Tuesday, January 13, 2009

അമ്മ, ഉമ്മ

അമ്മ


സ്വാതന്ത്ര്യ പ്രസ്‌ഥാനത്തില്‍ ആകൃഷ്‌ടനായി നാടു വിട്ട്‌ കോഴിക്കോട്ട്‌ പോയി, പിന്നീട്‌ ഉപ്പു സത്യാഗ്രഹവും ജയില്‍വാസവുമൊക്കെ കഴിഞ്ഞ്‌ വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ബഷീര്‍ തലയോലപ്പറമ്പിലെ വീട്ടില്‍ തിരിച്ചെത്തുകയാണ്‌. ഓര്‍മക്കുറിപ്പുകളില്‍ ബഷീര്‍ എഴുതി:

മിസ്റ്റര്‍ അച്യുതന്‍ എന്നെ വണ്ടി കയറ്റി അയച്ചു. എറണാകുളത്തു വന്നു മുസ്‌ലിം ഹോസ്റ്റലില്‍ ഒരു മാസം താമസിച്ചു. വീട്ടിലേക്ക്‌ ചെല്ലാന്‍ നാണം. നിരാശയും വ്യസനവും മടിയും. അവസാനം ഒരു രാത്രി ബോട്ടുമാര്‍ഗ്ഗം ഞാന്‍ വൈക്കത്തെത്തി. അവിടെ നിന്ന്‌ തലയോലപ്പറമ്പിലേക്കു നടന്നു. നാലഞ്ചു മൈലുണ്ട്‌. നല്ല ഇരുട്ട്‌. പാമ്പും മറ്റും ഉള്ള വഴിയാണ്‌. ശ്രുവേലിക്കുന്നിനടുത്ത്‌ മാങ്കൊമ്പില്‍ ഒരാള്‍ കെട്ടിത്തൂങ്ങി ചത്തിട്ടുണ്ടായിരുന്നു. രാത്രി മൂന്ന്‌ മണി കഴിഞ്ഞിരുന്നു.
ഞാന്‍ വീടിന്റെ മുറ്റത്ത്‌ ചെന്നപ്പോള്‍ ``ആരാത്‌'' എന്ന്‌ എന്റെ മാതാവ്‌ ചോദിച്ചു. ഞാന്‍ വരാന്തയില്‍ കയറി. അമ്മ വിളക്കു കൊളുത്തി. ഒന്നും സംഭവിച്ചിട്ടില്ലാത്ത മാതിരി എന്നോട്‌ ചോദിച്ചു:
നീ വല്ലതും കഴിച്ചോ മകനെ?
ഞാന്‍ ഒന്നും പറഞ്ഞില്ല. ഞാന്‍ ആകെ വിങ്ങിപ്പൊട്ടി. ലോകമെല്ലാം ഉറങ്ങിക്കിടക്കുകയാണ്‌. എന്റെ മാതാവ്‌ മാത്രം ഉറക്കമിളച്ചിരിക്കുന്നു. വെള്ളവും കിണ്ടിയും കൊണ്ടുവെച്ചിട്ട്‌, മാതാവ്‌ എന്നോട്‌ കൈകാലുകള്‍ കഴുകാന്‍ പറഞ്ഞു. എന്നിട്ട്‌ ചോറുമ്പാത്രം നീക്കിവച്ചു തന്നു.
വേറൊന്നും ചോദിച്ചില്ല.
എനിക്കല്‍ഭുതം തോന്നി. ഞാന്‍ ഇന്നുവരുമെന്ന്‌ ഉമ്മ എങ്ങിനെയറിഞ്ഞു.
അമ്മ പറഞ്ഞു. ചോറും കറിയും വെച്ച്‌ എല്ലാ രാത്രിയും ഞാന്‍ കാത്തിരിക്കും.
നിസ്സാരമായ ഒരു പ്രസ്‌താവന. ഞാന്‍ ചെല്ലാതിരുന്ന ഓരോ രാത്രിയും അമ്മ ഉറക്കമിളച്ച്‌ എന്റെ വരവു കാത്തിരുന്നു. വര്‍ഷങ്ങള്‍ പിന്നെയും കഴിഞ്ഞു. ജീവിതത്തില്‍ പലതും സംഭവിച്ചു. അമ്മ ഇന്നും മകനെ പ്രതീക്ഷിക്കുന്നു,
മകനേ ഞങ്ങള്‍ക്ക്‌ നിന്നെ ഒന്നു കാണണം.
(ബഷീര്‍ സമ്പൂര്‍ണ കൃതികള്‍ പേജ്‌: 311, 312 )


അമ്മിഞ്ഞപ്പാലിന്റെ മണമാണ്‌ അമ്മയുടെ ഓര്‍മക്ക്‌. വിശക്കുമ്പോള്‍ നാം അമ്മയെ ഓര്‍ക്കും. പുറപ്പെട്ടുപോയ മക്കളെ കാത്ത്‌ ഒരു പിടി ചോറുമായി ഓരോ അമ്മയും കാത്തിരിക്കുന്നു. മകന്റെ വിശപ്പ്‌ പെറ്റവയറിന്റെ നോവാണ്‌. ഒരിയ്‌ക്കലും തിരിച്ചു വരാത്ത രാജനെ കാത്തിരുന്ന അമ്മ നമ്മുടെ മുഴുവന്‍ വേദനയാണ്‌.
തങ്കരാജിന്റെ കഥയിലുമുണ്ടൊരു അമ്മ. നാഗമ്മ. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നാഗമ്മ തങ്കരാജിനെ കാത്തിരുന്നിട്ടുണ്ടാകും. ഒരു പിടി വറ്റെങ്കിലും ആ മകനു വേണ്ടി വിളമ്പിവെച്ചിട്ടുണ്ടാകും. സര്‍ക്കാര്‍ ആശുപത്രിയിലെ ഇരുമ്പു കട്ടിലില്‍ കിടന്ന്‌ പ്രാണന്‍ വേര്‍പിരിഞ്ഞു പോകുമ്പോഴും ആ അമ്മ ഓര്‍ത്തിരിക്കണം, എന്റെ മോന്‍ ഒന്നു വന്നിരുന്നെങ്കില്‍, ഒരിറ്റ്‌ വെള്ളം അവന്റെ കയ്യില്‍ നിന്ന്‌ വാങ്ങിക്കുടിച്ച്‌ യാത്രയാകാന്‍ പറ്റിയിരുന്നെങ്കില്‍....വായ്‌ക്കരിയിടാന്‍ അവന്‍.....
ആ മകന്‌ പോകാന്‍ കഴിഞ്ഞില്ല. തങ്കരാജിന്‌ പോകാന്‍ കഴിയുമായിരുന്നില്ല. ആരാണ്‌ തങ്കരാജിനെ കുടുക്കിയത്‌? വിസ കൊടുത്ത ഏജന്റോ, കടല്‍ കടന്നു വന്ന പരദേശിയുടെ ചോരക്കും വിയര്‍പ്പിനും ഒരു വിലയും കല്‍പിക്കാത്ത സ്‌പോണ്‍സറോ? കണ്ണീരില്‍ മുങ്ങി അമ്മ മരണത്തിലേക്ക്‌ തുഴഞ്ഞു പോകുമ്പോള്‍ തങ്കരാജിന്‌ ഒരസ്‌തിത്വം പോലുമുണ്ടായിരുന്നില്ല. കടലിനിക്കരെ, അവന്‍ അവനാകണമെങ്കില്‍ അവന്റെ കയ്യില്‍ ഇഖാമ (1) വേണം, അല്ലെങ്കില്‍ പാസ്സ്‌പോര്‍ട്ട്‌ വേണം. ഇഖാമയുടെ കാലാവധി എന്നോ അവസാനിച്ചിരുന്നു. പാസ്സ്‌പോര്‍ട്ട്‌ സ്‌പോണ്‍സര്‍ എവിടെയോ വലിച്ചെറിഞ്ഞു കാണും. ഇഖാമയും പാസ്സ്‌പോര്‍ട്ടുമില്ലാത്തവന്‍ പ്രവാസത്തിന്റെ മണ്ണില്‍ ആരുമല്ല. അവന്‌ സ്വന്തമായി പേരില്ല, നാടില്ല. ജാതിയും മതവുമില്ല. സ്വര്‍ഗത്തില്‍ നിന്ന്‌ ഭൂമിയിലേക്കിറങ്ങി വന്ന ആദാമിനെപ്പോലെ വെറുമൊരു മനുഷ്യന്‍. ആദമിനൊരു പേരെങ്കിലുമുണ്ടായിരുന്നു.
എവിടെ ചെന്നാലും താന്‍ ആരാണെന്ന്‌ അവന്‍ സ്വയം തെളിയിക്കണം. പാസ്സ്‌പോര്‍ട്ടില്ലെങ്കില്‍ ഇന്ത്യക്കാരനാണെന്ന്‌ സമ്മതിച്ചു കൊടുക്കാന്‍ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ കൂട്ടാക്കില്ല. അപ്പോള്‍ പിന്നെ അവന്‍ തങ്കരാജല്ല. സ്വര്‍ണമ്മയുടെ പ്രിയപ്പെട്ട മകനല്ല. പ്രവാസം അനുവദിച്ച നാട്ടുകാര്‍ക്ക്‌ അവന്‍ അനധികൃതമായി നുഴഞ്ഞുകയറിയ കുറ്റവാളിയാണ്‌.
തങ്കരാജിന്‌ നന്നായി വിശക്കുന്നുണ്ടായിരുന്നു. എന്നിട്ടും അമ്മ വിളമ്പി വെച്ച ചോറുണ്ണാന്‍ തങ്കരാജ്‌ കൊതിച്ചില്ല. അമ്മക്ക്‌ വിശക്കുന്നുണ്ടാകും. അമ്മയുടെ വിശപ്പായിരുന്നു അവന്റെ പ്രശ്‌നം. ആ വിശപ്പ്‌ അവന്റെ വിശപ്പിനേക്കാളേറെ അവനെ വേദനിപ്പിക്കുന്നു. പെറ്റ വയറിന്റെ കത്തല്‍ അവന്‍ അറിയുന്നുണ്ട്‌. പത്തു മാസം തന്നെ ചുമന്ന വയറിനെ വിശപ്പ്‌ കൊല്ലുകയാകും. അമ്മക്ക്‌ മൂന്ന്‌ നേരം നല്ല ഭക്ഷണം കൊടുക്കാനാണല്ലോ അവന്‍ കടല്‍ കടന്നു പോന്നത്‌. സര്‍ക്കാര്‍ ആശുപത്രിയാണെങ്കിലും എല്ലാ മരുന്നും പുറത്തു നിന്ന്‌ വാങ്ങണം. റാവുത്തറുടെ ഇഷ്‌ടികക്കളത്തില്‍, കൂലിവേല ചെയ്‌ത്‌ തളര്‍ന്ന ആ ശരീരത്തിന്റെ അവസാനത്തെ ആക്കങ്ങളേയും രോഗം ഞെക്കിപ്പിഴിയുന്നുണ്ടാകും. അന്നന്നത്തെ കൂലി കൊണ്ട്‌ പട്ടിണിക്കിടാതെ തന്നെ പോറ്റിയ അമ്മക്ക്‌ ഒരു നേരത്തെ മരുന്നിനെങ്കിലും നാല്‌ കാശ്‌ അയക്കാന്‍ പറ്റുന്നില്ലല്ലോ. പട്ടിണിയുടെ നാളുകളില്‍ വറ്റ്‌ തനിക്ക്‌ ഊറ്റിത്തന്ന്‌ കഞ്ഞിവെള്ളം മാത്രം കുടിച്ച്‌ മുറുക്കിയുടുത്ത മുണ്ടില്‍ എത്ര വട്ടം അമ്മ വിശപ്പിനെ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്‌? ആറ്‌ മക്കളുടെ വയറുകള്‍ എങ്ങിനെയാണ്‌ അന്നൊക്കെ അമ്മ നിറച്ചു കൊണ്ടിരുന്നത്‌? തങ്കരാജ്‌ കരഞ്ഞു. പരദേശത്ത്‌, പുതിയ ജീവിതം കൊതിച്ചു വന്ന ആണൊരുത്തന്‍ കുത്തിയിരുന്നു കരയുകയാണ്‌. നാട്ടിലാണെങ്കില്‍ കൂലിപ്പണി ചെയ്‌തെങ്കിലും അമ്മക്ക്‌ ഒരു നേരത്തെ ആഹാരം കൊടുക്കാമായിരുന്നു. ഒരു മാത്ര മരുന്നു വാങ്ങാമായിരുന്നു.
കരഞ്ഞു കൊണ്ടിരിക്കുന്ന തങ്കരാജിന്റെ മുന്നിലേക്കാണ്‌ ഞാന്‍ ചെന്നത്‌. തെക്കന്‍ ജിദ്ദയിലെ വിദൂരമായ ഒരു ലേബര്‍ ക്യാമ്പിലെ കുടുസ്സുമുറിയില്‍, ഡബിള്‍ ഡെക്കര്‍ കട്ടിലിന്റെ മേലേ തട്ടില്‍, തലയിണയില്‍ മുഖംപൂഴത്തിക്കിടക്കുന്ന ആ ചെറുപ്പക്കാരന്റെ വേദന, തേങ്ങലുകള്‍ക്കിടെ ഉയരുകയും താഴുകയും ചെയ്യുന്ന ശരീരത്തിന്റെ അനക്കങ്ങളില്‍ ഞാന്‍ കണ്ടു.
തങ്കരാജിനെപ്പോലെ വേറെയും കുറേ പേരുണ്ടായിരുന്നു ആ ക്യാമ്പില്‍. ബിഹാറില്‍ നിന്നും ഉത്തര്‍ പ്രദേശില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമൊക്കെ എണ്ണപ്പണത്തിന്റെ നാട്ടില്‍ ഭാഗ്യം തെരഞ്ഞു വന്ന കുറേ മനുഷ്യര്‍.

തിരുവന്തപുരം ജില്ലയില്‍ തമിഴ്‌നാട്‌ അതിര്‍ത്തിയോട്‌ ചേര്‍ന്ന ഒരു ഗ്രാമത്തിലാണ്‌ തങ്കരാജ്‌ ജനിച്ചത്‌. അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചു പോയി. അമ്മയും അഞ്ച്‌ പെങ്ങന്മാരും അടങ്ങുന്ന വലിയ കുടുംബത്തിന്റെ ഭാരം മുതിര്‍ന്നപ്പോള്‍ തങ്കരാജിന്റെ ചുമലിലായിരുന്നു. കടലിനക്കരെ ദുരിതങ്ങള്‍ക്ക്‌ അറുതി നല്‍കുന്ന അല്‍ഭുത ദ്വീപ്‌ എല്ലാ ചെറുപ്പക്കാരേയും പോലെ തങ്കരാജും സ്‌പ്‌നം കണ്ടു. പണിയെടുത്ത്‌ തളര്‍ന്ന അമ്മക്ക്‌ തണലാകണം. പുതിയ ജീവിതം നെയ്‌തെടുക്കണം.
വിസക്കും വിമാന ടിക്കറ്റിനും ഒക്കെക്കൂടി ഒരുലക്ഷത്തിലേറെ രൂപയായി. വസ്‌തു ഉള്‍പ്പെടെ പലതും പണയപ്പെടുത്തി. ഖമീസ്‌ മുഷൈത്തിലായിരുന്നു വിസ. അവിടെ വന്ന്‌ അധികം കഴിയുന്നതിനു മുമ്പ്‌ ഒരു കരാര്‍ കമ്പനിയില്‍ മേസനായി ജോലി കിട്ടി. ആയിരം റിയാലാണ്‌ ശമ്പളം പറഞ്ഞിരുന്നതെങ്കിലും 800 റിയാല്‍ വെച്ചാണ്‌ കിട്ടിക്കൊണ്ടിരുന്നത്‌. രണ്ട്‌ വര്‍ഷം കുഴപ്പമില്ലായിരുന്നു.
അവിടുത്തെ ജോലി കഴിഞ്ഞ ശേഷം ജിദ്ദയിലെ മറ്റൊരു കരാര്‍ കമ്പനിയിലേക്ക്‌ മാറി. അഴുക്കുചാലിന്‌ പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലിയായിരുന്നു ഇവിടെ. കമ്പനി വക ലേബര്‍ ക്യാമ്പില്‍ താമസം.
ആദ്യത്തെ ഒരു വര്‍ഷം പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. കൃത്യമായി ശമ്പളം കിട്ടിയിരുന്നു. പിന്നെ ശമ്പളം മുടങ്ങി. ഇഖാമയുടെ കാലാവധി കഴിഞ്ഞു. അതോടെ ജോലിയും കൂലിയുമില്ലാതായി. ഇഖാമ സ്‌പോണ്‍സര്‍ പുതുക്കിക്കൊടുത്തില്ല. ശമ്പളക്കുടിശ്ശികയില്‍ നിന്ന്‌ ഒരു ചില്ലിക്കാശ്‌ കിട്ടിയില്ല. പട്ടിണി. ഉണങ്ങിയ റൊട്ടി പച്ചവെള്ളത്തില്‍ മുക്കിക്കഴിച്ചു. ചിലപ്പോള്‍ അതും കിട്ടിയില്ല. അങ്ങിനേ കുറേ ദിവസങ്ങള്‍. കടലിനിക്കരെ ജീവിത വിജയങ്ങളുടെ അല്‍ഭുത ദ്വീപ്‌ കാണാനെത്തിയ തങ്കരാജ്‌ പട്ടിണിയുടെ ആഴങ്ങള്‍ കണ്ടു. നാട്ടില്‍ അമ്മയും സഹോദരിമാരും ദുരിതത്തിലായി. പട്ടിണിയും വാര്‍ധക്യവും അമ്മയെ രോഗിയാക്കി. കിടക്കയില്‍ കിടന്ന്‌ അമ്മ പറഞ്ഞു കൊടുത്ത്‌, സഹോദരിമാരുടെ കൈപ്പടയില്‍ വന്ന കത്തുകളിലെ അക്ഷരങ്ങള്‍ എപ്പോഴും കണ്ണീരില്‍ മറഞ്ഞു കിടന്നു. അതില്‍ പരിഭവങ്ങളില്ലായിരുന്നു. പണമയക്കാത്ത മകനെതിരായ കുറ്റപ്പെടുത്തലുകളില്ലായിരുന്നു.
തങ്കരാജിന്റെ ദുരിതങ്ങള്‍ കടലാസിലേക്ക്‌ പകര്‍ത്താനേ കഴിയുമായിരുന്നുള്ളു. പിറ്റേ ദിവസം പത്രത്തില്‍ അവന്റെ കഥ വായനക്കാര്‍ക്ക്‌ മനുഷ്യകഥാനുഗായിയായിക്കാണും. അത്‌ കണ്ട്‌ കരുണ വറ്റാത്ത സുമനസ്സുകള്‍ നയതന്ത്ര കാര്യാലത്തിലൂടെ തങ്കരാജിന്റെ കണ്ണീരൊപ്പാന്‍ ശ്രമം നടത്തി. കടലാസു പണികള്‍ മുന്നോട്ട്‌ പോയി. പാസ്സ്‌പോര്‍ട്ടും ഇഖാമയും ഉടന്‍ ശരിയാകും. ശമ്പള കുടിശ്ശിക ഘട്ടം ഘട്ടമായി നല്‍കാമെന്ന്‌ സ്‌പോണ്‍സര്‍ സമ്മതിച്ചിട്ടുണ്ട്‌.

പിന്നെ തങ്കരാജിനെ ഞാന്‍ കണ്ടിട്ടില്ല. തങ്കരാജിന്റെ ശരീരം തൂങ്ങി നിന്ന ലേബര്‍ ക്യാമ്പിലെ ആസ്‌ബറ്റോസ്‌ ഷെഡിന്റെ കമ്പിയഴി കാണിച്ചു തന്നത്‌ അവന്റെ നാട്ടുകാരനായ ശെല്‍വരാജാണ്‌. തലേ ദിവസം തങ്കരാജിന്റെ അമ്മ നാട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എന്നെന്നേക്കുമായി കണ്ണടച്ചിരുന്നു. തങ്കരാജിന്റെ പണം അവര്‍ക്ക്‌ ആവശ്യമായി വന്നില്ല. മരുന്നും മന്ത്രവും കാത്തു ഇനിയും അവര്‍ക്ക്‌ കിടക്കാന്‍ വയ്യായിരുന്നു. കടല്‍ കടന്നു പോയ മകന്‍ സ്‌നേഹത്തിന്റെ മൃതസഞ്‌ജീവനിയുമായി തിരിച്ചു വന്നില്ല. ലേബര്‍ ക്യാമ്പില്‍, പട്ടിണി കിടക്കുന്ന മകന്റെ വേദന അറിയാതെയാണ്‌ ആ അമ്മ കണ്ണടച്ചത്‌. ഒന്നും തങ്കരാജ്‌ അമ്മയെ അറിയിച്ചില്ല. മകന്‌ ഇവിടെ സുഖമാണെന്നെങ്കിലും അമ്മ ആശ്വസിച്ചു കൊള്ളട്ടെ. ആ അറിവെങ്കിലും കണ്ണടയ്‌ക്കുമ്പോള്‍ അവരുടെ സമാധാനമാകട്ടെ.
അന്നു രാത്രി ഡബിള്‍ ഡക്കര്‍ കട്ടിലിന്റെ മേലെ തട്ടിലേക്ക്‌ തങ്കരാജ്‌ കയറിയില്ല. താഴെ ശെല്‍വരാജിന്റെ ബെര്‍ത്തിലേക്ക്‌ വീഴാനുള്ള ആക്കമേ അവന്റെ മനസ്സിനുണ്ടായിരുന്നുള്ളൂ. അമ്മ... അമ്മ... അമ്മ.... എന്ന്‌ അവന്‍ ആര്‍ത്തു കരഞ്ഞതും പിന്നെ തേങ്ങിത്തേങ്ങി എപ്പോഴോ നിശ്ശബ്‌ദനായതും ശെല്‍വരാജ്‌ ഓര്‍മിച്ചു. ജിദ്ദ കിംഗ്‌ അബ്ദൂല്‍ അസീസ്‌ ആശുപത്രിയിലെ മോര്‍ച്ചറിയിലെ ഏതോ അറയില്‍ വിറങ്ങലിച്ചു കിടക്കുകയായിരുന്നു തങ്കരാജിന്റെ ജഡം അപ്പോള്‍.
വിശപ്പിനെ മറക്കാന്‍ ഉറക്കത്തിന്റെ ഇരുട്ടിലേക്ക്‌ ലേബര്‍ ക്യാമ്പിലെ അന്തേവാസികള്‍ ഊളിയിട്ട ഏതോ നിമിഷത്തിലാകും തങ്കരാജ്‌ പുറത്തിറങ്ങിയത്‌.
ചോറും കറിയും വെച്ച്‌ കാത്തിരിക്കാന്‍ നാട്ടില്‍ ഇനി അമ്മയില്ല. കടല്‍ കടന്നു പോന്ന തന്റെ ജീവിതത്തിന്‌ ഇനിയൊരു അര്‍ഥവുമില്ല. അമ്മയുടെ ജീവിതത്തിന്‌ ഉപകരിക്കാത്ത ഈ പ്രവാസം ഇനിയെന്തിനാണ്‌? എന്തിന്‌ ഇനിയീ ജീവിതം? ആര്‍ക്കു വേണം ഇനി പാസ്സ്‌പോര്‍ട്ടും ഇഖാമയും? അമ്മക്ക്‌ ഒരു മാത്ര മരുന്നു വാങ്ങാന്‍ പോലും ഉപകരിക്കാത്ത ശമ്പള കുടിശ്ശിക കാത്തിരിക്കുന്നതിലെന്തര്‍ഥം?
ഷെഡിന്റെ പുറത്തെ കമ്പിയഴിയില്‍ തൂക്കിയിട്ട ഒരു മുഴം കയറില്‍ തൂങ്ങി നില്‍ക്കുന്ന തങ്കരാജിന്റെ ശരീരമാണ്‌ പിറ്റേന്ന്‌ വെളുപ്പിന്‌ സഹജീവികള്‍ കണ്ടത്‌.
ജീവിതം തെരഞ്ഞ്‌ പുറപ്പെട്ടുപോയ ഒരു മകന്റെ യാത്ര ഇവിടെ അവസാനിക്കുന്നു.


