Thursday, March 6, 2014

മാധ്യമങ്ങളേ, വോട്ടര്‍മാരെ സ്വയം ചിന്തിക്കാന്‍ അനുവദിക്കുക

രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ തീരുമാനിച്ച ദിവസം മുതല്‍ നരേന്ദ്ര മോഡി ചാനലുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. അദ്ദേഹം എവിടെ പ്രസംഗിച്ചാലും ആ പ്രസംഗം മുഴുവന്‍ ലൈവ് ആയി സംപ്രേഷണം ചെയ്യാന്‍ ചാനലുകള്‍ മത്സരിക്കുന്നു. ഓരോ നാട്ടിലും ആ നാടിന്റെ മര്‍മം അറിഞ്ഞ് പ്രസംഗിക്കാന്‍ മോഡിക്കുള്ള കഴിവ് അപാരം തന്നെ. ചെല്ലുന്ന നാടിന്റെ പ്രാദേശിക അടയാളങ്ങളില്‍ ഏതെങ്കിലും ഒന്ന് എടുത്തണിഞ്ഞാണ് അദ്ദേഹം വേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. 

സദസ്സിന്റെ മനസ്സ് അറിഞ്ഞ് പ്രസംഗിക്കാനുള്ള മോഡിയുടെ കഴിവ് കൊച്ചി കായല്‍ സമ്മേളന വാര്‍ഷികത്തിന് വന്നപ്പോള്‍ നേരിട്ട് കേട്ടതാണ്. അധഃകൃത സമൂഹത്തില്‍ പിറന്ന് താന്‍ ഇന്നും പലര്‍ക്കും തൊട്ടുകൂടാത്താവനാണെന്ന് അദ്ദേഹം സങ്കടത്തോടെ തട്ടിവിട്ടപ്പോള്‍ മറൈന്‍ ഡ്രൈവില്‍ തിങ്ങി നിറഞ്ഞ അധഃസ്ഥിത ജനക്കൂട്ടം മോഡി അമര്‍ രഹേ എന്ന് കരയുന്നത് കേട്ടു. വരാനിരിക്കുന്ന പത്ത് വര്‍ഷം അധഃസ്ഥിതരുടേതാണെന്ന് ഭാവി പ്രധാനമന്ത്രി പ്രഖ്യാപിച്ചപ്പോള്‍ ഒരുപാട് സ്വപ്നങ്ങളുമായാണ് ആ ജനക്കൂട്ടം പിരിഞ്ഞു പോയത്. (അത്തരം പൊളി വചനങ്ങള്‍ ആ അന്തരീക്ഷത്തില്‍ തന്നെ ആവിയായി പോകേണ്ടതായിരുന്നു. പക്ഷേ, ചാനലുകളും പത്രങ്ങളും അതിന് ആഗോള പ്രചാരം നല്‍കി).

എന്റെ വിഷയം അതല്ല. തെരഞ്ഞെടുപ്പാണ് വരുന്നത്. തെരഞ്ഞെടുപ്പില്‍ ഓരോ പാര്‍ട്ടിയുടേയും
ലക്ഷ്യം അധികാരത്തില്‍ വരിക എന്നതല്ലാതെ മറ്റൊന്നുമല്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ കോണ്‍ഗ്രസ് രാജ്യവ്യാപകമായി സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ക്കും പത്ര, ചാനല്‍ പരസ്യങ്ങള്‍ക്കുമായി ചെലവഴിച്ച കോടികള്‍ എത്രയാണ്? അതിനേക്കാള്‍ എത്രയോ മടങ്ങാണ് ചാനലുകള്‍ ലൈവ് സംപ്രേഷണങ്ങളിലൂടെ ഓരോ രാഷ്ട്രീയ നേതാവിനും രാഷ്ട്രീയ പാര്‍ട്ടിക്കും നല്‍കുന്നത്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജരിവാളും ഈ സൗജന്യം അനുഭവിക്കുന്നു.


എ്‌ന്റെ ചോദ്യം ഇതാണ്. അധികാരത്തിലെത്താന്‍ രാഷ്ട്രീയക്കാരന്‍ നടത്തുന്ന അഭ്യാസ പ്രകടനങ്ങള്‍ക്ക് മാധ്യമങ്ങള്‍ ഇത്ര പ്രചാരം നല്‍കേണ്ടതുണ്ടോ? വോട്ടര്‍മാരെ അത് നല്ല അളവില്‍ സ്വാധീനിക്കുമെന്ന് തീര്‍ച്ചയല്ലേ?
എല്ലാ തെരഞ്ഞെടുപ്പിലും തോല്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് എം.ഐ ഷാനവാസ് വയാനാട്ടില്‍ നിന്ന് ജയിച്ചപ്പോള്‍ എല്ലാവരും പറഞ്ഞത് ഓര്‍ക്കുന്നില്ലേ?
വിജയ കാരണം ടെലിവിഷന്‍ നല്‍കിയ ജനപ്രീതിയാണെന്ന്. അത് സത്യമായിരിക്കും. ചാനലുകളിലെ ചര്‍ച്ചാ മാമാങ്കങ്ങളിലെ സൂപ്പര്‍ താരമായിരുന്നു അദ്ദേഹം. കാര്യങ്ങളെ കുറിച്ച് വ്യക്തമായി പഠിച്ച് കോണ്‍ഗ്രസിന്റേയും യു.ഡി.എഫിന്റേയും നിലപാട് വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ ചാനല്‍ പ്രകടനം ഒട്ടും മോശമായിരുന്നില്ല. അക്കാലത്ത് മലബാറില്‍ ഏറെ സ്വാധീനമുള്ള ഒരു പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പില്‍ ഒരു പ്രകോപനവുമില്ലാതെ ഷാനവാസിനെ കുറിച്ച് ഒരു മുഴുനീള ഫീച്ചര്‍ വന്നപ്പോള്‍ അതിന്റെ ഉദ്ദേശ്യ ശുദ്ധിയെ പോലും നിഷ്പക്ഷമതികള്‍ സംശയിച്ചിരുന്നു.

എന്റെ അഭ്യര്‍ഥന ഇതാണ്: തെരഞ്ഞെടുപ്പ് വിജ്ഞാപനമായി. ഇനി വോട്ടെടുപ്പ്

കഴിയുന്നതുവരെ ഒരു പാര്‍ട്ടിയുടേയും പ്രചാരണ പരിപാടികള്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കരുത്. അവരുടെ കാര്യങ്ങള്‍ അവര്‍ നേരിട്ട് ജനങ്ങളെ അറിയിക്കട്ടെ. ഒരു സ്ഥാനാര്‍ഥിയുടെയും നേതാവിന്റേയും കൃത്രിമ ചിരിയുള്ള മുഖം ദയവു ചെയ്ത് നമ്മുടെ സ്വീകരണ മുറിയിലെത്തിക്കരുത്. അത് വോട്ടര്‍മാരോട് ചെയ്യുന്ന ജനാധിപത്യ മര്യാദയായിരിക്കും.
അല്ലെങ്കില്‍ വയനാട്ടില്‍ ഷാനവാസ് ജയിച്ച പോലെ നരേന്ദ്ര മോഡി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും. സോണിയ എന്ന വിദേശിപ്പെണ്ണ് വീണ്ടും ഏതെങ്കിലും പടുവൃദ്ധനെ പ്രധാനമന്ത്രി കസേരയിലിരുത്തി പാവകളിപ്പിക്കും. രാഹുല്‍ ഗാന്ധി എന്ന അമൂല്‍ ചെക്കന്‍ നമ്മെ ഭരിക്കുന്ന ദുര്‍വിധി അനുഭവിക്കേണ്ടി വരും.

മാധ്യമങ്ങളേ, വോട്ടര്‍മാരെ സ്വയം ചിന്തിക്കാന്‍ അനുവദിക്കുക.

Saturday, February 8, 2014

അതെന്റെ സുഹ്‌റയല്ല, അത് ഞാനുമല്ല

എന്റെ വായനാ ജീവിതത്തിലെ ആദ്യ പുസ്തകമാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാല സഖി. പ്രമോദ് പയ്യന്നൂരിന്റെ ബാല്യകാല സഖി കണ്ടപ്പോള്‍ ഞാന്‍ മജീദിനേയും സുഹ്‌റേയും വീണ്ടും ഓര്‍ത്തു. അതേക്കുറിച്ച് ചിലത് പറയാനുണ്ട്.

സജീവമായ ഒരു വായനശാലയോ ഗ്രന്ഥശാലയോ അത്തരം സാംസ്‌കാരിക ചലനങ്ങളോ ഒന്നുമില്ലാത്ത വെറുമൊരു ഗ്രാമത്തിലായിരുന്നു കുട്ടിക്കാലം. വല്ലപ്പോഴും കിട്ടുന്ന ചംപകും ബാലരമയും പൂമ്പാറ്റയും ഒക്കെ വായിക്കുമെന്നല്ലാതെ പുസ്തകങ്ങളുടെ ലോകം ഒട്ടും പരിചയമില്ല.

പേരാമ്പ്ര എ.യു.പി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസ് ടീച്ചറായിരുന്ന പത്മനാഭന്‍ മാഷാണ് പുസ്തക വായനയുടെ ലോകത്തേക്ക് വാതില്‍ തുറന്നു തന്നത്. ആറാം ക്ലാസിലായിരുന്നു. അക്കൊല്ലമാണ് സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നുള്ള പുസ്തകങ്ങള്‍ ആദ്യം കിട്ടുന്നത്. മേശപ്പുറത്ത് വെച്ച പുസ്‌കതങ്ങളുടെ അട്ടിയില്‍ നിന്ന് ഒരു പുസ്തകം വലിച്ചെടുത്ത് മാഷ് പറഞ്ഞു: നീ ഇതു വായിച്ചോളൂ.

ബാല്യകാല സഖി. വൈക്കം മുഹമ്മദ് ബഷീര്‍.

പുസ്‌കത്തിന്റെ പിന്നാമ്പുറത്ത് കൈയില്‍ മുഖം താങ്ങി ചിന്താമഗ്‌നനായിരിക്കുന്ന മഹാനായ എഴുത്തുകാരന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം.

ആ പുസ്തകം തന്നെ ഞാന്‍ ആദ്യം വായിക്കണമെന്ന് മാഷ് നേരത്തേ തീരുമാനിച്ച പോലെയായിരുന്നു. പുസ്തകങ്ങളുടെ അട്ടിയില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത് നീ ഇതു വായിച്ചോ എന്ന് മാഷ് പറഞ്ഞത് അതുകൊണ്ടാണെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. ആദ്യത്തെ പെണ്ണു പോലെ ആദ്യത്തെ ആ പുസ്തകം എന്നുമെന്റെ പുസ്‌കതമാണ്.

അതില്‍ പ്രണയമുണ്ട്. സ്വപ്നങ്ങളുണ്ട്. ദാരിദ്ര്യമുണ്ട്. പ്രവാസമുണ്ട്. പില്‍ക്കാലത്ത് ഞാന്‍ അനുഭവിച്ച പലതുമുണ്ട്. മജീദിന്റെയും സുഹ്‌റയുടേയും പ്രണയ നഷ്ടമാണോ ദാരിദ്ര്യത്തിന്റെ വേദനകളാണോ എന്നറിയില്ല, മൂടിക്കെട്ടിയ കണ്ണുകള്‍ പലപ്പോഴും വായന മുറിച്ചു. എന്റെ കണ്ണുനീര്‍ വീണ ആദ്യ പുസ്തകവും ഇതുതന്നെ. ഒരു ആറാം ക്ലാസുകാരനെ ആ പുസ്തകം എങ്ങിനെ അത്ര മാത്രം കരയിച്ചുവെന്ന് ഞാന്‍ പിന്നീട് ആലോചിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസില്‍ വാര്‍ഷിക പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേ ദിവസമാണ് ഞാന്‍ ബാല്യകാല സഖി എന്റെ മകനെക്കൊണ്ട് വായിപ്പിച്ചത്. ഇടക്ക് വായന നിര്‍ത്തുമ്പോഴും വായന പൂര്‍ത്തിയാക്കിയ ശേഷവും അവന്‍ പറഞ്ഞു, ഭയങ്കര സങ്കടം തോന്നുന്നു വായിച്ച്യേ എന്ന്.

ബാല്യകാല സഖി വായിച്ചതില്‍ പിന്നെയാണ് ഞാനൊരൂ കാമുകനായി മാറിയത്. കാണുന്ന സുന്ദരിമാരുടെ മുഖങ്ങളിലെല്ലാം ഞാനെന്റെ സുഹ്‌റയെ തെരഞ്ഞു. ഉറക്കത്തില്‍ പല സുന്ദരിമാരും വന്നെന്റെ കൈത്തണ്ടയില്‍ പാര പോലുള്ള നഖങ്ങളാല്‍ ശക്തിയോടെ മാന്തി. 'തീച്ചെരവ കൊണ്ട് മാന്തേറ്റ പോലെ ഞാന്‍ പുളഞ്ഞ്, എന്റുമ്മോ'' എന്ന് ഉറക്കത്തില്‍ വിളിച്ചു കരഞ്ഞു. പണമില്ലാത്തവര്‍ക്ക് പഠിച്ച് വലിയ ഉദ്യോഗസ്ഥനാകാനൊന്നും പറ്റില്ലെന്ന് സുഹ്‌റ മജീദിനോട് പറയുന്നുണ്ട്. യതീംഖാനയിലാണ് അന്നു ഞാന്‍ താമസിച്ചിരുന്നത്. പണമില്ലാത്തതുകൊണ്ടാണല്ലോ ബാപ്പ എന്നെ യതീംഖാനയിലാക്കിയത്. 'പണോക്കെ ഞമ്മക്ക് അല്ലാഹ് തരുമെന്ന' സുഹ്‌റയുടെ ബാപ്പയുടെ വാക്കുകള്‍ ഞാന്‍ എപ്പോഴും ഓര്‍ക്കും. പനി പിടിച്ച് ബാപ്പ മരിച്ചു പോയതോടെ യത്തീമായി മാറിയ സുഹ്‌റക്ക് പിന്നെ സ്‌കൂളില്‍ പോകാനോ പഠിക്കാനോ സാധിച്ചില്ലല്ലോ. യതീമായ സുഹ്‌റ എനിക്കും പഠിക്കണമെന്ന് പറഞ്ഞ് ചീവീടു കരയും പോലെ കരഞ്ഞപ്പോള്‍ ആ ശബ്ദം മജീദിന്റെ തലക്കുള്ളില്‍ മാത്രമല്ല, എന്റെ തലക്കുള്ളിലും മുഴങ്ങി.

സുഹ്‌റയെ കൂടി പഠിപ്പിക്കാമെന്ന് മജീദ് പറഞ്ഞപ്പോള്‍ രാജ്യം വിട്ടു പോകാനാണ് മജീദിന്റെ ബാപ്പ പറയുന്നത്. ലോകരൊക്കെ കഴിയുന്നത് എങ്ങിനെയെന്ന് പഠിക്കാന്‍ രാജ്യം വിട്ടു പോകണം. രാജ്യം വിട്ടു പോകണമെന്ന് മജീദും ഇടക്ക് ആഗ്രഹിക്കുന്നുണ്ട്. രാജ്യോക്കെ ചുറ്റിക്കറങ്ങി വരുമ്പോള്‍ ശ്രീമതി സുഹ്‌റ തന്നെ കണ്ട ഭാവം നടിക്കുമോ എന്ന ആശങ്ക മാത്രമേ അവനുള്ളു.
ഒടുവില്‍ ബാപ്പയോട് വഴക്കിട്ട് അവന്‍ രാജ്യം വിടാന്‍ തന്നെ തീരുമാനിക്കുന്നു. വീടും നാടും ഉപേക്ഷിച്ചു അവന്‍ പോയി. പ്രി ഡിഗ്രി കാലത്ത് അങ്ങിനെയൊരു സന്ദര്‍ഭത്തില്‍ ഞാനും നാടു വിട്ടു. മദിരാശിയിലേക്കുള്ള തീവണ്ടിയില്‍ കുത്തിയിരിക്കുമ്പോള്‍ ഞാന്‍ മജീദായി. മദിരാശി പട്ടണത്തിലെ ഹോട്ടലുകളില്‍ ചെന്ന് ജോലി ചോദിക്കുമ്പോള്‍ മജീദ് മാത്രമായിരുന്നു മനസ്സിലെ മാതൃകാ പുരുഷന്‍.

വിധിയുടെ വിളയാട്ടത്തില്‍ വലിയ പണക്കാരനായിരുന്ന മജീദിന്റെ ബാപ്പയും ദരിദ്രനാകുന്നു. വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാനും സഹോദരിമാരെ കെട്ടിച്ചയക്കാനും സുഹ്‌റയെ വിവാഹം ചെയ്യാനും മെച്ചപ്പെട്ട ജീവിതം തേടി മജീദ് പിന്നെയും രാജ്യം വിട്ടു പോകുന്നു. അത് ലോകരുടെ ജീവിതം കണ്ടു പഠിക്കാനായിരുന്നില്ല. രാജ്യമൊക്കെ ഒന്ന് ചുറ്റിക്കറങ്ങാനുമായിരുന്നില്ല. സ്വയം ജീവിക്കാനും കുറേ പേരെ ജീവിപ്പിക്കാനുമുള്ള മോഹത്തിന്റെ പേരിലായിരുന്നു. ബഷീറിന്റെ എഴുത്ത്:
സുഹ്‌റായെ വിവാഹം ചെയ്യുക.


അതിനു മുമ്പ് സഹോദരികള്‍ക്ക് ഭര്‍ത്താക്കന്മാരെയുണ്ടാക്കുക. സ്ത്രീധനത്തിനും ആഭരണങ്ങള്‍ക്കുമുള്ള വക സമ്പാദിക്കുക. ആയതിലേക്ക് എന്തെങ്കിലും ജോലി വേണം. ഒടുവില്‍ ജന്മദേശത്തു നിന്നും ആയിരത്തിയഞ്ഞൂറ് മൈല്‍ ദൂരെയുള്ള മഹാനഗരിയില്‍ മജീദ് ചെന്നു പറ്റി.

ഏതാണ്ട് ഇതേ കാരണങ്ങള്‍ കൊണ്ടൊക്കെ തന്നെ കടല്‍ കടന്നു പ്രവാസ ലോകത്തേക്ക് പോകുമ്പോള്‍ ഞാന്‍ പിന്നെയും മജീദാകുന്നുണ്ട്.

പണവും പത്രാസുവമുള്ളപ്പോഴേ നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസിക്കും വിലയുള്ളൂ. പെട്ടികള്‍
കാലിയാകുമ്പോള്‍ 'നിന്ദാവഹങ്ങളായ നോട്ടങ്ങളും പരിഹാസങ്ങളും' ലഭിക്കേണ്ടി വന്ന പ്രവാസികളായ എത്രയോ ആളുകളെ കണ്ടിട്ടുണ്ട്. ആദ്യത്തെ രാജ്യ സഞ്ചാരം കഴിഞ്ഞ് വലിയ പെട്ടികളുമായി തിരിച്ചു വരുമ്പോള്‍ മജീദിന് വലിയ സ്വീകരണങ്ങളായിരുന്നു. മജീദിന്റെ പക്കല്‍ ഒന്നുമില്ലെന്ന് മനസ്സിലാകുമ്പോള്‍ വെറും പാപ്പറെന്ന് പറഞ്ഞ് നാട്ടുകാര്‍ മജീദിനെ പരിഹസിക്കുന്നു. അവനെന്തിന് വരാമ്പോയി എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. പത്ത് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ എന്നെക്കുറിച്ചും ആളുകള്‍ അങ്ങിനെ ചോദിക്കുന്നു: ഓനെന്തു പറ്റി? എന്തിനാ ഓന്‍ തിരിച്ചു പോന്നത്?

വേദനയുടെ ഏത് കുരുക്കളും പൊട്ടിച്ചു കളയാന്‍ സ്‌നേഹത്തോളം പോന്ന ഒരു ദിവ്യൗഷധമില്ലെന്നും മജീദും സുഹ്‌റയും എന്നെ പഠിപ്പിച്ചു. അത്രയും അഗാധമായി സ്‌നേഹിച്ചിട്ടും സുഹ്‌റ മരിക്കുമ്പോള്‍ അടുത്തിരിക്കാന്‍ മജീദിന് സാധിക്കുന്നില്ല. മജീദ് പ്രവാസിയായിരുന്നു. ജീവിക്കാന്‍ വേണ്ടി നാടു വിട്ടു പോയി അന്യ നാട്ടില്‍ കഴിയുന്നവന്‍. ഉമ്മയുടെ കത്തില്‍ നിന്നാണ് മജീദ് സുഹ്‌റയുടെ മരണം അറിയുന്നത്. എന്നെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന വെല്യായിച്ചിയുടെ മരണം യതീംഖാനയില്‍ നിന്ന് അടുത്ത അവധിക്കു വരുമ്പോള്‍ മാത്രമാണ് ഞാന്‍ അറിയുന്നത്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒന്നര വയസ്സുള്ള അനിയത്തിയുടെ മയ്യിത്ത് ഞാന്‍ വീടെത്തുമ്പോഴേക്കും ഖബറടക്കിക്കഴിഞ്ഞിരുന്നു. തൊട്ടു മുമ്പത്തെ അവധി കഴിഞ്ഞ് ഞാന്‍ മടങ്ങുമ്പോള്‍ എത്ര ഉമ്മകള്‍ തന്നാണ് അവളെന്നെ യാത്രയാക്കിയിരുന്നത്! അഗാധമായ വാല്‍സല്യം ചൊരിഞ്ഞു തന്ന രണ്ട് വെല്യുമ്മമാര്‍ ഈ ലോകത്തോട് വിടപറയുമ്പോള്‍ ഞാന്‍ കടലിനക്കരെ ആയിരുന്നു. മരിക്കുമ്പോള്‍ മജീദ് വന്നോ വന്നോ എന്ന് സുഹ്‌റ ചോദിക്കുന്നുണ്ട്. ഉമ്മയുടെ കത്ത് വായിച്ച് മജീദ് കുറേ നേരം തരിച്ചിരിക്കുന്നു. അങ്ങിനെ തരിച്ചിരുന്ന എത്രയെത്ര മൂഹൂര്‍ത്തങ്ങള്‍ അഞ്ചാം ക്ലാസു മുതല്‍ അന്യ നാട്ടില്‍ കഴിയുന്ന എന്റെ ജീവിതത്തിലും ഉണ്ടായിട്ടില്ല!

ജീവിതത്തില്‍ നിന്ന് വലിച്ചു ചീന്തിയ ഒരേടാണല്ലോ ബാല്യകാല സഖി. ഒരു രംഗം നോക്കൂ: തന്റെ ബാപ്പ മരിച്ച ദിവസം ദുഃഖഭാരത്തോടെ അടുത്തു വരുന്ന സുഹ്‌റയെ മജീദിന്  ആശ്വസിപ്പിക്കാനാകുന്നില്ല. മജീദിന് ഒന്നും പറയാന്‍ കഴിഞ്ഞില്ല. അവന്റെ കണ്ണീര്‍ കണങ്ങള്‍ അവളുടെ മൂര്‍ധാവിലും അവളുടേത് അവന്റെ നെഞ്ചിലും വീണ് ഒഴുകിക്കൊണ്ടിരുന്നു.
രണ്ട് ഇണക്കുരുവികള്‍ പങ്കുവെക്കുന്ന കഠിന ദുഃഖത്തിന്റെ തീവ്രത ഇതിലും ഹൃദയഭേദകമായി ആവിഷ്‌കരിക്കാന്‍ ഏത് ചലച്ചിത്രകാരന് സാധിച്ചിട്ടുണ്ട്?

ഒരു ചലച്ചിത്രകാരനും കഴിയുകയുമില്ല. അതാണ് പ്രമോദ് പയ്യന്നൂരിനും സംഭവിച്ചത്. ബാല്യകാല സഖി വായിക്കുമ്പോള്‍ മനസ്സിലുണര്‍ന്ന ഒരു വികാരവും  പ്രമോദ് പയ്യന്നൂരിന്റെ ബാല്യകാല സഖി കാണുമ്പോള്‍ മനസ്സിലുണരുന്നില്ല. പുസ്തകത്തില്‍ അനുഭവിച്ച ഒന്നും  സിനിമയില്‍ ഞാന്‍ അനുഭവിച്ചില്ല. അതീവ ലളിതവും ഹൃദ്യവുമായി ബഷീര്‍ പറഞ്ഞു തീര്‍ത്ത കഥ, ഇത്ര വളച്ചു കെട്ടി പറഞ്ഞത് ഏതു  തരം ആഖ്യാന ഭംഗിക്കാണെന്ന് മനസ്സിലായില്ല. മമ്മൂട്ടി എന്ന അതുല്യനായ നടന്റെ താരമൂല്യം മുതലാക്കാന്‍ വേണ്ടി മാത്രമാണ് അങ്ങിനെ ചെയ്തതെങ്കില്‍, ചുരുങ്ങിയ ഭാഷയില്‍ പറഞ്ഞാല്‍ അത് ബഷീറിനോടും ബാല്യകാലസഖിയോടും ചെയ്ത ചതിയാണ്. അങ്ങിനെ ചെയ്തപ്പോള്‍, എനിക്ക് നഷ്ടമായത് എന്റെ സുഹ്‌റയെയാണ്. മജീദില്‍ ഞാന്‍ കണ്ട എന്നെത്തന്നെയാണ്.
അതുകൊണ്ട് ആ സിനിമയെ കുറിച്ച് ഇത്രയേ പറയാനുള്ളൂ; അതെന്റെ സുഹ്‌റയല്ല, അത് ഞാനുമല്ല.

Friday, February 7, 2014

നിവീന്‍ പോളിക്കും നസ്‌റിയക്കും വീണ്ടും നല്ല നേരം; ജൂഡ് ആന്റണിക്കും


'ഇങ്ങിനെയും സിനിമ എടുക്കാം ല്ലേ?'
ഇടപ്പള്ളി ലുലുമാളിലെ മള്‍ട്ടി പ്ലക്‌സില്‍ 'ഓം ശാന്തി ഓശാന' കണ്ടിറങ്ങുമ്പോള്‍ ഒരു ന്യൂ ജനറേഷന്‍ പ്രേക്ഷകന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു.

അപ്പറഞ്ഞതിന് അര്‍ഥം ഇപ്പടം മുഷിയാതെ കണ്ടിരിക്കാം എന്നു തന്നെ. ക്ലാസില്‍ പോകാതെ പടത്തിനു കയറിയ ആ കൗമാരക്കാരനും കൂട്ടുകാര്‍ക്കും പടം നല്ല ഇഷ്ടമായി.
പേര് സൂചിപ്പിക്കുമ്പോലെ ഒരു ഹിന്ദു-ക്രിസ്ത്യന്‍ പ്രണയ കഥയാണിത്. അത്, അയ്യേ എന്ന് ആരെക്കൊണ്ടും പറയിക്കാതെ, മനോഹരമായി അവതരിപ്പിക്കുന്നതില്‍ നവാഗതനായ
സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് വിജിയിച്ചിരിക്കുന്നു. (നായിക സഞ്ചരിക്കുന്ന കാര്‍ കേടു വരുമ്പോഴും നായിക അപമാനിക്കപ്പെടുമ്പോഴും കൃത്യമായി വന്നു ചേരുന്ന നായകന്‍ മാത്രമേ ക്ലീഷേ ആകുന്നുള്ളൂ).

ബുദ്ധിജീവികളും സ്ത്രീവാദികളും ചിലപ്പോള്‍ ഈ പടത്തേയും ആക്രമിച്ചേക്കും. ആണ്‍കുട്ടിയെ പോലെ വളര്‍ന്ന ഒരു പെണ്‍കുട്ടി എല്ലാം തികഞ്ഞ ആണൊരുത്തനോട് പ്രണയം തോന്നുന്നതോടെ വെറും പെണ്ണായി മാറുന്നുവെന്ന് അവര്‍ വിമര്‍ശിക്കും. പ്രണയം വരുന്നതോടെയാണ് അവള്‍ ആദ്യമായി അടുക്കളയില്‍ കയറുന്നതും കഞ്ഞിയും പയറും വെയ്ക്കാന്‍ പഠിക്കുന്നതും. അത്തരം വിമര്‍ശകര്‍ എന്തും പറഞ്ഞോട്ടെ, ഗൗരവമായെടുക്കേണ്ട.

ഡോക്ടര്‍ മാത്യുവിന്റേയും കോളേജ് അധ്യാപിക ആനിന്റെയും ഒരേയൊരു മകളാണ് പൂജാ മാത്യു.
1983ല്‍ മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങളായി തിളങ്ങി നില്‍ക്കുമ്പോഴാണ് അവള്‍ ജനിക്കുന്നത്.  ലേബര്‍ റൂമിന്റെ വരാന്തയില്‍ അക്ഷമനായി ഉലാത്തുന്ന ഡോ. മാത്യുവിനോട് ആദ്യം നഴ്‌സ് വന്ന് പറയുന്നത്, ആണ്‍കുട്ടിയാണെന്നാണ്. ആണ്‍കുട്ടിയാണെന്ന് കേള്‍ക്കുമ്പോള്‍ തീര്‍ത്തും സ്ത്രീവിരുദ്ധമായ പ്രസ്താവനയാണ് അവിടെയിരിക്കുന്ന ഒരാള്‍ നടത്തുന്നത്. പെണ്‍കുട്ടി മൂലം ഉണ്ടാകാന്‍ ഇടയുള്ള കഷ്ടപ്പാടുകളേയും പൊല്ലാപ്പുകളേയും കുറിച്ച് വാചാലനാകുന്ന അയാള്‍ ആണ്‍കുട്ടിയായാലേ വയസ്സു കാലത്ത് ഒരു തുണ കിട്ടൂ എന്നുവരെ പറയുന്നു. എന്നാല്‍ ഈ കഥാപാത്രത്തെ വയസ്സുകാലത്ത് ആണ്‍കുട്ടികളെല്ലാം ഉപേക്ഷിച്ചു പോകുമ്പോള്‍ മകളാണ് സംരക്ഷിക്കുന്നത്).

