൂട്ടിക്കൊണ്ടുപോയി സ്റ്റേജിന്റെ നേരെ മുന്നില്‍ തന്നെ ഇരുത്തി തന്നു.
മൈക്കോയുടെ സംഘാടകന്‍ കൂടിയായിരുന്നു അദ്ദേഹമെന്നാണ് ഓര്‍മ.
കാഫര്‍ നാടകം തുടങ്ങി. നിലമ്പൂര്‍ സീനത്താണ് നായിക.
മൈക്കിന് മുന്നില്‍ നിന്ന് പാടുന്ന മാപ്പിളപ്പെണ്ണിനെ സമുദായം കല്ലെറിയുന്നു.
നെറ്റിയില്‍ നിന്ന് ചോര പൊടിയുന്നു. നാടകം തുടങ്ങുന്നത് അങ്ങിനെയാണെന്നാണ് ഓര്‍മ.
ആദ്യത്തെ നാടകാനുഭവം. വീട്ടില്‍ വെച്ച് പാടുന്ന മറ്റൊരു
കഥാപാത്രത്തെ നാടകത്തില്‍ ഉമ്മ വിലയ്‌ക്കുന്നുണ്ട്.
ആണുങ്ങളുടെ മുന്നില്‍ നിന്ന് പാട്ടാ പാടരുതെന്ന്.
അപ്പോള്‍ നായിക ചോദിയ്‌ക്കുന്നു: മുഹമ്മദാല്യാക്കന്റെ
മുമ്പീന്നും പാടാന്‍ വയ്യ, വാപ്പാന്റെ മുമ്പീന്നും പാടാന്‍ വയ്യ.
പിന്നെ ആരുടെ മുന്നിലാ ഉമ്മാ ഞാന്‍ പാട്വാ...മാപ്പിളപ്പെണ്ണിന്റെ
വീര്‍പ്പുമുട്ടലാണ് അതെന്ന് അന്ന് മനസ്സിലായില്ല.
പിന്നെ ചാത്തന്‍ മൂസയാകുമ്പോള്‍ പെണ്‍കുട്ടിക്ക്
ചാത്തനെ മൂസയായി കാണാന്‍ പറ്റുന്നില്ല.
ചാത്താ ചാത്താന്ന് വിളിച്ചിട്ട് ഇപ്പോള്‍ മൂസേന്ന്
വിളിക്കുമ്പോള്‍ എന്തോ കളവ് പറയുമ്പോലെയാണ്
പെണ്‍കുട്ടിക്ക് തോന്നുന്നത്. കാഫറിന്റെ സാമൂഹിക സിദ്ധാന്തങ്ങളൊന്നും
മനസ്സിലായില്ലെങ്കിലും നാടകം എന്ന കലയെ ആദ്യമായി അടുത്തറിയുന്നത് അന്നാണ്.
പിന്നീട് ചില്ലറ നാടകങ്ങള്‍ എഴുതാനും സംവിധാനം ചെയ്‌ത്
പ്രാദേശിക തലത്തില്‍ അവതരിപ്പിക്കാനുമുള്ള ഉള്‍പ്രേരണ
തുടങ്ങുന്നതും അവിടെ നിന്നാണ്.നാടകം കഴിഞ്ഞ് കാണണമെന്ന്
സലാം മാഷ് പറഞ്ഞിരുന്നു. പക്ഷേ, ആള്‍കൂട്ടത്തില്‍ അദ്ദേഹത്തെ തെരയാന്‍ പറ്റിയില്ല.
നാടകം കഴിയുമ്പോള്‍ ഒരുപാട് വൈകി. രണ്ടോ മൂന്നോ മണിയായിക്കാണും.
എങ്ങോട്ട് പോകും. കച്ചേരി, ആറ്റുപുറം വഴി ഒറ്റയ്‌ക്ക് നടന്നു പോകാന്‍ വയ്യ.