ഉമ്മ

കത്താത്തടുപ്പിലില്ലാത്ത കഞ്ഞിയില്‍
തവിയിട്ടിളക്കുന്ന സാന്ത്വനമാണുമ്മ.
പാലില്ലാഞ്ഞ്‌ ചോരയൂട്ടിയ
മുലയാണ്‌ ഉമ്മ.
കാല്‍പാദത്തില്‍ സ്വര്‍ഗ്ഗമുണ്ടായിട്ടും
ഞങ്ങളോടൊപ്പം പട്ടിണിയുണ്ണാന്‍ വന്ന
സഹനമാണ്‌.
ഇരുളിലും തിളങ്ങുന്ന കണ്ണുനീരാണ്‌
എന്റെ ഉമ്മ


ഷിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവിന്റെ `ഉമ്മ' യെ ഷൗക്കത്ത്‌ കാണുകയോ കേള്‍ക്കുകയോ ചെയ്‌തിട്ടുണ്ടാകില്ല. അതിനൊന്നുമുള്ള പാങ്‌ അവനുണ്ടായിട്ടില്ല. എങ്കിലും അവനൊരുമ്മയുണ്ട്‌. നിലമ്പൂരില്‍ നിന്നോ പൂക്കോട്ടുംപാടത്തു നിന്നോ വയനാട്ടില്‍ നിന്നോ മക്കള്‍ക്ക്‌ മുന്ന്‌ നേരം ആഹാരം നല്‍കാന്‍ ഗള്‍ഫിലേക്ക്‌ പുറപ്പെട്ട ഒരുമ്മ.
കത്താത്ത അടുപ്പില്‍ ഇല്ലാത്ത കഞ്ഞിയില്‍ തവിയിട്ടിളക്കി അവനെ സാന്ത്വനപ്പെടുത്തിയിട്ടുണ്ട്‌ ആ ഉമ്മ. പാലില്ലാത്ത ഉമ്മയുടെ അമ്മിഞ്ഞയില്‍ നിന്ന്‌ അവന്‍ ഊമ്പിക്കുടിച്ചത്‌ ചോര തന്നെയാകാം.
ബാപ്പ ഉപേക്ഷിച്ചു പോയപ്പോള്‍ അവന്റെ കുഞ്ഞുവയറ്‌ നിറയ്‌ക്കാന്‍ ഉമ്മ റബര്‍ തോട്ടങ്ങളില്‍ വേലക്കു പോയി. ഓലപ്പുരയുടെ അടച്ചുറപ്പില്ലാത്ത വാതിലിന്‌ പിന്നില്‍ പുല്‍പ്പായ വിരിച്ചു കിടന്നുറങ്ങുമ്പോള്‍ ഇരുളില്‍ തിളങ്ങുന്ന അമ്മയുടെ കണ്ണുനീര്‌ എത്രയോ വട്ടം അവന്‍ കണ്ടു.
പിന്നീട്‌, എപ്പോഴോ നാട്ടിലുള്ള വേറേയും ചില പെണ്ണുങ്ങള്‍ക്കൊപ്പം അവന്റെ ഉമ്മയും ഒരു ദിവസം ഏജന്റിനോടൊപ്പം മുംബൈയിലേക്ക്‌ വണ്ടി കയറി. ഗള്‍ഫില്‍ പോകാന്‍.
എളാമയുടെ കയ്യില്‍ ഇത്താത്തമാരേയും അവനേയും ഏല്‍പിച്ചു മുറ്റം കടക്കുമ്പോഴും ഉമ്മയുടെ കണ്ണില്‍ കണ്ണുനീരിന്റെ തിളക്കമുണ്ടായിരുന്നു.
ഉമ്മ ഫോറിനില്‍ പോയി വരുമ്പോള്‍ മോന്‌ ഒരുപാട്‌ കളിക്കോപ്പുകളും പുതിയ ഉടുപ്പുകളുമൊക്കെ കൊണ്ടുവരും.
തലേന്ന്‌ രാത്രി കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ മൂര്‍ധാവില്‍ ഉമ്മ വെച്ചു കൊണ്ട്‌ ഉമ്മ പറഞ്ഞ വാക്കുകളായിരുന്നു അവന്റെ മനസ്സില്‍. അവന്‌ സന്തോഷം തോന്നി. അവന്‌ അഭിമാനം തോന്നി. അന്‍വര്‍ സാദത്തിനെയും റസൂല്‍ അഹമ്മദിനേയും പോലെ അവനും ഇനി തിളങ്ങുന്ന കുപ്പായമിട്ട്‌ സ്‌കൂളില്‍ പോകാം. തിരിക്കുമ്പോള്‍ പടം മാറുന്ന സ്‌കെയിലു കിട്ടും. ഹീറോ പേനയുണ്ടാകും. അവനും `ഫോറിന്‍' കുട്ടിയാകും.
എങ്കിലും വേലിക്കപ്പുറത്ത്‌ ഉമ്മയുടെ പുള്ളിത്തട്ടം മറഞ്ഞു കഴിഞ്ഞപ്പോള്‍ അവന്‌ വല്ലാത്ത സങ്കടം തോന്നി. എളാമയുടെ വീട്ടില്‍ അന്ന്‌ അവന്‌ ഉറങ്ങാന്‍ കഴിഞ്ഞില്ല. ഇത്താത്തമാരുടെ നടുവില്‍ രാത്രി ഒരുപാട്‌ നേരം കരഞ്ഞു കിടന്നു. പാതി മയക്കത്തില്‍ അവന്റെ കൈകള്‍ ഉമ്മയെ തെരഞ്ഞുകൊണ്ടിരുന്നു.

പിന്നീട്‌ വലിയ ഇടവേളകള്‍ക്കു ശേഷം വലിയ പെട്ടികളുമായി ഉമ്മ ഫോറിനില്‍ നിന്ന്‌ വന്നു കൊണ്ടിരുന്നു. പള പള മിന്നുന്ന ഉടയാടകളുടേയും കളിക്കോപ്പുകളുടേയും തിളക്കത്തില്‍ ഷൗകത്ത്‌ പുതിയ ആനന്ദം കണ്ടെത്തി. സ്‌കൂളിലും മദ്രസയിലുമൊക്കെ അവന്‌ പുതിയ പത്രാസായി.
പിന്നീട്‌ ഒരവധിക്കാലത്ത്‌ നാട്ടിലെത്തുമ്പോള്‍ ഉമ്മക്ക്‌ വല്ലാത്ത വയറു വേദനയുണ്ടായിരുന്നു. നേരെ പോയത്‌ ആശുപത്രിയിലേക്കാണ്‌. ഗര്‍ഭപാത്ര നീക്കം ചെയ്യേണ്ടി വന്നു. വയറില്‍ തുന്നിക്കെട്ടിയ വലിയ മുറിവ്‌ ഉണങ്ങും മുമ്പേ അവധിക്കാലം കഴിഞ്ഞു പോയിരുന്നു. അന്ന്‌ ഉമ്മ തിരിച്ചു പോകുമ്പോള്‍ ഷൗക്കത്ത്‌ ആദ്യമായി ഉമ്മയെ തടയാന്‍ നോക്കി. ഉമ്മ പറഞ്ഞു:
രണ്ട്‌ ഇത്താത്തമാര്‍ കൂടിയില്ലേടാ നിനക്ക്‌, അവരേയും കൂടി കെട്ടിച്ചയക്കേണ്ടേ?
ഇനി ഞാന്‍ പൊയ്‌ക്കോളാം. എനിക്ക്‌ വിസയുണ്ടാക്കിത്താ... ഷൗക്കത്ത്‌ വാശി പിടിച്ചു.
പക്ഷേ, ഷൗക്കത്തിന്‌ അന്ന്‌ പ്രായം തികഞ്ഞിരുന്നില്ല. പച്ചമുറിവിലെ വേദനയുമായാണ്‌ അന്ന്‌ ഉമ്മ വിമാനം കയറിയത്‌. പ്രായം തികഞ്ഞപ്പോള്‍ അവന്‍ പാസ്സ്‌പോര്‍ട്ടെടുത്തു. ഉമ്മ തന്നെ മുന്‍കയ്യെടുത്ത്‌ സംഘടിപ്പിച്ച വിസയിലാണ്‌ കടല്‍ കടന്നത്‌. ഉമ്മ ഇപ്പോഴും, നഗരത്തിന്റെ മറ്റൊരു അറ്റത്ത്‌ അറബിയുടെ വീട്ടിലാണ്‌. ഷൗക്കത്തിന്‌ സ്ഥിരമായ ജോലിയായിട്ടു വേണം അവര്‍ക്ക്‌ തിരിച്ചു പോകാന്‍. പലതരം നൂലാമാലകളില്‍ കുടുങ്ങി ഷൗക്കത്തിന്റെ ജോലിയും ഉമ്മയുടെ തിരിച്ചു പോക്കും നീണ്ടു പോകുകയാണ്‌.


അമീനയുടെ നിലവിളി ഷൗക്കത്ത്‌ കേട്ടു. അറബി ഒഖാല്‍ (1) കൊണ്ട്‌ അടിക്കുകയാകും. അവളുടെ തലയ്‌ക്കോ മുതുകത്തോ മാറത്തോ. എവിടെയുമാകും. അറബിക്ക്‌ മുന്നും പിന്നും നോട്ടമില്ല. തലയില്‍ നിന്ന്‌ ഊരിയെടുത്ത കറുത്ത വട്ടു കൊണ്ട്‌ ആ പാവം പെണ്ണിനെ ദുഷ്‌ടന്‍ നിര്‍ത്താതെ തല്ലുകയാകും. കാതുകള്‍ പൊത്തി ഷൗക്കത്ത്‌ അമീനയുടെ നിലവിളിയെ പുറത്താക്കാന്‍ നോക്കി. ഇല്ല, അതിനേക്കാള്‍ ശക്തിയില്‍ ആ നിലവിളി മനസ്സിലേക്ക്‌ ആഞ്ഞടിക്കുകയാണ്‌. ഒരാഴ്‌ച മുമ്പും അമീന ഇതുപോലെ ആര്‍ത്തു നിലവിളിച്ചിരുന്നു. അപ്പോള്‍ അറബിത്തള്ളയുടെ ശബ്‌ദമായിരുന്നു കേട്ടത്‌. ഉസ്‌കുത്ത്‌ യാ ഹിമാര്‍...
മിണ്ടാതിരി കഴുതേ... കൊന്നു കളയും. വെട്ടിനുറുക്കി ഗുമാമില്‍ (2) തള്ളും ഞാന്‍...
തള്ള അലറുകയാണ്‌. ഒഖാലിന്‌ പകരം അടുക്കളയിലെ ഏതെങ്കിലും ഉപകരണങ്ങളാകും. ചട്ടിയോ ഫ്രൈ പാനോ അങ്ങിനെയെന്തും ആയുധമാകും. എന്തു തെറ്റാകും അമീന ചെയ്‌തത്‌? കരുവാളിച്ച മുഖവും വീര്‍ത്ത കണ്ണുകളുമായി പിറ്റേന്ന്‌ അമീന സൂപ്പര്‍മാര്‍ക്കറ്റിലേക്ക്‌ പോകുന്നത്‌ കണ്ടിരുന്നു. അമീനയോട്‌ ഷൗക്കത്തിന്‌ മിണ്ടിക്കൂട.
ഒന്നര മാസം മുമ്പാണ്‌ ഷൗക്കത്ത്‌ കാവല്‍ക്കാരനായി അറബിയുടെ കൊട്ടാരം പോലുള്ള വീട്ടിലെത്തിയത്‌. കാര്‍പോര്‍ച്ചിനോട്‌ ചേര്‍ന്ന ഇടുങ്ങിയ മുറിയിലാണ്‌ താമസം. അമീന ശ്രീലങ്കക്കാരിയാണ്‌. അറബിയുടെ വീട്ടിലെ വേലക്കാരി. അമീനയെ ആദ്യം കണ്ടപ്പോള്‍ തന്നെ ഷൗക്കത്തിന്‌ ഓര്‍മ വന്നത്‌ ഉമ്മയെയാണ്‌. ഫോറിന്‍ സാധനങ്ങള്‍ കൊണ്ടു വരാമെന്ന്‌ പറഞ്ഞ്‌ വേലിപ്പടര്‍പ്പുകള്‍പ്പുറത്ത്‌ മറഞ്ഞുപോയ പുള്ളിത്തട്ടത്തില്‍ ആ ഓര്‍മ തുടങ്ങുന്നു. പിന്നെ അവധിക്കാലത്ത്‌ വലിയ പെട്ടി നിറയെ കളിക്കോപ്പുകളും ഫോറിന്‍ സാധനങ്ങളുമായി വിരുന്നെത്തുന്ന ഉമ്മ. ഉമ്മ വരുന്ന ദിവസങ്ങളില്‍ എന്തു ഗമയിലാണ്‌ താന്‍ സ്‌കൂളില്‍ പോയത്‌! മദ്രസയില്‍ പോയത്‌! അയല്‍പക്കത്തൊക്കെ പത്രാസ്‌ കാട്ടി നടന്നിരുന്നു ആ ദിവസങ്ങളില്‍.
അമീന അലറിക്കരഞ്ഞ ആദ്യ ദിവസം അവന്‍ പിന്നെയും ഉമ്മയെ ഓര്‍ത്തു.
അല്ലാഹ്‌..... എന്റെ ഉമ്മയും അറബിയുടെ വീട്ടില്‍ വേലക്കാരിയാണല്ലോ.

അമീന ഒന്നര വര്‍ഷം മുമ്പേ വന്നതാണ്‌. അറബിത്തള്ള തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം പറയും. വേറെയും ഭാര്യമാരുള്ള തന്തയോടുള്ള കെറുവുകളും തള്ള തീര്‍ക്കുന്നത്‌ അമീനയുടെ മുതുകിലാണ്‌. അപരിചിതമായ ലോകത്ത്‌ വന്നു പെട്ട ആദ്യ നാളുകളില്‍ തന്നെ തന്ത മര്‍ദനം തുടങ്ങിയിരുന്നു. ചുമരിലെ ഹൂക്കില്‍ തൂക്കിയിട്ടിരുന്ന ഒഖാല എടുത്ത്‌ അയാള്‍ മൂര്‍ധാവ്‌ നോക്കിവീശി. അമീനക്ക്‌ തല കറങ്ങി. കണ്ണുകളില്‍ ഇരുട്ട്‌ പരന്നു.
എന്തിനാണ്‌ അയാള്‍ അടിച്ചതെന്ന്‌ അമീനക്ക്‌ മനസ്സിലായത്‌ പിന്നെയും കുറേ നാളുകള്‍ കഴിഞ്ഞാണ്‌. സുലൈമാനിയില്‍ എന്തോ കുഴപ്പം സംഭവിച്ചതാണ്‌. അറബിയില്‍ ഒരു വാക്ക്‌ പോലും അപ്പോള്‍ അമീന പഠിച്ചിട്ടുണ്ടായിരുന്നില്ല. അറബി കേട്ടാല്‍ മനസ്സിലാകില്ല. തിരിച്ചു പറയാനറിയില്ല. പെണ്ണ്‌ തളര്‍ന്ന്‌, ചാരി നിന്ന ചുവരിലൂടെ താഴോട്ട്‌ ഊര്‍ന്നു വീഴുംവരെ അയാള്‍ അടി തുടര്‍ന്നു. ഇന്നും ഇടക്ക്‌ കണ്ണും തലയും വേദനിച്ച്‌ അമീന പിടയും.
പല രാത്രികളില്‍ അമീനയുടെ കരച്ചില്‍ ഷൗക്കത്ത്‌ കേട്ടു. അപ്പോഴൊക്കെ അവന്‍ തന്റെ ഉമ്മയെ ഓര്‍ത്തു. ഉമ്മ ഇങ്ങിനെ അടി കൊണ്ടിട്ടുണ്ടാകുമോ? അല്ലാഹ്‌.. ഇതുപോലെ അടിമപ്പണി ചെയ്‌താണോ ഉമ്മ ഫോറിന്‍ സാധനങ്ങള്‍ നിറച്ച പെട്ടിയുമായി അവധിക്കാലത്ത്‌ വന്നു കൊണ്ടിരുന്നത്‌? ഈ വേദനകളെയാണ്‌ ഞാന്‍ സ്‌കൂളിലും മദ്രസയിലും പത്രാസിന്റെ ആഘോഷങ്ങളാക്കി കൊണ്ടു നടന്നത്‌?
ഒരു ദിവസം തന്തയും തള്ളയും പുറത്തു പോയ ദിവസം അവരുടെ മൂത്ത മകനും രണ്ട്‌ ചങ്ങാതിമാരും വീട്ടിലേക്ക്‌ കയറിപ്പോകുന്നത്‌ ഷൗക്കത്ത്‌ കണ്ടു. അന്നു കുറേ നേരം കഴിഞ്ഞ്‌ ഷൗക്കത്തിന്റെ കൊച്ചുമുറിയുടെ വാതില്‍ക്കല്‍ ആരോ മുട്ടി. വാതില്‍ തുറന്നപ്പോള്‍ ആരോ മാന്തിക്കീറിയ കവിളും ചോര പൊടിഞ്ഞ ചുണ്ടുകളുമായി അമീന മുന്നില്‍.

പിറ്റേ ദിവസം മുതല്‍ അമീനയെ കാണാനുണ്ടായിരുന്നില്ല. അമീന എങ്ങോട്ടുപോയെന്ന്‌ ആര്‍ക്കറിയാം? ഈ മഹാനഗരത്തില്‍ അവള്‍ക്ക്‌ അഭയം നല്‍കാന്‍ ആരുണ്ട്‌? നഗരത്തിലെ പെണ്‍വാണിഭ സംഘങ്ങളെക്കുറിച്ച്‌ ദിവസവും പത്രത്തില്‍ വരുന്ന വാര്‍ത്തകള്‍ ഓര്‍മ വന്നപ്പോള്‍ അവന്‍ ഞെട്ടി. അന്ന്‌ രാത്രി ഷൗക്കത്തിന്‌ ഉറങ്ങാന്‍ സാധിച്ചില്ല. അവന്‍ ഉമ്മയെക്കുറിച്ച്‌ മാത്രമാണ്‌ ചിന്തിച്ചത്‌. ഉമ്മയെ തിരിച്ചയക്കണം. ഇനി ഒരു നിമിഷം ഉമ്മയെ ഈ നാട്ടില്‍ നിറുത്തിക്കൂട. എന്റെ ഉമ്മ ആരുടേയും അടിമയല്ല. എന്റെ ഉമ്മയുടെ ദേഹത്ത്‌ ആര്‍ക്കും കൈവെക്കാന്‍ കഴിയില്ല.
അവന്റെ കാതില്‍ അമീനയുടെ നിലവിളി മുഴങ്ങുകയാണ്‌. അത്‌ അവന്റെ ഉമ്മയുടെ നിലവിളിയാണ്‌. അറബിയുടെ വീട്ടില്‍ പണിയെടുക്കുന്ന ഉമ്മ തന്നെയാണ്‌ നിലവിളിയ്‌ക്കുന്നത്‌. ഒഖാല ഊരി അറബി തല്ലുന്നത്‌ അവന്റെ ഉമ്മയുടെ മുതുകിലാണ്‌. കവിളില്‍ ആരോ മാന്തിപ്പറിച്ച പാടുകളും ചുണ്ടില്‍ ചോരയുമായി വാതിലില്‍ മുട്ടുന്നത്‌ അവന്റെ ഉമ്മ തന്നെയാണ്‌.


ഞാന്‍ കാണുമ്പോള്‍ ഷൗക്കത്ത്‌ ജിദ്ദയിലെ ഒരു പോലീസ്‌ സ്റ്റേഷനിലാണ്‌. ചങ്ങലയിട്ട കാലുകള്‍ ലോക്കപ്പിലെ ഇരുമ്പ്‌ കട്ടിലിനോട്‌ ചേര്‍ത്തു കെട്ടിയിട്ടുണ്ട്‌. ഇല്ലെങ്കില്‍ ഓടിപ്പോകുമെന്ന്‌ പോലീസുകാരന്‍ പറഞ്ഞു. ചിലപ്പോള്‍ അക്രമാസക്തനാകും.
എന്താണ്‌ ഷൗക്കത്തിന്‌ സംഭവിച്ചത്‌? താമസിക്കുന്ന മുറിയില്‍ നിന്ന്‌ അവന്‍ പെട്ടെന്ന്‌ എന്തൊക്കെയോ അലറി വിളിച്ചു കൊണ്ട്‌ പുറത്തേക്ക്‌ ഇറങ്ങി ഓടുകയായിരുന്നു. ജോലിസ്ഥലത്തു നിന്ന്‌ വന്ന്‌ കിടക്കയില്‍ മുഖം പൂഴ്‌ത്തിക്കിടന്നിരുന്ന അവന്‌ എന്ത്‌ പറ്റിയെന്ന്‌ ആര്‍ക്കുമറിയില്ല. ഓടുമ്പോള്‍ ഉരിഞ്ഞുപോയ മുണ്ട്‌ അവന്‍ കണ്ടില്ല. പോലീസ്‌ എത്തുമ്പോള്‍ തെരുവിലെ ആള്‍ക്കൂട്ടത്തിന്‌ നടുവില്‍ അവന്‍ പൂര്‍ണ നഗ്നനായിരുന്നു. കുട്ടിക്കാലത്ത്‌ മദ്രസയില്‍ പഠിച്ച ഏതോ പാഠ ഭാഗങ്ങള്‍ അവന്‍ ഒരു മതപ്രസംഗത്തിന്റെ താളത്തില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇടക്ക്‌ ഈണത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ഓതുന്നു.
പിന്നീട്‌ നഗരത്തിലെ പ്രശസ്‌തമായ പോളി ക്ലിനിക്കിലെ ഒരു മുറിയില്‍ ഉമ്മയുടെ മടിയില്‍ തലവെച്ചു കിടന്നുറങ്ങുന്ന ഷൗക്കത്തിനെ കണ്ടു. ``അവന്റെ ദുഃസ്വപ്‌നങ്ങളെ ആട്ടിയോടിക്കാന്‍ സ്‌നേഹത്തിന്റെ ചിമ്മിനിക്കൂടുമായി ഉണര്‍ന്നിരിക്കുകയായിരുന്നു'' അവന്റെ ഉമ്മ. ഇടക്കിടെ ഇറങ്ങി ഓടിപ്പോകുന്നത്‌ തടയാന്‍ രണ്ട്‌ ചെറുപ്പക്കാര്‍ കാവലുണ്ടായിരുന്നു. അവര്‍ക്ക്‌ ദിവസം 50 റിയാല്‍ കൂലിയാണ്‌. സൈക്യാട്രിസ്റ്റ്‌ ഡോ. അബ്ദുല്ലയാണ്‌ ഷൗക്കത്തിന്റെ മനസ്സ്‌ അപഗ്രഥിച്ചത്‌. അവന്‍ അപ്പോള്‍ മദ്രസയില്‍ ആറിലോ ഏഴിലോ പഠിക്കുന്ന ഒരു കുട്ടിയാണ്‌. പെട്ടി നിറയെ കളിക്കോപ്പുകളും ഫോറിന്‍ സാധനങ്ങളുമായി തിരിച്ചു വരാമെന്ന്‌ പറഞ്ഞ്‌, വേലിപ്പടര്‍പ്പിനപ്പുറത്ത്‌ മറഞ്ഞു പോകുന്ന പുള്ളിത്തട്ടമാണ്‌ അവന്‌ ഉമ്മ. അമീനയില്‍ സ്വന്തം ഉമ്മയെ കണ്ടു, ഷൗക്കത്ത്‌. പീഡിതയായി, അപമാനിതയായി അമീന ഏതോ ഇരുട്ടിലേക്ക്‌ ഇറങ്ങിപ്പോയപ്പോള്‍ ആ ചെറുപ്പക്കാരന്‌ മനസ്സിന്റെ കടിഞ്ഞാണ്‍ നഷ്‌ടപ്പെടുകയായിരുന്നു. ഏതോ കാട്ടില്‍ ഉമ്മയെ കൈവിട്ടുപോയ കുട്ടിയായി മാറുകയായിരുന്നു അവന്‍. ഷൗക്കത്തിന്‌ മനസ്സിന്റെ സമനില വീണ്ടെടുക്കാന്‍ കുറേ ദിവസങ്ങളെടുത്തു.
അബ്ദുല്ല ഡോക്‌ടറുടെ ചികിത്സയിലായിരുന്നു. ഇഖാമയും പാസ്സ്‌പോര്‍ട്ടും നഷ്‌ടപ്പെട്ട അവനെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്‌ വഴി നാട്ടിലേക്ക്‌ വിമാനം കയറ്റി. അതിനു മുമ്പേ അവന്റെ ഉമ്മയെ അവന്‍ നാട്ടിലെത്തിച്ചിരുന്നു. ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ നിന്ന്‌ യാത്ര പറയാന്‍ ഷൗക്കത്ത്‌ വിളിച്ചപ്പോള്‍ എന്റെ മനസ്സില്‍ ഷിഹാബുദ്ദീന്റെ വരികള്‍ തെളിഞ്ഞു:

എന്റെ ഉമ്മ
നിലവിളിയുടെ മൗനമാണ്‌
കണ്ണു കരഞ്ഞ ചോപ്പാണ്‌
വിഴുപ്പലക്കി കാരംപൊള്ളിയ
കൈത്തലമാണ്‌
അവയവങ്ങളരിഞ്ഞപ്പോഴും
ശപിക്കാത്ത മാപ്പാണുമ്മ.....

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.