ആണ്‍കുട്ടിയാണെന്ന് കേള്‍ക്കുമ്പോഴും പിന്നീട് പെണ്‍കുട്ടിയാണെന്ന് വ്യക്തമാകുമ്പോഴും കര്‍ത്താവിനെ സ്തുതിക്കുന്ന ഡോ. മാത്യു അവളെ സ്വതന്ത്രയായി വളര്‍ത്തുന്നു. അമ്പെയ്യാനും ബൈക്ക് ഓടിക്കാനും പഠിക്കുന്ന അവള്‍ ആണ്‍കുട്ടിയെ പോലെ വളരുന്നു. കാഞ്ചോക്കോ ബോബന്റെ ചോക്ലേറ്റ് മുഖമല്ല, കാലുകള്‍ക്കിടയിലെ ബൈക്കാണ് അവളെ ആകര്‍ഷിക്കുന്നത്. നമ്മുടെ പുരുഷനെ നമ്മള്‍ കണ്ടെത്തണമെന്ന ആന്റിയുടെ ഉപദേശം കേട്ട് സ്വന്തം പുരുഷനെ തെരയാന്‍ തുടങ്ങുന്ന  അവള്‍ ഹരിയെ കണ്ടെത്തുന്നു. (സ്ത്രീവാദികള്‍ക്കും ബുദ്ധി ജീവികള്‍ക്കും ഇവിടേയും വിമര്‍ശിക്കാന്‍ അവസരമുണ്ട്: അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ വിനോദ യാത്ര പോയപ്പോള്‍ അപമാനിക്കപ്പെടുന്ന പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ചെല്ലുന്നത് ധീരയായ പൂജയാണ്. പക്ഷേ, രക്ഷിക്കാന്‍ കരുത്തരായ ആണുങ്ങള്‍ തന്നെ വേണമെന്ന സന്ദേശമാണ് ഈ രംഗത്ത് ഹരിയുടെ രംഗ പ്രവേശം കാണിക്കുന്നത്. പിന്നീട് വിവാഹ ദല്ലാള്‍ സ്ത്രീകളെ പരസ്യമായി അപമാനിക്കുന്നുണ്ട്. അമ്പെയ്ത്ത് പഠിച്ചിട്ടും ബൈക്ക് ഓടിച്ചിട്ടുമൊന്നും കാര്യമില്ല, കല്യാണാലോചന വന്നാല്‍ പെണ്‍കുട്ടികള്‍ക്ക് നാണം വരുമെന്നാണ് ദല്ലാളിന്റെ കമന്റ്).

പക്വത ഇല്ലാത്ത പ്രായത്തില്‍ തോന്നുന്ന ഇഷ്ടം പക്വത വരുന്നതുവരെ കാത്തുസൂക്ഷിക്കുന്ന പെണ്‍കുട്ടിയെ നസ്‌റിയ അതി മനോഹരമായാണ് അവതരിപ്പിക്കുന്നത്. (ഫഹദ് ഫാസില്‍ കെട്ടി വീട്ടിലിയിരുത്തിയില്ലേല്‍ നമുക്ക് ഇനിയും കിട്ടും നസ്‌റിയയില്‍ നിന്ന് ഇത്തരം നല്ല വേഷങ്ങള്‍.
) സലാല മൊബൈല്‍സില്‍ വെറുതെ കെട്ടി എഴുന്നള്ളിയ നസ്‌റിയക്ക് നല്ല അവസരമായി ഇത്. 1983ലെ രമേശനു ശേഷം നിവീന്‍ പോളിക്കു ഈ വര്‍ഷത്തെ രണ്ടാമത്തെ നല്ല വേഷം.
സംവിധായകന്റെ കയ്യൊതുക്കം പ്രകടമാകുന്ന നിരവധി രംഗങ്ങളുണ്ട്. തിരക്കഥാകൃത്ത് മിഥുന്‍ മാനുവല്‍ തോമസിന്റെ കൂട്ട് സംവിധായകന് ഏറെ സഹായകമായിട്ടുണ്ട്. വിനോദിന്റെ ക്യാമറ ഓം ശാന്തി ഓശാനയുടെ കാഴ്ച നല്ല അനുഭവമാക്കുന്നു. ലിജോ പോളിന്റെ ചിത്ര സംയോജനത്തിലെ മികവു കൂടിയാകുമ്പോള്‍ കാഴ്ച ഒട്ടും മുഷിയുന്നില്ല. സംഗീതത്തില്‍ ഷാന്‍ റഹ്മാനും മുഷിപ്പിക്കുന്നില്ല.

വ്യത്യസ്ത മതക്കാര്‍ തമ്മിലുള്ള പ്രണയമാണെങ്കിലും അത് ആകാശം ഇടിഞ്ഞു വീഴുന്ന ഒരു സംഗതിയായി തിരക്കഥാകാരനോ സംവിധായകനോ അവതരിപ്പിക്കുന്നില്ല. അതു തന്നെയാണ് ഈ ചിത്രത്തിന്റെ വലിയൊരു പ്രത്യേകത. അജു വര്‍ഗ്ഗീസിന്റെ ഡേവിഡ് കാഞ്ഞാണി എന്ന തരികിടക്കാരന്‍ ഒരു മുസ്ലിം പെണ്‍കുട്ടിയെ പ്രണയിക്കുമ്പോള്‍ ഈ നാട്ടില്‍ ഇത്രയും ക്രിസ്ത്യാനികള്‍ ഉണ്ടായിട്ടും നിനക്ക്  ഒരു മുസ്ലിം പെണ്‍കുട്ടിയെ മാത്രമേ കിട്ടിയുള്ളൂ എന്ന് ഹരി ചോദിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ കാഞ്ഞാണി പ്രണയിക്കുന്നത് ഒരു ഹിന്ദു പെണ്‍കുട്ടിയെയാണ്. പിന്നീട് അവളേയും കൊണ്ട് ഒളിച്ചോടാന്‍ കാഞ്ഞാണിയെ സഹായിക്കുന്നത് ഹരി തന്നെയാണ്. (ഇവിടെയും വിമര്‍ശന സാധ്യതയുണ്ട്. മത സന്തുലിത്വം നിലനിര്‍ത്താന്‍ സംവിധായകന്‍ കാണിച്ച തന്ത്രം -ഹിന്ദുവായ നായകന്‍ എന്തായാലും അവസാനം ക്രിസ്ത്യാനിയായ നായികയെ കൊണ്ടുപോകും. അതിനു മുമ്പേ ഒരു ഹിന്ദു പെണ്ണിനെ ക്രിസ്ത്യാനി ചെക്കന്‍ അടിച്ചു കൊണ്ടുപോകട്ടെ. ഹിന്ദു പെണ്ണുമായി ക്രിസ്ത്യാനിച്ചെക്കന്‍ ഒളിച്ചോടുകയാണെങ്കില്‍ ക്രസ്ത്യാനിപ്പെണ്ണിനെ അപ്പന്‍ നല്ല മനസ്സോടെയാണ് ഹിന്ദുച്ചെക്കന് കെട്ടിച്ച് കൊടുക്കുന്നത്).

മതത്തെ, തിരക്കഥയില്‍ നിന്ന് മാറ്റി നര്‍മം പുരട്ടിയാണ് തിരക്കഥാകൃത്തും സംവിധായകനും കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. ഹരിയുടെ ചൈനീസ് ദാമ്പത്യവും പൂജ ഹരിയെ ആണു കാണാന്‍ വരുന്നതും പോലെ രസകരമായ കുറേ സീനുകളുണ്ട്.
മോഹന്‍ലാലും മമ്മൂട്ടിയും കത്തി നില്‍ക്കുന്ന കാലത്ത് ജനിക്കുന്ന പെണ്‍കുട്ടിയുടെ, കാലം മുന്നോട്ട് പോകുന്നത് കുഞ്ചാക്കോ ബോബനിലൂടെയും ഋത്വിക് രോഷനിലൂടെയുമാണ്. ആടുതോമയും ക്ലാസ്‌മേറ്റ്‌സും രാജമാണിക്യവും കഥാ സന്ദര്‍ഭങ്ങളില്‍ രസകരമായി ഇഴചേര്‍ക്കാന്‍ തിരക്കഥാകൃത്തും സംവിധായകനും കാണിച്ച മിടുക്ക് പ്രേക്ഷകരില്‍ ഒരു തരം ഗൃഹാതുരത്വവും ഉണര്‍ത്തുന്നുണ്ട്. ദൂദര്‍ശനിലെ പ്രതികരണം പരിപാടിയും വാഷിംഗ് പൗഡര്‍ നിര്‍മയുടെ പരസ്യവും സൂപ്പര്‍മാന്‍ സീരിയലുമൊക്കെ ഈ ഗണത്തില്‍ വരുന്നു.
ഡോ. മാത്യുവായി രജ്ഞിപണിക്കരും എഴുത്തുകാരനായി ലാല്‍ ജോസും മെഡിക്കല്‍ കോളേജ് അധ്യാപകനായി വിനീത് ശ്രീനിവാസനും ചിത്രത്തിലുണ്ട്. എല്ലാവരും അവരവരുടെ ഭാഗങ്ങള്‍ നല്ല രീതിയില്‍ പൂര്‍ത്തിയാക്കി.

ബോറടിക്കാതെ 130 മിനിറ്റ് കണ്ടിരിക്കാമോ എന്ന് മാത്രം നോക്കിയാണ് സിനിമക്ക് പോകുന്നതെങ്കില്‍ ധൈര്യായി പോകാം. അതെ,  നിവീന്‍ പോളിക്കും നസ്‌റിയ നസീമിനും വീണ്ടും നല്ല നേരം; ജൂഡ് ആന്റണി ജോസഫിനും

Thursday, February 6, 2014

ങ്ങള് എന്തെങ്കിലും കഴിച്ചോ?


അറേബ്യന്‍ വേനലിന്റെ കടുപ്പം കത്തി നിന്ന ഒരു രാത്രിയിലാണ് ആദ്യമായി ജിദ്ദയില്‍ വിമാനമിറങ്ങിയത്. ആ ചുടില്‍ ശരീരം പൊള്ളി. ഗൃഹാതുരത്വത്തിന്റെ ചൂട് അതിനേക്കാള്‍ കഠിനമായി മനസ്സിനെ പൊള്ളിച്ചു കൊണ്ടിരുന്നു. കമ്പനി ഏര്‍പ്പാട് ചെയ്ത ഹോട്ടല്‍ മുറിയില്‍ പെട്ടിയും ബാഗും കൊണ്ടു വെച്ച്, നേരെ തൊട്ടടുത്ത ടെലിഫോണ്‍ ബൂത്തിലേക്ക് പോയി. മൊബൈലുകള്‍ പ്രചാരചത്തിലായിട്ടില്ല. കുറേ നേരം ക്യൂ നിന്ന ശേഷമാണ് നാട്ടിലേക്ക് ലൈന്‍ കിട്ടിയത്. അങ്ങേ തലയ്ക്കല്‍ ഭാര്യയുടെ മൗനം മാത്രം. വേര്‍പാടിന്റെ  വേദന അവളുടെ വാക്കുകളെ തടഞ്ഞു കൊണ്ടിരുന്നു. എന്നിട്ടും അവള്‍ ചോദിച്ചു.
''ങ്ങള് എന്തെങ്കിലും കഴിച്ചോ?''
മുറിഞ്ഞെത്തിയ ആ വാക്കുകളില്‍ അവളുടെ മുറിയാത്ത സ്‌നേഹവും ശ്രദ്ധയുമുണ്ടായിരുന്നു.

വീട് വിട്ടു പോകുന്നവരുടെ പ്രധാന പ്രശ്‌നം ഭക്ഷണമാണ്. പല നാട്ടില്‍ പല ഭക്ഷണ രീതികള്‍. അത് നാക്കിന് പിടിച്ചു കിട്ടാന്‍ സമയമെടുക്കും. എവിടെ പോയാലും വീട്ടിലെത്തി, സ്വന്തം മണ്ണിന്റെ മണമുള്ള ആഹാരം കഴിക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തി വേറെ തന്നെയാണ്. അത് വീട്ടിലുള്ളവര്‍ക്ക് തിരിച്ചറിയാന്‍ കഴിയും. അതുകൊണ്ടാണ് നാടു വിട്ടു പോയി ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം, മുന്നറിയിപ്പില്ലാതെ തിരിച്ചു വരുമ്പോള്‍ പാത്രത്തില്‍ ചോറ് വിളമ്പി വൈക്ക് മുഹമ്മദ് ബഷീറിനെ ഉമ്മ കാത്തിരുന്നത്. ചെന്നു പറ്റുന്ന നാടുകളില്‍ നമുക്ക് ആഹാരം തരാന്‍ ആരുണ്ടാകുമെന്ന് വീട്ടുകാര്‍ എപ്പോഴും വേവലാതിപ്പെടുന്നു.

ഹോട്ടലില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യയുടെ ചോദ്യത്തിന്റെ പൊരുളറിഞ്ഞു. മൊറോക്കന്‍ ഭക്ഷണമാണ് ആ ഹോട്ടലിലുണ്ടായിരുന്നത്. ആടും കോഴിയും ചോറും കറികളുമൊക്കെ ഉണ്ടെങ്കിലും ഒന്നും മുമ്പ് കഴിച്ചതല്ല. കണ്ടതുമല്ല. ഫലം ആ രാത്രി അര്‍ധ പട്ടിണി. ആപ്പിളിന് മാത്രമേ ഇന്ത്യന്‍ മുഖഛായയുള്ളു. മുന്തിരിക്കും വാഴപ്പഴത്തിനും പോലും ഒട്ടും പരിചയമില്ലാത്ത മുഖഛായ. എങ്കിലും ആ പഴങ്ങളാണ് അന്നത്തെ വിശപ്പിനെ പാതി മാറ്റിത്തന്നത്. പിറ്റേന്നും അതു തന്നെ സ്ഥിതി. മെനുകാര്‍ഡില്‍ പേര് അറിയുന്ന ഒരു ഭക്ഷണവുമില്ല. കമ്പനിയില്‍ നേരത്തെ വന്ന കൂട്ടുകാര്‍ ഞങ്ങളെ കാണാന്‍ വന്നിരുന്നു. അവര്‍ അപ്പോഴേക്കും വിദേശ ഭക്ഷണങ്ങളുടെ ആരാധകരായി കഴിഞ്ഞവരാണ്. ഞങ്ങളുടെ പറ്റില്‍ അവര്‍ അവിടുത്ത ഭക്ഷണം ആസ്വദിച്ചു കഴിഞ്ഞു. ഞങ്ങള്‍ തൊട്ടടുത്തുള്ള അത്തോളിക്കാരന്‍ കോയക്കയുടെ ഹോട്ടലില്‍ പോയി പുട്ടും കടലയും തിന്നു. ഉച്ചയ്ക്ക് ചോറും മീന്‍ കറിയും കഴിച്ചു. രാത്രി തരം പോലെ പൊറോട്ടയോ ചപ്പാത്തിയോ കഴിച്ചു.

ചെന്നെത്തിയ നാടിന്റെ ഭക്ഷണ രീതി തിരിച്ചു പോരുവോളം ഞാന്‍ ശീലിച്ചില്ല. എങ്കിലും അറേബ്യന്‍ ഭക്ഷണത്തിന്റെ രുചികള്‍ പതുക്കെയാണെങ്കിലും നാവിന് പിടിച്ചു തുടങ്ങിയിരുന്നു. ഖുബ്ബൂസും (റൊട്ടി) മന്തിയും ബുഖാരിയും മദ്ഹൂത്തും  (കോഴിയോടൊപ്പം പ്രത്യേകം പാകം ചെയ്ത ചോറുകള്‍) പിന്നീട് നന്നായി തന്നെ രുചിക്കാന്‍ തുടങ്ങി. ഇത്തരം ഭക്ഷണങ്ങളൊക്കെ വലിയ ദൗര്‍ബല്യമായി മാറിയ എത്രയോ മലയാളികളുണ്ട്. ആഴ്ചയിലൊരിക്കല്‍ ബ്രോസ്റ്റഡ് ചിക്കന്‍ കഴിച്ചില്ലെങ്കില്‍ വട്ടായിപ്പോകുമെന്ന് പറയുന്ന ഒരു മലയാളി വീട്ടമ്മയെ പരിചയമുണ്ട്.
കുറച്ചു വര്‍ഷം അറേബ്യയില്‍ വളര്‍ന്നതു കൊണ്ടാകാം, കുട്ടികള്‍ ഇപ്പോഴും ഇടക്ക് ബ്രോസ്റ്റോ ഷാവര്‍മയോ പിസയോ വേണമെന്ന് പറയുമ്പോള്‍ വല്ലാത്ത ജാള്യം തോന്നും. ആവശ്യം കേട്ടില്ലെന്ന് നടിച്ച് വാങ്ങിക്കൊടുക്കാതിരിക്കാന്‍ എന്റെ മലയാളിത്തം വാശിപിടിക്കും. അവരുടെ ബാല്യ കൗതുകങ്ങളിലെ ഭക്ഷണങ്ങളില്‍ അവയൊക്കെ ഉള്‍പ്പെട്ടു പോയി.
വീട്ടിലുള്ളവരെ ഭക്ഷണമൂട്ടാന്‍ വീടു വിട്ടു പോന്നവന്റെ ഭക്ഷണ പ്രശ്‌നം പക്ഷേ, വലിയ പ്രശ്‌നം തന്നെയാണ്. അവസരമാണ് ആവശ്യത്തിന്റെ മാതാവ് എന്ന് പറഞ്ഞപോലെ, പലരും സ്വയം പാചക വിദ്യ പഠിക്കുന്നു. ഒരു ചായ പോലും ഇടാന്‍ അറിയാത്തവന്‍ വലിയ പാചകക്കാരനാകുന്നത് കണ്ടിട്ടുണ്ട്. സ്വന്തം ആവശ്യത്തിനല്ലാതെ, ഒരു തൊഴിലെന്ന രീതിയില്‍ അത് പരിശീലിച്ച് ഉപജീവനം തേടുന്നവരുമുണ്ട്. നാട്ടില്‍ നിന്ന് കഞ്ഞിപോലും വെച്ചിട്ടില്ലാത്തവന്‍ ഇവിടെ വന്ന് ബിരിയാണി വരെ വെയ്ക്കും. അനധികൃതമായി ഗള്‍ഫ് നാടുകളില്‍ തങ്ങുന്ന പലര്‍ക്കും എളുപ്പം പഠിക്കാന്‍ കഴിയുന്ന വിദ്യയാണ് പാചകം. ചെറിയ രീതിയിലെങ്കിലും പാചകമറിയുന്നവര്‍ക്ക് തൊഴിലവസരവും  അനവധി. ഇങ്ങിനെ ഗള്‍ഫിലെത്തി പാചകം പഠിച്ച് പല സ്ഥലങ്ങളിലായി ജോലി ചെയ്ത് പണം സമ്പാദിക്കുന്ന നിരവധി പേരുണ്ട്.

ജിദ്ദയില്‍ ഒരു ചൊല്ലു തന്നെയുണ്ട്. മദീനാ റോഡ് മുറിച്ചു കടക്കാനും മലയാളിക്ക് മെസ്സ് വെക്കാനും പറ്റില്ലെന്ന്. സത്യമാണ്. മലയാളികളുടെ ഒരു മെസ്സില്‍ ആറ് നാട്ടുകാരും നൂറ് രുചിക്കാരുമാകും. കണ്ണൂരുകാന്റെ രുചിയല്ല മലപ്പുറത്തുകാരന്റേത്. തൃശൂരുകാരനും തിരുവിതാംകൂറുകാരനും വേറെ വേറെ രുചി. പല നാട്ടുകാരെ ഒരേ രുചി പരിശീലിപ്പിക്കാന്‍ പാചകക്കാരന്‍ പെടാപാടു പെടും. ആ അഭ്യാസം പഠിക്കുന്ന കുക്കിന് ഒരു സെക്കന്റ് ഇടതടവില്ലാതെ 180 കിലോ മീറ്റര്‍ സ്പീഡില്‍ വാഹനങ്ങള്‍ ചീറിപ്പായുന്ന മദീനാ റോഡും മുറിച്ചു കടക്കാം.
മെസ്സിന്റെ അരുചികള്‍ ഭയന്നാണ് പലരും സ്വയം പാചകക്കാരനായി ചമയുന്നത്. അങ്ങിനെയൊരു സാഹസത്തിന്  ഞാനും മുതിര്‍ന്നു. ചായ പോലും ഇടാനറിയില്ലെങ്കിലും മീനും കോഴിയും ബീഫും വെച്ചു. ആഴ്ചയിലൊരു ദിവസമാണ് ഊഴം. അന്ന് വട്ടമിട്ടിരുന്നു കൂട്ടുകാര്‍ എന്റെ കൈപ്പുണ്യമുണ്ണുന്നത് അമ്പരപ്പോടെ ഞാന്‍ നോക്കി നില്‍ക്കും.
മക്കയിലെ ഒരു ഇന്തോനേഷ്യന്‍ ഹോട്ടലില്‍ ചെന്നപ്പോഴാണ് അതു പോലെ അമ്പരന്നത്. മലയാളത്തിന്റെ ഭക്ഷണങ്ങളില്‍ മാത്രം വിശപ്പു മാറുന്നവനാണ് ഞാന്‍. കൂട്ടുകാരന്‍ നടത്തുന്ന ആ ഹോട്ടല്‍ കാണാന്‍ വെറുതെ പോയതാണ്. അവിടുത്തെ പാചകക്കാര്‍ മുഴുവന്‍ മലയാളികള്‍. അവിടെയിരുന്ന് രുചിയോടെ ഭക്ഷണം കഴിക്കുന്നവര്‍ മുഴുവന്‍ ഇന്തോനേഷ്യക്കാര്‍. അല്ലെങ്കില്‍ ഇന്തോനേഷ്യന്‍ വംശജരായ സൗദികള്‍. സത്യത്തില്‍ അതില്‍ അല്‍ഭുതപ്പെടേണ്ടതില്ല. കാരണം അറേബ്യയിലെ മിക്ക ഹോട്ടലുകളിലും പാചകക്കാര്‍ മലയാളികള്‍ തന്നെ. അവര്‍ മന്തിയും ബുഖാരിയും മദ്ഹൂത്തുമൊക്കെ നന്നായി പാചകം ചെയ്യും. പ്രവാചകന്‍ സാലിഹിന്റെ ചരിത്രമുറങ്ങുന്ന മദാഇന്‍ സാലിഹിലെ സ്റ്റാര്‍ ഹോട്ടലില്‍ ചെന്നപ്പോള്‍ അവിടുത്തെ പ്രധാന പാചകക്കാരന്‍ എന്റെ അയല്‍വാസിയാണ്. ആ ഹോട്ടലിന്റെ കലവറയില്‍ വിവിധ അറേബ്യന്‍ നാടുകളിലെ ഭക്ഷണ രുചികളുടെ അവസാന വാക്ക് അദ്ദേഹമാണ്. അറേബ്യയിലെ വിദൂര ഗ്രാമങ്ങളിലൊക്കെ യാത്ര ചെയ്യുമ്പോള്‍ അവിടുത്തെ വഴിയോര ഹോട്ടലുകളിലെല്ലാം അടുക്കളയില്‍ മലയാളികളുടെ സാന്നിധ്യമുണ്ട്. അതാണല്ലോ കേരളത്തിലെ ഗ്രാമങ്ങളില്‍ പോലും ഇത്തരം ഭക്ഷണങ്ങള്‍ ലഭ്യമാകുന്നത്.

കഴിഞ്ഞ ദിവസം എന്റെ കൂട്ടുകാരി വിളിച്ചപ്പോള്‍ പറഞ്ഞതും അതാണ്. ഭാര്യ രണ്ടാഴ്ച ഒരു ചികിത്സയിലായിരുന്നു. അപ്പോഴാണ് അവള്‍ വിളിച്ചത്. ഭക്ഷണത്തിന് എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ തറവാട്ടില്‍ ഉമ്മയുടെ അടുത്തു പോകുമെന്ന് പറഞ്ഞു.
അതെന്താ നിനക്ക് കുക്ക് ചെയ്യാന്‍ വയ്യേ?
ഹേയ്.. എനിയ്ക്ക് അതൊന്നും അറിയില്ല.
പത്ത് വര്‍ഷം ഗള്‍ഫില്‍ കഴിഞ്ഞിട്ടും നീ അതൊന്നും പഠിച്ചില്ലേ?
ഗള്‍ഫിലെന്താ കുക്കിംഗ് ക്ലാസിന് പോയതായിരുന്നോ ഞാന്‍?
അതല്ല, ഇവിടുത്തെ മൂപ്പരൊക്കെ ബിരിയാണി വരെ വെയ്ക്കും. ഗള്‍ഫില്‍ പോകുമ്പോള്‍ ചായ ഇടാന്‍ പോലുമറിയില്ല. എന്റെ ആങ്ങളമാരും അതെ. അവരും നന്നായി വെയ്ക്കും. ചിക്കനും മട്ടനുമൊക്കെ അവര്‍ വെച്ചാല്‍ പ്രത്യേക രുചിയാണ്.
അത് സത്യമാണ്. ഞാന്‍ അവളോട് വെറുതെ തര്‍ക്കിച്ചെന്നേയുള്ളു. ചെലവു ചുരുക്കാന്‍ മാത്രമല്ല, മനസ്സറിഞ്ഞ് ഭക്ഷണം കഴിക്കാമെന്ന വിചാരം കൊണ്ടു കൂടിയാണ് പലരും സ്വയം പാചകത്തിലേക്ക് തിരിയുന്നത്. ചോറും കറിയും മാത്രമല്ല അറേബ്യന്‍ ഭക്ഷണവും ഇവര്‍ നന്നായി വെയ്ക്കും.

ഭാഷ പോലെ പാചക രീതിയും മലയാളി എളുപ്പം പഠിച്ചെടുക്കുന്നു. അറേബ്യയിലെത്തുന്ന മലയാളി എത്ര വേഗമാണ് അറബി സംസാരിക്കാന്‍ ശീലിയ്ക്കുന്നതും. ഉര്‍ദുവും അവന് എത്രയും വേഗം വഴങ്ങുന്നു. അതുപോലെയാണ് ചായ, ചോറ്, കറി തുടങ്ങി മുന്തിയ വിഭവങ്ങള്‍ വരെ പാകം ചെയ്യാന്‍ അവന്‍ പഠിച്ചെടുക്കുന്നത്.
പ്രാതല്‍ കഴിക്കാതിരിക്കുകയാണ് പ്രവാസിയുടെ പൊതുരീതി. പലതരം അസുഖങ്ങളിലേക്കുള്ള ആദ്യ വാതില്‍ തുറക്കുന്നത് ഈ പ്രാതല്‍ നിരാസമാണെന്ന് അവര്‍ തിരിച്ചറിയുന്നില്ല. പ്രാതല്‍ കഴിക്കുന്നവരാകട്ടെ ഒരു സാന്‍ഡ് വിച്ചില്‍ ഒതുക്കും. ഉച്ചക്ക് ചോറും കറിയും മീന്‍ പൊരിച്ചതും. വൈകുന്നേരം ഒരു കറി വെച്ചാല്‍ മതി. കൂട്ടിത്തിന്നാന്‍ അറേബ്യയുടെ ജനകീയ ഭക്ഷണമായ ഖുബ്ബൂസ് പുറത്തു നിന്ന് വാങ്ങാം.

ഗള്‍ഫിലെത്തി എട്ടും പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് പാചകം ചെയ്യാനും സമയം കണ്ടെത്തുന്നത്. വിശപ്പടക്കുക എന്ന പ്രാഥമിക ലക്ഷ്യത്തിന് അപ്പുറം പലരും പാചക കലയില്‍ അതിനിപുണന്മാരായി മാറുന്നുണ്ട്. തൊഴിലിനിടയിലെ ചെറിയ ഇടവേളകളില്‍ ഭക്ഷണമുണ്ടാക്കി കഴിക്കുന്ന കൂട്ടുകാരുടെ താമസ സ്ഥലങ്ങളില്‍ പലപ്പോഴും വിരുന്നുകാരനായി പോകേണ്ടി വരാറുണ്ട്. അപ്പോഴൊക്കെ അല്‍പം ജാള്യത്തോടെയാണ് ആ ഭക്ഷണം കഴിച്ചിട്ടുള്ളത്.
നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചെത്തുന്ന പ്രവാസിയുടെ പ്രധാന സമ്പാദ്യം പലതരം രോഗങ്ങളായിരിക്കുമല്ലോ. രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, പ്രമേഹം, വൃക്കരോഗം, കരള്‍ രോഗം. ഇപ്പോള്‍ ചെറുതല്ലാത്ത തോതില്‍ കാന്‍സറിനും പ്രവാസികള്‍ അടിപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ജീവിത, ഭക്ഷണ രീതികളിലെ പൊരുത്തക്കുറവാണ് പലരേയും രോഗികളാക്കുന്നത്.
അവനവനു വേണ്ട ഭക്ഷണം അവനവനു തന്നെ പാചകം ചെയ്യാന്‍ സാധിച്ചാല്‍ വിശപ്പിനെ മാത്രമല്ല, രോഗങ്ങളേയും മാറ്റി നിര്‍ത്താം. പ്രവാസം മതിയാക്കണമെന്ന് എന്നെങ്കിലും തോന്നുമ്പോള്‍ പ്രിയപ്പെട്ടവരുടെ അരികിലേക്ക് ആരോഗ്യത്തോടെ തന്നെ തിരിച്ചു വരാം.