വഴിയിലൊക്കെ നായ്‌ക്കളുണ്ടാകും. പി,സി റോഡിലൂടെ
നാടകം കഴിഞ്ഞു പോകുന്നവരുടെ കൂട്ടത്തില്‍ നടന്നാലും
അവരൊക്കെ പരമാവധി, കച്ചേരി വരെയേ ഉണ്ടാകും.
ചേന്ദമംഗല്ലൂര്‍ വരേയുള്ളവര്‍ പോലുമുണ്ടാകില്ല.
പീടികക്കോലായില്‍ എവിടെയങ്കിലും കിടന്ന്
നേരം വെളുപ്പിക്കാന്‍ പറ്റുമോ?പരിഭ്രമിച്ചു നില്‍ക്കുമ്പോള്‍
കുഞ്ഞുട്ടി ജീപ്പുമായി വന്നു. മാമ്പറ്റയിലെ അമ്മായിയുടെ മകനാണ്.
അയാള്‍ ആ സമയത്ത് എന്നെ ചീനിയുടെ ചോട്ടില്‍ കണ്ട് അന്തം വിട്ടു.
നാടകം കാണാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ ജീപ്പില്‍ കയറാന്‍ പറഞ്ഞു.
അപ്പോഴാണ് എനിക്കൊരു ബുദ്ധി തോന്നിയത്.പാത്തുട്ടിയുടെ വീട്ടില്‍ പോകാം.
മുത്തമ്മയുടെ മകളാണ്. കാരശ്ശേരി ജംക്‌ഷനിലാണ് വീട്.
അവിടെ ഇറക്കിത്തന്നാല്‍ മതിയെന്ന് പറഞ്ഞു.
കുഞ്ഞുട്ടി ജീപ്പില്‍ പാത്തുട്ടിയുടെ വീടിന് മുന്നില്‍ ഇറക്കി.
സ്വാഭാവികമായും എല്ലാവരും നല്ല ഉറക്കത്തിലാണ്.
വീട്ടുകാരെ ഉണര്‍ത്തേണ്ടെന്ന് കരുതി ഞാന്‍ കോലായില്‍, കരി തേച്ച
വെറും നിലത്ത് കിടന്നുറങ്ങി.
അന്നും ഇന്നും രാത്രി, അസമയത്ത് ഉറങ്ങുന്നവരെ
വിളിച്ചുണര്‍ത്തുന്നത് എനിക്കിഷ്‌ടമല്ല. അതിനൊരു കാരണമുണ്ട്.
മദ്‌റസയിലെ അഖ്‌ലാഖ് പുസ്‌തകത്തില്‍ പഠിച്ച ചെറിയൊരു പാഠം.
ഇമാം ഷാഫി (റ) കുട്ടിയായിരുന്ന കാലം.
രോഗിയായ ഉമ്മ കുടിയ്‌ക്കാന്‍ അല്‍പം വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു.
ദൂരെ പോയി വെള്ളവുമായി കുട്ടി മടങ്ങി വരുമ്പോള്‍
ക്ഷീണം കൊണ്ട് ഉമ്മ ഉറങ്ങിപ്പോയിരുന്നു.
ഉമ്മയുടെ ഉറക്കം ശല്യപ്പെടുത്തേണ്ടെന്ന് കരുതി ഉമ്മ ഉണരുന്നതുവരെ
തലയില്‍ വെള്ളപ്പാത്രവുമായി കൊച്ചു ഷാഫ് കാത്തു നിന്നു.
ഏറെ നേരം കഴിഞ്ഞ് ഉമ്മ ഉണര്‍ന്നപ്പോള്‍ വെള്ളപ്പാത്രം
തലയില്‍ വെച്ച് വേദനിച്ചു നില്‍ക്കുന്ന കുട്ടിയെയാണ് കണ്ടത്.
കഥയുടെ സാരം ഇങ്ങിനെയാണെന്നാണ് ഓര്‍മ.
ഞാനിപ്പോള്‍ പാത്തുട്ടിക്ക് വെള്ളത്തിന് പോയതല്ലല്ലോ.
നാടകം കാണാന്‍ പോയതാണ്. അതും കാഫര്‍ നാടകം.