Wednesday, October 15, 2008

പ്രണയലേഖനം കാണ്മാനില്ല

യതീംഖാനയിലെ കുട്ടികള്‍ ഓട്ടോഗ്രാഫ്‌ വാങ്ങരുതെന്ന്‌ വാര്‍ഡന്‍ വിലക്കിയിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്‌നേഹത്തിന്റെയും ഓര്‍മകളുടേയും അക്ഷരങ്ങള്‍ പങ്കുവെയ്‌ക്കുന്നത്‌ അദ്ദേഹത്തിന്‌ ഇഷ്‌ടമല്ല. ആ വിലക്ക്‌ ആണ്‍കുട്ടികളില്‍ ചിലര്‍ ലംഘിയ്‌ക്കാറുണ്ട്‌. യതീംഖാനയിലെ പെണ്‍കുട്ടികള്‍ ഒരിയ്‌ക്കലും ഓര്‍മപ്പുസ്‌ത്‌കം വാങ്ങിയില്ല. റസിയയുടേയും ലൈലാ ബീവിയുടേയും നഫീസയുടേയുമൊക്കെ ഓട്ടോഗ്രാഫില്‍ എഴുതാന്‍ ഞാന്‍ കണ്ടുവെച്ച വാചകങ്ങള്‍ മനസ്സില്‍ കിടന്ന്‌ വീര്‍പ്പുമുട്ടി. അവരൊക്കെ യതീംഖാനയിലെ ബനാത്ത്‌ കുട്ടികളാണ്‌. സ്വന്തം നാട്ടില്‍ നിന്ന്‌ വളരെ അകലെയായിരുന്നതിനാല്‍ പത്താം ക്ലാസ്‌ കഴിഞ്ഞു പോയാല്‍ ഇനി പ്രദീപിനേയും ഉമറിനേയും ബഷീറിനേയും ജയനേയുമൊക്കെ ഒരിക്കലും ഞാന്‍ കണ്ടെന്നു വരില്ല. അപ്പോള്‍ അവരുടെ ഓര്‍മകള്‍ കുറിച്ചു വെക്കാന്‍ എനിയ്‌ക്ക്‌ ഓട്ടോഗ്രാഫ്‌ വേണം.

ഓട്ടോഗ്രാഫില്ലെങ്കിലും ഓര്‍മയില്‍ എന്നുമുണ്ടാകുമെന്ന്‌ സ്റ്റഡി ലീവിന്‌ ക്ലാസുകള്‍ അവസാനിപ്പിച്ച ദിവസം റസിയയും ലൈലാ ബീവിയും വന്ന്‌ ആരും കേള്‍ക്കാതെ എന്നോട്‌ പറഞ്ഞു.

ഗവണ്മെന്റ്‌ സ്‌കൂളിലാണ്‌ യതീംഖാനയിലെ കുട്ടികളും പഠിയ്‌ക്കുന്നത്‌. ക്ലാസിലെ മറ്റ്‌ കുട്ടികളൊക്കെ ഓട്ടോഗ്രാഫുകള്‍ വാങ്ങിക്കഴിഞ്ഞു. അറിയാവുന്ന സാഹിത്യമൊക്കെ പലരുടേയും താളുകളില്‍ ഞാനെഴുതി. ചില കൂട്ടുകാര്‍ക്കു വേണ്ടിയും ഓര്‍മയുടെ വാചകങ്ങള്‍ എഴുതിക്കൊടുത്തു. അവര്‍ അത്‌ അവരുടെ കൈപ്പടയില്‍ പിന്നീട്‌ സതീര്‍ഥ്യരുടെ ഓട്ടോഗ്രാഫിലേക്ക്‌ പകര്‍ത്തി.

എനിയ്‌ക്ക്‌ ഓട്ടോഗ്രാഫ്‌ വാങ്ങാതിരിയ്‌ക്കാന്‍ കഴിയുമായിരുന്നില്ല. ആരും ഒരക്ഷരവും എഴുതിയില്ലെങ്കിലും സുലുവിന്റെ ഒരു കയ്യൊപ്പ്‌ അതില്‍ വേണം. അതു മാത്രം മതി.

മിന്നുന്ന പുറംചട്ടയുള്ള ഓട്ടോഗ്രാഫുകളില്‍ കുട്ടികള്‍ ഓര്‍മക്കൂട്ടുകള്‍ എഴുതി നിറയ്‌ക്കുകയാണ്‌. വലിയ വര്‍ണങ്ങളൊന്നുമില്ലാത്ത, വില കുറഞ്ഞ ഒരോട്ടോഗ്രാഫ്‌ വാങ്ങാനേ എനിയ്‌ക്ക്‌ പാങ്ങുള്ളൂ. കഴിഞ്ഞ അവധിയ്‌ക്ക്‌ നാട്ടില്‍ ചെന്നപ്പോള്‍ ആരോ കൈമടക്ക്‌ തന്ന ചില്ലറകള്‍ ഞാന്‍ ഒരുക്കൂട്ടി വെച്ചിട്ടുണ്ട്‌.

പുറംചട്ടയില്‍ നീലയും വെള്ളയും വരകളുള്ള ആ കൊച്ചു പുസ്‌തകം ഞാന്‍ ആദ്യം കൊടുത്തത്‌ സുലുവിന്‌ തന്നെ. ആദ്യത്തെ പേജില്‍ തന്നെ അവളെഴുതട്ടെ. എന്നെങ്കിലും ഓട്ടോഗ്രാഫ്‌ തുറക്കുമ്പോള്‍ ആദ്യം അവളെ കാണണം. ഓര്‍മയില്‍ ആദ്യം അവള്‍ വിടരണം. ലൈലയും റസിയയും എന്നോട്‌ പറഞ്ഞപോലെ സുലുവിനെ ഓര്‍മിക്കാന്‍ എനിക്ക്‌ ഓട്ടോഗ്രാഫ്‌ വേണ്ട. ലൈലയേയും റസിയയേയും ഞാന്‍ മറന്നു പോയേക്കാം.

അന്ന്‌ ഓട്ടോഗ്രാഫുമായി അവള്‍ വീട്ടിലേയ്‌ക്ക്‌ പോയി. പിറ്റേ ദിവസം നെഞ്ചിടിപ്പോടെയാണ്‌ സ്‌കൂളിലേക്ക്‌ ചെന്നത്‌. അവളെന്തായിരിയ്‌ക്കും അതിലെഴുതിയിട്ടുണ്ടാകുക? അവളുടെ ഹൃദയം എനിയ്‌ക്കായി അതില്‍ പറിച്ചു വെച്ചിട്ടുണ്ടാകുമോ? വെറുമൊരു സഹപാഠിയുടേയോ കൂട്ടുകാരിയുടെയോ വാക്കുകളാകില്ല അതിലുണ്ടാകുക. മനസ്സില്‍ വിങ്ങുന്ന പ്രണയം അതില്‍ അക്ഷരങ്ങളും വാക്കുകളുമായി വിടര്‍ന്നു നില്‍ക്കും.

ഒരു പ്രേമലേഖനം സുലുവിന്‌ കൊടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അവളൊരു പ്രേമലേഖനം എനിയ്‌ക്കും തന്നിട്ടില്ല. ഒരു പ്രേമലേഖനത്തിന്റെ സുഖം അന്നോളം ഞാന്‍ അനുഭവിച്ചിട്ടില്ല. ഓട്ടോഗ്രാഫില്‍ അവളെഴുതുന്ന വാചകത്തില്‍ ആ പ്രണയത്തിന്റെ സുഖവും സുഗന്ധവും എനിക്ക്‌ ആസ്വദിക്കണം.

ആദ്യമായി, രാവും പകലും ആലോചിച്ച്‌ അവള്‍ക്കു വേണ്ടി ഞാനൊരു പ്രേമലേഖനമെഴുതിയിരുന്നു. അത്‌ അവള്‍ക്ക്‌ കൊടുക്കാന്‍ കഴിഞ്ഞില്ല. അതു വായിക്കാനുള്ള സൗഭാഗ്യം സുലുവിനുണ്ടായില്ല. കുട്ടികളെല്ലാം ഉറങ്ങിയ ശേഷം രാത്രി ഉറക്കമിളച്ച്‌, ആ പ്രേമലേഖനം എഴുതുമ്പോള്‍ എന്ത്‌ വീര്‍പ്പുമുട്ടലായിരുന്നു! യതീംഖാനയിലെ പഠന മുറിയുടെ വാതില്‍ ചാരിയാണ്‌ ഞാനെഴുത്ത്‌ തുടങ്ങിയത്‌. ഓരോ വാചകം എഴുതിക്കഴിയുമ്പോഴും പുറത്ത്‌ കാലനക്കങ്ങളുണ്ടോ എന്ന്‌ ഞാന്‍ കാതോര്‍ക്കും. ചെറിയ കാലൊച്ചകളൊന്നും കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല. കാരണം അതിനേക്കാള്‍ ഒച്ചയിലാണ്‌ പ്രണയ വാചകങ്ങള്‍ക്കൊപ്പം എന്റെ ഹൃദയം മിടിച്ചു കൊണ്ടിരുന്നത്‌.

പ്രേമലേഖനം നോട്ടു പുസ്‌തകത്തില്‍ ഭദ്രമായി സൂക്ഷിച്ച്‌, ഞാന്‍ കുറേ ദിവസം കൊണ്ടു നടന്നു. അത്‌ കൈമാറാന്‍ എനിയ്‌ക്ക്‌ ധൈര്യമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ അതിനൊരു അവസരം കിട്ടിയതേയില്ല. അവള്‍ സ്‌കൂളിലേക്ക്‌ വരുമ്പോള്‍ ഏതെങ്കിലും ഒരു കൂട്ടുകാരി കൂടെയുണ്ടാകും. സ്‌കൂള്‍ വിട്ടു പോകുമ്പോഴാണെങ്കില്‍ ഒരു കാരണവശാലും കഴിയില്ല. കുട്ടികളുടെ ബഹളമാകുമല്ലോ. നോട്ടുപുസ്‌തകത്തില്‍ കിടന്ന്‌ ആ പ്രേമലേഖനം നരച്ചു തുടങ്ങി. ഞാന്‍ അതില്‍ കുടഞ്ഞിട്ടിരുന്ന സിന്തോള്‍ പൗഡറിന്റെ മണം മങ്ങി. സുലുവിനു വേണ്ടി കത്തിന്റെ അവസാനം ഞാന്‍ പകര്‍ന്നു വെച്ച ആയിരം ചുടു ചുംബനങ്ങള്‍ മാത്രം അതില്‍ അതേ ചൂടില്‍ കിടന്നിരുന്നു. എന്നും ഞാനതെടുത്ത്‌ വായിച്ചു നോക്കും. ഒരു ദിവസം നോക്കുമ്പോള്‍ നോട്ടുപുസ്‌തകത്തില്‍ അത്‌ കാണാനില്ല. പുസ്‌തകം മാറിപ്പോയോ? ഇല്ല. എന്നാലും എല്ലാ പുസ്‌കത്തിലും നോക്കി. ഇല്ല, എങ്ങുമില്ല. പെട്ടിയില്‍ വീണു കിടക്കുന്നുണ്ടാകുമോ? അതുമില്ല.
ദൈവമേ തീക്ഷ്‌ണമായ എന്റെ പ്രണയത്തിന്റെ സത്യവാചകങ്ങള്‍ക്ക്‌ എന്ത്‌ സംഭവിച്ചു? എവിടെയെങ്കിലും വീണുപോയതായിരിക്കും. ആര്‍ക്കെങ്കിലും കിട്ടിക്കാണുമോ? ആരെങ്കിലും വായിച്ചാല്‍ എന്തായിരിക്കും അവസ്ഥ? വാര്‍ഡന്റെ കയ്യിലെങ്ങാനും കിട്ടിയാല്‍? കത്തില്‍ എവിടെയും എന്റെ പേരില്ല. പക്ഷേ, എന്റെ കയ്യക്ഷരം എളുപ്പത്തില്‍ കണ്ടുപിടിയ്‌ക്കപ്പെടും. ദൈവമേ!

പര്‌സപരം ഇഷ്‌ടമാണെന്ന്‌ രണ്ട്‌ പേര്‍ക്കും അറിയാമെന്നല്ലാതെ മനസ്സ്‌ തുറന്ന്‌ ഇതുവരെ ഒന്ന്‌ മിണ്ടിയിട്ടില്ല. ഒരു നോട്ടം, ഒരു ചിരി.. അതു തന്നെ ധാരാളമായിരുന്നു.

എന്നാണ്‌ സുലുവിനോട്‌ എനിയ്‌ക്ക്‌ ഇഷ്‌ടം തോന്നിത്തുടങ്ങിയത്‌? പത്താം ക്ലാസിലേക്ക്‌ ജയിച്ച ശേഷമാണ്‌ അവളെ ശ്രദ്ധിയ്‌ക്കാന്‍ തുടങ്ങിയത്‌. അവള്‍ ഒമ്പതാം ക്ലാസില്‍ തോറ്റുപോയിരുന്നു. കഴിഞ്ഞ വര്‍ഷം വരെ ഒപ്പം ക്ലാസിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി എന്ന നിലയില്‍ ഇടക്ക്‌ ഗ്രൗണ്ടില്‍ വെച്ച്‌ കാണുമ്പോള്‍ ഒന്ന്‌ നോക്കും. ഒന്നു ചിരിയ്‌ക്കും. }}ഞാന്‍ യതീംഖാനയിലെ കുട്ടിയായതിനാല്‍ പെണ്‍കുട്ടികളോട്‌ അങ്ങിനെ മിണ്ടാനൊന്നും പറ്റില്ല. കേസാകും. വാര്‍ഡന്‍ പിടിയ്‌ക്കും. പിടിച്ചാല്‍ വലിയ ശിക്ഷയാകും.

നന്നായി നൃത്തം ചെയ്യുകയും പാട്ടു പാടുകയും ചെയ്യുന്ന സുലു കാണാന്‍ അത്ര സുന്ദരിയൊന്നുമായിരുന്നില്ല. കറുപ്പുമല്ല, വെളുപ്പുമല്ലാത്ത നിറം. നിരയൊത്ത പല്ലുകള്‍. വലിയ കണ്ണുകള്‍. ചിരിയ്‌ക്കുമ്പോള്‍ നുണക്കുഴി വിരിയുന്ന കവിളുകള്‍.
ജുനിതയ്‌ക്കും സൗദയ്‌ക്കും വാഹിദയ്‌ക്കുമൊക്കെ കാമുകന്മാരുടെ എണ്ണം ദിനം പ്രതി കൂടിക്കൊണ്ടിരിക്കുമ്പോഴും സുലുവിനെ ആരും ശ്രദ്ധിച്ചിരുന്നില്ല. സ്‌കൂളില്‍ അക്കാലത്ത്‌ യൂനിഫോം ഇല്ല. അതുകൊണ്ട്‌ ഒരാള്‍ക്ക്‌ എത്ര ജോടി വസ്‌ത്രമുണ്ടെന്ന്‌ കണ്ടുപിടിയ്‌ക്കാന്‍ എളുപ്പമായിരുന്നു. സുലുവിന്‌ രണ്ട്‌ ജോടി വസ്‌ത്രമേ ഉണ്ടായിരുന്നുള്ളൂ. പച്ച പാവാടയും ബ്ലൗസും. പിന്നൊരു മഞ്ഞപ്പാവാടയും ബ്ലൗസും. അതു തന്നെ എപ്പോഴു മുഷിഞ്ഞിരിയ്‌ക്കും. കണ്ടാല്‍ ഒരാകര്‍ഷണവും തോന്നില്ല. പ്രണയാര്‍ദ്രമായ ഒരു കൗമാരക്കണ്ണുപോലും അവളിലേക്ക്‌ നീണ്ടില്ല.

പ്രാര്‍ത്ഥനയും ദേശീയ ഗാനവും ആലപിച്ചിരുന്ന മൂന്നംഗ ഗായിക സംഘത്തില്‍ സുലുവുമുണ്ടായിരുന്നു. സ്റ്റാഫ്‌ റൂമില്‍ സൂക്ഷിയ്‌ക്കുന്ന ഡസ്റ്ററും ചോക്കും എടുക്കാന്‍ പോയി തിരിച്ചു വരുമ്പോള്‍ അവള്‍ പ്രാര്‍ഥന ചൊല്ലാന്‍ ഹെഡ്‌ മിസ്‌ട്രസിന്റെ മുറിയുടെ മുന്നിലേക്ക്‌ വരുന്നുണ്ടാകും. ആ നേരത്താണ്‌ ഞങ്ങള്‍ പരസ്‌പരം നോക്കുന്നതും ചെറിയൊരു പുഞ്ചിരി കൈമാറുന്നതും. അത്രയേയുള്ളു. അത്‌ പക്ഷേ, ക്ലാസിലെ കുശുമ്പുള്ള ചെക്കന്മാര്‍ കണ്ടുപിടിച്ചു. ആ നോട്ടത്തിലും ചിരിയിലും എന്തോ കളങ്കമുണ്ടെന്ന്‌ അവര്‍ പ്രചരിച്ചിപ്പു.
പിന്നെ, സുലുവിന്റെ പേര്‌ ചേര്‍ത്ത്‌ പ്രദീപനും ഉമറും മുസ്‌തഫയുമൊക്കെ എന്നെ കളിയാക്കാന്‍ തുടങ്ങി. ചില വിരുതന്മാര്‍ ഇന്റര്‍വെല്‍ സമയത്തും സ്‌കൂള്‍ വിട്ടു പോകുമ്പോഴും അവളെ എന്റെ പേര്‌ പറഞ്ഞും കളിയാക്കാന്‍ തുടങ്ങി.
അങ്ങിനെയാണ്‌ ശരിയ്‌ക്ക്‌ ഈ പ്രേമത്തിന്റെ തുടക്കം. അതില്‍ പിന്നെയാണ്‌ സുലു നല്ല വസ്‌ത്രങ്ങളുടുത്ത്‌ വരാന്‍ തുടങ്ങിയത്‌. പുതിയ പാവാടകളും ബ്ലൗസുകളും അവള്‍ മാറിമാറി ഉടുക്കുന്നു. മുഖത്ത്‌ പുതിയൊരു തിളക്കം. കാതില്‍ പുതിയ കമ്മലുകള്‍. വലിയ കണ്ണുകള്‍ വട്ടത്തിലെഴുതി, കൂടുതല്‍ സുന്ദരിയായാണ്‌ അവള്‍ പിന്നീട്‌ സ്‌കൂളിലെത്തിയത്‌. ചിരിയ്‌ക്കുമ്പോള്‍ അവളുടെ നുണക്കുഴി കൂടുതല്‍ വിരിയുന്നു. എന്റെ പ്രേമം അവള്‍ക്ക്‌ പുതിയ സൗന്ദര്യം നല്‍കിയെന്ന്‌ പ്രദീപും മുസ്‌തഫയും പിന്നെയും കളിയാക്കി.

സത്യം അതായിരുന്നില്ല. ഉമ്മയേയും നാല്‌ മക്കളേയും ഉപേക്ഷിച്ച്‌ ആറോ ഏഴോ കൊല്ലം മുമ്പ്‌ നാടു വിട്ടു പോയതായിരുന്നു അവളുടെ ബാപ്പ. അയല്‍ വീടുകളിലൊക്കെ ചില്ലറ പണികള്‍ ചെയ്‌തു കിട്ടുന്ന വരുമാനം കൊണ്ടാണ്‌ ഉമ്മ മക്കളെ പോറ്റിയിരുന്നത്‌. മൂത്ത ആങ്ങളക്ക്‌ പത്താം ക്ലാസ്‌ കഴിയുന്നതിന്‌ മുമ്പേ പഠനം നിര്‍ത്തേണ്ടി വന്നു. നന്നായി ചിത്രം വരയ്‌ക്കുന്ന അവന്‍ ചുവരെഴുത്തിനും പരസ്യ ബോര്‍ഡുകളെഴുതാനും പോകും. മൂത്ത ജ്യേഷ്‌ഠത്തിക്ക്‌ ഏഴാം ക്ലാസിനപ്പുറം പഠിക്കാന്‍ പറ്റിയില്ല.
ബാപ്പയെക്കുറിച്ച്‌ വര്‍ഷങ്ങളായി ഒരു വിവരവുമുണ്ടായിരുന്നില്ല. ചെറിയൊരു ഓലപ്പുരയുടെ ദാരിദ്ര്യത്തില്‍ ഉമ്മയേയും മക്കളേയും ഉപേക്ഷിച്ച്‌ അയാള്‍ എങ്ങോട്ട്‌ പോയെന്ന്‌ ആര്‍ക്കും അറിയില്ല. മദ്രാസിലും മുംബൈയിലുമൊക്കെ തിരക്കിയെങ്കിലും ഒരു വിവരവും കിട്ടിയിരുന്നില്ല. യതീംഖാനയില്‍ വരേണ്ടി വന്ന എന്നേക്കാള്‍ കഷ്‌ടമായിരുന്നു അവളുടെ കാര്യം.
അങ്ങിനെ പട്ടിണിയും പങ്കപ്പാടുകളുമായി കഴിയുന്നതിനിടയിലാണ്‌, ഒരു സുപ്രഭാതത്തില്‍ കൈ നിറയെ പണവും പുതിയ വസ്‌ത്രങ്ങളും സമ്മാനങ്ങളുമൊക്കെയായി ബാപ്പ തിരിച്ചെത്തിയത്‌. നാടു വിട്ടുപോയ അയാള്‍ പലേടത്തും അലഞ്ഞു തിരിഞ്ഞ്‌ മുംബൈയിലെത്തി. ഇപ്പോള്‍ അവിടെ സാമാന്യം തരക്കേടില്ലാത്ത ഒരു കച്ചവടമുണ്ട്‌. ബാപ്പയുടെ തിരിച്ചു വരവ്‌ അവരുടെ കുടുംബത്തിന്‌ ആഹ്ലാദമായി. അല്ലലും ദുരിതവും മാറി. നല്ല ആഹാരവും നല്ല വസ്‌ത്രങ്ങളും മനസ്സ്‌ നിറയെ സന്തോഷവുമായപ്പോഴാണ്‌ സുലു പുതിയ സുന്ദരിയായത്‌. മനസ്സിന്റെ സുഖം ശരീരത്തിന്‌ സൗന്ദര്യം പകരുന്നു!

അക്കൊല്ലത്തെ യുവജനോത്സവത്തിന്റെ സ്വാതന്ത്ര്യത്തില്‍ അവളോട്‌ ഒന്നു മിണ്ടാന്‍ ഞാന്‍ അവസരം പാര്‍ത്തു. നാടോടി നൃത്തത്തിനുള്ള ചമയങ്ങളിട്ട്‌, ഗ്രീന്‍ റൂമില്‍ നിന്ന്‌ പുറത്തേക്ക്‌ വരികയായിരുന്നു അവള്‍. എന്തായിരുന്നു ഞാന്‍ അപ്പോള്‍ അവളോട്‌ പറഞ്ഞത്‌? ചങ്ക്‌ പടപടാന്ന്‌ മിടിയ്‌ക്കുന്നുണ്ടായിരുന്നു. എന്തു പറയണമെന്ന്‌ ഒരുപാട്‌ നേരം ആലോചിച്ചിരുന്നു.
നന്നായി കളിയ്‌ക്കണം ട്ടോ...
അങ്ങിനെ പറഞ്ഞ ശേഷം ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന്‌ നോക്കാന്‍ മുഖം തിരിച്ചപ്പോള്‍ പിന്നില്‍ ചിരിച്ചു കൊണ്ടൊരു ചേച്ചി. ഈറന്‍ സന്ധ്യ എന്ന സിനിമയില്‍ റഹ്‌മാന്റെ നായികയായിരുന്ന അഹല്യയുടെ മുഖഛായയുണ്ടെന്ന്‌ തോന്നി അവര്‍ക്ക്‌. നേരാണ്‌, നേരിയൊരു ഛായ ഇല്ലാതില്ല.
ഞാന്‍ പരുങ്ങുന്നത്‌ കണ്ടപ്പോള്‍, ആ ചേച്ചി പറഞ്ഞു.
ങും... എനിയ്‌ക്ക്‌ ആളെ മനസ്സിലായി. സുലു എന്നും പറയാറുണ്ട്‌.
അപ്പോഴാണ്‌ ഞാന്‍ ശരിയ്‌ക്കും ചമ്മിയത്‌.
സുലു പറഞ്ഞു, ജ്യേഷ്‌ഠത്തിയാണ്‌.

അങ്ങിനെ അധികമൊന്നും മിണ്ടാനും പറയാനും അവസരം കിട്ടിയില്ലെങ്കിലും നിശ്ശബ്‌ദമായി ഞങ്ങള്‍ പ്രണയിച്ചു. കുട്ടികള്‍ കളിയാക്കുമ്പോള്‍ ദേഷ്യം അഭിനയിക്കുമെങ്കിലും ഞാനുമൊരു കാമുകനാണല്ലോ എന്ന്‌ ഞാന്‍ ആനന്ദിച്ചു. മജീദോ കേശവന്‍ നായരോ ഒക്കെ ആകാന്‍ പോകുന്ന എന്റെ കഥകളെഴുതാന്‍ ഒരു സാഹിത്യകാരന്‍ വരുമോ?

കാണാതായ പ്രണയ ലേഖനത്തിന്റെ കാര്യം ഞാന്‍ മറന്നിരുന്നു.
പിന്നീടൊരു പ്രണയ ലേഖനം ഞാനെഴുതിയതുമില്ല.