Tuesday, February 4, 2014

ലിന്‍ഡാ ഐ മിസ് യു എ ലോട്ട്

ഫേസ് ബുക്കിന് പത്ത് വര്‍ഷം തികയുന്നു. ഫേസ് ബുക്കില്‍ ഞാന്‍ അഞ്ചു വര്‍ഷവും മൂന്ന് മാസവും തികച്ചു. ഇക്കാലത്ത് ഫേസ് ബുക്കില്‍ നിന്ന് എനിക്ക് കിട്ടിയ സൗഹൃദങ്ങളെ കുറിച്ച്. (മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)



ഫേസ് ബുക്കില്‍ കുറേ നേരം വര്‍ത്തമാനം പറഞ്ഞിരിയ്‌ക്കെ പാതിരായ്ക്ക് പെട്ടെന്ന് അവള്‍ ചോദിച്ചു.
മൊബൈലിലാണോ ഫേസ് ബുക്ക് ഉപയോഗിക്കുന്നത്?
അല്ല ലാപ്‌ടോപില്‍.
വീട്ടിലാണോ?
അതെ.
ഇത്രേം നേരം ഇതിനു മുന്നില്‍ കുത്തിയിരുന്നാല്‍ ഭാര്യ വഴക്കുണ്ടാക്കില്ലേ?.

അത് നേരാണ്. എത്രയോ വട്ടം ഭാര്യ വഴക്കുണ്ടാക്കിയിട്ടുണ്ട്. അന്നേരം ഞാന്‍ ഫേസ് ബുക്കിന്റെ ഹോം പേജ് കാണിച്ചു കൊടുക്കും. അവിടെ എന്തെല്ലാം ചര്‍ച്ചകളാണ്? ഇന്നലെ അവള്‍ വഴക്കുണ്ടാക്കിയപ്പോള്‍ ഹോം പേജില്‍ പത്രപ്രവര്‍ത്തകനായ സുഹൃത്ത് മൊയ്തു വാണിമേലിന്റെ നോട്ട് കാണിച്ചു കൊടുത്തു. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എം സുധീരന്‍ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രകൃഷി മന്ത്രി ശരത്പവാറിന് അയച്ച കത്തിന്റെ പൂര്‍ണ രൂപമണ് അവിടെ.  മന്ത്രാലയത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന ഈകത്ത് എഴതാന്‍ ഒരു സുധീരന് മാത്രമേ കഴിയൂ എന്നു മൊയ്തുവിന്റെ കമന്റും.

ദാ ഇതൊക്കെയാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്? ഇതിലൊക്കെ ഞാനും അഭിപ്രായം പറയേണ്ടേ എന്ന് ചോദിച്ചപ്പോള്‍ എന്‍ഡോ സള്‍ഫാന്‍ ഇരകളുടെ ഫോട്ടോ പത്രത്തില്‍ കാണുമ്പോഴൊക്കെ ബേജാറാകുന്ന അവള്‍ക്ക് അതില്‍ കാര്യമുണ്ടാകാമെന്നു തോന്നിയാകും തല്‍ക്കാലം വഴക്കു നിര്‍ത്തി പോയി. ഫേസ് ബുക്കിന് അങ്ങിനെ ഒരു മുഖമുണ്ട്. വലിയ ചര്‍ച്ചകളാണ് അവിടെ നടക്കുന്നത്. വലിയ വിവരങ്ങളാണ് അവിടെ ഷെയര്‍ ചെയ്യപ്പെടുന്നത്. പിന്നെ, അവിടെ ഇല്ലാത്തവര്‍ ആരുമില്ലല്ലോ. അവള്‍ക്ക് അറിയാവുന്ന വലിയ വലിയ പോരുകാരില്‍ ഒരുവിധപ്പെട്ടവരൊക്കെ അവിടെയുണ്ട്. അവരൊക്കെ എന്നേക്കാള്‍ ആക്ടീവായി ഫേസ് ബുക്ക് ആക്ടിവിറ്റികളില്‍ ഏര്‍പ്പെടുന്നുമുണ്ട്. കംപ്യൂട്ടര്‍ നിരക്ഷരയായ എന്റെ ഭാര്യ വിശ്വാസത്തോടെ കിടക്കാന്‍ പോകുന്നു.

ഫേസ് ബുക്കിലെ ഒരു കൂട്ടുകാരി എന്നെ അവള്‍ ഉള്‍പ്പെട്ട ഒരു ഗ്രൂപ്പിലേക്ക് ക്ഷണിച്ചു. ഒരു ക്ലോസ്ഡ് ഗ്രൂപ്പാണ് അത്. അധികം അംഗങ്ങളില്ല. അവിടെയാണ് എന്‍ഡോസള്‍ഫാന്‍ ഇരയായ കുഞ്ഞിന്റെ ചിത്രം കണ്ട് ഉറങ്ങാതെ കിടക്കുന്ന അനീജ് പി. ജയനെ കണ്ടത്. അനീജ് പോസ്റ്റ് ചെയ്ത ആ ചിത്രം കണ്ട് ഈ ക്രൂരതക്കെതിരെ എന്തു ചെയ്യാനാകുമെന്ന് ഗ്രൂപ്പിലെ ഓരോരുത്തരും സജീവമായി ആലോചിക്കുന്നുണ്ട്. ഒപ്പം പഠിക്കുന്നവരോ പഠിച്ചവരോ പരസ്പരം അറിയാവുന്നവരോ ആയ ചെറിയൊരു സംഘമാണ് അത്. അവിടെ ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം മുതല്‍ വിക്കിലീക്‌സ്, നീരാ റാഡിയ, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി തുടങ്ങി എല്ലാം അവര്‍ ചര്‍ച്ച ചെയ്യുന്നു. യുവത്വത്തിന്റെ തുടക്കത്തിലുള്ള ആ സംഘത്തിന്റെ കാഴ്ചപ്പാടുകള്‍ക്കും ആലോചനകള്‍ക്കും നല്ല വ്യക്തതയുണ്ട്. വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും അവര്‍ ചര്‍ച്ച ചെയ്യുന്നു. മടി ഏതുമില്ലാതെ അവര്‍ അഭിപ്രായങ്ങള്‍ പറയുന്നുണ്ട്.

ഫേസ് ബുക്കിന് അങ്ങിനെ ഒരു മുഖമുണ്ട്. ബ്ലോഗിലും ട്വിറ്ററിലും ബസ്സിലുമൊക്കെ ഇത്തരം ചര്‍ച്ചകള്‍ നടക്കാറുണ്ടെങ്കിലും ഫേസ് ബുക്ക് കൂടുതല്‍ ജനകീയവും സ്വീകാര്യവുമായതോടെ എല്ലാവരും അവിടേക്ക് ചേക്കേറുകയാണ്. ഞാന്‍ ആ ഗ്രൂപ്പിലെ സ്‌നേഹിതരോട് ചോദിച്ചു. ഫേസ്ബുക്കില്‍ നിങ്ങള്‍ക്കുണ്ടായ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ പങ്കുവെയ്ക്കാമോ എന്ന്. ഫേസ് ബുക്കിനെ കരുതലോടെയാണ് അവര്‍ ഉപയോഗിക്കുന്നത്. അതിന്റെ ഗുണവും ദോഷവും അവര്‍ക്കറിയാം. നല്ല സൗഹൃദം ചമഞ്ഞെത്തിയവര്‍ പഞ്ചാരക്കുട്ടപ്പന്മാരായി മാറുന്ന അനുഭവമുണ്ട്. അത്തരക്കാരെ മാറ്റി നിര്‍ത്താന്‍ അവര്‍ക്ക് കഴിയുന്നു. നെറ്റില്‍ പരിചയപ്പെടുമ്പോള്‍ വലിയ ആദര്‍ശം പറയുന്നവര്‍ വെറും പുരുഷന്മാരായി മാറുന്ന അനുഭവങ്ങളും പെണ്‍കുട്ടികള്‍ക്കുണ്ട്.
എന്നെ ഈ ഗ്രൂപ്പിലേക്ക് ക്ഷണിച്ച അനാമിക അവളുടെ സ്വന്തം പ്രൊഫൈലില്‍ ഇങ്ങിനെ എഴുതി വെച്ചു, ഒരു ദിവസം:
fb gav chance to meet many seniors..but...not even a single senior chechi!!! :O are gals less social??!!!!
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥിനിയാണ് അനാമിക. അതിന് വേറൊരു പെണ്‍കുട്ടി എഴുതിയ രസകരമായ  മറുപടിയുണ്ട്:
aey...anganonnumilla...chettanmar namukk ingott req ayakkum......chechimarkk nammal angott ayakkanam...dats only d diff.
കാമ്പസിലെ ജൂനിയര്‍ വിദ്യാര്‍ഥികളും സീനിയര്‍ വിദ്യാര്‍ഥികളും പലപ്പോഴും കണ്ടു മുട്ടുന്നത് ഫേസ് ബുക്കിലാണ്. കാമ്പസില്‍ പരസ്പരം തീരെ കണ്ടുമുട്ടാത്തവരുമുണ്ടാകും.

പുഴയോളം എന്ന ഗ്രൂപ്പിലേക്ക് എന്നെ ചേര്‍ത്തു വെച്ചത് ഛത്തിസ്ഗഢില്‍ വീട്ടമ്മയായ ലേഖാ വിജയ് ആണ്. പുഴയെക്കുറിച്ച് എത്രയെത്ര പാട്ടുകളും കവിതകളും ലേഖനങ്ങളും ചിത്രങ്ങളുമാണ് അതില്‍. പുഴയോടുള്ള എന്റെ വികാരങ്ങളും ഞാന്‍ അതില്‍ ചേര്‍ത്തു വെച്ചു. പുഴയോരത്ത് ജീവിയ്ക്കുന്നവര്‍ക്കും പുഴയെ പ്രണയിക്കുന്നവര്‍ക്കും ഗൃഹാതുരത്വത്തോടെ കടന്നു ചെല്ലാനുള്ള ഒരിടമത്രെ ലേഖയും വിഷ്ണു പ്രസാദും അഡ്മിനിസ്‌ട്രേറ്റര്‍മാരായ ആ ഗ്രൂപ്പ്.
രാഷ്ട്രീയവും സാഹിത്യവും സിനിമയുമെല്ലാം ഫേസ് ബുക്കില്‍ ഓരോരുത്തരുടെ അഭിരുചി പോലെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും എനിയ്ക്ക് ഇതൊരു സൗഹൃദപ്പുരയാണ്. ഇന്റര്‍നെറ്റിലെ അവാസ്തവിക ലോകത്തേക്ക് (virtual world) കടന്നതു മുതല്‍ ആ ഒരു അനുഭൂതി എനിയ്ക്കുണ്ട്. ആദ്യ കാലത്തെ ചാറ്റ് റൂമുകളിലും ബ്ലോഗിലും ഓര്‍ക്കുട്ടിലും ബസ്സിലും ഇപ്പോള്‍ ഫേസ് ബുക്കിലുമൊക്കെ ഗൗരവമുള്ള ചര്‍ച്ചകള്‍ക്കപ്പുറം, ഒരു തരം മാനസികോല്ലാസം അനുഭവിക്കുന്നവരാണ് ഏറെ പേരും. ഗാഢമായ ബന്ധങ്ങളില്‍ ചെന്നു പെടുന്നവരുമുണ്ട്. മുസ്തഫക്കൊരു പുസ്തകം വേണമെന്നും വീട് വേണമെന്നും ബ്ലോഗില്‍ എഴുതുമ്പോള്‍ അതിനോട് ഒപ്പം നില്‍ക്കാന്‍ ആയിരം പേരുണ്ടാകുന്നത് അതുകൊണ്ടാണ്. ബ്ലോഗിലെ കവി ജ്യോനവന്‍ അപകടത്തില്‍ പെടുമ്പോള്‍ അവന്റെ ജീവന്‍ നിലനിര്‍ത്താന്‍ ആയിരങ്ങള്‍ കരളുരുകി പ്രാര്‍ഥിക്കുന്നത് അതു കൊണ്ടാണ്. ശരീരം തളര്‍ന്നു നാലു ചുവരുകള്‍ക്കുള്ളില്‍ ഒറ്റപ്പെട്ടു പോയ മുസ്തഫയും ഹാറൂനും മാരിയത്തുമൊക്കെ പരസ്പരം മിണ്ടുന്നതും പുതിയ സംഘബോധത്തിലേക്ക് ഉയരുന്നതും ഈ വെര്‍ച്വല്‍ ലോകത്താണ്.
പരസ്പരം കാണുകയോ നേരിട്ട് മിണ്ടുകയോ ചെയ്തിട്ടില്ലാത്തവരാണ് ഈ അവാസ്തവിക സ്‌നേഹത്തിന്റെ ചെറിയ വള്ളങ്ങളില്‍ തുഴഞ്ഞു നീങ്ങുന്നത്. ബ്ലോഗിലോ ഓര്‍ക്കുട്ടിലോ ഫേസ്ബുക്കിലോ എന്നും കാണുന്ന ഒരാളെ കാണാതാകുമ്പോള്‍ മ്യുച്വല്‍ ഫ്രണ്ട്‌സ് അയാളെ കുറിച്ച് പരസ്പരം അന്വേഷിക്കുന്നതും കണ്ടെത്തുന്നതും അങ്ങിനെയൊരു സ്‌നേഹം നിലനില്‍ക്കുന്നതു കൊണ്ടാണ്. സ്‌നേഹിക്കാന്‍ പറ്റിയ ഇടങ്ങളില്‍ തന്നെയാണല്ലോ ചതിയും പൊട്ടിമുളക്കുന്നത്. ചതിക്കാന്‍ ഏറ്റവും നല്ല ഉപാധി സ്‌നേഹവുമാണ്. അങ്ങിനെ ചതിയില്‍ പെട്ടവരമുണ്ട്. മസ്‌കത്തിലെ എന്റെ സുഹൃത്തിന് ഒരുപാട് പണം, ഒരു വെര്‍ച്വല്‍ പ്രണയത്തിന്റെ പേരില്‍ നഷ്ടപ്പെട്ടു പോയത് അങ്ങിനെയാണ്.

ബാല്യം വിട്ടിട്ടില്ലാത്ത കുട്ടികളുടെ സാന്നിധ്യം ഫേസ് ബുക്കില്‍ കണ്ട് ഞാന്‍ അല്‍ഭുതപ്പെട്ടിട്ടുണ്ട്. സ്‌കൂളിലെ ശത്രുത ഫേസ് ബുക്കിലൂടെ തീര്‍ക്കാന്‍ ശ്രമിക്കുന്ന രണ്ട് കുട്ടികളെ ഒന്നിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ഇടപെടേണ്ടി വന്നു. രണ്ടു പേരും എന്റെ ഫ്രണ്ട്‌സ് ലിസ്റ്റിലുള്ള പതിമൂന്നുകാരികള്‍. ഒരാള്‍ മറ്റേയാളുടെ ലിസ്റ്റിലുള്ള ആണ്‍സുഹൃത്തുക്കളെ ആഡ് ചെയ്തു, അവളെക്കുറിച്ച് അപവാദങ്ങല്‍ പറയുന്നു. സ്‌കൂളിലെ പാട്ടുകാരികളാണ് രണ്ടു പേരും. ഒരാള്‍ക്ക് കിട്ടുന്ന അംഗീകാരങ്ങളാണ് മറ്റവളെ ചൊടിപ്പിക്കുന്നത്. ഫേസ്ബുക്കിലൂടെ പരസ്പരം ഭീഷണിപ്പെടുത്തുന്ന അമേരിക്കയിലെ ടീനേജേഴ്‌സിനെ കുറിച്ച് ഇന്റെര്‍നെറ്റില്‍ വായിച്ചത് ഈയിടെയാണ്. ഒരു അമ്മ തന്റെ മകനെ ഈ വിധം പീഡിപ്പിക്കുന്നവര്‍ക്കെതിരെ  പോലീസില്‍ പരാതി നല്‍കി. ടീനേജുകാരുടെ ഫേസ് ബുക്കില്‍ മാതിപാതാക്കളുടെ പോലീസിംഗ് വേണ്ടതുണ്ടോ എന്നായിരുന്നു പിന്നീട് കുറേ ദിവസം അവിടെ ചര്‍ച്ച.

പരസ്പരം തല്ലു പിടിച്ച പാട്ടുകാരി കുട്ടികളില്‍ ഒരാള്‍ ഒരിയ്ക്കല്‍ പറഞ്ഞു, അങ്കിള്‍ ഒരാള്‍ എനിയ്ക്ക് സഭ്യമല്ലാത്ത മെസ്സേജുകള്‍ അയക്കുന്നു. എന്താണെന്ന് ചോദിച്ചപ്പോള്‍ ഐ ലവ് യു, ഐ വില്‍ മാരി യു എന്നൊക്കെയാണത്രെ ഫേസ്ബുക്കിലെ സ്വകാര്യ സന്ദേശങ്ങളായി വരുന്നത്. പതിമൂന്ന് വയസ്സുകാരി അത്തരം സന്ദേശങ്ങള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കുന്നു. മക്കളുടെ ഫേസ് ബുക്ക് ആക്ടിവിറ്റികളെ കുറിച്ച് രക്ഷിതാക്കള്‍ ബോധവാന്മാരാകണമെന്നില്ല. പക്ഷേ, കാമുകിമാരോടും അടുത്ത കൂട്ടുകാരികളോടും ഫേസ് ബുക്കിലോ ഓര്‍ക്കുട്ടിലോ അധികം കളിക്കേണ്ടെന്ന് ഉപദേശിക്കുന്ന ചേട്ടന്മാര്‍ക്ക് ഈ സ്‌പേസിലെ വിളയാട്ടങ്ങളെക്കുറിച്ച് ബോധമുണ്ട്. അതുകൊണ്ട് അവര്‍ പ്രിയപ്പെട്ട പെണ്‍കുട്ടികളുടെ പ്രൊഫൈലില്‍ നിത്യവും കയറിയിറങ്ങുന്നു.

ഓര്‍ക്കുട്ടില്‍ നിന്ന് ജീവിതത്തിലേക്ക് കടന്നു വരുന്ന പുരുഷനു മുന്നില്‍ ദാമ്പത്യ ദുഃഖങ്ങള്‍ മായ്ച്ചു കളയുന്ന ഒരു വീട്ടമ്മയെ എനിയ്ക്കറിയാം. ആ പ്രണയ രഹസ്യം നെറ്റ് വര്‍ക്കിലെ വിശ്വസ്തരെന്ന് കരുതുന്ന മറ്റ് സുഹൃത്തുക്കളോട് പങ്കുവെയ്ക്കുന്നതിലും അവര്‍ക്ക് മടിയില്ല. അഭ്യസ്ത വിദ്യരും തൊഴില്‍ രഹിതരുമായ വീട്ടമ്മമാര്‍ ഫേസ് ബുക്ക് പോലെ സജീവമായ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഭര്‍ത്താവ് ജോലിക്കും കുട്ടികള്‍ ക്ലാസുകളിലേക്കു പോയാല്‍ അവര്‍ വീട്ടില്‍ തനിച്ചാണ്. വീടുകളിലും ഫ്‌ളാറ്റുകളിലും കഴിയുന്ന അണുകുടുംബങ്ങളില്‍ ഒറ്റപ്പെടലിന്റെ ഏറ്റവും വലിയ നോവനുഭവിക്കുന്നത് ഈ വീട്ടമ്മമാരാണ്. അവര്‍ക്ക് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ നല്‍കുന്ന ആശ്വാസം ചില്ലറയല്ല.

ഫേസ്ബുക്കില്‍ ഞാനൊരു ഒളിഞ്ഞു നോട്ടക്കാരന്‍ മാത്രമാണ്. എന്റെ സുഹൃത്തുക്കള്‍ ഇന്ന് എന്തൊക്കെ ചെയ്തു? അവരുടെ ഇന്നത്തെ സ്റ്റാറ്റസ് എന്താണ്? അവര്‍ ആരെയൊക്കെ പുതിയ സുഹൃത്തുക്കളാക്കി? ആരുടെയൊക്കെ ചുവരില്‍ കോറി? ആരില്‍ നിന്നൊക്കെ കമന്‍സ് കിട്ടി? എന്റെ സുഹൃദ് സംഘത്തിലെ സുന്ദരിമാരെ ആരൊക്കെ പോക് ചെയ്തു എന്നൊക്കെ  ഞാന്‍ നോക്കും? എന്നിട്ട് ഒന്നും മിണ്ടാതെ പോരും. ചിലപ്പോള്‍ ഞാനും ഇവിടെയൊക്കെ ഉണ്ടെന്ന് അറിയിക്കാന്‍ വെറുതെ ഒരു ലൈക്കിലൊക്കെ അങ്ങ് ക്ലിക്ക് ചെയ്യും.
ലോകത്ത് ഏതു ഭാഗത്തുള്ള സുഹൃത്തിന്റേയും ചലനങ്ങള്‍ അങ്ങിനെ നമുക്കു വീക്ഷിക്കാം. മെയില്‍ അയച്ചിട്ട് മറുപടി തരാത്തവരുടെ ആക്ടിവിറ്റീസും റിക്വസ്റ്റ് അയച്ചിട്ട് നമ്മെ അവഗണിച്ചവര്‍ വേറെ ആരുടെയൊക്കെ റിക്വസ്റ്റ് സ്വീകരിച്ചുവെന്നുമൊക്കെ നമുക്ക് അറിയാന്‍ പറ്റും.

ജിദ്ദയില്‍ നിന്ന് ഞാന്‍ തിരിച്ചു പോന്നെങ്കിലും ആ ഫീല്‍ എനിക്കില്ല. കാരണം എനിയ്ക്കു വേണ്ടപ്പെട്ടവരോടൊക്കെ ഫെയ്‌സ് ബുക്കില്‍ ഞാന്‍ ഏതു നേരവും സംവദിക്കുന്നു. അവരുടെ പുതിയ ഫോട്ടോകള്‍ കാണുന്നു. അവിടുത്തെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ അറിയുന്നു. അതിന്റെ വീഡിയോ ക്ലിപ്പുകള്‍ കിട്ടുന്നു. ഓരോ വിശേഷത്തിലേക്കും എന്നെ ടാഗ് ചെയ്യാന്‍ എത്ര സുഹൃത്തുക്കളാണ്. അടുത്ത വീട്ടിലെ കാര്യങ്ങളൊന്നും എനിയ്ക്ക് അറിയില്ലെങ്കിലും ലോകത്തെങ്ങുമുള്ള അറിയുന്നവരും അറിയാത്തവരുമായ സുഹൃത്തുക്കളുടെ വിശേഷങ്ങള്‍ ഞാന്‍ അപ്പപ്പോള്‍ അറിയുന്നു.
ഇന്നലെ എന്റെ ഫ്രണ്ട്‌സ് ലിസ്റ്റിലേക്ക് വന്ന ക്രിസ്റ്റീന പറഞ്ഞത് അതാണ്: ''എന്റെ അഛന്‍ മിലിട്ടറിയിലാണ്. ഓരോ മൂന്ന് വര്‍ഷത്തിലും പുതിയ സ്ഥലത്തേക്ക് മാറ്റം. ഓരോ മാറ്റത്തിലും എനിക്ക് നഷ്ടപ്പെടുന്നത് എന്റെ കൂട്ടുകാരാണ്. ഇപ്പോള്‍ നോക്കു ഒമ്പത് വര്‍ഷം കൊണ്ട്  എനിക്ക് നഷ്ടമായ കൂട്ടുകാരില്‍ പലരേയും ഫേസ് ബുക്കില്‍ ഞാന്‍ കണ്ടെത്തുന്നു.''


ഇവിടെ നമ്മള്‍ ഒരിയ്ക്കലും ഒറ്റക്കായി പോകുന്നില്ല. ഒറ്റയ്ക്കായി പോകുന്നവര്‍ ഇത്തരം അവാസ്തവിക കൂട്ടുകെട്ടുകളില്‍ വല്ലാതെ മനം മയങ്ങുന്നുണ്ട്. ഏകാന്തതയില്‍ വല്ലാത്തൊരു റിലാക്‌സ് തരുന്നു അത്. സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ സ്വയം ആവിഷ്‌കാരങ്ങള്‍ നിര്‍വഹിക്കുന്നതിനും അതു വഴി ആത്മരതി അനുഭവിക്കുന്നതിനുമുള്ള ഇടം മാത്രമല്ല. ദാമ്പത്യങ്ങളില്‍ ഒറ്റപ്പെട്ടും അസംതൃപ്തരായും കഴിയുന്ന സ്ത്രീക്കും പുരുഷനും ഇത്തരം നെറ്റ് വര്‍ക്കുകള്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ ചങ്ങാത്തങ്ങള്‍ നല്‍കുന്ന ആശ്വാസം ചില്ലറയല്ല. അതുകൊണ്ടാണ് ഫേസ് ബുക്ക് വിവാഹ മോചനത്തിന് കളമൊരുക്കുന്നുവെന്ന് വാര്‍ത്തകള്‍ വരുന്നത്. ബന്ധങ്ങള്‍ മറ്റ് രീതിയിലേക്ക് വളര്‍ത്തിക്കൊണ്ടു പോകാന്‍ ചാറ്റ് റുമുകളിലെ സ്വകാര്യത സ്ത്രീക്കും പുരുഷനും വളം നല്‍കുന്നു.

ഒറ്റയ്ക്കാകാന്‍ ഒട്ടും ഇഷ്ടമില്ലാത്തതു കൊണ്ടാണ് ഞാന്‍ ഈ വെര്‍ച്വല്‍ വേള്‍ഡിലേക്ക് കടന്നു ചെന്നത്. ഒറ്റയ്ക്ക് കിടന്നാല്‍ എനിക്ക് ഉറക്കം വരികയേ ഇല്ല. ചെറുപ്പം തൊട്ടേ വലിയ ആള്‍ക്കൂട്ടത്തില്‍ കിടന്നുറങ്ങി ശീലിച്ചതു കൊണ്ടാകാം. ആള്‍ക്കൂട്ടമെന്ന് പറയുന്നത് ഞാനും ഉമ്മയും ബാപ്പയും സഹോദരങ്ങളുമടങ്ങുന്ന എന്റെ വീട്ടുകാര്‍ തന്നെയാണ്. പത്ത് പേരുണ്ട് ഞങ്ങള്‍. ചെറിയ രണ്ട് മുറിപ്പുരയില്‍ എങ്ങിനെ പകുത്തു കിടന്നാലും അഞ്ചു പേര്‍ ഒരു മുറിയിലുണ്ടാകും.  ഓര്‍ഫനേജിലെത്തിയപ്പോള്‍ വലിയ ഡോര്‍മിറ്ററികളില്‍ അനേകം കുട്ടികള്‍ക്കൊപ്പമായിരുന്നു കിടത്തം. ഇപ്പോള്‍ അഞ്ച് കിടപ്പു മുറികളുള്ള വീട്ടില്‍ ഏതെങ്കിലും മുറിയില്‍ ഒറ്റയ്ക്ക് കിടക്കേണ്ടി വന്നാല്‍ എനിക്കുറക്കം വരില്ല. മക്കളെ മാറ്റിക്കിടത്താന്‍ മാത്രം വലുപ്പമായെങ്കിലും അവരേയും കൂട്ടിയേ ഞാന്‍ ഉറങ്ങാറുള്ളു. അപ്പോഴും തോന്നും എനിയ്ക്കു ചുറ്റും കിടക്കുന്നവരുടെ എണ്ണം കുറവാണല്ലോ എന്ന്.

അപ്പോള്‍ ഒറ്റയ്ക്കായിപ്പോകുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന വിരസത എത്ര ഭയാനകമായിരിക്കും? പ്രവാസത്തിന്റെ വലിയ വിരസതയിലേക്കും ഒറ്റപ്പെടലിലേക്കും കടല്‍ കടന്നു ചെന്നപ്പോള്‍ വലിയ ആള്‍ക്കൂട്ടത്തിലും ഞാന്‍ ഒറ്റപ്പെട്ടു നിന്നത് എന്തു കൊണ്ടെന്ന് എനിക്ക് അറിയില്ല. അവിടെ ഞാന്‍ എന്നും തനിച്ചായിരുന്നു. എന്റേതല്ലാത്ത, എന്റെ വേരുകള്‍ക്ക് വളം പിടിക്കാത്ത ഏതോ നാട്ടിലെ ജീവിതം. ഞാന്‍ ആരാണെന്ന് എപ്പോഴും സ്വയം ബോധ്യപ്പെട്ടുകൊണ്ടിരിക്കണം. കാരുണ്യത്തിന്റെ വാതില്‍ തുറന്നു തന്ന നാടിന്റെ അധികാരികളെ ബോധ്യപ്പെടുത്തി കൊണ്ടിരിക്കണം. തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ വെയ്ക്കാന്‍ മറന്നു പോയാല്‍ സ്വന്തം അസ്തിത്വത്തെ കുറിച്ച വേവലാതിക്കൊപ്പം വലിയൊരു ജനസഞ്ജയത്തില്‍ നമ്മള്‍ പെട്ടെന്ന് ഏകാകിയായിപ്പോകും. അങ്ങിനെയുള്ള ഒരു കാലത്തിലേക്കുള്ള യാത്രയുടെ തുടക്കത്തില്‍ തന്നെയാണ് അവാസ്തവികമായ (്ശൃൗേമഹ) ഒരു ലോകത്തേക്കുള്ള യാത്രയും ഞാന്‍ ആരംഭിക്കുന്നത്. ആ ലോകത്ത് സ്വയം അനാവരണം ചെയ്തു, പൂര്‍ണ നഗ്‌നനായി നില്‍ക്കുമ്പോള്‍ എന്റെ എല്ലാ അസ്തിത്വ ദുഃഖങ്ങളും മാഞ്ഞു പോകുന്നതു പോലെ തോന്നിയിട്ടുണ്ട്. അവാസ്തവികമായ ആ മുറികളില്‍ എനിയ്ക്കു ചുറ്റും ഒരുപാട് പേരുണ്ടായിരുന്നു.

എനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം ആരും കാണാതെ തനിച്ചിരിക്കാനും നേരം പുലരുവോളം വര്‍ത്തമാനം പറഞ്ഞിരിക്കാനുമുള്ള സ്വകാര്യ ഇടങ്ങളുമുണ്ടായിരുന്നു. തൊട്ടടുത്തുണ്ടെന്ന് തോന്നുന്ന, എന്നാല്‍ ഏറ്റവും അകലെ നിന്ന് വന്നെത്തിയ ചില സ്‌നേഹങ്ങളെ ഞാന്‍ വിശ്വസിച്ചു, പ്രണയിച്ചു. സ്വന്തമെന്ന് കരുതി അഹങ്കരിച്ചു. അവാസ്തവികതയുടെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്തി ചിലപ്പോള്‍ ചില സ്‌നേഹങ്ങള്‍ മാഞ്ഞു പോയി. അപ്പോള്‍ തീര്‍ത്തും വാസ്തവികമായ (ഞശമഹശ്യേ)  ഇപ്പുറത്തെ ലോകത്തിരുന്നു ഞാന്‍ തേങ്ങിക്കരഞ്ഞു. അവരൊക്കെ ഏതേത് ലോകങ്ങളില്‍ പോയി മറഞ്ഞെന്ന് ഓര്‍ത്തു സങ്കടപ്പെട്ടു. എവിടെയായാലാലും സന്തോഷത്തോടെ, സമാധാനത്തോടെ ഇരിയ്ക്കട്ടെ എന്ന് ഞാന്‍ കണ്ടിട്ടില്ലാത്ത, കാണാന്‍ സാധ്യതയില്ലാത്ത എന്റെ സ്‌നേഹങ്ങള്‍ക്കു വേണ്ടി ഞാന്‍ പ്രാര്‍ഥിച്ചു. അത്തരം സൗഹൃദങ്ങളുടെ സുഖവും ദുഃഖവും ഞാന്‍ അനുഭവിക്കുന്നു. ഫേസ് ബുക്കു എനിയ്ക്ക് തരുന്നതും ഈ വിര്‍ച്വല്‍ ജീവിതമത്രെ.
കംപ്യൂട്ടറും ഇന്റര്‍നെറ്റുമാണ് അവാസ്തവികമായ ആ ലോകത്തേക്ക് വഴി തുറന്നു തന്നത്. യാഹുവിലെ ഒരു ഇമെയില്‍ ഐഡിയിലായിരുന്നു തുടക്കം. വിദേശത്തെ ഓഫീസിലെ സൗകര്യങ്ങളാണ് അതിന് സഹായകമായത്. സ്വന്തമായി ഒരു ഇമെയില്‍ ഐഡിയുണ്ടായെങ്കിലും അത് ഉപയോഗിക്കാന്‍ നിവൃത്തിയില്ലായിരുന്നു. സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഇമെയില്‍ ഐഡിയുണ്ടെങ്കിലല്ലേ ഒരു മെയില്‍ അയക്കാന്‍ പറ്റൂ. ഇന്റര്‍നെറ്റും ഇമെയിലും പതുക്കെ പ്രാചരത്തിലായി വരുന്നേയുള്ളു അപ്പോള്‍ നമ്മുടെ വൃത്തങ്ങളില്‍.

ഓഫീസില്‍ തന്നെ തൊട്ടടുത്ത സീറ്റുകളിലിരിക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് മെയില്‍ അയച്ചും മെസ്സഞ്ചറില്‍ ചാറ്റ് ചെയ്തും കളിക്കും. അക്കാലത്താണ് പലതരം ചാറ്റ് റൂമുകളിലൂടെ കയറിയിറങ്ങാന്‍ തുടങ്ങിയത്. അപ്പോഴേക്കും ഹോട്ട്‌മെയിലിലും ഒരു ഐഡി ക്രിയേറ്റ് ചെയ്തിരുന്നു. സ്വന്തമായി രണ്ട് ഇമെയില്‍ ഐഡി! അന്നേരമാണ്  കോഴിക്കോട്ടെ റീജ്യണല്‍ എന്‍ജിനീയറിംഗ് കോളേജില്‍  ഏതാനും വര്‍ഷം മുമ്പ് നടന്ന ഒരു ചടങ്ങിനെ കുറിച്ച് ഓര്‍ത്തത്. അവിടെ ഇലക്‌ട്രോണിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇലക്‌ട്രോണിക് മെയില്‍ സൗകര്യം ലഭ്യമായപ്പോള്‍ അതിന്റെ ഉദ്ഘാടനം വലിയൊരു ചടങ്ങായിരുന്നു. നഗരത്തിലെ മാധ്യമ പ്രവര്‍ത്തകരെയൊക്കെ വിളിച്ചു വരുത്തി ആഘോഷമായ ചടങ്ങ്. ഡിപ്പാര്‍ട്ട്‌മെന്റിലെ ഏതോ പ്രൊഫസര്‍ ആ മെയിലിന്റെ സൂത്രങ്ങള്‍ വിശദമായി പറഞ്ഞു തന്നു. കംപ്യൂട്ടറില്‍ തീര്‍ത്തും നിരക്ഷരരായിരുന്ന ഞാന്‍ ഉള്‍പ്പെടെയുള്ള പത്ര ലേഖകര്‍ ഇലക്‌ട്രോണിക് മെയിലിന്റെ അതിശയം കാര്യമായി തന്നെ പിറ്റേന്നത്തെ പത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. അത് ഇ-മെയിലായിരുന്നുവെന്ന് പിന്നെയും എത്രയോ കഴിഞ്ഞാണ് മനസ്സിലായത്. എത്ര പെട്ടെന്നാണ് ഇന്റര്‍നെറ്റും ഇമെയിലും സോഷ്യല്‍ നെറ്റ് വര്‍ക്കുമൊക്കെ ഓരോ വിരല്‍ത്തുമ്പിലും കിടന്നു പുളയ്ക്കുവാന്‍ തുടങ്ങിയത്.
ഇന്ന് കംപ്യൂട്ടറും ഇന്റര്‍നെറ്റും വീടുകളില്‍ ടെലിഫോണ്‍ പോലെ സാര്‍വത്രികമായതോടെ വീട്ടമ്മമാരും കൗമാരക്കാരും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ സജീവമാണ്.

ഞാനെന്റെ എല്ലാ രഹസ്യങ്ങളും പറഞ്ഞ ഒരു പെണ്ണുണ്ട്. അതെന്റെ ഭാര്യയല്ല. കാമുകിയുമല്ല. ഭാര്യയോടും കാമുകിയോടും ഒരു രഹസ്യവും പറയാന്‍ കഴിയില്ലല്ലോ. അതോടെ പൊട്ടിത്തകരില്ലേ ദാമ്പത്യവും പ്രണയവും? ചില രഹസ്യങ്ങള്‍ സുഹൃത്തുക്കളോടും പറയാന്‍ പറ്റില്ല. ആരോടും പറയാന്‍ പറ്റാത്ത അത്തരം രഹസ്യങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകും. അത് അവനവന്‍ ചെയ്ത നെറികേടുകളാകാം. ചാപല്യങ്ങളാകാം. നാലാള്‍ അറിഞ്ഞാല്‍ നാണക്കേടാകുമെന്ന് ഓര്‍ത്ത് ഏതോ ഇരുട്ടു മുറികളില്‍ നമ്മള്‍ ലംഘിച്ച സദാചാര കല്‍പനകളാകാം. പൊതുസമുഹത്തില്‍ നമ്മള്‍ കൊണ്ടു നടക്കുന്ന കപടമുഖത്തിന്റെ മറുവശമാകാം. എപ്പോഴെങ്കിലും അതൊക്കെ ആരോടെങ്കിലും ഒന്നു തുറന്നു പറയുമ്പോഴല്ലേ നമ്മള്‍ സ്വയം നഗ്നതപ്പെടുകയുള്ളു. അങ്ങിനെ ഒരു കണ്ണാടിയ്ക്കു മുന്നില്‍, മുഖംമൂടികളില്ലാതെ പൂര്‍ണ നഗ്‌നനായി നില്‍ക്കുമ്പോഴല്ലെ നമ്മെ നമുക്കെങ്കിലും തിരിച്ചറിയാന്‍ സാധിക്കൂ.
അങ്ങിനെ പൂര്‍ണ നഗ്‌നനായി ഞാന്‍ എന്നെ നോക്കി നിന്ന കണ്ണാടിയായിരുന്നു അവള്‍. ലിന്‍ഡ. ദൂരെ ദൂരെ അങ്ങ് ഇംഗ്ലണ്ടിലാണ് അവള്‍. ഡെവോണ്‍ നഗരത്തിലെ പ്രശസ്തമായ ഒരു സ്ഥാപനത്തിന്റെ മേധാവി. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും അവരുടെ വംശവൃക്ഷത്തിന്റെ വേരുകള്‍ കണ്ടെത്തിക്കൊടുക്കുന്ന സ്ഥാപനമാണ് അത്.

ഓര്‍ക്കുട്ടും ട്വിറ്ററും ഫെയ്‌സ്ബുക്കും മൈ സ്‌പെയ്‌സും ബസ്സുമൊക്കെ അടങ്ങുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കുകളൊന്നും ആരംഭിച്ചിട്ടില്ലാത്ത ഒരു കാലത്താണ് ഇന്റര്‍നെറ്റിന്റെ അതിവിശാലമായ ലോകത്ത് ഞങ്ങള്‍ പരസ്പരം കണ്ടുമുട്ടുന്നത്. ഒരു ഗോസ്പല്‍ സൈറ്റിന്റെ ചാറ്റ് റൂമില്‍ അവളുണ്ടായിരുന്നു. ചാറ്റില്‍ വരുന്നവരെ വിശ്വസിക്കാനോ അടുപ്പിക്കാനോ കൊള്ളില്ല. ഒക്കെ വ്യാജന്മാരാകും. ആണ് പെണ്ണാകും. പെണ്ണ് ആണാകൂം. ആ ലോകത്ത് പിച്ച വെക്കാന്‍ തുടങ്ങിയ കൊച്ചു കുട്ടിയായിരുന്നു ഞാന്‍. എല്ലാവരേയും സംശയത്തോടെ മാത്രം കണ്ടു.

wanna fucking?
wanna my nude pix?
തുടങ്ങിയ ആക്രോശങ്ങള്‍ കണ്ട് ചാറ്റ് റൂമുകളുടെ വാതില്‍ക്കല്‍ ഞാന്‍ അന്താളിച്ചു നിന്നു. ഇതെന്തൊരു ലോകം? ഭരണിപ്പാട്ടിനെ വെല്ലുന്ന തെറികള്‍. ലൈംഗികതയല്ലാതെ അവിടെ വേറെ ഒന്നുമില്ല. ഒന്നു മിണ്ടി നോക്കണമെങ്കില്‍ മാന്യമായി സംസാരിക്കുന്ന ആരെയെങ്കിലുമൊന്ന് കാണേണ്ടേ? ചാറ്റ് റൂമുകളില്‍ കണ്ട ചില സ്ത്രീ നാമങ്ങള്‍ക്കു നേരെ ഹായ് പറയാന്‍ ശ്രമിച്ചെങ്കിലും തിരിച്ചു വന്ന സന്ദേശങ്ങള്‍ കണ്ടപ്പോള്‍ തന്നെ മനസ്സിലായി, അത് പെണ്‍ പേരില്‍ പ്രത്യക്ഷപ്പെട്ട ഏതോ ആണുങ്ങളാണെന്ന്. സൈന്‍ ഔട്ട് ചെയ്ത് രക്ഷപ്പെടുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. പുഴവക്കത്തോ ബസ് സ്റ്റോപ്പിലോ കാമ്പസിലോ ചെന്ന് പഞ്ചാരയടിക്കുന്നതിനേക്കാള്‍ (flirting)മധുരമുണ്ട് അവാസ്തവിക ലോകത്തെ ഈ പഞ്ചാരയ്ക്ക്. പക്ഷേ, പെണ്ണാണെന്ന് ഉറപ്പു വരുത്താന്‍ ഒരു മാര്‍ഗ്ഗമില്ല. ഉറപ്പാക്കാതെ എങ്ങിനെ ഫ്‌ളര്‍ട്ടിത്തുടങ്ങും?
ലിന്‍ഡ പക്ഷേ, തുടക്കത്തിലേ പറഞ്ഞു ലൈംഗിക കാര്യങ്ങളെക്കുറിച്ച് സംസാരിക്കരുതെന്ന്. മാന്യമായാണെങ്കില്‍ ഒരു സൗഹൃദമാകാം. ഞാന്‍ പറഞ്ഞു, പണ്ട് ഞങ്ങളെ അടിമകളാക്കി വെച്ച നാട്ടുകാരിയാണ് നീ. ആ നാട്ടില്‍ നിന്ന് ഒരാളെ സുഹൃത്തായി കിട്ടുന്നതാണ് എന്റെ സന്തോഷം.

ലിന്‍ഡ കടുത്ത വിശ്വാസിയാണ്. കാത്തലിക്. വായിക്കും. അപസര്‍പ്പക നോവലുകളോടാണ് താല്‍പര്യമെന്ന് തോന്നുന്നു. ഒരിയ്ക്കല്‍ അവള്‍  എനിക്ക് രണ്ട് പുസ്തകങ്ങള്‍ അയച്ചു തന്നു. സ്റ്റീവ് ബെറിയുടെ ദ ആംബര്‍ റൂമും ദ അലക്‌സാണ്ട്രിയാ ലിങ്കും. അതേ പുസ്തകങ്ങള്‍ അവളും വാങ്ങിയിരുന്നു. കൊരിയര്‍ കിട്ടിയ ദിവസം ഞാന്‍ അവള്‍ക്ക് മെയില്‍ അയച്ചു. അന്ന് ചാറ്റില്‍ വന്നപ്പോള്‍ അവള്‍ പറഞ്ഞു, നീ പുസ്തകം വായിച്ചു തുടങ്ങുമ്പോള്‍ പറയണം. നമുക്ക് ഒരുമിച്ച് വായിച്ചു തീര്‍ക്കാം. എന്നിട്ട് അതേക്കുറിച്ച് സംസാരിക്കാം. പക്ഷേ, ഇംഗ്ലീഷുകാരിയുടെ സ്പീഡില്‍ എനിയ്ക്ക് അത് വായിച്ചു തീര്‍ക്കാന്‍ പറ്റുമോ?

ലൈംഗിക കാര്യങ്ങള്‍ പറയരുതെന്ന് ലിന്‍ഡ ആദ്യം വാശിപിടിച്ചെങ്കിലും ഞങ്ങള്‍ പരസ്പരം പറയാത്തതൊന്നുമില്ല. അങ്ങിനെയാണ് ലിന്‍ഡ അവളുടേയും ഞാന്‍ എന്റേയും രഹസ്യങ്ങള്‍ പരസ്പരം പറയാന്‍ തുടങ്ങിയത്. കൗമാരത്തില്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതം ഇംഗ്ലണ്ടിലായാലും കേരളത്തിലായും ഒരുപോലെയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. കണ്ണാടിയ്ക്കു മുന്നില്‍ വളരുന്ന മുലകള്‍ നോക്കി ആനന്ദിച്ചുവെന്ന് അവള്‍ പറഞ്ഞപ്പോള്‍ മാധവിക്കുട്ടി എന്റെ കഥയില്‍ എഴുതിയ വരികള്‍ ഞാന്‍ ഓര്‍ത്തു. ആരുമില്ലാത്തപ്പോള്‍ ഉച്ചയ്ക്ക് ഞാന്‍ കുപ്പായമൂരി കണ്ണാടിയില്‍ കണ്ട എന്റെ ശരീരത്തെ പരിശോധിച്ചു നോക്കി, മുഴുത്തു വന്നിരുന്ന മാറിടം നോക്കിയപ്പോള്‍ പെട്ടെന്ന് ഒരു നിധി കണ്ടെത്തിയ ഒരാളുടെ ചാരിതാര്‍ഥ്യം എനിയക്ക് അനുഭവപ്പെട്ടുവെന്നാണ് മാധവിക്കുട്ടി എഴുതിയത്. പിന്നീട് അച്ഛനമ്മാമാരോടൊപ്പം ഒരവധിക്കാലം ചെലവഴിക്കാന്‍ നൂസീലാന്റിലോ മറ്റോ പോയപ്പോള്‍ അവിടുത്തെ കടപ്പുറത്തിരുന്ന് ഒരു ഓസ്‌ട്രേലിയക്കാരന്‍ പയ്യനാണത്രെ അവളുടെ മാറില്‍ ആദ്യം കൈവെച്ചത്. ആദ്യം ഒന്നു ഞെട്ടിയെങ്കിലും താന്‍ അത് ആസ്വദിച്ചുവെന്ന് ലിന്‍ഡ പറഞ്ഞു. മാറില്‍ ആദ്യം കൈവെച്ചവനെ കുറിച്ചും മാധവിക്കുട്ടി എഴുതിയിട്ടുണ്ട്.
അവാസ്തവികമായ ഒരു ലോകത്ത് ഇരുന്നു കൊണ്ടേ അങ്ങിനെ സമ്മതിച്ചു തരാന്‍ ലിന്‍ഡക്ക് കഴിയു. അവാസ്തവികമായ ഒരു ലോകത്ത് ഇരുന്നേ എനിയ്ക്ക് അത്തരം അനുഭവങ്ങളെ കുറിച്ച് ഉളുപ്പില്ലാതെ ചോദിയ്ക്കാന്‍ പറ്റൂ. ആദ്യത്തെ ചുംബനത്തെക്കുറിച്ചും ആദ്യത്തെ പുരുഷനെക്കുറിച്ചും കൗമാരത്തിലെ ലൈംഗികാനുഭവങ്ങളെക്കുറിച്ചും പീഡനശ്രമങ്ങളെക്കുറിച്ചും ഒക്കെ അവള്‍ പറഞ്ഞു. ഭാര്യയായാലും കാമുകിയായാലും ഒരു പെണ്‍കുട്ടിയോടും ഇത്തരം അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ പറ്റില്ല. ആരും സത്യം പറയുമെന്ന് വിചാരിക്കാനും പറ്റില്ല. ദൈവഭയമുള്ള ലിന്‍ഡ പക്ഷേ, അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. എനിയ്ക്കുമുണ്ടായിരുന്നു അത്തരം രഹസ്യങ്ങള്‍. ആദ്യത്തെ ചുംബനം, ആദ്യത്തെ സ്പര്‍ശനം, ആദ്യത്തെ പെണ്ണ് അങ്ങിനെ പലതും. എല്ലാവരുടേയും ഏറ്റവും വലിയ രഹസ്യം ലൈംഗികതയുമായി ബന്ധപ്പെട്ടു തന്നെയാണല്ലോ. ഞരമ്പുകളെ ചുടുപിടിപ്പിക്കുന്ന ഒരു ലൈംഗിക ചര്‍ച്ചയായിരുന്നില്ല അത്. സ്ത്രീയുടെ ശരീരത്തെ ഞാനും പുരുഷന്റെ ശരീരത്തെ അവളും അറിയാന്‍ ശ്രമിക്കുകയായിരുന്നു. സത്രീയുടെ മനസ്സിനെ ഞാനും പുരുഷന്റ മനസ്സിനെ അവളും അറിയുകയായിരുന്നു. നഗ്‌ന നാരിയും നഗ്‌ന വാനരനും വായിക്കുമ്പോലെ. അതുകൊണ്ടാണ് ലിന്‍ഡ എന്നോട്  മുസ്‌ലിം പുരുഷന്മാരുടെ ചേലാകര്‍മത്തെക്കുറിച്ചു ചോദിച്ചത്.


ലിന്‍ഡയുടെ പല രഹസ്യങ്ങളും എനിയ്ക്കുമറിയാം. അന്നോളം ആരോടും പറയാത്ത രഹസ്യങ്ങളാണ് അവളും എന്നോട് പറഞ്ഞത്. ലിന്‍ഡയെ ഞാന്‍ കണ്ടിട്ടില്ല. ലിന്‍ഡ എന്നെയും കണ്ടിട്ടില്ല. ഇനി കാണുമെന്ന് പ്രതീക്ഷിക്കുന്നുമില്ല. അവാസ്തവികമായ ഒരു ലോകം തന്ന സ്വാതന്ത്ര്യത്തിന്റെ അപ്പുറത്തുമിപ്പുറത്തും ഇരുന്നാണ് ഞങ്ങള്‍ മഹാ രഹസ്യങ്ങള്‍ കൈമാറിയത്. ടെക്സ്റ്റിലും വോയ്‌സിലും വീഡിയോയിലും ഞങ്ങള്‍ മണിക്കൂറുകളോളം ചാറ്റ് ചെയ്തു. ഞാന്‍ ഒറ്റയ്ക്കായി പോയ നിമിഷങ്ങളില്‍ ലിന്‍ഡ എനിയ്ക്കും ലിന്‍ഡ ഒറ്റയ്ക്കായി പോയ നിമിഷങ്ങളില്‍ ഞാന്‍ ലിന്‍ഡക്കും കൂട്ടായി. ഭക്ഷണം പാകം ചെയ്യുമ്പോള്‍ വെബ് ക്യാം അവള്‍ അടുക്കളയിലേക്ക് എടുത്തു. അവിടെ അവള്‍ പാകം ചെയ്യുന്ന ഹോട്ട് ഡോഗും ബര്‍ഗറും ഞാന്‍ ഇപ്പുറത്തിരുന്നു കണ്ടു. ഇന്ത്യന്‍ കറികള്‍ അവള്‍ക്ക് ഇഷ്ടമാണ്. നഗരത്തിലെ ഇന്ത്യന്‍ റസ്റ്റോറന്റില്‍ പോയി അവള്‍ കഴിച്ച കറികളെ കുറിച്ച് പറയും ചിലപ്പോള്‍. അവള്‍ ദത്തെടുത്ത മക്കളെ ക്യാമറക്ക് മുന്നില്‍ കൊണ്ടു വന്ന് നിര്‍ത്തി എന്നെ കാണിച്ചു.

ലിന്‍ഡ മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട്. ഒന്നിച്ചു ജീവിയ്ക്കാന്‍ വയ്യെങ്കില്‍ പിരിഞ്ഞു പോകുന്നതില്‍ അവര്‍ക്ക് ഒരു വിഷമവുമില്ല. നമ്മളെ പോലെ ഇഷ്ടമില്ലാത്ത ബന്ധത്തില്‍ അള്ളിപ്പിടിച്ച് ആയുസ്സ് തീര്‍ക്കില്ല. ആദ്യ ബന്ധത്തില്‍ അവള്‍ക്ക് രണ്ട് മക്കളുണ്ട്. വല്ലപ്പോഴും ആ മക്കളും അമ്മയുടെ ചാറ്റ് ബോക്‌സില്‍ വന്ന് എന്നോട് വര്‍ത്തമാനം പറഞ്ഞു. മാറ്റും ക്ലെയറും എന്നെ അങ്കിള്‍ എന്നു വിളിച്ചു. ഇംഗ്ലീഷുകാരിപ്പെണ്ണുങ്ങളെല്ലാം ലൈംഗിക അരാജകത്വത്തില്‍ ജീവിയ്ക്കുന്നവരാണെന്ന് വിശ്വസിച്ച  ഒരു മലയാളി അസൂയക്കാരനാണ് ഞാന്‍. അത് അങ്ങിനെയല്ലെന്ന് ലിന്‍ഡ പറഞ്ഞു തന്നു. ഔട്ടിംഗും ഡേറ്റിംഗും ഒക്കെയുണ്ടാകും. ഒന്നിച്ചു ജീവിയ്ക്കാനുള്ള പുരുഷനെയോ സ്ത്രീയേയോ തെരഞ്ഞെടുക്കാന്‍. വിവാഹം കഴിച്ച് ഒന്നിച്ചു ജീവിയ്ക്കാന്‍ തുടങ്ങിയാല്‍ വേറെ പുരുഷനെ തേടി പോകില്ല. അത് വഞ്ചനയാണെന്ന് വിശ്വസിക്കുന്നവളാണ് ലിന്‍ഡ. അവിടുത്തെ സദാചാരവും അങ്ങിനെ തന്നെ. സ്വന്തം മക്കള്‍ പ്രായപൂര്‍ത്തിയായതോടെ അവരുടെ കാര്യം അവര്‍ നോക്കാന്‍ തുടങ്ങി. മാറ്റ് കാര്‍പന്ററായി. അതില്‍ നിന്നു കിട്ടുന്ന വരുമാനം കൊണ്ടാണ് അവന്‍ തുടര്‍ന്നു പഠിക്കുന്നത്. ക്ലെയര്‍ ഏതോ സ്ഥാപനത്തില്‍ പാര്‍ട് ടൈം ജോലിക്ക് ചേര്‍ന്നു. രണ്ടു പേരും താമസം വേറെയായപ്പോഴാണ് ലിന്‍ഡ മൂന്ന് കുട്ടികളെ ദത്തെടുത്തത്. ഒരു ആണ്‍കുട്ടിയും രണ്ട് പെണ്‍കുട്ടികളും. അവരുടെ ചെലവുകളും സംരക്ഷണവും ലിന്‍ഡയുടെ കൈകളില്‍. ആ സമയത്ത് അവളോടൊപ്പം മൂന്നാമത്തെ ഭര്‍ത്താവുണ്ടായിരുന്നു. അയാളൊരു ദൂഷ്ടനായിരുന്നു. രാത്രിയില്‍ അയാള്‍ ലിന്‍ഡയുടെ പത്ത് വയസ്സുകാരനായ ദത്തുപുത്രനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ഒരുങ്ങി. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ലിന്‍ഡ ഭര്‍ത്താവിനെ ചവിട്ടിപ്പുറത്താക്കി. അയാള്‍ക്കെതിരെ പോലീസില്‍ കേസ് കൊടുത്തു. ദത്തുമക്കളെയോര്‍ത്ത് ഇനി വിവാഹം വേണ്ടെന്ന് ലിന്‍ഡ തീരുമാനിച്ചു.
ചാറ്റ് റൂമില്‍ വന്ന് അവള്‍ എന്നും സങ്കടങ്ങള്‍ പറഞ്ഞു. സന്തോഷങ്ങള്‍ പറഞ്ഞു. ഒരുതരം ഏകാന്ത അവളെ വല്ലാതെ പീഡിപ്പിച്ചിരുന്നു. തിരിച്ചു പറയാന്‍ എനിയ്ക്കുമുണ്ടായിരുന്നു സങ്കടങ്ങളും സന്തോഷങ്ങളും.

ഒരു ദിവസം അവളെ ഓണ്‍ലൈനില്‍ കണ്ടില്ലെങ്കില്‍ ഞാന്‍ വേവലാതിപ്പെട്ടു. എന്നെ കണ്ടില്ലെങ്കില്‍ അവളും. അന്ന് ഇന്‍ബോക്‌സില്‍ ഒരു മെയില്‍ വന്നു കിടക്കും. എന്തു പറ്റി? സുഖമല്ലേ? എന്ന രണ്ട് ചോദ്യങ്ങളായി ആ സ്‌നേഹം കടല്‍ കടന്നു വരും.
രണ്ട് വര്‍ഷം മുമ്പ് എനിയ്ക്ക് ലിന്‍ഡയെ നഷ്ടപ്പെട്ടു. ക്ലെയറിന്റെ വിവാഹത്തിന്റെ ക്ഷണക്കത്ത് എനിയ്ക്ക് അയച്ചു തന്നിരുന്നു. അവളുടെ വിവാഹ വസ്ത്രം ലിന്‍ഡ തന്നെയാണ് ഡിസൈന്‍ ചെയ്തത്. പല ഡിസൈനുകളുടെ മോഡലുകള്‍ എന്നെ കാണിച്ചിരുന്നു. വിവാഹ വസ്ത്രത്തില്‍ ക്ലെയറിന്റെ ഫോട്ടോ എടുത്ത് അയച്ചു തന്നിരുന്നു. ഇടക്ക് ഒരു ദിവസം ലിന്‍ഡയെ ഓണ്‍ലൈനില്‍ കണ്ടില്ല. സ്തനത്തിലൊരു മുഴ. അത് കുത്തിയെടുത്തു ബയോപ്‌സിക്ക് കൊടുത്തിരിക്കുകയായിരുന്നു. റിപ്പോര്‍ട്ടില്‍ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, പിന്നീട് എപ്പോഴോ ഓണ്‍ലൈനില്‍ നിന്ന് അവള്‍ അപ്രത്യക്ഷയായി. എന്റെ മെയിലുകള്‍ അവളുടെ ഇന്‍ബോക്‌സില്‍ നിറഞ്ഞു കിടക്കുന്നുണ്ടാകും. അവള്‍ക്ക് എന്തു പറ്റിയെന്ന് ഒരു ഊഹവുമില്ല. ലിന്‍ഡ, ഐ മിസ് യു എ ലോട്ട്.