അതിന് പാത്തുട്ടിയും വീട്ടുകാരും എന്തു പറയുമെന്ന് തന്നെ അറിയില്ല.
അങ്ങിനെയാണ് അവരെ വിളിച്ചുണര്‍ത്താതെ
കോലായില്‍ വെറും നിലത്ത് കിടന്നത്.നാടകം ഇവിടെ തീരുന്നില്ല.
സുബ്‌ഹിക്ക് ആദ്യമെണീറ്റത് പാത്തുട്ടി തന്നെയാണ്.
കോലായില്‍, വെറും നിലത്ത് ആരോ ഒരാള്‍ കിടന്നുറങ്ങുന്നത്
മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് അവര്‍ കാണുന്നത്.
ഉമ്മാ കള്ളന്‍ എന്ന് ഒരലര്‍ച്ചയായിരുന്നു അവള്‍.ആ അലര്‍ച്ച
കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. വീട്ടുകാരും.
ഞെട്ടിയെഴുന്നേറ്റ എന്നെ കണ്ടപ്പോള്‍ പാത്തുട്ടി അതിനേക്കാള്‍ അമ്പരപ്പ്.
നീയെപ്പോള്‍ വന്നു, എങ്ങിനെ വന്നു.... ചോദ്യങ്ങള്‍ ഊഹിക്കാവുന്നതേയുള്ളൂ....
അങ്ങിനെ കെ.ടി. മുഹമ്മദിന്റെ നാടകമാണ് ആദ്യം കണ്ടത്. പിന്നീട് കോഴിക്കോട്ട് റിപ്പോര്‍ട്ടറായി ചെന്നപ്പോള്‍ കെ.ടിയുടെ പ്രസംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇത് ഭൂമിയാണ്, വെള്ളപ്പൊക്കം തുടങ്ങി നാടകങ്ങള്‍ പിന്നെയും പിന്നെയും കണ്ടു.സീനത്ത് കെ.ടിയെ ഉപേക്ഷിച്ചു പോയ ദിവസം അദ്ദേഹത്തെ കാണാന്‍ വീട്ടില്‍ ചെന്ന പത്രലേഖഖരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. അന്ന് കെ.ടി പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞത് ഓര്‍ക്കുകയാണ്. ഒന്നൂമല്ലാതിരുന്ന അവളെ ഈ നിലയില്‍ എത്തിച്ചത് ഞാനാണ്. എന്നെ അവള്‍ ഓര്‍ക്കേണ്ട, ഈ കുട്ടിയെ അവള്‍ ഓര്‍ക്കേണ്ടിയിരുന്നില്ലേ?കെ.ടിക്ക് സീനത്തില്‍ പിറന്ന മകന്‍ അപ്പോള്‍ കെ.ടിയോടൊപ്പം സ്വീകരണ മുറിയിലുണ്ടാരുന്നു. എട്ടോ പത്തോ വയസ്സായിരിക്കും അന്ന് കുട്ടിക്ക് പ്രായം.
പിന്നീട് കെ.ടിയുടെ പരാതി പ്രകാരം കോഴിക്കോട്ട് കോടതിയില്‍ സീനത്തിനെ ഹാജരാക്കിയപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാനും ഞാനുണ്ടായിരുന്നു. വലിയ സിനിമാ താരമാണ് അപ്പോഴവര്‍. കോടതിയുടെ അനുമതി പ്രകാരം കാഫറിലെ മാപ്പിളപ്പെണ്ണിനെ പോലെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് അവര്‍ പുതിയ കാമുകനോടൊപ്പം പോയി.കെ.ടി.യുടെ കണ്ണുകളില്‍ കഴിഞ്ഞ ദിവസം കണ്ട കണ്ണീര്‍ തുള്ളികളാണ് അപ്പോഴെന്റെ മനസ്സിലൊഴുകിയത്.
#കെ.ടി. മുഹമ്മദിന്റെ മരണവാര്‍ത്ത കേട്ടപ്പോഴാണ് ഇതെഴുതാന്‍ തോന്നിയത്