ഒരു ദിവസം വാര്‍ഡന്‍ എന്നെ വിളിച്ചു. ഭിന്ദ്രന്‍വാലയെന്നാണ്‌ അദ്ദേഹത്തെ ഞങ്ങള്‍ വിളിച്ചിരുന്നത്‌. അതെ, പഞ്ചാബിനേയും ഇന്ത്യയെ തന്നെയും വിറപ്പിച്ചിരുന്ന പഴയ ഖലിസ്ഥാന്‍ നേതാവ്‌ സാക്ഷാല്‍ ഭിന്ദ്രന്‍വാല തന്നെ. ഒരു പഞ്ചാബി സര്‍ദാര്‍ജിയുടെ ആകാര സൗഷ്‌ടവവുമുള്ള വാര്‍ഡന്‌ ഭിന്ദ്രന്‍വാലയെപ്പോലെ ഇടതൂര്‍ന്ന താടിയുണ്ടായിരുന്നു. തലപ്പാവു കൂടി കെട്ടിയാല്‍ ശരിക്കും ഭിന്ദ്രന്‍വാല. അദ്ദേഹമൊന്നു നോക്കിയാല്‍ കുട്ടികള്‍ അകത്തേക്ക്‌ വലിച്ച ശ്വാസം പുറത്തേക്ക്‌ വിടില്ല. അത്രയ്‌ക്ക്‌ പേടിയാണ്‌. തെറ്റു ചെയ്യുന്ന കുട്ടികളെ അദ്ദേഹം മാരകമായി ശിക്ഷിക്കും. ആകാശത്തോളം ഉയരുന്ന ബലിഷ്‌ഠമായ ആ കയ്യിലെ ചൂരല്‍ വന്നു വീഴുമ്പോള്‍ ഉള്ളംകൈ പൊട്ടിപ്പിളരും. കൈ വലിച്ചാല്‍, രണ്ട്‌ കൈകളും കൂട്ടിപ്പിടിച്ച്‌ ചൂരല്‍, ചന്തികളെ മര്‍ദിക്കും. കുട്ടികള്‍ മരിച്ചു പോയ ഉമ്മയേയോ ബാപ്പയേയോ വിളിച്ച്‌ പൊട്ടിക്കരയും. അവരുടെ സങ്കടം കൈവള്ളയിലോ ചന്തിയിലോ തിണര്‍പ്പുകളായി പൊങ്ങിപ്പൊങ്ങി വരും. വാര്‍ഡന്റെ കൈകള്‍ ചൊറി പിടിച്ചു പോകട്ടെ എന്ന്‌ പ്രാര്‍ഥിയ്‌ക്കാത്ത കുട്ടികളുണ്ടാകില്ല. പള്ളിയിലോ കാന്റീനിലോ ബഹളം വെച്ചതിന്‌, സമയത്തിന്‌ പള്ളിയിലെത്താത്തിന്‌ ....അങ്ങിനെ അടി കിട്ടാന്‍ കേസുകള്‍ അനവധിയാണ്‌. ഏതെങ്കിലുമൊരു കേസില്‍ പെടാത്ത പ്രതികളില്ല.
ഖുര്‍ആനില്‍ തബ്ബത്ത്‌ യദാ അബീ ലഹബ്‌... അബൂ ലഹബിന്റെ രണ്ട്‌ കരങ്ങളും നശിച്ചു പോകട്ടെ എന്ന വചനമോതുമ്പോള്‍ കുട്ടികള്‍ അബൂ ലഹബിന്റെ സ്ഥാനത്ത്‌ ഭിന്ദ്രന്‍വാലയെ കാണും.
എന്തിനാണ്‌ വാര്‍ഡന്‍ എന്നെ വിളിച്ചത്‌? അടുത്ത ദിവസങ്ങളിലൊന്നും എന്തെങ്കിലും തെറ്റു ചെയ്‌തതറിയില്ല. പള്ളിയിലും കാന്റീനിലുമൊക്കെ വര്‍ത്തമാനമൊന്നും പറഞ്ഞതും ഓര്‍മയില്ല. ഉള്ളില്‍ ഭയവുമായി ഞാന്‍ ചെല്ലുമ്പോള്‍ മുസ്‌തഫയും മൊയ്‌തീന്‍ കുട്ടിയും ക്ലാസിലെ വേറെയും രണ്ട്‌ മൂന്നു കൂട്ടികളുണ്ട്‌ വാര്‍ഡന്റെ മുറിയില്‍. എന്തോ കേസുണ്ട്‌. തീര്‍ച്ച. ഞാന്‍ പ്രതിയാകുമോ സാക്ഷിയാകുമോ?
ചെന്നപാടെ, വാര്‍ഡന്‍ ചന്തി മേശപ്പുറത്ത്‌ ചാരി നില്‍ക്കുകയുമല്ല ഇരിക്കുകയുമല്ലാത്ത ഒരു പോസില്‍ നിന്നു. എന്നിട്ട്‌ മേശപ്പുറത്തു നിന്ന്‌ പല മടക്കുകളായി മടക്കി വെച്ച ഒരു കടലാസെടുത്തു നിവര്‍ത്തി.
എന്റെ കരളിന്റെ കരളായ സുലുവിന്‌...
ഞാന്‍ ഞെട്ടി. ഞാന്‍ സുലുവിന്‌ എഴിതിയ പ്രേമലേഖനം. നാലഞ്ചു മാസം മുമ്പ്‌ എന്റെ നോട്ടുപുസ്‌തകത്തില്‍ നിന്ന്‌ കാണാതായ എന്റെ ഹൃദയം. ഇതെങ്ങിനെ വാര്‍ഡന്റെ കൈകളിലെത്തി.
വാര്‍ഡന്‍ എന്റെ ഹൃദയം വായിക്കുകയാണ്‌. ആ വരികള്‍ എന്റെ കാതുകളിലെത്തുന്നേയില്ല. ദൈവമേ എന്റെ കാതുകള്‍ പൊട്ടിപ്പോയോ? ആയിരം ചുടുചുംബനങ്ങളോടെ എന്ന അവസാനത്തെ വരികളിലേക്കാണ്‌ പിന്നീട്‌ എന്റെ കാതുകളെ വീണ്ടുകിട്ടിയത്‌. ഞാന്‍ സുലുവിന്‌ നല്‍കിയ ചുംബനങ്ങള്‍ അവള്‍ക്ക്‌ കിട്ടാതെ ഇതാ ശൂന്യതയിലേക്ക്‌ പറന്നു പോകുന്നു. ഈ പ്രണയത്തിനും ചുംബനങ്ങള്‍ക്കും എന്ത്‌ ശിക്ഷയാകും വാര്‍ഡന്‍ വിധിയ്‌ക്കാനും നടപ്പാക്കാനും പോകുന്നത്‌? ഭയന്നു, ലജ്ജിച്ച്‌ വല്ലാത്ത ഒരവസ്ഥയില്‍ ഞാന്‍ നിന്നു.
കത്ത്‌ വാര്‍ഡന്‍ വീണ്ടും മടക്കി. എന്നിട്ടൊരു ചോദ്യം.
ആരാണ്‌ സുലു?
ആ ശബ്‌ദത്തില്‍ ഭിന്ദ്രന്‍വാലയുടെ ശൗര്യമില്ലായിരുന്നു. മുമ്പൊരിയ്‌ക്കലും അദ്ദേഹത്തിന്റെ ശബ്ദത്തില്‍ അനുഭവപ്പെട്ടിട്ടില്ലാത്ത മൃദുലത. കണ്ണുകളില്‍ അതിനൊത്ത ശാന്തത.
സുലൈഖ.. സ്‌കൂളിലെ കുട്ടിയാ.
എവിടുന്നാണ്‌ ആ ശബ്‌ദം എന്റെ നാവിന്‍ തുമ്പിലേക്ക്‌ വന്നത്‌?
നിനക്ക്‌ അവളെ ഇഷ്‌ടമാണോ?
എന്താണ്‌ ദൈവമേ ഭിന്ദ്രന്‍വാല ചോദിയ്‌ക്കുന്നത്‌? എന്ത്‌ ഉത്തരമാണ്‌ ഞാന്‍ നല്‍കേണ്ടത്‌? തുറന്നു വെച്ച എന്റെ ഹൃദയമാണ്‌ വാര്‍ഡന്റെ മേശപ്പുറത്തിരിയ്‌ക്കുന്നത്‌. എന്റെ പ്രണയത്തിന്റെ നേര്‍സാക്ഷ്യം. അതിനകത്തുള്ള എന്റെ പ്രണയത്തിന്റെ സത്യവാചകങ്ങളാണ്‌ കുറച്ചു നേരത്തേ അദ്ദേഹം വായിച്ചു തീര്‍ത്തത്‌.
ഇഷ്‌ടമാണ്‌.
എന്റെ പ്രണയം പോലെ വിശുദ്ധമായ ആ സത്യം കയ്‌പോടെ ഞാന്‍ അറിയിച്ചു.
അവള്‍ക്കു നിന്നെയോ?
പിന്നെയും കുഴയ്‌ക്കുന്ന ചോദ്യം. ഇന്നോളം സുലു എന്നോട്‌ അത്‌ പറഞ്ഞിട്ടില്ല. ഞാന്‍ അത്‌ ചോദിച്ചിട്ടില്ല. ചോദിയ്‌ക്കാന്‍ എനിക്ക്‌ അവസരം കിട്ടിയില്ല. അതേ ചോദ്യം മിടിച്ചു കൊണ്ടിരിക്കുന്ന എന്റെ ഹൃദയമാണ്‌ വാര്‍ഡന്റെ മേശപ്പുറത്തിരിയ്‌ക്കുന്നത്‌. ഇന്നോളം കൈപ്പറ്റിയിട്ടില്ലാത്ത ആ ചോദ്യത്തിന്‌ ഉത്തരം സുലു എങ്ങിനെ എന്നോട്‌ പറയും? സുലു പറയാതെ എനിയ്‌ക്കെങ്ങിനെ അതിന്റെ ഉത്തരം കിട്ടും.
എനിയ്‌ക്കറിയാം, സുലുവിന്‌ എന്നെ ഇഷ്‌ടമാണ്‌. അവളുടെ നോട്ടത്തില്‍, പാതി വിടര്‍ന്ന പുഞ്ചിരിയില്‍, ആ ചിരി വിടര്‍ത്തുന്ന നുണക്കുഴികളില്‍ ഞാന്‍ അത്‌ കണ്ടിട്ടുണ്ട്‌.
ഇഷ്‌ടമാണ്‌.
എന്റെ വിശ്വസമാണ്‌ അപ്പോള്‍ വാക്കുകളുടെ രൂപം പൂണ്ടത്‌.
ചോദ്യങ്ങളും ഉത്തരങ്ങളും അവസാനിച്ചു. മുസ്‌തഫയും മൊയ്‌തീന്‍ കുട്ടിയും ഒപ്പമുണ്ടായിരുന്ന മറ്റ്‌ രണ്ടു മൂന്നുപേരും നേരത്തെ സാക്ഷിമൊഴികള്‍ നല്‍കിയതുമാണ്‌. വിചാണ കഴിഞ്ഞു. ഇനി ശിക്ഷയാണ്‌. മേശപ്പുറത്ത്‌ പല വണ്ണങ്ങളില്‍ തിളങ്ങുന്ന ചൂരല്‍ വടികളിലേക്ക്‌ ഞാന്‍ നോക്കി. അത്‌ ചൂരലോ അതോപാമ്പുകളോ? പത്തി വിടര്‍ത്തി അവ എനിക്കു നേരെ ചീറ്റുന്നുണ്ടോ?
പെട്ടെന്ന്‌ ഭിന്ദ്രന്‍വാലയുടെ കൈകള്‍ ഏറ്റവും മൃദുവായി എന്റെ ചുമലില്‍ തൊട്ടു. പിന്നെ, വളരെ പതിഞ്ഞ സ്വരത്തില്‍ അദ്ദേഹം പറഞ്ഞു, പൊയ്‌ക്കോളൂ..
ഇന്നും എനിയ്‌ക്ക്‌ മനസ്സിലായിട്ടില്ല എന്തിനാണ്‌ എന്നെ അന്ന്‌ ഭിന്ദ്രന്‍വാല വെറുതെ വിട്ടതെന്ന്‌!
ഇന്നും എനിയ്‌ക്ക്‌ മനസ്സിലായിട്ടില്ല മൊയ്‌തീന്‍ കുട്ടിയും മുസ്‌തഫയും എന്തിനാണ്‌ എന്റെ ഹൃദയം കട്ടെടുത്ത്‌ വാര്‍ഡന്റെ മുന്നില്‍ കൊണ്ടു പോയി തുറന്നു വെച്ചതെന്ന്‌!

നഷ്‌ടപ്പെട്ട പ്രണയലേഖനത്തിന്റേയും വാര്‍ഡന്റെ വിചാരണയുടേയും എന്റെ പ്രണയ പ്രഖ്യാപനത്തിന്റെയും കഥകള്‍ സുലു അറഞ്ഞിട്ടില്ല. പിന്നീട്‌ സുലുവിന്‌ ഞാനൊരു പ്രണയ ലേഖനം എഴുതിയില്ല. അവളൊരു പ്രണയ ലേഖനം എനിയ്‌ക്കും തന്നില്ല. അതുകൊണ്ടാണ്‌, ഓട്ടോഗ്രാഫില്‍ അവളെഴുതാന്‍ പോകുന്ന വരികളില്‍ ഞാന്‍ അവളുടെ പ്രണയത്തിന്റെ പേമാരി തന്നെ പ്രതീക്ഷിക്കുന്നത്‌.
പിറ്റേന്ന്‌ അവള്‍ വന്നു. പച്ചയില്‍ വെള്ളപ്പൂക്കളുള്ള പാവാടയും ഇളംപച്ച ബ്ലൗസുമാണ്‌ അന്ന്‌ അവള്‍ അണിഞ്ഞിരുന്നത്‌. മൂര്‍ധാവില്‍ നിന്ന്‌ കഴുത്തിലൂടെ മൂന്നോട്ടിറങ്ങി വെളുത്ത ഷാളും. ഇന്ന്‌ ആദ്യമായാണ്‌ അവള്‍ ഈ വേഷം ധരിയ്‌ക്കുന്നത്‌. ഈയൊരു ദിവസത്തേക്കു വേണ്ടി മാത്രം അവള്‍ പുതിയ വേഷമിട്ടുവോ?

ഹൃദയമിടിപ്പോടെ ഏറ്റുവാങ്ങിയ ഓട്ടോഗ്രാഫിന്റെ താളുകള്‍ മറിയ്‌ച്ചുനോക്കാന്‍ എനിയ്‌ക്ക്‌ ധൃതിയായിരുന്നു. പഴയൊരു സിനിമാ പാട്ടിന്റെ വരികളായിരുന്നു അതില്‍.

ഇണക്കമോ പിണക്കമോ പ്രിയതമാ പറയുമോ
ഇണങ്ങിയാല്‍ അകലുമോ
പിണങ്ങിയാല്‍ അടുക്കുമോ
ചിരിയ്‌ക്കുവാന്‍ മാത്രമായി അടുക്കരുതേ നാമെന്നും
കരയുവാന്‍ അകലരുതേ പ്രിയതമേ നാമെന്നും


പ്രിയതമാ എന്ന ആ സംബോധനയില്‍ ഞാന്‍ എന്നെ മറന്നു. ലിസയിലെ കേട്ടു പഴകിയ ആ പാട്ട്‌ ആദ്യം കേള്‍ക്കുന്നതുപോലെ തോന്നി. എനിക്കു വേണ്ടി മാത്രമായി, സുലു രചിച്ച വരികളായി അവ എന്റെ മനസ്സിലേക്ക്‌ ഒഴുകി.

അങ്ങിനെ ആദ്യമായി ഞാനൊരുവളുടെ പ്രിയതമനായി.

Monday, July 21, 2008

മുലപ്പാല്‍ ഒഴുക്കിക്കളയുന്നവര്‍

നൊന്തുപെറ്റ കുഞ്ഞിനെ ഇരുപതോ മുപ്പതോ ദിവസം
പോലും കഴിയും മുന്പ് നാട്ടില്‍ ഉപേക്ഷിച്ച് വിമാനം
കയറേണ്ടി വരുന്ന പ്രവാസികളായ അമ്മമാരെക്കുറിച്ച്
മാതൃഭൂമി ആഴ്ചപ്പതിപ്പ് ജൂലൈ ആദ്യവാരം
പ്രസിദ്ധീകരിച്ച ലേഖനം.


അമ്മിഞ്ഞപ്പാലിന് അണ കെട്ടേണ്ടി വരുന്നവര്‍

ഒന്ന്‌
സ്‌കൂള്‍ വിട്ടാല്‍ ഞാനും പുഷ്‌പയും ഒന്നിച്ചാണ്‌ വീട്ടിലേക്ക്‌
ഓടുന്നത്‌. എന്നേക്കാള്‍ ധൃതിയാണ്‌ അവള്‍ക്ക്‌ വീട്ടിലെത്താന്‍.
അവള്‍ എത്തുമ്പോള്‍ മുറ്റത്തിന്‌ അതിരിട്ട വരമ്പത്ത്‌
വലതു കാല്‍ കയറ്റി വെച്ച്‌ അവളുടെ അമ്മ കാത്തുനില്‍ക്കുന്നുണ്ടാകും.
സ്ലേറ്റും പുസ്‌തകവും വരമ്പത്ത്‌ വെച്ച്‌ അവള്‍, ഉയര്‍ത്തിവെച്ച
അമ്മയുടെ മുട്ടുകാലിന്‌ മുകളിലേക്ക്‌ ഒരു ചാട്ടമാണ്‌.
എന്നിട്ട്‌ അമ്മയുടെ ബ്ലൗസ്‌ മേല്‍പോട്ടുയര്‍ത്തി ആര്‍ത്തിയോടെ
മുല വലിച്ചു കുടിക്കും. ഇടങ്കണ്ണിട്ട്‌ എന്നെ നോക്കും.
എനിക്ക്‌ നാണമാകും. എനിക്ക്‌ അപ്പോള്‍ എന്റെ
വെല്യുമ്മയുടെ ആട്ടിന്‍കുട്ടികളെ ഓര്‍മ വരും. അഴിച്ചു
വിട്ടാല്‍ കുന്തിരിയെടുത്ത്‌ പാഞ്ഞു വന്ന്‌ തള്ളയുടെ
അകിട്ടില്‍ മുട്ടിമുട്ടി മുല കുടിക്കുന്ന ആട്ടിന്‍ കുട്ടികളെ
കാണാന്‍ നല്ല കൗതുകമാണ്‌. പുഷ്‌പ കണ്ണടച്ച്‌ ഒരു വീര്‍പ്പിന്‌
രണ്ടു മുലയും കുടിച്ചു വറ്റിയ്‌ക്കും.
ഒന്നാം ക്ലാസിലായിരുന്നു ഞാനും പുഷ്‌പയും അന്ന്‌.
ഞാന്‍ ഒരു വയസ്സ്‌ തികച്ചും മുല കുടിച്ചിട്ടില്ല. അപ്പോഴേക്കും
ഉമ്മയുടെ മുലയ്‌ക്ക്‌ പുതിയ അവകാശിയെത്തിയിരുന്നു.
അനിയന്‍ ഭാഗ്യവാനായിരുന്നു. അവനു താഴെയുള്ള
പെങ്ങള്‍ വരാന്‍ കുറേ താമസിച്ചു. അവന്‌ കുറേക്കാലം
ഉമ്മ മുല കൊടുത്തിട്ടുണ്ട്‌. അവന്‍ കുടിക്കുന്നത്‌
ഞാന്‍ കൊതിയോടെ നോക്കിയിരുന്നിട്ടുണ്ട്‌. അസൂയ
തോന്നിയിട്ടുണ്ട്‌. ഇന്നും ഉമ്മ അവനോട്‌ ഇത്തിരി
സ്‌നേഹക്കൂടുതല്‍ കാണിക്കുന്നുണ്ടോ എന്ന്‌ ഞാന്‍ അസൂയപ്പെടുന്നു.
പുഷ്‌പ എന്നാണ്‌ മുലകുടി നര്‍ത്തിയതെന്നറിയില്ല.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സുന്ദരിയായ അവള്‍
ബാലേട്ടനെ പ്രേമിച്ചു. പരീക്ഷക്ക്‌ പിന്നാലെ കല്യാണം.
കല്യാണം കഴിഞ്ഞ്‌ അവള്‍ ബാലേട്ടന്റെ വീട്ടിലേക്ക്‌ പോയി.
പിന്നീട്‌ കുറേക്കാലത്തേക്ക്‌ ഞാനവളെ കാണുന്നില്ല.
കാണുമ്പോള്‍ അവള്‍ക്ക്‌ രണ്ടോ മൂന്നോ കുട്ടികളായിരുന്നു.
എവിടെയെങ്കിലും വെച്ച്‌ പുഷ്‌പയെ കണ്ടാല്‍, വരമ്പത്ത്‌
കയറ്റിവെച്ചിരിക്കുന്ന അമ്മയുടെ കാലില്‍ ചാടിക്കയറിയിരുന്നു
മുല കുടിക്കുന്ന ദൃശ്യം മനസ്സില്‍ തെളിയും. സ്‌കൂള്‍ ബസില്‍
നിന്നിറങ്ങി, ഓടിക്കയറി പൂമുഖത്തെത്തും മുമ്പേ ബാഗ്‌
വലിച്ചെറിഞ്ഞു വിരല്‍ കുടിയ്‌ക്കാന്‍ ധൃതിപ്പെടുന്ന
എന്റെ മകളെ കാണുമ്പോള്‍ ഞാന്‍ പുഷ്‌പയെ ഓര്‍ക്കും.
എന്റെ മോള്‍ക്ക്‌, വിരല്‌ കുടിക്കുന്ന ദുശ്ശീലമുണ്ട്‌.
നാലാള്‍ കാണ്‍കെ വിരല്‍ കുടിക്കാന്‍ അവള്‍ക്ക്‌ നാണമാണ്‌.
സ്‌കൂളിലും ബസ്സിലുമൊക്കെയാകുമ്പോള്‍ കഷ്‌ടപ്പെട്ട്‌ ക്ഷമിച്ചിരിക്കും.
ക്ലാസ്‌ കഴിഞ്ഞ്‌ വീട്ടിലെത്താന്‍ പുഷ്‌പയെപ്പോലെ
അവളും ധൃതിപ്പെട്ട്‌ ഓടിവരുന്നു.

സ്വന്തം കുഞ്ഞിന്‌ കുടിക്കാന്‍ വിധിയില്ലാത്ത മുലപ്പാല്‍
അമ്മയുടെ നെഞ്ചില്‍ കുത്തിനോവിക്കും. പത്ത്‌ പെറ്റ എന്റെ
ഉമ്മയോ ഒന്നാം ക്ലാസില്‍ പോകാന്‍ തുടങ്ങിയിട്ടും പുഷ്‌പയെ
പാലൂട്ടിയ അവളുടെ അമ്മയോ ആ വേദന അനുഭവിച്ചിട്ടില്ല.
ആ വേദന തടുക്കാന്‍ മുല്ലപ്പൂക്കളോ കാബേജിന്റെ ഇലകളോ
മുലയില്‍ ചേര്‍ത്തു വെച്ച്‌ അമ്മിഞ്ഞപ്പാലിന്‌ അണകെട്ടുന്ന
പെണ്ണുങ്ങളുണ്ട്‌. എന്നിട്ടും ശമിക്കാത്ത വേദനയെ തോല്‍പിക്കാന്‍
അവര്‍ വേദന സംഹാരികള്‍ വിഴുങ്ങുന്നു. മാറിലെ നോവ്‌ വേദന
സംഹാരി കൊണ്ടും മനസ്സിലെ നോവ്‌ കണ്ണീരു കൊണ്ടും
മായ്‌ക്കാന്‍ ശ്രമിക്കുന്ന അമ്മമാരുടെ കഥയാണിത്‌.
വീര്‍ത്തുകെട്ടുന്ന മുലകളുടെ വേദന അവര്‍ക്കു മാത്രേ മനസ്സിലാകൂ.