പിന്നെയുമുണ്ട്, എനിയ്ക്ക് ഒരു പ്രണയത്തോളം സ്‌നേഹം തന്ന് എങ്ങോട്ടോ പോയി മറഞ്ഞവര്‍. അവരെ കാണാതെ ഞാന്‍ വല്ലാതെ വേദനിക്കുന്നു. അവര്‍ക്ക് എന്തു സംഭവിച്ചുവെന്ന് അറിയാന്‍ നെറ്റ് വര്‍ക്കുകളില്‍ തപ്പിക്കൊണ്ടിരിക്കുന്നു. ഒരുപാട് വേദനകള്‍ പങ്കുവെച്ച തിരുവനന്തപുരത്തെ ഒരു വീട്ടമ്മ അവരിലൊരാളാണ്. ഓര്‍ക്കുട്ടിലെ അവരുടെ പ്രൊഫൈല്‍ പേജ് തന്നെ മായ്ച്ചു കളഞ്ഞാണ് അവര്‍ അപ്രത്യക്ഷയായത്. മ്യൂച്വല്‍ ഫ്രണ്ട്‌സിനോടൊക്കെ ചോദിച്ചു നോക്കിയിട്ടും ആര്‍ക്കും ഒരു പിടിയുമില്ല. വിദ്യാഭ്യാസവും നല്ല വായനയും ചിന്തയുമൊക്കെയുണ്ടായിരുന്നിട്ടും അടുക്കളക്കകത്ത് തളയ്ക്കപ്പെട്ട അവര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ പുതിയ ലോകം കണ്ടെത്തുകയായിരുന്നു. വേദനകള്‍ പറഞ്ഞ് എന്റെ ഉറക്കം കളഞ്ഞ സുഹൃത്തുക്കളും ഒരുപാടുണ്ട്. ബന്ധം സജീവമായിരുന്ന കാലത്ത് പലരുടേയും ജീവല്‍ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സാധിച്ചിട്ടുണ്ട്. ഒരുപാട് മ്യൂച്വല്‍ ഫ്രണ്ട്‌സുള്ളതു കൊണ്ട് കഥാ സന്ദര്‍ഭങ്ങളില്‍ നിന്ന് എന്റെ കുട്ടുകാരെ വായനക്കാര്‍ക്ക് പിടികിട്ടാനുള്ളതു കൊണ്ട് അക്കഥകളൊന്നും എഴുതാന്‍ വയ്യ.

ഫേസ് ബുക്കില്‍ നിന്ന് ഒരിയ്ക്കല്‍ ഒരുവളെ ഞാന്‍ പുറത്തിറക്കിക്കൊണ്ടു വന്നു. തൊട്ടിട്ടും തൊടാത്ത പോലെ തൊടാതിരുന്നിട്ടും തൊട്ടപോലെ ഏറെ നേരം അവള്‍ എന്നോടൊപ്പം കടപ്പുറത്തിരുന്നു. ചാറ്റുപെട്ടിയിലെ വാചാലത രണ്ടു പേര്‍ക്കുമില്ലായിരുന്നു. സൂര്യനെ കടല്‍ വിഴുങ്ങിയപ്പോള്‍ അവള്‍ എന്നോട് പറഞ്ഞു. കടലുകള്‍ക്ക് അക്കരെ നീ ഇരുന്നപ്പോഴുണ്ടായിരുന്ന എന്തോ ഒന്ന് നീ എന്റെ തൊട്ടരികത്ത് ഇരിയ്ക്കുമ്പോള്‍ എനിയ്ക്കു കിട്ടുന്നില്ല. ഇതാ ഈ കരയില്‍ നങ്കൂരമിട്ടിരിക്കുന്ന ഏതെങ്കിലും വള്ളത്തില്‍ കയറി നീ അക്കരേയ്ക്ക് തുഴഞ്ഞു പോകൂ. അക്കരെ നിന്നു വരുന്ന ആ സ്‌നേഹം മതി എനിയ്ക്ക്. ഇക്കരെ നിന്ന് ഞാനും നിന്നെ സ്‌നേഹിക്കും.

വാസ്തവികകള്‍ക്കപ്പുറത്തുള്ള ആ ലോകങ്ങളില്‍ ഞങ്ങള്‍ ഇപ്പോഴും സ്‌നേഹിച്ചു കൊണ്ടിരിയ്ക്കുന്നു. അടുത്തിരിയ്ക്കുമ്പോള്‍ കിട്ടാത്താത്തതെന്തൊക്കൊയോ ആ വെര്‍ച്വല്‍ വേള്‍ഡില്‍ ഞങ്ങള്‍ പരസ്പരം അനുഭവിയ്ക്കുന്നു.





(ലിന്‍ഡ എന്നത് എന്റെ ഇംഗ്ലീഷ് കൂട്ടുകാരിയുടെ യഥാര്‍ഥ പേര് അല്ല. ഏതെങ്കിലും സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ അവരെ ആരെങ്കിലും കണ്ടു പിടിക്കേണ്ടെന്ന് കരുതി പേര് മറച്ചു വെച്ചു എന്നു മാത്രം)



Monday, March 4, 2013

ബുദ്ധശലഭത്തിന് കൊമ്പുണ്ട്; അത് കണ്ണില്‍ കുത്തും

പാപ്പിലിയോ ബുദ്ധ കണ്ടു കഴിഞ്ഞപ്പോള്‍ പ്രശസ്ത തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ പറഞ്ഞു, ഈ സിനിമ നിരോധിക്കപ്പെടേണ്ടതു തന്നെയാണ്. കാരണം സത്യങ്ങള്‍ വിളിച്ചു പറയുന്നത് അധികാരികള്‍ക്ക് ഇഷ്ടപ്പെടില്ല. അവര്‍ക്ക് ഇഷ്ടപ്പെടാത്ത ഒരുപാട് സത്യങ്ങള്‍ ഈ ചിത്രത്തിലുണ്ട്. ദീദി പറഞ്ഞത് ശരിയാണ്. മേപ്പാറ വനഭൂമിയില്‍ കുടിയേറിയ കീഴ്ജാതിക്കാരെ പോലീസ് തല്ലിച്ചതക്കുമ്പോള്‍ രഘുപതി രാഘവ രാജാറാം ഭജന പാടി സത്യഗ്രഹ പന്തലിലേക്ക് നീങ്ങുന്ന ഗാന്ധിയന്‍ സംഘത്തിന്റെ ഒറ്റ ദൃശ്യം മതി ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത പാപ്പിലിയോ ബുദ്ധ എന്ന സിനിമയുടെ സമരവും രാഷ്ട്രീയവും അടയാളപ്പെടുത്താന്‍. അധികാരികള്‍ക്കും മേല്‍ജാതിക്കാര്‍ക്കും വ്യവസ്ഥാപിത സംഘടിത രാഷ്ട്രീയ മേല്‍ക്കോയ്മകള്‍ക്കും ഇഷ്ടപ്പെടാത്ത സത്യങ്ങള്‍. അതെ, ഗാന്ധിജിയെയും ഗാന്ധിയന്‍ ആശയങ്ങളേയും കുറിച്ചുള്ള ശക്തമായ വിമര്‍ശന പരാമര്‍ശങ്ങളാണ് ഈ സിനിമയെ പ്രധാനമായും വിവാദത്തിലേക്കും സെന്‍സര്‍ഷിപ്പ് നിഷേധത്തിലേക്കും നയിച്ചത്. ഒരു മദ്യപാന സദസ്സില്‍ ലെസ്ബിയന്‍ പെണ്‍കുട്ടി ഗാന്ധിയെ കുറിച്ച് പറയുന്നത് I love Gandhi, because he can fuck a man too എന്നാണ്. തനിക്ക് ബൈ സെക്ഷ്വലാകാന്‍ കഴിയുന്നില്ലല്ലോ എന്ന സങ്കടമാണ് അവള്‍ പങ്കുവെക്കുന്നത്. (പ്രദര്‍ശനത്തിനു ശേഷം നടന്ന ചര്‍ച്ചയില്‍, ഗാന്ധിയില്‍ താന്‍ ആകെ കാണുന്ന ഒരു ക്രിയാത്മക വശം അദ്ദേഹം ബൈ സെക്ഷ്വലാണെന്നതു മാത്രമാണെന്ന് സംവിധായന്‍ വ്യക്തമാക്കുന്നുണ്ട്). അംബേദ്കര്‍ എഴുതിയ ഭരണഘടനയിലൂടെ തങ്ങള്‍ക്ക് യഥാര്‍ഥ മോചനം ലഭിക്കൂ എന്ന് വിശ്വസിക്കുന്നവരാണ് മേപ്പാറയില്‍ കുടിയേറിയ ആദി ഗോത്ര ജനത വിശ്വസിക്കുന്നത്. തങ്ങള്‍ ആരുടേയും ഹരിജനങ്ങളല്ല, ആദി ഗോത്ര ജനതയാണെന്ന് അവര്‍ മുദ്രാവാക്യം വിളിക്കുന്നത്. കണ്ടല്‍ കരിയേട്ടന്‍ എന്ന വൃദ്ധനാണ് അവരുടെ സമരത്തിന്റെ നായകന്‍. കല്ലേന്‍ പൊക്കുടനാണ് ഈ കഥാപാത്രത്തെ നയിക്കുന്നത്. ഒരുകാലത്ത് ദൈവമായി കണ്ടിരുന്ന ഇ.എം.എസിനെ അദ്ദേഹം തള്ളിപ്പറയുന്നുണ്ട്. ഒരിയ്ക്കല്‍ ദൈവമായി കണ്ടാല്‍ പിന്നെ ചുവരില്‍ അങ്ങിനെ തൂങ്ങിക്കിടക്കുമെന്ന് ഇ.എം.എസിന്റെ ചിത്രം നോക്കി അദ്ദേഹം പറയുന്നത്. സ്വന്തം മകന്‍ ശങ്കരന്റെ ചിത്രവും ഇ.എം.എസിന്റെ ചിത്രവും ഒറ്റ ഫ്രെയിമിലാണ് വെച്ചിരിക്കുന്നത്. ഇ.എം.സിനോടുള്ള ആരാധന മൂത്താണ് മകന് കരിയേട്ടന്‍് ശങ്കരന്‍ എന്ന് പേരിട്ടത്. ഒരു ബ്രാഹ്മണ നാമം പേറുന്ന ദളിതനാണ് താനെന്ന് ശങ്കരന്‍ തന്റെ വീട്ടിലെത്തുന്ന സായിപ്പിനോട് പറയുമ്പോള്‍ ഇ.എം.എസ് നേതൃത്വം നല്‍കിയ മഹാ പ്രസ്ഥാനത്തിനും ദളിതന് ഒരു പേരു നല്‍കാനല്ലാതെ ജീവിതം നല്‍കാന്‍ സാധിച്ചില്ലെന്ന ധ്വനിയുണ്ട്. ജെ.എന്‍.യുവില്‍ പഠിച്ച ശങ്കരന്റെ ആഖ്യാനത്തിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. മേപ്പാറയിലെ സമരം തകര്‍ക്കാന്‍ പോലീസിനേയും ഗാന്ധിയനായ ദാസ്ജിയേയും ഉപയോഗിച്ച് ഭരണകൂടം ശ്രമിക്കുന്നു. മേപ്പാറയില്‍ ഉപവാസം നടത്താന്‍ എത്തുന്ന ദാസ്ജിയേയും സംഘത്തേയും സമരക്കാര്‍ തടയുകയാണ്. യര്‍വാദാ ജയിലില്‍ ഗാന്ധിജി നടത്തിയ നിരാഹാര സത്യഗ്രഹം സത്യത്തില്‍ ദളിതുകളോട് ചെയ്ത ചതിയായിരുന്നു തിരിച്ചറിയുന്ന സമരക്കാര്‍ അംബേദ്കറെ ദൈവത്തെ പോലെയാണ് കാണുന്നത്. ദളിതുകള്‍ക്ക് പ്രത്യേക ഇലക്ടറേറ്റ് അനുവദിക്കുന്ന കമ്യൂണല്‍ അവാര്‍ഡിനെതിരെ ഗാന്ധിജി നടത്തിയ നിരാഹാര സമരത്തെ കുറിച്ച് അംബേദ്കര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അംബേദ്കറുടെ ഈ ഉദ്ധരണിയാണ് പ്രധാനമായും സെന്‍സര്‍ബോര്‍ഡിനെ ചൊടിപ്പിച്ചത്. മേപ്പാറയിലെ ദളിതുകളുടെ അവകാശം തട്ടിത്തെറിപ്പിക്കാനാണ് അഭിനവ ഗാന്ധിയന്മാര്‍ അവിടെ നിരാഹാര സത്യഗ്രഹത്തിന് എത്തുന്നത്. മേപ്പറായിലെ ജനനങ്ങളും ഒടുവില്‍ ബുദ്ധമതത്തില്‍ അഭയം കണ്ടെത്തുകയാണ്. ജെന്റര്‍ ഐഡന്റിറ്റി, ജെന്റര്‍ പൊളിറ്റിക്‌സ് തുടങ്ങിയ വിഷയങ്ങളില്‍ മുമ്പും സിനിമ ചെയ്തിട്ടുള്ള ജയന്‍ ലൈംഗികതയെ വ്യക്തമായ കാഴ്ചപ്പാടിലുടെയാണ് ഈ സിനിമയിലും അവതിരിപ്പിച്ചിട്ടുണ്ട്. പശ്ചമഘട്ടത്തില്‍ വംശനാശം വന്നു കൊണ്ടിരിക്കുന്ന ബുദ്ധശലഭങ്ങളെ (paplio budha) തേടിയെത്തുന്ന സായിപ്പ് സഹായിയായി കൂടെ കൂട്ടുന്ന ശങ്കരനുമായി സ്വവര്‍ഗ്ഗ രതിയില്‍ ഏര്‍പ്പെടുന്നുണ്ട്. പഠനത്തിന്റെ ഭാഗമായി പ്രൊജക്ട് തയാറാക്കാനെത്തുന്ന പെണ്‍കുട്ടികളും സ്വവര്‍ഗ്ഗ രതിയില്‍ തല്‍പരരാണ്. അതിലൊരു കുട്ടിയാണ് ഗാന്ധിയെ പോലെ തനിക്ക് ബൈസെക്ഷ്വല്‍ ആകാന്‍ പറ്റുന്നില്ലല്ലോ എന്ന് വിഷമിക്കുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് പിടിച്ചു കൊണ്ടുപോകുന്ന ശങ്കരന്‍ അതി കഠിനമായി പീഡിപ്പിക്കപ്പെട്ട തിരിച്ചെത്തുമ്പോള്‍ മഞ്ജുശ്രീ അവനു നല്‍കുന്ന ആനന്ദം രതിയാണ്. ഓട്ടോ റിക്ഷാ സ്റ്റാന്റിലെത്തുന്ന പെണ്ണിനോട് പുരുഷ ഡ്രൈവര്‍മാരുടെ സമീപനത്തില്‍ മലയാളിയുടെ ലൈംഗിക കാപട്യത്തിന്റെ നേര്‍കാഴ്ചയുമൊരുക്കുന്നുണ്ട്. ഞാന്‍ ഓട്ടോ ഓടിക്കുന്നതല്ല, പെണ്ണായതാണ് പ്രശ്‌നം എന്ന് മഞ്ജുശ്രീ ശങ്കരനോട് പറയുമ്പോള്‍ അത് ഒരു അധകൃത പെണ്ണിന്റെ മാത്രം പ്രശ്‌നമല്ല. തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും സൗഹൃദങ്ങളിലും സ്ത്രീ അനുഭവിക്കുന്ന വ്യക്തിത്വ പ്രശ്‌നം തന്നെയാണ്. തൊഴില്‍ സ്ഥലത്തെ അനുഭവം പങ്കുവെയ്ക്കുന്ന മഞ്ജുശ്രീയോട് നിന്റെ മുല കണ്ടാല്‍ ആര്‍ക്കാണ് അങ്ങിനെ തോന്നാത്തത് എന്നാണ് ശങ്കരന്‍ ചോദിക്കുന്നത്. അപ്പോള്‍ കുപ്പായം വലിച്ചു താഴ്ത്തി മുലകള്‍ പുറത്തെടുത്ത് അവള്‍ ശങ്കരനോട് ചോദിക്കുന്നത്, ഇതാ ഇവിടെ കല്ലിച്ച സങ്കടങ്ങളാണ് നിറയെ. നിനക്ക് അത് കുടിച്ചു തീര്‍ത്തു തരാന്‍ കഴിയുമോ എന്നാണ്. ആ വേദന എല്ലാ പെണ്ണുങ്ങളുടേയും വേദനയാണ്. ഒടുവില്‍ മഞ്ജുശ്രീ കൂട്ടബലാത്സംഗത്തിന് ഇരയാകുകയാണ്. പെണ്ണിനെ എവിടെയും പെണ്ണായേ പുരുഷന് കാണാന്‍ കഴിയൂ എന്ന സ്വത്വ പ്രതിസന്ധിയുടെ കാഴ്ചയാണിത്. അതേ ദുരവസ്ഥ തന്നെയാണ് ദളിതനും അനുഭവിക്കുന്നത്. ഒരു സൗഹൃദ കൂട്ടായ്മയില്‍ ശങ്കരനെ വരേണ്യര്‍ അധിക്ഷേപിക്കുന്നുണ്ട്.് അപ്പോള്‍ അവന്‍ മഞ്ജുശ്രീയോട് സങ്കടപ്പെടുന്നത് പഠിച്ചിട്ടും ബിരുദങ്ങള്‍ നേടിയിട്ടും ഒരു പ്രയോജനവുമില്ല, ദളിതന്‍ എന്നും ദളിതനാണ് എന്നാണ്. പരുഷന് മുന്നില്‍ സ്ത്രീയും വരേണ്യനു മുന്നില്‍ ദളിതനും അനുഭവിക്കുന്ന ഈ ദുരവസ്ഥയില്‍ നിന്ന് ഒരിയ്ക്കലും അവര്‍ക്ക് മോചനമുണ്ടാകില്ല. ഡോ. അംബേദ്കര്‍ ഒരിയ്ക്കല്‍ എഴുതിയിട്ടുണ്ട്: There have been many Mahatmas in India whose sole object was to remove untouchability and to elevate and absorb the Depressed Classes, but every one of them has failed in his mission. Mahatmas have come and Mahatmas have gone but the untouchables have remained as untouchables. ശങ്കരനെ അധകൃതാവസ്ഥയില്‍ നിന്ന് രക്ഷിക്കാന്‍ അവനെ മതം മാറ്റി ക്രിസ്ത്യാനിയാക്കാന്‍ ആവശ്യപ്പെടുന്ന കൂട്ടുകാരനോട് ഐസക് എന്ന കഥാപാത്രം പറയുന്നത്, ഞാനൊക്കെ തോമാശ്ലീഹാ നേരിട്ട് മാമോദീസ മുക്കിയ ബ്രാഹ്മണ ക്രിസ്ത്യാനിയാണ്, ഈ പുലയനെയൊക്കെ എത്ര കുളിപ്പിച്ചാലും വെറും പുലയനായിരിക്കും എന്നാണ്. മതം മാറി ക്രിസ്ത്യനിയോ മുസ്‌ലിമോ ആകുന്ന ദളിതുകള്‍ അവശ ക്രിസ്ത്യാനിയും പൂസ്ലാനുമായി എന്നും അവഗണനയുടെ പുറമ്പോക്കിലാണെന്നതാണല്ലോ പരമാര്‍ഥം. എപ്പോഴും കയ്യേറ്റം ചെയ്യപ്പെടുന്ന ദളിത്, സ്ത്രീ, പരിസ്ഥി എന്നീ മൂന്ന് സ്വത്വങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതില്‍ പാപ്പിലിയോ ബുദ്ധ വിജയിച്ചിട്ടുണ്ട്. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയനാകുന്ന നടന്‍ ശ്രീകുമാര്‍ ശങ്കരനെ ഉജ്വലമായി അവ്തരിപ്പിച്ചിരിക്കുന്നു. മഞ്ജുശ്രീയെ അവതരിപ്പിച്ച സരിതയും മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നു. പത്മ്ര്രപിയ (ജില്ലാ കലക്ടര്‍), പ്രകാശ് ബാരേ (പോലീസ് സൂപ്രണ്ട്), തമ്പി ആന്റണി (രാംദാസ്ജി) എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൂര്‍ണമായും വയനാട്ടില്‍ ചിത്രീകരിച്ച പാപ്പിലിയോ ബുദ്ധയുടെ ഛായാഗ്രഹണം എം.ജെ. രാധാകൃഷ്ണനാണ്. മലയാള ചലച്ചിത്രങ്ങളില്‍ അധികമൊന്നും കണ്ടിട്ടില്ലാത്ത ഫ്രെയിമുകള്‍ ഈ സിനിമയെ സംവിധായകന്റെ സിനിമയാക്കുന്നുണ്ടെങ്കിലും അവ മനോഹരമായി രാധാകൃഷ്ണന്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സകല ബോധന മാധ്യമങ്ങളും ഉപയോഗിച്ച് കെട്ടിപ്പടുത്ത ഒരു നിര്‍മിതിയാണ് ഗാന്ധിയെന്ന് പ്രദര്‍ശനത്തിനു ശേഷം നടന്ന ചര്‍ച്ചയില്‍ സംവിധായകന്‍ ജയന്‍ ചെയറിയാന്‍ പറഞ്ഞു. ഗാന്ധിയുടെ ഈ നിര്‍മിതി ഫിക്ഷനാണ്. അതിനെതിരായ ഒരു counter fiction ആയി എന്റെ സിനിയമെ കണ്ടാല്‍ മതി. ഇന്ത്യ മഹാ ജനാധിപത്യ രാജ്യമാണെന്ന് ലോകമൊട്ടും പ്രചരിപ്പിക്കുന്നത് വെറും നുണയാണെന്നും അദ്ദേഹം പറഞ്ഞു.

Friday, January 27, 2012

യതീമിന്റെ നാരങ്ങാ മിഠായി പ്രകാശനം

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച യതീമിന്റെ നാരങ്ങാ മിഠായി എന്ന എന്റെ പുസ്തകം കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി പ്രകാശനം ചെയ്യുന്നു. ജനുവരി 29 ന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിലാണ് പരിപാടി. ചലച്ചിത്ര സംവിധായകനും പ്രവാസ ലോകം അവതാരകനുമായ പി.ടി. കുഞ്ഞി മുഹമ്മദ് പുസ്തകം ഏറ്റുവാങ്ങും. പി.വി. ഗംഗാധരന്‍. ടി.പി. രാജീവന്‍. വി.ആര്‍. സുധീഷ്, ഡോ. ഖദീജാ മുംതാസ് എന്നിവര്‍ പങ്കെടുക്കും. എ.കെ. അബ്ദുല്‍ ഹക്കീം പുസ്തകം പരിചയപ്പെടുത്തും. കോഴിക്കോട്ടും പരിസരത്തുമുള്ള എല്ലാ സുഹൃത്തുക്കളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് അഭ്യര്‍ഥിക്കുന്നു. പ്രവാസികളുടെ ജീവിതം ചെറുതായി വരച്ചിടാന്‍ നടത്തിയ ശ്രമമാണ്. അതുകൊണ്ടാണ് പ്രവാസി കാര്യ മന്ത്രിയെ പ്രകാശനത്തിന് ക്ഷണിച്ചത്. അദ്ദേഹം സന്തോഷത്തോടെ സമ്മതിച്ചു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ നന്നായി അറിയാവുന്ന പ്രവാസ ലോകം അവതാരകനും സിനിമയിലെ എന്റെ ഗുരുവുമായ പി.ടി. കുഞ്ഞിമുഹമ്മദിന്റെ സാന്നിധ്യവും എന്റെ ഭാഗ്യമായി കരുതുന്നു,

Monday, November 1, 2010

ഖബറിലേക്കുള്ള പെരുന്നാള്‍ യാത്രകള്‍

പി.ടി.മുഹമ്മദ് സാദിഖ്

പെരുന്നാളുകള്‍ എന്നും വീട്ടിലേക്കുള്ള യാത്രകള്‍ കൂടിയായിരുന്നു. അഞ്ചാം ക്ലാസു മുതല്‍ യതീംഖാനയില്‍ നിന്ന്. പിന്നെ നാട്ടിലെ തൊഴിലിടങ്ങളില്‍ നിന്ന്. ഒടുവില്‍ പ്രവാസത്തിന്റെ വിരസ നഗരത്തില്‍ നിന്ന്. അങ്ങിനെയൊരു യാത്ര പുറപ്പെടാന്‍ നേരത്താണ് ജമാലുദ്ദീന്‍ പറഞ്ഞത്, ഒരു പെരുന്നാള്‍ കുട്ടികളോടൊപ്പം എനിയ്ക്കും കൂടണം. അത് ജമാലിന്റെ സ്വപ്നമാണ്. ഒപ്പം താമസിക്കുന്ന മുഹമ്മദിന്റേയും അബ്ദുറഹ്മാന്റേയും സ്വപ്നമാണ്. ആറ് വര്‍ഷം മുമ്പ്, നാല് വര്‍ഷത്തെ ഇടവേളക്കുശേഷമായിരുന്നു, ഒരു പെരുന്നാളിന് വീട്ടില്‍ കൂടാന്‍ ഞാന്‍ പുറപ്പെട്ടത്.

അന്നത്തെ ആ യാത്ര ഓര്‍മയിലുണ്ട്. ഇരുട്ടിന്റെ ആകാശങ്ങളെ കീറിമുറിച്ച് വിമാനം പറന്നുയരുകയാണ്. താഴെ വൈദ്യുതി ദീപങ്ങളുടെ ചന്തത്തിനൊപ്പം പ്രവാസ ഭൂമി കണ്ണില്‍നിന്നും മനസ്സില്‍നിന്നും മാഞ്ഞുപോയി. പെരുന്നാളിന്റെ ആഹ്ലാദങ്ങളിലേക്ക് പ്രിയപ്പെട്ടവരുടെ സാമീപ്യം തേടി പോകുന്ന പ്രവാസികളാണ് വിമാനം നിറയെ.

ആഘോഷവേളകള്‍ പ്രവാസിയുടെ നെഞ്ചകം എന്നും കലുഷിതകമാക്കുന്നു. ജീവിതം തേടി നാടുവിടുമ്പോള്‍ നഷ്ടപ്പെടുന്ന വലിയ വലിയ സന്തോഷങ്ങളാണിത്. ദൂരെ പ്രിയപ്പെട്ടവരില്‍നിന്ന് അകന്ന് ഒറ്റപ്പെട്ടു കഴിയുമ്പോള്‍ അവന് ആഘോഷമില്ല. ആഘോഷത്തിന്റെ ആഹ്ലാദമില്ല. നാട്ടിലെ വേലയും പൂരവും അവന്റെ നോവുകള്‍ക്ക് ആക്കം കൂട്ടുന്നു. ഉത്സവപ്പറമ്പും നേര്‍ച്ചപ്പറമ്പും അവന്റെ ഗൃഹാതുരത്തിന്റെ മുറിവുകളിലാണ് പെരുമ്പറ കൊട്ടുന്നത്.

വിമാനത്തില്‍ തൊട്ടടുത്ത്, കാസര്‍ക്കോട്ടുകാരന്‍ അബ്ദുല്ലക്കുഞ്ഞിയായിരുന്നു. പത്തൊമ്പത് വര്‍ഷമായി പ്രവാസ രാജ്യത്ത് കഴിയുന്ന അദ്ദേഹം അവിടെ എത്തിയതില്‍ പിന്നെ നാട്ടിലൊരു പെരുന്നാള്‍ കൂടിയിട്ടില്ല. സുന്നത്ത് കഴിഞ്ഞ് മകന്‍ ആദ്യത്തെ പെരുന്നാള്‍ നമസ്‌കരിക്കാന്‍ പള്ളിയില്‍ പോകുന്നത് കാണാന്‍ സാധിക്കാത്തതിന്റെ വേദന ആ മനസ്സിലുണ്ട്. പുത്തനുടുപ്പും കുഞ്ഞുറുമാലുമായി അത്തര്‍ പൂശി മകന്‍ പള്ളിയിലേക്ക് പോകുന്നത് സങ്കല്‍പിച്ച് ആ പെരുന്നാളിന് അയാള്‍ എയര്‍ കണ്ടീഷന്റെ ഹുങ്കാരമുള്ള മുറിയില്‍ സങ്കടപ്പെട്ടു കിടന്നു.
ആ മകന്‍ പെണ്ണു കെട്ടി. പേരക്കുട്ടിക്ക് ഒരു വയസ്സ്. പെണ്‍മക്കളുടെ മക്കള്‍ വേറെ. മക്കളും പേരക്കുട്ടികളുമൊക്കെയായി പെരുന്നാള്‍ കൂടണം. പത്തൊമ്പത് വര്‍ഷത്തിനുശേഷം പ്രിയപ്പെട്ടവര്‍ക്കൊപ്പം സ്വന്തം മണ്ണിലൊരു പെരുന്നാള്‍. ഇക്കുറിയാണ് പെരുന്നാളെന്നും ഇതിലും വലിയൊരു വല്യപെരുന്നാളിനി വരാനില്ലെന്നും അബ്ദുുല്ലക്കുഞ്ഞി പറഞ്ഞപ്പോള്‍ അയാളുടെ കണ്ണുകളില്‍ ശവ്വാലമ്പിളി നേരത്തെ പൂത്തിറങ്ങിയ പോലെ തോന്നി.