രണ്ട്

എലിസബത്ത്‌ കയറിയ വിമാനം റിയാദില്‍ പറന്നിറങ്ങി.
കണ്ണീരും മൂക്കും തുടച്ച കൈലേസ്‌ നനഞ്ഞ്‌ നാറിയിരുന്നു.
നെഞ്ചില്‍ തൂങ്ങൂന്ന ഭാരം ഇറക്കിവെക്കാന്‍ അവളൊരിടം തേടി.
സൂചി കുത്തുമ്പോലെ മാറിടം പിടയുന്നു. അതൊരമ്മയുടെ
മാത്രം വേദനയാണ്‌. അവള്‍ സ്‌ത്രീകളുടെ ടോയ്‌ലറ്റ്‌ തെരഞ്ഞു.
ചുരിദാറിന്റെ ഹുക്കുകള്‍ അടര്‍ത്തി, മകന്‌ കൊടുക്കാന്‍
കഴിയാത്ത സ്‌നേഹം അവള്‍ വാഷ്‌ബേസിനിലേക്ക്‌ അമര്‍ത്തിപ്പിഴിഞ്ഞു.
ഇന്നലെ രാത്രി മുതല്‍ തോരാതെ പെയ്യുന്ന കണ്ണീര്‍
തുടയ്‌ക്കാന്‍ ബാത്ത്‌റൂമിലെ ടിഷ്യൂ പേപ്പറുകള്‍
തികയില്ലെന്ന്‌ തോന്നി അവള്‍ക്ക്‌.
അല്‍ ഖസീമിലേക്കുള്ള വിമാനം ഇനിയും മൂന്ന്‌
മണിക്കൂര്‍ കഴിഞ്ഞേയുള്ളൂ. ലോഞ്ചില്‍ കാത്തിരിക്കുമ്പോള്‍
അവളുടെ കാതില്‍ മണിക്കുട്ടന്‍ കരഞ്ഞു. നെടുമ്പാശ്ശേരിയില്‍
ജോസേട്ടനും അമ്മയും പാസ്സെടുത്തു വിമാനത്താവളത്തിന്‌
അകത്ത്‌ കയറിയിരുന്നു. ചെക്ക്‌ ഇന്‍ കഴിഞ്ഞ്‌ ഇമിഗ്രേഷന്‍
കൗണ്ടറിലേക്ക്‌ നീങ്ങുന്നതിന്‌ മുമ്പ്‌, ഒരിക്കല്‍ കൂടി നെഞ്ചിലെ
സ്‌നേഹം മോന്‌ പകര്‍ന്നു കൊടുത്ത്‌, കരള്‍ പറിച്ചെറിയുമ്പോലെയാണ്‌
ജോസേട്ടന്റെ കൈകളിലേക്ക്‌ തിരിച്ചു കൊടുത്തത്‌.
മുപ്പത്താറ്‌ ദിവസം. അത്രയേ ആകുന്നുള്ളൂ മണിക്കുട്ടന്‍ പിറന്നിട്ട്‌.
അത്രയേ അവധിയുണ്ടായിരുന്നുള്ളൂ. മോനെ ജോസേട്ടനേയും
അമ്മയേയും ഏല്‍പിച്ച്‌ വിമാനം കയറി. കണ്ണും മൂക്കും
വിരിഞ്ഞു വരുന്നേയുള്ളൂ. പെറ്റിട്ടപ്പോള്‍ മമ്മി പറഞ്ഞു.
ജോസേട്ടന്റെ ചാച്ചന്റെ ഛായയാണെന്ന്‌. ശരിക്കുള്ള ഛായ
ഉരുത്തിരിഞ്ഞു വരാന്‍ കുറച്ചു കൂടി കഴിയണമെന്ന്‌ അപ്പോള്‍
നാത്തൂന്മാര്‍ ആരോ പറഞ്ഞു. എലിസബത്തിന്‌ അതൊന്നും
കാണാന്‍ കഴിയില്ല. ജീവിതം കടലുകള്‍ക്കിക്കരെയായിപ്പോയി.
കുഞ്ഞിന്റ മാറുന്ന മുഖവും ഭാവങ്ങളും കാണാന്‍ ഓരോ
മസാവും ഫോട്ടോയെടുത്തു അയച്ചു തരാന്‍ ജോസേട്ടനെ
പറഞ്ഞേല്‍പിച്ചിട്ടുണ്ട്‌. അടുത്ത വരവിന്‌ മണിക്കുട്ടനെ
മാമോദീസ മുക്കണം. അതിന്‌ കണക്കാക്കി വേണം അടുത്ത
അവധി തരപ്പെടുത്താന്‍.
പത്താം ക്ലാസ്‌ കഴിഞ്ഞ്‌ നഴ്‌സിംഗിന്‌ വിടണമെന്ന്‌ പള്ളീലെ അച്ചനാണ്‌
എലിസബത്തിന്റെ പപ്പയെ ഉപദേശിച്ചത്‌. അല്ലെങ്കിലും ഇടവകയിലെ
പെണ്‍കുട്ടികളൊക്കെ ചെയ്യുന്നത്‌ അതു തന്നെയാണ്‌.
പാവപ്പെട്ടവരും മധ്യവര്‍ഗ്ഗക്കാരുമൊക്കെ കടവും
കള്ളിയുമായി കുട്ടികളെ നഴ്‌സിംഗിന്‌ വിടും. മേഴ്‌സിച്ചേച്ചിയേയും
ആനിച്ചേച്ചിയേയും പോലെ ഗള്‍ഫ്‌ അന്നേ സ്വപ്‌നം കണ്ടു.
പപ്പയും മമ്മിയുമാണ്‌ കൂടുതല്‍ സ്വപ്‌നം കണ്ടത്‌. അല്ലെങ്കില്‍ അനു സെബാസ്റ്റ്യനെപ്പോലെയോ ജോളി മാത്യുവിനെപ്പോലെയോ
ഇംഗ്ലണ്ടിലോ അമേരിക്കയിലോ പോകണം. അനു സെബാസ്റ്റ്യന്റെ
അമ്മ പള്ളിയില്‍ വെച്ചു കാണുമ്പോഴൊക്കെ മമ്മിയോട്‌ പറയും.
പുറത്തു വല്ലോം പോണം. എന്നാലേ നാല്‌ കാശുണ്ടാക്കാന്‍ പറ്റൂ.
ഇവിടെ ഈ മാതായിലും കാരിത്താസിലുമൊക്കെ
പോയിട്ട്‌ എന്നാ കിട്ടാനാ? ഇനീപ്പം സര്‍ക്കാരാശുപത്രീ കിട്ടിയാലും
പിള്ളാര്‍ക്ക്‌ കഷ്‌ടപ്പാടാന്നല്ലാതെ വലിയ കാര്യമൊന്നുമില്ല..
കോഴ്‌സും ബോണ്ടും കഴിഞ്ഞ്‌, ബോംബെയിലും
ദല്‍ഹിയിലുമൊക്കെ പ്രവൃത്തി പരിചയത്തിനായി കുറേ വട്ടം കറങ്ങി.
മീറത്തിലെ നഴ്‌സിംഗ്‌ സ്‌കൂളിലുണ്ടായിരുന്ന മറാഠി
അമ്മാവനാണ്‌ സൗദിയിലേക്കുള്ള ഇന്റര്‍വ്യൂവിന്റെ കാര്യം
എഴുതിയറിച്ചത്‌. അന്ന്‌ ദല്‍ഹിയിലായിരുന്നു. ദല്‍ഹിയില്‍ നിന്ന്‌
മുംബൈയില്‍ വന്നു. ഒരുപാട്‌ നഴ്‌സുമാരെ അമ്മാവന്‍ ഗള്‍ഫിലോ
സ്റ്റേറ്റ്‌സിലോ എത്തിച്ചിട്ടുണ്ട്‌. ചിലരൊക്കെ ഇംഗ്ലണ്ടിലുമുണ്ട്‌.
അമ്മാവന്‍ ഒന്നും ചെയ്യുന്നില്ല. പത്രത്തില്‍ വരുന്ന ഇന്റര്‍വ്യൂ
പരസ്യങ്ങള്‍ തപ്പിപ്പിടിച്ച്‌ കുട്ടികളെ അറിയിക്കും.
ഐ.ഇ.എല്‍.ടി.എസ്‌ എഴുതിയാല്‍ ലണ്ടനിലേക്ക്‌ ശ്രമിക്കാം.
അല്ലെങ്കില്‍ സി.ജി.എഫ്‌.എന്‍.എസ്‌ നോക്കണം. ഒന്നും നടന്നില്ല.
ഇപ്രാവശ്യത്തെ അവധിക്കാലം പ്രസവവും ആശുപത്രിയുമായി കഴിഞ്ഞു.
ജോസേട്ടനെപ്പോലും ശരിക്ക്‌ സ്‌നേഹിക്കാന്‍ നേരം കിട്ടിയിട്ടില്ല.
ലണ്ടനിലോ സ്റ്റേറ്റ്‌സിലോ ആണെങ്കില്‍ ഗ്രീന്‍ ചാനലില്‍ തന്നെ
ഭര്‍ത്താവിനേയും കൊണ്ടുപോകാം. സൗദി അറേബ്യയില്‍ അതു പറ്റില്ല.
ഇവിടെ നഴ്‌സുമാര്‍ക്ക്‌ കുടുംബ വിസയില്ല.
അവര്‍ ഒറ്റക്ക്‌ ഹോസ്റ്റലില്‍ കഴിയണം. നൊന്തുപെറ്റ കുഞ്ഞിനെ
കണ്ടു കൊതി തീരുന്നതിന്‌ മുമ്പേ കണ്ണീരോടെ വിമാനം കയറണം,

എന്‍.ഐ.സി.യുവിലാണ്‌ എലിസബത്തിന്‌ ഡ്യൂട്ടി. ആതുരരായ
നവജാത ശിശുക്കളുടെ ലോകം. രാവിലെ ഡ്യൂട്ടിക്ക്‌ ചെല്ലുമ്പോള്‍ രാജി കാത്തിരിക്കുന്നുണ്ടായിരുന്നു. ഇന്‍വെന്ററിയെടുത്ത്‌, മെഡിസിനുകളും
ഉപകരണങ്ങളും ചെക്ക്‌ ചെയ്‌ത്‌ ഡ്യൂട്ടി ഏറ്റുവാങ്ങിപ്പോകുമ്പോള്‍
ആന്‍സി പുതിയ അഡ്‌മിഷന്‍ വന്ന കുഞ്ഞിനെപ്പറ്റി പറഞ്ഞു.
കണ്ണുകളിറുക്കിയടിച്ച്‌, സുഖനിദ്രയില്‍ കിടയ്‌ക്കുന്ന കുഞ്ഞിന്‌
ശ്വാസത്തിന്‌ പ്രശ്‌നമുണ്ട്‌. സിസേറിയനായിരുന്നു. ചുവന്നു തുടുത്ത
ഈ അറബിക്കുട്ടന്‌ തന്റെ മണിക്കുട്ടന്റെ ഛായയുണ്ടോ?
എലിസബത്തിന്റെ മനസ്സൊന്നു പിടച്ചു. നെഞ്ചില്‍ സ്‌നേഹം ചുരന്നു.
നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലെ ഓരോ കുഞ്ഞിലും
അവള്‍ തന്റെ മണിക്കുട്ടന്റെ മുഖം കണ്ടു. സ്വന്തം കുഞ്ഞിനെപ്പോലെ,
അവള്‍ ഓരോ കുഞ്ഞിനേയും താലോലിച്ചു. ആ കുഞ്ഞുങ്ങള്‍ക്കെല്ലാം
എലിസബത്ത്‌ അമ്മയായി. നാപ്‌കിനുകള്‍ മാറ്റുമ്പോഴും ആന്റിബയോട്ടിക്കുകള്‍ നല്‍കുമ്പോഴും പുലര്‍ക്കാലങ്ങളില്‍ നേര്‍ത്ത ചുടുവെള്ളത്തില്‍ അവറ്റകളെ കഴുകിയെടുക്കുമ്പോഴും അവളിലെ അമ്മ ഉണര്‍ന്നു കരഞ്ഞു.
അപ്പോഴൊക്കെ മണിക്കുട്ടന്‍ മനസ്സില്‍ കൈകാലിട്ടടിച്ചു.
അവന്‍ ചിരിക്കുകയാണോ കരയുകയാണോ? നെഞ്ച്‌ വല്ലാതെ
ചുരത്തിക്കൊണ്ടിരിക്കുന്നു.
മുലപ്പാലിന്റെ ഭാരം നെഞ്ചില്‍ വേദനയായി പുളയുന്നുണ്ട്‌.
ഡ്യൂട്ടിക്ക്‌ പുറപ്പെടും മുമ്പ്‌ വേദനക്കുള്ള കാബര്‍ ഗോളിന്‍
ഗുളിക കഴിച്ചതാണ്‌.
ഇടക്ക്‌ മനസ്സ്‌ വല്ലാതെ പതറുമ്പോള്‍ അവള്‍ക്ക്‌ തോന്നും,
ദൈവമേ ഈ കുഞ്ഞുങ്ങളെ ഒന്നിച്ചെടുത്ത്‌ ഞാന്‍ മാറോട്‌ ചേര്‍ത്താലോ?
എന്റെ കുഞ്ഞിന്‌ കിട്ടാത്ത ഈ മുലപ്പാല്‍ അവര്‍ കുടിച്ചു വറ്റിക്കട്ടെ...
വേദന താങ്ങാതാകുമ്പോള്‍ ടോയ്‌ലറ്റില്‍ പോയി അവള്‍ മാറ്‌ പിഴിഞ്ഞൊഴിച്ച്‌ നെടുവീര്‍പ്പിടും.
നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ സ്‌തനങ്ങളും
എത്ര ഭാഗ്യമുള്ളവ എന്ന്‌ വേദപുസ്‌തകത്തില്‍ (ലൂക്കോ: 11:27)
വായിക്കുമ്പോഴൊക്കെ സ്വന്തം കുഞ്ഞിനെ പാലൂട്ടാന്‍ പറ്റാത്ത തന്റെ സ്‌തനങ്ങളെക്കുറിച്ചോര്‍ത്ത്‌ എലിസബത്ത്‌ കരയും. തന്റേയും മണിക്കുട്ടന്റേയും ഭാഗ്യക്കേടില്‍ മനസ്സ്‌ വേവും. അന്നേരം, മോശയെ പാലൂട്ടാന്‍
ഫറോവയുടെ കൊട്ടാരത്തില്‍ വേഷ പ്രഛന്നയായി ചെന്ന
മോശയുടെ മാതാവിനെക്കുറിച്ച്‌ അവള്‍ ഓര്‍മിക്കും.
പുഴയിലൊഴുക്കിയ കുഞ്ഞിന്‌ മുലകൊടുക്കുന്നതിനെ കുറിച്ചായിരുന്നു
മോശയുടെ അമ്മയുടേയും വേദന. കര്‍ത്താവേ,
ഈ രാത്രിയില്‍ എനിക്ക്‌ രണ്ട്‌ ചിറക്‌ മുളച്ചിരുന്നെങ്കില്‍ പറന്നു പോയി ഞാനെന്റെ കുഞ്ഞിനെ പാലൂട്ടുമായിരുന്നല്ലോ എന്നവള്‍ വിലപിക്കും. പിന്നെ,
കാബേജിന്റെ ഇലകളോ മുല്ലപ്പൂക്കളോ വെച്ച്‌ അവള്‍ മാറിടം വരിഞ്ഞുകെട്ടും. കാബേജിന്റെ ഇലകളും മുല്ലപ്പൂക്കളും മുലപ്പാല്‍ കുടിച്ചു വറ്റിക്കട്ടെ.
മലുപ്പാല്‍ ചുരത്തിപ്പോരാതെ പിടിച്ചു കെട്ടാനുള്ള ചിറയാണ്‌ ഈ കെട്ട്‌.
പേറു കഴിഞ്ഞ്‌ നാട്ടില്‍ നിന്നു പോരുന്ന പ്രവാസിപ്പെണ്ണുങ്ങളൊക്കെ
ചെയ്യുന്ന ഒരു നാടന്‍ വൈദ്യമാണത്‌. മുലപ്പാല്‍ കുറയ്‌ക്കുന്നതിന്‌ നാട്ടില്‍
വെച്ചേ മുല്ലപ്പൂ വൈദ്യം തുടങ്ങിയിരുന്നു. ഇവിടെ മുല്ലപ്പൂക്കള്‍ കിട്ടാന്‍
പ്രയാസമാണ്‌. കാബേജു തന്നെയാണ്‌ ആശ്രയം.
വൃത്തിയായി കഴുകിയ കാബേജിന്റെ ഇലകള്‍ തണ്ടുകള്‍ കളഞ്ഞ ശേഷം
മുലകളില്‍ വെക്കുകയാണ്‌ ചെയ്യുന്നത്‌. മുലക്കണ്ണ്‌ ഒഴിവാക്കി,
മുലയുടെ ചുറ്റും ഇല ചേര്‍ന്നു നില്‍ക്കുന്ന രൂപത്തിലാണ്‌ വെയ്‌ക്കുന്നത്‌.
മുലകളില്‍ ചേര്‍ന്നു നില്‍ക്കാന്‍ അനുയോജ്യമായ ബ്രാ ഉപയോഗിക്കും.
മുല്ലപ്പൂക്കളും ഇതേ രീതിയിലാണ്‌ പ്രയോഗിക്കുന്നത്‌.
മുല്ലപ്പൂക്കളും കാബേജിന്റെ ഇലകളും മാറിലെ ഭാരം കുറയ്‌ക്കും.
ആത്മാവിന്റെ വേദന പക്ഷേ, എങ്ങിനെ തീരും?


എലിസബത്ത്‌ പിന്നീട്‌ നാട്ടിലേക്ക്‌ തിരിച്ചു പോയി.
പോകുമ്പോള്‍ അവളുടെ കൈയില്‍ രണ്ടാഴ്‌ച മുമ്പ്‌ പ്രസവിച്ച
രണ്ടാമത്തെ കുഞ്ഞുമുണ്ടായിരുന്നു. ഇക്കുറി പ്രസവം കഴിഞ്ഞ്‌
മരുഭൂമിയുടെ നാട്ടിലെ ആശുപത്രിയിലേക്ക്‌ തിരിച്ചു വരേണ്ടെന്ന്‌
അവള്‍ തീരുമാനിച്ചു. നൊന്തുപെറ്റ കുഞ്ഞിനെ
നാട്ടിലുപേക്ഷിച്ചു പോരാന്‍ വയ്യ. മണിക്കുട്ടന്റെ കൈയും കാലും
വളരുന്നത്‌ കാണാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. കഴിഞ്ഞ തവണ
അവധിക്കു ചെന്നപ്പോഴും അവന്‌ അടുത്തു വരാന്‍ മടിയായിരുന്നു.
അടുക്കാന്‍ തുടങ്ങുമ്പോഴേക്കും തിരിച്ചു പോരാന്‍ സമയമാകും
ഫൈനല്‍ എക്‌സിറ്റിനുള്ള അപേക്ഷ കൊടുത്തു അവള്‍ കാത്തിരുന്നു.
പക്ഷേ, ആരോഗ്യ മന്ത്രാലവയുമായുള്ള കരാര്‍ തീരാറായിരുന്നു.
കരാറിന്റെ കാലാവധി തീരാതെ ഫൈനല്‍ എക്‌സിറ്റ്‌ കിട്ടില്ല.
റീ എന്‍ട്രി വിസ കിട്ടണമെങ്കില്‍ കരാര്‍ പുതുക്കണം.
രണ്ടായാലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അതിന്റേതായ
സമയമെടുക്കും. നിയമങ്ങള്‍ അവളെ നോക്കി കൊഞ്ഞനം
കുത്തിക്കൊണ്ടിരുന്നു. പ്രസവത്തിന്‌ നാട്ടിലെത്തണമെന്ന
അവളുടെ ആഗ്രഹം വെറുതെയായി. ജോലി ചെയ്യുന്ന
ആശുപത്രിയില്‍ തന്നെ അവള്‍ പ്രസവിച്ചു.
സഹപ്രവര്‍ത്തകകളുടെ പരിചരണത്തിലായിരുന്നു അവള്‍.
പ്രസവം കഴിഞ്ഞ്‌ രണ്ടാഴ്‌ചക്കുശേമാണ്‌ അവളുടെ
കടലാസുപണികള്‍ പൂര്‍ത്തിയായി പാസ്സ്‌പോര്‍ട്ട്‌ കയ്യില്‍ കിട്ടിയത്‌.
അതുവരെ ഹോസ്റ്റലില്‍ തന്നെയായിരുന്നു താമസം.
രാത്രി ഷിഫ്‌റ്റ്‌ കഴിഞ്ഞ്‌ മുറിയില്‍ വന്നു കിടന്നുറങ്ങുന്ന
സഹപ്രവര്‍ത്തകയെ പലപ്പോഴും അവളുടെ കുഞ്ഞിന്റെ
കരച്ചില്‍ അലോസരപ്പെടുത്തി. അവളോടുള്ള അനുതാപത്തില്‍
എല്ലാവരും സഹിച്ചു. വിമാനത്താവളത്തില്‍ യാത്രയയക്കാന്‍
ചെന്നപ്പോള്‍ ഏതൊക്കെയോ അസ്വാതന്ത്ര്യങ്ങളില്‍ നിന്ന്‌ രക്ഷപ്പെട്ട ഒരാളുടെ മുഖച്ഛായയായിരുന്നു അവള്‍ക്ക്‌.
എലിസബത്ത്‌ ഉപേക്ഷിച്ചു പോയ ആശുപത്രിയുടെ വരാന്തകളിലൂടെ,
അവള്‍ പിഴിഞ്ഞൊഴിച്ച മുലപ്പാല്‍ ഒഴുകി വരുന്നുണ്ടോ?
സ്വയം ജീവിയ്‌ക്കാന്‍, നാടിന്റെ സാമ്പത്തിക സുസ്ഥിതിക്ക്‌
സംഭാവന അര്‍പ്പിക്കാന്‍ കടല്‍ കടന്നു പോന്ന ഒരമ്മയുടെ
കണ്ണീരും ചോരയും കലര്‍ന്ന്‌ മലിനമായ ആ മുലപ്പാല്‍
ഒരു മഹാപ്രളയമായി കേരളത്തിലേക്ക്‌ ഒഴുകിയെത്തി നമ്മെ
വിഴുങ്ങിക്കളയുമോ?

ലേഖനത്തിന്‍റെ പൂര്‍ണരൂപം

Friday, July 18, 2008

വിനോദം മരണത്തിലേക്ക്‌

എന്റെ കൈകാലുകളില്‍ നിന്ന്‌ ആ വിറയല്‍ ഇപ്പോഴും മാറിയിട്ടില്ല.
അരിപ്പാറയിലെ വെള്ളച്ചാട്ടം കൊണ്ടുപോകാന്‍ ശ്രമിച്ച മൂന്നു കൂട്ടുകാരെ
തിരിച്ചു കിട്ടിയ നിമിഷം.

ഒരവധിക്കാലത്ത്‌ ആ സൗന്ദര്യം തേടിച്ചെന്ന ഞാനും എന്റെ കൂട്ടുകാരും
ഭാഗ്യം കൊണ്ട്‌ മാത്രം മരണ മുഖത്തു നിന്ന്‌ രക്ഷപ്പെടുകയായിരുന്നു.
തൊട്ടടുത്ത ദിവസങ്ങളില്‍ അവിടെ നടന്ന രണ്ട്‌ മരണങ്ങളാണ്‌
മറക്കാന്‍ ശ്രമിക്കുന്ന ആ ഓര്‍മകളുടെ ഞെട്ടല്‍ വീണ്ടും മനസ്സിലേക്ക്‌ കൊണ്ടു വരുന്നത്‌.

ഇപ്പോള്‍, പ്രൃതിയുടെ വശ്യതയും വന്യതയും നിറഞ്ഞു നില്‍ക്കുന്ന ആ
കാഴ്‌ചകളിലേക്കുള്ള പ്രവേശനം ജില്ലാ ഭരണകൂടം നിരോധിച്ചിരിക്കുകയാണ്‌.
വെള്ളച്ചാട്ടത്തില്‍ അപകടം പതിവായതു തന്നെ കാരണം.

മലകളില്‍ നിന്നിറങ്ങി, കുതിച്ചു ചാടി വരുന്ന ഏതൊരു വെള്ളച്ചാട്ടവും സൗന്ദര്യം
മാത്രമല്ല, അപകടം കൂടി ഉള്ളിലൊളിപ്പിച്ചു വെച്ചിരിക്കും -യക്ഷിയെപ്പോലെ.

പാല്‍നുര ചിതറി, അഴകളവുകള്‍ പ്രദര്‍ശിപ്പിച്ച്‌, പൊട്ടിച്ചിരിയുടെ
കളംകളം മുഴക്കി അത്‌ നമ്മെ പ്രലോഭിപ്പിക്കും. മരണത്തിലേക്ക്‌
വലിച്ചടുപ്പിച്ചു കൊണ്ടിരിക്കും. പക്ഷേ, അതിന്റെ ദംഷ്‌ട്രകളില്‍
പെട്ടുപോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത്‌ നമ്മള്‍ തന്നെയാണ്‌.
ദൂരെ നിന്നു കാണേണ്ടത്‌ ദൂരെ നിന്നേ കാണാവൂ.. അല്ലെങ്കിലും അടുത്തു
ചെല്ലുമ്പോഴാണല്ലോ പലതിന്റേയും തനിനിറം നാം കാണുന്നത്‌.
നല്ലൊരു സൗഹൃദത്തിനു പോലും ചിലപ്പോള്‍ ഇങ്ങിനൊയൊരു
ദുര്യോഗം സംഭവിക്കുന്നത്‌ അനുഭവിച്ചിട്ടില്ലേ...?

രണ്ടോ മൂന്നോ ആഴ്‌ച മുമ്പാണ്‌ മാങ്കാവില്‍ നിന്നെത്തിയ
ഒരു സഹോദരന്‍ അവളുടെ ചതിയില്‍ പെട്ടത്‌. ഇപ്പോള്‍ ചെറൂപ്പ
കുറ്റിക്കടവിലെ മറ്റൊരു യുവാവും. ഈ കുറിപ്പെഴുതുമ്പോഴും
ഇവരിലൊരാളുടെ ശരീരം കണ്ടെത്താനായിട്ടില്ല.

കോഴിക്കോട്‌ ജില്ലയില്‍ മലയോര മേഖലയായ ആനക്കാംപൊയിലിന്‌
സമീപമാണ്‌ കണ്ണിനും കരളിനും കുളിര്‌ പകരുന്ന അരിപ്പാറ വെള്ളച്ചാട്ടം.
അടുത്തിടെ മാത്രമാണ്‌ ഈ കേന്ദ്രം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തുടങ്ങിയത്‌.
പഞ്ചായത്ത്‌ അധികൃതര്‍ വികസന പ്രവര്‍ത്തനങ്ങളിലൂടെ ഇവിടേക്ക്‌
കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ്‌.
പക്ഷേ, ദിനേന എത്തിക്കൊണ്ടിരിക്കുന്ന സഞ്ചാരികളുടെ സുരക്ഷയ്‌ക്ക്‌
ആവശ്യമായ യാതൊന്നും ചെയ്‌തുവെച്ചിട്ടില്ലെന്നതാണ്‌ സത്യം.
ഇപ്പോള്‍ സുരക്ഷയുടെ പേരിലാണ്‌ ജില്ലാ ഭരണകൂടം ഇവിടെ
സഞ്ചാരികള്‍ക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയതും.

പരിസരത്തെ ഗ്രാമീണരില്‍ ചിലര്‍ക്ക്‌ സഞ്ചാരികളുടെ വരവും പോക്കും
നല്ല വരുമാന മാര്‍ഗ്ഗമായിരുന്നു. സഞ്ചാരികള്‍ക്ക്‌ ഏറ്റവും രുചിയേറിയ,
ഗാര്‍ഹിക ഭക്ഷണമൊരുക്കിക്കൊടുക്കാന്‍ മലഞ്ചെരിവുകളിലെ വീട്ടുകാരുണ്ട്‌.
അധികൃതരുടെ ഉദാസീന നയങ്ങള്‍ മൂലമോ സഞ്ചാരികളുടെ
അനവധാനത മൂലമോ ഒക്കെ ഇല്ലാതാകുകയാണ്‌.

പലപ്പോഴും മദ്യക്കുപ്പികളുമായെത്തുന്ന സഞ്ചാരികള്‍ ഈ
വെള്ളക്കെട്ടുകളെ മലിനമാക്കുന്നു. കുടിച്ചു ലക്കുകെട്ടവര്‍ ഗ്രാമീണരായ
പെണ്ണുങ്ങളെ ശല്യം ചെയ്യുന്നതായും ഇടക്ക്‌ പരാതിയുണ്ടായിരുന്നു.
ഇതിനെതിരെ നാട്ടുകാര്‍ പഞ്ചായത്ത്‌ അധികൃതര്‍ക്കും പോലീസിലും
പരാതി നല്‍കിയാതി പത്രത്തില്‍ വാര്‍ത്ത വന്നു.

അരിപ്പാറയിലേക്ക്‌ പോകുന്നവര്‍ ശ്രദ്ധിക്കുക -പ്രകൃതിയുടെ
ഈ സൗന്ദര്യ സങ്കേതം അതേ പടി നിലനിര്‍ത്തുകക.
അതിന്റെ ചാരിത്ര്യം കവര്‍ന്നെടുക്കരുത്‌. ഒപ്പം ദംഷ്‌ട്രകള്‍ ഉള്ളിലൊളിപ്പിച്ച്‌,
പൊട്ടിച്ചിരിച്ചു കുതിച്ചു ചാടി വരുന്ന ആ സൗന്ദര്യത്തില്‍ മതി മറന്ന്‌
മരണത്തിലേക്ക്‌ സ്വയം കടന്നു ചെല്ലാതിരിക്കുക ---

Saturday, July 12, 2008

മരണമില്ലാത്ത പ്രണയം

എത്ര താജ്‌മഹലുകള്‍ തീര്‍ക്കും
നാം ഈ പ്രണയത്തിന്‌?


ബി.പി. മൊയ്‌തീനെ ആദ്യമായി കാണുമ്പോള്‍ അദ്ദേഹത്തോടൊപ്പം ഒരു കരിങ്കുരങ്ങുണ്ടായിരുന്നു. ഓമനത്വമുള്ള ഒരു കുട്ടിക്കുരങ്ങ്‌. ചീനിയുടെ ചുവട്ടില്‍ വെച്ചാണ്‌ ആദ്യം ആ കാഴ്‌ച കാണുന്നത്‌. രാവിലെ സ്‌കൂളിലേക്ക്‌ പോകുകയായിരുന്നു ഞാന്‍.
പുല്‍പറമ്പ്‌ കഴിഞ്ഞ്‌ കൊടിയത്തൂരിലേക്ക്‌ പോകുന്ന തെയ്യത്തിന്‍ കടവിലേക്ക്‌ തിരിയുന്നേടത്താണ്‌ ചീനി. ബസ്‌ കാത്തു നില്‍ക്കുന്നവര്‍ക്കും വഴിയാത്രക്കാര്‍ക്കും വിശാലമയ തണലൊരുക്കി നില്‍ക്കുന്ന ചീനിയുടെ ചുവട്ടില്‍
വെള്ളാരങ്കണ്ണുകളുള്ള ആ വലിയ മനുഷ്യന്‍ നില്‍ക്കുമ്പോള്‍
ചുമലിലായിരുന്നു ആ കരിങ്കുരങ്ങ്‌.
ക്ലാസില്‍ ചെന്നപ്പോള്‍ റഫീഖ്‌ പറഞ്ഞു: അതാണ്‌ ബി.പി മൊയ്‌തീന്‍.
ആ കുരങ്ങിന്റെ പേര്‌ സീതയാണെന്നും. പെണ്ണു കെട്ടാത്ത മൊയ്‌തീന്റെ കൂടെ എപ്പോഴും സീതയുണ്ടാകുമെന്ന്‌ മുതിര്‍ന്നവര്‍ പറഞ്ഞു കേട്ട വലിയൊരു വിവരവും അവന്‍ പറഞ്ഞു തന്നു.
റഫീഖ്‌ മുക്കത്തുകാരനാണ്‌. സിനിമാളിലെ മമ്മദാജിയുടെ മകന്‍. (വയലില്‍ എന്നാണ്‌ അവരുടെ ശരിക്കുള്ള വീട്ടുപേര്‌.
പണ്ട്‌, സിനിമാ ടാക്കീസ്‌ ഉണ്ടായിരുന്ന സ്ഥലത്ത്‌
വീടു വെച്ചപ്പോള്‍ അവരുടെ വീട്ടു പേര്‌ സിനിമാളെന്നായി).
മുക്കത്തുകാരനായ ബി.പി. മൊയ്‌തീനെക്കുറിച്ച്‌ പിന്നെയും
അവന്‍ ഇടക്കു പറഞ്ഞു തരും. സിനിമാക്കാരുമായുള്ള ബന്ധം. ജയന്‍ നായകനായ അഭിനയം സിനിമ നിര്‍മിച്ച കഥ.
എല്ലാ സിനിമയും കണ്ട്‌ അതിന്റെ കഥകള്‍
വള്ളിയും പുള്ളിയും പോകാതെ പറഞ്ഞു തരാന്‍ റഫീഖ്‌ മിടുക്കനായിരുന്നു. അഭിനയത്തിന്റെ ഷൂട്ടിംഗിന്‌ കട്ടാങ്ങലും പരിസരത്തും വന്നപ്പോഴാണ്‌ റഫീഖ്‌ ജയനെ കാണുന്നത്‌. അതിനൊക്കെ കഴിവുള്ള വലിയ ഒരാളായി ബി.പി. മൊയ്‌തീന്‍ എന്റെ കുഞ്ഞു മനസ്സിലും കുടിയേറി.

എന്നാലും ചീനിയുടെ ചോട്ടില്‍ സീതയോടൊപ്പം കണ്ട മൊയ്‌തീനായിരുന്നു എന്റെ മനസ്സില്‍. പിന്നെ മൊയ്‌തീനെ കാണുമ്പോഴൊക്കെ ആദരപൂര്‍വം നോക്കി നിന്നിട്ടുണ്ട്‌. ആ വെള്ളാരങ്കണ്ണുകളില്‍ എപ്പോഴും സ്‌നേഹം തുളുമ്പി നില്‍ക്കുകയാണെന്ന്‌ തോന്നിയിട്ടുണ്ട്‌.
ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമായിരുന്നു അത്‌. അന്നു പക്ഷേ, മൊയ്‌തീനും കാഞ്ചനേടത്തിയും തമ്മിലുള്ള
പ്രണയത്തെ കുറിച്ച്‌ റഫീഖിന്‌ അറിയാമായിരുന്നോ എന്നെനിക്കറിയില്ല. അവന്‍ അതേക്കുറിച്ച്‌ ഒന്നും പറഞ്ഞതായി ഓര്‍മയില്ല. പ്രണയത്തെക്കുറിച്ചൊക്കെ ഞങ്ങള്‍ ഏഴാം ക്ലാസുകാര്‍ ഇടക്കിടെ ചര്‍ച്ച ചെയ്‌തിരുന്നതാണല്ലോ. സ്ഥലത്തെ പോസ്റ്റുമാനും ജാനുവും തമ്മിലുള്ള പ്രണയം അങ്ങാടിപ്പാട്ടായിരുന്നുവല്ലോ. പോസ്റ്റ്‌ ഓഫീസിന്റെ ചുമരില്‍ ജാനു ഹ..ഹ..ഹ... എന്ന്‌ കരിക്കട്ട കൊണ്ട്‌ എഴുതിവെച്ചത്‌ ക്ലാസില്‍ നിന്ന്‌ പുറത്തു വിടുമ്പോഴും ഉച്ചക്ക്‌ വിടുമ്പോഴും ഞങ്ങള്‍ പോയി വായിച്ച്‌, നാണിച്ച്‌ ചിരിച്ചിരുന്നുവല്ലോ. കുഞ്ഞമ്മദ്‌ കാക്കയുടെ മകള്‍ സുന്ദരിയായ സുബൈദയോട്‌ സ്‌കൂളിന്റെ ഇടവഴിയില്‍നിന്ന്‌ ചായക്കടക്കാരന്‍ അസീസ്‌ വര്‍ത്തമാനം പറയുമ്പോള്‍ അവര്‌ തമ്മില്‍ പ്രേമമാണെന്ന്‌ ഞങ്ങള്‍ കുട്ടികള്‍ പിറുപിറുത്തിരുന്നുവല്ലോ. ലൈലയുടേയും അസ്‌മാബിയുടേയുമൊക്കെ പേര്‌ പറഞ്ഞ്‌ എന്നെ റഫീഖും ശംസുവും ശരീഫുമൊക്കെ കളിയാക്കിയിരുന്നതും അങ്ങിനെയുള്ള ഏതോ ചിന്തയുടെ പേരിലായിരുന്നില്ലേ?

പക്ഷേ, മൊയ്‌തീനെയും കാഞ്ചനേട്‌ത്തിയേയും പറ്റി റഫീഖ്‌ ഒന്നും പറഞ്ഞതോര്‍മയില്ല. മൊയ്‌തീനെ പിന്നെ ഇരുവഴിഞ്ഞി കൊണ്ടു പോയി. അപ്പോഴേക്കും ഞാന്‍ ഹൈസ്‌കൂള്‍ പഠനത്തിന്‌ വാടാനപ്പള്ളിയിലെ യതീംഖാനയിലെത്തിയിരുന്നു.
നന്നായി മഴപെയ്‌ത ഒരു രാവിലെ ഓര്‍ഫനേജിന്റെ ലൈബ്രറിയില്‍, പത്രങ്ങള്‍ വായിക്കാന്‍ ചെന്നപ്പോഴാണ്‌ കറുപ്പില്‍ വെള്ള അക്ഷരങ്ങള്‍ നിരത്തിയ ആ വാര്‍ത്ത കണ്ടത്‌. ഇരുവഴിഞ്ഞിപ്പുഴയില്‍ തോണി ദുരന്തം. തെയ്യത്തിന്‍ കടവില്‍ തോണി മറിഞ്ഞ്‌ മൂന്ന്‌ പേര്‍ മരിച്ചിരിക്കുന്നു. ദൈവമേ, ഇതെന്റെ പുഴയാണല്ലോ. ഞാന്‍ കൊടിയത്തൂരില്‍ അമ്മായിയുടേയും എളേമയുടേയും വീട്ടില്‍ പോകുന്നത്‌ ഈ കടത്ത്‌ വഴിയാണ്‌.
വെള്ളരിമലയില്‍ ഉരുള്‍പൊട്ടി, കൂലംകുത്തിയൊഴുകിയ പുഴയില്‍ നിറയെ യാത്രക്കാരുമായി മറുകരക്ക്‌ നീങ്ങിയ കൊച്ചു തോണി മറിഞ്ഞു. ഒരുപാട്‌ പേരെ, ജീവിതത്തിന്റെ കരയിലേക്ക്‌ കൊണ്ടു വന്ന മൊയ്‌തീന്‍ പക്ഷേ, കയങ്ങളിലേക്ക്‌ താണുപോയി. ഉള്ളാട്ടില്‍ ഉസ്സന്‍ കുട്ടിയാണ്‌ മരിച്ചു പോയ മറ്റൊരാള്‍. അന്ന്‌ പുഴ കൊണ്ടുപോയ അംജത്‌ മോനെ ഇന്നോളം തിരിച്ചു കിട്ടിയിട്ടില്ല.
മൊയ്‌തീനു വേണമെങ്കില്‍ സ്വയം നീന്തിക്കയറാമായിരുന്നു.
ആരോ എറിഞ്ഞു കൊടുത്ത കയറില്‍ പിടിക്കാന്‍ ില്‍ക്കാതെ
മറ്റുള്ളവരെ നോക്കിക്കൊള്ളാനായിരുന്നുവത്രെ അദ്ദേഹം അലറിയത്‌. കലങ്ങി മറിഞ്ഞ്‌, കൂലം കുത്തിയൊഴുകിയ ആ മലവെള്ളത്തില്‍ ഏറെ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ മൊയ്‌തീന്‍ തോറ്റുകൊടുത്തു. മൊയ്‌തീന്‍ പോയി. വാര്‍ത്ത വായിച്ചപ്പോള്‍ ഞാന്‍ മൊയ്‌തീനെക്കുറിച്ചും സീതയെക്കുറിച്ചും ഓര്‍ത്തു. കാഞ്ചനേട്‌ത്തി എന്റെ ചിത്രത്തിലെവിടയുമില്ലായിരുന്നു.
ഇടവപ്പാതി തകര്‍ത്തു പെയ്‌ത ഒരു പ്രഭാതത്തിലായിരുന്നു അത്‌.

പിന്നീട്‌ വെളുത്ത വസ്‌ത്രത്തില്‍ കാഞ്ചനേടത്തിയെ കണ്ടപ്പോള്‍ ആരോ പറഞ്ഞു, അത്‌ മൊയ്‌തീന്റെ വിധവയാണെന്ന്‌. മൊയ്‌തീന്‍ പെണ്ണുകെട്ടിയിട്ടില്ലെന്നാണ്‌ എന്റെ അറിവ്‌. ഇരുവരും തമ്മില്‍ പ്രേമത്തിലായിരുന്നുവെന്നും കെട്ടാന്‍ വീട്ടുകാര്‍ സമ്മതിച്ചില്ലെന്നും മൊയ്‌തീന്‍ കെട്ടാത്ത മൊയ്‌തീന്റെ വിധവയാണ്‌ കാഞ്ചനേട്‌ത്തിയെന്നും മനസ്സിലായത്‌ പിന്നെയാണ്‌. പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ എന്‍. മോഹനന്‍ മൊയ്‌തീന്‍ എന്ന കഥയെഴുതുന്നത്‌.
അക്കഥയില്‍ കാഞ്ചനേട്‌ത്തിയുടെ പേര്‌ വേറെയായിരുന്നു. മൊയ്‌തീനും കാഞ്ചനേടത്തിയും തമ്മിലുള്ള പ്രണയത്തിന്റെ ആഴം ഞാനറിയുന്നത്‌ ആ കഥയില്‍നിന്നാണ്‌. ഒരു പുഴയും, ഒരു കടലും അത്ര ആഴത്തിലൊഴുകുന്നില്ലെന്ന്‌ ഞാനറിയുന്നതും അപ്പോഴാണ്‌. തന്നേക്കാള്‍ ആഴത്തിലൊഴുകുന്ന പ്രണയപ്പുഴയോടുള്ള പകയാണോ ഇരുവഴിഞ്ഞി മൊയ്‌തീനോടും കാഞ്ചനയോടും തീര്‍ത്തത്‌?
ജീവിച്ചിരിക്കുന്ന കാഞ്ചനേടത്തിയുടെ നന്മ വിചാരിച്ചാകും മോഹന്‍ കഥയില്‍ അവരുടെ പേര്‌ ചേര്‍ക്കാതിരുന്നത്‌. ഇപ്പോള്‍ മൊയ്‌തീനും കാഞ്ചനേടത്തിയും തമ്മിലുള്ള അനശ്വര പ്രണയം പലപ്പോഴായി മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നു. ആദ്യം `വനിത' യില്‍. പിന്നെ ജയ്ഹിന്ദ് ടെലിവിഷന്‍ ചാനലിലെ സുപ്രിം സാക്രിഫൈസ്‌ എന്ന മഹാത്യാഗത്തിന്റെ എപ്പിസോഡില്‍. ഇപ്പോള്‍ സമകാലിക മലയാളം വാരികയില്‍.
എത്ര എഴുതിയാലും എത്ര ക്യാമറകള്‍ പകര്‍ത്തിയാലും ആ പ്രണയകഥയുടെ തീവ്രത നമുക്ക്‌ അനുഭവിക്കാന്‍ കഴിയില്ല.
ഇതുപോലൊരു പ്രണയം ലോകത്തെവിടെയെങ്കിലും ആരെങ്കിലും അനുഭവിച്ചിട്ടുണ്ടാകുമോ? പ്രണയത്തിനുവേണ്ടി മൊയ്‌തീന്‍ പിതാവിന്റെ
കത്തിക്കുത്തിന്‌ പാത്രമായി. വീട്ടില്‍ നിന്ന്‌ പുറത്തായി. കാഞ്ചനേട്‌ത്തി വീട്ടുതടങ്കലിലായി.
മൊയ്‌തീന്‍ പോയപ്പോള്‍ പിന്നാലെ പോകാന്‍ കാഞ്ചനേടത്തി പലവട്ടം പുറപ്പെട്ടതാണ്‌. ഉറക്ക ഗുളികള്‍ കഴിച്ചു നോക്കി. ഇരുവഴിഞ്ഞിപ്പുഴയില്‍ ചാടി നോക്കി. വേറെയും പല മാര്‍ഗ്ഗങ്ങള്‍ നോക്കി. വീട്ടുകാരും ബന്ധുക്കളും കാവല്‍ നിന്ന്‌ ആ ജീവന്‍ കാത്തു. ദിവസങ്ങളോളം അന്നപാനീയങ്ങള്‍ വെടിഞ്ഞ്‌ സ്വയം ഒടുങ്ങാന്‍ തീരുമാനിച്ച കാഞ്ചനേടത്തി ഒരിറ്റു വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചവരോട്‌ പറഞ്ഞു, എനിക്ക്‌ ഇരുവഴിഞ്ഞിപ്പുഴയിലെ വെള്ളം വേണം. മൊയ്‌തീന്‍ കുടിച്ചു മരിച്ച വെള്ളം. ജീവിതത്തിലേക്ക്‌ തിരിച്ചു വരാനല്ല, കലങ്ങി മറിഞ്ഞ ആ വെള്ളം കുടിച്ച്‌ സ്വയം ഇല്ലാതാകാന്‍ സാധിച്ചാലോ എന്നായിരുന്നുവത്രെ ചിന്ത.
ബന്ധുക്കള്‍ ആരോ കുപ്പിയിലാക്കി കൊണ്ടു വന്ന ആ വെള്ളം കുടിച്ചാണ്‌ പക്ഷേ, അവര്‍ ജീവിതത്തിലേക്ക്‌ തിരിച്ചു വന്നത്‌.
മറ്റൊരു വിവാഹത്തിനില്ലെന്ന വ്യവസ്ഥയില്‍, മൊയ്‌തീന്റെ വിധവയായി, വെളുത്ത വസ്‌ത്രത്തിലേക്കാണ്‌ അവരുടെ ജീവന്‍ മടങ്ങി വന്നത്‌. അങ്ങിനെ അവര്‍ മൊയ്‌തീന്റെ വിധവയായി. ഉറക്ക ഗുളികകളിലോ ഇരുവഴിഞ്ഞിപ്പുഴയിലോ നിരാഹാരത്തിന്റെ കാഠിന്യത്തിലോ കാഞ്ചനേടത്തിയുടെ ജീവിതം അവാസിനിച്ചു പോയിരുന്നുവെങ്കില്‍ മൊയ്‌തീനും കാഞ്ചനേടത്തിയും തമ്മിലുള്ള പ്രണയം ഒരു സാധാരണ പ്രണയമായി ഒടുങ്ങിപ്പോയോനെ...

മൊയ്‌തീന്റെ ഉമ്മ പാത്തുമ്മത്താത്ത വന്ന്‌ അവരെ കൊണ്ടുപോയി. മൊയ്‌തീന്റെ പേരില്‍ സേവാമന്ദിരവും സാമൂഹിക പ്രവര്‍ത്തനവുമായി അവര്‍ ജീവിച്ചു. ഇന്നും ജീവിക്കുന്നു, ചില്ലിട്ടുവെച്ച മൊയ്‌തീന്റെ ഛായാ ചിത്രത്തിനു കീഴെ ഏകാകിനിയായി. ഇന്നോളം ഒരു പെണ്ണും കടന്നുപോയിട്ടില്ലാത്ത പ്രണയ വഴിത്താരയില്‍ തീര്‍ത്തും ഏകാന്ത പഥികയായി. മുക്കത്ത്‌ ശരീരം മാത്രമുള്ള, കുറേ മനുഷ്യരുണ്ടായിരുന്നു.
വേലായുധനും അസൈന്‍ കുട്ടിയും അബുവും.. അങ്ങിനെ കുറേ പേര്‍. ഉറപ്പുള്ള മനസ്സില്ലാത്തവര്‍. ബുദ്ധിയുള്ളവര്‍ക്ക്‌ അവര്‍ ഭ്രാന്തന്മാരാണ്‌. കല്ലെറിഞ്ഞും കളിയാക്കിയും പാട്ടുപാടിച്ചും ബുദ്ധിമാന്‍മാര്‍ക്ക്‌ നേരം കളയാനുള്ളവര്‍. ബീഡിക്കുറ്റികള്‍ പെറുക്കി വലിച്ചു നടക്കുന്ന അവരെ കണ്ടാല്‍ ബുദ്ധിയുള്ളവര്‍ അറപ്പോടെ മാറി നില്‍ക്കും.
അവരെ മനുഷ്യ ജീവികളായി കണ്ടിരുന്നത്‌ പാത്തുമ്മത്താത്ത മാത്രമായിരുന്നു. കുളിപ്പിച്ചും ഭക്ഷണം വിളമ്പി കൊടുത്തും വസ്‌ത്രം കഴുകിക്കൊടുത്തും അവരെ പരിപാലിച്ചത്‌ ആ ഉമ്മ മാത്രമാണ്‌. ആ ഉമ്മയ്‌ക്കേ, ജാതിയും മതവും നോക്കാതെ, മരിച്ചു പോയ തന്റെ മകന്റെ ഭാര്യയായി കാഞ്ചനേട്‌ത്തിയെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടു വരാന്‍ സാധിക്കൂ. അങ്ങിനെ മകന്‍ കെട്ടാത്ത പെണ്ണിന്റെ അമ്മായി അമ്മയായി, അമ്മയായി പാത്തുമ്മത്താത്ത കാഞ്ചനേട്‌ത്തിയെ സ്‌നേഹിച്ചു.
കെട്ടാത്ത പുരുഷന്റെ പെണ്ണായി അവരോടൊപ്പം കാഞ്ചനേടത്തി ജീവിച്ചു. അങ്ങിനെ ജീവിയ്‌ക്കാന്‍ ഞങ്ങളുടെ കാഞ്ചനേടത്തിക്കേ കഴിയൂ.
വെറുതെ, ദുഃഖത്തിന്റെ മൂടുപടത്തിനകത്ത്‌ ജീവിതം തുലച്ചു കളയാതെ നാട്ടിലെ അശരണര്‍ക്കും അബലകളായ പെണ്ണുങ്ങള്‍ക്കും അവര്‍ ആശ്രയമായി. മുക്കത്തെ ബി.പി മൊയ്‌തീന്‍ സേവാ മന്ദിരം അത്തരക്കാരുടെ അഭയ കേന്ദ്രമയി.
ഇതാണ്‌ പ്രണയം. ഇതു മാത്രമാണ്‌ പ്രണയം. അനുരാഗം മാംസനിബദ്ധമല്ല തന്നെ, തീര്‍ച്ച. കാഞ്ചനേടത്തി ജീവിക്കുമ്പോഴെങ്കിലും
മറിച്ചു പറഞ്ഞാല്‍ ഞങ്ങള്‍ സമ്മതിച്ചു തരില്ല.