മുഹമ്മദും അബ്ദുറഹ്മാനും വര്‍ഷങ്ങളുടെ പ്രവസത്തിനിടെ, നാട്ടിലൊരു പെരുന്നാള്‍ കൂടാന്‍ ചെന്നപ്പോഴേക്കും മക്കളൊക്കെ വലുതായിപ്പോയിരുന്നു. പള്ളിയേല്ക്ക് പുറപ്പെടുമ്പോള്‍ പെരുന്നാള്‍ മണക്കുന്ന വിരല്‍ത്തുമ്പില്‍ പിടിക്കാന്‍ പേരക്കുട്ടികളേ ഉണ്ടായിരുന്നുള്ളു. മക്കള്‍ക്കും തനിക്കും നഷ്ടമായതെന്തെന്ന് രണ്ട് പേരും തിരിച്ചറിയുന്നത് അപ്പോഴാണ്. ഇക്കഥകള്‍ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ജമാലുദ്ദീന്‍ പറഞ്ഞത്, അടുത്ത പെരുന്നാളിന് ഞാനും പോകും നാട്ടില്‍. അവധി പെരുന്നാളിനോട് ചേര്‍ത്ത് എടുക്കാന്‍ നോക്കണം.

ജമാലുദ്ദീന്, പക്ഷേ അവധിയും പെരുന്നാളും ഒത്തു വന്നില്ല.പിന്നെയും പെരുന്നാളുകള്‍ കഴിഞ്ഞു പോയി. രണ്ട് വര്‍ഷം മുമ്പ് ഒരു നീണ്ട അവധിക്ക് ജമാല്‍ നാട്ടിലേക്ക് പോയി. രോഗം. അതിന്റെ ഭീകരത അപ്പോള്‍ ജമാലിനറിയില്ലായിരുന്നു. അതു തന്നെ, അര്‍ബുദമെന്ന മഹാ രോഗം. പോകുമ്പോള്‍ ജമാല്‍ പറഞ്ഞു, ഇക്കുറി പെരുന്നാളിന് ഞാന്‍ നാട്ടിലുണ്ടാകും. നീ വരുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും വീട്ടിലേക്ക് വരണം. ഞാന്‍ വാക്കു കൊടുത്തു.

പെരുന്നാളിന് മുമ്പേ ഞാന്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയിരുന്നു. ഞാനും ജലീലും കമ്മുക്കുട്ടി ഹാജിയും കൂടിയാണ് ജമാലിന്റെ വീട്ടിലേക്ക് പോയത്. അവിടെ ജമാലുണ്ടായിരുന്നില്ല. പെരുന്നാളും. മഹാ രോഗം അയാളെ വലിയ ആഘോഷങ്ങളുടെ സ്വര്‍ഗപ്പൂങ്കാവനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. അവന്റെ ഉമ്മയുടേയും ഭാര്യയുടേയും തൊണ്ടിയല്‍ വാക്കുകളുമില്ലായിരുന്നു, ഞങ്ങളെ വരവേല്‍ക്കാന്‍. വീട്ടുകാരുടേയും വിരുന്നുകാരുടേയും കണ്ണുകളിലെ കണ്ണുനീര്‍ തുള്ളികള്‍ മാത്രം പരസ്പരം സംസാരിച്ചു. ജമാലിന് മക്കളോടൊപ്പം പെരുന്നാള്‍ കൂടാന്‍ സാധിച്ചില്ല. ജമാലിനൊപ്പം കൂടാന്‍ എനിയ്ക്കും.

അവന്റെ മകന്‍ ഞങ്ങളെ, പള്ളിപ്പറമ്പിലേക്ക് വഴികാട്ടി. ജമാലിന്റെ ഖബറിടത്തില്‍ പച്ചമണ്ണ് ഉണങ്ങിത്തുടങ്ങിയുരുന്നു. കമ്മുക്കുട്ടി ഹാജിയുടെ പ്രാര്‍ഥനാ വചനങ്ങള്‍ക്ക് ഞാനും ജലീലും ആമീന്‍ പറഞ്ഞു കൊണ്ടിരുന്നു.

ഖബറിടത്തിലേക്കുള്ള പെരുന്നാള്‍ യാത്രകള്‍ മുമ്പും എന്റെ കാലുകളില്‍ കൂര്‍ത്ത മുള്ളുകള്‍ കുത്തിക്കയറ്റിയിട്ടുണ്ട്. ആ നോവില്‍ ഒരുപാട് വട്ടം പിടഞ്ഞു നിന്നിട്ടുണ്ട്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യം. യതീംഖാനയില്‍ നിന്ന് അവധിക്കു വന്നപ്പോള്‍ ഒരിയ്ക്കല്‍ വെല്യായിച്ചി (ബാപ്പയുടെ ബാപ്പ) വീട്ടിലുണ്ടായിരുന്നില്ല. അക്കൊല്ലം പെരുന്നാളിന് ഉമ്മയും അമ്മായിമാരും അമ്മായിയുടെ മകള്‍ കുഞ്ഞാളും മൈലാഞ്ചിയിട്ടില്ല. മൈലാഞ്ചിയിടുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ കുഞ്ഞാള്‍ പറഞ്ഞു, വെല്യായിച്ചി മരിച്ചതു കൊണ്ട് ഇക്കൊല്ലം നമുക്ക് പെരുന്നാളില്ലെന്ന്. നേരാണ്. വെല്യായിച്ചിയില്ലാതെ എന്തു പെരുന്നാള്‍? അല്ലെങ്കില്‍ പെരുന്നാള്‍ തലേന്ന് എന്ത് ജോറായിരുന്നു. പല പറമ്പുകള്‍ കയറിയിറങ്ങി മൈലാഞ്ചിക്കൊമ്പൊടിച്ച് അരച്ച് വെളഞ്ഞി (ചക്കപ്പശ) കൊണ്ട് പുള്ളി കുത്തി പെണ്ണുങ്ങളൊക്കെ മൈലാഞ്ചിയുടെ ചോപ്പിലേക്ക് പൂക്കും. ചെറിയ ആണ്‍കുട്ടികള്‍ക്കും ഇട്ടു കൊടക്കും. അങ്ങിനെ ചുടുള്ള വെളഞ്ഞിയുടെ പുള്ളി കൊണ്ട് എത്രയോ വട്ടം ഉള്ളം കൈ പൊള്ളിയിട്ടുണ്ട്. നേരം വെളുക്കുമ്പോള്‍ ചിലപ്പോള്‍ കിടന്ന പായയിലും ഉടുത്ത തുണിയിലുമൊക്കെ മൈലാഞ്ചിച്ചോപ്പ് പരന്നിട്ടുണ്ടാകും. അക്കൊല്ലം അതൊന്നുമുണ്ടായില്ല. ആ പെരുന്നാളിനാണ് ആദ്യമായി ഞാന്‍ ഖബറിടത്തിലേക്ക് യാത്ര പോയത്. ബാപ്പക്കും എളാപ്പമാര്‍ക്കും ഒപ്പം. അന്ന് വെല്യായിച്ചിയെ ഖബറില്‍ വിട്ട്, പെരുന്നാളില്ലാത്ത വീട്ടിലേക്ക് മടങ്ങിപ്പോരുമ്പോള്‍ മനസ്സിലുണ്ടായ സങ്കടം ഇന്നും മാറിയിട്ടില്ല.

ഒമ്പതാം ക്ലാസില്‍ പഠിയ്ക്കുമ്പോഴാണ് അനിയത്തി മരിച്ചു പോയത്. അന്നും യതീം ഖാനയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയിക്കാതെ പത്താം ക്ലാസില്‍ പഠിക്കുന്ന കൂട്ടുകാരന്‍ ഇസ്ഹാഖ് എന്നെ വീട്ടില്‍ എത്തിച്ചു. ആ രാത്രിയുടെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. കോഴിക്കോട്ടു നിന്ന് ആനക്കാംപൊയിലിലേക്ക് പോകുന്ന അവസാനത്ത കെ.എസ്.ആര്‍.ടി.സി ബസില്‍ മണാശ്ശേരിയില്‍ വന്ന് ബസ്സിറങ്ങി. പാതിരാത്രി വിജനമായ റോഡിലൂടെ വീട്ടിലേക്ക് നടക്കുമ്പോള്‍ എന്റെ കയ്യില്‍ മുറുകെ പിടിച്ച് ഇസ്ഹാഖ് പറഞ്ഞു, വീട്ടില്‍ എന്തു സംഭവിച്ചാലും ബേജാറാകരുത്. നമ്മള്‍ പിടിച്ചു നില്‍ക്കണം. എനിക്കൊന്നും മനസ്സിലായില്ല. വീട്ടില്‍ എന്തു സംഭവിക്കാനാണ്? ദൂരെ നിന്നേ വീട്ടില്‍ കത്തുന്ന റാന്തലിന്റെ വെളിച്ചെ കാണാം. എന്താണ് ആരും ഉറങ്ങാത്തതെന്നേ ഞാന്‍ ചിന്തിച്ചുള്ളൂ. വീട്ടില്‍ ആരൊക്കെയോ ഉണ്ടായിരുന്നു. എന്തോ സംഭവിച്ചിട്ടുണ്ട്. ഉമ്മയും ബാപ്പയുമില്ലാത്ത കുട്ടികളുടെ ഇടയില്‍ നിന്ന് വരുന്നതുകൊണ്ട് പെട്ടെന്ന് ഞാനോര്‍ത്തു, പടച്ചോനേ ആരെങ്കിലും മരിച്ചിട്ടുണ്ടാകുമോ? ബാപ്പക്ക് പണ്ട് ഹൃദ്രോഗമുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. ബാപ്പ ചായയും ബീഡിയും ഉപേക്ഷിച്ചത് അന്നു മുതലാണത്രെ.
കോലായിലേക്ക് കയറിയപ്പോള്‍ കട്ടിലില്‍ ബാപ്പ ഇരിക്കുന്നുണ്ട്. പടച്ചോനെ ഉമ്മാക്ക് എന്തെങ്കിലും? ഇല്ല, അകത്ത് നിന്ന് ന്റെ മോള്.... എന്ന് പറഞ്ഞു കരയുന്നത് ഉമ്മയാണ്. പെട്ടെന്ന് ബാപ്പ കട്ടിലില്‍ നിന്നെഴുന്നേറ്റ് ബാപ്പ ഒരു പൊട്ടിക്കരച്ചിലായിരുന്നു, നമ്മുടെ മോളി പോയെടാ....
ഇസ്ഹാഖ് പറഞ്ഞ പോലെ ബേജാറാകാതിരിക്കനും പിടിച്ചു നില്‍ക്കാനും എനിക്ക് സാധിച്ചില്ല. കഴിഞ്ഞ അവധിക്കു പോകുമ്പോള്‍ എത്ര ഉമ്മകളാണ് അവള്‍ എനിയ്ക്കു തന്നത്. അത് ഓര്‍ത്തപ്പോള്‍ ഞാന്‍ വല്ലാതെ ബേജാറായി. പിടി വിട്ടു പോയി.
ഞാന്‍ ജുനൈദ എന്ന് പേരിട്ട കുട്ടിയായിരുന്നു അവള്‍. എന്റെ ക്ലാസിലുണ്ടായിരുന്ന ഏറ്റവും സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ പേരായിരുന്നു അത്. മോളി എന്നായിരുന്നു ഒന്നര വയസ്സുള്ള അവളെ ഞങ്ങള്‍ ഓമനിച്ച് വിളിച്ചിരുന്നത്. മോളി ഞങ്ങളെ വിട്ടു പോയ അക്കൊല്ലവും ഞങ്ങള്‍ക്ക് പെരുന്നാളുണ്ടായിരുന്നില്ല.

ആ മരണത്തിലേക്ക് എന്നെ കൊണ്ടു വന്ന ഇസ്ഹാഖും എനിക്കൊരു പെരുന്നാള്‍ ഇല്ലാതാക്കി പെട്ടെന്നൊരു ദിവസം സ്വര്‍ഗ്ഗത്തിലേക്ക് പോയ്ക്കളഞ്ഞു. അന്നും ഞാന്‍ ബേജാറായി. എല്ലാ പിടിയും വിട്ടുപോയി. ഒരപകടം അവനെ കൊണ്ടുപോയ വര്‍ഷം അവന്റെ മക്കള്‍ക്കും വീട്ടുകാര്‍ക്കുമൊപ്പം ഞാനും പെരുന്നാളില്ലാത്തവനായി. അപ്പോഴേക്കും പ്രവാസ ഭൂമിയിലെത്തിയിരുന്നതിനാല്‍ ആഘോഷ ശൂന്യമായ ആ പെരുന്നാളിന്റെ ദുഃഖത്തിലും ഞാന്‍ തനിച്ചായി.

ഓര്‍മയിലെ ആദ്യത്തെ പെരുന്നാള്‍ കുപ്പായം വാങ്ങിത്തന്നത് ബാപ്പയല്ല. ബാബുക്കാക്കയാണ്. ഉമ്മയുടെ ആങ്ങള. ബിസ്‌ക്കറ്റ് കളറില്‍ ബിസ്‌കറ്റിന്റെ ചിത്രമുള്ള ആ കുപ്പായം ഇപ്പോഴും ഒരു പെരുന്നാളിന്റെ ആനന്ദം പോലെ മനസ്സിലുണ്ട്. ബാബുക്കാക്കയേയും ഒരപകടം ഞങ്ങളില്‍ നിന്ന് പറിച്ചു കൊണ്ടുപോയി. അദ്ദേഹം പോയ കൊല്ലം ആ ഖബറിടത്തിലേക്കായിരുന്നു എന്റെ പെരുന്നാള്‍ യാത്ര. ഞാന്‍ ജോലിയില്‍ പ്രവേശിച്ച ഉടനെയായിരുന്നു അദ്ദേഹത്തിന്റെ മരണം. ഒരു പെരുന്നാളിന് ബാബുക്കാക്കക്ക് ഒരു കുപ്പായം വാങ്ങിക്കൊടുക്കണമെന്ന എന്റെ മോഹം കൂടിയാണ് വെറുതെയായത്. ഖബറിടത്തില്‍ വെല്യാപ്പക്കും അമ്മാവന്മാര്‍ക്കുമൊപ്പം പ്രാര്‍ഥനയോടെ നില്‍ക്കുമ്പോള്‍ എന്റെ കണ്ണും മനസ്സും ആ പെരുന്നാളിന്റെ വലിയ കയ്പില്‍ കരഞ്ഞു കൊണ്ടിരുന്നു. ഇപ്പോഴും ആ ഖബറിടത്തിലേക്ക് നോക്കാന്‍ പേടിയാണ്. കാരണം അത്രയും സ്‌നേഹമയനായ വേറൊരാള്‍ പിന്നെ ജീവിതത്തിലുണ്ടായിട്ടില്ല.

പിന്നീട്, വെല്യാപ്പയുടെ, വെല്യുമ്മമാരുടെയൊക്കെ ഖബറിടങ്ങളിലേക്ക് ഇതുപോലെ പെരുന്നാളില്ലാതെ വേദനയോടെ യാത്ര പോയി. ആഘോഷങ്ങള്‍ മരിച്ചു പോയ പ്രിയപ്പെട്ടവരുടെ ഓര്‍മകളിലേക്കുള്ള യാത്ര കുടിയാകുന്നു.

മരിച്ചു പോകണമല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ എനിക്കുള്ള ഭയം അതു തന്നെയാണ്. എന്റെ കുട്ടികള്‍ക്ക് ഒരു പെരുന്നാളെങ്കിലും അതു കൊണ്ട് നഷ്ടപ്പെട്ടു പോകുമല്ലോ!

(മാധ്യമം പെരുന്നാള്‍ സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്‌)

Sunday, August 15, 2010

ബാല്യകാല സഖിയും ഞാനും

സജീവമായ ഒരു വായനശാലയോ ഗ്രന്ഥശാലയോ അത്തരം സാംസ്‌കാരിക ചലനങ്ങളോ ഒന്നുമില്ലാത്ത വെറുമൊരു ഗ്രാമത്തിലായിരുന്നു കുട്ടിക്കാലം. വല്ലപ്പോഴും കിട്ടുന്ന ചംപകും ബാലരമയും പൂമ്പാറ്റയും ഒക്കെ വായിക്കുമെന്നല്ലാതെ പുസ്തകങ്ങളുടെ ലോകം ഒട്ടും പരിചയമില്ല.

പേരാമ്പ്ര എ.യു.പി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസ് ടീച്ചറായിരുന്ന പത്മനാഭന്‍ മാഷാണ് പുസ്തക വായനയുടെ ലോകത്തേക്ക് വാതില്‍ തുറന്നു തന്നത്. ആറാം ക്ലാസിലായിരുന്നു. അക്കൊല്ലമാണ് സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നുള്ള പുസ്തകങ്ങള്‍ ആദ്യം കിട്ടുന്നത്. മേശപ്പുറത്ത് വെച്ച പുസ്‌കതങ്ങളുടെ അട്ടിയില്‍ നിന്ന് ഒരു പുസ്തകം വലിച്ചെടുത്ത് മാഷ് പറഞ്ഞു: നീ ഇതു വായിച്ചോളൂ.

ബാല്യകാല സഖി. വൈക്കം മുഹമ്മദ് ബഷീര്‍.

പുസ്‌കത്തിന്റെ പിന്നാമ്പുറത്ത് കൈയില്‍ മുഖം താങ്ങി ചിന്താമഗ്‌നനായിരിക്കുന്ന മഹാനായ എഴുത്തുകാരന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം.

ആ പുസ്തകം തന്നെ ഞാന്‍ ആദ്യം വായിക്കണമെന്ന് മാഷ് നേരത്തേ തീരുമാനിച്ച പോലെയായിരുന്നു. പുസ്തകങ്ങളുടെ അട്ടിയില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത് നീ ഇതു വായിച്ചോ എന്ന് മാഷ് പറഞ്ഞത് അതുകൊണ്ടാണെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. ആദ്യത്തെ പെണ്ണു പോലെ ആദ്യത്തെ ആ പുസ്തകം എന്നുമെന്റെ പുസ്‌കതമാണ്. അതില്‍ പ്രണയമുണ്ട്. സ്വപ്നങ്ങളുണ്ട്. ദാരിദ്ര്യമുണ്ട്. പ്രവാസമുണ്ട്. പില്‍ക്കാലത്ത് ഞാന്‍ അനുഭവിച്ച പലതുമുണ്ട്. മജീദിന്റെയും സുഹ്‌റയുടേയും പ്രണയ നഷ്ടമാണോ ദാരിദ്ര്യത്തിന്റെ വേദനകളാണോ എന്നറിയില്ല, മൂടിക്കെട്ടിയ കണ്ണുകള്‍ പലപ്പോഴും വായന മുറിച്ചു. എന്റെ കണ്ണുനീര്‍ വീണ ആദ്യ പുസ്തകവും ഇതുതന്നെ. ഒരു ആറാം ക്ലാസുകാരനെ ആ പുസ്തകം എങ്ങിനെ അത്ര മാത്രം കരയിച്ചുവെന്ന് ഞാന്‍ പിന്നീട് ആലോചിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസില്‍ വാര്‍ഷിക പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേ ദിവസമാണ് ഞാന്‍ ബാല്യകാല സഖി എന്റെ മകനെക്കൊണ്ട് വായിപ്പിച്ചത്. ഇടക്ക് വായന നിര്‍ത്തുമ്പോഴും വായന പൂര്‍ത്തിയാക്കിയ ശേഷവും അവന്‍ പറഞ്ഞു, ഭയങ്കര സങ്കടം തോന്നുന്നു വായിച്ച്യേ എന്ന്.

ബാല്യകാല സഖി വായിച്ചതില്‍ പിന്നെയാണ് ഞാനൊരൂ കാമുകനായി മാറിയത്. കാണുന്ന സുന്ദരിമാരുടെ മുഖങ്ങളിലെല്ലാം ഞാനെന്റെ സുഹ്‌റയെ തെരഞ്ഞു. ഉറക്കത്തില്‍ പല സുന്ദരിമാരും വന്നെന്റെ കൈത്തണ്ടയില്‍ പാര പോലുള്ള നഖങ്ങളാല്‍ ശക്തിയോടെ മാന്തി. 'തീച്ചെരവ കൊണ്ട് മാന്തേറ്റ പോലെ ഞാന്‍ പുളഞ്ഞ്, എന്റുമ്മോ'' എന്ന് ഉറക്കത്തില്‍ വിളിച്ചു കരഞ്ഞു. പണമില്ലാത്തവര്‍ക്ക് പഠിച്ച് വലിയ ഉദ്യോഗസ്ഥനാകാനൊന്നും പറ്റില്ലെന്ന് സുഹ്‌റ മജീദിനോട് പറയുന്നുണ്ട്. യതീംഖാനയിലാണ് അന്നു ഞാന്‍ താമസിച്ചിരുന്നത്. പണമില്ലാത്തതുകൊണ്ടാണല്ലോ ബാപ്പ എന്നെ യതീംഖാനയിലാക്കിയത്. 'പണോക്കെ ഞമ്മക്ക് അല്ലാഹ് തരുമെന്ന' സുഹ്‌റയുടെ ബാപ്പയുടെ വാക്കുകള്‍ ഞാന്‍ എപ്പോഴും ഓര്‍ക്കും. പനി പിടിച്ച് ബാപ്പ മരിച്ചു പോയതോടെ യതീമായി മാറിയ സുഹ്‌റക്ക് പിന്നെ സ്‌കൂളില്‍ പോകാനോ പഠിക്കാനോ സാധിച്ചില്ലല്ലോ. യതീമായ സുഹ്‌റ എനിക്കും പഠിക്കണമെന്ന് പറഞ്ഞ് ചീവീടു കരയും പോലെ കരഞ്ഞപ്പോള്‍ ആ ശബ്ദം മജീദിന്റെ തലക്കുള്ളില്‍ മാത്രമല്ല, എന്റെ തലക്കുള്ളിലും മുഴങ്ങി.

സുഹ്‌റയെ കൂടി പഠിപ്പിക്കാമെന്ന് മജീദ് പറഞ്ഞപ്പോള്‍ രാജ്യം വിട്ടു പോകാനാണ് മജീദിന്റെ ബാപ്പ പറയുന്നത്. ലോകരൊക്കെ കഴിയുന്നത് എങ്ങിനെയെന്ന് പഠിക്കാന്‍ രാജ്യം വിട്ടു പോകണം. രാജ്യം വിട്ടു പോകണമെന്ന് മജീദും ഇടക്ക് ആഗ്രഹിക്കുന്നുണ്ട്. രാജ്യോക്കെ ചുറ്റിക്കറങ്ങി വരുമ്പോള്‍ ശ്രീമതി സുഹ്‌റ തന്നെ കണ്ട ഭാവം നടിക്കുമോ എന്ന ആശങ്ക മാത്രമേ അവനുള്ളു.
ഒടുവില്‍ ബാപ്പയോട് വഴക്കിട്ട് അവന്‍ രാജ്യം വിടാന്‍ തന്നെ തീരുമാനിക്കുന്നു. വീടും നാടും ഉപേക്ഷിച്ചു അവന്‍ പോയി. പ്രി ഡിഗ്രി കാലത്ത് അങ്ങിനെയൊരു സന്ദര്‍ഭത്തില്‍ ഞാനും നാടു വിട്ടു. മദിരാശിയിലേക്കുള്ള തീവണ്ടിയില്‍ കുത്തിയിരിക്കുമ്പോള്‍ ഞാന്‍ മജീദായി. മദിരാശി പട്ടണത്തിലെ ഹോട്ടലുകളില്‍ ചെന്ന് ജോലി ചോദിക്കുമ്പോള്‍ മജീദ് മാത്രമായിരുന്നു മനസ്സിലെ മാതൃകാ പുരുഷന്‍.

വിധിയുടെ വിളയാട്ടത്തില്‍ വലിയ പണക്കാരനായിരുന്ന മജീദിന്റെ ബാപ്പയും ദരിദ്രനാകുന്നു. വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാനും സഹോദരിമാരെ കെട്ടിച്ചയക്കാനും സുഹ്‌റയെ വിവാഹം ചെയ്യാനും മെച്ചപ്പെട്ട ജീവിതം തേടി മജീദ് പിന്നെയും രാജ്യം വിട്ടു പോകുന്നു. അത് ലോകരുടെ ജീവിതം കണ്ടു പഠിക്കാനായിരുന്നില്ല. രാജ്യമൊക്കെ ഒന്ന് ചുറ്റിക്കറങ്ങാനുമായിരുന്നില്ല. സ്വയം ജീവിക്കാനും കുറേ പേരെ ജീവിപ്പിക്കാനുമുള്ള മോഹത്തിന്റെ പേരിലായിരുന്നു. ബഷീറിന്റെ എഴുത്ത്:
സുഹ്‌റായെ വിവാഹം ചെയ്യുക.


അതിനു മുമ്പ് സഹോദരികള്‍ക്ക് ഭര്‍ത്താക്കന്മാരെയുണ്ടാക്കുക. സ്ത്രീധനത്തിനും ആഭരണങ്ങള്‍ക്കുമുള്ള വക സമ്പാദിക്കുക. ആയതിലേക്ക് എന്തെങ്കിലും ജോലി വേണം. ഒടുവില്‍ ജന്മദേശത്തു നിന്നും ആയിരത്തിയഞ്ഞൂറ് മൈല്‍ ദൂരെയുള്ള മഹാനഗരിയില്‍ മജീദ് ചെന്നു പറ്റി.

ഏതാണ്ട് ഇതേ കാരണങ്ങള്‍ കൊണ്ടൊക്കെ തന്നെ കടല്‍ കടന്നു പ്രവാസ ലോകത്തേക്ക് പോകുമ്പോള്‍ ഞാന്‍ പിന്നെയും മജീദാകുന്നുണ്ട്.

പണവും പത്രാസുവമുള്ളപ്പോഴേ നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസിക്കും വിലയുള്ളൂ. പെട്ടികള്‍ കാലിയാകുമ്പോള്‍ 'നിന്ദാവഹങ്ങളായ നോട്ടങ്ങളും പരിഹാസങ്ങളും' ലഭിക്കേണ്ടി വന്ന പ്രവാസികളായ എത്രയോ ആളുകളെ കണ്ടിട്ടുണ്ട്. ആദ്യത്തെ രാജ്യ സഞ്ചാരം കഴിഞ്ഞ് വലിയ പെട്ടികളുമായി തിരിച്ചു വരുമ്പോള്‍ മജീദിന് വലിയ സ്വീകരണങ്ങളായിരുന്നു. മജീദിന്റെ പക്കല്‍ ഒന്നുമില്ലെന്ന് മനസ്സിലാകുമ്പോള്‍ വെറും പാപ്പറെന്ന് പറഞ്ഞ് നാട്ടുകാര്‍ മജീദിനെ പരിഹസിക്കുന്നു. അവനെന്തിന് വരാമ്പോയി എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. പത്ത് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ എന്നെക്കുറിച്ചും ആളുകള്‍ അങ്ങിനെ ചോദിക്കുന്നു: ഓനെന്തു പറ്റി?

വേദനയുടെ ഏത് കുരുക്കളും പൊട്ടിച്ചു കളയാന്‍ സ്‌നേഹത്തോളം പോന്ന ഒരു ദിവ്യൗഷധമില്ലെന്നും മജീദും സുഹ്‌റയും എന്നെ പഠിപ്പിച്ചു. അത്രയും അഗാധമായി സ്‌നേഹിച്ചിട്ടും സുഹ്‌റ മരിക്കുമ്പോള്‍ അടുത്തിരിക്കാന്‍ മജീദിന് സാധിക്കുന്നില്ല. മജീദ് പ്രവാസിയായിരുന്നു. ജീവിക്കാന്‍ വേണ്ടി നാടു വിട്ടു പോയി അന്യ നാട്ടില്‍ കഴിയുന്നവന്‍. ഉമ്മയുടെ കത്തില്‍ നിന്നാണ് മജീദ് സുഹ്‌റയുടെ മരണം അറിയുന്നത്. എന്നെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന വെല്യായിച്ചിയുടെ മരണം യതീംഖാനയില്‍ നിന്ന് അടുത്ത അവധിക്കു വരുമ്പോള്‍ മാത്രമാണ് ഞാന്‍ അറിയുന്നത്. (യതീമിന്റെ നാരങ്ങാ മിഠായി -ആഴ്ചപ്പതിപ്പ് 86:14 ). ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒന്നര വയസ്സുള്ള അനിയത്തിയുടെ മയ്യിത്ത് ഞാന്‍ വീടെത്തുമ്പോഴേക്കും ഖബറടക്കിക്കഴിഞ്ഞിരുന്നു. തൊട്ടു മുമ്പത്തെ അവധി കഴിഞ്ഞ് ഞാന്‍ മടങ്ങുമ്പോള്‍ എത്ര ഉമ്മകള്‍ തന്നാണ് അവളെന്നെ യാത്രയാക്കിയിരുന്നത്! അഗാധമായ വാല്‍സല്യം ചൊരിഞ്ഞു തന്ന രണ്ട് വെല്യുമ്മമാര്‍ ഈ ലോകത്തോട് വിടപറയുമ്പോള്‍ ഞാന്‍ കടലിനക്കരെ ആയിരുന്നു. മരിക്കുമ്പോള്‍ മജീദ് വന്നോ വന്നോ എന്ന് സുഹ്‌റ ചോദിക്കുന്നുണ്ട്. ഉമ്മയുടെ കത്ത് വായിച്ച് മജീദ് കുറേ നേരം തരിച്ചിരിക്കുന്നു. അങ്ങിനെ തരിച്ചിരുന്ന എത്രയെത്ര മൂഹൂര്‍ത്തങ്ങള്‍ അഞ്ചാം ക്ലാസു മുതല്‍ അന്യ നാട്ടില്‍ കഴിയുന്ന എന്റെ ജീവിതത്തിലും ഉണ്ടായിട്ടില്ല!
വാക്കുകളേയും ഭാഷയെയും ഞാന്‍ സ്‌നേഹിക്കുന്നതും ബാല്യകാല സഖിയിലൂടെ തന്നെയാണ്. ഭാഷയെ കൂടുതല്‍ സ്‌നേഹിക്കാന്‍ തുടങ്ങിയപ്പോള്‍ ബാല്യകാല സഖിയിലെ ബാല ഭാസ്‌കരന്‍ കുന്നിന്റെ ഉച്ചിയില്‍ വന്ന് മന്ദഹാസ പൂര്‍വം ചെരിവിലെ ഗ്രാമത്തെ പൊന്‍പ്രഭയില്‍ മുക്കുമ്പോഴും ചാറ്റല്‍ മഴയിലൂടെ പൂര്‍ണ ചന്ദ്രന്‍ പ്രകാശിക്കുന്നതു പോലെ കണ്ണീരിലൂടെ സുഹ്‌റ മന്ദഹസിച്ചപ്പോഴും എനിക്കെന്തോ വല്ലാത്തൊരു വൈകാരികാനുഭൂതിയുണ്ടായി.

അങ്ങിനെ ബഷീറിനെ വല്ലാതെ സ്‌നേഹിച്ചു പോയ ഒരു ദിവസം അക്കാലത്ത് പതിവായി വായിച്ചിരുന്ന ഒരു ബാല മാസികയുടെ പത്രാധിപര്‍ക്ക് ഞാനാരു കത്തെഴുതി:

പ്രിയപ്പെട്ട പത്രാധിപര്‍, വൈക്കം മുഹമ്മദ് ബഷീറിനെ കൊണ്ട് മാസികയില്‍ കഥകള്‍ എഴുതിപ്പിക്കണം.
അക്കത്തിനോടൊപ്പമാണ് എന്റെ പേരിന് മുകളില്‍ ആദ്യമായി അച്ചടി മഷി പുരളുന്നത്. എന്നുവെച്ചാല്‍ ബഷീറിന്റെ പേരുമായി ചേര്‍ത്താണല്ലോ എന്റെ പേര് നാലാള്‍ കണ്ടതെന്നായിരുന്നു ആഹ്ലാദം. അധികം വൈകാതെ ആ മാസികയില്‍ ആനവാരിയും പൊന്‍കുരിശും ആ മാസികയില്‍ ചിത്രകഥാ രൂപത്തില്‍ വന്നു.

ജീവിതത്തില്‍ നിന്ന് വലിച്ചു ചീന്തിയ ഒരേടാണല്ലോ ഇപ്പുസ്തകം. സ്വന്തം അനുഭവങ്ങളാണ്, പൊള്ളലുകളും മുറിവുകളുമാണ് യഥാര്‍ഥമായ കലയുടെ ഉറവിടം എന്ന റൊമാന്റിക് (ക്ലാസിക് വിരുദ്ധ) സങ്കല്‍പമാണ് ബാല്യകാല സഖി അവതരിപ്പിക്കുന്നതെന്ന് പിന്നീട് എം.എന്‍. വിജയന്‍ മാഷ് നിരീക്ഷിച്ചിട്ടുണ്ട്. അനുഭവങ്ങളെ അവതരിപ്പിക്കാന്‍ വാക്കുകള്‍ പോലും വേണ്ടെന്നും ഒരു ചലച്ചിത്രത്തിലെന്ന പോലെ ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ അനുഭവം ദൃശ്യവല്‍ക്കരിക്കാന്‍ സാധിക്കുമെന്നും പിന്നെയും പിന്നെയും ബാല്യകാല സഖി വായിക്കുമ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു.
ഒരു രംഗം നോക്കൂ: തന്റെ ബാപ്പ മരിച്ച ദിവസം ദുഃഖഭാരത്തോടെ അടുത്തു വരുന്ന സുഹ്‌റയെ മജീദിന് അവളെ ആശ്വസിപ്പിക്കാനാകുന്നില്ല. മജീദിന് ഒന്നും പറയാന്‍ കഴിഞ്ഞില്ല. അവന്റെ കണ്ണീര്‍ കണങ്ങള്‍ അവളുടെ മൂര്‍ധാവിലും അവളുടേത് അവന്റെ നെഞ്ചിലും വീണ് ഒഴുകിക്കൊണ്ടിരുന്നു.
രണ്ട് ഇണക്കുരുവികള്‍ പങ്കുവെക്കുന്ന കഠിന ദുഃഖത്തിന്റെ തീവ്രത ഇതിലും ഹൃദയഭേദകമായി ഏത് ആവിഷ്‌കരിക്കാന്‍ ഏത് ചലച്ചിത്രകാരന് സാധിച്ചിട്ടുണ്ട്.

ബാല്യകാല സഖിയിലെ ആദ്യ വാചകം തുടങ്ങുന്നത് ബാല്യകാലം മുതല്‍ക്കു തന്നെ സുഹ്‌റായും മജീദും സുഹൃത്തുക്കളായിരുന്നുവെന്ന സൂചനയോടെയാണ്. ആണ്‍-പെണ്‍ സൗഹൃദത്തെ കുറിച്ച ഒരു കാഴ്ചപ്പാട് നല്ല രീതിയില്‍ വളര്‍ത്തിയെടുക്കേണ്ട ഒരു പ്രസ്താവനയായാണ് അതിനെ ഞാന്‍ കാണുന്നതും. കുട്ടിക്കാലം മുതലേ ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇടയില്‍ ആരോഗ്യപരമായ ഒരു സൗഹൃദത്തിന് ഇടമുണ്ട്. തെറ്റിപ്പോകുന്ന കണക്കുകള്‍ പരസ്പരം പറഞ്ഞു കൊടുത്തും തിരുത്തിയെഴുതിയും ശരിയായ പാതയിലേക്ക് കൊണ്ടുപോകുമ്പോഴേ ജീവിതം ഉമ്മിണി വല്യ ഒന്നാകൂ. അന്നും ഇന്നും പക്ഷേ, നമ്മുടെ സമൂഹം ആണ്‍ പെണ്‍ സൗഹൃദങ്ങളെ ഭയത്തോടും സംശയത്തോടും മാത്രമേ വീക്ഷിക്കുന്നുള്ളൂ.

എന്തുകൊണ്ടാണ് ഈ കൊച്ചു നോവല്‍ അന്നും ഇന്നും എന്നും എന്റെ പുസ്‌കതമായി നില്‍ക്കുന്നത്?
എന്നില്‍ ആദ്യ പ്രണയം ഉണര്‍ത്തിയതു കൊണ്ടാണോ?
ദാരിദ്ര്യത്തിന്റെ വേദനകള്‍ ഞാനും സുഹ്‌റയും മജീദുമൊക്കെ ഒന്നിച്ച് അനുഭവിച്ചതു കൊണ്ടാണോ?
രാജ്യം വിട്ടു പോയവന്റെ വേദനകള്‍ വരികളില്‍ നിന്ന് പിന്നീട് എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതു കൊണ്ടാണോ?
അതോ വലിയ വലിയ പുസ്തകങ്ങളൊന്നും വേറെ അധികം വായിക്കാത്തതു കൊണ്ടാണോ?

അറിയില്ല. എന്നില്‍ വായന വളര്‍ത്തിയ പുസ്‌കതം എന്ന നിലയില്‍ ഓര്‍ക്കാനാണ് എനിക്ക് ഇഷ്ടം. ഹൃദയത്തില്‍ തൊടാത്ത വേറെ ഏതെങ്കിലും പുസ്തകമാണ് അന്ന് പത്മനാഭന്‍ മാഷ് തന്നിരുന്നതെങ്കില്‍ ചിലപ്പോള്‍ അടുത്ത ഒരു പുസ്തകത്തോട് എനിക്ക് പ്രിയം തോന്നാനിടയില്ലായിരുന്നു. ഹൃദയത്തില്‍ വായനയുടെ കയ്യൊപ്പ് ചാര്‍ത്തിയ പുസ്തകം എന്ന് പറഞ്ഞാല്‍ ശരിയാകുമോ ആവോ?
ഇന്നും ഈ പുസ്തകമെടുത്ത് വായിച്ചാല്‍ എന്റെ ചങ്ക് വിങ്ങും. കണ്ണുകള്‍ കലങ്ങും. ബാല്യത്തോടും കൗമാരത്തോടും യൗവനത്തോടും ചേര്‍ത്തു വെച്ച് ഇന്നും എനിക്ക് ഈ പുസ്തകം വായിക്കാന്‍ സാധിക്കുന്നു.

Saturday, May 1, 2010

അമ്മുവിന്റെ ആട്ടിന്‍കുട്ടിയും ടി.ഡി ദാസനും

വെല്യുമ്മയുടെ ആട്ടിന്‍കുട്ടികളായിരുന്നു കുട്ടിക്കാലത്ത് എന്റെ ചങ്ങാതിമാര്‍. ഒരു പ്രസവത്തില്‍ രണ്ടും മൂന്നും കുട്ടികളുണ്ടാകും. കുന്തിരിയെടുത്ത് പാഞ്ഞു നടക്കുന്ന അവറ്റകള്‍ക്കൊപ്പം മുറ്റത്തും പറമ്പിലും ഇരുട്ടുവോളം പാഞ്ഞു നടന്നാലും മതിയാകില്ല. മുറ്റത്തിനപ്പുറത്തുള്ള പ്ലാവില്‍ കൈയെത്തുന്നേടത്തുള്ള കൊമ്പൊടിച്ച് ഞാന്‍ ആട്ടിന്‍ കൂടിന്റെ അഴിയില്‍ കെട്ടിത്തൂക്കും. ആട്ടിന്‍ കുട്ടികള്‍ ചാടിച്ചാടി പ്ലാവില കടിച്ചു തിന്നുന്നത് കണ്ട് രസിക്കും. ആട്ടിന്‍ കുട്ടികള്‍ ഏതാണ്ട് ഒരു പ്രായമെത്തുമ്പോള്‍ അറവുകാരന്‍ മുഹമ്മദ് കാക്ക വരും. അയാളോട് എനിക്ക് വെറുപ്പായിരുന്നു. ആട്ടിന്‍ കുട്ടികളെ കൊണ്ട് പോകാനാണ് അയാള്‍ വരുന്നത്. പോകാന്‍ ഇഷ്്ടമില്ലാത്ത ആട്ടിന്‍ കുട്ടികള്‍ മുറ്റവരമ്പില്‍ അമര്‍ത്തിച്ചവിട്ടി നിന്ന് വലിയ വായില്‍ നിലവിളിക്കും. അറവുകാരന്‍ നിഷ്ഠുരമായി അവയെ പിടിച്ചു വലിച്ച് തൊടിയിറങ്ങിപ്പോകും. അപ്പോള്‍ എന്റെ മനസ്സ് വേദനിക്കും. തള്ളയാടിന്റെ അടുത്ത പ്രസവംവരെ ആ വേദന അവിടെ തങ്ങി നില്‍ക്കും. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അറവുകാരന്‍ കശാപ്പ് ചെയ്ത് ഇറച്ചിക്കടയില്‍ കെട്ടിത്തൂക്കുന്ന എന്റെ കളിക്കുട്ടുകാരുടെ ചിത്രം മനസ്സില്‍ തെളിയും. മനസ്സിലെ മുറിവില്‍ അത് പിന്നെയും നീറ്റലാകും.
ആട്ടിന്‍ കുട്ടികളെ വില്‍ക്കാന്‍തന്നെയാണ് വെല്യുമ്മ ആടിനെ പോറ്റുന്നത്. അവയെ വിറ്റു കിട്ടുന്ന കാശിന് വലിയ മൂല്യമുണ്ട്. ആട്ടിന്‍ കുട്ടികളുമായി അറവുകാരന്‍ പോകുന്നതിന്റെ അടുത്ത ദിവസങ്ങളില്‍ ചായക്ക് കൂട്ടാനുണ്ടാകും. ചോറിന് മീന്‍ കറിയുണ്ടാകും. ചക്കക്കുരുക്കൂട്ടാനും താളുകറിയുമൊക്കെ കൂട്ടി മടുത്തിരിക്കുമ്പോള്‍ അതൊരു സന്തോഷമാണ്. പക്ഷേ, ആട്ടിന്‍കുട്ടികള്‍ പോയ വേദന മായ്ക്കാന്‍ ആ സന്തോഷം മതിയായിരുന്നില്ല.

അതേ വേദനയാണ് 'അമ്മുവിന്റെ ആട്ടിന്‍കുട്ടി'യില്‍ ഞാന്‍ കണ്ടത്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്‌കൂളില്‍ ആ സിനിമ വന്നത്. അമ്മുവിന്റെ വേദന എന്റെ വേദനയായിരുന്നു. ആട്ടിന്‍കുട്ടിയെ അറവുകാര്‍ കൊണ്ടു പോകുമ്പോള്‍ അമ്മുവിനൊപ്പം ഞാനും കരഞ്ഞു. ചുമരില്‍ കെട്ടിത്തൂക്കിയ സ്‌ക്രീനില്‍ തെളിഞ്ഞ ചിത്രങ്ങളെ കണ്ണീര്‍ മറച്ചു.

ആദ്യമായി കാണുന്ന സിനിമയായിരുന്നു അത്. എന്നിട്ടും സിനിമ എന്ന സങ്കേതത്തെക്കുറിച്ചല്ല കൗതുകം തോന്നിയത്. പ്രൊജക്ടറില്‍ നിന്ന് വരുന്ന വെളിച്ചത്തില്‍ നിന്ന് എങ്ങനെ ചലിക്കുന്ന ചിത്രങ്ങള്‍ ചുമരില്‍ തെളിയുന്നുവെന്ന് ചിന്തിക്കാന്‍ തോന്നിയില്ല. ആട്ടിന്‍ കുട്ടികളെ കച്ചവടക്കാര്‍ കൊണ്ടുപോകുമ്പോള്‍ അമ്മുവും ഞാനും അനുഭവിച്ച വേദന ഒന്നു തന്നെയാണല്ലോ എന്ന് ഞാന്‍ കൗതുകം പൂണ്ടു.

അതുവരെ സിനിമ ഹറാമായിരുന്നു. മുക്കത്ത് അഭിലാഷ് തിയേറ്റര്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ ആദ്യം പ്രദര്‍ശിപ്പിച്ച തച്ചോളി അമ്പു കാണാന്‍ അടുത്ത വീട്ടില്‍ വിരുന്നു വന്ന അരീക്കോട്ടുകാരന്‍ കബീര്‍ എന്നെ ക്ഷണിച്ചതാണ്. സിനിമ ഹറാമാണ് എന്ന് ഞാന്‍ അവനോട് തര്‍ക്കിച്ചു. അന്ന് മൂന്നാം ക്ലാസിലായിരുന്നു. (മലയാളത്തിലെ ആദ്യത്തെ ആ സിനിമാ സേ്കാപ്പ് ചിത്രം പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞു ഞാന്‍ കണ്ടു. അതിനു മുമ്പ് ക്ലാസിലെ വിമലയും ബിന്ദുവുമൊക്കെ നാദാപുരം പള്ളിയിലെ ചന്ദനക്കുടവും അനുരാഗക്കളരിയില്‍ അങ്കത്തിനു വന്നവളുമൊക്കെ പാടുന്നത് കേട്ട് കൊതിച്ചിരുന്നിട്ടുണ്ട്).ഹറാം ചിന്തകൊണ്ട് അഭിലാഷ് ഉദ്ഘാടനം ചെയ്യാന്‍ വന്ന സീമയെ കാണാനും പോയില്ല. പിന്നീട് സീമയുടെ സിനിമകള്‍ കാണുമ്പോള്‍ അതേക്കുച്ചോര്‍ത്തു വല്ലാതെ നഷ്ടബോധം തോന്നിയിട്ടുണ്ട്.

അമ്മുവിന്റെ ആട്ടിന്‍ കുട്ടി കണ്ടു കഴിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് ആരാണ് സിനിമ ഹറാമാക്കിയത് എന്നാണ്. എന്തിനാണ് സിനിമ ഹറാമാക്കിയത്? ഇത്തിരിപ്പൊന്നിന്റെ മാലയേക്കാള്‍ വലുത് ആട്ടിന്‍ കുട്ടിയാണെന്ന് കരുതുന്ന അമ്മു എന്ന പെണ്‍കുട്ടി, കുട്ടികളില്‍ ഒരു നിഷിദ്ധ വികാരവും വളര്‍ത്തുന്നില്ലല്ലോ. മിണ്ടാ പ്രാണികളെ സ്നേഹിക്കാനാണ് ആ സിനിമ പഠിപ്പിച്ചത്. അതൊരു തെറ്റല്ലല്ലോ.
പിന്നീട്, സ്‌കൂളില്‍ നിന്ന് രണ്ടു തവണ ടാക്കിസില്‍ കൊണ്ടു പോയി സിനിമ കാണിച്ചു. ആദ്യം നിര്‍മാല്യവും പിന്നീട് ശരശയ്യയും. കടം വീട്ടാന്‍ നിവൃത്തിയില്ലാതെ വെളിച്ചപ്പാടിന്റെ ഭാര്യ ചെയ്ത തെറ്റ് എന്താണെന്ന് അന്ന് മനസ്സിലായില്ല. എന്നാലും അരീക്കരയിലും ഇരിപറയിലും നടക്കുന്ന തിറകളില്‍ ഉറഞ്ഞു തുള്ളി നെറ്റിയില്‍ വെട്ടുന്ന വെളിച്ചപ്പാടിനെ എനിക്ക് പരിചയമുണ്ടായിരുന്നു.

ശരശയ്യയില്‍ 'ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവേ', 'മനസ്സിന്‍ പാതി പകുത്തു തരൂ മെയ്യിന്‍ പാതി പകുത്തു തരൂ' എന്ന പാട്ടു സീനില്‍ ആദ്യത്തെ മരംചുറ്റി പ്രേമവും കണ്ടു. സിനിമ ഒരു ഹരമായി, ഭ്രാന്തായി മനസ്സില്‍ ചേക്കേറിത്തുടങ്ങുകയായിരുന്നു. യതീംഖാനയില്‍നിന്ന് അവധിയ്ക്കു വന്നാല്‍ മുക്കത്ത് പോയി ആരും കാണാതെ സിനിമ കാണും. പരിചയക്കാര്‍ ആരും ഇല്ലെന്ന് ഉറപ്പു വരുത്തി, ഏതോ മഹാപാതകം ചെയ്യുന്നപോലെയാണ് തിയേറ്ററിലേക്ക് കയറിയിരുന്നത്. സിനിമ കണ്ട കാര്യം മറച്ചു വെക്കാന്‍ വീട്ടില്‍ വലിയ വലിയ നുണകള്‍ പറയണം. ഒരു നുണ പറഞ്ഞാല്‍ അത് സ്ഥാപിക്കാന്‍ പിന്നെയും നുണകള്‍. ഹൊ... അതിന്റെ പ്രയാസം നുണ പറഞ്ഞവര്‍ക്കു മാത്രമേ മനസ്സിലാകൂ. എന്റെ മനസ്സിലെ സത്യം മുഖത്ത് എഴുതി വെച്ചപോലെ വായിക്കാന്‍ പറ്റും. അതുകൊണ്ട് മിക്കവാറും ഞാന്‍ പിടിക്കപ്പെടും. പക്ഷേ, സിനിമ കാണുന്നത് വലിയൊരു പാതകമായി ബാപ്പ കാണുന്നില്ലെന്ന് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞതുകൊണ്ട് അത്തരം നുണകള്‍ കൂടുതല്‍ പറയേണ്ടി വന്നിട്ടില്ല.

ഇന്നും റിലീസാകുന്ന സിനിമകളൊക്കെ മുടങ്ങാതെ കാണുന്ന ഒരു സാദാ പ്രേക്ഷകനാണ് ഞാന്‍. സൗദി അറേബ്യയില്‍ ജീവിച്ച പത്ത് വര്‍ഷം ഞാന്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്തതും സിനിമയല്ലാതെ മറ്റൊന്നുമല്ല. അവിടെ വെച്ച് വ്യാജ സിഡികള്‍ കണ്ട് ഭ്രാന്ത് പിടിച്ചിട്ടുണ്ട്. ചില സിനിമകള്‍ക്ക് സംഭാഷണമേ കാണൂ. ചിത്രം വ്യക്തമാകില്ല. ചിലതിന് ചിത്രമുണ്ടാകും. സംഭാഷണം വ്യക്തമാകില്ല. ചിലതിന് തുടക്കവും ഒടുക്കവുമൊന്നും ഉണ്ടാകില്ല. എന്നാലും കഷ്ടപ്പെട്ട് കണ്ട് തീര്‍ക്കും.

ഇക്കഴിഞ്ഞ വിഷുവിന് ഞാന്‍ തിയേറ്ററില്‍ പോയി ഒരു മലയാള സിനിമ ഇതുപോലെ കഷ്ടപ്പെട്ട് കണ്ടുതീര്‍ത്തു. ചിത്രമോ സംഭാഷണമോ അവ്യക്തമായതുകൊണ്ടല്ല കണ്ടു തീര്‍ക്കാന്‍ കഷ്ടപ്പെടേണ്ടി വന്നത്. ഒരു ലാല്‍ ജോസ് ശിഷ്യന്‍ സിനിമ എന്ന് പരസ്യത്തില്‍ കണ്ടതുകൊണ്ട് ഏറെ പ്രതീക്ഷയോടെയാണ് കുടുംബസമേതംതന്നെ ചിത്രം കാണാന്‍ തീരുമാനിച്ചത്. അനില്‍ കെ. നായര്‍ സംവിധാനം ചെയ്ത പുള്ളിമാന്‍. കലാഭവന്‍ മണിയാണ് നായകന്‍. കലാഭിരുചി പ്രോത്സാഹിപ്പിക്കാന്‍ കൂട്ടാക്കാത്ത മാതാപിതാക്കളോട് പിണങ്ങി നാടുവിട്ട് ഒരു പുഴയോര ഗ്രാമത്തിലെത്തുന്ന കുഞ്ഞുണ്ണി, അന്നാട്ടുകാരുടെ പ്രിയപ്പെട്ടവനാകുന്നു. കൃഷ്ണ വിഗ്രഹങ്ങള്‍ വില്‍ക്കാന്‍ ഗ്രാമത്തിലെത്തുന്ന നായികയോട് (മീരാ നന്ദ) കുഞ്ഞുണ്ണിക്ക് സ്നേഹം. എതിര്‍പ്പുകള്‍ അതിജീവിച്ച്് കുഞ്ഞുണ്ണി നായികയെ സ്വന്തമാക്കുന്നതും മാതാപിതാക്കള്‍ അന്വേഷിച്ചെത്തുന്നതുമാണ് കഥ. സ്ഥാനത്തും അസ്ഥാനത്തും വലിയ ആക്രോശങ്ങളോടെ പ്രത്യക്ഷപ്പെടുന്ന വില്ലന് ഈ സിനിമയില്‍ എന്ത് നിയോഗം എന്ന് ഒരു പിടിയുമില്ല. തുടക്കത്തില്‍ കാണിക്കുന്ന കത്തിക്കുത്തും വില്ലന്റെ രണ്ടാം വരവില്‍ ഗ്രാമത്തില്‍ കബഡി കളിക്കുന്നേടത്ത് വന്ന് നടത്തുന്ന പരാക്രമവുമൊക്കെ എന്തിനാണെന്നും മനസ്സിലായില്ല. നാട്ടുമ്പുറത്തെ തിയേറ്ററില്‍ സെക്കന്‍ഡ് ഷോ കാണാന്‍ വിഷുവായിട്ടും ആളുകള്‍ കുറവ്. പടം റിലീസ് ചെയ്ത ദിവസവുമാണ്. ഓരോ സീനും ഒന്നിനൊന്ന് ബോറടിച്ച് തുടങ്ങിയപ്പോള്‍ പ്രേക്ഷകര്‍ മുറുമുറുക്കാന്‍ തുടങ്ങി. ഇതെന്ത് സിനിമ എന്ന് അപ്പുറത്തും ഇപ്പുറത്തുമിരിക്കുന്നവര്‍ അടക്കം പറയാന്‍ തുടങ്ങിയപ്പോള്‍ ഭാര്യയും മക്കളും പറഞ്ഞു: നമുക്ക് പോകാം. എന്തായാലും വന്നില്ലേ, സിനിമ എവിടെയെത്തുമെന്ന് അറിഞ്ഞിട്ടു പോയാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. അപ്പോഴേക്കും ചിലരൊക്കെ പതുക്കെ എഴുന്നേറ്റ് പുറത്തേക്ക് പോയിത്തുടങ്ങിയിരുന്നു. സിനിമ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളിലും നിരാശ. -----ലെ സിനിമ എന്ന് പ്രാകിക്കൊണ്ടാണ് ഓരോരുത്തരും മടങ്ങിയത്. ഇമ്മാതിരി സിനിമക്കാണെങ്കില്‍ ഞങ്ങളെ കൊണ്ടുവരരുതെന്ന് ഭാര്യ താക്കീത് ചെയ്തു. അതെനിക്ക് ഒരാശ്വാസമായി. സിനിമക്ക് പോകണമെന്ന് ഇനി അവര്‍ വാശിപിടിക്കില്ലല്ലോ.

പോസ്റ്ററുകളില്‍ മാത്രമാണ് പല ചിത്രങ്ങളും സൂപ്പര്‍ ഹിറ്റ്. ഫാന്‍സ് അസോസിയേഷനുകള്‍ സ്ഥാപിക്കുന്ന ബാനറുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റാക്കും. തിയേറ്ററില്‍ ആളു കാണില്ല. ബോക്‌സ് ഓഫീസില്‍ പണം നിറയില്ല. രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചഭിനയിച്ചിട്ടും കാര്യമില്ല. പ്രേക്ഷകര്‍ക്ക് കണ്ടുകൊണ്ടിരിക്കാന്‍ എന്തെങ്കിലുമൊക്കെ വേണം. എങ്കിലേ ആളുകള്‍ തിയേറ്ററില്‍ കയറൂ. അതാണ് മോഹന്‍ലാലും സുരേഷ് ഗോപിയും ഒന്നിച്ചഭിനയിച്ച ജനകന്‍ തെളിയിക്കുന്നത്. നവാഗതനും ചെറുപ്പക്കാരനുമായ മമാസ് സംവിധാനം ചെയ്ത പാപ്പി അപ്പച്ചയും നിരാശപ്പെടുത്തുകയാണ്. ദുര്‍ബലമായ തിരക്കഥതന്നെ പ്രശ്‌നം. വേറെ ചിത്രങ്ങളൊന്നും റിലീസ് ചെയ്യാത്തതു കൊണ്ടാകാം അവധിക്കാല പ്രേക്ഷകര്‍ പാപ്പി അപ്പച്ചക്ക് തിയേറ്ററിലെത്തുന്നുണ്ട്. കോമഡി ചിത്രമെന്നാണ് വെപ്പെങ്കിലും തിയേറ്ററില്‍ കൂട്ടച്ചിരി ഉയര്‍ത്താന്‍ പാകത്തിലുള്ള രംഗങ്ങളൊന്നും കാര്യമായില്ല.
തലേന്നും പിറ്റേന്നുമായി തിയേറ്ററിലെത്തിയ ജനകനിലും കടാക്ഷത്തിലും ഒരേ വിഷയമാണ് കഥാതന്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കു നേരെ നടക്കുന്ന പീഡനം. അവതരണ രീതികൊണ്ട് കണ്ടിരിക്കാന്‍ കൊള്ളാവുന്നത് കടാക്ഷമാണ്. ഒന്നുകൂടി എഡിറ്റ് ചെയ്താല്‍ ചിത്രം കുറേക്കൂടി നന്നായേനെ! ജനകന്‍ ഒഴിഞ്ഞ കസേരകള്‍ക്കു മുന്നില്‍ ഓടുന്നുണ്ട്.

സിനിമ ജീവിതത്തില്‍ നിന്ന് പിച്ചിച്ചീന്തിയ ഏടാകണമെന്നല്ല പറഞ്ഞു വരുന്നത്. സിനിമ പ്രേക്ഷകനെ ഒന്നും അനുഭവിപ്പിക്കണമെന്നും വാശിയില്ല. കാശ് കൊടുത്ത് തിയേറ്ററില്‍ കയറിയാല്‍ രണ്ടര മണിക്കൂറിലേറെ നേരം ബോറടിക്കാതെ കണ്ടു കൊണ്ടിരിക്കാന്‍ എന്തെങ്കിലും വേണം. ഇപ്പോള്‍ തിയേറ്ററുകളിലെത്തുന്ന മിക്ക സിനിമകളും അങ്ങനെ കണ്ടിരിക്കാന്‍ കഴിയുന്നില്ല. ഈ വര്‍ഷം പുറത്തിറങ്ങിയ ഒരു മെഗാസ്റ്റാര്‍ ചിത്രം കാണാന്‍ ആദ്യദിവസത്തെ ആദ്യ ഷോയ്ക്ക്തന്നെ തിയേറ്ററില്‍ കയറി. സൂപ്പര്‍ സംവിധായകന്റെ ചിത്രം. പൂക്കള്‍ വിതറിയും പടക്കം പൊട്ടിച്ചും ആഘോഷമായി എത്തിയ ഫാന്‍സുകാര്‍ തന്നെ സിനിമ മുന്നോട്ട് പോകവെ പല രംഗങ്ങളിലും കൂവുന്നതാണ് കണ്ടത്. സിനിമ തീര്‍ന്നപ്പോള്‍ തൊട്ടടുത്തിരുന്ന പ്ലസ് ടു ചെക്കനോട് സിനിമ ഇഷ്ടപ്പെട്ടോ എന്ന്് ചോദിച്ചു. ഇല്ലെന്നായിരുന്നു ക്ലാസ് കട്ട് ചെയ്ത് ഇഷ്ടതാരത്തിന്റെ സിനിമ കാണാന്‍ ആദ്യ ഷോയ്ക്കു തന്നെ ആവേശത്തോടെ എത്തിയ അവന്റെ മറുപടി.