നാടന്‍ പ്രേമത്തിന്റെ നാട്ടില്‍ വളര്‍ന്നു പന്തലിച്ച ഈ അനശ്വര പ്രണയത്തിന്‌ ഏത്‌ സ്‌മാരകം
തീര്‍ക്കും നമ്മള്‍?

എത്ര താജ്‌മഹലുകള്‍ പണിതാല്‍ ഈ പ്രണയത്തിന്‌ സ്‌മാരകമാകും?

Monday, July 7, 2008

പാട്ടുകള്‍ വന്ന വഴികള്‍; പാട്ടുകാരും

പ്രശസ്ത സംഗീത നിരൂപകനും ഗവേഷകനുമായ രവി മേനോന്‍റെ എങ്ങിനെ നീ മറക്കും എന്ന ഗ്രന്ഥത്തിന്‍റെ ആസ്വാദനം.
പി.ഡി.എഫ് കോപ്പി ഇവിടെവായിക്കാം.


പാട്ടു പാടിയുറക്കാം ഞാന്‍ താമരപ്പൂമ്പൈതലേ...
പാട്ടു കേട്ട്‌ നീയുറങ്ങെന്‍ കരളിന്റെ കാതലേ.....

അര നൂറ്റാണ്ടോളം പഴക്കമുണ്ടെങ്കിലും ഇന്നും കുഞ്ഞുങ്ങളെ
പാടിയുറക്കുന്ന അമ്മമാരുടെ ചുണ്ടിലൂറി വരുന്ന പാട്ടാണിത്‌.
സീത എന്ന ചിത്രത്തില്‍ അഭയദേവ്‌ രചിച്ച്‌ ദക്ഷിണാമൂര്‍ത്തി
സംഗീതം പകര്‍ന്ന ഈ പാട്ട്‌ പി. സുശീലയുടെ സ്വരമാധുരിയിലാണ്‌
മലയാളികളുടെ ഹൃദയത്തിലേക്ക്‌ ഒഴുകിയത്‌.
തലമുറകളില്‍ നിന്ന്‌ തലമുറകളിലേക്ക്‌ പകര്‍ന്നു പോരുന്ന
സുന്ദരമായ ഈ താരാട്ട്‌ കേട്ടുറങ്ങാത്ത കുഞ്ഞുങ്ങളുണ്ടാകില്ല.

പക്ഷേ, ആ പാട്ടു പാടി മലയാളത്തെ മയക്കിയ പാട്ടുകാരി
ആ പാട്ടിന്‌ ജന്മം കൊടുക്കാന്‍ അനുഭവിച്ച ത്യാഗം എത്ര പേര്‍ക്കറിയാം?
ആന്ധ്രക്കാരിയായ സുശീലക്ക്‌ ഒരു നിലയ്‌ക്കും വഴങ്ങാത്ത
ഭാഷയായിരുന്നു മലയാളം. പി. ലീലക്കു വേണ്ടി
ചിട്ടപ്പെടുത്തിയതായിരുന്നു ശരിക്കും സീതയിലെ ആ പാട്ട്‌.
യാദൃച്ഛികമായാണ്‌ സുശീല പാടാനെത്തുന്നത്‌.
സ്വാഭാവികമായും ഭാഷ അതി കഠിനമായി വന്നു.
ന എന്ന അക്ഷരമാണ്‌ ഏറ്റവും പ്രശ്‌നമായത്‌.
രണ്ടു തരത്തിലാണ്‌ മലയാളത്തില്‍ ന ഉച്ചരിക്കുന്നത്‌.
പല്ലു കൊണ്ട്‌ നാക്കിന്റെ കീഴെ സ്‌പര്‍ശിച്ച്‌ ന പരിശീലിക്കാനായിരുന്നു
ദക്ഷിണാമൂര്‍ത്തി സ്വാമയുടെ നിര്‍ദേശം.
ന പരിശീലിച്ച്‌ നാവു മുറിഞ്ഞ്‌ ആ മറുനാട്ടുകാരിയുടെ
നാവില്‍ ചോര പൊടിഞ്ഞു. അങ്ങിനെ കഷ്‌ടപ്പെട്ട്‌ ഉച്ചാരണം
പഠിച്ച്‌ സശീല പാടി ആ പാട്ട്‌ എത്ര കുഞ്ഞുങ്ങള്‍ക്കാണ്‌ ഉറക്കുപാട്ടായത്‌!

ഈ പാട്ടും പാട്ടുകാരിയും കടന്നുവന്ന വഴികളെക്കുറിച്ച്‌
നമുക്ക്‌ പറഞ്ഞു തരുന്നത്‌ രവിമേനോനാണ്‌. ഗാനഗവേഷകന്‍
എന്ന നിലയിലും അവതാരകന്‍ എന്ന നിലയിലും ശ്രദ്ധേയനായ
രവിമേനോന്റെ എങ്ങിനെ നാം മറക്കും എന്ന പുസ്‌തകം
സംഗീതാസ്വാദര്‍ക്ക്‌ അങ്ങിനെ വലിയ മുതല്‍ക്കൂട്ടാകുന്നു.
നാം നെഞ്ചേറ്റിയ പാട്ടുകളെക്കുറിച്ചും ആ പാട്ടുകളിലൂടെ
നാം നെഞ്ചേറ്റുന്ന പാട്ടുകാരെക്കുറിച്ചും നാം കൂടുതല്‍ അറിയുന്നൂ
ഒലിവ്‌ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിലൂടെ.
നാദം, ഗാനം, ഈണം എന്നിങ്ങിനെ മൂന്ന്‌ ഭാഗങ്ങളിലായി
25 ലേഖനങ്ങളാണ്‌ പുസ്‌തകത്തില്‍ ചേര്‍ത്തിരിക്കുന്നത്‌.

നാദം എന്ന വിഭാഗത്തില്‍ ഗായകരേയും ഗാനം എന്ന വിഭാഗത്തില്‍
കവികളേയും ഈണം എന്ന വിഭാഗത്തില്‍ സംഗീത
സംവിധായകരേയും അവതരിപ്പിക്കുന്നു.
യേശുദാസ്‌, ജയചന്ദ്രന്‍, ഉദയഭാനു, പി. ലീല, കോഴിക്കോട്‌ അബ്‌ദുല്‍ ഖാദര്‍,
എസ്‌. ജാനകി, വാണി ജയറാം, ചിത്ര, സുജാത, വേണുഗോപാല്‍, ബ്രഹ്മാനന്ദന്‍,
എല്‍.ആര്‍. ഈശ്വരി തുടങ്ങിയ ഗായകരും ഒ.എന്‍.വി, ശ്രകുമാരന്‍ തമ്പി,
യൂസുഫലി, പൂവച്ചല്‍ ഖാദര്‍ തുടങ്ങിയ ഗാനരചയിതാക്കളും
ബാബുരാജ്‌, ദേവരാജന്‍, രാഘവന്‍, സലീല്‍ ചൗധരി, ആര്‍.കെ. ശേഖര്‍,
അര്‍ജുനന്‍, ജെറി അമല്‍ദേവ്‌, പുകഴേന്തി തുടങ്ങിയ
സംഗീത സംവിധായകരുമാണ്‌ പുസ്‌തകത്തില്‍ വരുന്നത്‌.

ഗാന സാഹിത്യത്തെക്കുറിച്ചും സംഗീത സംവിധാനത്തെക്കുറിച്ചും
ആലാപന ശൈലികളെക്കുറിച്ചും നല്ലതുപോലെ പഠനം
നടത്തിയതിനുശേഷമേ രവിമേനോന്‍ തന്റെ അഭിപ്രായങ്ങള്‍
രേഖപ്പെടുത്തുകയുള്ളൂവെന്നും പ്രശസ്‌ത സംവിധായകനും
ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി പുസ്‌തകത്തിന്റെ
അവതാരികയില്‍ പറയുന്നു.
പല പാട്ടുകളുടേയും പിറവി, രചനയായാലും ആലാപനമായാലും ]
സംഗീതമായാലും വരുന്ന വഴികള്‍ ഗാനാസ്വാദകരെ ശരിക്കും
അല്‍ഭുതപ്പെടുത്തുന്നു. കൃതഹസ്‌തനായ ഒരു പത്രപ്രവര്‍ത്തകന്റെ
കൈത്തഴക്കം രവിമേനോന്റെ എഴുത്തിനെ കൂടുതല്‍ ഹൃദ്യമാക്കുന്നു.
നാടകീയമായ അവതരണ ശൈലി വായനയുടെ
ആകാംക്ഷ നിലനിര്‍ത്താനും വായന അതിവേഗം
മുന്നോട്ടുകൊണ്ടുപോകാനും ഹായകമാണ്‌. 1963ല്‍ കടുത്ത
ആസ്‌തമയുടെ പിടിയിലായ ശേഷം അതിനു മുമ്പ്‌ പാടിയ
പോലെ പാടാന്‍ സാധിച്ചിട്ടില്ല ജാനകിക്ക്‌. പാട്ടുകാരിക്ക്‌
ശ്വാസ തടസ്സം വന്നാലുള്ള അവസ്ഥ നമുക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ.
ഇതിനു പുറമെയാണ്‌ ഇസ്‌കിമിയ എന്ന ഹൃദ്രോഗവും അവരെ കീഴടക്കുന്നത്‌.
പെന്‍സുലിന്‍ കുത്തി വെച്ച്‌ മരണം മുഖാമുഖം കണ്ട്‌ നാളുകള്‍.
ഈ തളര്‍ച്ച അതിജീവിച്ചാണ്‌ അവര്‍ സൂര്യകാന്തിയും
താമരക്കുമ്പിളല്ലോ മമ ഹൃദയവും പൊട്ടിത്തകര്‍ക്ക കിനാവും
തുഷാര ബിന്ദുക്കളും ആലപിച്ചത്‌. ഇനി ഈ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍
മനസ്സില്‍ പുതിയൊരു വിങ്ങല്‍ കൂടി ഉണ്ടാക്കാന്‍ രവിമേനോന്റെ
വെളിപ്പെടുത്തലുകള്‍ ആസ്വാദകനെ നിര്‍ബന്ധിതനാക്കുന്നു.
പനിക്കിടക്കയില്‍ നിന്ന്‌ എണീറ്റുപോയാണ്‌ ഉണരൂ വേഗം നീ,
മാനസ മണിവേണുവില്‍, മുകിലേ... തുടങ്ങിയ പാട്ടുകള്‍ ജാനകി
മലയാളികള്‍ക്ക്‌ സമ്മാനിച്ചത്‌.

ഉമ്മയിലെ പാലാണ്‌ തേനാണെന്‍ ഖല്‍ബിലെ പൈങ്കിളിക്ക്‌,
എന്‍ കണ്ണിന്റെ കടവിലടുത്താല്‍ എന്നീ പാട്ടുകള്‍ നാം
ഉദയഭാനുവിന്റെ സ്വരത്തില്‍ കേള്‍ക്കേണ്ടതായിരുന്നു.
ഈ രണ്ടു പാട്ടുകളും ബാബുരാജ്‌ കോഴിക്കോട്‌ വെച്ച്‌
കെ.പി. ഉദയഭാനുവിനെ പഠിപ്പിച്ചതാണ്‌. കുഞ്ചാക്കോയുടെ
നിര്‍ബന്ധ പ്രകാരമാണ്‌ പിന്നീട്‌ ബാബുരാജ്‌ ഈ പാട്ടുകള്‍
എ.എം രാജയെക്കൊണ്ട്‌ പാടിപ്പിക്കുന്നത്‌.
രാജയെ പാട്ടു പാടിപ്പഠിപ്പിച്ചതാകട്ടെ ഉദയഭാനു തന്നെയാണെന്ന്‌
വിഷാദ ഗാനങ്ങളുടെ ചക്രവര്‍ത്തി എന്ന അധ്യാത്തില്‍ നാമറിയുന്നു.
റോസിയിലെ അല്ലിയാമ്പല്‍ കടവിലന്നരയക്കു വെള്ളം
എന്ന പാട്ട്‌ ഉദയഭാനുവിന്‌ സുഖമില്ലാത്തതു കൊണ്ടാണ്‌
സംഗീത സംവിധായകന്‍ ജോബ്‌ മാഷ്‌ യേശുദാസിനെ കൊണ്ട്‌ പാടിക്കുന്നത്‌.
ഉദയഭാനുവിന്‌ വിഷമമാകുമെന്ന്‌ കരുതി പാടാന്‍ മടിച്ച
യേശുദാസിനെ അദ്ദേഹം തന്നെയാണ്‌ പ്രോത്സാഹിപ്പിക്കുന്നത്‌.

മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി -ജയചന്ദ്രന്റെ സ്വരമധുരത്തില്‍
ഗാനാസ്വാദകര്‍ ഏറ്റുവാങ്ങിയ സുന്ദര ഗാനം, യഥാര്‍ഥത്തില്‍
യേശുദാസിന്‌ പാടാന്‍ വെച്ചിരുന്ന പാട്ടായിരുന്നുവത്രെ അത്‌.
താരുണ്യം തന്നുടെ എന്ന സാധാരണ പാട്ടു പാടാനാണ്‌
ദേവരാജന്‍മാഷ്‌ ജയചന്ദ്രനെ വിളിച്ചത്‌. ഒരു പ്രാക്‌ടീസിന്‌ വേണ്ടി
മഞ്ഞലയില്‍ പഠിച്ചു വെക്കാന്‍ പറയുകയായിരുന്നു.
അങ്ങിനെ പാടിപ്പഠിപ്പിച്ച പാട്ട്‌ പിന്നെ ജയചന്ദ്രന്റെ
സ്വരത്തില്‍ തന്നെ ദേവരാജന്‍ റെക്കോര്‍ഡ്‌ ചെയ്യുകയായിരുന്നു.

ഉത്ഥാന പതനങ്ങളുടെ വേദനാജനകമായ കാഴ്‌ചയാണ്‌ പി. ലീലയുടെ
ജീവിത കഥകയിലൂടെ രവിമേനോന്‍ അവതരിപ്പിക്കുന്നത്‌.
എക്കാലത്തേക്കും മലയാളിക്ക്‌ മനസ്സില്‍ താലോലിക്കാന്‍
പാകത്തില്‍ കുറേ പാട്ടുകള്‍ നല്‍കിയ ഈ അനശ്വര ഗായികയെ
പുതിയ തലമുറയിലെ ആളുകള്‍ വേദനിപ്പിക്കുന്നതിന്‌ രവിമേനോന്‍
നേരിട്ട്‌ സാക്ഷിയാകുന്നുണ്ട്‌. പഴയ തലമുറയിലേയും
പുതിയ തലമുറയിലേയും ഗായകര്‍ അണി നിരന്ന ചടങ്ങില്‍
സംഘാടകരോട്‌ അവര്‍ക്കൊരു സീറ്റ്‌ കൊടുക്കാന്‍ ഗ്രന്ഥകാരന്‍ ആവശ്യപ്പെടുന്നു.
`സാറേ അങ്ങോട്ട്‌ നോക്കിയേ.. ആ കുട്ടി വരെ നില്‍ക്കുകയാ.. പിന്നെയാ ഇവര്‍'
-വേദിയില്‍ നിന്നിരുന്ന അടിപൊളിപ്പാട്ടുകാരിയെ
ചൂണ്ടി ഭാരവാഹി പറയുമ്പോള്‍ വായനക്കാരനും ഞെട്ടിപ്പോകുന്നു.
സംഗീതത്തിനുവേണ്ടി ദാമ്പത്യ ജീവിതം പോലും വേണ്ടെന്ന്‌
വെച്ച ഒരു ഗായികയാണ്‌ ഇവ്വിധം അപമാനിക്കപ്പെടുന്നത്‌.

ഭാവ സുന്ദരമായ ഒരു പാട്ട്‌ എങ്ങിനെയാണ്‌ മനുഷ്യ മനസ്സുകളെ സ്വാധീനിക്കുന്നതെന്ന്‌
ഒന്നിലധികം ഉദാഹരങ്ങളിലൂടെ രവിമേനോന്‍ വരച്ചു കാട്ടുന്നുണ്ട്‌.
യാത്രക്കാരാ പോകുക പോകുക, ജീവിത യാത്രക്കാരാ.. എന്ന പി.ബി. ശ്രീനിവാസന്റെ
പാട്ട്‌ ഒരുദാഹരണം. ആ ഗാനം പുറത്തിറങ്ങി ഏറെക്കഴിയും മുമ്പ്‌
കേരളത്തില്‍ നിന്നു ശ്രീനിവാസിന്‌ ഒരെഴുത്തു കിട്ടി. ജീവിത നൈരാശ്യത്തിന്റെ
പാര്യമത്തില്‍ ആത്മഹത്യക്ക്‌ തയാറെടുത്ത ഒരു യുവാവിന്റെ എഴുത്ത്‌.
ഗാനത്തിന്റെ ചരണത്തിലെ ഒരു വഴിയടയുമ്പോള്‍ ഒമ്പതു വഴി തുറക്കുമെന്ന
ചിന്തോദ്ദീപകമായ ഒരൊറ്റ വരിയാണ്‌ തന്നെ ആത്മഹത്യയില്‍ നിന്ന്‌
പിന്തിരിപ്പിച്ചതെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. ആ വരികളും
അവയുടെ ആലാപനവും അത്ര അയാളെ സ്വാധീനിച്ചു പോലും.
എന്തിനു കവിളില്‍ ബാഷ്‌പധാര സ്റ്റേജില്‍ പാടി കോഴിക്കോട്‌ അബ്ദുല്‍ ഖാദര്‍
സദസ്സിനെ കണ്ണീരണിയിച്ച അനുഭവം അദ്ദേഹത്തിന്റെ
മകന്‍ നജ്‌മല്‍ ബാബു അയവിറക്കുന്നുണ്ട്‌. സ്വന്തം ഹൃദയത്തിന്‍ ഉള്ളറയില്‍,
എന്റെ സ്വപ്‌നത്തെ അടക്കിയ കല്ലറയില്‍ എന്ന ഗാനത്തിന്റെ
റെക്കോര്‍ഡിംഗ്‌ വേളയില്‍ യേശുദാസിന്റെ അമ്മ എലിസബത്ത്‌
പൊട്ടിക്കരഞ്ഞു.

അര്‍ജുനന്‍ മാഷ്‌ ഈണം പകര്‍ന്ന്‌ പിക്‌നികിനുവേണ്ടി
വാണി ജയറാമും യേശുദാസും പാടിയ വാല്‍ക്കണ്ണെഴുതി
വനപുഷ്‌പം ചൂടി എന്ന പാട്ടിന്റെ സംഗീതം ചിത്രത്തിന്റെ
സംവിധായകനും നിര്‍മാതാവിനും തീരെ ഇഷ്‌ടപ്പെട്ടിരുന്നില്ലെന്ന്‌
കേട്ടാല്‍ വിശ്വാസം വരുമോ? പല ഈണങ്ങളിട്ടെങ്കിലും ഒന്നും
പിടിക്കാത്ത അവരുടെ മുന്നില്‍ ഒടുവില്‍ ഈ ഈണവും പറ്റില്ലെങ്കില്‍
വേണ്ടെന്ന്‌ ദേഷ്യപ്പെട്ട്‌ മടങ്ങാനിരിക്കുകയായിരുന്നുവത്രെ അര്‍ജുനന്‍ മാഷ്‌.
ആ പാട്ടാണ്‌ ഇന്നും മലയാളി മൂളി നടക്കുന്നതെന്ന്‌ ഗ്രന്ഥം ചൂണ്ടിക്കാട്ടുന്നുണ്ട്‌.
ഈണത്തിനൊത്തു പാട്ടെഴുതാന്‍ വിസമ്മതിച്ച വയലാര്‍ പിണങ്ങിപ്പോയിരുന്നുവെങ്കില്‍
ചെമ്മീനിലെ നിത്യഹരിത ഗാനങ്ങളുടെ വരികള്‍ക്ക്‌ അത്രയും ചന്തമുണ്ടാകുമായിരുന്നുവോ?
രാമു കാര്യാട്ടും സലില്‍ ചൗധരിയും പറഞ്ഞതനുസരിച്ച്‌ ശ്യം അറിയാവുന്ന മലയാളത്തില്‍
ഒരു ദിവസം മുഴുവന്‍ മെനക്കെട്ടാണ്‌ വയലാറിന്റെ മനസ്സ്‌ മാറ്റുന്നതെന്ന്‌ കാറ്റില്‍
തേന്‍മഴയായ്‌ എന്ന അധ്യായത്തില്‍ രവിമോനോന്‍ എഴുതുന്നു.
യേശുദാസും പി. സുശീലയും ഹൃദയം പകര്‍ന്നു പാടിയ ഏഴിലം പാല പൂത്തു
പൂമരങ്ങള്‍ കുട പിടിച്ചു എന്ന പാട്ടിന്‌ സംഗീതം പകര്‍ന്ന വേദ്‌പാല്‍ വര്‍മ്മ
എന്ന ഉത്തരേന്ത്യക്കാരനെ രവി ഓര്‍മിപ്പിക്കുന്നുണ്ട്‌.
ആരണ്യകത്തിലെ ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലില്‍, ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ
എന്നീ ഹിറ്റുകള്‍ പകര്‍ന്നു തന്ന രഘുനാഥ്‌ സേത്ത്‌, ഓരോ മലയാള
ചിത്രങ്ങളുടെ ടൈറ്റിലുകളില്‍ പ്രത്യക്ഷപ്പെട്ട്‌ കടന്നുപോയ കനുഘോഷ്‌,
രാജ്‌കമല്‍ എന്നിവരെ പഴയ തലമുറക്കാരെ ഓര്‍മപ്പെടുത്തുകയും
പുതിയവരെ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്‌.
മൂളിപ്പാട്ടു പാടാന്‍ അറിയാവുന്നവരെപ്പോലും ഗാനഗന്ധര്‍വന്മാരാക്കാന്‍
കഴിവുള്ള അഭൂതപൂര്‍വമായ സാങ്കേതിക വളര്‍ച്ചയുടെ കാലത്ത്‌
യഥാര്‍ഥ ഗാനഗന്ധര്‍വനും പാട്ടിന്റെ പൂങ്കുയിലുകള്‍ക്കുമൊന്നും
ഒരു പ്രസക്തിയുമില്ലെന്ന്‌ ഗ്രന്ഥകാരന്‍ രോഷം കൊള്ളുന്നുണ്ട്‌.
ഗായകശബ്‌ദത്തിന്റെ ഫ്രഷ്‌നസ്‌ യന്ത്രങ്ങളുടെ കടന്നാക്രമണത്തില്‍
അപ്രസക്തമായിക്കൊണ്ടിരിക്കുന്നുവെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പഴയ തലമുറയിലെ സംഗീത സംവിധായകര്‍ കാര്യമായ പ്രതിഫലമൊന്നും
വാങ്ങാതെ അനശ്വരമാക്കിയ ഈണങ്ങള്‍ പുതിയ തലമുറയില്‍പെട്ട
ചിലര്‍ നിര്‍ദയം സ്വന്തമാക്കുമ്പോള്‍ ഖിന്നനായിരുന്ന ദേവരാജന്‍ മാഷുടെ
രോഷവും ദുഃഖവും രവിമേനോന്‍ നമ്മെ അനുഭവിപ്പിക്കുന്നു.

പുതിയ തലമുറക്ക്‌ പരിചയപ്പെടുത്താനെന്ന വ്യാജേന ഏതെങ്കിലും
വിവരദോഷിയായ സിനിമാക്കാരന്‍ നമുക്ക്‌ പ്രിയപ്പെട്ട പാട്ടുകള്‍ റിമിക്‌സ്‌
ചെയ്‌ത്‌ വികലമാക്കരുതേ എന്ന്‌ പുസ്‌തകം വായിച്ചു തീരുമ്പോള്‍
ഗ്രന്ഥകാരനോടൊപ്പം നമ്മളും പ്രാര്‍ഥിച്ചു പോകും.

പാട്ടു കേള്‍ക്കുന്നവരെല്ലാം വായിച്ചിരിക്കേണ്ട പുസ്‌തകമാണിത്‌.
ഓരോ പാട്ടിനും പുതിയ ആസ്വാദനം സാധ്യമാകും അപ്പോള്‍.
ചാനലുകളിലെ പാട്ടുപരിപാടികളുടെ അവതാരകരും മാധ്യമ പ്രവര്‍ത്തകരും
ഗാനമേളകളുടെ സംഘാടകരുമൊക്കെ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്‌ത്‌കം.
എന്നാല്‍ സ്വന്തമെന്ന പദത്തിനെന്തര്‍ഥം അധ്യായത്തില്‍ രവിമേനോന്‍
ചൂണ്ടിക്കാണിക്കുന്നതുപോലുള്ള അബദ്ധങ്ങള്‍ ആര്‍ക്കും പറ്റില്ല.
ഇത്തരക്കാരുടെ വിവരക്കേടുകൊണ്ട്‌ ശ്രീകുമാരന്‍ തമ്പിയെപ്പോലുള്ളവര്‍
വേദനിക്കേണ്ടിയും വരില്ല.