പറയാന്‍ ഉദ്ദേശിച്ചത് ഇതൊന്നുമല്ല. വിഷുപ്പിറ്റേന്ന് കോഴിക്കോട്് ശ്രീ തിയേറ്ററില്‍ മോഹന്‍ രാഘവന്‍ സംവിധാനം ചെയ്ത ടി.ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് ആറ് ബി കണ്ടു. സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യവും വലിയ പണച്ചെലവുമില്ലാത്ത ഈ ചിത്രം കണ്ടിറങ്ങിയപ്പോള്‍ എനിക്കെന്തോ ഒരു സുഖം തോന്നി.

നാടു വിട്ടു പോയ, താന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത അച്ഛന് ആറാം ക്ലാസുകാരനായ ടി.ഡി ദാസന്‍ പഴയ മേല്‍വിലാസത്തില്‍ എഴുതുന്ന കത്ത് എത്തുന്നത് ബാംഗ്ലൂരിലെ മലയാളി കുടുംബത്തിലാണ്. പണ്ട് ഈ വിട്ടില്‍ താമസിച്ചിരുന്ന കുടുംബത്തിന്റെ ഡ്രൈവറായിരുന്നു അദ്ദേഹം. കുടുംബനാഥന്‍ ആ കത്ത് അധികരിച്ച് ഒരു സിനിമയെടുക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. പരസ്യ ചിത്രങ്ങളുടെ സംവിധായകനാണ് കുടുംബനാഥന്‍. കൂട്ടുകാരനായ തിരക്കഥാകൃത്തിനെ വിളിച്ച് ഈ കത്തും അതു വെച്ച് ഉണ്ടാക്കാവുന്ന സിനിമയെക്കുറിച്ചും അയാള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ദാസന്റെ അച്ഛനെ തേടിയിറങ്ങുകയാണ് അയാളുടെ മകള്‍. ദാസന്റെ അച്ഛനെ കണ്ടെത്താന്‍ കഴിയാതാകുമ്പോള്‍ ദാസന്റെ വേദന തിരിച്ചറിയുന്ന പെണ്‍കുട്ടി ആ കത്തിന് മറുപടി എഴുതുകയാണ്. ഏതോ നാട്ടില്‍ അച്ഛന്‍ ജീവിച്ചിരിക്കുന്നുവെന്ന ആനന്ദമാണ് ഈ പെണ്‍കുട്ടി മുടങ്ങാതെ എഴുതുന്ന കത്തുകള്‍ ദാസന് നല്‍കുന്നത്. തന്തയില്ലാത്തവന്‍ എന്ന വിളി കേട്ട് മനം മടുത്ത ദാസന് ആ കത്തുകള്‍ ജീവിക്കാനുള്ള പുതിയ ഊര്‍ജമാകുകയാണ്. പിന്നീട് പെണ്‍കുട്ടിയുടെ അച്ഛന്‍ നടത്തുന്ന അന്വേഷണത്തില്‍ ദാസന്റെ അച്ഛന്‍ മരിച്ചു പോയെന്ന് മനസ്സിലാകുന്നു. അതോടെ പെണ്‍കുട്ടി ചെയ്തത് ഗൗരവമുള്ള ഒരു കുറ്റമായി കാണുന്ന അച്ഛന്‍ അവളേയും കൂട്ടി ദാസന്റെ നാട്ടിലേക്ക് പോകുകയാണ്. അപ്പോഴേക്കും അച്ഛന്റെ പേരില്‍ പെണ്‍കുട്ടി എഴുതിയ കത്തുകള്‍ കാണാനിടയായ ദാസന്റെ അമ്മ (നല്ല നടിക്കുള്ള അവാര്‍ഡ് നേടിയ ശ്വേതാമേനോന്റെ മറ്റൊരു മികച്ച വേഷം) മരിച്ചു പോയിരുന്നു. അച്ഛന്റെ സുഹൃത്തിന്റെ സംരക്ഷണത്തിലാണ് അപ്പോള്‍ ദാസന്‍. പെണ്‍കുട്ടിയുടെ അച്ഛന്‍ തന്നെയാണ് തന്റെ അച്ഛന്‍ എന്ന് കരുതുന്ന ദാസന്റെ നഷ്ടത്തിലാണ് സിനിമ അവസാനിക്കുന്നത്.
കഥയുടെ ചുരുക്കം ഞാനിങ്ങനെ അലസമായി പറഞ്ഞു പോകുമ്പോള്‍ ഒരു രസം കിട്ടില്ലെന്ന് അറിയാം. ചില്ലറ പാളിച്ചകളുണ്ടെങ്കിലും ഒരു ചെറുകഥ വായിച്ചു പോകുമ്പോലെ ചിത്രം കണ്ടിരിക്കാന്‍ സാധിക്കുന്നുണ്ട്. പ്ലാച്ചിമട സമരമൊക്കെ ചിത്രത്തില്‍ വരുന്നുണ്ട്. ദാസന്‍ അച്ഛന് എഴുതുന്ന കത്തില്‍ തങ്ങളുടെ നാട്ടില്‍ നടക്കുന്ന കോളഫാക്ടറിക്കെതിരായ സമരത്തെക്കുറിച്ചും നാട്ടിലെ വെള്ളപ്രശ്‌നത്തെക്കുറിച്ചുമൊക്കെ പറയുന്നു. പെണ്‍കുട്ടിയുടെ അച്ഛനാണെങ്കില്‍ കോളക്കമ്പനിയുടെ പരസ്യം ചെയ്യുന്ന ആളാണ്. ദാസന്റെ ആദ്യ കത്ത് പെണ്‍കുട്ടി വായിക്കുമ്പോള്‍ത്തന്നെ ദാസന്‍ പ്രേക്ഷകന്റെ കൂടിവേദനയാകുന്നുണ്ട്. അത്ര തീവ്രമായാണ് പെണ്‍കുട്ടി ആ വേദന ഉള്‍ക്കൊള്ളുന്നത്. പെണ്‍കുട്ടിയും അവളുടെ അച്ഛനും വീട്ടിലെ കുശിനിക്കാരനും ദാസന്‍ അച്ഛനെഴുതിയ കത്ത് കൈകാര്യം ചെയ്യുന്നത് മൂന്ന് വിധത്തിലാണ്. അത് മനോഹരമായി അവതരിപ്പിക്കാനും പ്രേക്ഷകരെ സ്നേഹത്തിന്റെ പക്ഷത്തു നിര്‍ത്താനും സംവിധായകന് സാധിച്ചിട്ടുണ്ട്. അവിടെയാണ് ഈ കഥയുടെ ട്രീറ്റ്‌മെന്റ് വിജയിക്കുന്നതും.

ഇളംപ്രായമുള്ള പെണ്‍കുട്ടി മാത്രമാണ് ദാസന്റെ വേദന തിരിച്ചറിയുന്നത്. ആദ്യ കത്തിന് മറുപടി കിട്ടാതാകുമ്പോള്‍, ഏറ്റവും വേദനയോടെ ദാസന്‍ എഴുതി അയയ്ക്കുന്ന രണ്ടാമത്തെ കത്തിലെ സങ്കടമാണ് പെണ്‍കുട്ടിയെ സ്പര്‍ശിക്കുന്നത്. നഗരജീവിതത്തിന്റെ തിരക്കിനിടയിലും കാരുണ്യം വറ്റിപ്പോകാത്ത മനസ്സ് സൂക്ഷിക്കാന്‍ പുതിയ തലമുറയ്ക്കും കഴിയുന്നുണ്ട്. അത് ഈ ചിത്രം നല്‍കുന്ന ഒരു പ്രതീക്ഷയാകുന്നു.

വീട്ടിലെ പെണ്ണു പിഴച്ചാല്‍ ചെത്തുകാരന് ആപത്താണെന്ന് കഥ നടക്കുന്ന ഗ്രാമത്തില്‍ ഒരു വിശ്വാസമുണ്ട്. കരിമ്പനകളുടെ നാട്ടിലെ ഈ മിത്ത് സിനിമയില്‍ ഉപയോഗിച്ചേടത്ത് എനിക്ക് എന്തോ പന്തികേട് തോന്നി. ആണ്‍ തുണയില്ലെങ്കിലും തന്‍േറടത്തോടെ ജീവിക്കുന്ന ദാസന്റെ അമ്മ കാവില്‍ മരിച്ചു കിടക്കുന്നതാണ് കാണുന്നത്. ആ മരണത്തെ ഈ മിത്തുമായി കൂട്ടിച്ചേര്‍ത്ത് കാണേണ്ടി വരുമ്പോള്‍ ദാസന്റെ അമ്മ എന്ന കഥാപാത്രം പെട്ടെന്ന് ദുര്‍ബലമായിപ്പോകുന്നുണ്ട്. ആ മിത്ത്് ഈ രീതിയില്‍ കഥയിലേക്ക് കൊണ്ടുവരേണ്ടിയിരുന്നില്ല. അതിന് ഇക്കഥയില്‍ ഒരു പ്രസക്തിയുമില്ലതാനും.
കുഴപ്പം അതൊന്നുമല്ല. ഇത്തരം ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ തിയേറ്ററിലെത്തുന്നില്ല. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ക്ക് ഇടിച്ചു കയറി നിരാശയോടെ തിരിച്ചു പോകുന്നവര്‍ക്ക് ആശ്വാസമാണ് താരജാടയും ബുദ്ധിജീവി നാട്യങ്ങളുമിമില്ലാത്ത ഇത്തരം ചിത്രങ്ങള്‍. പക്ഷേ, വിരലിലെണ്ണാവുന്ന പ്രേക്ഷകര്‍ മാത്രമാണ് അന്ന് എന്നോടൊപ്പം തിയേറ്ററിലുണ്ടായിരുന്നത്.
പണ്ടത്തെപ്പോലെ സ്‌കൂള്‍ കുട്ടികള്‍ക്ക് ഇത്തരം ചിത്രങ്ങള്‍ കാണാന്‍ അവസരമുണ്ടാക്കിയാല്‍ രണ്ടുണ്ട് മെച്ചം. സിനിമ പിടിച്ചവര്‍ക്ക് ആശ്വാസം. കുട്ടികള്‍ക്ക് നല്ല സിനിമ കാണാന്‍ അവസരം.

Friday, November 6, 2009

സ്‌നേഹത്തിന് അക്കരെ പോകാന്‍ എന്തിനൊരു പാലം?

അക്കരെ ഒരിക്കലും എനിയ്ക്ക് അക്കരെയായിരുന്നില്ല.
അക്കരെ എനിയ്‌ക്കൊരു വെല്യങ്ങുണ്ടായിരുന്നു. വെല്യുമ്മയുടെ തറവാട്.
ചാത്തപ്പറമ്പിന്റെ വിശാലമായ പുരയിടത്തില്‍ പല വീടുകളായി വെല്യങ്ങുള്ളവര്‍ പരന്നു കിടന്നു.
മാങ്ങാക്കാലത്ത് മാവുകള്‍ നല്‍കുന്ന മധുരം തേടി ഞാന്‍ അവിടേക്ക് പോകും.
ഒഴിവു ദിവസങ്ങളില്‍ സ്വന്തം വെല്യങ്ങിന്റെ അവകാശവുമായി ശുക്കൂറും
മുംതസും ഹിഫ്‌സുവുമൊക്കെ വരും.
എനിക്ക് വെല്യുമ്മയുടെ തറവാടാണെങ്കില്‍ അവര്‍ക്ക്
സ്വന്തം ഉമ്മയുടെ തറവാടായിരുന്നു അത്.
അവകാശത്തര്‍ക്കങ്ങളൊന്നുമില്ലാതെ മാങ്ങ പെറുക്കിയും മാസ് കളിച്ചും
ഒളിച്ചു കളിച്ചും ഞങ്ങള്‍ ബാല്യം ആഘോഷിച്ചു.

വെല്യങ്ങുള്ള ബാബുക്കാക്ക പിന്നീട് എളേമയെ കെട്ടിക്കൊണ്ടുപോയപ്പോള്‍
എനിയ്ക്ക് അങ്ങോട്ടുള്ള പോക്കിന് ഒന്നു കൂടി അവകാശമായി.
അങ്ങിനെ അക്കരെ എനിയ്ക്ക് ഒരേളമ കൂടിയായി.
അമ്മായിക്ക് മാരന്‍ വന്നതും അക്കരെ നിന്നു തന്നെ.
അങ്ങിനെ അക്കരെ എനിയ്ക്ക് ഒരു അമ്മായി കൂടിയായി.
അക്കരെക്കുള്ള പോക്ക് ഒരു പാടു കൂടി. ചെറിയ പെരുന്നാളിനും
ബലി പെരുന്നാളിനും നോമ്പു സല്‍ക്കാരത്തിനും അമ്മായിയേയും
എളേമയേയും തേടിപ്പോകാന്‍ ഞാന്‍ വാശിപിടിച്ചു.
ഒഴിവു കിട്ടുമ്പോഴൊക്കെ ഞാന്‍ അക്കരേക്ക് പോയി.
തെയ്യത്തിന്‍ കടവിലൂടെയാണ് യാത്ര. മഴക്കാലത്ത് കടത്ത് കടന്നു.
വേനല്‍ കാലത്തേ അരയോളം തുണി കയറ്റി വെച്ച് നഗ്നത
വെള്ളത്തില്‍ മുക്കി പുഴ മുറിച്ചു കടന്നു. അങ്ങിനെ പോയിപ്പോയി.
ഒടുവില്‍ എനിയ്ക്ക് അക്കരെ ഒരിക്കലും അക്കരെയല്ലാതായി.

ഒരു മാങ്ങാക്കാലത്ത് വെല്യുമ്മയോടൊപ്പമാണ് ആദ്യം
ഞാന്‍ അക്കരേക്ക് പോയത്. വെല്യുമ്മയുടെ അനിയത്തിയും
വേറെയും കുറേ കുടുംബക്കാര്‍ അക്കരെയായിരുന്നു.
ഇടയ്ക്ക് വെല്യുമ്മ പോകുമ്പോഴൊക്കെ കോന്തലക്കല്‍
പുകയിലെക്കെട്ടിനും തോണിക്കാരന് കൊടുക്കാനുള്ള
ചില്ലറയ്ക്കുമൊപ്പം ഞാനുമുണ്ടാകും. അമ്മായിയും എളേമയും
അക്കരെയെത്തിയതോടെയാണ് അക്കരെപ്പോക്കില്‍ ഞാന്‍
സ്വയം പര്യാപ്തനായത്. അത്യാവശ്യം തോണിയൊക്കെ ഒറ്റക്ക്
കയറാനും ഇറങ്ങാനും അപ്പോഴേക്കും പരിശീലനം സിദ്ധിച്ചു കഴിഞ്ഞിരുന്നു.

അക്കരേക്ക് കെട്ടിക്കൊണ്ടുപോയ ദിവസം അമ്മായിയും എളേമയും കരഞ്ഞിരുന്നു.
കല്യാണപ്പെണ്ണിനെ അക്കരെ കടത്താന്‍ ഒപ്പം പോയവര്‍
തിരിച്ചു വരുമ്പോള്‍ അവര്‍ പിന്നെയും കരഞ്ഞു.
അക്കരെ സന്തോഷമാണെന്ന് കരുതിയിരുന്ന എനിക്ക് അവര്‍
എന്തിനാണ് കരഞ്ഞതെന്ന് മനസിലായില്ല.
ചാക്കില്‍ കെട്ടി പുഴക്ക് അക്കരെ കടത്തിയ പൂച്ചകളും
വലിയ വായില്‍ നിലവിളിക്കാറുള്ളത് ഓര്‍ത്ത്ു ഞാന്‍ അപ്പോള്‍.
പിന്നീട് കടല്‍ കടന്ന് മണലാരണ്യത്തിലെ മഹാനഗരത്തിലെത്തിയപ്പോഴാണ്
അക്കരെ കുന്നോളം വലിപ്പത്തില്‍ കാത്തു നിന്ന സങ്കടങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞത്.

അക്കരക്കാരും ഇക്കരക്കാരും കുടുംബ ബന്ധങ്ങള്‍ കൊണ്ട് വല്ലാതെ
വിളക്കിച്ചേര്‍ക്കപ്പെട്ടിരുന്നു. അക്കരെ നിന്ന് ഇക്കരേക്കും ഇക്കരെ നിന്നു
അക്കരേക്കും ഒരുപാട് കല്യാണങ്ങള്‍ നടന്നു.
അവരൊക്കെ ഇടക്കിടെ അക്കരെയും ഇക്കരെയും പോയി ഇരു കരകളും തമ്മില്‍
സ്‌നേഹത്തിന്റെ പാലം തീര്‍ത്തു. മറുകര പോകാന്‍ അവര്‍ക്കൊരു പാലം വേണ്ടായിരുന്നു.

തെയ്യത്തിന്‍ കടവില്‍ പാലം വരികയാണ്. കാലത്തിന്റെ വേഗം
മനുഷ്യ ബന്ധങ്ങളെ ദുര്‍ബലമാക്കിക്കൊണ്ടിരിക്കുമ്പോള്‍ അത്
ഒരു മനസ്സില്‍ നിന്ന് മറ്റൊരു മനസ്സിലേക്കുള്ള പാലമാകില്ല.
ആ പാലം കയറി അക്കരെ പോകാം. തിരിച്ചു ഇക്കരേക്കു പോരാം. അത്ര തന്നെ.

എത്ര വൈകിയാണ് ഈ പാലം വരുന്നത്? ഒരു പ്രണയത്തെ
മുക്കിക്കൊന്ന ആ പ്രളയം കഴിഞ്ഞിട്ട് എത്ര കൊല്ലമായി? അന്ന് മൊയ്തീനും
ഉസ്സന്‍ കുട്ടിയും അംജതും പോയി. അംജത് മോന്‍ വലിയ ഒരു കടമായി
ഇപ്പോഴും പുഴയുടെ ഏതോ വഴികളിലുണ്ട്. ഉസ്സന്‍കുട്ടിയും വിസ്മൃതിയുടെ
കയങ്ങലിലേക്ക് ആണ്ടുപായിക്കാണും.

മൊയ്തീനെ പക്ഷേ, കാഞ്ചനേടത്ത് മരിയ്ക്കാന്‍ അനുവദിക്കുന്നില്ല.
അവരിലുടെ മൊയ്തീന്റെ സ്‌നേഹം ജീവിയ്ക്കുന്നു.
ആ സ്‌നേഹത്തിന്റെ നോവുകളെക്കുറിച്ചു മുമ്പും എഴുതിയിരുന്നു.
ബ്ലോഗില്‍ അക്കഥയെഴുതിയപ്പോള്‍ കാഞ്ചനേടത്തിയുടെ
സന്നിധിയിലേക്ക് തീര്‍ഥാടനം ചെയ്യാന്‍ കൊതിച്ച് ഒരുപാട് പ്രണയികള്‍ ബന്ധപ്പെട്ടിരുന്നു.
പ്രണയം തകര്‍ന്നുപോയ ഒരു പെണ്‍കുട്ടി കഴിഞ്ഞ അവധിക്കാലത്ത്,
അവളുടെ കല്യാണത്തിന്റെ തൊട്ടു മുമ്പുള്ള ആഴ്ച കാഞ്ചനേടത്തിയ തേടി വന്നിരുന്നു.
അന്ന് പക്ഷേ, അവര്‍ ഏതോ യാത്രയിലായിരുന്നതിനാല്‍
ആ നഷ്ട പ്രണയിനി നിരാശയോടെ തിരിച്ചു പോയി.

വെള്ളരി മലയില്‍ ഉരുള്‍പൊട്ടി, കൂലം കുത്തിയൊഴുകിയ പുഴയില്‍
നിറയെ യാത്രക്കാരുമായി മറുകരക്ക് നീങ്ങിയ കൊച്ചു തോണി മറിഞ്ഞു.
ഒരുപാട് ജീവിതത്തിന്റെ കരയിലേക്ക് കൊണ്ടു വന്ന മൊയ്തീന്‍ പക്ഷേ.
കയങ്ങളിലേക്ക് താണുപോയി. മൊയ്തീനു വേണമെങ്കില്‍ സ്വയം നീന്തിക്കയറാമായിരുന്നു.
ആരോ എറിഞ്ഞു കൊടുത്ത കയറില്‍ പിടിക്കാന്‍ മൊയ്തീന്‍ കൂട്ടാക്കിയില്ല.
മറ്റുള്ളവരെ നോക്കിക്കൊള്ളാനായിരുന്നുവത്രെ മൊയ്തീന്‍ അലറിയത്.
ആ മലവെള്ളത്തിന്റെ കരുത്തിന് മുന്നില്‍ ഏറെ നേരം
പിടിച്ചു നില്‍ക്കാന്‍ മൊയ്തീന് സാധിച്ചില്ല.
മൊയ്തീന്‍ തോറ്റു കൊടുത്തു. മൊയ്തീന്‍ പോയി.

ഇടവപ്പാതി തകര്‍ത്തു പെയ്ത ഒരു പ്രഭാതത്തിലായിരുന്നു.
അതിനു പിറ്റേന്നാകാം കാഞ്ചനേടത്തി വെളുത്ത വസ്ത്രത്തിലേക്ക് മാറിയത്.
അവര്‍ മൊയ്തീന്റെ വിധവയായി. കെട്ടാത്ത പുരുഷന്റെ വിധവയാകുന്ന
ചരിത്രത്തിലെ ആദ്യത്തേയും അവസാനത്തേയും സ്ത്രീയാകും അവര്‍.
മുക്കത്ത് ഇന്നും അവര്‍ ഓര്‍മകള്‍ക്കു മീതെ ജീവിയ്ക്കുന്നു.

മൊയ്തീന്‍ പോയപ്പോള്‍ പിന്നാലോ പോകാന്‍ കാഞ്ചനേടത്തി പലവട്ടം
പുറപ്പെട്ടതാണ്. ഉറക്ക ഗുളികകള്‍ കഴിച്ചു നോക്കി. ഇരുവഴിഞ്ഞിപ്പുഴയില്‍ ചാടി നോക്കി.
വേറെയും പല മാര്‍ഗ്ഗങ്ങള്‍ നോക്കി. വീട്ടുകാരും ബന്ധുക്കളും കാവല്‍ നിന്ന് ആ ജീവന്‍ കാത്തു.
ദിവസങ്ങളോളം അന്നപാനീയങ്ങള്‍ വെടിഞ്ഞ് സ്വയം ഒടുങ്ങാന്‍ തീരുമാനിച്ച
കാഞ്ചനേടത്തി ഒരിറ്റു വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചവരോട് പറഞ്ഞു.
എനിയ്ക്ക് ഇരുവഴിഞ്ഞിപ്പുഴയിലെ വെള്ളം വേണം.
മൊയ്തീന്‍ കുടിച്ചു മരിച്ച വെള്ളം. ജീവിതത്തിലേക്ക് തിരിച്ചു വരാനല്ല,
കലങ്ങി മറിഞ്ഞ ആ വെള്ളം കിടിച്ച് സ്വയം ഇല്ലാതാകാന്‍ സാധിച്ചാലോ എന്നായിരുന്നു ചിന്ത.
മറ്റൊരു വിവാഹത്തിനില്ലെന്ന വ്യവസ്ഥയില്‍, മൊയ്തീന്റ വിധവയായി അവര്‍ ജീവിതത്തിലേക്ക് മടങ്ങി.
ഉറക്ക ഗുളികകളിലോ ഇരുവഴിഞ്ഞിപ്പുഴയിലോ നിരാഹാരത്തിന്റെ കാഠിന്യത്തിലോ കാഞ്ചനേടത്തിയുടെ ജീവിതം അവസാനിച്ചു പോയിരുന്നെങ്കില്‍ മൊയ്തീനും കാഞ്ചനേടത്തിയും തമ്മിലുള്ള പ്രണയം ഒരു സാധാരണ പ്രണയമായി ഒടുങ്ങിപ്പോയേനേ..

അനശ്വരമായ ആ പ്രണയത്തിന്റെ കൂടി ഓര്‍മള്‍ക്കു മേലേ കൂടിയാണ്
തെയ്യത്തിന്‍ കടവിലെ പാലം വരുന്നത്. പക്ഷേ, അതൊരിയ്ക്കലും
ആ പ്രണയത്തിന് സ്മാരമാകില്ല. ഒരു താജ്മഹലിനും
പ്രതീകവല്‍ക്കരിക്കാനാകാത്തതാണല്ലോ ആ പ്രണയം!
പാലങ്ങള്‍ നമ്മെ പുഴയില്‍ നിന്ന് അകറ്റുന്നുണ്ടോ?
പുഴവെള്ളത്തില്‍ കാലു നനയാതെയാണ് ഇപ്പോള്‍ അക്കരെ കടക്കുന്നത്.

ഇടവഴിക്കടവില്‍ പാലം വന്നതില്‍ പിന്നെ ചെറുവാടിയിലേക്കും
കോട്ടമ്മലേക്കും വാഹനത്തിലായി യാത്ര. ഊര്‍ക്കടവില്‍ പാലമുള്ളതു കൊണ്ട്
കൂളിമാട് വഴി വെല്യൊഴ (ചാലിയാര്‍) യില്‍ കാല് നനയാത വാഹനത്തിലാണ്
ഭാര്യാവീട്ടിലേക്കുള്ള യാത്രകള്‍.

ഒരു കടത്തുകാരനെ കണ്ടിട്ട് എത്രകാലമായി?
രണ്ട് കരയിലുള്ളവരെ അക്കരെയിക്കരെ കടത്തുക മാത്രമല്ലല്ലോ
കടത്തുകാരന്‍ ചെയ്തത്. രണ്ട് കരകള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെ
ഇടനിലക്കാരനായിരുന്നല്ലോ അയാള്‍. ഈ ദൗത്യം നിര്‍വഹിക്കാന്‍
സിമന്റിലും കമ്പിയിലും ഉരുവം കൊള്ളുന്ന ഏത് പാലത്തിന് സാധിക്കും?

കടത്തും കടത്തുകാരനുമില്ലാത്ത പുഴ ഇപ്പോള്‍ അവധിക്കാലത്തു
വന്നു കാണാനുള്ള കാഴ്ച മാത്രമാണ്.
ഇടവഴിക്കടവ് പാലത്തില്‍ വന്ന് ഇരുവഴിഞ്ഞിയെ നോക്കി നില്‍ക്കും.
പിന്നെ ഇരവഴിഞ്ഞ് ചാലിയാറില്‍ അലിഞ്ഞു ചേരുന്നത് കാണും.
മുക്കം വെന്റ് പൈപ്പ് പാലത്തില്‍ പോയി ചെറുപുഴ വന്ന്
ഇരുവഴിഞ്ഞിയില്‍ ചേരുന്നത് നോക്കി നില്‍ക്കും. നാടന്‍ പ്രേമത്തില്‍
മാളു നീന്തിത്തുടിച്ചത് ഇവിടെയാണല്ലോ എന്നോര്‍ക്കും.
ഊര്‍ക്കടവ് പാലത്തില്‍ പോയി നില്‍ക്കുന്നതും പുഴയുടെ ഭംഗി കാണുവാന്‍ തന്നെയാണ്.

കടം പറയാന്‍ ഇനി ഈ കടവിലും ഒരു കടത്തുകാരനുണ്ടാകില്ല.
കടവുകളില്‍ കടത്തുകാരനോട് കടം പറയാത്ത യാത്രക്കാരുണ്ടാകില്ല.
കൂലി മടക്കത്തില്‍ തരാമെന്ന് പറഞ്ഞ് മറുകരയിലെ
ആവശ്യങ്ങളിലേക്ക് അവര്‍ പുറപ്പെടും. മടക്കം ഒരുറപ്പാണ്.
കടത്തുകാരനും യാത്രക്കാരനും സ്വയം വിശ്വസിക്കുന്ന ഒരുറപ്പ്.
കടം പറഞ്ഞു പോയവന്‍ തിരിച്ചു വരുമെന്ന് ഓരോ കടത്തുകാരനും വിശ്വസിക്കുന്നു.
ഈ വിശ്വാസം പുഴയുടെ നന്മയാണ്. പ്രതീക്ഷയാണ്.
പാലങ്ങള്‍ പുതിയ പ്രതീക്ഷകളുണര്‍ത്തട്ടെ.
പക്ഷേ, ഒരിയ്ക്കലും പുഴയുടെ നന്മകളെ കെടുത്തിക്കളയരുത്.

കൊടിയത്തൂര്‍-ചേന്ദമംഗല്ലൂര്‍ ഗ്രാമങ്ങളെ ബന്ധിപ്പിച്ച് തെയ്യത്തിന്‍ കടവില്‍ വരുന്ന പാലത്തിന്റെ ശിലാസ്ഥാപനത്തോട് അനുബന്ധിച്ച് മാധ്യമം പ്രസിദ്ധീകരിച്ച സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്.