എങ്ങിനെ നാം മറക്കും
രവി മേനോന്‍
ഒലിവ്‌
വില 100.00
പേജ്‌ 202

Monday, June 30, 2008

വരച്ച വരയ്കപ്പുറത്തെ ജെ.ആര്‍. പ്രസാദ്

സുഭാഷ് ചന്ദ്രന്‍ തയാറാക്കിയ വരപ്രസാദം എന്ന പുസ്തകത്തിന്‍റെ
ആസ്വാദനമാണിത്. ഇതിന്‍റെ പി.ഡി.എഫ് കോപ്പിഇവിടെ വായിക്കാം.
(മലയാളം ന്യൂസ് ‍ഞായറാഴ്ചയില്‍ പ്രസിദ്ധീകരിച്ചത്)








``ടൈപ്പ്‌ റൈറ്റിംഗ്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്‌ മുന്നില്‍ സ്ഥിരം
കണ്ടുമുട്ടാറുള്ള തെക്കേ ഷാരോത്തെ ശ്രീദേവിയെ
മനസ്സിലോമനിച്ച്‌ കുറെ ദിവസം രാത്രി തലയിണ
കെട്ടിപ്പിടിച്ച്‌ കിടന്നു. എന്നാല്‍ ഭഗവതിക്കെട്ടിലെ
സദ്യയുടെ ഊട്ടുപുരപ്പിന്നില്‍ പത്ത്‌ മിനിറ്റ്‌ ശ്രീദേവിയോട്‌
സംസാരിക്കാന്‍ സാധിച്ചതും ഗോവിന്ദവര്‍മ്മക്ക്‌
അവളെ മടുത്തു. പിന്നെ മൂളിപ്പാട്ട്‌ പാടാനും
ദീര്‍ഘനിശ്വാസമയക്കാനും മറ്റും മനസ്സില്‍ കൂട്ടു
നിന്ന സുന്ദരി പേര്‍ഷ്യക്കാരന്‍ പണിക്കരുടെ മകള്‍
ശോഭനയായിരുന്നു. ബാംഗ്ലൂര്‍ ക്രൈസ്റ്റ്‌ കോളേജില്‍ നിന്ന്‌
ബി.എസ്‌സിക്ക്‌ വന്നു ചേര്‍ന്ന അവളുടെ അടുത്ത സീറ്റിലിരുന്നു
അങ്കമാലി മുതല്‍ അതിരപ്പിള്ളി വരെ സ്റ്റഡി ടൂര്‍ നടത്തിയതും
ആ സ്വപ്‌ന കാമുകിയിലും അയാള്‍ അതൃപ്‌തനായി.''

കെ.പി. രാമനുണ്ണിയുടെ ജീവിതത്തിന്റെ പുസ്‌തകത്തില്‍ നിന്നുള്ള
ഒരു സന്ദര്‍ഭമാണിത്‌. ഗോവിന്ദനുണ്ണി ഊട്ടുപുരയുടെ
പിന്നില്‍ നിന്ന്‌ ശ്രീദേവിയോട്‌ സംസാരിക്കുന്നതും
ശോഭനയോടൊപ്പം അങ്കമാലി മുതല്‍ അതിരപ്പിള്ളി
വരെ ഒരേ സീറ്റിലിരുന്നു സ്റ്റഡി ടൂര്‍ നടത്തുന്നതും
വായനക്കാരന്‌ അതിന്റെ എല്ലാ നിറങ്ങളുടേയും
കടുകടുപ്പത്തില്‍ തന്നെ ഉള്‍പ്പുളകത്തോടെ
ഭാവനയില്‍ കാണാന്‍ പറ്റും. ജെ.ആര്‍. പ്രസാദ്‌ പക്ഷേ,
ഗോവിന്ദനുണ്ണിയുടെ സ്വപ്‌നത്തില്‍ വരുന്ന സുന്ദരിമാരെയാണ്‌
കാണുന്നത്‌. കൗമാരക്കാരന്റെ സ്വപ്‌നത്തില്‍ മാറി മാറി
പ്രത്യക്ഷപ്പെടുന്ന സുന്ദരിമാര്‍ക്ക്‌ പ്രത്യേകിച്ചൊരു മുഖത്തിന്റെ
ആവശ്യമില്ല. മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍
ജീവിതത്തിന്റെ പുസ്‌തകം വന്നപ്പോള്‍ അഞ്ചാമധ്യായത്തിലെ
സുന്ദരമായ ഈ സ്വപ്‌ന മുഹൂര്‍ത്തം (84:6)
വായനക്കാരന്റെ മനസ്സില്‍ തറച്ചത്‌ പ്രസാദിന്റെ
പെയിന്റിംഗിലൂടെയാണ്‌. ഗോവിന്ദനുണ്ണിയുടെ സ്വപ്‌നത്തില്‍ കൂടി
വായനക്കാരനെ പങ്കാളിയാക്കുകയാണ്‌ ചിത്രകാരന്‍.

സി. അനൂപിന്റെ കഥ `നെപ്പോളിയന്റെ പൂച്ച' ആഴ്‌ചപ്പതിപ്പില്‍
വന്നപ്പോള്‍ ആ കരിമ്പുച്ചയുടെ തുറിച്ചുനോട്ടം
വായനക്കാരനെ കൂടി പേടിപ്പിച്ചു, പ്രസാദിന്റെ ചിത്രത്തിലൂടെ.
ഉറങ്ങാനാതെ കഥാനായകന്‍ കിടക്കുകയാണ്‌.
`വിയര്‍ത്തൊട്ടിയ വസ്‌ത്രം. കൊതുകുകളുടെ മൂളിപ്പറക്കല്‍.
എത്ര കുടഞ്ഞിട്ടും കാഴ്‌ചയില്‍ നിന്ന്‌ ആ കരിമ്പൂച്ച പിന്നോട്ട്‌
പോകുന്നേയില്ല. രാത്രി നിശ്ശബ്‌ദതയില്‍ ജനാലക്കലിരുന്ന്‌
പൂച്ച എന്നെത്തന്നെ തുറിച്ചു നോക്കുന്നതെന്താകാം.
കണ്ണുകള്‍ അടച്ചു പിടിക്കാമെന്നു വെക്കാം.
പക്ഷേ, ഈ തക്കം നോക്കി കരിമ്പൂച്ച എന്റെ കഴുത്തിനു
നേരെ കുതിച്ചു ചാടിയാലോ?'വായന കഥയുടെ
ഈ ഭാഗത്തെത്തുന്നതിന്‌ മുമ്പ്‌ തന്നെ ആ കരിമ്പൂച്ച
വായനക്കാരന്റെ കഴുത്തിന്‌ നേരെ കുതിച്ചു
ചാടുന്നുണ്ട്‌ (84:8 പേജ്‌ 59).

അതാണ്‌ ആ വരയുടെ ശക്തി. എഴുത്തുകാരന്‍ വാക്കുകള്‍ കൊണ്ട്‌
വരച്ചിടുന്നതിനേക്കാള്‍ ശക്തമായി ആ ദൃശ്യം വായനക്കാരന്റെ
മനസ്സില്‍ അസ്സലു വര കൊണ്ടു തന്നെ വരച്ചിടാന്‍
ചിത്രകാരന്‌ കഴിയുന്നു. എഴുത്തുകാരന്‍ ആഗ്രഹിക്കുന്നതിനേക്കാള്‍
അപ്പുറമാണ്‌ ഈ വരകള്‍ ചെന്നെത്തുന്നത്‌.
അത്‌ എഴുത്തുകാരനെ കൂടുതല്‍ ആഹ്ലാദഭരിതനാക്കുന്നു.
ഉള്ളടക്കം നോക്കി കഥയുടെ പേജിലെത്തുന്ന വായനക്കാരനെ,
കഥയേക്കാള്‍ മുമ്പേ ഈ കരിമ്പൂച്ച കീഴടക്കുന്നുണ്ട്‌.
കവിതകളുടെ പശ്ചാത്തലത്തിലെ ദുര്‍ഗ്രാഹ്യമായ
(ഈ കുറിപ്പുകാരന്റെ മാത്രം അഭിപ്രായമാണ്‌) വരകള്‍
പോലെയായിരുന്നില്ല പ്രസാദ്‌ കഥകള്‍ക്കും നോവലുകള്‍ക്കും
വേണ്ടി ബ്രഷ്‌ ചലിച്ചിപ്പപ്പോള്‍. അനേകം ചെറുകഥകളും
ജീവിതത്തിന്റെ പുസ്‌തകത്തിനു പുറമെ സാറാ ജോസഫിന്റെ
ഒതപ്പ്‌, സേതുവിന്റെ അടയാളങ്ങള്‍, കെ.ആര്‍. മീരയുടെ
ആ മരത്തേയും മറന്നു മറന്നു ഞാന്‍ തുടങ്ങിയ
നോവലുകളില്‍ ആ വരയുടെ ശക്തിയും സൗന്ദര്യവും
വായനക്കാരന്‍ അനുഭവിച്ചു. എഴുത്തുകാരന്‍/എഴുത്തുകാരി
ഉദ്ദേശിച്ചതിനേക്കാള്‍ ആഴത്തില്‍ കഥാപാത്രങ്ങളും
കഥാസന്ദര്‍ഭങ്ങളും വായനക്കാരന്റെ മനസ്സിലേക്ക്‌ പ്രവേശിച്ചത്‌
ഈ വരകള്‍ വഴി തന്നെയാണ്‌.ആ വരകളുടെ ശില്‍പിയെ
കഥാകൃത്തായ സുഭാഷ്‌ ചന്ദ്രന്‍ അതിമനോഹരമായ വാക്കുകളില്‍
വരച്ചു വെച്ചിരിക്കുകയാണ്‌ വരപ്രസാദം എന്ന പുസ്‌തകത്തില്‍.
ചിത്രങ്ങളുടെ ചാരത്ത്‌ വലിയ അക്ഷരങ്ങളില്‍ കണ്ട പ്രസാദ്‌
എന്ന നാമത്തിന്റെ ഉടമയെ വായനക്കാരന്റെ/ ആസ്വാദകന്റെ മുന്നില്‍
പിടിച്ചു നിര്‍ത്തുകയാണ്‌ സുഭാഷ്‌ ചന്ദ്രന്‍. തന്റെ
തലമുറയില്‍ പെട്ടവരും അല്ലാത്തവരുമായ എഴുത്തുകാരുമായി
ഏറെ അടുപ്പം പുലര്‍ത്തുകയും ആ അടുപ്പം കാത്തു
സൂക്ഷിക്കുകയും ചെയ്യുന്ന ചിത്രകാരനെ വായനക്കാരുമായി
അടുപ്പിക്കുകയാണ്‌ ഈ കൃതി എന്നും പറയാം.

വരച്ച വരയുടെ അതിരുകളില്‍ ഒതുങ്ങിപ്പോകുമായിരുന്ന
ആ ജീവിതം അങ്ങനെ വായനക്കാരനു കൂടി സ്വന്തമാകുന്നു.
ആമുഖമായി ഗ്രന്ഥകാരന്‍ തന്നെ പറയുന്നതുപോലെ അഭിമുഖ
സംഭാഷണങ്ങള്‍ പുസ്‌തക രൂപത്തിലാകുമ്പോഴുള്ള വിരസത
വരപ്രസാദത്തിനില്ല.

`അഭിമുഖങ്ങളുടെ ചരിത്രത്തിലെ ഈ വഴിമാറി
നടത്തം' വായനക്കാരന്‌ ആസ്വദിക്കാന്‍ സാധിക്കുന്നുണ്ട്‌.
ചോദ്യങ്ങളില്ലാതെ, പ്രസാദിന്റെ ഭൂതകാല സ്‌മരണകള്‍
സ്വാഭാവികമായും അനര്‍ഗളമായി ഒഴുകി വരാന്‍ അനുവദിക്കുകയാണ്‌
അഭിമുഖക്കാരന്‍ ഇവിടെ ചെയ്‌തിട്ടുള്ളതെന്ന്‌
പുസ്‌തക വായന ബോധ്യപ്പെടുത്തും. വരകളുടെ
അരികില്‍ ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയ സപ്‌താക്ഷരികള്‍ക്കപ്പുറം
പ്രസാദ്‌ എന്ന കലാ സാഹിത്യ സാംസ്‌കാരിക
വ്യക്തിത്വത്തെയാണ്‌ വരപ്രസാദം പരിചയപ്പെടുത്തുന്നത്‌.
`മഹാകവിതകളില്‍ ഹരിശ്രീ കുറിച്ച ആ ചിത്രകാരന്‍
പിന്നെ പതിനായിരക്കണക്കിന്‌ കവിതകള്‍ക്ക്‌ വരയുടെ തിടമ്പുകള്‍
പണിതു കൊടുത്തു. പക്ഷേ ജെ.ആര്‍. പ്രസാദിന്റെ
കരിയറില്‍ അതൊരു ചെറുവിശേഷമേ ആകുന്നുള്ളൂ
എന്ന്‌ അദ്ദേഹത്തെ അടുത്തറിയുന്നവര്‍ മനസ്സിലാക്കുന്നു.
ഈ വര്‍ഷം മാതൃഭൂമിയില്‍ നിന്ന്‌ പിരിയുന്ന ജെ.ആര്‍. പ്രസാദ്‌
വരച്ച വരക്കപ്പുറത്ത്‌ നിര്‍വഹിച്ച അസാധാരണങ്ങളായ സര്‍ഗാത്മക
വെളിച്ചങ്ങള്‍ക്കു നേരെ പിടിച്ച ഒരു കണ്ണാടിയാണ്‌
ഈ സംഭാഷണ'മെന്ന്‌ ഗ്രന്ഥകാരന്‍ പറയുന്നുണ്ട്‌.


ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു കയ്യെഴുത്തു
മാസികയിലൂടെയാണ്‌ പ്രസാദിന്റെ കലാ സാഹിത്യ
പ്രവര്‍ത്തനം തുടങ്ങുന്നത്‌. പതിനൊന്ന്‌ വയസ്സുള്ള
തന്നിലെ പത്രാധിപരെ സഹായിക്കാന്‍ വേണ്ടി
പതിനൊന്ന്‌ വയസ്സുള്ള ചിത്രകാരനെ തന്നില്‍ തന്നെ
കണ്ടെത്തുകയായിരുന്നുവെന്ന്‌ പ്രസാദ്‌ പറയുന്നു.
പിന്നീട്‌ 1964 ല്‍ തുടങ്ങിയ രാഷ്ട്രശില്‍പി എന്ന കയ്യെഴുത്ത്‌
മാസികയിലൂടെ പ്രസാദ്‌ മറ്റൊരു കലാകാരനും
സാധിച്ചിട്ടില്ലാത്ത ലോകങ്ങള്‍ കീഴടക്കുകയായിരുന്നു.
മഹാനുഭാവന്മരായ എത്രയെത്ര എഴുത്തുകാരിലേക്കാണ്‌
രാഷ്‌ട്ര ശില്‍പിയുടെ താളുകളിലൂടെ പ്രസാദ്‌ കടന്നു ചെന്നത്‌!
അക്കാലത്ത്‌ പ്രസിദ്ധരായവരും എഴുതിത്തുടങ്ങുന്നവരും
പില്‍ക്കാലത്ത്‌ പ്രസിദ്ധരായവരും പിന്നീട്‌ ചിത്രത്തിലെങ്ങുമില്ലാതെ
അപ്രത്യക്ഷരായവരുമായ നിരവധി പേര്‍ രാഷ്‌ട്രശില്‍പിക്ക്‌ കഥയും കവിതകളും ലേഖനങ്ങളും കൊടുത്തു. അല്ലാത്തവര്‍ പ്രസാദുമായി കത്തിടപാടുകളെങ്കിലും നടത്തി.


അടുപ്പമുണ്ടായിരുന്നവരുമായി നടത്തിയ കത്തിടപാടുകളുടെ
സാക്ഷ്യം വരപ്രസാദത്തിലുണ്ട്‌. പ്രിയപ്പെട്ട എഴുത്തുകാരുടെ
കൈപ്പടയിലുള്ള കത്തുകള്‍ പുസ്‌തകത്തില്‍ ചേര്‍ത്തിരിക്കുന്നു.
കത്തുകളും കുറിപ്പുകളും ചിത്രങ്ങളും ഉള്‍ക്കൊള്ളുന്ന
ഈ പുസ്‌തകം തന്നെപ്പോലുള്ളവര്‍ക്ക്‌ ഓര്‍മകളെ
തിരിച്ചുപിടിക്കാനുള്ളതും പുത്തന്‍ തലമുറക്ക്‌ സൗഹൃദത്തിന്റേയും
സ്‌നേഹത്തിന്റേയും സര്‍ഗാത്മകമായ ആ കാലത്തെ അറിയാനുള്ളതുമാണെന്ന്‌ അവതാരികയില്‍ എം. മുകുന്ദന്‍ എഴുതുന്നു.
എന്‍.എസ്‌. മാധവനോടൊപ്പം മാതൃഭൂമി വിഷുപ്പതിപ്പിലെ
കഥാ മത്സരത്തില്‍ സമ്മാനം നേടിയ എരുമേലിയിലെ
മറിയാമ്മയെക്കുറിച്ചുള്ള ഓര്‍മകള്‍ ചിലപ്പോള്‍
മറിയാമ്മക്കു പോലും ഓര്‍മയുണ്ടോ എന്ന്‌ സംശയമാണ്‌.
അങ്ങനെയൊരു കഥാകാരിയെ പുതിയ തലമുറയില്‍ ആര്‍ക്കറിയാം?
മലയാളികളുടെ സാംസ്‌കാരിക ജീവിതത്തിലെ
ഒരു കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്ന ഈ പുസ്‌തകത്തില്‍
പ്രത്യക്ഷപ്പെടുന്ന പ്രമുഖര്‍ നിരവധിയാണ്‌. ജി. ശങ്കരക്കുറുപ്പ്‌,
ലളിതാംബിക അന്തര്‍ജനം, വൈക്കം മുഹമ്മദ്‌ ബഷീര്‍,
എം. ഗോവിന്ദന്‍. ഒ.വി. വിജയന്‍, പത്മരാജന്‍, വി.കെ.എന്‍,
എം.ടി. വാസുദേവന്‍ നായര്‍, എം. മുകുന്ദന്‍, കാക്കനാടന്‍, കോവിലന്‍,
കുഞ്ഞുണ്ണി മാഷ്‌, പുനത്തില്‍ കുഞ്ഞബ്ദുല്ല, എന്‍. മോഹനന്‍,
മാധവിക്കുട്ടി, സേതു, ആര്‍. സുകുമാരന്‍, നെടുമുടി വേണു,
മോഹന്‍ലാല്‍. അക്‌ബര്‍ കക്കട്ടില്‍, സത്യന്‍ അന്തിക്കാട്‌,
ജി. കാര്‍ത്തികേയന്‍, എന്‍.എല്‍. ബാലകൃഷ്‌ണന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌,
കെ.ജി ശങ്കരപ്പിള്ള, എന്‍.എസ്‌. മാധവന്‍, എന്‍.വി. കൃഷ്‌ണവാര്യര്‍
തുടങ്ങി അനവധി എഴുത്തുകാരുടെ സൗഹൃദം രാഷ്‌ട്രശില്‍പി നേടിക്കൊടുത്തു.
പലരോടും കത്തുകളിലൂടെ മാത്രമായിരുന്നു ബന്ധം.
നേരില്‍ കാണാന്‍ കിട്ടിയ അവസരങ്ങള്‍ പോലും
ഉപയോഗപ്പെടുത്തിയില്ലെന്ന്‌ മാത്തോട്ടം മീന്‍ ചാപ്പയില്‍
വൈക്കം മുഹമ്മദ്‌ ബഷീറിനെ കണ്ട രംഗം
അയവിറക്കിക്കൊണ്ട്‌ പ്രസാദ്‌ പറയുന്നു. രാഷ്‌ട്ര ശില്‍പിയില്‍
പ്രസിദ്ധീകരിച്ച പ്രമുഖരുടെ സൃഷ്‌ടികളും തീരെ വെളിച്ചം
കാണാത്ത ചില സൃഷ്‌ടികളും ഈ പുസ്‌തകത്തില്‍
ഉള്‍ക്കൊള്ളിച്ചത്‌ വായനക്കാര്‍ക്ക്‌ വലിയ മുതല്‍ക്കൂട്ടാകും.


ഒരിടത്തൊരു ഫയല്‍വാന്‍, പാദമുദ്ര, രാജശില്‍പി തുടങ്ങിയ
ചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ഓര്‍മകളും
പുസ്‌തകത്തിലുണ്ട്‌. സിനിമയോ ആഴ്‌ചപ്പതിപ്പോ എന്ന
എന്‍.വി. കൃഷ്‌ണവാര്യരുടെ ചോദ്യത്തിനു ശേഷമാണ്‌
പ്രസാദ്‌ ആഴ്‌ചപ്പതിപ്പ്‌ തെരഞ്ഞെടുക്കുന്നത്‌.
അവിടെ ഉറച്ചു നിന്നത്‌.


സമകാലീനരായ എഴുത്തുകാരോടും ചിത്രകാരന്മാരോടും
പ്രസാദ്‌ കാത്തു സൂക്ഷിക്കുന്ന സ്‌നേഹവും ബഹുമാനവും
പുതിയ കാലത്ത്‌ വല്ലാത്ത അനുഭൂതിയായി ഈ പുസ്‌കതത്തില്‍
അനുഭപ്പെടും. പ്രസാദിന്റെ മേശപ്പുറത്തെ കണ്ണാടിച്ചില്ലിനു
കീഴെ അവരുടെ ചിത്രങ്ങളുടെ ദൃശ്യം അതാണ്‌ സൂചിപ്പിക്കുന്നത്‌.
ഇളംതലമുറയിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാന്‍
അദ്ദേഹം നടത്തുന്ന ശ്രമങ്ങളും അങ്ങനെ തന്നെ.
ജലച്ചായവും ജലസിയും അധികം ഉപയോഗിച്ചിട്ടില്ല
കലാകാരന്‍ എന്ന്‌ ഗ്രന്ഥകാരന്‍.റിട്ടയര്‍ഡ്‌ ജീവിതത്തില്‍
വരാനിരിക്കുന്നത്‌ വരയുടെ കാലമായാലും സിനിമയുടെ
പിന്നണിക്കാലമായാലും വായനക്കാരന്റെ മനസ്സില്‍
പ്രസാദിന്റെ വരകള്‍ മായാതെ നില്‍ക്കും. ആ നിറങ്ങള്‍
അവിടെ തെളിഞ്ഞു കത്തും.

ആ നിറങ്ങളുടെ അഴക്‌ മായാതെ
മനസ്സില്‍ നില്‍ക്കുന്ന അനുഭവങ്ങളാണ്‌ പ്രിയ എ.എസും കെ.ആര്‍. മീരയും
പുസ്‌തകത്തില്‍ അനുബന്ധമായി ചേര്‍ത്ത കുറിപ്പുകളില്‍ പറയുന്നത്‌.
ആ മരവും മറന്ന്‌ മറന്ന്‌ എന്ന നോവലിന്‌ പ്രസാദ്‌ വരച്ച
ചിത്രങ്ങള്‍ എഴുത്തുകാരിയെന്ന നിലയില്‍ പകര്‍ന്നുതന്ന
അനുഭൂതിയാണ്‌ മീര പകര്‍ത്തുന്നത്‌.
കടുത്ത നിറങ്ങള്‍ ചാലിച്ച വരകള്‍ക്കപ്പുറത്തെ പച്ചയായ
മനുഷ്യനെ കൂടി ഈ കൃതി നമുക്ക്‌ കാണിച്ചു തരുന്നു.

എഴുത്തുകാരന്‍ വാക്കുകള്‍ കൊണ്ട്‌ വരച്ച ദൃശ്യങ്ങളെ
നിറങ്ങളിലേക്ക്‌ ആവാഹിക്കുമ്പോഴുള്ള അനുഭവങ്ങള്‍
കൂടി പ്രസാദിനോട്‌ ചോദിച്ചറിഞ്ഞ്‌ പകര്‍ത്താമായിരുന്നു.
കാരണം, വായനക്കാരനെ നേരിട്ട്‌ ബാധിക്കുന്ന സംഗതി
എഴുത്തുകാരനും ചിത്രകാരനും തമ്മിലുണ്ടാകാവുന്ന
ഈ ആത്മബന്ധമാണല്ലോ. ഈ ആത്മബന്ധം തന്നെയാണല്ലോ
വരകളായി എഴുത്തുകാരന്റെ സങ്കല്‍പ ലോകത്തെ
മൂര്‍ത്ത രൂപമായി വായനക്കാരന്റെ മനസ്സിലേക്ക്‌ എത്തിക്കുന്നതും.


വരപ്രസാദം(ജെ.ആര്‍. പ്രസാദിന്റെ കലയും ജീവിതവും)
സുഭാഷ്‌ ചന്ദ്രന്
‍പേജ്‌ 130
വില 75 രൂപ